ആൻഡ്രോജനുകൾ അഥവാ പുരുഷ ഹോർമോണുകളിൽ ഏറ്റവുമധികം ഉത്പാദിക്കപ്പെടുന്നത് ടെസ്റ്റോസ്റ്റിറോൺ ആണ്.
പുരുഷന്മാരിൽ ഏറെ പ്രവർത്തനക്ഷമമായ ഈ ഹോർമോണിന്റെ പ്രധാന ഉറവിടം വൃഷണമാണ്. ശുക്ലജനക നാളികകൾക്കിടയിലുള്ള അന്തരാള കോശങ്ങളാണ് ഈ ഹോർമോണുകൾ സ്രവിക്കുന്നത്. സ്ത്രീകളിലും ചെറിയ അളവിൽ ഈ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം അന്തരാള കോശ ഉത്തേജക ഹോർമോൺ എന്ന പിറ്റ്യൂട്ടറി ഹോർമോൺ ആണ് നിയന്ത്രിക്കുന്നത്. അസറ്റിക് അമ്ളവും മറ്റു ലഘു തന്മാത്രകളും ചേർന്ന് കോളസ്റ്റിറോളും അതിൽനിന്ന് ടെസ്റ്റോസ്റ്റിറോണും വൃഷണത്തിൽ ഉത്പാദിക്കപ്പെടുന്നു. 19 കാർബൺ അണുക്കളടങ്ങുന്ന ഒരു സ്റ്റിറോയിഡാണ് ടെസ്റ്റോസ്റ്റിറോൺ.
നിർമ്മാണം
ടെസ്റ്റോസ്റ്റിറോൺ ഉത്പാദനത്തിന് ആവശ്യമായ എൻസൈം ഭ്രൂണാവസ്ഥയിൽ തന്നെ കാണപ്പെടുന്നു. ഗർഭാവസ്ഥയിൽ 7-നും 12-നും ഇടയ്ക്കുള്ള ആഴ്ചകളിൽ, ലിംഗവ്യത്യാസമില്ലാത്ത ഭ്രൂണത്തിനെ ഇത് ആൺ ശിശുവായി മാറ്റുന്നു. ഈ ഹോർമോണിന്റെ പ്രവർത്തനഫലമായി ആൺ ശിശുവിൽ പുരുഷാവയവങ്ങൾ വളരുന്നു. ജനനത്തിന് തൊട്ടു മുമ്പോ പിമ്പോ ആയി അന്തരാളകോശങ്ങൾ ചുരുങ്ങുന്നു. പിന്നീട് കൗമാരദശയിലാണ് ഈ കോശങ്ങൾ വീണ്ടും വളർച്ച പ്രാപിക്കുന്നത്. ശൈശവാവസ്ഥയിൽതന്നെ രക്തത്തിൽ പുരുഷ ഹോർമോണുകളായ ആൻഡ്രോജനുകൾ കാണാറുണ്ടെങ്കിലും വൃഷണ സ്രാവം യൗവനാരംഭത്തിലാണ് ഉണ്ടാവുന്നത്. പ്രാരംഭ ദശയിലെ വൃഷണസ്രാവം പ്രായപൂർത്തിയായവരുടേതിൽ നിന്ന് വ്യത്യസ്തമാണ്. ടെസ്റ്റോസ്റ്റിറോണിനെക്കാൾ ആൻഡ്രോസ്റ്റിനോഡൈയോൺ ആണ് ആദ്യം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത്. വളർച്ചയെ സഹായിക്കുന്ന ഒരു ഹോർമോണാണിത്. കൗമാരപ്രായക്കാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പതിവായി വ്യായാമം ചെയ്യുന്നവരിൽ ഈ ഹോർമോണിന്റെ ഉത്പാദനം നല്ല രീതിയിൽ മുന്നോട്ട് പോകാറുണ്ട്. എന്നാൽ മധ്യവയസിനോട് അടുക്കുംതോറും ഇതിന്റെ ഉത്പാദനം കുറയുന്നതായി കാണപ്പെടുന്നു. തന്മൂലം ചിലരിൽ ക്ഷീണം, എല്ലുകൾക്ക് ബലക്കുറവ്, പേശീ നഷ്ടം, ലൈംഗിക താൽപര്യക്കുറവ് എന്നിവ അനുഭവപ്പെടാം.
ഉപയോഗം
ആഹാരത്തിലെ നൈട്രജൻ ശരീരത്തിനുള്ളിൽ നിലനിർത്തി പേശികളിലെ മാംസ്യമാക്കി മാറ്റാൻ ടെസ്റ്റോസ്റ്റിറോൺ സഹായകമാണ്. പുരുഷന്മാരുടെ വർധിച്ച പേശിബലത്തിന് നിദാനം ഇതാണ്. യൗവനാരാംഭത്തോടെ ശിശ്നം, വൃഷണസഞ്ചി, പുരുഷ ഉപഗ്രന്ഥികളായ ശയാനം, ശുക്ലാശയം എന്നിവയുടെ വളർച്ചയ്ക്കും വികാസത്തിനും കാരണം ടെസ്റ്റോസ്റ്റിറോൺ ആണ്. ശരീരത്തിലെ രോമവളർച്ച, വിശേഷിച്ചു ഗുഹ്യഭാഗം, കക്ഷം, മുഖം തുടങ്ങിയ ഭാഗങ്ങളിൽ; കൂടാതെ ശബ്ദം എന്നീ പുരുഷ ലക്ഷണങ്ങളും ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനം മൂലമാണുണ്ടാകുന്നത്. ശുക്ലാണു ഉത്പാദനത്തിന് ആവശ്യമായ വിധത്തിൽ വൃഷണസഞ്ചിയുടെ താപം നിയന്ത്രിക്കുന്നതും ഈ ഹോർമോണാണ്. പുരുഷ ഉപഗ്രന്ഥികളിൽ വച്ച് ശുക്ല ഘടകങ്ങളായ ഫ്രക്ടോസ്, സിട്രിക് അമ്ലം എന്നിവ സംശ്ലേഷണം ചെയ്യുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനഫലമായാണ്. വൃഷണച്ഛേദം മൂലം ശയാനം, ശുക്ളാശയം എന്നീ ഉപഗ്രന്ഥികളുടെ ശക്തി നശിക്കുന്നതിനുള്ള കാരണം ഇതാണ്. ശുക്ലാണു ഉത്പാദനത്തിന് ടെസ്റ്റോസ്റ്റിറോൺ കൂടിയേ കഴിയൂ. ലൈംഗികതയിലും ഇതിന് പങ്കുണ്ട്, പ്രത്യേകിച്ച് ലൈംഗികതാല്പര്യം, ലിംഗോദ്ധാരണം എന്നിവയ്ക്ക്. പുരുഷന്മാരിൽ നല്ല മാനസികാവസ്ഥ, ഊർജസ്വലത എന്നിവ ഉണ്ടാക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു. വർധിച്ച അളവിൽ ടെസ്റ്റോസ്റ്റിറോൺ ഉണ്ടാവുകയാണെങ്കിൽ പിറ്റ്യൂട്ടറി ഗോണാഡോട്രോഫിൻ ഹോർമോണുകളുടെ ഉത്പാദനം തടസ്സപ്പെടാനും അതുവഴി ശുക്ലാണു ഉത്പാദനം നിലയ്ക്കാനും ഇടയുണ്ട്.