പ്രസവശേഷം ഉണ്ടാക്കുന്ന നിരാശ, അകാരണമായ മാനസിക സംഘർഷങ്ങൾ എന്നിവ എത്രകാലം നീണ്ടു നിൽക്കാം? ഇതിന് മരുന്ന് ആവശ്യമാണോ..?
ഹോർമോണുകളുടെ വ്യതിയാനഫലമായി ചിലരിൽ നിരാശ കാണപ്പെടും. അകാരണമായി കരയുക, ഭർത്താവിനോട് അകൽച്ച കാണിക്കുക, കുഞ്ഞിനെ മുലയൂട്ടാനുളള വൈമുഖ്യം എന്നിവ ഇതിന്റെ ഭാഗമാണ്. വൈദ്യ സഹായം കൂടാതെ തന്നെ രണ്ടു മാസങ്ങൾക്കുളളിൽ സാധാരണ രീതിയിലേക്കു തിരിച്ചെത്തും. കൗൺസിലിങ്ങിലൂടെ ഇതു സ്വാഭാവികമാണെന്നുളള തിരിച്ചറിവ് നൽകണം. ആതമഹത്യാ പ്രവണത, കുഞ്ഞിനോടുളള അവഗണന തുടങ്ങിയവയ്ക്കു മരുന്ന് ആവശ്യമായി വരാം. സ്വന്തം അമ്മയുടെ സാമീപ്യം, ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും സ്നേഹപൂർണമായ പരിപാലനം ഇവർക്ക് ആവശ്യമാണ്.
പ്രസവശേഷമുളള മുടികൊഴിച്ചിൽ പിന്നീട് മുടിയില്ലാത്ത അവസ്ഥയിലേക്ക് നയിക്കുമോ..?
പ്രസവശേഷം ചിലരിൽ കുറച്ചു കാലത്തേക്കു മുടികൊഴിച്ചിൽ കാണപ്പെടാറുണ്ട്. കുഞ്ഞിനു പാലു കൊടുക്കുമ്പോൾ അമ്മക്കുണ്ടാകുന്ന ക്ഷീണം, പോഷകക്കുറവ് എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. പോഷകാഹാരം കഴിക്കുക. വൈറ്റമിൻ സപ്ലിമെന്റ് ടാബ്‌ലറ്റുകൾ കഴിക്കുക ഇവ മുടി കൊഴിച്ചിൽ തടയും. പ്രസവശേഷം മുടിയിൽ തേങ്ങാപ്പാൽ തേച്ചു കുളിക്കുകയും മരുന്നുകൾ ഇട്ടു കാച്ചിയ എണ്ണ ഉപയോഗിക്കുകയും ചെയ്യുന്നത് ഫലം നൽകാം.
സിസേറിയനു ശേഷം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്റ്റിച്ച് പൊട്ടാനുളള സാധ്യത ഉണ്ടോ..?
പ്രസവം കഴിഞ്ഞുളള ആദ്യ ആറാഴ്ചകളിൽ വരുന്ന ചുമ, തുമ്മൽ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. സിസേറിയൻ കഴിഞ്ഞവർ ചുമയ്ക്കുമ്പോൾ ഇരു കൈകളും കൊണ്ട് വയറിനു താങ്ങു കൊടുക്കുന്നതു നന്നായിരിക്കും. അധികമായ വയറു വേദനയോ രക്തസ്രാവമോ ശ്രദ്ധയിൽ പെട്ടാൽ വൈദ്യ സഹായം തേടണം.
പ്രസവരക്ഷ, എണ്ണ തേച്ചുളള കുളി, ലേഹ്യങ്ങൾ എന്നിവ ആവശ്യമാണോ..?
പരമ്പരാഗത രീതിയിൽ നമ്മുടെ നാട്ടിൽ സ്ത്രീകൾ പ്രസവ ശേഷം മൂന്നു മാസം വിശ്രമം എടുക്കാറുണ്ട്. ഒപ്പം പ്രസവ രക്ഷകൾ പലതും ചെയ്യും. ഇതിൽ തെറ്റൊന്നുമില്ല. എന്നാൽ സാധാരണ ജീവിത രീതികൾ തന്നെ പ്രസവശേഷവും പിന്തുടരുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടാവും എന്നു കരുതുന്നതു തെറ്റാണ്.
ഗർഭകാലത്ത് കഴുത്തിലും ദേഹത്തും ഉണ്ടാകുന്ന കറുത്ത പാടുകൾ പ്രസവശേഷം മാറുമോ? സ്ട്രെച്ച് മാർക്സ് എങ്ങനെ ഒഴിവാക്കാം..?
ഗർഭാവസ്ഥയിൽ ശരീരത്തിൽ കറുത്ത പാടുകൾ വരുന്നതു സ്വാഭാവികമാണ്. ഹോർമോണുകളുടെ പ്രവർത്തന ഫലമാണിത്. അമിതവണ്ണമുളളവരിലാണ് ഇത് കൂടുതൽ. മറുപിളളയിൽ നിന്നാണ് ഈ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നത്. പ്രസവശേഷം കറുത്ത നിറം അപ്രത്യക്ഷമാകും. ആർത്തവ ചക്രം പുനരാരംഭിക്കുന്നത് ഈ ഹോർമോണുകൾ ശരീരത്തിൽനിന്ന് അപ്രത്യക്ഷമായതിന്റെ ലക്ഷണമാണ്. അയൺ ഗുളികകളുടെ ഉപയോഗ ഫലമായാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നത് എന്നത് തെറ്റായ ധാരണയാണ്.
ഇരിക്കുമ്പോൾ നടുവിന് സപ്പോർട്ട് നൽകാൻ ശ്രദ്ധിക്കണം.
സ്ത്രീകളെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് വയറിലെ സ്ട്രെച്ച് മാർക്കുകൾ. ഗർഭം ഓരോ മാസം പിന്നിടുമ്പോഴും ചർമം വികസിക്കുന്നു. ഇതു വഴി ചർമത്തിനടിയിലെ ഇലാസ്റ്റിക് ഫൈബർ പൊട്ടിപ്പോവുന്നു. ഗർഭാശയം പൂർവസ്ഥിതിയിലേക്കു മടങ്ങിയാലും ഈ ഫൈബറുകൾ കൂടി ചേരുകയില്ല. അതുകൊണ്ടാണ് സ്ട്രെച്ച് മാർക്കുകൾ അവശേഷിക്കുന്നത്.
പ്രസവശേഷം പ്രമേഹം വരാൻ സാധ്യതയുണ്ടോ..?
പാരമ്പര്യമായി പ്രമേഹം ഉളളവർക്ക് ഗർഭാവസ്ഥയിൽ പ്രമേഹം വരാം. ഭാരം കൂടിയ കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നവരിൽ, അവർക്കു പാരമ്പര്യഘടകങ്ങൾ പ്രതികൂലമാണെങ്കിൽ പ്രമേഹം വരാനുളള സാധ്യത ഏറെയാണ്. കൃത്യമായ ഇടവേളകളിൽ ചെക്കപ്പുകൾ നടത്തണം.
മൂത്രതടസ്സം, മലബന്ധം എന്നിവ പ്രസവം കഴിഞ്ഞു കാണപ്പെടുന്നത് എന്തുകൊണ്ടാണ്..?
സാധാരണ പ്രസവത്തിനു ശേഷം ചിലരിൽ മൂത്രതടസ്സം അനുഭവപ്പെടാറുണ്ട്. മൂത്രസഞ്ചിയുടെ നാഡികൾക്ക് പ്രസവ സമയത്തുണ്ടാകുന്ന ക്ഷതവും ഗർഭാശയത്തിന്റെ താഴേക്കുളള സ്ഥാന മാറ്റവും ഹോർമോൺ വ്യതിയാനവും ഇതിനു കാരണമാണ്. പ്രസവശേഷം മലബന്ധവും അനുഭവപ്പെടാം. 15–20 ഗ്ലാസ് വരെ വെളളം കുടിക്കുക, നാരുകൾ കൂടുതലായി അടങ്ങിയ പഴവർഗങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. ഇവ വഴി മലബന്ധം മറികടക്കാം.
കസേരയിൽ ഇരിക്കരുത്, പുസ്തകം വായിക്കരുത് എന്നെല്ലാം പറയുന്നതിൽ കാര്യമുണ്ടോ..?
നട്ടെല്ലിനു സപ്പോർട്ട് നൽകി ഇരിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. ആറാഴ്ചകൾക്കു ശേഷം മാത്രം കണ്ണിനു സ്ട്രെയിൻ നൽകുന്ന കാര്യങ്ങൾ ചെയ്യുക. ടിവി, കംപ്യൂട്ടർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
പ്രസവശേഷം സ്തനങ്ങൾ ഇടിഞ്ഞു തൂങ്ങുമോ? ഇതെങ്ങനെ പരിഹരിക്കും..?
ഗർഭിണിയായിരിക്കെ ശരീരഘടനയിൽ വരുന്ന മാറ്റത്തിന്റെ ഭാഗമായും, ശരീരഭാരം കൂടുന്നതുകൊണ്ടും സ്തനങ്ങളുടെ വലുപ്പത്തിൽ അൽപം വ്യാത്യാസം വരാം. ഇത് സ്വാഭാവികമാണ്. പ്രസവശേഷം സ്തനങ്ങൾ ഇടിഞ്ഞ് തൂങ്ങി രൂപഭംഗി നിലനിർത്താൻ കസേരയിൽ നിവർന്നിരുന്ന് കുഞ്ഞിന് മുലയൂട്ടാം. അനുയോജ്യമായ അളവിലുളള ബ്രാ ധരിക്കുന്നതും സ്തനങ്ങളെ താങ്ങുന്ന പേശികളെ ശക്തിപ്പെടുത്തുന്ന എക്സർസൈസ് ചെയ്യുന്നതും നല്ലതാണ്.
No comments:
Post a Comment