Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 22 January 2025

പ്രതിരോധമേഖലയിൽ ഇന്ത്യൻ ഡ്രോൺ..

പ്രതിരോധ മേഖലയിലെ ഡ്രോണ്‍ വികസനത്തില്‍ സ്വാശ്രയത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പൂര്‍ത്തികരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. പ്രതിരോധ രംഗത്ത് ഡ്രോണുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ രംഗത്തെ പുരോഗതി എന്നതാണ് ശ്രദ്ധേയം. ശത്രുതാവളങ്ങള്‍ ആക്രമിക്കാനും രഹസ്യനിരീക്ഷണം നടത്താനും, ആക്രമണമണ ലക്ഷ്യങ്ങള്‍ കണ്ടെത്താനുമുപയോഗിക്കാവുന്ന ആര്‍ച്ചര്‍ ഡ്രോണ്‍ അതിന്റെ ആദ്യപരീക്ഷണ പറക്കലിന് ഒരുങ്ങുകയാണ്. 

മീഡിയം ആള്‍ട്ടിട്ട്യൂഡ് ലോങ് എന്‍ഡ്യുറന്‍സ് ( MALE) അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ ( UAV) വിഭാഗത്തില്‍ വരുന്ന ഡ്രോണാണ് ആര്‍ച്ചര്‍.
ഇതിന്റെ ടാക്‌സി ട്രയലുകള്‍ വിജയകമായി പൂര്‍ത്തിയാക്കിയിരുന്നു. ഹൈ സ്പീഡ് ടാക്‌സി ട്രയലുകളിലും ലോ സ്പീഡ് ടാക്‌സി ട്രയലുകളിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ആദ്യ പരീക്ഷണ പറക്കലിനൊരുങ്ങുന്നത്. ആര്‍ച്ചറിന്റെ എയര്‍ഫ്രെയിമിന്റെ കരുത്തും പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമതയുമൊക്കെ ടാക്‌സി ട്രയലുകളില്‍ പരീക്ഷിച്ചിരുന്നു. ഇതിനൊപ്പം പേലോഡ് വഹിക്കാനുള്ള ശേഷിയും വിലയിരുത്തി. ഇതിലെ വിവരങ്ങള്‍ അനുസരിച്ചാണ് പരീക്ഷണ പറക്കല്‍ നടത്താന്‍ തീരുമാനിച്ചത്. ഫെബ്രുവരിയില്‍ ആര്‍ച്ചര്‍ ആദ്യമായി ആകാശംതൊടുമെന്നാണ് കരുതുന്നത്.

അമേരിക്ക, റഷ്യ, ചൈന, തുര്‍ക്കി, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ മുന്നലാണ്. പരീക്ഷണ പറക്കല്‍ വിജയമായാല്‍ ഈ ഗണത്തിലേക്കാണ് ഇന്ത്യയുമെത്തുന്നത്. നേരത്തെ റസ്റ്റം-2 എന്ന് വിളിച്ചിരുന്ന പദ്ധതിയാണ് പിന്നീട് ആര്‍ച്ചര്‍ ആയി മാറിയത്. 1.8 ടണ്‍ ഭാരമുള്ള ആര്‍ച്ചറിന് 400 കിലോയോളം പേലോഡുകള്‍ വഹിക്കാനാകും.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള തരത്തിലാണ് ആര്‍ച്ചറിനെ വികസിപ്പിക്കുന്നത്. 30,000 അടി ഉയരത്തില്‍ 24 മണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന ഡ്രോണാകും ആര്‍ച്ചര്‍. നിലവില്‍ ഈ വിഭാഗത്തില്‍ 'തപസ്' എന്നപേരിലൊരു ഡ്രോണ്‍ കൂടി ഒരുങ്ങുന്നുണ്ട്. നിലവില്‍ നടന്ന പരീക്ഷണങ്ങളില്‍ തപസിന് പ്രതിരോധ സേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ ഇതുടനെ സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. വ്യോമ നിരീക്ഷണത്തിനായി നാവികസേനയും വ്യോമസേനയും ഇവ വാങ്ങിയേക്കും. എന്നാല്‍ തപസിനേക്കാള്‍ മികച്ച പ്രകടനമാണ് ആര്‍ച്ചറിന്റേതെന്നാണ് കരുതുന്നത്.

തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലുകള്‍, സ്മാര്‍ട്ട് ആന്റി എയര്‍ഫീല്‍ഡ് ആയുധങ്ങള്‍ എന്നിവ വഹിക്കും. 250 കിലോമീറ്റര്‍ ദൂരത്തിലേക്ക് ഭൂമിയിലിരുന്ന നിയന്ത്രിക്കാന്‍ സാധിക്കും. 1000 കിലോമീറ്റര്‍ ദൂരത്തേക്ക് വരെ പറന്ന് ചെല്ലാന്‍ ആര്‍ച്ചറിന് സാധിക്കും. സ്വയം നിയന്ത്രിക്കാനും എതിരെവരുന്ന വിമാനങ്ങളും ഡ്രോണുകളും ശത്രുവാണോയെന്ന് തിരിച്ചറിയാനും ഇതിന് സാധിക്കും.

ആര്‍ച്ചറിന്റെ രണ്ട് വകഭേദങ്ങളാണ് പരീക്ഷിക്കാനൊരുങ്ങുന്നത്. ആര്‍ച്ചര്‍ നെക്സ്റ്റ് ജനറേഷനും ആര്‍ച്ചര്‍ ഷോര്‍ട്ട് റേഞ്ച് ഡ്രോണും. രണ്ടിന്റെയും ഉദ്ദേശലക്ഷ്യങ്ങള്‍ ഒന്നാണെങ്കിലും ദൂരപരിധിയില്‍ വ്യത്യാസങ്ങളുണ്ട്. ആര്‍ച്ചര്‍ ഷോര്‍ട്ട് റേഞ്ചിന് 22,000 അടി ഉയരത്തില്‍ വരെമാത്രമേ പറന്നുയരാനാകു. 12 മണിക്കൂര്‍ ആണ് ഇതിന്റെ എന്‍ഡ്യുറന്‍സ്. അതായത് അത്രയും സമയം മാത്രമേ ഇതിനെ തുടര്‍ച്ചയായി ഉപയോഗിക്കാനാകു. ആര്‍ച്ചര്‍ നെക്സ്റ്റ് ജനറേഷനെ 30,000 അടി ഉയരത്തില്‍ പറത്തി 18 മുതല്‍ 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാനാകും.

വിവരശേഖരണം, ആക്രമണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ആര്‍ച്ചറിനെ ഉപയോഗിക്കാം. ഡിആര്‍ഡിഒയുടെ നേതൃത്വത്തിലാണ് ആര്‍ച്ചറിന്റെ വികസനം നടക്കുന്നത്. നിലവില്‍ ഇത്തരം ഡ്രോണുകള്‍ക്കായി ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് ഇസ്രായേലിനെയാണ്. ഇക്കാര്യത്തില്‍ സ്വാശ്രയത്വം നേടുന്നത് ഭാവിയില്‍ പ്രയോജനം ചെയ്യും. അമേരിക്കന്‍ എംക്യു റീപ്പര്‍ ഡ്രോണുകള്‍ വാങ്ങാന്‍ നേരത്തെ ഇന്ത്യ തീരുമാനിച്ചിരുന്നു. ഭാവിയില്‍ ഇവയ്ക്ക് പകരക്കാരായി ആര്‍ച്ചര്‍ സേനയുടെ ഭാഗമാകും.