തിരഞ്ഞെടുപ്പ് നടത്താന്‍ തീയതി പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് ക്യാംപസ് ആ വര്‍ഷവും ഉണര്‍ന്നത്. അതുവരെ പ്രണയത്തിന്റെ തണുപ്പുള്ള അരളിച്ചുവട്ടില്‍ കുമാരിമാരുടെ ചെറുചൂടുള്ള കൈത്തലങ്ങളില്‍ മുഖം ചേര്‍ത്തു കിടന്ന കലാലയത്തിന്റെ കലുഷിതഹൃദയം സടകുടഞ്ഞെണീറ്റു.
പെണ്‍കുട്ടികളെ ക്ലാസ്സില്‍ കയറ്റി വിട്ട് അരളിച്ചുവടുകള്‍ ഓരോ പാര്‍ട്ടിയും ബുക്ക് ചെയ്തു. പാര്‍ട്ടി ഓഫിസുകള്‍ക്ക് സമാനമായ രീതിയിലേക്ക് അരളികളുടെ സ്വഭാവം മാറ്റി.
കണ്ണെത്തുന്നിടം വരെ നോട്ടീസുകള്‍ കണ്ണെത്താത്തിടങ്ങളില്‍ ബാനറുകള്‍. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കോളജില്‍ വരികയും വോട്ട് ചോദിച്ച് ജയിക്കുയും പിന്നെ അടുത്ത തിരഞ്ഞെടുപ്പുകാലം വരെ എവിടെയോ മറഞ്ഞിരിക്കുകയും ചെയ്യുന്ന കുട്ടിരാഷ്ട്രീയക്കാരുടെ കുറ്റിയറ്റു തുടങ്ങുന്ന കാലം. നന്നായി പഠിക്കുന്ന, കുഞ്ചാക്കോ ബോബനെപ്പോലെ സുന്ദരനായ ആണ്‍കുട്ടികള്‍ക്കാണ് ഡിമാന്റ്.
ചെയര്‍മാന്‍ സീറ്റിലേക്ക് ഇത്തരം യോഗ്യതകളുള്ള ആരെയും കിട്ടാതായപ്പോള്‍ ഐ.എസ്.യു. എന്ന സ്വതന്ത്ര വിദ്യാര്‍ഥി സംഘടന (സീറ്റു കിട്ടാത്തവരുടെ കൂട്ടായ്മ) കണ്ടെത്തിയത് സാക്ഷാല്‍ മാത്തുക്കുട്ടിയെയായിരുന്നു.
സാക്ഷാല്‍ മാത്തുക്കുട്ടി എന്നു പറയാന്‍ മാത്തുക്കുട്ടി വേറെയുമുണ്ടോ എന്നു സംശയിക്കാം. ഉണ്ട്, കോളജില്‍ ആകെ ഒന്‍പത് മാത്തുക്കുട്ടിമാര്‍. ക്ലാസ്സില്‍ വരുന്നത് -നാല്. ഇടയ്ക്കു സന്ദര്‍ശിക്കുന്നത്-മൂന്ന്, ഒരിക്കലും വരാത്തത് -രണ്ട്. ഈ ഒന്‍പതില്‍ വച്ച് ഏറ്റവും ഗുണനിലവാരമുള്ള മാത്തുക്കുട്ടിയെ തന്നെയാണ് ഐ.എസ്.യു. കരുത്തനായ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
അത്യാവശ്യം പഠിക്കും എന്നതിനു പുറമേ കലോല്‍സവങ്ങളില്‍ ആരും മല്‍സരിക്കാനില്ലാത്ത ഇനങ്ങളില്‍ മാത്രം മല്‍സരിച്ച് സമ്മാനം നേടുന്ന, തിരഞ്ഞെടുപ്പു കാലത്തെങ്കിലും മനോഹരമായി പാടുന്നയാളാണ് മാത്തുക്കുട്ടി. അടുപ്പമുള്ളവര്‍ മാത്തുക്കുട്ടി എന്നത് ചുരുക്കി മാക്കു എന്നും വിളിക്കും.
മാക്കു സ്ഥാനാര്‍ഥിയായതോടെ തിരഞ്ഞെടുപ്പ് രംഗം സജീവമായി. ആകെ 10 സ്ഥാനാര്‍ഥികള്‍. മാത്തുക്കുട്ടി, എതിര്‍ സ്ഥാനാര്‍ഥി ജനകീയനായ തോമസ് ജോര്‍ജ്, പിന്നെ ഡമ്മി മാത്തുക്കുട്ടിമാര്‍ -8. തികഞ്ഞ കലാകാരനും പ്രതിഭാശാലിയുമായ മാക്കു പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ പിന്നിലായിരുന്നു. സ്വന്തം ഇമേജില്‍ ശ്രദ്ധയുള്ള അദ്ദേഹം വേണ്ട മുദ്രാവാക്യങ്ങള്‍ സ്വയമെഴുതി. പ്രംസംഗങ്ങള്‍ സ്വയം തയ്യാറാക്കി. രാത്രിയില്‍ പോസ്റ്ററുകളും ബാനറുകളും ഒട്ടിച്ചു നടന്നു.
നേരായ വഴിയില്‍ മാക്കുവിനധികം മുന്നേറാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുന്ന തോമസ് ജോര്‍ജ് വിദ്യാര്‍ഥികള്‍ക്ക് സ്വന്തം എം.എല്‍.എയാണ്. എങ്കിലും പല വേലകളും കാട്ടി തനിക്കു ചുറ്റും ചെറിയ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കാന്‍ മാക്കുവിന് കഴിഞ്ഞു. വിശദമായ ചര്‍ച്ചയ്ക്കു ശേഷം ചില വ്യത്യസ്ത തന്ത്രങ്ങള്‍ കൂടി പയറ്റാന്‍ മാക്കു തീരുമാനിച്ചു.
ഇതനുസരിച്ച് രാത്രിയില്‍ കറങ്ങി നടന്ന് സ്വന്തം ബാനറുകളും പോസ്റ്ററുകളും മാക്കുവിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ക്രൂരമായി വലിച്ചു കീറുകയും കരിപുരട്ടുകയും ചെയതു. പക്ഷെ ഒന്നും നശിപ്പിച്ചില്ല. സഹതാപ തരംഗത്തിന് ആഞ്ഞടിക്കാന്‍ വേണ്ട കാലാവസ്ഥയൊരുക്കിക്കൊണ്ട് മാനഭംഗം ചെയ്യപ്പെട്ട നിലയില്‍ എല്ലാ പോസ്റ്ററുകളും ബാനറുകളും അവര്‍ നിലനിര്‍ത്തി. എതിര്‍പക്ഷം കാര്യമായി പ്രതികരിച്ചില്ല. പ്രചാരണം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒടുവില്‍ മാക്കു വിജയത്തിലേക്ക് നിങ്ങുകയാണെന്ന് ചില അഭിപ്രായവോട്ടെടുപ്പ്കാര്‍ അഭിപ്രായപ്പെട്ടു.
ഒടുവില്‍ തിരഞ്ഞെടുപ്പ് ദിനം വന്നെത്തി.
തിരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി 12 മണിയോടടുത്ത സമയം. തന്റെ പോസ്റ്ററുകള്‍ കൊണ്ട് തീര്‍ത്ത തോരണങ്ങള്‍ കൃത്യമായും കോളജിന്റെ കവാടങ്ങളില്‍ വലിച്ചു കെട്ടി എല്ലാം ഭദ്രമെന്നുറപ്പു വരുത്തി മാക്കുവും സംഘവും മടങ്ങുകയാണ്. ഏഴു പേരും രണ്ടു ബൈക്കുമുണ്ടായിരുന്നു. ആറ് പേരെയും ബൈക്കുകളില്‍ കയറ്റിവിട്ട് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്കുള്ള അര കിലോമീറ്റര്‍ നടക്കാന്‍ ത്യാഗമനസ്കനായ മാക്കു തീരുമാനിച്ചു.
കോളജില്‍ നിന്നകലും തോറും ഇരുട്ട് കനത്തു വന്നു. വിജനമായ റോഡില്‍ എതിരാളിയുടെ പരാജയഭീതി തങ്ങിനില്‍പുണ്ടെന്നവന് തോന്നി. അര കിലോമീറ്ററില്‍ നാനൂറ് മീറ്ററെങ്കിലും പിന്നിട്ടു കാണും.
റോഡില്‍ നിന്ന് അടുത്ത നടവഴിയിലേക്ക് ചാടിക്കടന്ന മാക്കുവിന്റെ കാല്‍ വഴുതി. എവിടെയെങ്കിലും പിടിച്ചു നില്‍ക്കും മുന്പ് കരിങ്കല്ലില്‍ കെട്ടിനിര്‍ത്തിയ ഓടയിലേക്ക്. ഒരു വിധത്തില്‍ പിടഞ്ഞെണീറ്റു.
കൈമുട്ടും കാല്‍മുട്ടും പൊട്ടി ചോരയൊഴുകുന്നുണ്ട്. നടക്കാന്‍ പ്രയാസം. എങ്കിലും ചരിത്രപ്രധാനമായ എന്തിലേക്കോ എന്ന് വിശ്വസിച്ച് മാക്കു നടന്നു. മെയിന്‍ റോഡിലെത്തുന്പോഴേക്കും ചോര കുറെ പോയിരുന്നു. എതിര്‍വശത്തു നിന്നെത്തിയ ബൈക്കിന്റെ വെളിച്ചം കണ്ണിലടിച്ചപ്പോള്‍ മാക്കുവിന് തല ചുറ്റി. വീഴാതിരിക്കാന്‍ മുന്നില്‍ കണ്ട പോസ്റ്റില്‍ വട്ടം പിടിച്ച് നിന്നു.
മുന്നില്‍ നിര്‍ത്തിയ ബൈക്കില്‍ നിന്ന് എതിര്‍സ്ഥാനാര്‍ഥി തോമസ് ജോര്‍ജ് ഒരു വിശുദ്ധനെപ്പോയെ സഹായം വാഗ്ദാനം ചെയ്തു. അത് നിഷേധിച്ച് മുന്നോട്ടു നടക്കാന്‍ തുടങ്ങിയ മാക്കു തല ചുറ്റി ചെളി നിറഞ്ഞ ഓടയില്‍ വീണു.
കണ്ണു തുറക്കുന്പോള്‍ നേരം പുലര്‍ന്നിരുന്നു. കിടപ്പ് ആശുപത്രിയില്‍. കൈയ്യിലും കാലിലും വച്ചു കെട്ട്. ചുറ്റും പാര്‍ട്ടി പ്രവര്‍ത്തകര്‍. താന്‍ മരിക്കാന്‍ പോവുകയാണോ എന്നൊരു നിമിഷം മാക്കു ഭയപ്പെട്ടു. അല്ല, ജയിക്കാന്‍ പോവുകയാണ് … ഞങ്ങള്‍ ജയിപ്പിക്കാന്‍ പോവുകയാണ്.-തിരഞ്ഞെടുപ്പു കണ്‍ വീനര്‍ പറഞ്ഞു.
മാത്തുക്കുട്ടിയെ എതിര്‍സ്ഥാനാര്‍ഥി ഗുണ്ടകളോടൊപ്പം ചേര്‍ന്ന് തലേന്ന് രാത്രി ആക്രമിച്ചെന്നു പ്രചരിപ്പിക്കുന്ന നോട്ടീസും മാത്തുക്കുട്ടിയുമായി ജീപ്പ് കോളജിലേക്ക്. പക്ഷെ ആകെ ഒരു പന്തികേട്. തലേന്ന് ചാര്‍ത്തിയ മാക്കു തോരണങ്ങള്‍ കാണാനില്ല. പോസ്റ്ററുകളും കമ്മി. എവിടെയോ എന്തോ തകരാറുള്ളതു പോലെ.
ജീപ്പില്‍ നിന്നിറങ്ങിയ മാക്കുവിനെ നോക്കി വിദ്യാര്‍ഥികള്‍ കൂവി. പാഞ്ഞടുത്ത ചിലര്‍ ചേര്‍ന്ന് ജീപ്പിലെ നോട്ടീസ് കെട്ടു പൊട്ടിക്കാതെ എടുത്തു കൊണ്ടു പോയി. മീനച്ചിലാര്‍ അതും ഒഴുക്കിക്കൊണ്ട് പോയി.
ക്യാംപസിനുള്ളില്‍ കടന്നപ്പോഴ്‍ കാലാവസ്ഥ മാറി. രാത്രിയില്‍ മാക്കു മദ്യപിച്ചു മദോന്‍മത്തനായി പോസ്റ്റില്‍ വട്ടം പിടിച്ചു നില്‍ക്കുന്നതും ലക്കുകെട്ട് ഓടയില്‍ കിടക്കുന്നതുമായ ചിത്രങ്ങളുടെ അനേകം കോപ്പികള്‍ കണ്ട് മാക്കു ഞെട്ടി. തന്റെ കൈയ്യിലെ വച്ചു കെട്ടുകള്‍ പോലും കൂറുമാറിയെന്ന് മാക്കുവിന് തോന്നി.
ആ തിരഞ്ഞെടുപ്പില്‍ തോമസ് ജോര്‍ജിന്റേത് കോളജിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരുപക്ഷമായിരുന്നു.
No comments:
Post a Comment