Wednesday, 22 January 2025

പ്രതിരോധമേഖലയിൽ ഇന്ത്യൻ ഡ്രോൺ..

പ്രതിരോധ മേഖലയിലെ ഡ്രോണ്‍ വികസനത്തില്‍ സ്വാശ്രയത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പൂര്‍ത്തികരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. പ്രതിരോധ രംഗത്ത് ഡ്രോണുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ രംഗത്തെ പുരോഗതി എന്നതാണ് ശ്രദ്ധേയം. ശത്രുതാവളങ്ങള്‍ ആക്രമിക്കാനും രഹസ്യനിരീക്ഷണം നടത്താനും, ആക്രമണമണ ലക്ഷ്യങ്ങള്‍ കണ്ടെത്താനുമുപയോഗിക്കാവുന്ന ആര്‍ച്ചര്‍ ഡ്രോണ്‍ അതിന്റെ ആദ്യപരീക്ഷണ പറക്കലിന് ഒരുങ്ങുകയാണ്. 

മീഡിയം ആള്‍ട്ടിട്ട്യൂഡ് ലോങ് എന്‍ഡ്യുറന്‍സ് ( MALE) അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ ( UAV) വിഭാഗത്തില്‍ വരുന്ന ഡ്രോണാണ് ആര്‍ച്ചര്‍.
ഇതിന്റെ ടാക്‌സി ട്രയലുകള്‍ വിജയകമായി പൂര്‍ത്തിയാക്കിയിരുന്നു. ഹൈ സ്പീഡ് ടാക്‌സി ട്രയലുകളിലും ലോ സ്പീഡ് ടാക്‌സി ട്രയലുകളിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ആദ്യ പരീക്ഷണ പറക്കലിനൊരുങ്ങുന്നത്. ആര്‍ച്ചറിന്റെ എയര്‍ഫ്രെയിമിന്റെ കരുത്തും പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമതയുമൊക്കെ ടാക്‌സി ട്രയലുകളില്‍ പരീക്ഷിച്ചിരുന്നു. ഇതിനൊപ്പം പേലോഡ് വഹിക്കാനുള്ള ശേഷിയും വിലയിരുത്തി. ഇതിലെ വിവരങ്ങള്‍ അനുസരിച്ചാണ് പരീക്ഷണ പറക്കല്‍ നടത്താന്‍ തീരുമാനിച്ചത്. ഫെബ്രുവരിയില്‍ ആര്‍ച്ചര്‍ ആദ്യമായി ആകാശംതൊടുമെന്നാണ് കരുതുന്നത്.

അമേരിക്ക, റഷ്യ, ചൈന, തുര്‍ക്കി, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ മുന്നലാണ്. പരീക്ഷണ പറക്കല്‍ വിജയമായാല്‍ ഈ ഗണത്തിലേക്കാണ് ഇന്ത്യയുമെത്തുന്നത്. നേരത്തെ റസ്റ്റം-2 എന്ന് വിളിച്ചിരുന്ന പദ്ധതിയാണ് പിന്നീട് ആര്‍ച്ചര്‍ ആയി മാറിയത്. 1.8 ടണ്‍ ഭാരമുള്ള ആര്‍ച്ചറിന് 400 കിലോയോളം പേലോഡുകള്‍ വഹിക്കാനാകും.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള തരത്തിലാണ് ആര്‍ച്ചറിനെ വികസിപ്പിക്കുന്നത്. 30,000 അടി ഉയരത്തില്‍ 24 മണിക്കൂറോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന ഡ്രോണാകും ആര്‍ച്ചര്‍. നിലവില്‍ ഈ വിഭാഗത്തില്‍ 'തപസ്' എന്നപേരിലൊരു ഡ്രോണ്‍ കൂടി ഒരുങ്ങുന്നുണ്ട്. നിലവില്‍ നടന്ന പരീക്ഷണങ്ങളില്‍ തപസിന് പ്രതിരോധ സേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ ഇതുടനെ സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. വ്യോമ നിരീക്ഷണത്തിനായി നാവികസേനയും വ്യോമസേനയും ഇവ വാങ്ങിയേക്കും. എന്നാല്‍ തപസിനേക്കാള്‍ മികച്ച പ്രകടനമാണ് ആര്‍ച്ചറിന്റേതെന്നാണ് കരുതുന്നത്.

തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലുകള്‍, സ്മാര്‍ട്ട് ആന്റി എയര്‍ഫീല്‍ഡ് ആയുധങ്ങള്‍ എന്നിവ വഹിക്കും. 250 കിലോമീറ്റര്‍ ദൂരത്തിലേക്ക് ഭൂമിയിലിരുന്ന നിയന്ത്രിക്കാന്‍ സാധിക്കും. 1000 കിലോമീറ്റര്‍ ദൂരത്തേക്ക് വരെ പറന്ന് ചെല്ലാന്‍ ആര്‍ച്ചറിന് സാധിക്കും. സ്വയം നിയന്ത്രിക്കാനും എതിരെവരുന്ന വിമാനങ്ങളും ഡ്രോണുകളും ശത്രുവാണോയെന്ന് തിരിച്ചറിയാനും ഇതിന് സാധിക്കും.

ആര്‍ച്ചറിന്റെ രണ്ട് വകഭേദങ്ങളാണ് പരീക്ഷിക്കാനൊരുങ്ങുന്നത്. ആര്‍ച്ചര്‍ നെക്സ്റ്റ് ജനറേഷനും ആര്‍ച്ചര്‍ ഷോര്‍ട്ട് റേഞ്ച് ഡ്രോണും. രണ്ടിന്റെയും ഉദ്ദേശലക്ഷ്യങ്ങള്‍ ഒന്നാണെങ്കിലും ദൂരപരിധിയില്‍ വ്യത്യാസങ്ങളുണ്ട്. ആര്‍ച്ചര്‍ ഷോര്‍ട്ട് റേഞ്ചിന് 22,000 അടി ഉയരത്തില്‍ വരെമാത്രമേ പറന്നുയരാനാകു. 12 മണിക്കൂര്‍ ആണ് ഇതിന്റെ എന്‍ഡ്യുറന്‍സ്. അതായത് അത്രയും സമയം മാത്രമേ ഇതിനെ തുടര്‍ച്ചയായി ഉപയോഗിക്കാനാകു. ആര്‍ച്ചര്‍ നെക്സ്റ്റ് ജനറേഷനെ 30,000 അടി ഉയരത്തില്‍ പറത്തി 18 മുതല്‍ 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാനാകും.

വിവരശേഖരണം, ആക്രമണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ആര്‍ച്ചറിനെ ഉപയോഗിക്കാം. ഡിആര്‍ഡിഒയുടെ നേതൃത്വത്തിലാണ് ആര്‍ച്ചറിന്റെ വികസനം നടക്കുന്നത്. നിലവില്‍ ഇത്തരം ഡ്രോണുകള്‍ക്കായി ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് ഇസ്രായേലിനെയാണ്. ഇക്കാര്യത്തില്‍ സ്വാശ്രയത്വം നേടുന്നത് ഭാവിയില്‍ പ്രയോജനം ചെയ്യും. അമേരിക്കന്‍ എംക്യു റീപ്പര്‍ ഡ്രോണുകള്‍ വാങ്ങാന്‍ നേരത്തെ ഇന്ത്യ തീരുമാനിച്ചിരുന്നു. ഭാവിയില്‍ ഇവയ്ക്ക് പകരക്കാരായി ആര്‍ച്ചര്‍ സേനയുടെ ഭാഗമാകും.


Saturday, 11 January 2025

Bncap ഇന്ത്യയിലെ ക്രാഷ് ടെസ്റ്റ്..

കാർ വിപണിയിൽ ഇപ്പോൾ സ്റ്റാർ റേറ്റിംഗ് ഒരു താരമാണ്. കാറുകളുടെ സുരക്ഷ നിലപരമായാണ് ക്രാഷ് ടെസ്റ്റിലെ സ്റ്റാർ റേറ്റിംഗിന് ഉപഭോക്താക്കൾ ഇപ്പോൾ കാണുന്നത്. കാർ അപകടത്തിൽ പെട്ടാൽ യാത്രക്കാർ എത്രത്തോളം സുരക്ഷിതരായിരിക്കും എന്നതിന്റെ സൂചനയായി കാണാവുന്നതാണ്. ഇതുവരെ വിദേശ റൈറ്റിംഗ് ആയ ഗ്ലോബൽ ന്യൂ കാർ അസ്സെസ്മെന്റ് പ്രോഗ്രാം ആയിരുന്നു ഇന്ത്യയിലെയും കാറുകളുടെ സ്റ്റാർ റേറ്റിംഗ്..

 കഴിഞ്ഞവർഷം പകുതി മുതൽ ഇന്ത്യയുടെ സ്വന്തം ഭാരത് ന്യൂ കാർ അസിസ്റ്റൻറ് പ്രോഗ്രാം നിലവിൽ വന്നിട്ടുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച് ആഗോള വിപണികളിൽ നിൽക്കാൻ ഉദ്ദേശിച്ചിട്ടുള്ള വാഹനങ്ങൾ ഇപ്പോഴും പഴയ ടെസ്റ്റിന് തന്നെ പോകുന്നുണ്ട്. നേരിയ വ്യത്യാസം മാത്രമേ ഇവ തമ്മിലുള്ളൂ എന്നതുകൊണ്ട് റേറ്റിംഗ് ഏതായാലും കാർ നന്നായാൽ മതി. 

ഇങ്ങനെയാണ് ക്രാഷ്ട്രസ്റ്റ് 

മുന്നിൽ നിന്നുള്ള ഒരു ഇടിയുടെ ആഘാതം അളക്കാൻ ടെസ്റ്റ് കാർ മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിൽ പാഞ്ഞ് മറ്റൊരു വാഹനത്തിൽ അല്ലെങ്കിൽ ഒരു വസ്തുവിൽ ഇടിക്കയാണ് ചെയ്യുന്നത് Gncap ഇല്. പക്ഷേ Bncapൽ അത് 64 കിലോമീറ്റർ ആണ്. 

സുരക്ഷയിൽ നോ കോംപ്രമൈസ് 

വാഹനങ്ങൾക്ക് നിർബന്ധമായും വേണ്ട സുരക്ഷാ സജീവനങ്ങൾ ഏതൊക്കെയാണെന്ന് കാലാകാലങ്ങളിൽ റേറ്റിംഗ് ഏജൻസികളും സർക്കാരും അറിയിക്കും. ഇന്ത്യയിലെ കാറുകൾക്ക് എയർബാഗ് നിർബന്ധമാക്കിയത് ഉദാഹരണം. ആദ്യം മുന്നിൽ ഡ്രൈവർക്ക് മാത്രം എന്നതായിരുന്നു വ്യവസ്ഥ. ഇപ്പോൾ മുന്നിൽ രണ്ട് എയർബാഗ് എന്നായി, അതിനുശേഷം ഇപ്പോൾ വശങ്ങളിലും നിർബന്ധമാക്കി.  അതുപോലെ സീറ്റ് ബെൽറ്റും അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന റിമൈൻഡറുകളും മികച്ച സ്റ്റാർ റേറ്റിംഗ് കിട്ടാൻ നിർബന്ധമാണ്.. കുട്ടികളെ ഇരുത്താനുള്ള പ്രത്യേക സീറ്റുകൾ ഘടിപ്പിക്കാനുള്ള ലോക്കുകൾ ഇപ്പോൾ കാറിൽ നിർബന്ധമാണ്.

 കാൽനടക്കാരെ വാഹനം പിടിച്ചാൽ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുവാനുള്ള സംവിധാനങ്ങൾ ഇപ്പോൾ ഇന്ത്യയിലെ കാറുകളിൽ നിർബന്ധമാണ്.

നിർബന്ധമല്ല 

ഇന്ത്യയിലെ ഈ Bncap നിയമങ്ങളിൽ ചെറിയ കുഴപ്പങ്ങളും ഉണ്ട്. ഇന്ത്യയിൽ ഒരു കാർ മോഡലും നിർബന്ധമായും ടെസ്റ്റ് ചെയ്തിരിക്കണമെന്നില്ല. വാഹനം നിർമ്മാതാക്കൾക്ക് അതിൽ താല്പര്യമുണ്ടെങ്കിൽ മാത്രം ടെസ്റ്റിംഗ് ഏജൻസിയെ അറിയിക്കാം. സ്റ്റാർ റേറ്റിംഗ് ഉണ്ടായതുകൊണ്ട് മാത്രം അപകടം ഒഴിവാകില്ല. സ്റ്റാർ റേറ്റിംഗ് നടത്തുന്നത് പോലുള്ള ഒരു നിയന്ത്രിത അന്തരീക്ഷത്തിൽ അല്ല റോഡിൽ വാഹനം ഓടിക്കുന്നത്. അതുകൊണ്ട് റേറ്റിംഗ് ഏജൻസി പറയുന്ന അത്ര സുരക്ഷ വാഹനത്തിന് കിട്ടണമെന്നില്ല.

Sunday, 5 January 2025

നോസ്ത്രഡാമസും.. പ്രവചനങ്ങളും..

2025 നെ കുറിച്ച്  നോസ്ത്രഡാമസ് തൻറെ ലെ പ്രൊഫസി എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നത് ഇവയാണ്.

1.റഷ്യയും യുക്രെയ്നും തമ്മിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം മന്ദഗതിയിലാകുകയോ തീരുകയോ ചെയ്യുമത്രേ. തീരുമെന്ന് വ്യക്തമായി നോസ്ത്രഡാമസ് പറഞ്ഞിട്ടല്ലെന്നും യുദ്ധത്തിന്റെ തീവ്രത കുറയുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും ചിലർ പറയുന്നു.

 2.കാലാവസ്ഥാ വ്യതിയാനം, അതുമൂലമുണ്ടായേക്കാവുന്ന പ്രകൃതിദുരന്തം എന്നിവയുടെ സാധ്യതകൾ അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ടത്രേ. പ്രത്യേകമായും ബ്രസീലിനെ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ചിലർ പറയുന്നു. ലോകത്തിന്റെ പൂന്തോട്ടം എന്ന് അദ്ദേഹം വിശേഷിപ്പിച്ചിച്ചിരിക്കുന്ന നാട് ബ്രസീലാണെന്നും ഇവിടെ പ്രകൃതിക്ഷോഭങ്ങളുണ്ടാകുമെന്നും അഭ്യൂഹമുണ്ട്.

 3. ഇംഗ്ലണ്ടിൽ യുദ്ധവും പ്ലേഗും ഉടലെടുക്കും.

 4. ലോകശക്തികളുടെ സ്വാധീനം കുറയും

 5. വൈദ്യശാസ്ത്രരംഗത്ത് വൻ കുതിച്ചുചാട്ടം നടക്കും തുടങ്ങിയ പ്രവചനങ്ങളും അദ്ദേഹം 2025നെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് നോസ്ത്രദാമസിന്റെ ആരാധകർ പറയുന്നു.

2017ൽ അന്തരിച്ച മാരിയോ റീഡിങ് എന്ന വ്യക്തി എഴുതിയ നോസ്ത്രഡാമസ്: കംപ്ലീറ്റ് പ്രോഫസീസ് ഫോർ ദ ഫ്യൂച്ചർ എന്ന പുസ്തകമാണ് ഈ വാദങ്ങൾക്കാധാരം. 2005ലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. നോസ്ത്രഡാമസിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടത്തിയിട്ടുള്ള ആളാണ് മാരിയോ റീഡിങ്. മധ്യകാലഘട്ടത്തിലെ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു നോസ്ത്രഡാമസ്. 1505ൽ ജനിച്ചെന്നു കരുതപ്പെടുന്ന അദ്ദേഹം ജീവിതത്തിന്റെ ആദ്യ കുറേക്കാലം അപ്പോത്തിക്കരിയായി ജോലി ചെയ്തു. പ്ലേഗ് ബാധിച്ച യൂറോപ്പിലുടനീളം ആൾക്കാരെ സഹായിക്കുകയും ചികിൽസിക്കുകയും നോസ്ത്രഡാമസ് ചെയ്തിട്ടുണ്ട്. പിന്നീട് 1529 ൽ ഡോക്ടർ ആകാനുള്ള പഠനത്തിനായി ഫ്രാൻസിലെ പ്രശസ്തമായ മോണ്ട്പെല്ലിയർ സർവകലാശാലയിൽ അദ്ദേഹം പ്രവേശനം തേടിയെങ്കിലും ഇതു പൂർത്തികരിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്.

1555ലാണ് ഭാവിയിലേക്കുള്ള തന്റെ പ്രവചനങ്ങൾ ഉൾപ്പെടുത്തി ‘ലെ പ്രൊഫെസീസ്’ അഥവാ പ്രവചനങ്ങൾ എന്ന പുസ്തകം രചിച്ചത്. ഈ പുസ്തകം വാങ്ങി വായിച്ച ആളുകളിലൂടെ നോസ്ത്രഡാമസ് പ്രശസ്തനായി തുടങ്ങി. ഇതിനിടെ ഫ്രാൻസിലെ ഹെന്റി രണ്ടാമൻ രാജാവിന്റെ പത്നിയായ കാതറീൻ റാണിയുടെ ശ്രദ്ധ നോസ്ത്രഡാമസിൽ പതിഞ്ഞു. ഭാവി പ്രവചനങ്ങളിലും ആഭിചാരത്തിലുമൊക്കെ താൽപര്യമുണ്ടായിരുന്ന റാണി നോസ്ത്രഡാമസിനെ ഇക്കാര്യങ്ങളിൽ തന്റെ ഉപദേശകനെന്ന നിലയിൽ നിയമിച്ചതോടെ അദ്ദേഹത്തിന്റെ രാശി തെളിഞ്ഞു.

അന്നു മുതൽ ഇന്നു വരെ ഭാവിയെപ്പറ്റി പറയുന്നവരുടെയിടയിൽ അനിഷേധ്യനാണ് നോസ്ത്രഡാമസ്. ഇന്നത്തെ ഈ ഐടി യുഗത്തിലും അദ്ദേഹത്തിനു ലോകമെങ്ങും ആരാധകരുണ്ട്. ഇവരിൽ പലരും അദ്ദേഹത്തെ സ്നേഹത്തോടെ ‘നോസ്റ്റി’ എന്നാണു വിളിക്കുന്നത്.

നോസ്ത്രഡാമസിന്റെ സത്യമായി സംഭവിച്ച ചില പ്രവചനങ്ങൾ..

1.ഫ്രാൻസിലെ രാജാവായ ഹെൻറി രണ്ടാമന്റെ മരണം.

 2.ലണ്ടനിൽ 1666ൽ സംഭവിച്ച തീപിടിത്തം

3.ഫ്രഞ്ച് വിപ്ലവം

4.നെപ്പോളിയന്റെ അധികാരത്തിലേക്കുള്ള പ്രവേശനം

 5.ലൂയി പാസ്ചറുടെ ജീവിതം

 6. ഹിറ്റ്ലറുടെ തേർവാഴ്ചകൾ

7. ആറ്റം ബോംബ്

 8. പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ മരണം തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിൽ പെടും. എന്നാൽ നോസ്ത്രഡാമസിന്റെ പ്രവചനങ്ങൾ യാതൊരു വസ്തുതയുമില്ലാത്തതാണെന്നു പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

 എന്തുകൊണ്ട് പ്രവചനങ്ങൾ നിലനിൽക്കുന്നു?

യുഎസിലെ പ്രശസ്ത ശാസ്ത്രലേഖകനായ എവറെറ്റ് ബ്ലേല്ലിയർ ഇതിന് ഉത്തരം പറയുന്നുണ്ട്. നാലു വരി വീതം നീളമുള്ള കവിതാരൂപത്തിലാണ് അദ്ദേഹം പ്രവചനങ്ങൾ പ്രോഫസി എന്ന പുസ്തകത്തിൽ എഴുതിയത്. വളരെ സിംബോളിക് ആയ രീതിയിലാണ് നോസ്ത്ര‍ാമസിന്റെ പ്രവചനങ്ങൾ. വ്യക്തതയില്ലായ്മ അതിന്റെ മുഖമുദ്രയാണ്. ഉദാഹരണത്തിന് ഒരു സ്ഥലപ്പേരൊന്നും കൃത്യമായി പറയില്ല. വലിയൊരു സിറ്റിയിൽ അപകടം സംഭവിക്കുമെന്നാകും പറയുക. ആ സിറ്റി ഏതു നഗരവുമാകാം. പാരിസ്, ന്യൂയോർക്, ലണ്ടൻ അങ്ങനെ ഏതും.എവിടെയെങ്കിലും ഒരപകടം സംഭവിച്ചു കഴിഞ്ഞാൽ അതു നോസ്ത്രഡാമസ് പ്രവചിച്ചതാണെന്ന് എളുപ്പം പറയാം. കാരണം ഏതോ ഒരു സിറ്റിയിൽ അപകടം സംഭവിക്കുമെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

അതു പോലെ തന്നെ ചരിത്രത്തിൽ നടന്ന സംഭവങ്ങൾ വീണ്ടും ആവർത്തിക്കുമെന്ന വിശ്വാസക്കാരനായിരുന്നു നോസ്ത്രഡാമസ്. ഉദാഹരണത്തിന് ഒരു നഗരത്തിൽ തീപിടിത്തമോ യുദ്ധമോ വെള്ളപ്പൊക്കമോ നടന്നു. ഇത് അദ്ദേഹം ഭാവി പ്രവചനങ്ങളിൽ ഉപയോഗിക്കും. തിപീടിത്തവും വെള്ളപ്പൊക്കവുമൊക്കെ വീണ്ടും വീണ്ടും സംഭവിക്കാവുന്ന കാര്യങ്ങളാണല്ലോ. അന്നത്തെ കാലത്തെ യൂറോപ്പിലെ പ്രശസ്തമായ ജ്യോതിഷികളും നോസ്ത്രഡാമസിനെ തള്ളിപ്പറഞ്ഞിരുന്നു.