`അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ ആദ്യമായി നിർത്താതെ, ഒറ്റയ്ക്കു വിമാനം പറത്തിയ പെൺകുട്ടിയുടെ പേരായിരുന്നു അമീലിയ ഇയർഹാർട്ട്.
1897 ജൂലൈ 24ന് യുഎസിലെ കെൻസസിലായിരുന്നു അമീലിയയുടെ ജനനം. കുട്ടിക്കാലം മുതൽ ഉയരങ്ങൾ സ്വപ്നം കണ്ട പെൺകുട്ടി. ഇന്നും യുഎസ്ജനതയുടെ മനസ്സിലെ വീരവനിതകളിലൊരാൾ.
യുഎസിനു കുറുകെ ഒറ്റയ്ക്ക് ആദ്യമായി, നിർത്താതെ വിമാനം പറത്തിയതിന്റെ റെക്കോർഡും അമീലിയയുടെ പേരിലാണ്. ഈ കഴിഞ്ഞ ഓഗസറ്റ് 15ന് ആ യാത്രയ്ക്ക് 88 വയസ്സു തികഞ്ഞു. പക്ഷേ ഇന്നും അമീലിയയുടെ നേട്ടങ്ങൾക്കൊപ്പം ലോകം മനസ്സിൽ സൂക്ഷിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. അവരുടെ അസാധാരണ തിരോധാനമായിരുന്നു അത്.
1937 ജൂലൈ രണ്ടിനായിരുന്നു ആ യാത്ര. അമീലിയയും നാവിഗേറ്റർ ഫ്രെഡ് നൂനാനും ന്യൂ ഗിയയിലെ ലായിയിൽനിന്നു പറന്നുയർന്നതാണ്. ഭൂമിയെ ചുറ്റി റെക്കോർഡിടാനുള്ള ആ യാത്ര അവസാന നാളുകളിലേക്കു കടന്നിരുന്നു.
ലായിൽനിന്ന് ഏകദേശം 2500 മൈൽ ദൂരെ പസിഫിക് സമുദ്രത്തിലെ ഹൗലാന്റ് ദ്വീപായിരുന്നു അടുത്ത ലക്ഷ്യം. അവിടെ അവരെ കാത്ത് യുഎസ് തീരസംരക്ഷണ സേനയുടെ ഒരു കപ്പലുമുണ്ടായിരുന്നു. ആൾത്താമസമില്ലാത്ത ആ ദ്വീപിൽ സുരക്ഷിതമായിറങ്ങാൻ അമീലിയയെ സഹായിക്കുകയായിരുന്നു കപ്പലിന്റെ ലക്ഷ്യം.
എന്നാൽ യാത്രയ്ക്കിടെ എപ്പോഴോ കപ്പലുമായുള്ള ബന്ധം അമീലിയയുടെ ലോക്ക്‌ഹീഡ് ഇലക്ട്ര വിമാനത്തിനു നഷ്ടമായി. റേഡിയോ സന്ദേശങ്ങൾ മുറിഞ്ഞു. വിമാനത്തിലെ ഇന്ധനം കുറയുന്നതു സംബന്ധിച്ച സൂചനകളാണ് അവസാനമായി ലഭിച്ചത്. ഒടുവിൽ പസിഫിക്കിൽ എവിടെയോ അമീലിയയും ന്യൂമാനും ഇലക്ട്ര വിമാനവും അപ്രത്യക്ഷമായി.
യുഎസ് നാവികസേന ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിലുകളിലൊന്നാണു പിന്നീട് നടന്നത്. നാവികസേനയും തീര സംരക്ഷണ സേനയും സംയുക്തമായി പസിഫിക്കിലെ ഏകദേശം രണ്ടരലക്ഷം ചതുരശ്ര മൈൽ പ്രദേശം അരിച്ചുപെറുക്കി.
വിമാനങ്ങൾക്കോ കപ്പലുകൾക്കോ അമീലിയയുടെ അന്ത്യം സംബന്ധിച്ച യാതൊരു തെളിവും ലഭിച്ചില്ല! ഒടുവിൽ അമീലിയയും ന്യൂനാനും വിമാനത്തിലെ ഇന്ധനം തീർത്ത് പസിഫിക്കിന്റെ ആഴങ്ങളിൽ മറഞ്ഞതായി നാവികസേന ഔദ്യോഗിക റിപ്പോർട്ടെഴുതി. കാണാതായി 18 മാസത്തിനു ശേഷം 1939 ജനുവരിയിൽ യുഎസിലെ ഒരു കോടതിയും ആ മരണം നിയമപരമായി അംഗീകരിച്ചു.
അപ്പോഴും പക്ഷേ അമീലിയയ്ക്കു വേണ്ടിയുള്ള തിരച്ചിൽ അവസാനിച്ചിരുന്നില്ലെന്നതാണു സത്യം. ഒട്ടേറെ പേർ ആ മരണം സംബന്ധിച്ച തെളിവു തേടി പിന്നെയും പസിഫിക്കിലൂടെ അലഞ്ഞു. ഒട്ടേറെ നിഗൂഢതാ സിദ്ധാന്തങ്ങളും ആ തിരോധാനം സംബന്ധിച്ച് ഉയർന്നുവന്നു.
ആ ദ്വീപിലുണ്ടായിരുന്നോ അവർ...?
കാണാതായ ദിവസം രാവിലെ 8.43നു വന്ന സന്ദേശം പ്രകാരം അമീലിയ ഹൗലാന്റ് ദ്വീപിലേക്കുള്ള ശരിയായ വഴിയിലായിരുന്നു. എന്നാൽ പിന്നീട് അവർക്കു വഴി തെറ്റിയെന്ന് 1989ൽ സംഭവത്തെപ്പറ്റി പഠിച്ച ഇന്റർനാഷനൽ ഗ്രൂപ്പ് ഓഫ് ഹിസ്റ്റോറിറിക് റിക്കവറി (ടൈഘാർ) പറയുന്നു.
പസിഫിക്കിലെ ആൾ താമസമില്ലാത്ത ദ്വീപായ നിക്കുമാറോറോ കേന്ദ്രീകരിച്ചായിരുന്നു അവരുടെ അന്വേഷണം. ഹൗലാന്റ് ദ്വീപ് കണ്ടെത്താനാകാതെ വന്നതോടെ തെക്കോട്ടു സഞ്ചരിച്ച അമീലിയ, ഇന്ന് ഗാഡ്നർ ഐലന്റ് എന്നറിയപ്പെടുന്ന, നിക്കുമാറോറോയിൽ വിമാനം ഇടിച്ചിറക്കി. അവിടെ ഇരുവരും ജീവിതം തുടർന്നെന്നും പിന്നീട് മരിച്ചെന്നും ടൈഘാർ സംഘം പറയുന്നു.
അമീലിയയും ഫ്രെഡ് നൂനാനും
1937 ജൂലൈ 9ന് നിക്കുമാറോറോ ദ്വീപിനു മുകളിലൂടെ പറന്ന യുഎസ് നാവികസേന വിമാനങ്ങളിലൊന്നു പക്ഷേ അമീലിയയുടെയോ വിമാനത്തിന്റെയോ അവശിഷ്ടങ്ങളൊന്നും കണ്ടിരുന്നില്ലെന്നാണു പറഞ്ഞത്. പക്ഷേ അവര്‍ ഒരു കാര്യം വ്യക്തമാക്കി, ദ്വീപിൽ അടുത്തിടെ ആരോ താമസം തുടങ്ങിയിട്ടുണ്ട്.
1892 മുതൽ ജനവാസമില്ലാത്ത മേഖലയായതിനാൽ അന്വേഷണ സംഘം അവിടെ ഇറങ്ങാനും നിന്നില്ല. അത്തരം ദ്വീപുകളിൽ മത്സ്യബന്ധനത്തിനെത്തുന്നവർ താൽക്കാലികമായി തങ്ങുന്നതും പതിവായിരുന്നു.
1940ൽ ദ്വീപിൽനിന്ന് ബ്രിട്ടിഷ് ഉദ്യോഗസ്ഥർക്ക് ഒരു പാതി അസ്ഥികൂടം ലഭിച്ചിരുന്നു.
ഇതിന്റെ ഭൂരിഭാഗവും പിന്നീട് നഷ്ടപ്പെട്ടു. 1998ൽ ടൈഘാർ ഇതു സംബന്ധിച്ച വിവരങ്ങളും പരിശോധിച്ചു. 2018ൽ ഫൊറൻസിക് പരിശോധനയും നടത്തി. യൂറോപ്യൻ വംശാവലിയിൽപ്പെട്ട ഒരാളുടെയാണ് മൃതദേഹമെന്ന് അതിൽ തെളിഞ്ഞു.
അമീലിയയുടെ അത്ര ഉയരമുള്ള ഒരാളുടെയാണ്, ഏകദേശം 5–7 അടി, അസ്ഥികൂടമെന്നും കണ്ടെത്തി. അമീലിയയുമായി 99% വരെ സാമ്യമുള്ള വിവരങ്ങളാണ് അസ്ഥികൂട പരിശോധനയിൽ കണ്ടെത്തിയതെന്നും ടൈഘാർ സംഘം പറയുന്നു. പക്ഷേ ആ അന്വേഷണം എവിടെയുമെത്തിയില്ല!
ജപ്പാന്റെ തടവിൽ..
അമീലിയയും ന്യൂനാനും ജാപ്പനീസ് സൈന്യത്തിന്റെ പിടിയിലായതാണെന്നും പറയപ്പെടുന്നുണ്ട്. ഹൗലാന്റിൽ ഇറങ്ങാനാകാതെ വന്നതോടെ മാർഷൽ ദ്വീപുകളിലൊന്നിലാകാം അമീലിയ വിമാനം ലാൻഡ് ചെയ്തത്. ജപ്പാന്റെ കീഴിലായിരുന്നു ആ ദ്വീപസമൂഹം.
ഇരുവരെയും പിടികൂടിയ ജാപ്പനീസ് സൈന്യം ടോക്കിയോക്ക് തെക്കുള്ള സായ്പാൻ ഐലന്റിലേക്ക് കൊണ്ടുപോവുകയും ക്രൂരപീഡനത്തിനു വിധേയരാക്കിയെന്നുമാണ് ഒരു വാദം. ഇരുവരും യുഎസ് ചാരന്മാരാണെന്നു വിധിച്ച് വധശിക്ഷ നൽകിയെന്നും പറയപ്പെടുന്നു. അതല്ല, പീഡനത്തിനൊടുവിൽ മരിച്ചതാണെന്നും വാദമുണ്ട്.
1937ൽ സായ്‌പാനിൽ ഒരു അമേരിക്കന്‍ വനിതാ പൈലറ്റ് കസ്റ്റഡിയിലുണ്ടായിരുന്നതായി പ്രദേശവാസികൾ പിന്നീട് മൊഴി നൽകിയിട്ടുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെ വിമാനം പറത്തിയ ശേേഷം കോക്പെറ്റിനു മുകളിലിരുന്ന് കൈവീശുന്ന അമീലിയ 1960കളിലാണ് അതുമായി ബന്ധപ്പെട്ട ചർച്ച ശക്തമായത്.
യഥാർഥത്തിൽ അമീലിയയുടെ ലോകം ചുറ്റിയുള്ള യാത്ര പസിഫിക്കിലെ ജപ്പാന്റെ താവളങ്ങള്‍ കണ്ടെത്താൻ വേണ്ടി കെട്ടിച്ചമച്ചതാണെന്നു വരെ വാദമുയർന്നു. എന്നാൽ അമീലിയയെ കാണാതായ കാലത്ത് ജപ്പാൻ യുഎസിന്റെ ശത്രുപ്പട്ടികയിലുണ്ടായിരുന്നില്ലെന്നതാണു സത്യം.
പിന്നെയും നാലു വർഷം കഴിഞ്ഞ് പേൾ ഹാർബർ ആക്രമണത്തോടെയാണ് ജപ്പാനെതിരെ യുഎസ് യുദ്ധം പ്രഖ്യാപിക്കുന്നത്. 2002 മുതൽ പലപ്പോഴായി നോട്ടിക്കോസ് എന്ന കമ്പനി സോണർ സ്കാനിങ്ങിലൂടെ പസിഫിക്കിലെ ഏകദേശം 2000 ചതുരശ്ര നോട്ടിക്കൽ മൈൽ പ്രദേശം പരിശോധിച്ചിരുന്നു.
അമീലിയയുടെ അവസാന റേഡിയോ സന്ദേശം വന്നുവെന്നു കരുതുന്ന പ്രദേശത്തിനു പരിസരത്തായിരുന്നു അത്. പക്ഷേ വിമാനത്തിന്റെയോ മറ്റോ ഒരു ചെറുഭാഗം പോലും കണ്ടെത്താനായില്ല.