Featured post

മ്യൂസിക് ലവർ..

ടാരി മലയാളി അഭിമാനപുരസരം തങ്ങളുടെ ഓൺലൈൻ എഫ് എം റേഡിയോ അവതരിപ്പിച്ചിരിക്കുന്നു..   തെരഞ്ഞെടുത്ത ക്രിസ്തീയ ഭക്തിഗാനങ്ങൾ ആസ്വദിക്കുവാൻ ഇപ്പോൾ ത...

Thursday, 10 April 2025

ടാരി മലയാളി ഒഫീഷ്യൽ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ.. ഒരു അവലോകനം..

ടാരി മലയാളി എന്ന എന്റെ ബ്ലോഗിൻ്റെ പേര് തന്നെ ഉപയോഗിച്ച് 2024ലെ ടാരി മലയാളി അസോസിയേഷൻറ ഓണാഘോഷത്തിനു ശേഷം ഫേസ്ബുക്കിൽ കയറിയ പ്രൊഫൈൽ ആണ് Taree Malayali ( 0fficial..) ഇപ്പോൾ 200 ഓളം ഫ്രണ്ട്സുമായി നിലകൊള്ളുന്നു.. 

അതല്ല ഞാൻ ഇവിടെ സംസാരിക്കുന്നത്..

ഒരു സുപ്രഭാതത്തിൽ ആരംഭിച്ച ആ വ്യക്തിയുടെ വികൃതികളെകുറിച്ചാണ്..  ഫേസ്ബുക്കിൽ കഥകൾ പോസ്റ്റുകൾ ആയപ്പോൾ ആളുകൾ അടക്കം പറഞ്ഞു തുടങ്ങി ഇത് അവനാണ് അല്ല ഇത് ഇവനാണ്..

ആരാണോ എന്തോ..?

ആദ്യത്തെ പോസ്റ്റ് തന്നെ ഗംഭീരം.. അതിൻറെ രണ്ടാം ഭാഗം എന്ന നിലയിൽ അടുത്ത പോസ്റ്റ്.. മറ്റൊരു കഥയുമായി മൂന്നാമത്തെ പോസ്റ്റ്.. അവസാനം ഒരു ഡിസ്ക്ലൈമർ ഇതിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം മാത്രമാണെന്ന്..

ചർച്ചകൾ എല്ലായിടത്തും സജീവമാണ്.. പക്ഷേ ആരും പരസ്പരം സംസാരിക്കാത്ത ഒരു അവസ്ഥ..  എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്താൽ ടാരി മലയാളി എന്ന ഫേസ്ബുക്ക് പ്രൊഫൈലിന്റെ പിതൃസ്ഥാനം ഏറ്റെടുക്കേണ്ടി വരുമോ എന്ന ചങ്കിടിപ്പ്..

പോസ്റ്റുകൾ എല്ലാം തന്നെ ടാരി എന്ന കൊച്ചു പ്രദേശത്തെ മലയാളികൾ ഒന്നു ചേർന്ന് തെരഞ്ഞെടുത്ത അസോസിയേഷൻ്റെ പ്രസിഡണ്ടിനെയും അസോസിയേഷന്റെ പ്രവർത്തനങ്ങളെയും പരിഹസിക്കുന്ന തരത്തിൽ..

 ഒരു കള്ള് ഷാപ്പ് ഉണ്ടാക്കിവെച്ച പൊല്ലാപ്പ്
നോക്കണേ..

കള്ള് ഷാപ്പിൽ തോളോട് തോൾ ചേർന്ന് മദ്യപിക്കുന്നവർ തന്നെയാണ് ഈ പോസ്റ്റ് ഇടുന്നത് എന്ന വസ്തുത വേറെയും..

കാറ്റ് നിറച്ച ഒരു ബലൂൺ ഒരു മുട്ട് സൂജി കൊണ്ട് കുത്തി , പൊട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ ആഹ്ലാദവും സന്തോഷവും ഒക്കെയാണ് ആ എഴുത്തുകാരനിൽ ഞാൻ കണ്ടത്.. ആ ചിരിയോടൊപ്പം നമ്മളൊക്കെ ചിരിച്ചു എന്നുള്ളത് യാഥാർത്ഥ്യമാണ്.. ഹാസ്യ സാഹിത്യത്തിൻറെ പ്രഥമ ചുമതല നമ്മെ ചിരിപ്പിക്കുകയാണല്ലോ പക്ഷേ അതിൻറെ ഹാസ്യത്തിന് പിന്നിൽ നീറുന്ന ഒരു മനസ്സ് ഉണ്ടെന്ന് ആരും ചിന്തിക്കുന്നില്ല.. എന്ത് തെറ്റുകൾ തന്നെ ചെയ്താലും പരസ്യമായി അപമാനിക്കേണ്ടതില്ല.. പ്രത്യേകിച്ച് വൈകല്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്..

Taree malayaliയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ആളുകൾ കൂടി വന്നപ്പോൾ ഞാൻ ഒരിക്കൽ കൂടി അതിലേ പോസ്റ്റുകളെ വിലയിരുത്തി.. ആ വാചകങ്ങളിലെ രണ്ടാമത്തെ നടത്തം ആ വിവരണങ്ങളിൽ അടങ്ങിയ ഒട്ടും പ്രത്യക്ഷത്തിൽ പ്രകടമല്ലാത്ത ചില ചോദ്യങ്ങളെ എൻറെ മുന്നിൽ ഒരു മൂടുപടത്തിൽ എന്നപോലെ കൊണ്ടുവന്നു നിർത്തി അതിൽ ചിലത് നമ്മുടെ വ്യവസ്ഥിതിയിൽ ഇന്ന് നിലനിൽക്കുന്ന ഒരുപാട് വെല്ലുവിളികൾ ആയിരുന്നു.. പല  പ്രശ്നങ്ങളെ ചിരിപ്പിക്കുന്ന വിധം വിരൽ ചൂണ്ടുന്ന നിരു ഉപദ്രവകരമായ ഒരുപാട് സൂചനകൾ..

വൈവിധ്യങ്ങളെ തേടിപ്പോകുന്ന പാവം മാനവ ഹൃദയത്തിൻറെ കുസൃതിത്തരങ്ങൾ എന്നിവയെല്ലാം മനുഷ്യപ്രകൃതിക്ക് എത്രമേൽ സ്വാഭാവികമായിരുന്നിട്ടും ദൈനംദിന ജീവിതത്തിൽ സംഘർഷം ഉണ്ടാക്കിക്കൊണ്ട് അവ പലർക്കും മറച്ചു വെക്കേണ്ടി വരുന്നു., അതിൻറെ പൊട്ടിത്തെറി ആയിരിക്കാം ആ പോസ്റ്റുകൾ..

 പ്രാദേശിക ഭാഷാപ്രയോഗങ്ങൾ ഉപയോഗിച്ചാണ് ഇതിൽ ഓരോ പോസ്റ്റുകളും എഴുതിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ വരികൾക്കിടയിലൂടെ വായിക്കേണ്ടതിന്റെ ആവശ്യകതയും കൂടി വരുന്നു.. സന്ദർഭങ്ങൾ അനുസരിച്ചുള്ള ഭാഷാപ്രയോഗങ്ങളും  വേറെയും. ഒരു എഴുത്തുകാരനപ്പുറം ഒരു വിപ്ലവകാരിയെയാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്..

Taree Malayali, താങ്കളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ കഥയിലൂടെയാണെങ്കിലും ചെയ്യുന്ന വ്യക്തിഹത്യ ഒഴിവാക്കി ശുദ്ധ ഹാസ്യത്തിന് ഊന്നൽ നൽകിയാൽ അതൊരു മനുഷ്യസേവ തന്നെയാണ്..

 കരയാൻ എത്രയോ കാരണങ്ങൾ മുട്ടി നിൽക്കുന്ന ഈ ലോകത്തിൽ ചിരിയുടെ അലകൾ പരത്തുന്നതും ഒട്ടും കരയാതെ കൽപ്പിച്ചു കിടക്കുന്ന ഹൃദയത്തെ കരയിപ്പിക്കുന്നതും മഹനീയമായ മനുഷ്യ സേവയാണ്.. ഹാസ്യ രസങ്ങൾ അനുവാചക ഹൃദയങ്ങളിൽ  സൃഷ്ടിക്കുന്ന വികാര വിചാരങ്ങൾ വ്യക്തിയുടെ ബാഹ്യമായ പ്രവർത്തികളെയും മെല്ലെ മെല്ലെ പ്രചോദിപ്പിക്കുകയും അതുവഴി സമുദായം  നന്നാവുകയും ചെയ്യുന്നു.. ഒന്നു ശ്രമിച്ചു കൂടെ..

Wednesday, 9 April 2025

എ ഐ മനുഷ്യനെ നശിപ്പിക്കുമോ..?



ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) എന്നറിയപ്പെടുന്ന നിർമിതബുദ്ധി 2030-ഓടെ മനുഷ്യരാശിയെ പൂർണമായും നശിപ്പിക്കുമെന്ന് പഠനം. 

ഗൂഗിൾ ഡീപ് മൈൻഡിന്റെ പുതിയ ഗവേഷണ പ്രബന്ധത്തിലാണ് ഈ കണ്ടെത്തൽ. 

ഡീപ് മൈൻഡ് സഹസ്ഥാപകൻ കൂടിയായ ഷെയ്ൻ ലെഗ് സഹ രചയിതാവായ പ്രബന്ധത്തിൽ എജിഐ എങ്ങിനെ മനുഷ്യരാശിയുടെ വംശനാശത്തിന് കാരണമാകുമെന്ന് പറയുന്നില്ല. പകരം, എജിഐയുടെ ഭീഷണി കുറയ്ക്കുന്നതിന് ഗൂഗിളും മറ്റ് നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന കമ്പനികളും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ദുരുപയോഗം, ഘടനാപരമായ അപകടസാധ്യതകൾ, മറ്റ് തെറ്റുകൾ, ക്രമീകരണത്തിലുള്ള പിഴവ് എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലായാണ് നിർമിതബുദ്ധിയുടെ അപകടസാധ്യതയെ വേർതിരിച്ചിരിക്കുന്നത്. നിർമിതബുദ്ധി ഉപയോഗിച്ച് ആളുകൾക്ക് മറ്റുള്ളവരെ ദ്രോഹിക്കാൻ കഴിയുമെന്ന സാധ്യത കണക്കിലെടുത്ത് ഡീപ്പ് മൈൻഡിന്റെ അപകട സാധ്യത കുറയ്ക്കാനുള്ള സാങ്കേതികവിദ്യയേയും ഇവിടെ എടുത്തുകാണിക്കുന്നു.

നിർമിതബുദ്ധി സാങ്കേതിക വിദ്യയെ നിയന്ത്രിക്കണമെന്ന് ഡീപ്പ് മൈൻഡ് സിഇഒ ഡെമിസ് ഹസബിസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഈ വിഷയത്തിൽ നിങ്ങൾക്ക് എന്ത്  തോന്നുന്നു..?

Monday, 7 April 2025

യൂട്ടായിലെ പന്തോ..

അമേരിക്കയിലെ യൂട്ടായില്‍, ഫിഷ്‌ലേക്ക് ദേശീയ പാര്‍ക്കില്‍ 106 ഏക്കര്‍ മണ്ണിലേക്ക് എണ്ണമറ്റ വേരുകളോടിച്ച്, ആകാശത്തേക്ക് നാല്‍പ്പത്തിയേഴായിരം മരക്കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന ഒരൊറ്റ മരം! പേര് പന്തോ. ഭൂമിയിലെ ഏറ്റവും വലിയ മരമാണ് പന്തോ. എന്നാല്‍, വലിപ്പത്തേക്കാള്‍ അതിശയിപ്പിക്കുക ഈ മരരാക്ഷസന്റെ ആയുസ്സായിരിക്കും! 16,000-വര്‍ഷങ്ങള്‍ക്കും 80,000-വര്‍ഷങ്ങള്‍ക്കും ഇടയിലാണ് പന്തോമരത്തിന്റെ പ്രായം! 

 ലാറ്റിന്‍ ഭാഷയില്‍ 'പന്തോ' എന്ന വാക്കിനര്‍ത്ഥം, ' ഞാന്‍ പടരുന്നു' എന്നാണ്! പന്തോമരത്തെ നിരീക്ഷിക്കുമ്പോള്‍, ആ പടരലിന്റെ രീതികള്‍ നമുക്ക് മനസ്സിലാവും! സൂര്യവെളിച്ചവും വളക്കൂറും തേടി വേരുകള്‍ നീളുമ്പോള്‍ ആ സ്ഥലത്ത് മുളകള്‍ പൊട്ടുന്നു. പുതിയൊരു ദിശയിലേക്ക് പന്തോക്കാട് പടരുന്നു!

ജീവനുള്ളവയുടെ പരിണാമവഴി കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഒരു 'തിയററ്റിക്കല്‍ മോഡലിലേക്ക്' പന്തോയുടെ ജനിതക വിവരങ്ങള്‍ നല്‍കിയായിരുന്നു പ്രായം കണക്കാക്കിയത്. ഭൂമിശാസ്ത്ര രേഖകളും കല്‍ക്കരികളില്‍ നടത്തിയ പഠനങ്ങളും ഇതിന്നായി ഉപയോഗപ്പെടുത്തി.
ഭൂമിയില്‍ ഇന്ന് ജീവനുള്ളവയില്‍ ഏറ്റവും പഴക്കമുള്ളതായി അറിയപ്പെടുന്നതും പന്തോമരം ആണ്. ഭൂമിയുടെ ഏറ്റവും പൗരാണികമായ ജീവത് സാക്ഷി! ജൈവപിണ്ഡത്തിന്റെ കാര്യത്തില്‍, ഭൂമിയിലെ ജീവരൂപങ്ങളില്‍ ഏറ്റവും വലുതുമാണ് (ആറായിരം മെട്രിക് ടണ്‍ ബയോമാസ്) പന്തോ. ഏകദേശ ഉയരം എണ്‍പത് അടി. ആസ്‌പെന്‍സ് എന്ന വിഭാഗത്തിലാണ് ഈ മരം പെടുന്നത്.

 വടക്കു-പടിഞ്ഞാറന്‍ അമേരിക്കയിൽ ആസ്‌പെന്‍ മരങ്ങള്‍ (Populus temuloides) ധാരാളം ഉണ്ട്; പലതും ചെറുമരങ്ങള്‍. പരമാവധി മൂന്നേക്കര്‍ ഭൂമിയിലൊക്കെ വളര്‍ന്നുനില്‍ക്കുന്നവയും കാണാം. എന്നാല്‍, വലിപ്പത്തിന്റെ കാര്യത്തില്‍ പന്തോയെപ്പോലെ പന്തോ മാത്രം!
വെള്ള വലിച്ച പന്തല്‍ക്കാലുകള്‍ നാട്ടിയപോലെയാണ് കാഴ്ചയ്ക്ക് പന്തോക്കാട്. വെള്ള നിറമുള്ള മരത്തടികളും ഒരു ചെറുകാറ്റില്‍പ്പോലും ഇളകിയാടുന്ന പച്ചത്തലപ്പുകളും. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ഇലകളുടെ നിറം മാറും. ശരത്കാലത്ത് പന്തോയുടെ പച്ച ഇലകള്‍ സ്വര്‍ണനിറമണിയും. അപ്പോള്‍ പന്തോക്കാട് കണ്ടാല്‍ തീ പിടിച്ചപോലിരിക്കുമത്രെ! കാറ്റ് കടന്നുപോവുമ്പോഴൊക്കെയും മരച്ചില്ലകള്‍ ഇളകിമറിഞ്ഞുണ്ടാവുന്ന ഒരു പ്രത്യേക ശബ്ദത്താല്‍ കാട് നിറയും. കടലിരമ്പം പോലെ ഒരു കാടിരമ്പം! ഇക്കാരണത്താല്‍ പന്തോയ്ക്ക് ' ദി ട്രംബ്‌ളിങ്ങ് ജയന്റ് ' എന്നും ' ദി ക്വാക്കിങ് ആസ്‌പെന്‍സ്'എന്നുമൊക്കെ വിളിപ്പേരുണ്ട്.

മരത്തെക്കുറിച്ചുള്ള നമ്മുടെ സാമാന്യസങ്കല്‍പ്പത്തെ പന്തോ തകിടംമറിക്കും. പന്തോക്കാട്ടിലെ ഓരോ മരവും കാഴ്ചയ്ക്ക് മാത്രമാണ് ഓരോ മരം. യഥാര്‍ത്ഥത്തില്‍, കൈപ്പത്തിയിലെ അഞ്ചുവിരലുകളെപ്പോലെയാണിവയെന്നുപറയാം! പന്തോക്കാട്ടിലെ മരങ്ങളെ ചില്ലകള്‍(branches) എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. എളുപ്പത്തില്‍ ഗ്രഹിക്കാന്‍, മണ്ണിന്നടിയില്‍ വേരുകളും പുറത്ത് വന്‍ ചില്ലകളുമുള്ള ഒരൊററ്റമരം. ഊര്‍ജ്ജം ശേഖരിക്കുന്നതും സസ്യശരീരത്തിലൂടനീളം അത് വിതരണം ചെയ്യുന്നതും പുനരുത്പ്പാദിപ്പിക്കുന്നതും പ്രതിരോധിക്കുന്നതും ഒരൊറ്റ വൃക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളായാണ് പന്തോക്കാട്ടില്‍ നടക്കുന്നത്. ഇലകളുടെ നിറംമാറ്റം ഒരേ സമയത്ത്. തളിരണിയുമ്പോള്‍ എല്ലാ 'മരങ്ങളും' ഒരുമിച്ച്!

ഭൂമിക്കടിയിലേക്ക് മുപ്പതുമീറ്ററോളം ആഴത്തില്‍, വേരുപടലങ്ങളുടെ ഒരു സാമ്രാജ്യം തന്നെ പടര്‍ത്തിയിട്ടുണ്ട് പന്തോ. വേരുകളില്‍ നിന്ന് മുളച്ചുപൊന്തി മരങ്ങളാവുന്നത് ആസ്‌പെന്‍സ് മരങ്ങളുടെ വംശവര്‍ദ്ധനവിന്റെ പൊതുവായ പ്രത്യേകതയാണ്. വേരുകള്‍ വഴി പരസ്പര ബന്ധിതമാണ് പന്തോക്കാട്ടിലെ ഓരോ മരവും. ഏതെങ്കിലും ഒരു മരത്തിന് മരണം സംഭവിച്ചാലും പന്തോയ്ക്ക് മരണം സംഭവിക്കുന്നില്ല! ആ അര്‍ത്ഥത്തില്‍ മരണമില്ലാത്ത ജീവിതമാണ് പന്തോ നയിക്കുന്നത്.

പൂമ്പൊടി മാത്രം ഉത്പാദിപ്പിക്കുന്ന പന്തോ പുരുഷനാണ്. വേരുകളില്‍ നിന്ന് പുതുസസ്യത്തെ ഉണ്ടാക്കിയാണ് പന്തോ ഉള്‍പ്പെടുന്ന ആസ്‌പെന്‍ മരങ്ങള്‍ പുനരുത്പ്പാദനം,'സക്കറിങ്ങ്' നടത്തുന്നത്. പന്തോയെ വര്‍ഷങ്ങളായി എല്ലാവര്‍ക്കുമറിയാമായിരുന്നെങ്കിലും ആസ്‌പെന്‍സ് ഇക്കോളജിസ്റ്റുമാരായ ഡോ. ബര്‍ടണ്‍ ബാണസും ജെറി കംപര്‍മാനും ആണ് 1976-ല്‍ ആദ്യമായി പന്തോയെ അതിന്റെ പ്രത്യേകതകള്‍ പഠിച്ച് തിരിച്ചറിയുന്നത്. പന്തോക്കാട്ടിലെ ഓരോ മരത്തടിയുടേയും ആയുസ്സ് 125-135 വര്‍ഷമാണ്. യൂട്ടായിലെ ആസ്‌പെന്‍ മരത്തിന് 'പന്തോ' എന്ന വിളിപ്പേര് നല്‍കിയത് ശാസ്ത്രജ്ഞനായ മൈക്കല്‍ ഗ്രാന്റ് ആണ്. പന്തോയുടെ ജനിതകചരിത്രത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

പന്തോക്കാടിന് ചുറ്റുമുള്ള പ്രദേശവാസികള്‍ 'ക്വാക്കീസ്' എന്നാണ് മരത്തെ വിളിക്കുന്നത്. ചെറുചില്ലകള്‍ അടരുമ്പോള്‍ പന്തോത്തടികളില്‍ പ്രത്യക്ഷപ്പെടുന്ന കണ്ണുകളുടെ രൂപത്തിലുള്ള അടയാളങ്ങള്‍, തങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കുമെന്നാരു വിശാസവും ഗ്രാമീണരുടെ ഇടയിലുണ്ട്. പന്തോക്കാടിനെ സംരക്ഷിക്കാനും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും മരത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ധാരണ വളര്‍ത്താനും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് 'ഫ്രണ്ട്‌സ് ഓഫ് പന്തോ.'  👇

Sunday, 6 April 2025

വികസനം തടയുന്ന മലയാളികൾ..

സി പ്ലെയിനിൽ മാട്ടുപ്പെട്ടി വരെ പോയി ഇടുക്കിയിൽ ആദ്യമായി വിമാനം ഇറക്കി ചരിത്രം സൃഷ്ടിച്ചു തിരിച്ചു വന്നവർക്ക് കാഴ്ചകളെപ്പറ്റി പറഞ്ഞു മതിയാകുന്നില്ല. കേരളം മുകളിൽ നിന്നും താഴോട്ട് നോക്കുന്ന ആണത്രേ ഭംഗി. നേരെ നിന്നു നോക്കിയാൽ വെടക്ക് കാഴ്ചകൾ കാണേണ്ടിവരും. കൊച്ചിയിൽ നിന്ന് നാലു മണിക്കൂർ കൊണ്ട് മൂന്നാർ പോകുമ്പോൾ ഉണ്ടാവുന്ന ഗതാഗതകുരുക്കും പൊട്ടിപ്പൊളിഞ്ഞ റോഡുകളും കാണേണ്ടിവരില്ലല്ലോ.

സീപ്ലെയിൻ മാട്ടുപ്പെട്ടിയിൽ എത്താൻ 15 മിനിറ്റ് തിരിച്ചു കൊച്ചിയിലേക്ക് 15 മിനിറ്റ് ആകെ 32 മിനിറ്റിന്റെ സമയം. റോഡ് മാർഗം പോകണമെങ്കിൽ എട്ടുമണിക്കൂർ നിർബന്ധമായും വേണം.. നിലവിൽ സീ പ്ലെയിനിൽ യാത്ര ചെയ്യേണ്ട തരം ആളുകൾ ഇപ്പോൾ ഇന്നോവയിലാണ് യാത്ര ചെയ്യുന്നത്.. അങ്ങനെ 360 ഇന്നോവകൾ ദിനംപ്രതി മൂന്നാർ സർവീസ് നടത്തുന്നു. കൊച്ചി മൂന്നാർ ഇന്നോവയ്ക്ക് ഡ്രോപ്പ് മാത്രം  4500 രൂപ സി പ്ലൈനിൽ ഒരു സീറ്റിന് അത്ര പോലും വരില്ല. 

ബുദ്ധിയില്ലാത്ത ഒരു പ്രതിപക്ഷവും അതുകേട്ട് തുള്ളുന്ന മണ്ടന്മാരായ നാട്ടുകാരും ചേർന്നപ്പോൾ ഉണ്ടായ സമരത്തിൽ കായലിന്റെ കാണാ കയങ്ങളിലേക്ക് സീ പ്ലെയിൻ താണുപോയി.. ഇനി ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..

കാലത്തിൻറെ മാറ്റങ്ങൾ  ഈ മണ്ടന്മാരിലും ചെന്നെത്തുമ്പോൾ മണ്ടത്തരങ്ങൾ മാറ്റിവെച്ച് ഒത്തൊരുമയോടെ നാടിന് നന്മയ്ക്കായി അണിചേരുമെന്ന് പ്രതീക്ഷിക്കാം..

Wednesday, 2 April 2025

ഫൌണ്ടൻ ഓഫ് യൂത്ത്..

ഒരു അപൂർവമായ ജലധാരയ്ക്കായി പലകാലങ്ങളിൽ മനുഷ്യർ തിരച്ചിൽ നടത്തിയിട്ടുണ്ട്.‘ഫൗണ്ടൻ ഓഫ് യൂത്ത്’എന്ന ഈ ജലധാര കണ്ടെത്തിയെങ്കിലും അത്ഭുത കഴിവുകൾ ഉണ്ടോ എന്ന് അറിയില്ല.

 പലസംസ്കാരങ്ങളിൽ ഫൗണ്ടൻ ഓഫ് യൂത്തിനെപ്പറ്റി പരാമർശങ്ങളുണ്ട്. യുവത്വം നൽകുന്നു എന്നതിനുപരി, മാറാരോഗങ്ങൾ പോലും മാറ്റുന്ന അദ്ഭുത ജലധാരയായിട്ടാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. അരുവി, വെള്ളച്ചാട്ടം, കിണർ, കുളം എന്നിങ്ങനെ പല രീതികളിൽ ഈ ജലധാരയെ വിവരിച്ചിരിക്കുന്നു.

425 ബിസിയിൽ ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ വിവരണത്തിനിടെ ഗ്രീക്ക് ചരിത്രകാരനായ ഹെറോ‍ഡോട്ടസ് നടത്തിയ ഒരു പരാമർശമാണ് ഫൗണ്ടൻ ഓഫ് യൂത്തിനെ യൂറോപ്പിൽ പ്രശസ്തമാക്കിയത്. പേർഷ്യൻ ചാരൻമാർ മക്രോബിയൻസ് എന്ന ജനവിഭാഗത്തെ സന്ദർശിച്ചത്രേ. ഇന്നത്തെ ഇത്യോപ്യ, സൊമാലിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് മക്രോബിയൻമാരുടെ രാജ്യം.

 അവിടെയെത്തിയ പേർഷ്യക്കാർ അമ്പരന്നു പോയി. മക്രോബിയൻമാരിൽ പലരും 120 വയസ്സുവരെയൊക്കെ ജീവിക്കുന്നു. ഇതിന്റെ കാരണം അന്വേഷിച്ച പേർഷ്യക്കാരെ മക്രോബിയൻമാരുടെ രാജാവ് ഒരു ജലധാരയിലേക്കു കൊണ്ടുപോയി. അതിൽ കുളിക്കുന്നവരുടെയൊക്കെ ചുളിഞ്ഞ തൊലികൾ നിവർന്ന് അവരെല്ലാം സുന്ദരരായി മാറി.

ഹെറോഡോട്ടസ് ഇതു ഭാവനയിൽ കണ്ടെഴുതിയതാണെന്നാണ് പല ചരിത്രകാരൻമാരും അഭിപ്രായപ്പെടുന്നത്. ഇത്യോപ്യൻ തീരത്തേക്ക് നാവിക പര്യവേക്ഷണങ്ങൾ നടന്നു. എന്നാൽ അവിടെയൊന്നും ഇത്തരമൊരു ജലധാര കണ്ടെത്തിയില്ല. അലക്സാണ്ടർ ചക്രവർത്തിയുടെ സൈനികരിൽ ചിലർ മധുരമുള്ള വെള്ളമുള്ള ഒരു നദിയിൽ ഇറങ്ങിയെന്നും അവരെല്ലാം യുവാക്കളായെന്നും ഒരു ഫ്രഞ്ച് കെട്ടുകഥയുണ്ട്.