ക്രോയ്‌ഡോണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മേലധികാരികള്‍ തനിക്കെതിരെ അപവാദങ്ങള്‍വരെ പറഞ്ഞു പരത്തിയതായി എന്‍ എച്ച് എസ് തീയറ്റര്‍ പ്രാക്ടീഷണര്‍ മേരി ഒനുഹ കോടതിയില്‍ ബോധിപ്പിച്ചു. കഴുത്തില്‍ തൂക്കിയ ഒരു ചെറിയ കുരിശു നീക്കുന്നതിനായിട്ടായിരുന്നു അപവാദ പ്രചരണം ഉള്‍പ്പടെയുള്ള തന്ത്രങ്ങള്‍ എന്നും അവര്‍ ബോധിപ്പിച്ചു.
ആരോഗ്യപരവും സുരക്ഷാപരവുമായ കാരനങ്ങളാലാണ് കുരിശ് ധരിക്കുന്നതില്‍ നിന്നും വിലക്കിയതെന്ന് ആശുപത്രി അധികൃതര്‍ ട്രിബ്യുണലിനെ ധരിപ്പിച്ചു. എന്നാല്‍ മറ്റ് പല ജീവനക്കാരും സമാനമായ പല കാര്യങ്ങളും വസ്ത്രത്തോടൊപ്പവും ആഭരണമായിട്ടും അണിയുന്നതിനാല്‍ ഈ വാദത്തിന് പ്രസക്തിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അധികൃതര്‍ മനഃപ്പൂര്‍വ്വം ശത്രുതയുടേയും അവഹേളനത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ അവര്‍ ജോലി ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു എന്നും ട്രിബ്യുണല്‍ കണ്ടെത്തി.
ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മേരി ഒനുഹയോട് ഖേദം പ്രകടിപ്പിക്കുകയും ഈ കാര്യം ഉയര്‍ന്നുവന്നതിനു ശേഷം തങ്ങളുടെ യൂണിഫോം നയത്തിലും ഡ്രസ്സ്‌കോഡിലും മാറ്റങ്ങള്‍ വരുത്തിയതായും അറിയിച്ചു. കഴിഞ്ഞ 18 വര്‍ഷമായി ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മേരി ഒനുഹ തന്റെ കടുത്ത കത്തോലിക്ക വിശ്വാസത്തിന്റെ ഭാഗമായി കഴിഞ്ഞ 40 വര്‍ഷങ്ങളായി ഈ കുരിശുമാല ധരിക്കുന്നുണ്ട്. എന്നാല്‍, 2015 മുതല്‍ക്കാണ് അന്നത്തെ മാനേജ്‌മെന്റ് ഈ ആഭരണം ധരിക്കുന്നത് വിലക്കിയിരിക്കുന്നതെന്നും അവര്‍ ട്രിബ്യുണലില്‍ പറഞ്ഞു.
ഇത് തന്റെ വിശ്വാസത്തിനു മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു അവര്‍ ട്രിബ്യുണലില്‍ വാദിച്ചത്. ദിവസവും നാലുനേരം നിസ്‌കാരത്തിന് പോകുന്ന ഇസ്ലാമത വിശ്വാസികള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവരെ ആരും തടയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇസ്ലാമത വിശ്വാസികളായ സ്ത്രീകള്‍ശിരോവസ്ത്രം ധരിച്ച് എത്താറുണ്ട്, ഹിന്ദുമത വിശ്വാസികളായവര്‍ കൈകളില്‍ ചുവന്ന ചരട് ധരിച്ച് എത്താറുണ്ട് അവരെയൊന്നും വിലക്കുന്നില്ല എന്നും മേരി ഒനുഹ ചൂണ്ടിക്കാട്ടി. നൈജീരിയയില്‍ ജനിച്ച കത്തോലിക്ക വിശ്വാസിയായ തനിക്ക് തന്റെ വിശ്വാസം പ്രകടിപ്പിക്കാനുള്ള ഉപാധിയാണ് ഈ ചെറിയ കുരിശുമാല എന്നും അവര്‍ പറഞ്ഞു.
ഇത് സുരഷാ വീഴ്ച്ചയുണ്ടാക്കുമെന്ന് തെളിയിക്കാന്‍ ആശുപത്രി അധികൃതര്‍ ഒരുപാട് ശ്രമിച്ചുവെന്നും തന്നോട് നിരവധി തവണ അത് അഴിച്ചുവെയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും മേരി പറയുന്നു. എന്നിട്ടും അനുസരിക്കാത്തതിനാല്‍ അവരെ നഴ്‌സിംഗ് ഡ്യുട്ടിയില്‍ നിന്നും തരം താഴ്ത്തി റിസപ്ഷണിസ്റ്റാക്കി. ഈ അപമാനം സഹിച്ചും ജോലിയില്‍ തുടര്‍ന്നപ്പോള്‍ അവഹേളനവും സമ്മര്‍ദ്ധവും അധികൃതര്‍ വര്‍ദ്ധിപ്പിച്ചു. ഇതേ തുടര്‍ന്ന് 2020-ല്‍ ഇവര്‍ക്ക് രാജിവെച്ച് ഒഴിയേണ്ടതായി വന്നു.
തീയറ്ററിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും അതുപോലെ കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യുന്ന ഒരു നഴ്‌സിന്റെ മാലയില്‍ നിന്നും അണുബാധയുണ്ടാകുമെന്ന് വിശ്വസിക്കാനാവില്ലെന്ന് ട്രിബ്യുണല്‍ വിലയിരുത്തി. മാത്രമല്ല, സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞാണ് അവര്‍ ജോലി ചെയ്യുന്നത്. സമാനമായ രീതിയില്‍ മറ്റു മതവിശ്വാസികളും വസ്ത്രങ്ങളും ആഭരണങ്ങളും ഉപയോഗിക്കുന്നുണ്ട് അതിനൊന്നും കുഴപ്പമില്ലേയെന്നും ട്രിബ്യുണല്‍ ചോദിച്ചു.
തുടര്‍ന്ന് മേരി ഒനുഹയോട് ഖേദം പ്രകടിപ്പിച്ച ആശുപത്രി അധികൃതര്‍ അവര്‍ ഉയര്‍ത്തിയ പ്രശ്‌നം തങ്ങളുടെ കണ്ണ് തുറപ്പിച്ചു എന്നും ജീവനക്കാരുടേ വിശ്വാസങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ യൂണിഫോം നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ട്രിബ്യുണലിനെ അറിയിച്ചു.
No comments:
Post a Comment