Tuesday, 21 October 2025

ഓവർടൻ ബ്രിജ്..

സ്കോട്‌ലൻഡിലെ ഡംബാർട്ടനു സമീപം ഒരു വിചിത്രമായ പാലമുണ്ട്. ഓവർടൻ ബ്രിജ് എന്നാണ് ഈ പാലത്തിന്റെ പേര്. 


1895ൽ പണിത ഈ പാലം ഓവർടൻ ഹൗസ് എസ്റ്റേറ്റിലേക്കു ബന്ധിപ്പിക്കുന്നതാണ്. 

വളരെ വിചിത്രമായ ഒരു പ്രതിഭാസം ഈ പാലത്തെ ചുറ്റിപ്പറ്റിയുണ്ട്. 1950 മുതലുള്ള കാലയളവിൽ നൂറ്റൻപതിലേറെ നായ്ക്കളാണ് പലപ്പോഴായി ഈ പാലത്തിൽ നിന്നു താഴേക്കു ചാടിയത്. ഇവയിൽ പലതിനും ഗുരുതരമായ പരുക്കും മരണവുമൊക്കെ സംഭവിച്ചു. നിരന്തരമായി ഇതു തുടർന്നതോടെയാണു ഡോഗ് സൂയിസൈ‍ഡ് ബ്രിജ് അഥവാ പട്ടികൾ ആത്മഹത്യ ചെയ്യുന്ന പാലമെന്ന വിശേഷണം ഈ പാലത്തിനു വന്നുചേർന്നത്.


നായ്ക്കൾക്ക് ആത്മഹത്യാചിന്തയൊന്നും വരാൻ യാതൊരു സാധ്യതയുമില്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു. എന്നിട്ടും ഇവയെന്തിന് പാലത്തിൽനിന്നു താഴേക്കു ചാടുന്നു. അതും പലപ്പോഴും പാലത്തിലെ ഒരേ സ്പോട്ടിൽ നിന്നാണ് ഈ ചാട്ടം. ഇതെപ്പറ്റി പല സിദ്ധാന്തങ്ങൾ പ്രചരിച്ചിട്ടുണ്ട്. എന്തോ ഒന്ന് അവിടെയെത്തുന്ന നായ്ക്കളെ താഴേക്കു ചാടാൻ പ്രേരിപ്പിക്കുന്നുണ്ടെന്നായിരുന്നു പല വിദഗ്ധരുടെയും അഭിപ്രായം. എന്നാൽ എന്താണ് അതെന്നുള്ളത് ദുരൂഹതയായി നിലനിന്നു. ആർക്കും അതിന്റെ കാരണം കണ്ടെത്താനായില്ല.

ഈ പാലവുമായി ബന്ധപ്പെട്ട് ഒരു പ്രേതശക്തിയുണ്ടെന്നാണു പലരുടെയും വിശ്വാസം. അതാകാം നായ്ക്കളെ ചാട്ടത്തിനായി പ്രേരിപ്പിക്കുന്നതെന്നാണ് അവരുടെ വാദം. എന്നാൽ അതല്ല കാരണമെന്നും മിങ്കോ അതുപോലെയുള്ള മറ്റൊരു ജീവിയോ ഈ പാലത്തിന് അടിയിൽ സ്ഥിരമായി മൂത്രമൊഴിക്കുന്നുണ്ടെന്നും അതിന്റെ ഗന്ധമാണ് നായ്ക്കളെ ചാടിപ്പിക്കുന്നതെന്നും മറ്റു ചിലർ പറയുന്നു. മിറാഷ് പോലെ എന്തെങ്കിലുമൊരു അയഥാർഥ കാഴ്ചാനുഭവം നായ്ക്കൾക്ക് ഇവിടെ അനുഭവപ്പെടുന്നുണ്ടാകമെന്നും അതിനാലാകാം ചാട്ടമെന്നും മറ്റു ചിലർ വിശ്വസിക്കുന്നു.

പാലത്തിൻറെ അടിഭാഗത്തെ നടപ്പാത..

2010ൽ സ്കോട്‌ലൻഡിലെ മൃഗ സംരക്ഷണ സമിതി കാര്യങ്ങൾ അന്വേഷിക്കാനായി ഒരു പ്രത്യേക പ്രതിനിധിയെ ഓവർടൻ ബ്രിജിലേക്ക് അയച്ചു. അയാൾക്കും കാരണമൊന്നും കണ്ടെത്താനായില്ല. എന്നാൽ പാലത്തിൽ എന്തോ വിശദീകരിക്കാനാകാത്ത വിചിത്രതയുണ്ടെന്ന് അയാൾ റിപ്പോർട്ടിൽ എഴുതിച്ചേർത്തു.ഏതായാലും ദുരൂഹതയിലേക്ക് ഇന്നും പാലം കെട്ടി ഓവർടൻ ബ്രിജ് സ്കോട്‌ലൻഡിൽ ഇപ്പോഴും സ്ഥിതി ചെയ്യുന്നു..

1 comment:

  1. സിഡ്നി എയർപോർട്ടിൽ സാധനങ്ങൾ പിടിക്കുന്ന കുറച്ചു പട്ടികൾ ഉണ്ട് കൊണ്ട് വിട്ടാലോ😁😁

    ReplyDelete