Sunday, 27 July 2025

ടുവാലുവിനു സഹായഹസ്തവുമായി ഓസ്ട്രേലിയ..

കാലാവസ്ഥാ വ്യതിയാനം കാരണം ഒരപൂർവമായ പ്രതിസന്ധി നേരിടുകയാണ് പസിഫിക്കിലെ ദ്വീപരാഷ്ട്രമായ ടുവാലു. 

ഈ വർഷം മുതൽ ടുവാലു നിവാസികൾ ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റം തുടങ്ങുകയാണ്. ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ ഒരു പ്രത്യേക വീസ സംവിധാനമാണ് ഇതിനു വഴിയൊരുക്കിയത്. ഏകദേശം അയ്യായിരത്തിലധികം ആളുകളാണ് ഈ വീസയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നത്.


എല്ലാവർഷവും 280 ടുവാലുക്കാർക്ക് ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റം നടത്താനാണ് അവസരം. ആകെ 11000 പേരാണു ടുവാലുവിൽ താമസം. ഓസ്‌ട്രേലിയയ്ക്കും ഹവായിക്കും ഇടയ്ക്കുള്ള സമുദ്രമേഖലയിലാണു ടുവാലു സ്ഥിതി ചെയ്യുന്നത്. 9 ദ്വീപുകളാണ് ഈ രാജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഓരോ ദ്വീപിനെയും ചുറ്റി പവിഴപ്പുറ്റുകളുമുണ്ട്. ടുവാലുവിന്റെ ഏറ്റവും ഉയർന്ന ബിന്ദു സമുദ്രനിരപ്പിൽനിന്നു നാലര മീറ്റർ ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്.

എന്നാൽ ടുവാലുവിന്റെ ശരാശരി ഉയരം സമുദ്രനിരപ്പിൽനിന്നു വെറും 2 മീറ്റർ മാത്രമാണ്. ഇതാണു ടുവാലുവിനെ പ്രതിസന്ധിയിലാക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം. പ്രളയം കടലാക്രമണം തുടങ്ങിയവയ്ക്കുള്ള സാധ്യത ഇവിടെ ഏറെയാണ്. 2050 കഴിയുന്നതോടെ ഈ രാജ്യത്തെ ഭൂരിഭാഗം നിർമിതികളും സമുദ്രഭീഷണിയിലാകുമെന്നു ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.

കടൽജലം ജലവിതരണത്തെയും ശുദ്ധജല സംഭരണികളെയുമൊക്കെ ഭീഷണിയിലാക്കുന്നുണ്ട്. ഓസ്‌ട്രേലിയ ടുവാലു ഫാലെപിലി യൂണിയൻ ട്രീറ്റി എന്നാണു പുതിയ ഉടമ്പടിക്കു നൽകിയിരിക്കുന്ന പേര്. ഇതാദ്യമായാണ് ഒരു രാജ്യത്തെ മൊത്തത്തിൽ മാറ്റി പാർപ്പിക്കാനുള്ള ഒരു പദ്ധതി തയാറാകുന്നത്. ഓസ്‌ട്രേലിയയിൽ പഠിക്കാനും ജീവിക്കാനും മറ്റ് ആനുകൂല്യങ്ങൾ നേടാനുമൊക്കെ ടുവാലു പൗരൻമാർക്ക് ഇതോടെ സാധിക്കും..

2 comments:

  1. ഓസ്ട്രേലിയയുടെ തീരുമാനത്തിന് എൻ്റെ എല്ലാ സപ്പോർട്ടും 👍

    ReplyDelete
  2. ഓസ്ട്രേലിയയെ കണ്ടു പഠിക്കണം മറ്റു രാജ്യങ്ങൾ👏

    ReplyDelete