Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 2 May 2021

സിസേറിയന് ശേഷം സുഖപ്രസവം സാധ്യമോ..?

ഒരു തവണ സിസേറിയൻ നടത്തിയവരിൽ അടുത്ത പ്രസവത്തിലും സിസേറിയൻ തന്നെ വേണ്ടി വരുമോ എന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണ് തീരുമാനിക്കുന്നത്.

ഒരു തവണ സിസേറിയൻ ചെയ്യാനുണ്ടായ കാരണമാണ് ഒരു പ്രധാനപ്പെട്ട കാര്യം. കുട്ടി ഊരതിരിഞ്ഞുകിടക്കുക, കുട്ടിയുടെ ഹൃദയമിടിപ്പിലുള്ള വ്യത്യാസം കാരണം സിസേറിയൻ ചെയ്യേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങളാണെങ്കിൽ അവ അടുത്ത പ്രസവത്തിലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ സിസേറിയൻ ഒഴിവാക്കാൻ സാധിച്ചേക്കാം. എന്നാൽ അമ്മയുടെ ഇടുപ്പെല്ലിന്റെ പ്രശ്നങ്ങൾ കൊണ്ടോ, ഗർഭപാത്രം ശരിയായ രീതിയിൽ വികസിക്കാത്തതിനാലോ ആണ് മുൻപ് സിസേറിയൻ നടത്തേണ്ടി വന്നതെങ്കിൽ അവ അടുത്ത ഗർഭധാരണത്തിലും ഉണ്ടാകാനിടയുണ്ട്. അതിനാൽ സിസേറിയൻ ആവശ്യമായി വരാനും സാധ്യതയുണ്ട്.
എത്ര സിസേറിയൻ ചെയ്തിട്ടുണ്ട് എന്നത് ഇതിൽ പ്രധാനമാണ്. മൂന്നിൽ കൂടുതൽ സിസേറിയൻ ചെയ്തിട്ടുള്ളവരിൽ സുഖപ്രസവത്തിന് ശ്രമിക്കുക എന്നത് വളരെയധികം അപകടകരമാണ്.

ശസ്ത്രക്രിയാ സമയത്ത് ഗർഭപാത്രത്തിൽ ഉണ്ടാക്കിയിട്ടുള്ള മുറിവ് മേൽഭാഗത്തും കുത്തനെയുമാണെങ്കിൽ അടുത്ത പ്രാവശ്യം മാസം തികയാറാകുമ്പോഴോ പ്രസവ സമയത്തോ തുന്നൽ പൊട്ടുവാനുള്ള സാധ്യത കൂടുതലാണ്. ഇവരിൽ നേരത്തെ സിസേറിയൻ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്.
സിസേറിയൻ സമയത്തോ അതിനുശേഷമോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുള്ളവരിൽ സുഖപ്രസവം നടക്കാനുള്ള സാധ്യത കുറവാണ്. മറുപിള്ള താഴെയായതിന് സിസേറിയൻ ചെയ്യേണ്ടിവന്നവർ. തുന്നലിന് പഴുപ്പ് ഉണ്ടായിട്ടുള്ളവർ എന്നിവർ ഇതിൽപ്പെടും. ഇവരിൽ ഗർഭപാത്രത്തിലെ തുന്നലിന് ശക്തി കുറയുന്നതാണ് ഇതിന് കാരണം.
മുൻപ് സുഖപ്രസവം ഉണ്ടായിട്ടുള്ളവരിൽ അത് സിസേറിയന്റെ മുൻപായാലും ശേഷമായാലും വീണ്ടും സുഖപ്രസവം നടക്കാനുള്ള സാധ്യത കൂടുതലാണ്. എത്ര കുട്ടികൾ വേണമെന്നാണ് ആഗ്രഹിക്കുന്നത് എന്നതും ഒരു നിർണായക ഘടകമാണ്. 

സുഖപ്രസവമാണെങ്കിൽ വീണ്ടും ഗർഭം ധരിക്കാൻ താത്പര്യപ്പെടുന്നവർക്ക് ബുദ്ധിമുട്ടുകൾ കുറയും.
ആരോഗ്യാവസ്ഥയും സിസേറിയൻ വേണ്ടിവരാനുള്ള എന്തെങ്കിലും കാരണം പുതിയതായി ഉണ്ടായിട്ടുണ്ടോ എന്നതും കണക്കിലെടുക്കേണ്ടതാണ്. ഇരട്ടക്കുട്ടികൾ, പ്രമേഹം, രക്തസമ്മർദ വ്യത്യാസങ്ങൾ എന്നിവ കൊണ്ടുമാത്രം സിസേറിയൻ ചെയ്യണം എന്ന് പറയാനാവില്ല.

No comments:

Post a Comment