Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 23 October 2020

DSLR ക്യാമറക്ക് ഒപ്പം നിൽക്കാൻ സ്മാർട്ട് ഫോൺ ക്യാമറക്ക് സാധിക്കുമോ..?

സ്മാർട്ട് ഫോൺ ക്യാമറകളുടെ മെഗാപിക്സൽ വലുപ്പം കണ്ട് അവ DSLR ക്യാമറകളുടെ ഒപ്പം നിൽക്കുമെന്ന തെറ്റിദ്ധാരണ ആരെങ്കിലും പുലർത്തുന്നുണ്ടെങ്കിൽ അവരെ ബോധ്യപ്പെടുത്താനാണ് ഈ കുറിപ്പ്.

  "drawing with light" എന്നാണ് photography എന്ന വാക്കിന്റെ അർത്ഥം. ഗ്രീക്ക് പ്രയോഗമായ ഫോസ് ഗ്രാഫിസിൽ നിന്നാണത് വന്നത്.  ഒരു ഫോട്ടോഗ്രാഫറുടെ പെൻസിലും കളറുകളുമെല്ലാം  പ്രകാശമാണ്.

      മൊബൈൽ ഫോൺ ക്യാമറകളിൽ ഉപയോഗിക്കുന്ന സെൻസറുകൾ വളരെ ചെറുതായതിനാൽ കുറഞ്ഞ പ്രകാശം  കൈകാര്യം ചെയ്യാനേ അവയ്ക്ക് സാധിക്കുകയുള്ളൂ. എന്നാൽ  DSLR ക്യാമറകളിൽ വലിയ സെൻസറുകൾ ഉപയോഗിക്കുന്നത് കൊണ്ട് വലിയ അളവിലുള്ള പ്രകാശം സ്വീകരിക്കുവാൻ സാധിക്കുന്നു.ഇത് കാരണം ചിത്രത്തിൻ്റെ ഗുണമേന്മ വർദ്ധിക്കുന്നു.മങ്ങിയ വെളിച്ചത്തിൽ പോലും വളരെ വ്യക്തമായ ചിത്രങ്ങൾ ലഭിക്കുന്നു.

       ഉദാഹരണമായി Samsung galaxy S9,S8,S7,S6 തുടങ്ങിയ ഫോണുകളുടെ സെൻസറിന്  5.5mm വീതിയും  4.1mm ഉയരവും ഉണ്ട്.Iphone 8 ൻ്റെ സെൻസറിന് 4.8mm വീതിയും 3.6mm ഉയരവുമാണുള്ളത്.

      എന്നാൽ Nikon DX സൈസിലുള്ള DSLR ക്യാമറകളിലെ സെൻസർ 24mm X 16mm വലുപ്പത്തിലും FX ഫോർമാറ്റ് ക്യാമറകളിലെ സെൻസറുകൾ 36mm X 24mm വലുപ്പത്തിലുമാണുള്ളത്. ഏകദേശം ഇതേ വലുപ്പം തന്നെയാണ് മറ്റു കമ്പനികളുടെ DSLR ക്യാമറകളിലെ സെൻസറുകൾക്കും ഉള്ളത്. വലുപ്പം കൂടിയ സെൻസറുകൾ ഉള്ള DSLR ക്യാമറകളെയാണ് ഫുൾ ഫ്രൈയിം കാമറകൾ എന്ന് വിളിക്കുന്നത്. ഏകദേശം 35mm ഫിലിമിൻ്റെ വലുപ്പമാണ് ഇത്തരം ക്യാമറകളുടെ സെൻസറുകൾക്ക് ഉണ്ടാവുക.

       Canon കമ്പനിയുടെ Full frime അല്ലാത്ത DSLR ക്യാമറകളുടെ സെൻസർ നിക്കോണിനെ അപേക്ഷിച്ച് അൽപം ചെറുതാണ്.ഓരോ ഡിജിറ്റൽ ക്യാമറയുടെയും സെൻസറിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന പ്രകാശ-സെൻസിറ്റീവ് ഏരിയയാണ് ഫോട്ടോസൈറ്റ്. പ്രകാശം ക്യാമറയിൽ പ്രവേശിച്ച് സെൻസറിൽ അടിക്കുമ്പോൾ, ഒരു ഇമേജ് സൃഷ്ടിക്കുന്നതിനായി പ്രകാശം പിടിച്ചെടുക്കുകയും ഡാറ്റ സൃഷ്ടിക്കുകയും ചെയ്യുന്ന പണിയാണ് ഇവർ ചെയ്യുന്നത്.ഫോട്ടോസൈറ്റുകളെ സാധാരണയായി പിക്സലുകൾ എന്ന് വിളിക്കുന്നുപ്രകാശത്തോട് പ്രതികരിക്കുന്ന ലക്ഷക്കണക്കിന് പിക്സലുകൾ ആണ് സെൻസറുകളിൽ ഉള്ളത്.

      ഒരു ക്യാമറ സെൻസറിൻ്റെ പ്രവർത്തനം:

(സങ്കീർണ്ണമായ സാങ്കേതിക വശങ്ങൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്)

ഏതൊരു കാഴ്ചയും നമുക്ക് അനഭവിക്കാൻ സാധിക്കുന്നത് പ്രകാശം  ഉള്ളത് കൊണ്ടാണ്.
ഒരേ സമയം തന്നെ കണികകളുടെയും, തരംഗത്തിന്റെയും സ്വഭാവം കാണിക്കുന്ന ഫോട്ടോണുകൾ എന്ന മൗലിക കണങ്ങൾകൊണ്ടാണ്‌ പ്രകാശം നിർമ്മിച്ചിരിക്കുന്നത്. 
പ്രകാശം ഒരു വസ്തുവിൽ തട്ടി പ്രതിഫലിക്കുമ്പോഴാണ്, ആ വസ്തുവിനെ നമുക്ക് കാണാനാകുന്നത്.
ഒരു വസ്തുവിൽ തട്ടി പ്രതിഫലിക്കപ്പെടുന്ന പ്രകാശം, ക്യാമറയുടെ മുന്നിലെ ലെൻസിലൂടെ കടന്ന് വന്ന്, ക്യാമറയുടെ പിന്നിലുള്ള ഒരു പ്രതലത്തിൽ ഒരു പ്രതിബിംബം സൃഷ്ടിക്കുന്നു. പ്രതിബിംബം വന്ന് വീഴുന്ന ഈ പ്രതലത്തെ സെൻസർ എന്ന് വിളിക്കുന്നു.

നമുക്ക് കാണാനാകാത്ത അതിസൂക്ഷ്മമായ ഫോട്ടോൺ കണങ്ങളുടെ പ്രവാഹമാണ് പ്രകാശം.
ഈ ഫോട്ടോണുകൾ ലെൻസ് വഴി കടന്ന് ക്യാമറ സെൻസറിൽ പതിക്കുന്നു. 
സെൻസറിൽ ഫോട്ടോണുകളെ തിരിച്ചറിയാൻ സാധിക്കുന്ന ലക്ഷക്കണക്കിന് പിക്സലുകളുണ്ട്. ഓരോ പിക്സലും, അതിലേക്ക് വന്ന് വീഴുന്ന, ഓരോ ഫോട്ടോണിനെയും വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നു. 
ഈ സിഗ്നലുകളെ പ്രൊസസ് ചെയ്താണ് കാമറ ഒരു ചിത്ര ഫയൽ നിർമ്മിക്കുന്നത്. 
വലിയ പിക്സലിൽ പ്രകാശം വന്ന് വീഴുമ്പോൾ കൂടുതൽ ഫോട്ടോണുകൾ ശേഖരിക്കപ്പെടുന്നു. പിക്സൽ ചെറുതായാലും പ്രകാശം കുറവായാലും ശേഖരിക്കപ്പെടുന്ന ഫോട്ടോണുകളുടെ അളവിൽ കുറവുണ്ടാകുന്നു.ഒരു മെഗാപിക്‌സൽ എന്നാൽ 10 ലക്ഷം പിക്സലുകൾ ആണ്. അപ്പോൾ 20 മെഗാപിക്സൽ എന്ന് പറയുമ്പോൾ 20 ദശലക്ഷം പിക്സലുകൾ ഉണ്ടാകും. 

ഇനി 20 മെഗാപിക്സൽ ഉള്ള, സ്മാർട്ട് ഫോൺ ക്യാമറയും, DSLR ക്യാമറയും, എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് നോക്കാം. 

 2 വ്യത്യസ്ത വലുപ്പത്തിലുള്ള ഗ്രൗണ്ടുകൾ മനസ്സിൽ കൊണ്ട് വരിക.
   ചെറിയ ഗ്രൗണ്ടിനേക്കാൾ 10 ഇരട്ടി വലുതാണ് വലിയ ഗ്രൗണ്ട്. 
       വെള്ളം ശേഖരിക്കാൻ ചെറിയ ഗ്രൗണ്ടിലും വലിയ ഗ്രൗണ്ടിലും നാം ഒരു ലക്ഷം ബക്കറ്റുകൾ വീതം വെക്കുന്നു. 
       വെക്കുന്ന ബക്കറ്റ്കളുടെ എണ്ണം തുല്യമാണെങ്കിലും, വലിയ ഗ്രൗണ്ടിൽ വെക്കുന്ന ബക്കറ്റുകളേക്കാൾ ചെറിയ ബക്കറ്റുകളേ, ചെറിയ ഗ്രൗണ്ടിൽ വെക്കാനാകു.
അത് കൊണ്ട് തന്നെ, വലിയ ഗ്രൗണ്ടിൽ ശേഖരിക്കപെടുന്ന വെള്ളത്തിൻ്റെ അളവ്, ചെറിയ ഗ്രൗണ്ടിലേതിനേക്കാൾ 10 ഇരട്ടി കൂടുതലായിരിക്കും. 
ഇത് തന്നെയാണ്, ക്യാമറകളിലും സംഭവിക്കുന്നത്. ചെറിയ സെൻസറിലെ, 20 ദശലക്ഷം പിക്സലുകളേക്കാൾ വലുതായിരിക്കും, വലിയസെൻസറിലെ 20 ദശലക്ഷം പിക്സലുകൾ.
അത് കൊണ്ട് തന്നെ, വലിയ സെൻസറിന് കൂടുതൽ ഫോട്ടോണുകളെ സ്വീകരിച്ച് ചിത്രം നിർമ്മിക്കാൻ സാധിക്കുന്നു. അതായത് മെഗാപിക്സൽ തുല്യമാണെങ്കിലും, ചിത്രത്തിലെ കുടുതൽ വിശദാംശങ്ങൾ, DSLR ക്യാമറയിൽ ലഭിക്കുന്നു.

       സ്മാർട്ട് ഫോണിൽ ആയാലും ഡി എസ് എൽ ആർ ക്യാമറകളിൽ ആയാലും വളരെ പ്രാധാന്യമുള്ള ഒരു ഭാഗമാണ് ലെൻസ്.
       ജീവജാലങ്ങളുടെ കണ്ണുകളുമായാണ് ലെൻസിനെ താരതമ്യം ചെയ്യാൻ സാധിക്കുക. ലെൻസുകൾക്ക് എത്രമാത്രം ഗുണമേന്മ ഉണ്ടോ ആ ഗുണമേന്മ ചിത്രങ്ങളിലും അനുഭവപ്പെടും.
        ഫോണിൽ ഉറപ്പിക്കപ്പെട്ട ചെറിയ ലെൻസുകളാണ്, സാധാരണയായി, സ്മാർട്ട്ഫോൺ ക്യാമറകളിൽ ഉപയോഗിക്കുന്നത്.
         ലെൻസുകളുടെ വലുപ്പം കുറയുമ്പോൾ ക്യാമറ സെൻസർലേക്ക് എത്തുന്ന പ്രകാശത്തിൻറെ അളവും കുറയുന്നു. 
         അതുപോലെ അകലെയുള്ള വസ്തുക്കളെ സൂം ചെയ്തു വലുതാക്കുന്നത്‌, ഡിഎസ്എൽആർ ക്യാമറകളിൽ ലെൻസുകൾ ഉപയോഗിച്ച് ആണെങ്കിൽ, സ്മാർട്ട് ഫോണിൽ സോഫ്റ്റ്‌വെയർ തന്ത്രങ്ങൾ ഉപയോഗിച്ചാണ്. 
          അതായത്, നമ്മുടെ കയ്യിലുള്ള ഒരു ഫോട്ടോയെ, ഫോട്ടോ എഡിറ്റിങ്ങ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് സൂം ചെയ്തു, അതിൽ നിന്നും ഒരു ഭാഗം, ക്രോപ്പ് ചെയ്ത് എടുക്കുന്നത് പോലെയാണ് സ്മാർട്ട് ഫോണിലെ ഡിജിറ്റൽ സൂം പ്രവർത്തിക്കുന്നത്.
           എന്നാൽ ഡി എസ് എൽ ആർ ക്യാമറകളിൽ അതിലുപയോഗിക്കുന്ന വിവിധതരം ലെൻസുകളെ അടിസ്ഥാനമാക്കിയാണ് ദൂരക്കാഴ്ച സാധ്യമാകുന്നത്. സൂം സംവിധാനമുള്ള ലെൻസുകൾ ഉപയോഗിച്ച് ദൂരെയുള്ള ഒരു വസ്തുവിനെ സെൻസറിലേക്ക്‌ എത്തിക്കുമ്പോൾ വളരെ ക്വാളിറ്റിയുള്ള ചിത്രം നമുക്ക് ലഭിക്കുന്നു.
       
സ്മാർട്ട് ഫോണിലെ ഡിജിറ്റൽ സൂം ഉപയോഗിച്ച് ദൂരെയുള്ള ഒരു വസ്തുവിനെ പകർത്തുമ്പോൾ വ്യക്തത കുറഞ്ഞ മങ്ങിയ ചിത്രമാണ് ലഭിക്കുക. കാരണം ഒരുതരം പറ്റിക്കൽ സൂമിംഗ്‌ ആണ്‌ സ്മാർട്ട് ഫോൺ ക്യാമറകൾ ചെയ്യുന്നത്.അതുപോലെ, കൂടിയ അപ്പേർച്ചർ ഉള്ള പ്രൈം ലെൻസുകൾ ഉപയോഗിച്ച് ചിത്രം പകർത്തുമ്പോൾ, സബ്ജക്ടിനെ മാത്രമായി, ഫോക്കസ് ചെയ്തെടുക്കാനും, subject അല്ലാത്ത ഭാഗങ്ങൾ Blur ചെയ്യാനും വളരെ എളുപ്പത്തിൽ ഡി എസ് എൽ ആർ ക്യാമറകളിൽ സാധിക്കുന്നു. 

         എന്നാൽ ഈയൊരു എഫക്ട് സ്മാർട്ഫോൺ നിർമാതാക്കളും രൂപപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട് വളരെ സങ്കീർണമായ ഒരു പ്രക്രിയയിലൂടെയാണ് സ്മാർട്ട് ഫോണിൽ ബാക്ക് ഗ്രൗണ്ട് ബ്ലർ ചെയ്യുന്നത്. ആ പ്രക്രിയക്കായി ഒന്നിലധികം ക്യാമറകൾ പോലും സ്മാർട്ട് ഫോണിൽ ഉപയോഗിക്കേണ്ടിവരുന്നു. 
        എന്നാൽ ഇത്തരത്തിലുള്ള Background Blur, ബൊക്കെ, എഫക്റ്റുകൾ ലഭിക്കുവാനായി ഡിഎസ്എൽആർ ക്യാമറകളിൽ, അപ്പേർച്ചർ കൂടിയ ലെൻസുകൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഫോട്ടോഗ്രഫിയെ ഒരു കലയായി മനസ്സിൽ കൊണ്ടുനടക്കുന്നവരെ തൃപ്തിപ്പെടുത്താൻ സ്മാർട്ട് ഫോൺ  ക്യാമറകൾക്ക് ഒരിക്കലും സാധിക്കില്ല. 

          കാരണം സ്മാർട്ട് ഫോൺ ക്യാമറയിൽ, ഫോട്ടോ എടുക്കുന്ന  ഒരാൾക്ക് വളരെ കുറഞ്ഞ സാധ്യതകളെ നിലനിൽക്കുന്നുള്ളൂ.സോഫ്റ്റ്‌വെയർ കൊണ്ടുള്ള ചില ഗിമ്മിക്കുകൾ മാറ്റിനിർത്തിയാൽ എടുക്കുന്ന ഫോട്ടോ എങ്ങനെ ആകണമെന്ന തീരുമാനിക്കുന്നത് ഏതാണ്ട് പൂർണമായി  സ്മാർട്ട് ഫോൺ തന്നെയാണ്.  എന്നാൽ dslr ക്യാമറകൾ ഒരു ഫോട്ടോഗ്രാഫർക്ക് അനന്തമായ സാധ്യതകളുടെ ഒരു ലോകം തന്നെയാണ്  തുറന്നിടുന്നത്. 

         ഒരു ദിവസം രാത്രി ആകാശത്തേക്ക് നോക്കി ഇരിക്കുമ്പോൾ നമ്മെ നോക്കി ചിരിക്കുന്ന പൂർണ്ണചന്ദ്രനെ നമ്മൾ കാണുകയാണ്.  നയനാനന്ദപരമായ ആ കാഴ്ചയെ ചിത്രീകരിക്കാൻ നമ്മൾ ആഗ്രഹിച്ചു.
      കയ്യിലുള്ള സ്മാർട്ട് ഫോൺ എടുത്തൊരു ഫോട്ടോയെടുത്തു. ആ ഫോട്ടോ നോക്കിയ നമ്മൾ നിരാശപ്പെടും. കാരണം നമ്മൾ കണ്ണുകൊണ്ട് കാണുന്ന ആ ചന്ദ്രനേയല്ല ഫോട്ടോയിൽ കിടക്കുന്നത്. മങ്ങിയ വൈറ്റ് ഡിസ്ക് മാത്രമേ കാണാനാകുന്നുള്ളൂ.
        ഇതേ ഫോട്ടോ ഡിഎസ്എൽആർ ക്യാമറയിൽ  ഓട്ടോ മോഡിൽ ഇട്ട്  പകർത്തുകയാണ് എങ്കിൽ കുറച്ചുകൂടി വലിയ വൈറ്റ് ഡിസ്ക് ആയിരിക്കും നമുക്ക് ലഭിക്കുക.
       അപ്പോഴാണ് നമ്മൾ ഐ എസ് ഓ യും ഷട്ടർ സ്പീഡും,അപ്പേർച്ചറും എത്രയാണെന്ന് ക്യാമറക്ക് പറഞ്ഞുകൊടുക്കുന്നത്‌.അങ്ങനെ ലഭിക്കുന്ന പൂർണ്ണചന്ദ്രന്റെ ഫോട്ടോ നമ്മൾ കണ്ണുകൊണ്ട് കണ്ടതിനേക്കാൾ അതിമനോഹരമായിരിക്കും.
        ഓരോ ദൃശ്യങ്ങൾക്കും അനുയോജ്യമായ ലെൻസുകൾ, അപ്പർച്ചർ, ഷട്ടർ സ്പീഡ്, ഐഎസ്ഒ  തുടങ്ങിയ ഫോട്ടോയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും ഫോട്ടോഗ്രാഫർക്ക് തീരുമാനമെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം, തുടങ്ങിയവ ഡി എസ് എൽ ആർ ക്യാമറകൾ നൽകുന്നു. 
        അതുകൊണ്ടു തന്നെ  ഒരു ഫോട്ടോഗ്രാഫർക്ക് തൻറെ കാഴ്ചകളെ വളരെ മനോഹരമായി സെൻസറിലേക്ക്‌ പകർത്തിയെടുക്കാൻ ഡി എസ് എൽ ആർ ക്യാമറകൾ ഉപയോഗിച്ച് സാധിക്കുന്നു.

എക്സ്പോഷർ(Exposure):

        ലളിതമായി പറഞ്ഞാൽ ഒരു Cameraയുടെ  സെൻസറിൽ   പതിക്കുന്ന പ്രകാശത്തിൻറെ അളവാണ് എക്സ്പോഷർ.
       എത്രമാത്രം വെളിച്ചം സെൻസറിലേക്ക് കടത്തിവിടണം എന്നതാണ് എക്സ്പോഷർ കൊണ്ട് ഉദ്ദേശിക്കുന്നത്.

എക്സ്പോഷർ കൂടിയാൽ വെളുത്തിരിക്കും എക്സ്പോഷർ കുറഞ്ഞാൽ ഇരുണ്ടു പോവുകയും ചെയ്യും. 
         കൃത്യമായ എക്സ്പോഷർ കിട്ടണമെങ്കിൽ സെൻസറിലേക്ക് പോകുന്ന പ്രകാശത്തെ നിയന്ത്രിച്ചു നിർത്തേണ്ടതുണ്ട്. 
            അതിനുവേണ്ടി അപ്പേർച്ചറും ഷട്ടർ സ്പീഡും ഉപയോഗിക്കുന്നു.

                        
അപെക്ചർ apecture

       നമ്മുടെ  കണ്ണുകൾ ഉദാഹരണമായെടുക്കാം.  റെറ്റിനയിലേക്ക് എത്തുന്ന പ്രകാശത്തെ കൃഷ്ണ മണിയാണ് നിയന്ത്രിച്ചു നിർത്തുന്നത്. പ്രകാശം കുറഞ്ഞ സമയത്തും കൂടുതലുള്ള സമയത്തും കണ്ണുകളുടെ ഒരു ക്ളോസപ്പ് ഫോട്ടോ എടുത്ത് കൃഷ്ണമണിയുടെ വലുപ്പം ഒന്ന് താരതമ്യം ചെയ്തു നോക്കൂ. 
       നല്ല പ്രകാശമുള്ള അവസരത്തിൽ കൃഷ്ണമണി  പരമാവധി ചുരുങ്ങി ചെറിയൊരു ദ്വാരത്തിലൂടെ പ്രകാശം കടത്തി വിടുകയും വെളിച്ചം കുറവുള്ള അവസരത്തിൽ കൃഷ്ണമണി പരമാവധി വികസിച്ച്, പരമാവധി പ്രകാശം റെറ്റിനയിൽ എത്തിക്കുകയും ചെയ്യുന്നു. 
         ഈയൊരു സംവിധാനം ക്യാമറയിൽ എത്തുമ്പോൾ അതിനെ അപ്പേർച്ചർ എന്ന് പറയുന്നു.
          ക്യാമറയുടെ ലെൻസിലേക്ക് എത്തിയ പ്രകാശം, ലെൻസിൻ്റെ പിറകുവശത്തുള്ള ഒരു ഡയഫ്രം കടന്നാണ് സെൻസറിലേക്ക് എത്തുന്നത്. 
       ഡയഫ്രം എത്രമാത്രം തുറക്കാൻ ആകുന്നുവോ അത്രയും പ്രകാശം കൂടുതലായി  സെൻസറിലേക്ക് എത്തുകയും, ഡയഫ്രം ചുരുങ്ങുമ്പോൾ  സെൻസറിലേക്ക് എത്തുന്ന പ്രകാശത്തിൻറെ അളവ് കുറയുകയും ചെയ്യുന്നു. 
         ഇങ്ങനെ പ്രകാശത്തെ സെൻസറിലേക്ക് എത്തിക്കുവാനായി, ഡയഫ്രം തുറന്നു തരുന്ന സുഷിരത്തെയാണ് അപ്പേർച്ചർ എന്ന് വിളിക്കുന്നത്. 
        അപ്പേർച്ചറിൻ്റെ  വികാസ തോത്  സൂചിപ്പിക്കുവാനാണ് f നമ്പറുകൾ ഉപയോഗിക്കുന്നത്. 
f നമ്പറുകൾ കൂടുതലാണെങ്കിൽ അപ്പേർച്ചർ കുറവാണെന്നും f നമ്പർ കുറവാണെങ്കിൽ അപ്പേർച്ചർ കൂടുതൽ ആണെന്നുമാണ് മനസ്സിലാക്കേണ്ടത്.
          അപ്പേർച്ചർ കൂടുതലുള്ള (അഥവാ f നമ്പർ കുറഞ്ഞ)ലെൻസുകൾ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾ നല്ല ബൊക്കെ എഫക്ട് സമ്മാനിക്കും.

                     
ഷട്ടർ സ്പീഡ്(Shutter Speed):

        അപ്പേർച്ചർ സംവിധാനം ലെൻസിൽ ആണെങ്കിൽ ഷട്ടർ സംവിധാനം ക്യാമറയിൽ ആണ് ഉള്ളത്.വെള്ളത്തെ തടഞ്ഞു നിർത്തുന്ന ഡാം ഷട്ടർ ഓർക്കുക. ഡാമിലുള്ള വെള്ളം ഷട്ടർ ഉപയോഗിച്ച് ആവശ്യാനുസരണം നിയന്ത്രിച്ച് മറുഭാഗത്തേക്ക് ഒഴുക്കി വിടാമല്ലോ. ഇവിടെ വെള്ളത്തിന്റെ സ്ഥാനത്ത് പ്രകാശത്തെ,  നിശ്ചിത സമയത്തിനുള്ളിൽ ഷട്ടർ തുറന്ന് സെൻസറിലേക്ക് ഒഴുക്കി വിടുന്നു. 
           സെൻസറിന് തൊട്ടുമുന്നിലായാണ് പ്രകാശത്തെ പൂർണ്ണമായി തടയുന്ന ഷട്ടർ ഉള്ളത്. പ്രകാശം കൂടുതൽ സമയം സെൻസറിലേക്ക് പതിച്ചാൽ ലഭിക്കുന്ന ചിത്രം എക്സ്പോഷർ  കൂടിയതും കുറഞ്ഞ സമയം സെൻസറിലേക്ക് പതിച്ചാൽ എക്സ്പോഷർ കുറഞ്ഞതും ആയിരിക്കും. 
           അതുകൊണ്ട്  സെൻസറിലേക്ക് പതിക്കുന്ന പ്രകാശത്തിൻറെ സമയം നിയന്ത്രിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഷട്ടർ സംവിധാനം ഉപയോഗിക്കുന്നത്. പ്രകാശത്തിന് സെൻസറിലേക്ക് കടന്നുവരാനുള്ള വാതിലാണ് ഷട്ടർ.
         സെൻസറിൻ്റെ അതേ വലിപ്പത്തിൽ, ചതുരാകൃതിയിലുള്ള ഒരു ഫ്രെയിമിലൂടെ തെന്നിനീങ്ങുന്ന പാളികളായാണ് ഷട്ടർ സംവിധാനിച്ചിരിക്കുന്നത്. മുകളിലും താഴെയുമായി രണ്ടുതരം പാളികളാണ്  ആധുനിക ക്യാമറകളിൽ കണ്ടുവരുന്നത്. 
          ഷട്ടർ സ്പീഡ് 1/16  എന്നുപറഞ്ഞാൽ ഒരു സെക്കൻഡിൻ്റെ പതിനാറിൽ ഒരംശം സമയം കൊണ്ട് ഷട്ടർ തുറന്നടയും.1/1000  എന്നു പറഞ്ഞാൽ സെക്കൻഡിൻ്റെ ആയിരത്തിലൊരംശം സമയംകൊണ്ട് ഷട്ടർ തുറന്നു അടയും.
          നമ്മൾ എടുക്കാൻ പോകുന്ന ചിത്രത്തിലെ സബ്ജക്ടിനെ  പരിഗണിച്ചുകൊണ്ടാണ് ഷട്ടർ സ്പീഡ് നിയന്ത്രിക്കേണ്ടത്. ഉദാഹരണമായി ചലനം ഉള്ള ഒരു വസ്തുവിനെ പകർത്തുമ്പോൾ കുറഞ്ഞ ഷട്ടർ സ്പീഡ് ഉപയോഗിച്ചാൽ Blur  ആയ ഔട്ട്പുട്ട് ആണ് നമുക്ക് ലഭിക്കുക. 
                          
                         
ISO:

        എക്സ്പോഷർ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് ISO. 
         ക്യാമറയുടെ സെൻസറിന് പ്രകാശത്തോട് പ്രതികരിക്കാൻ എത്രത്തോളം കഴിവുണ്ട് എന്ന കാര്യമാണ് ISO കൊണ്ട് ഉദ്ദേശിക്കുന്നത്. ലൈറ്റ് സെൻസിറ്റിവിറ്റി എന്നാണ് സെൻസറിൻ്റെ ഈ കഴിവിനെ വിളിക്കുന്നത്.
         ലൈറ്റ് സെൻസിറ്റിവിറ്റി അളക്കുന്ന യൂണിറ്റ് ആണ് ISO. ഉയർന്ന ISO ഉണ്ടെങ്കിൽ മങ്ങിയ വെളിച്ചത്തിൽ പോലും നല്ല തെളിച്ചമുള്ള ഫോട്ടോ നമുക്ക് ലഭിക്കും.
           വെളിച്ചകുറവുള്ള അവസ്ഥയിലാണെങ്കിൽ പോലും, ഒരു പരിധിയിലധികം ISO വർദ്ധിപ്പിച്ചാൽ  ചിത്രത്തിൽ Grains അഥവാ Noice കയറി ക്വാളിറ്റി നഷ്ടപ്പെടും.

മികച്ച പ്രൊസസ്സർ ശേഷിയുള്ള ഒരു കമ്പ്യൂട്ടറിനോട് കിടപിടിക്കാൻ സ്മാർട്ട് ഫോണിന് ആകുമെന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കിൽ അത് എത്രത്തോളം വിഡ്ഢിത്തമാണോ, അതുപോലെതന്നെയാണ് ഡിഎസ്എൽആർ ക്യാമറകളോട്  തുല്യമാകാൻ, mega pixel കൂടിയ സ്മാർട്ട്ഫോൺ ക്യാമറകൾക്ക് സാധിക്കുമെന്ന് തെറ്റായി മനസ്സിലാക്കുന്നത്.

       സ്മാർട്ട് ഫോണുകൾക്ക് DSLRനെ അപേക്ഷിച്ച് മേന്മകളുണ്ട്. കീശയിൽ ഒതുങ്ങുന്നതുകൊണ്ട് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.  24 മണിക്കൂറും ലൈവ് ആയ അവസ്ഥയിലാണ് ഫോൺ ക്യാമറകൾ ഉള്ളത്. അതുകൊണ്ടുതന്നെ വളരെ വേഗത്തിൽ നമ്മുടെ കണ്മുന്നിൽ ഉള്ള ഒരു ദൃശ്യം പകർത്താൻ സഹായിക്കുന്നു. എളുപ്പത്തിൽ ചിത്രം പകർത്താനും അത് എഡിറ്റ് ചെയ്യാനും  സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യുവാനും സ്മാർട്ട് ഫോണുകൾ കൊണ്ട് സാധിക്കും.

          ഇങ്ങനെയൊക്കെയാണെങ്കിലും Mega Pixel  വളരെയധികം വർധിപ്പിച്ച് DSLR ക്യാമറകൾക്ക് സമാനമായ Quality ലഭിക്കുമെന്ന് സ്മാർട്ട് ഫോൺ കമ്പനികൾ അടക്കം ആളുകളെ തെറ്റിദ്ധരിപ്പിച്ച് തുടങ്ങിയിരിക്കുന്നു. അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടവർക്ക് മനസ്സിലാക്കാൻ  വേണ്ടിയാണ്  ഇത്   തയ്യാറാക്കിയിരിക്കുന്നത്. അല്ലാതെ സ്മാർട്ട്ഫോൺ ക്യാമറകളെ തരംതാഴ്ത്തി അവതരിപ്പിക്കുവാനല്ല.

No comments:

Post a Comment