Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 18 October 2020

എന്തുകൊണ്ടാണ് എയ്ഡ്സിന് മരുന്ന് കണ്ടു പിടിക്കാൻ സാധിക്കാത്തത്..?

എയ്ഡ്സിന് ഫലപ്രദമായ  വാക്സിൻ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എങ്കിലും ഗവേഷകർ അതിനായുള്ള തീവ്രശ്രമത്തിലാണ്. ഒന്നുമുതൽ രണ്ട് മില്യൺ ആളുകൾ ഒരുവർഷം എയ്ഡ്സ് കാരണം മരണമടയുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. എയ്ഡ്സ് വൈറസുകളുടെ കോപ്പികൾ ഉണ്ടാവുമ്പോൾ സംഭവിക്കുന്ന വലിയ തോതിലുള്ള മ്യൂട്ടേഷനുകൾ ആണ് ഫലപ്രദമായ വാക്സിനുകൾ കണ്ടെത്തുന്നതിൽ നിന്നും ഗവേഷകരെ തടയുന്നത്. ആർ എൻ എ ജനിതകവസ്തു ആയ വൈറസ് ആണ് എയ്ഡ്സ് വൈറസ്. എയ്ഡ്സ് വൈറസുകൾക്ക് റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് (reverse transcriptase) എന്നൊരു എൻസൈം ഉണ്ട്.  

ട്രാൻസ്ക്രിപ്ഷൻ എന്നത് ഡി എൻ എയിൽ നിന്നും ആർ എൻ എ കോപ്പി ഉണ്ടാക്കുന്നതാണ്. ഈ ആർ എൻ എ കോപ്പിയിൽ നിന്നും റൈബോസോമുകൾ പ്രോട്ടീൻ ഉണ്ടാക്കുന്നു. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ എന്നാൽ ആർ എൻ എ എന്നത് ഡി എൻ ആയി മാറുന്നു. .അതായത് എയ്ഡ്സ് വൈറസിന്റെ റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് എൻസൈം അതിന്റെ ആർ എൻ എയെ ഡി എൻ എ ആയി കോപ്പി ചെയ്യുന്നു. ഈ ഡി എൻ എയെ നമ്മുടെ കോശങ്ങളിലെ ന്യൂക്ലിയസ്സിലുള്ള ഡി എൻ എയിൽ തുന്നിച്ചേർത്തുവെക്കാനുള്ള ഇന്റെഗ്രേസ് (integrase) എന്നൊരു എന്സൈമും എയ്ഡ്സ് വൈറസിനുണ്ട്. അപ്പോൾ നമ്മുടെ കോശങ്ങൾ വൈറസിന്റെ ഈ ഡി എൻ എയെ നമ്മുടേത് ആയി കരുതി അതിനെ ട്രാൻസ്ക്രിപ്ഷൻ വഴി ആർ എൻ ആയും, തുടർന്ന് പ്രോട്ടീനുകളും ആക്കുന്നു. അങ്ങനെ ഈ ആർ എൻ എയെ പൊതിഞ്ഞ് എയ്ഡ്സ് വൈറസിന്റെ പ്രോട്ടീനുകൾ വരുകയും അങ്ങനെ വൈറസിന്റെ പുതിയ നിരവധി കോപ്പികൾ ഉണ്ടാവുകയും ചെയ്യുന്നു.  
നമ്മുടെ കോശങ്ങൾ വിഘടിക്കുമ്പോൾ ഡി എൻ എ യെ കോപ്പി ചെയ്യുന്നത് വളരെ കൃത്യതയോടെയാണ്.  ഒരു ബില്യൺ ഡി എൻ എ ബേസുകളെ കോപ്പി ചെയ്യുമ്പോൾ വെറും ഒരു തെറ്റുമാത്രമാണ് സംഭവിക്കുന്നത്. കോപ്പി ചെയ്യുമ്പോൾ തെറ്റ് പറ്റി മ്യൂട്ടേഷൻ സംഭവിക്കുന്നോ എന്ന് പരിശോധിക്കാൻ എൻസൈമുകൾ ഉണ്ട്. 

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് എൻസൈം ആർ എൻ എയെ ഡി എൻ എ ആയി കോപ്പി ചെയ്യുന്നത് ചെക്ക് ചെയ്യാതെ നടക്കുന്ന ഒരു പ്രക്രിയയാണ്. അതിനാൽ തന്നെ ഇത് നിരവധി മ്യൂട്ടേഷനുകളുള്ള ഡി എൻ എ ആയി മാറുന്നു. ഈ മ്യൂട്ടേഷൻ സംഭവിച്ച വൈറസിന്റെ ഡി എൻ എ നമ്മുടെ ഡി എൻ എ യിൽ ചേർന്ന് പ്രോട്ടീനുകൾ ഉണ്ടാക്കുമ്പോൾ പഴയ പ്രോട്ടീനുകൾക്ക് പകരം ചെറിയ വ്യത്യാസമുള്ള പ്രോട്ടീനുകൾ ആയിരിക്കും ഉണ്ടാവുന്നത്. അപ്പോൾ ഗവേഷകർ വാക്സിനുകൾക്കായി ഒരു പ്രോട്ടീൻ ടാർഗറ്റ് ചെയ്യുമ്പോൾ പുതിയതായി കോപ്പി ചെയ്ത് വരുന്ന എയ്ഡ്സ് വൈറസുകളിൽ ആ പ്രോട്ടീന് പകരം വ്യത്യാസം ഉള്ള മറ്റൊന്നായിരിക്കും കാണുക. ഇത് എയ്ഡ്സ് വൈറസിനെതിരെയുള്ള വാക്സിനുകളുടെ നിർമിതിയിൽ പരിമിതികൾ ഉണ്ടാക്കുന്നു.

No comments:

Post a Comment