Saturday, 23 August 2025

ഡാർക്ക് വെബ് എന്ന് കേൾക്കുമ്പോൾ..

ഡാർക്ക് വെബ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ വരുന്നത് കുറ്റവാളികൾ വിഹരിക്കുന്ന ഇന്റർനെറ്റിന്റെ ഇരുണ്ട ലോകം എന്നാണ്. സിനിമകളും വാർത്തകളും തമാശകളും അതിനെ അപകടം നിറഞ്ഞ ഒരിടമായിട്ടാണ് നമുക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്.


എന്നാൽ സത്യത്തിൽ, അത് അത്ര "ഇരുണ്ട" ഒരിടമല്ല. നമ്മൾ ചെയ്യുന്ന ഓരോ കാര്യവും നിരീക്ഷിക്കപ്പെടുന്ന ഈ ലോകത്ത്, സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിനും വേണ്ടി നിർമ്മിച്ച ഒരിടമാണെങ്കിലോ?
ഡാർക്ക് വെബിനെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതിന് മുൻപ് നമുക്ക് ഒരു കാര്യം മനസ്സിലാക്കാം,

ഇന്റർനെറ്റിന് ഒരു മഞ്ഞുമലയുടേത് പോലെ പല പാളികളുണ്ട്. ഏറ്റവും മുകളിലുള്ള പാളിയാണ് സർഫേസ് വെബ്. നമ്മളെല്ലാവരും ദിവസവും ഉപയോഗിക്കുന്ന ഇന്റർനെറ്റിന്റെ ഭാഗമാണിത്, ഗൂഗിൾ, വിക്കിപീഡിയ, യൂട്യൂബ്, വാർത്താ സൈറ്റുകൾ എന്നിവയെല്ലാം. ഗൂഗിളിൽ തിരയാൻ കഴിയുന്ന എന്തും സർഫേസ് വെബിന്റെ ഭാഗമാണ്. എന്നാൽ ഇത് ഇന്റർനെറ്റിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്.

അതിന് താഴെയായി ഡീപ് വെബ് എന്ന വലിയൊരു ഭാഗമുണ്ട്. പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതും പണം നൽകി ഉപയോഗിക്കേണ്ടതുമായ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു: നിങ്ങളുടെ ഇമെയിൽ, ഓൺലൈൻ ബാങ്കിംഗ്, ആശുപത്രി രേഖകൾ, സ്കൂൾ പോർട്ടലുകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇത് സ്വകാര്യമാണ്, പക്ഷേ നിയമവിരുദ്ധമോ ദുരൂഹമോ അല്ല. ഇത് എല്ലാവര്ക്കും വേണ്ടിയുള്ളതല്ല എന്ന് മാത്രം.

അവസാനമായി, ഏറ്റവും താഴെയാണ് ഡാർക്ക് വെബ് എന്ന ഒളിഞ്ഞിരിക്കുന്ന പാളി. ക്രോം പോലുള്ള സാധാരണ ബ്രൗസറുകൾ ഉപയോഗിച്ച് നമുക്ക് അതിൽ പ്രവേശിക്കാൻ കഴിയില്ല. അതിനായി ടോർ (Tor) ബ്രൗസർ പോലുള്ള പ്രത്യേക ടൂളുകൾ ആവശ്യമാണ്. ഡാർക്ക് വെബ് ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളിൽ കാണാൻ കഴിയില്ല. അത് മോശമായതുകൊണ്ടല്ല, മറിച്ച് സ്വകാര്യത ഉറപ്പാക്കാനായി മറച്ചുവെച്ചിരിക്കുന്നത് കൊണ്ടാണ്. 

അതെ, ചിലർ ഇതിനെ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ മറ്റു പലരും ഇത് നല്ല കാര്യങ്ങൾക്കായും ഉപയോഗിക്കുന്നു, 

തങ്ങളുടെ വ്യക്തിത്വം രഹസ്യമായി വെക്കുക,, ഭരണകൂടങ്ങളുടെ സെൻസർഷിപ്പ് ഒഴിവാക്കുക, സ്വകാര്യത സംരക്ഷിക്കുക മുതലാവക്കായി.
ഡാർക്ക് വെബ് പോലുള്ള സംവിധാനങ്ങൾ എന്തിനാണ് നിലനിൽക്കുന്നത് എന്ന് മനസ്സിലാക്കാൻ, നമ്മൾ എൻക്രിപ്ഷൻ എന്ന ആശയത്തിലേക്ക് പോകണം.
പണ്ടൊക്കെ നമ്മൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഒരു പോസ്റ്റ് കാർഡിൽ പെൻസിൽ കൊണ്ട് എഴുതുന്നത് പോലെയായിരുന്നു. ആ സന്ദേശം കൈമാറുന്ന ആർക്കും, ഇന്റർനെറ്റ് സേവന ദാതാക്കൾക്കോ, ഹാക്കർമാർക്കോ, സർക്കാരുകൾക്കോ പോലും, അത് വായിക്കാൻ കഴിയുമായിരുന്നു. വേണമെങ്കിൽ അതിലെഴുതിയത് മായ്ച്ചുകളഞ്ഞ് മറ്റൊന്ന് എഴുതിച്ചേർക്കാനും സാധിക്കുമായിരുന്നു. ഇത് വെറുമൊരു കഥയല്ല, ആദ്യകാലത്ത് ഇന്റർനെറ്റ് അങ്ങനെയായിരുന്നു പ്രവർത്തിച്ചിരുന്നത്.

അതിന് ശേഷമാണ് എൻക്രിപ്ഷൻ വന്നത്. നിങ്ങളുടെ വിവരങ്ങൾ ഒരു പെട്ടിയിലാക്കി പൂട്ടുന്നതിന് തുല്യമാണിത്. ഒരു താക്കോൽ നിങ്ങളുടെ കൈവശവും മറ്റൊരു താക്കോൽ നിങ്ങൾ ആർക്കാണോ സന്ദേശം അയക്കുന്നത് അവരുടെ കൈവശവും മാത്രം. അതോടെ ആർക്കും നിങ്ങൾ അയക്കുന്ന സന്ദേശം തുറന്നു വായിക്കാൻ കഴിയില്ല.
ഇന്ന് നമ്മുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്ന ഒരു മികച്ച മാർഗ്ഗമാണ് പബ്ലിക് കീ എൻക്രിപ്ഷൻ. നിങ്ങളുടെ കയ്യിൽ ഒരു തപാൽപെട്ടി ഉണ്ട് എന്ന് സങ്കൽപ്പിക്കുക. ആർക്കുവേണമെങ്കിലും അതിൽ കത്തുകൾ ഇടാം, അതാണ് പബ്ലിക് കീ. എന്നാൽ ആ പെട്ടി തുറക്കാനുള്ള താക്കോൽ നിങ്ങളുടെ കയ്യിൽ മാത്രമേയുള്ളൂ, അതാണ് പ്രൈവറ്റ് കീ. 

അതിനാൽ ആളുകൾക്ക് സുരക്ഷിതമായി നിങ്ങൾക്ക് സന്ദേശങ്ങൾ അയക്കാം, ഒരിക്കൽ പൂട്ടിയാൽ നിങ്ങൾക്ക് മാത്രമേ അത് തുറന്ന് വായിക്കാൻ കഴിയൂ.
ഇനി നമുക്ക് മറ്റൊരു തലം കൂടി ഇതിനോട് ചേർക്കാം, സന്ദേശം സുരക്ഷിതമാക്കുക മാത്രമല്ല, അത് എവിടെ നിന്ന് വരുന്നു എന്ന് മറച്ചുവെക്കുക കൂടി ചെയ്യുക. ഇവിടെയാണ് ടോറും ഓണിയൻ റൂട്ടിംഗ് എന്ന സംവിധാനവും വരുന്നത്.
നിങ്ങൾ ടോർ ബ്രൗസർ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഇന്റർനെറ്റ് ട്രാഫിക് നേരിട്ട് വെബ്സൈറ്റിലേക്ക് പോകുന്നില്ല. പകരം, അത് ക്രമരഹിതമായ മൂന്ന് കമ്പ്യൂട്ടറുകളിലൂടെ (നോഡുകൾ) കടന്നുപോകുന്നു. ഉള്ളിയുടെ ഓരോ പാളി പൊളിച്ചുമാറ്റുന്നത് പോലെ, ഓരോ ഘട്ടത്തിലും ഓരോ പാളി സംരക്ഷണം നൽകുന്നു.

ആദ്യത്തെ കമ്പ്യൂട്ടറിന് നിങ്ങൾ ഒരു സന്ദേശം അയച്ചു എന്ന് അറിയാം, പക്ഷേ അത് എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല. രണ്ടാമത്തെ കമ്പ്യൂട്ടർ ഒന്നും അറിയാതെ അത് കൈമാറുക മാത്രം ചെയ്യുന്നു. മൂന്നാമത്തെ കമ്പ്യൂട്ടറിന് സന്ദേശം എവിടേക്കാണ് പോകുന്നതെന്ന് അറിയാം, പക്ഷേ ആരാണ് അയച്ചതെന്ന് അറിയില്ല.

അവസാനം സന്ദേശം ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴേക്കും, അയച്ചയാളെയും സ്വീകരിച്ചയാളെയും ഒരുമിച്ച് ആർക്കും തിരിച്ചറിയാൻ കഴിയില്ല. അതാണ് യഥാർത്ഥ സ്വകാര്യത.

2 comments:

  1. എങ്ങനെയാണ് ഹാക്കറെ വിലയ്ക്ക് വാങ്ങിക്കാൻ സാധിക്കുക 😁

    ReplyDelete
    Replies
    1. ഡാർക്ക് വെബ്ബിൻറെ കവലയിൽ ഹാക്കറെ ആദായ വിലയ്ക്ക് തൂക്കി വിൽക്കുന്നു എന്ന ബോർഡ് ഉണ്ട് ചെന്നാൽ മതി.😄😄😜

      Delete