ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഗൂഗിളില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമെന്ന കാര്യം അറിയില്ല.
സര്‍വവ്യാപിയായ ഈ സേര്‍ച്ച് എൻജിന്‍ ദിനംപ്രതി ഏകദേശം അഞ്ഞൂറു കോടിയിലേറെ സേര്‍ച്ചുകളാണ് നടത്തുന്നത്.
ഓസ്‌ട്രേലിയക്കാര്‍ക്ക് ഗൂഗിളില്ലാത്ത കാലം യാഥാര്‍ഥ്യമാകാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്നത്. തങ്ങള്‍ ഓസ്‌ട്രേലിയയിലെ സേവനങ്ങള്‍ പിന്‍വലിക്കുമെന്നാണ് ഗൂഗിൾ ഭീഷണിപ്പെടുത്തിയത്. എന്നാൽ, പേടിപ്പിക്കാന്‍ വരേണ്ടെന്നാണ് ഓസ്‌ട്രേലിയിന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇതിനോട് പ്രതികരിച്ചത്. എന്നാൽ ലോകം മുഴുവന്‍ ഞങ്ങളുടെ പാത പിന്തുടര്‍ന്നേക്കും എന്നാണ് ഓസ്‌ട്രേലിയന്‍ സെനറ്റര്‍ റെക്‌സ് പാട്രിക് ഗൂഗിളിനെ ഭീഷണിപ്പെടുത്തിയത്. നിങ്ങള്‍ എല്ലാ രാജ്യത്തു നിന്നും പിന്‍വാങ്ങുമോ എന്നാണ് അദ്ദേഹം ചോദിച്ചത്.
ഓസ്‌ട്രേലിയയില്‍ ഗൂഗിളിന്റെ അതേ പ്രതിസന്ധി നേരിടുന്ന മറ്റൊരു അമേരിക്കന്‍ കമ്പനിയുമുണ്ട് -ഫെയ്‌സ്ബുക്.
ഗൂഗിളിലും ഫെയ്‌സ്ബുക്കിലും വരുന്ന വാര്‍ത്താ ലിങ്കുകളില്‍ വായനക്കാര്‍ ക്ലിക്കു ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിച്ച മാധ്യമത്തിന് ഇരുകമ്പനികളും പണം നല്‍കണമെന്ന ഓസ്‌ട്രേലിയയുടെ നിര്‍ദ്ദേശത്തിനെതിരെയാണ് സേവനം നിർത്തുമെന്ന് ഗൂഗിള്‍ ഭീഷണിപ്പെടുത്തിയത്. ഇതെവിടുത്തെ നിയമമാണെന്നു ചോദിച്ചാല്‍ ലോകമെമ്പാടും പരമ്പരാഗത മാധ്യമങ്ങള്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് ഒന്നുമറിയില്ലെന്നു പറയേണ്ടി വരും. പലരും വാര്‍ത്ത അറിയാന്‍ ഗൂഗിളിനെ ആശ്രയിക്കുമ്പോള്‍ അതു പ്രസിദ്ധീകരിക്കാന്‍ പാടുപെടുന്ന വെബ്‌സൈറ്റിനോ മാധ്യമ സ്ഥാപനത്തിനോ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വരുന്നു. പുതിയ നിയമം മാധ്യമങ്ങള്‍ക്ക് ഗുണകരമായേക്കുമെന്നാണ് നിഗമനം.
ഓസ്‌ട്രേലിയക്കാര്‍ക്ക് ഭയം
ഗൂഗിളിനെ മാത്രം ആശ്രയിച്ച് ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്ന 95 ശതമാനത്തോളം വരുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് മറ്റൊരു പ്രശ്‌നമാണ്- ഗൂഗിളിന്റെ അഭാവം അവര്‍ക്കൊരു ഡിജിറ്റല്‍ ശൂന്യത സമ്മാനിച്ചേക്കുമെന്നു പറയുന്നു.
വാര്‍ത്തയ്ക്കു പണമടയ്ക്കല്‍ പ്രശ്‌നം പരിഹരിച്ചാലും ഓസ്‌ട്രേലിയയിൽ ഗൂഗിൾ അത്ര പെട്ടെന്ന് രക്ഷപ്പെടില്ല. ഇപ്പോൾ ആഗോള ഡിജിറ്റല്‍ പരസ്യങ്ങള്‍ മുഴുവന്‍ കൈയ്യടക്കിവച്ചിരിക്കുന്നത് ഗൂഗിളാണ്. തങ്ങളുമായി മത്സരത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ വലിയൊരു ഭാഗം വരുമാനം ഫെയ്‌സ്ബുക്കിനും ഗൂഗിള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.
ഇരു കമ്പനികളും ആഗോള തലത്തില്‍ വരുന്ന പരസ്യ വരുമാനത്തിന്റെ സിംഹഭാഗവും കൊണ്ടുപോകുന്നു. ഇത് മറ്റെല്ലാ കമ്പനികളെയും ബാധിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഡിജിറ്റല്‍ പരസ്യ മേഖലയിലെ ഗൂഗിളിന്റെ കുത്തക തകര്‍ക്കാനും ഓസ്‌ട്രേലിയ പരിശ്രമിക്കുന്നുണ്ട്. ഓസ്‌ട്രേലിയയുടെ ഈ രണ്ടു നീക്കങ്ങളും ലോകത്തെ മറ്റു രാജ്യങ്ങളും ഏറ്റുപിടിക്കുമോ എന്നറിയാനാണ് ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്നത്. കാനഡയും യൂറോപ്യന്‍ യൂണിയനും ഓസ്‌ട്രേലിയയെ പിന്തുണച്ചേക്കുമെന്നാണ് അറിയുന്നത്. ഗൂഗിളിന്റെ പിടി അയയ്ക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ ജനാധിപത്യപരമായ ഇന്റര്‍നെറ്റ് ഉണ്ടായേക്കുമെന്നും അത് പുതിയ കമ്പനികള്‍ക്ക് കടന്നുവരാന്‍ സഹായിച്ചേക്കുമെന്നും പറയുന്നു.
ഓസ്‌ട്രേലിയക്കാര്‍ക്ക് ഇനി ബിങും ഡക്ഡക്‌ഗോയും?
ഗൂഗിള്‍ പുറത്തായാല്‍ ഓസ്‌ട്രേലിയക്കാര്‍ മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് എൻജിനായ ബിങും, സ്വകാര്യത നല്‍കുമെന്നു പറയുന്ന ഡക്ഡക്‌ഗോയും ആയിരിക്കും ഉപയോഗിക്കുക. ഈ രണ്ടു സേര്‍ച്ച് എൻജിനുകളും വര്‍ഷങ്ങള്‍ പരിശ്രമിച്ചിട്ടും ഗൂഗിളിന്റെ ആധിപത്യം തകർക്കാൻ സാധിച്ചിട്ടില്ല. ഇതിനു പിന്നില്‍ സേര്‍ച്ചിന്റെ മികവു മാത്രമല്ല, ഗൂഗിളിന്റെ നിരവധി തന്ത്രങ്ങളുമുണ്ട്.
ആന്‍ഡ്രോയിഡില്‍ ഗൂഗിളിന്റെ സാന്നിധ്യം മൊത്തം കാണാമെന്നതു കൂടാതെ, ആപ്പിളിനു ബില്ല്യന്‍ കണക്കിന് ഡോളര്‍ (ഇപ്പോള്‍ പ്രതിവര്‍ഷം ഏകദേശം 20 ബില്ല്യന്‍) നല്‍കി സഫാരിയില്‍ ഡീഫോള്‍ട്ട് സേര്‍ച്ച് എൻജിനായി നില്‍ക്കുന്നതുമൊക്കെ കമ്പനിയുടെ തന്ത്രങ്ങളുടെ ഭാഗമാണ്. അവയെല്ലാം ഫലിച്ചു എന്നു തന്നെ പറയാം. ലോകമെമ്പാടും ആളുകള്‍ക്ക് സേര്‍ച്ച് ഗൂഗിള്‍ ചെയ്താലെ ശരിയാകൂ എന്ന ചിന്താഗതിയുണ്ടാക്കാന്‍ കമ്പനിക്കു സാധിച്ചിട്ടുണ്ട്.
ഏറ്റവും നല്ല റിസള്‍ട്ട് ഗൂഗിളിന്റേതാണ് എന്നു സമ്മതിച്ചാല്‍ പോലും, മറ്റു രണ്ടു സേര്‍ച്ച് എൻജിനുകളും ഒട്ടും മോശമല്ലെന്ന് ടെസ്റ്റുകള്‍ പറയുന്നു. കൂടുതല്‍ സേര്‍ച്ചുകള്‍ നടക്കുക വഴി ഗൂഗിളിന്റെ മെഷീന്‍ ലേണിങ് മേഖല വളരുന്നു. അതേസമയം, എതിരാളികളുടേത് പിന്നില്‍ കിടക്കുകയും ചെയ്യുന്നു.
എന്നാല്‍, കാലക്രമേണ എതിരാളികളുടെ സേര്‍ച്ച് മെച്ചപ്പെട്ടുവരാമെന്ന യാഥാര്‍ഥ്യം ഗൂഗിളിനുമറിയാം. അതിനാല്‍ തന്നെ തങ്ങളുടെ ആധിപത്യം തുടരാനുള്ള വഴികള്‍ തന്നെയായിരിക്കും അവര്‍ തേടുക എന്നാണ് കരുതുന്നത്.
ഓസ്‌ട്രേലിയ സാമ്പത്തികമായി ഗൂഗിളിനേക്കാള്‍ ചെറുതോ?
ഓസ്‌ട്രേലിയയുടെ മൊത്തം സാമ്പത്തിക വരുമാനം ഗൂഗിളിന്റ വിപണി മൂല്യമായ 1.4 ട്രില്ല്യനേക്കാള്‍ കുറവാണ്. എന്നാല്‍, ഈ ചെറിയ വിപണിയിൽ ചവിട്ടി തങ്ങള്‍ വീഴുമോ എന്നാണ് ഗൂഗിള്‍ ഇപ്പോള്‍ ഭയക്കുന്നത്. ഓസ്‌ട്രേലിയ ഇത്തരമൊരു തുടക്കമിട്ടു കഴിഞ്ഞാല്‍ ലോകമെമ്പാടും ഗൂഗിളിന്റെ അവരോഹണത്തിനു തുടക്കമാകാം. അതിനാല്‍ തന്നെ ഗൂഗിളിന്റെ മേധാവി സുന്ദര്‍ പിച്ചൈയും ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും പ്രധാനമന്ത്രി മോറിസണേയും, അദ്ദേഹത്തിന്റെ മന്ത്രിമാരെയും ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.
മൈക്രോസോഫ്റ്റ് ചാടിവീണു
തങ്ങളുടെ സേര്‍ച്ച് എൻജിനായ ബിങിന് ഇതുവരെ സൂചികുത്താനുള്ള ഇടം മാത്രമാണ് ഗൂഗിള്‍ നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ പെട്ടെന്ന് അപ്രതീക്ഷിതമായി വീണുകിട്ടിയ അവസരം വിട്ടുകളയാന്‍ ശ്രമിക്കാതെ കമ്പനി ചാടിവീണിരിക്കുകയാണ്. പ്രധാനമന്ത്രി മോറിസണിന്റെ ഫോണിലേക്ക് വിളിക്കുന്നവരുടെ കൂട്ടത്തില്‍ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെലയുമുണ്ട്. വീണു കിട്ടിയ ഫ്രീ ഹിറ്റ് എടുക്കാന്‍ തയാറായി നില്‍ക്കുന്ന മൈക്രോസോഫ്റ്റ് പറഞ്ഞത് എതിരാളികള്‍ നല്‍കുന്ന എല്ലാ ഫീച്ചറുകളും ബിങില്‍ ഒരുക്കാനായി മുതല്‍മുടക്കാന്‍ തയാറാണ് എന്നാണ്. ഡക്ഡക്‌ഗോയും തങ്ങളാലാകുന്നത് ചെയ്യുന്നു.
ഓസ്‌ട്രേലിയക്കാര്‍ സർക്കാർ എന്തു ചെയ്യുന്നുവെന്നു നോക്കിയിരിക്കേണ്ട കാര്യമില്ലെന്നാണ് അവര്‍ പറയുന്നത്. ഗൂഗിളിനെ പോലെയല്ലാതെ ഒരു സേര്‍ച്ചും 30 മിനിറ്റിലേറെ സേര്‍വറുകളില്‍ സൂക്ഷിക്കാതെ ഉപയോക്താവിന്റെ സ്വകാര്യത സൂക്ഷിക്കുന്ന സേര്‍ച്ച് എൻജിനാണ് ഡിഡിജി. അതേസമയം, ഇനി അമേരിക്കന്‍ ഭീമന്മാരെ അടുപ്പിക്കേണ്ട, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സേര്‍ച്ച് എൻജിനുകള്‍ മതിയെന്ന വാദവും ഓസ്‌ട്രേലിയയില്‍ ഉയരുന്നു.
ആദ്യ ഗൂഗിള്‍രഹിത രാജ്യം ഓസ്‌ട്രേലിയയല്ല
ഇതെല്ലാം കണ്ട് ലോകത്തെ ആദ്യ ഗൂഗിള്‍രഹിത രാജ്യമാകാന്‍ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയയെന്നു കരുതിയെങ്കില്‍ തെറ്റി. ചൈനയാണ് ആദ്യമായി രാജ്യത്തുനിന്ന് ഗൂഗിളിനെ പുറത്താക്കിയ രാജ്യം. അവിടെ അവരുടെ സ്വന്തം ബായിഡുവാണ് സേര്‍ച്ച് നടത്തുന്നത്.
ഗൂഗിള്‍ പോയേക്കില്ല
അതേസമയം, ഓസ്‌ട്രേലിയ വിട്ടാല്‍ അത് കുരുക്കായേക്കാമെന്ന ഭയം ഗൂഗിളിനുള്ളില്‍ അനുനിമിഷം വളരുകയാണെന്നു പറയുന്നു. അതിനാല്‍ തന്നെ അവര്‍ നിലപാട് മയപ്പെടുത്തിയേക്കുമെന്നും പറയുന്നു. എന്നാല്‍, ഗൂഗിളിനെ പോലെയുള്ള കുത്തകളെ പിടിച്ചുകെട്ടാൻ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത് ഇന്റര്‍നെറ്റിന് ഗുണകരമാകുമെന്നു വിശ്വസിക്കുന്നവരുമുണ്ട്.
No comments:
Post a Comment