ഇത് ജെറ്റ് എന്‍ജിന്‍ പുറത്തു വിടുന്ന പുകയാണെന്ന് ചിലരെന്‍കിലും തെറ്റിദ്ധരിച്ചിരിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ഇത് എന്‍ജിന്‍ പുറത്ത് വിടുന്ന പുകയല്ല.
നല്ല തണുപ്പുള്ള കാലാവസ്ഥയിൽ വെറുതെ ഊതിയാൽ നമ്മുടെ വായിൽ നിന്ന് പുക പുറത്തേക്ക് പോകുന്നത് കണ്ടിട്ടുണ്ടാവുമല്ലോ.
നമ്മുടെ നിശ്വാസവായുവിൽ ഉള്ള നീരാവി തണുത്ത അന്തരീക്ഷത്തിൽ എത്തുമ്പോൾ സാന്ദ്രീകരിക്കുന്നതിനാൽ (condensation) ആണ് ഇങ്ങനെ പുകയുണ്ടാകുന്നത്. അതേ കാരണത്താൽ തന്നെയാണ് വിമാനങ്ങളുടെ പുറകിൽ ഈ പ്രതിഭാസം ഉണ്ടാകുന്നതും
ഈ പ്രതിഭാസത്തിനു contrails എന്നാണ് വിളിക്കുന്നത് . സാന്ദ്രീകരണം (condensation) അവശേഷിപ്പിക്കുന്ന അടയാളം (trails) എന്ന അർത്ഥത്തിലാണ് ആ പേര് കൊടുത്തിരിക്കുന്നത്.
ജെറ്റ് എന്‍ജിനകത്ത് വിമാന ഇന്ധനത്തിലെ ഹൈഡ്രോകാർബണുകൾ കത്തുമ്പോൾ ഉണ്ടാകുന്ന പ്രധാന ഉൽപന്നങ്ങൾ ജലബാഷ്പവും കാർബൺ ഡയോക്സൈഡുമാണ്. ഒരു കിലോമീറ്ററെങ്കിലും ഉയരെ പറക്കുന്ന വിമാനങ്ങളാണ് കോൺട്രെയിലുകൾ ഉണ്ടാക്കുന്നത്.
ഈ ഉയരത്തിൽ അന്തരീക്ഷതാപനില കുറവായതിനാൽ, വിമാന എഞ്ചിനിൽനിന്നും പുറത്തേക്കുവരുന്ന ജലബാഷ്പം വായുവിനെ ഉടൻ തന്നെ പൂരിതമാക്കും. ഒപ്പമുള്ള പൊടികണികകൾ അവയുടെ സാന്ദ്രീകരണത്തിന് സഹായിക്കുന്നതുകൊണ്ട് അവയിൽ നിന്നും ജലകണികകൾ രൂപംകൊള്ളും. മേഘം ഉണ്ടാകണമെങ്കിൽ നീരാവിക്ക് പറ്റിപ്പിടിച്ചു സാന്ദ്രീകരിക്കാൻ ഒരു പ്രതലം ആവശ്യമാണ്. വിമാനങ്ങൾ പുറം തള്ളുന്ന വളരെ ചെറിയ കണങ്ങൾ ഇത്തരം പ്രതലമായി വർത്തിക്കുകയും മേഘത്തിന്റെ രൂപീകരണം എളുപ്പമാക്കുകയും ചെയ്യുന്നു. വളരെ കുറഞ്ഞ താപനിലയായതു കൊണ്ട് തന്നെ സാന്ദ്രീകരിച്ച ജലകണങ്ങൾ തണുത്തുറഞ്ഞ് ഐസ് ആയി മാറുന്നു. ചുരുക്കിപ്പറഞ്ഞാൽ വിമാനങ്ങളുടെ പിന്നിൽ ഉണ്ടാകുന്ന വര പുകയല്ല മറിച്ചൊരു മേഘമാണ്. ഇവ കുറച്ചു കഴിയുമ്പോൾ അലിഞ്ഞില്ലാതാവുകയോ സിറസ് മേഘങ്ങളായി രൂപാന്തരം പ്രാപിക്കുകയോ ചെയ്യും. ഈ കോടിക്കണക്കിന് ജലകണികകൾ/മഞ്ഞുപരലുകൾ ആണ് കോൺട്രെയിലുകളായി കാണപ്പെടുന്നത്.
ജലബാഷ്പത്തിന് സാന്ദ്രീകരിച്ച് കണികകളായി മാറാനുള്ള സമയം വേണ്ടതുണ്ട്. എന്നതിനാലാണ് വിമാനത്തിൽ നിന്നും ഒരല്പം പിന്നിലേക്കു മാറി മാത്രം ഇവ കാണപ്പെടുന്നത്.
ട്രോപോസ്ഫിയറിന്റെ മുകളിലെ പാളികളിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്, ട്രോപോപോസിലും സ്ട്രാറ്റോസ്ഫിയറിലും വളരെ കുറവാണ്. ചില സന്ദർഭങ്ങളിൽ, താഴ്ന്ന ഉയരത്തിലും ഇത് നിരീക്ഷിക്കാവുന്നതാണ്. കോൺട്രെയിലുകൾ രൂപീകരണം വിമാനം പറക്കുന്ന അന്തരീക്ഷ വായുവിന്റെ ഈർപ്പം, താപനില എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കുറഞ്ഞ ആർദ്രതയിലും താരതമ്യേന ഉയർന്ന ഊഷ്മാവിലും, കോൺട്രയൽസ് രൂപീകരണം കുറവായിരിക്കും , കാരണം അത്തരം സാഹചര്യങ്ങളിൽ ജലബാഷ്പം സൂപ്പർസാച്ചുറേഷൻ അവസ്ഥയിലെത്തുന്നില്ല. ഉയർന്ന ആർദ്രതയും താഴ്ന്ന താപനിലയും, കൂടുതൽ ജലബാഷ്പം ഘനീഭവിക്കുന്നു, കോൺട്രയൽസ് രൂപീകരണം സാധ്യമാക്കുന്നു.
സാധാരണ പറഞ്ഞു കേൾക്കാറുള്ള മറ്റൊരു കാര്യം ജെറ്റ് വിമാനങ്ങൾക്കാണ് contrails ഉണ്ടാവുകയെന്നാണ്. എന്നാൽ യഥാർത്ഥത്തിൽ മിക്കവാറും എല്ലാ വിമാനങ്ങളും contrails ഉണ്ടാക്കും. Contrails ഉണ്ടാകുന്നത് നിർണയിക്കുന്നത് വിമാനം പറക്കുന്ന ഉയരവും അന്തരീക്ഷത്തിന്റെ ആർദ്രതയുമാണ്.
Contrails പോലെ മനുഷ്യ പ്രവർത്തികൾ കൊണ്ട് ഉണ്ടാകുന്ന മേഘങ്ങളെ homogenitus clouds എന്നാണ് പറയുക. Contrails എങ്ങനെയാണ് കാലാവസ്ഥയെ ബാധിക്കുന്നത് എന്നതിനെ പറ്റി ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. നമ്മുടെ ഇപ്പോഴത്തെ ധാരണ contrails ഭൂമി അന്തരീക്ഷത്തിലേക്ക് വിടുന്ന റേഡിയേഷനെ ഇത്തരം മേഘ പടലങ്ങൾ തടഞ്ഞു നിർത്തുന്നത് വഴി അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നു എന്നതാണ്. ലോകത്തുള്ള വിമാനയാത്രകൾ മൂലമുള്ള കോൺട്രയൽസ് നു ആഗോള താപനത്തിനുള്ള പങ്കിനെ പറ്റി പഠനം നടന്നു കൊണ്ടിരിക്കുകയാണ്.