Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 13 February 2022

ലൈംഗികബന്ധം.. ( sexuality )

ജീവിവർഗങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന അടിസ്ഥാനപരമായ ഒരു ജൈവീക ചോദനയാണ് ലൈംഗികത അഥവാ ലൈംഗികത്വം . സാമൂഹികവും ജനതികപരവും മാനസികവുമായ മറ്റനേകം ഘടകങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ജെൻഡറുമായി ഇത് വളരെധികം ചേർന്ന് നിൽക്കുന്നു. ചുരുക്കത്തിൽ ഒന്നിലേറെ ഘടകങ്ങളുടെ കൂട്ടായ്മയും അതിൽ നിന്നും ഉയിർത്തുവരുന്ന വികാരങ്ങളും കൂടിച്ചേർന്നു സൃഷ്ടിക്കുന്ന ജൈവീകമായ വികാരമാണ് ലൈംഗികത. ജെൻഡർ വ്യക്തിത്വം, മറ്റൊരാളോട് തോന്നുന്ന ആകർഷണം, അതിൽ നിന്നും ഒരാളുടെ മനസ്സിലുണ്ടാകുന്ന ചോദനകൾ (സ്നേഹം), ഈ സ്നേഹം പ്രകടിപ്പിക്കുന്ന രീതി (ശൃംഗാരം, സ്പർശനം), ഏറ്റവും ഒടുവിലായി സ്നേഹത്തിന്റെ ബഹിസ്‌ഭുരണമായി ലൈംഗികബന്ധം നടക്കുന്നു.


 ജീവികളിലെ പ്രത്യുദ്പാദനരീതികളും ആസ്വാദനവുമായി ബന്ധപ്പെട്ട ഒന്നാണ് ലൈംഗികബന്ധം, മൈഥുനം, സംഭോഗം അഥവാ ഇണചേരൽ (Sexual Intercourse, Coitus). ഇതുവഴി ജീവിവർഗ്ഗങ്ങളിലെ ജനതിക ഘടകങ്ങൾ പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കാൻ സാധിക്കുന്നു. വ്യത്യസ്ത ജനതിക പാരമ്പര്യമുള്ളവർ തമ്മിലുള്ള ഇണചേരൽ കൂടുതൽ മെച്ചപ്പെട്ട ഒരു തലമുറയുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇതാണ് മിശ്രവിവാഹിതരുടെ മക്കളിൽ പാരമ്പര്യരോഗങ്ങൾ കുറഞ്ഞു വരാൻ കാരണം.

പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും സ്നേഹം പ്രകടിപ്പിക്കാനും ആസ്വാദനത്തിനും കൂടിയാണ് മനുഷ്യർ ഏറിയപങ്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. എൻഡോർഫിൻസ്, ഓക്‌സിടോസിൻ മുതലായ ഹോർമോണുകളുടെ ഉത്പാദനം സന്തോഷത്തിന് കാരണമാകുന്നു. ഇംഗ്ലീഷിൽ ഇണചേരുക എന്ന വാക്കിന് 'സെക്ഷ്വൽ ഇന്റർകോഴ്സ്' എന്നതിന് പകരം "ലവ് മേക്കിങ്" എന്നും പറയാറുണ്ട് (Love making). 'നോ ലവ് നോ സെക്സ്, നോ സെക്സ് നോ ലവ്' തുടങ്ങിയ ഇംഗ്ലീഷ് വാക്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ. സ്നേഹം പ്രകടിക്കുന്ന കല എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. മറ്റ് ജൈവീക ചോദനകളിൽ നിന്നും ലൈംഗികബന്ധത്തിനെ വ്യത്യസ്തമാക്കുന്നത് അതിലൂടെ ലഭിക്കുന്ന ആനന്ദം അഥവാ സുഖകരമായ അനുഭൂതി തന്നെയാണ്. ഭൗതികമായി പറഞ്ഞാൽ ഇണകളുടെ ലൈംഗികാവയവങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് (ലിംഗയോനി സമ്പർക്കവും തുടർന്നുള്ള ചലനങ്ങളും ചിലപ്പോൾ സ്ഖലനവും) വേഴ്ച എന്നിരിക്കിലും ലൈംഗികതക്ക് ശാരീരികബന്ധം എന്നതിലുപരിയായി പല തലങ്ങളുമുണ്ട്. "മനുഷ്യൻ ഭൂകമ്പങ്ങളെ അതിജീവിച്ചേക്കാം; മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം; പക്ഷേ കിടപ്പറയിലെ ദുരന്തംപോലെ അവനെ ദഹിപ്പിക്കുന്ന മറ്റൊന്നില്ല.” ലിയോ ടോൾസ്റ്റോയിയുടെ ഈ വാക്കുകൾ ഇതിന്റെ പ്രാധാന്യം വെളിവാക്കാൻ ഉപയോഗിക്കാറുണ്ട്. ലൈംഗികതയെ ഒരു പാപമായി കാണുന്ന സമൂഹങ്ങൾ ധാരാളമുണ്ട്.

വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം, അനംഗരംഗ തുടങ്ങിയ പൗരാണിക ഭാരതീയ ഗ്രന്ഥങ്ങളിൽ രതിയെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. കിൻസി, സിഗ്മണ്ട് ഫ്രോയിഡ് തുടങ്ങിയവരുടെ സംഭാവനകൾ ഈ മേഖലയെ ഏറെ വികസിപ്പിച്ചു. വില്യം മാസ്റ്റേഴ്സ്, വിർജിനിയ ജോൺസൻ എന്നിവർ നടത്തിയ ശാസ്ത്രീയ ഗവേഷണ പഠനങ്ങൾ ഈ മേഖലയിൽ കൂടുതൽ മൂല്യവത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. മനുഷ്യരിലെ ലൈംഗിക പ്രതികരണങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ഇവരുടെ ഗ്രന്ഥങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ഹ്യൂമൻ സെക്ഷ്വൽ റെസ്പോൺസ് (Human Sexual Response), ഹ്യൂമൻ സെക്ഷ്വൽ ഇനാടിക്വസി (Human Sexual Inadequacy) എന്നിവ ഇവരുടെ ക്ലാസ്സിക്‌ ഗ്രന്ഥങ്ങളാണ്. ഇവ മുപ്പതിൽ അധികം ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. കൂടാതെ ടെക്സ്റ്റ്ബുക്ക് ഓഫ് സെക്ഷ്വൽ മെഡിസിൻ (Textbook of Sexual Medicine), സെക്സ് ആൻഡ് ഹ്യൂമൻ ലവിങ് (Sex and Human Loving) തുടങ്ങിയവ ആധുനിക വൈദ്യശാസ്ത്രം ഉപയോഗപ്പെടുത്തി വരുന്നു.

ലൈംഗികബന്ധമെന്ന പദം എതിർലിംഗാനുരാഗികൾ തമ്മിലും (Heterosexual) ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് (LGBTIAQ) ഇടയിലുമുള്ള കാമതയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. ചെറിയ ഒരു സ്പർശനം പോലും പലർക്കും സുഖാനുഭൂതി നൽകുന്നു. നാഡീ ഞരമ്പുകൾ കൂടുതലുള്ള ലൈംഗികാവയവങ്ങളിലെ സ്പർശനം കൂടുതൽ ആനന്ദം നൽകുന്നു. ജീനുകളും, തലച്ചോറും, നാഡീവ്യവസ്ഥയും, ഹോർമോണുകളും ഇതിൽ മുഖ്യപങ്ക് വഹിക്കുന്നു.

2 comments:

  1. What type of sexual activity good for couple those who have poor sleep

    ReplyDelete
    Replies
    1. ഈ വിഷയവുമായി ബന്ധപ്പെട്ടു പുതിയ ഒരു പോസ്റ്റ് ഇടുന്നതയിരിക്കും.

      Delete