Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 27 October 2020

ക്യാമറ ലെൻസുകൾ..

വർഷങ്ങളായി ഫോട്ടോഗ്രാഫി ലോകത്ത് നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ പോലും നിങ്ങൾക്ക് വ്യത്യസ്ത തരം ക്യാമറ ലെൻസുകൾ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല.കാരണം ലെൻസുകൾ വിലയേറിയതാണ് അതിനാൽ നമ്മൾ  പലപ്പോഴും രണ്ടോ മൂന്നോ തരം ലെൻസുകൾ മാത്രം വെച്ചു എല്ലാത്തരം ഫോട്ടോഗ്രാഫിയും ചെയ്യാറായിരിക്കും പതിവ്.
 
വ്യത്യസ്ത ഫോട്ടോഗ്രാഫിക്ക് വ്യത്യസ്ത ലെൻസ്കളും അനിവാര്യമാണ്,അല്ലാത്ത പക്ഷം ഫോട്ടോഗ്രാഫി കോളിറ്റിയിൽ ഒരുപാട് കോംപ്രമൈസ് ചെയ്യേണ്ടി വരും... .ഉദാഹരണത്തിന്ന് ഒരു 18 135 mm ലെൻസ്‌ കൊണ്ടു ഒരു മാക്രോ ഫോട്ടോ എടുത്താൽ മാക്രോ ഫോട്ടോഗ്രാഫിക്ക് വേണ്ടി മാത്രം നിർമിക്കുന്ന ലെൻസിൽ എടുക്കുന്ന അത്ര പെര്ഫെക്ട് കിട്ടില്ല.മാക്രോ ഫോട്ടോഗ്രാഫിക്ക് വേണ്ടി മാക്രോ ലെൻസ്‌തന്നെ ഉപയോഗിക്കണം.

 കാമറ ബോഡി വാങ്ങുന്ന പോലെ ഒരു പ്രധാന കാര്യം തന്നെയാണ് നമുക്കാവശ്യം ഉള്ള perfect ലെൻസ്‌ വാങ്ങുക എന്നത്. പലരും നല്ല ഹൈ കാമറ ബോഡി വാങ്ങുകയും അതിലേക്ക് ലോ കോളിറ്റി ലെൻസ്‌ വാങ്ങി ഫോട്ടോഗ്രാഫി സ്റ്റാർട്ട് ചെയ്യുകയും ചെയ്യും പക്ഷെ എത്ര ശ്രമിച്ചാലും ഒരു നല്ല ഹൈ കോളിറ്റി ഫോട്ടോ കിട്ടാതിരിക്കുകയും ചെയ്യും കാരണം ക്യാമറയിൽ അറ്റാച്ച് ചെയ്ത ഗ്ലാസ് തന്നെ.

പുതിയതായി ലെൻസ്‌  വാങ്ങുന്നവർക്ക് അവർ വാങ്ങുന്ന ലെൻസ്‌ കൊണ്ടു എന്തു തരം ഫോട്ടോഗ്രാഫിയാണ് ചെയ്യാൻ പറ്റുക എന്നു അറിയുന്നത് നന്നായിരിക്കും.

ഇവിടെ 5 തരം ലെൻസുകളും അവയിൽ എടുക്കാൻ പറ്റിയ ഫോട്ടോഗ്രാഫിയും ഒന്നു ചെറുതായി വിവരിക്കാം.

1. ഫിഷ് ഐ ലെൻസ്‌( fisheye,or. ultra wide )
 
8mm മുതൽ 24mm വരെയുള്ള ലെന്സുകൾക്ക് ultra വൈഡ്  ലെൻസ് എന്നു പറയും.
ഈ ലെൻസുകൾ ഉപയോഗിക്കുന്നത് Panoramic shots, cityscapes, landscape, real estate, abstract എന്നീ ഫോട്ടോഗ്രാഫിക്ക് വേണ്ടിയാണ്‌.

ഗുണങ്ങൾ: വൈഡ് വ്യൂ കിട്ടും, കുറഞ്ഞ സ്ഥലത്തു നിന്നും വലിയ ഫ്രൈയിം നല്കും.
*great lens for abstract photography!

ദോഷം: Very specific uses, not great for portraits.
Major line distortion.

2. വൈഡ് ആംഗിൾ ലെൻസ്‌(wide angle )

24 മുതൽ35mm വരെയുള്ള ലെൻസുകളാണ് വൈഡ് ആംഗിൾ ലെൻസ്‌.
ഈ ലെൻസുകൾ ഉപയോഗിക്കുന്നത് Interiors, landscapes, architecture, forest photography. എന്നിവയ്ക്കാണ്.

ഗുണങ്ങൾ:  ലൈറ്റ് വെയ്റ്റ്,  കൂടുതൽ ഡെപ്ത് ഫീൽഡ്, കൂടുതൽ ഫോക്കസ് ഏരിയ കിട്ടും ഫോട്ടോക്ക്.

ദോഷം: ഫോട്ടോയ്ക്ക് ഡിസ്‌ട്രോഷൻ ഉണ്ടാകും .( പോസ്റ്റ് പ്രോസ്സസിങിൽ പെട്ടെന്ന് ശരിയാക്കാവുന്നതെ ഉള്ളു)

3. സ്റ്റാൻഡേർഡ് പ്രൈം (standerd prime)
 
23,28,35,50,85,130,200,300,etc. എന്നിവയാണ് പ്രൈം ലെൻസുകൾ എന്നു പറയുന്നത്. ഇത് സൂം ചെയ്യാൻ പറ്റില്ല  ഫിക്സെഡ് ഫോക്കൽ ലെങ്ത് ആയിരിക്കും.ഈ ലെൻസുകൾ ഉപയോഗിക്കുന്നത് Portraits, weddings, street/documentary photography.എന്നീ ഫോട്ടോഗ്രാഫിക്ക് വേണ്ടിയാണ്.

ഗുണങ്ങൾ: ഷാർപർ ഇമേജ്, ലൈറ്റ് വെയ്റ്റ്, ബെറ്റർ ലോ ലൈറ്റ്, best for ലാൻഡ്‌സ്കേപ്പ്,പോർ്‌ട്രേറ്റ്.

ദോഷം: ഫിക്സെഡ് സൂം. ( സൂം ചെയ്യാൻ പറ്റില്ല) മറ്റു അവിശ്യങ്ങൾക്ക് കൂടുതൽ ലെന്സ് കയ്യിൽ കരുതണം.

4. മാക്രോ ലെൻസ്‌.( macro lens)

50 മുതൽ 200 mm വരെ റേഞ്ചിൽ ഇത് ലഭ്യമാണ്. മാക്രോ ലെന്സ് കൊണ്ട് Ultra detailed photography (rings, nature.) എന്നിവയ്ക്കാണ് ഉപയോകിക്കുക.
 
ഗുണഗണങ്ങൾ:  സബ്ജെക്റ്റിന്റെ ഡീറ്റെയിൽഡ് വളരെ വ്യക്തമായി കിട്ടും, ചെറിയ സബ്ജെക്റ്റുകളെ അതിന്റെ 5×തവണ വലുതായി മഗ്നിഫൈ ചെയ്യാൻ പറ്റും .ബെസ്റ്റ് കോളിറ്റിയായിരിക്കും ഫോട്ടോ.

ദോഷങ്ങൾ: ലിമിറ്റഡ് യൂസ് ആണ്. മറ്റു താരം ഫോട്ടോഗ്രാഫിക്ക് ഇത് അനുയോജ്യമല്ല.  വില വളരെ കൂടുതൽ ആണ്. ചിലപ്പോൾ ഫോക്കസ് issues വരാറുമുണ്ട്.

5. ടെലിഫോട്ടോ ലെൻസ്‌  (telephoto)

100 mm മുതൽ സ്റ്റാർട്ടിങ് ഉണ്ട്. Sports, wildlife, astronomy.എന്നിവക്ക് വേണ്ടി പ്രതേകം രൂപകൽപ്പന ചയ്തതാണ് ഈ ടെലിഫോട്ടോ ലെൻസുകൾ...70 300, 100 400, 150 600, 200 500, etc ഇവയെല്ലാം ടെലിഫോട്ടോ ലെൻസുകളാണ്.

ഗുണങ്ങൾ: മൂവ് ചെയ്യാതെ ഒറ്റ പൊസിഷനിൽ ഇരുന്നു കൊണ്ടു തന്നെ ദൂരയുള്ള സബ്ജെക്റ്റിനെ ഫ്രെയിമിലാക്കാം. അത് പോലെ നല്ല ബ്ലെറി ബാക്ഗ്രൗണ്ട് ഉള്ള ഫോട്ടോയും എടുക്കാം.

ദോഷം: വളരെ വില കൂടിയതും ഹെവിയുമാണ്. ട്രൈപോഡ് അത്യാവിശ്യമാണ്.

ലെൻസുകൾ തിരെഞ്ഞെടുക്കുന്നത് തികച്ചും വ്യക്തിപരമാണ്.  നിങ്ങൾ നിങ്ങൾക്ക് അനുയോജ്യമായ ലെൻസുകളും ക്യാമറകളും തിരഞ്ഞെടുക്കുക്കുക.

Friday, 23 October 2020

DSLR ക്യാമറക്ക് ഒപ്പം നിൽക്കാൻ സ്മാർട്ട് ഫോൺ ക്യാമറക്ക് സാധിക്കുമോ..?

സ്മാർട്ട് ഫോൺ ക്യാമറകളുടെ മെഗാപിക്സൽ വലുപ്പം കണ്ട് അവ DSLR ക്യാമറകളുടെ ഒപ്പം നിൽക്കുമെന്ന തെറ്റിദ്ധാരണ ആരെങ്കിലും പുലർത്തുന്നുണ്ടെങ്കിൽ അവരെ ബോധ്യപ്പെടുത്താനാണ് ഈ കുറിപ്പ്.

  "drawing with light" എന്നാണ് photography എന്ന വാക്കിന്റെ അർത്ഥം. ഗ്രീക്ക് പ്രയോഗമായ ഫോസ് ഗ്രാഫിസിൽ നിന്നാണത് വന്നത്.  ഒരു ഫോട്ടോഗ്രാഫറുടെ പെൻസിലും കളറുകളുമെല്ലാം  പ്രകാശമാണ്.

      മൊബൈൽ ഫോൺ ക്യാമറകളിൽ ഉപയോഗിക്കുന്ന സെൻസറുകൾ വളരെ ചെറുതായതിനാൽ കുറഞ്ഞ പ്രകാശം  കൈകാര്യം ചെയ്യാനേ അവയ്ക്ക് സാധിക്കുകയുള്ളൂ. എന്നാൽ  DSLR ക്യാമറകളിൽ വലിയ സെൻസറുകൾ ഉപയോഗിക്കുന്നത് കൊണ്ട് വലിയ അളവിലുള്ള പ്രകാശം സ്വീകരിക്കുവാൻ സാധിക്കുന്നു.ഇത് കാരണം ചിത്രത്തിൻ്റെ ഗുണമേന്മ വർദ്ധിക്കുന്നു.മങ്ങിയ വെളിച്ചത്തിൽ പോലും വളരെ വ്യക്തമായ ചിത്രങ്ങൾ ലഭിക്കുന്നു.

       ഉദാഹരണമായി Samsung galaxy S9,S8,S7,S6 തുടങ്ങിയ ഫോണുകളുടെ സെൻസറിന്  5.5mm വീതിയും  4.1mm ഉയരവും ഉണ്ട്.Iphone 8 ൻ്റെ സെൻസറിന് 4.8mm വീതിയും 3.6mm ഉയരവുമാണുള്ളത്.

      എന്നാൽ Nikon DX സൈസിലുള്ള DSLR ക്യാമറകളിലെ സെൻസർ 24mm X 16mm വലുപ്പത്തിലും FX ഫോർമാറ്റ് ക്യാമറകളിലെ സെൻസറുകൾ 36mm X 24mm വലുപ്പത്തിലുമാണുള്ളത്. ഏകദേശം ഇതേ വലുപ്പം തന്നെയാണ് മറ്റു കമ്പനികളുടെ DSLR ക്യാമറകളിലെ സെൻസറുകൾക്കും ഉള്ളത്. വലുപ്പം കൂടിയ സെൻസറുകൾ ഉള്ള DSLR ക്യാമറകളെയാണ് ഫുൾ ഫ്രൈയിം കാമറകൾ എന്ന് വിളിക്കുന്നത്. ഏകദേശം 35mm ഫിലിമിൻ്റെ വലുപ്പമാണ് ഇത്തരം ക്യാമറകളുടെ സെൻസറുകൾക്ക് ഉണ്ടാവുക.

       Canon കമ്പനിയുടെ Full frime അല്ലാത്ത DSLR ക്യാമറകളുടെ സെൻസർ നിക്കോണിനെ അപേക്ഷിച്ച് അൽപം ചെറുതാണ്.ഓരോ ഡിജിറ്റൽ ക്യാമറയുടെയും സെൻസറിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന പ്രകാശ-സെൻസിറ്റീവ് ഏരിയയാണ് ഫോട്ടോസൈറ്റ്. പ്രകാശം ക്യാമറയിൽ പ്രവേശിച്ച് സെൻസറിൽ അടിക്കുമ്പോൾ, ഒരു ഇമേജ് സൃഷ്ടിക്കുന്നതിനായി പ്രകാശം പിടിച്ചെടുക്കുകയും ഡാറ്റ സൃഷ്ടിക്കുകയും ചെയ്യുന്ന പണിയാണ് ഇവർ ചെയ്യുന്നത്.ഫോട്ടോസൈറ്റുകളെ സാധാരണയായി പിക്സലുകൾ എന്ന് വിളിക്കുന്നുപ്രകാശത്തോട് പ്രതികരിക്കുന്ന ലക്ഷക്കണക്കിന് പിക്സലുകൾ ആണ് സെൻസറുകളിൽ ഉള്ളത്.

      ഒരു ക്യാമറ സെൻസറിൻ്റെ പ്രവർത്തനം:

(സങ്കീർണ്ണമായ സാങ്കേതിക വശങ്ങൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്)

ഏതൊരു കാഴ്ചയും നമുക്ക് അനഭവിക്കാൻ സാധിക്കുന്നത് പ്രകാശം  ഉള്ളത് കൊണ്ടാണ്.
ഒരേ സമയം തന്നെ കണികകളുടെയും, തരംഗത്തിന്റെയും സ്വഭാവം കാണിക്കുന്ന ഫോട്ടോണുകൾ എന്ന മൗലിക കണങ്ങൾകൊണ്ടാണ്‌ പ്രകാശം നിർമ്മിച്ചിരിക്കുന്നത്. 
പ്രകാശം ഒരു വസ്തുവിൽ തട്ടി പ്രതിഫലിക്കുമ്പോഴാണ്, ആ വസ്തുവിനെ നമുക്ക് കാണാനാകുന്നത്.
ഒരു വസ്തുവിൽ തട്ടി പ്രതിഫലിക്കപ്പെടുന്ന പ്രകാശം, ക്യാമറയുടെ മുന്നിലെ ലെൻസിലൂടെ കടന്ന് വന്ന്, ക്യാമറയുടെ പിന്നിലുള്ള ഒരു പ്രതലത്തിൽ ഒരു പ്രതിബിംബം സൃഷ്ടിക്കുന്നു. പ്രതിബിംബം വന്ന് വീഴുന്ന ഈ പ്രതലത്തെ സെൻസർ എന്ന് വിളിക്കുന്നു.

നമുക്ക് കാണാനാകാത്ത അതിസൂക്ഷ്മമായ ഫോട്ടോൺ കണങ്ങളുടെ പ്രവാഹമാണ് പ്രകാശം.
ഈ ഫോട്ടോണുകൾ ലെൻസ് വഴി കടന്ന് ക്യാമറ സെൻസറിൽ പതിക്കുന്നു. 
സെൻസറിൽ ഫോട്ടോണുകളെ തിരിച്ചറിയാൻ സാധിക്കുന്ന ലക്ഷക്കണക്കിന് പിക്സലുകളുണ്ട്. ഓരോ പിക്സലും, അതിലേക്ക് വന്ന് വീഴുന്ന, ഓരോ ഫോട്ടോണിനെയും വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നു. 
ഈ സിഗ്നലുകളെ പ്രൊസസ് ചെയ്താണ് കാമറ ഒരു ചിത്ര ഫയൽ നിർമ്മിക്കുന്നത്. 
വലിയ പിക്സലിൽ പ്രകാശം വന്ന് വീഴുമ്പോൾ കൂടുതൽ ഫോട്ടോണുകൾ ശേഖരിക്കപ്പെടുന്നു. പിക്സൽ ചെറുതായാലും പ്രകാശം കുറവായാലും ശേഖരിക്കപ്പെടുന്ന ഫോട്ടോണുകളുടെ അളവിൽ കുറവുണ്ടാകുന്നു.ഒരു മെഗാപിക്‌സൽ എന്നാൽ 10 ലക്ഷം പിക്സലുകൾ ആണ്. അപ്പോൾ 20 മെഗാപിക്സൽ എന്ന് പറയുമ്പോൾ 20 ദശലക്ഷം പിക്സലുകൾ ഉണ്ടാകും. 

ഇനി 20 മെഗാപിക്സൽ ഉള്ള, സ്മാർട്ട് ഫോൺ ക്യാമറയും, DSLR ക്യാമറയും, എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് നോക്കാം. 

 2 വ്യത്യസ്ത വലുപ്പത്തിലുള്ള ഗ്രൗണ്ടുകൾ മനസ്സിൽ കൊണ്ട് വരിക.
   ചെറിയ ഗ്രൗണ്ടിനേക്കാൾ 10 ഇരട്ടി വലുതാണ് വലിയ ഗ്രൗണ്ട്. 
       വെള്ളം ശേഖരിക്കാൻ ചെറിയ ഗ്രൗണ്ടിലും വലിയ ഗ്രൗണ്ടിലും നാം ഒരു ലക്ഷം ബക്കറ്റുകൾ വീതം വെക്കുന്നു. 
       വെക്കുന്ന ബക്കറ്റ്കളുടെ എണ്ണം തുല്യമാണെങ്കിലും, വലിയ ഗ്രൗണ്ടിൽ വെക്കുന്ന ബക്കറ്റുകളേക്കാൾ ചെറിയ ബക്കറ്റുകളേ, ചെറിയ ഗ്രൗണ്ടിൽ വെക്കാനാകു.
അത് കൊണ്ട് തന്നെ, വലിയ ഗ്രൗണ്ടിൽ ശേഖരിക്കപെടുന്ന വെള്ളത്തിൻ്റെ അളവ്, ചെറിയ ഗ്രൗണ്ടിലേതിനേക്കാൾ 10 ഇരട്ടി കൂടുതലായിരിക്കും. 
ഇത് തന്നെയാണ്, ക്യാമറകളിലും സംഭവിക്കുന്നത്. ചെറിയ സെൻസറിലെ, 20 ദശലക്ഷം പിക്സലുകളേക്കാൾ വലുതായിരിക്കും, വലിയസെൻസറിലെ 20 ദശലക്ഷം പിക്സലുകൾ.
അത് കൊണ്ട് തന്നെ, വലിയ സെൻസറിന് കൂടുതൽ ഫോട്ടോണുകളെ സ്വീകരിച്ച് ചിത്രം നിർമ്മിക്കാൻ സാധിക്കുന്നു. അതായത് മെഗാപിക്സൽ തുല്യമാണെങ്കിലും, ചിത്രത്തിലെ കുടുതൽ വിശദാംശങ്ങൾ, DSLR ക്യാമറയിൽ ലഭിക്കുന്നു.

       സ്മാർട്ട് ഫോണിൽ ആയാലും ഡി എസ് എൽ ആർ ക്യാമറകളിൽ ആയാലും വളരെ പ്രാധാന്യമുള്ള ഒരു ഭാഗമാണ് ലെൻസ്.
       ജീവജാലങ്ങളുടെ കണ്ണുകളുമായാണ് ലെൻസിനെ താരതമ്യം ചെയ്യാൻ സാധിക്കുക. ലെൻസുകൾക്ക് എത്രമാത്രം ഗുണമേന്മ ഉണ്ടോ ആ ഗുണമേന്മ ചിത്രങ്ങളിലും അനുഭവപ്പെടും.
        ഫോണിൽ ഉറപ്പിക്കപ്പെട്ട ചെറിയ ലെൻസുകളാണ്, സാധാരണയായി, സ്മാർട്ട്ഫോൺ ക്യാമറകളിൽ ഉപയോഗിക്കുന്നത്.
         ലെൻസുകളുടെ വലുപ്പം കുറയുമ്പോൾ ക്യാമറ സെൻസർലേക്ക് എത്തുന്ന പ്രകാശത്തിൻറെ അളവും കുറയുന്നു. 
         അതുപോലെ അകലെയുള്ള വസ്തുക്കളെ സൂം ചെയ്തു വലുതാക്കുന്നത്‌, ഡിഎസ്എൽആർ ക്യാമറകളിൽ ലെൻസുകൾ ഉപയോഗിച്ച് ആണെങ്കിൽ, സ്മാർട്ട് ഫോണിൽ സോഫ്റ്റ്‌വെയർ തന്ത്രങ്ങൾ ഉപയോഗിച്ചാണ്. 
          അതായത്, നമ്മുടെ കയ്യിലുള്ള ഒരു ഫോട്ടോയെ, ഫോട്ടോ എഡിറ്റിങ്ങ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് സൂം ചെയ്തു, അതിൽ നിന്നും ഒരു ഭാഗം, ക്രോപ്പ് ചെയ്ത് എടുക്കുന്നത് പോലെയാണ് സ്മാർട്ട് ഫോണിലെ ഡിജിറ്റൽ സൂം പ്രവർത്തിക്കുന്നത്.
           എന്നാൽ ഡി എസ് എൽ ആർ ക്യാമറകളിൽ അതിലുപയോഗിക്കുന്ന വിവിധതരം ലെൻസുകളെ അടിസ്ഥാനമാക്കിയാണ് ദൂരക്കാഴ്ച സാധ്യമാകുന്നത്. സൂം സംവിധാനമുള്ള ലെൻസുകൾ ഉപയോഗിച്ച് ദൂരെയുള്ള ഒരു വസ്തുവിനെ സെൻസറിലേക്ക്‌ എത്തിക്കുമ്പോൾ വളരെ ക്വാളിറ്റിയുള്ള ചിത്രം നമുക്ക് ലഭിക്കുന്നു.
       
സ്മാർട്ട് ഫോണിലെ ഡിജിറ്റൽ സൂം ഉപയോഗിച്ച് ദൂരെയുള്ള ഒരു വസ്തുവിനെ പകർത്തുമ്പോൾ വ്യക്തത കുറഞ്ഞ മങ്ങിയ ചിത്രമാണ് ലഭിക്കുക. കാരണം ഒരുതരം പറ്റിക്കൽ സൂമിംഗ്‌ ആണ്‌ സ്മാർട്ട് ഫോൺ ക്യാമറകൾ ചെയ്യുന്നത്.അതുപോലെ, കൂടിയ അപ്പേർച്ചർ ഉള്ള പ്രൈം ലെൻസുകൾ ഉപയോഗിച്ച് ചിത്രം പകർത്തുമ്പോൾ, സബ്ജക്ടിനെ മാത്രമായി, ഫോക്കസ് ചെയ്തെടുക്കാനും, subject അല്ലാത്ത ഭാഗങ്ങൾ Blur ചെയ്യാനും വളരെ എളുപ്പത്തിൽ ഡി എസ് എൽ ആർ ക്യാമറകളിൽ സാധിക്കുന്നു. 

         എന്നാൽ ഈയൊരു എഫക്ട് സ്മാർട്ഫോൺ നിർമാതാക്കളും രൂപപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട് വളരെ സങ്കീർണമായ ഒരു പ്രക്രിയയിലൂടെയാണ് സ്മാർട്ട് ഫോണിൽ ബാക്ക് ഗ്രൗണ്ട് ബ്ലർ ചെയ്യുന്നത്. ആ പ്രക്രിയക്കായി ഒന്നിലധികം ക്യാമറകൾ പോലും സ്മാർട്ട് ഫോണിൽ ഉപയോഗിക്കേണ്ടിവരുന്നു. 
        എന്നാൽ ഇത്തരത്തിലുള്ള Background Blur, ബൊക്കെ, എഫക്റ്റുകൾ ലഭിക്കുവാനായി ഡിഎസ്എൽആർ ക്യാമറകളിൽ, അപ്പേർച്ചർ കൂടിയ ലെൻസുകൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഫോട്ടോഗ്രഫിയെ ഒരു കലയായി മനസ്സിൽ കൊണ്ടുനടക്കുന്നവരെ തൃപ്തിപ്പെടുത്താൻ സ്മാർട്ട് ഫോൺ  ക്യാമറകൾക്ക് ഒരിക്കലും സാധിക്കില്ല. 

          കാരണം സ്മാർട്ട് ഫോൺ ക്യാമറയിൽ, ഫോട്ടോ എടുക്കുന്ന  ഒരാൾക്ക് വളരെ കുറഞ്ഞ സാധ്യതകളെ നിലനിൽക്കുന്നുള്ളൂ.സോഫ്റ്റ്‌വെയർ കൊണ്ടുള്ള ചില ഗിമ്മിക്കുകൾ മാറ്റിനിർത്തിയാൽ എടുക്കുന്ന ഫോട്ടോ എങ്ങനെ ആകണമെന്ന തീരുമാനിക്കുന്നത് ഏതാണ്ട് പൂർണമായി  സ്മാർട്ട് ഫോൺ തന്നെയാണ്.  എന്നാൽ dslr ക്യാമറകൾ ഒരു ഫോട്ടോഗ്രാഫർക്ക് അനന്തമായ സാധ്യതകളുടെ ഒരു ലോകം തന്നെയാണ്  തുറന്നിടുന്നത്. 

         ഒരു ദിവസം രാത്രി ആകാശത്തേക്ക് നോക്കി ഇരിക്കുമ്പോൾ നമ്മെ നോക്കി ചിരിക്കുന്ന പൂർണ്ണചന്ദ്രനെ നമ്മൾ കാണുകയാണ്.  നയനാനന്ദപരമായ ആ കാഴ്ചയെ ചിത്രീകരിക്കാൻ നമ്മൾ ആഗ്രഹിച്ചു.
      കയ്യിലുള്ള സ്മാർട്ട് ഫോൺ എടുത്തൊരു ഫോട്ടോയെടുത്തു. ആ ഫോട്ടോ നോക്കിയ നമ്മൾ നിരാശപ്പെടും. കാരണം നമ്മൾ കണ്ണുകൊണ്ട് കാണുന്ന ആ ചന്ദ്രനേയല്ല ഫോട്ടോയിൽ കിടക്കുന്നത്. മങ്ങിയ വൈറ്റ് ഡിസ്ക് മാത്രമേ കാണാനാകുന്നുള്ളൂ.
        ഇതേ ഫോട്ടോ ഡിഎസ്എൽആർ ക്യാമറയിൽ  ഓട്ടോ മോഡിൽ ഇട്ട്  പകർത്തുകയാണ് എങ്കിൽ കുറച്ചുകൂടി വലിയ വൈറ്റ് ഡിസ്ക് ആയിരിക്കും നമുക്ക് ലഭിക്കുക.
       അപ്പോഴാണ് നമ്മൾ ഐ എസ് ഓ യും ഷട്ടർ സ്പീഡും,അപ്പേർച്ചറും എത്രയാണെന്ന് ക്യാമറക്ക് പറഞ്ഞുകൊടുക്കുന്നത്‌.അങ്ങനെ ലഭിക്കുന്ന പൂർണ്ണചന്ദ്രന്റെ ഫോട്ടോ നമ്മൾ കണ്ണുകൊണ്ട് കണ്ടതിനേക്കാൾ അതിമനോഹരമായിരിക്കും.
        ഓരോ ദൃശ്യങ്ങൾക്കും അനുയോജ്യമായ ലെൻസുകൾ, അപ്പർച്ചർ, ഷട്ടർ സ്പീഡ്, ഐഎസ്ഒ  തുടങ്ങിയ ഫോട്ടോയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും ഫോട്ടോഗ്രാഫർക്ക് തീരുമാനമെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം, തുടങ്ങിയവ ഡി എസ് എൽ ആർ ക്യാമറകൾ നൽകുന്നു. 
        അതുകൊണ്ടു തന്നെ  ഒരു ഫോട്ടോഗ്രാഫർക്ക് തൻറെ കാഴ്ചകളെ വളരെ മനോഹരമായി സെൻസറിലേക്ക്‌ പകർത്തിയെടുക്കാൻ ഡി എസ് എൽ ആർ ക്യാമറകൾ ഉപയോഗിച്ച് സാധിക്കുന്നു.

എക്സ്പോഷർ(Exposure):

        ലളിതമായി പറഞ്ഞാൽ ഒരു Cameraയുടെ  സെൻസറിൽ   പതിക്കുന്ന പ്രകാശത്തിൻറെ അളവാണ് എക്സ്പോഷർ.
       എത്രമാത്രം വെളിച്ചം സെൻസറിലേക്ക് കടത്തിവിടണം എന്നതാണ് എക്സ്പോഷർ കൊണ്ട് ഉദ്ദേശിക്കുന്നത്.

എക്സ്പോഷർ കൂടിയാൽ വെളുത്തിരിക്കും എക്സ്പോഷർ കുറഞ്ഞാൽ ഇരുണ്ടു പോവുകയും ചെയ്യും. 
         കൃത്യമായ എക്സ്പോഷർ കിട്ടണമെങ്കിൽ സെൻസറിലേക്ക് പോകുന്ന പ്രകാശത്തെ നിയന്ത്രിച്ചു നിർത്തേണ്ടതുണ്ട്. 
            അതിനുവേണ്ടി അപ്പേർച്ചറും ഷട്ടർ സ്പീഡും ഉപയോഗിക്കുന്നു.

                        
അപെക്ചർ apecture

       നമ്മുടെ  കണ്ണുകൾ ഉദാഹരണമായെടുക്കാം.  റെറ്റിനയിലേക്ക് എത്തുന്ന പ്രകാശത്തെ കൃഷ്ണ മണിയാണ് നിയന്ത്രിച്ചു നിർത്തുന്നത്. പ്രകാശം കുറഞ്ഞ സമയത്തും കൂടുതലുള്ള സമയത്തും കണ്ണുകളുടെ ഒരു ക്ളോസപ്പ് ഫോട്ടോ എടുത്ത് കൃഷ്ണമണിയുടെ വലുപ്പം ഒന്ന് താരതമ്യം ചെയ്തു നോക്കൂ. 
       നല്ല പ്രകാശമുള്ള അവസരത്തിൽ കൃഷ്ണമണി  പരമാവധി ചുരുങ്ങി ചെറിയൊരു ദ്വാരത്തിലൂടെ പ്രകാശം കടത്തി വിടുകയും വെളിച്ചം കുറവുള്ള അവസരത്തിൽ കൃഷ്ണമണി പരമാവധി വികസിച്ച്, പരമാവധി പ്രകാശം റെറ്റിനയിൽ എത്തിക്കുകയും ചെയ്യുന്നു. 
         ഈയൊരു സംവിധാനം ക്യാമറയിൽ എത്തുമ്പോൾ അതിനെ അപ്പേർച്ചർ എന്ന് പറയുന്നു.
          ക്യാമറയുടെ ലെൻസിലേക്ക് എത്തിയ പ്രകാശം, ലെൻസിൻ്റെ പിറകുവശത്തുള്ള ഒരു ഡയഫ്രം കടന്നാണ് സെൻസറിലേക്ക് എത്തുന്നത്. 
       ഡയഫ്രം എത്രമാത്രം തുറക്കാൻ ആകുന്നുവോ അത്രയും പ്രകാശം കൂടുതലായി  സെൻസറിലേക്ക് എത്തുകയും, ഡയഫ്രം ചുരുങ്ങുമ്പോൾ  സെൻസറിലേക്ക് എത്തുന്ന പ്രകാശത്തിൻറെ അളവ് കുറയുകയും ചെയ്യുന്നു. 
         ഇങ്ങനെ പ്രകാശത്തെ സെൻസറിലേക്ക് എത്തിക്കുവാനായി, ഡയഫ്രം തുറന്നു തരുന്ന സുഷിരത്തെയാണ് അപ്പേർച്ചർ എന്ന് വിളിക്കുന്നത്. 
        അപ്പേർച്ചറിൻ്റെ  വികാസ തോത്  സൂചിപ്പിക്കുവാനാണ് f നമ്പറുകൾ ഉപയോഗിക്കുന്നത്. 
f നമ്പറുകൾ കൂടുതലാണെങ്കിൽ അപ്പേർച്ചർ കുറവാണെന്നും f നമ്പർ കുറവാണെങ്കിൽ അപ്പേർച്ചർ കൂടുതൽ ആണെന്നുമാണ് മനസ്സിലാക്കേണ്ടത്.
          അപ്പേർച്ചർ കൂടുതലുള്ള (അഥവാ f നമ്പർ കുറഞ്ഞ)ലെൻസുകൾ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾ നല്ല ബൊക്കെ എഫക്ട് സമ്മാനിക്കും.

                     
ഷട്ടർ സ്പീഡ്(Shutter Speed):

        അപ്പേർച്ചർ സംവിധാനം ലെൻസിൽ ആണെങ്കിൽ ഷട്ടർ സംവിധാനം ക്യാമറയിൽ ആണ് ഉള്ളത്.വെള്ളത്തെ തടഞ്ഞു നിർത്തുന്ന ഡാം ഷട്ടർ ഓർക്കുക. ഡാമിലുള്ള വെള്ളം ഷട്ടർ ഉപയോഗിച്ച് ആവശ്യാനുസരണം നിയന്ത്രിച്ച് മറുഭാഗത്തേക്ക് ഒഴുക്കി വിടാമല്ലോ. ഇവിടെ വെള്ളത്തിന്റെ സ്ഥാനത്ത് പ്രകാശത്തെ,  നിശ്ചിത സമയത്തിനുള്ളിൽ ഷട്ടർ തുറന്ന് സെൻസറിലേക്ക് ഒഴുക്കി വിടുന്നു. 
           സെൻസറിന് തൊട്ടുമുന്നിലായാണ് പ്രകാശത്തെ പൂർണ്ണമായി തടയുന്ന ഷട്ടർ ഉള്ളത്. പ്രകാശം കൂടുതൽ സമയം സെൻസറിലേക്ക് പതിച്ചാൽ ലഭിക്കുന്ന ചിത്രം എക്സ്പോഷർ  കൂടിയതും കുറഞ്ഞ സമയം സെൻസറിലേക്ക് പതിച്ചാൽ എക്സ്പോഷർ കുറഞ്ഞതും ആയിരിക്കും. 
           അതുകൊണ്ട്  സെൻസറിലേക്ക് പതിക്കുന്ന പ്രകാശത്തിൻറെ സമയം നിയന്ത്രിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഷട്ടർ സംവിധാനം ഉപയോഗിക്കുന്നത്. പ്രകാശത്തിന് സെൻസറിലേക്ക് കടന്നുവരാനുള്ള വാതിലാണ് ഷട്ടർ.
         സെൻസറിൻ്റെ അതേ വലിപ്പത്തിൽ, ചതുരാകൃതിയിലുള്ള ഒരു ഫ്രെയിമിലൂടെ തെന്നിനീങ്ങുന്ന പാളികളായാണ് ഷട്ടർ സംവിധാനിച്ചിരിക്കുന്നത്. മുകളിലും താഴെയുമായി രണ്ടുതരം പാളികളാണ്  ആധുനിക ക്യാമറകളിൽ കണ്ടുവരുന്നത്. 
          ഷട്ടർ സ്പീഡ് 1/16  എന്നുപറഞ്ഞാൽ ഒരു സെക്കൻഡിൻ്റെ പതിനാറിൽ ഒരംശം സമയം കൊണ്ട് ഷട്ടർ തുറന്നടയും.1/1000  എന്നു പറഞ്ഞാൽ സെക്കൻഡിൻ്റെ ആയിരത്തിലൊരംശം സമയംകൊണ്ട് ഷട്ടർ തുറന്നു അടയും.
          നമ്മൾ എടുക്കാൻ പോകുന്ന ചിത്രത്തിലെ സബ്ജക്ടിനെ  പരിഗണിച്ചുകൊണ്ടാണ് ഷട്ടർ സ്പീഡ് നിയന്ത്രിക്കേണ്ടത്. ഉദാഹരണമായി ചലനം ഉള്ള ഒരു വസ്തുവിനെ പകർത്തുമ്പോൾ കുറഞ്ഞ ഷട്ടർ സ്പീഡ് ഉപയോഗിച്ചാൽ Blur  ആയ ഔട്ട്പുട്ട് ആണ് നമുക്ക് ലഭിക്കുക. 
                          
                         
ISO:

        എക്സ്പോഷർ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് ISO. 
         ക്യാമറയുടെ സെൻസറിന് പ്രകാശത്തോട് പ്രതികരിക്കാൻ എത്രത്തോളം കഴിവുണ്ട് എന്ന കാര്യമാണ് ISO കൊണ്ട് ഉദ്ദേശിക്കുന്നത്. ലൈറ്റ് സെൻസിറ്റിവിറ്റി എന്നാണ് സെൻസറിൻ്റെ ഈ കഴിവിനെ വിളിക്കുന്നത്.
         ലൈറ്റ് സെൻസിറ്റിവിറ്റി അളക്കുന്ന യൂണിറ്റ് ആണ് ISO. ഉയർന്ന ISO ഉണ്ടെങ്കിൽ മങ്ങിയ വെളിച്ചത്തിൽ പോലും നല്ല തെളിച്ചമുള്ള ഫോട്ടോ നമുക്ക് ലഭിക്കും.
           വെളിച്ചകുറവുള്ള അവസ്ഥയിലാണെങ്കിൽ പോലും, ഒരു പരിധിയിലധികം ISO വർദ്ധിപ്പിച്ചാൽ  ചിത്രത്തിൽ Grains അഥവാ Noice കയറി ക്വാളിറ്റി നഷ്ടപ്പെടും.

മികച്ച പ്രൊസസ്സർ ശേഷിയുള്ള ഒരു കമ്പ്യൂട്ടറിനോട് കിടപിടിക്കാൻ സ്മാർട്ട് ഫോണിന് ആകുമെന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കിൽ അത് എത്രത്തോളം വിഡ്ഢിത്തമാണോ, അതുപോലെതന്നെയാണ് ഡിഎസ്എൽആർ ക്യാമറകളോട്  തുല്യമാകാൻ, mega pixel കൂടിയ സ്മാർട്ട്ഫോൺ ക്യാമറകൾക്ക് സാധിക്കുമെന്ന് തെറ്റായി മനസ്സിലാക്കുന്നത്.

       സ്മാർട്ട് ഫോണുകൾക്ക് DSLRനെ അപേക്ഷിച്ച് മേന്മകളുണ്ട്. കീശയിൽ ഒതുങ്ങുന്നതുകൊണ്ട് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.  24 മണിക്കൂറും ലൈവ് ആയ അവസ്ഥയിലാണ് ഫോൺ ക്യാമറകൾ ഉള്ളത്. അതുകൊണ്ടുതന്നെ വളരെ വേഗത്തിൽ നമ്മുടെ കണ്മുന്നിൽ ഉള്ള ഒരു ദൃശ്യം പകർത്താൻ സഹായിക്കുന്നു. എളുപ്പത്തിൽ ചിത്രം പകർത്താനും അത് എഡിറ്റ് ചെയ്യാനും  സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യുവാനും സ്മാർട്ട് ഫോണുകൾ കൊണ്ട് സാധിക്കും.

          ഇങ്ങനെയൊക്കെയാണെങ്കിലും Mega Pixel  വളരെയധികം വർധിപ്പിച്ച് DSLR ക്യാമറകൾക്ക് സമാനമായ Quality ലഭിക്കുമെന്ന് സ്മാർട്ട് ഫോൺ കമ്പനികൾ അടക്കം ആളുകളെ തെറ്റിദ്ധരിപ്പിച്ച് തുടങ്ങിയിരിക്കുന്നു. അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടവർക്ക് മനസ്സിലാക്കാൻ  വേണ്ടിയാണ്  ഇത്   തയ്യാറാക്കിയിരിക്കുന്നത്. അല്ലാതെ സ്മാർട്ട്ഫോൺ ക്യാമറകളെ തരംതാഴ്ത്തി അവതരിപ്പിക്കുവാനല്ല.

Tuesday, 20 October 2020

ആഫ്രിക്കൻ ഗ്രേ പാരറ്റ്..

ആഫ്രിക്കൻ ഗ്രേ പാരറ്റ്. പേരിൽ തന്നെ ജൻമ്മനാടുള്ള സുന്ദരീ സുന്ദരൻമ്മാർ. പരിശീലിപ്പിച്ചാൽ 6 മാസം കൊണ്ട് മനുഷ്യരെപ്പോലെ സംസാരിക്കാനും 400 ഓളം വാക്കുകൾ മനസിൽ സൂക്ഷിക്കാനും കഴിവുള്ള വിരുതർ.


പക്ഷികളിലെ മിമിക്രിക്കാർ. ചുറ്റുപാടുള്ള ഏത് ശബ്ദവും അനുകരിക്കാനുള്ള വിസ്മയിപ്പിക്കുന്ന കഴിവ്. എപ്പോഴും വിശ്വസിക്കാവുന്ന സ്വഭാവം അവഗണിച്ചാൽ പ്രതികരണമെന്നതു പോലെ തൂവൽ കൊതിപൊഴിക്കുന്ന സ്വഭാവം.
ആറാം വയസിൽ പ്രായപൂർത്തിയാവുന്ന ഇവർക്ക് മുളപ്പിച്ചതോ കുതിർത്തിയതോ ആയ ധാന്യങ്ങളും പഴങ്ങളും തന്നെയാണ് മുഖ്യതീറ്റ . സുര്യകാന്തിക്കുരു ഏറെ പ്രിയമുള്ളവരാണ് . ഇത് അധികം നൽകിയാൽ തൂവൽ ഭംഗി മങ്ങി പോവാൻ സാധ്യതയുണ്ട് എന്ന് ബ്രീഡർമ്മാർ പറയുന്നു.
ഇവയുടെ ആയുസ് 50 വർഷം വരെയാണ്. ആൺ പെൺ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തണം. ഹാൻഫീഡ് ചെയ്ത് ഇണക്കി വിൽക്കുന്ന കച്ചവടക്കാരുണ്ട്. ഇണങ്ങിയ പാരറ്റിന് കഴിവ് അനുസരിച്ച് മോഹവിലയാണ്. ഹാൻഫീഡ് കുട്ടികൾക്ക് പ്രായമനുസരിച്ച് 26000 മുതൽ വില തുടങ്ങുന്നു. ഇണക്കമില്ലാത്ത ഒരു ജോടി ഗ്രേ പാരററിന് ഡിഎൻഎ പേപ്പറിന്റെ പഴമ അനുസരിച്ച് 45000 മുതൽ വില വരുന്നു

Sunday, 18 October 2020

എന്തുകൊണ്ടാണ് എയ്ഡ്സിന് മരുന്ന് കണ്ടു പിടിക്കാൻ സാധിക്കാത്തത്..?

എയ്ഡ്സിന് ഫലപ്രദമായ  വാക്സിൻ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എങ്കിലും ഗവേഷകർ അതിനായുള്ള തീവ്രശ്രമത്തിലാണ്. ഒന്നുമുതൽ രണ്ട് മില്യൺ ആളുകൾ ഒരുവർഷം എയ്ഡ്സ് കാരണം മരണമടയുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. എയ്ഡ്സ് വൈറസുകളുടെ കോപ്പികൾ ഉണ്ടാവുമ്പോൾ സംഭവിക്കുന്ന വലിയ തോതിലുള്ള മ്യൂട്ടേഷനുകൾ ആണ് ഫലപ്രദമായ വാക്സിനുകൾ കണ്ടെത്തുന്നതിൽ നിന്നും ഗവേഷകരെ തടയുന്നത്. ആർ എൻ എ ജനിതകവസ്തു ആയ വൈറസ് ആണ് എയ്ഡ്സ് വൈറസ്. എയ്ഡ്സ് വൈറസുകൾക്ക് റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് (reverse transcriptase) എന്നൊരു എൻസൈം ഉണ്ട്.  

ട്രാൻസ്ക്രിപ്ഷൻ എന്നത് ഡി എൻ എയിൽ നിന്നും ആർ എൻ എ കോപ്പി ഉണ്ടാക്കുന്നതാണ്. ഈ ആർ എൻ എ കോപ്പിയിൽ നിന്നും റൈബോസോമുകൾ പ്രോട്ടീൻ ഉണ്ടാക്കുന്നു. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ എന്നാൽ ആർ എൻ എ എന്നത് ഡി എൻ ആയി മാറുന്നു. .അതായത് എയ്ഡ്സ് വൈറസിന്റെ റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് എൻസൈം അതിന്റെ ആർ എൻ എയെ ഡി എൻ എ ആയി കോപ്പി ചെയ്യുന്നു. ഈ ഡി എൻ എയെ നമ്മുടെ കോശങ്ങളിലെ ന്യൂക്ലിയസ്സിലുള്ള ഡി എൻ എയിൽ തുന്നിച്ചേർത്തുവെക്കാനുള്ള ഇന്റെഗ്രേസ് (integrase) എന്നൊരു എന്സൈമും എയ്ഡ്സ് വൈറസിനുണ്ട്. അപ്പോൾ നമ്മുടെ കോശങ്ങൾ വൈറസിന്റെ ഈ ഡി എൻ എയെ നമ്മുടേത് ആയി കരുതി അതിനെ ട്രാൻസ്ക്രിപ്ഷൻ വഴി ആർ എൻ ആയും, തുടർന്ന് പ്രോട്ടീനുകളും ആക്കുന്നു. അങ്ങനെ ഈ ആർ എൻ എയെ പൊതിഞ്ഞ് എയ്ഡ്സ് വൈറസിന്റെ പ്രോട്ടീനുകൾ വരുകയും അങ്ങനെ വൈറസിന്റെ പുതിയ നിരവധി കോപ്പികൾ ഉണ്ടാവുകയും ചെയ്യുന്നു.  
നമ്മുടെ കോശങ്ങൾ വിഘടിക്കുമ്പോൾ ഡി എൻ എ യെ കോപ്പി ചെയ്യുന്നത് വളരെ കൃത്യതയോടെയാണ്.  ഒരു ബില്യൺ ഡി എൻ എ ബേസുകളെ കോപ്പി ചെയ്യുമ്പോൾ വെറും ഒരു തെറ്റുമാത്രമാണ് സംഭവിക്കുന്നത്. കോപ്പി ചെയ്യുമ്പോൾ തെറ്റ് പറ്റി മ്യൂട്ടേഷൻ സംഭവിക്കുന്നോ എന്ന് പരിശോധിക്കാൻ എൻസൈമുകൾ ഉണ്ട്. 

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് എൻസൈം ആർ എൻ എയെ ഡി എൻ എ ആയി കോപ്പി ചെയ്യുന്നത് ചെക്ക് ചെയ്യാതെ നടക്കുന്ന ഒരു പ്രക്രിയയാണ്. അതിനാൽ തന്നെ ഇത് നിരവധി മ്യൂട്ടേഷനുകളുള്ള ഡി എൻ എ ആയി മാറുന്നു. ഈ മ്യൂട്ടേഷൻ സംഭവിച്ച വൈറസിന്റെ ഡി എൻ എ നമ്മുടെ ഡി എൻ എ യിൽ ചേർന്ന് പ്രോട്ടീനുകൾ ഉണ്ടാക്കുമ്പോൾ പഴയ പ്രോട്ടീനുകൾക്ക് പകരം ചെറിയ വ്യത്യാസമുള്ള പ്രോട്ടീനുകൾ ആയിരിക്കും ഉണ്ടാവുന്നത്. അപ്പോൾ ഗവേഷകർ വാക്സിനുകൾക്കായി ഒരു പ്രോട്ടീൻ ടാർഗറ്റ് ചെയ്യുമ്പോൾ പുതിയതായി കോപ്പി ചെയ്ത് വരുന്ന എയ്ഡ്സ് വൈറസുകളിൽ ആ പ്രോട്ടീന് പകരം വ്യത്യാസം ഉള്ള മറ്റൊന്നായിരിക്കും കാണുക. ഇത് എയ്ഡ്സ് വൈറസിനെതിരെയുള്ള വാക്സിനുകളുടെ നിർമിതിയിൽ പരിമിതികൾ ഉണ്ടാക്കുന്നു.

Saturday, 17 October 2020

ചൊറിയണം തൊട്ടാൽ ചൊറിയും .പക്ഷെ കഴിച്ചാൽ ചൊറിയില്ല..

ചൊറിയണം./ ആന ചൊറിയണം/ ആനത്തുമ്പ / കൊടിത്തുവ
ചൊറിയണം തൊട്ടാൽ ചൊറിയും .പക്ഷെ, കഴിച്ചാൽ ചൊറിയില്ല. ഇത് കളയല്ല.ചൊറിയണം ഒരേ സമയം ഔഷധിയാണ്.ഇലക്കറിയാണ്.ചൊറിയണം തൊടാത്ത / ചവിട്ടാത്ത കുട്ടിക്കാലം ആർക്കുമുണ്ടാകാൻ തരമില്ല. കുട്ടികൾ പരസ്പരം വഴക്കിടുമ്പോൾ ചില വിരുതന്മാർ ചൊറിയണത്തിൻ്റെ ഇല പറിച്ച് കൈയ്യിൽ തേച്ച് ഓടി കളയും. ടീച്ചറിനോട് പരാതി പറഞ്ഞു അടിവാങ്ങി കൊടുത്ത കഥ ചിലർക്കെങ്കിലും ഓർക്കാനുണ്ടാകും.


നാട്ടിൻ പുറങ്ങളിൽ സുലഭമായി കാണപ്പെടുന്നു. മഴക്കാലത്ത് നന്നായി വളരും. കർക്കിടകം ചൊറിയണത്തിൻ്റേതു കൂടിയാണ്. ചെറു ചെടിയാണ്.
തലവേദന, മൈഗ്രൈൻ എന്നിവയുടെ ഒറ്റമൂലിയാണ് കൊടിത്തുവ. 
വർഷത്തിൽ 300 ദിവസവും മൈഗ്രൈൻ കൊണ്ട് പുളഞ്ഞപ്പോൾ, ഒറ്റമൂലിയായെത്തിയത് കൊടിത്തുവ ചെന്നി കുത്തിനെ പൂ പോലെ ഒരു നിമിഷം കൊണ്ട് പറിച്ചെടുത്തത്. സൂര്യോദയത്തിൽ സൂര്യനഭിമുഖമായിരുന്ന് ചെയ്യേണ്ട ഒന്നാണ്‌ കൊടിഞ്ഞി വിലക്ക്. ഇലകൾ ഒരു തരം ഭസ്മത്തിൽ പൂശി നെറ്റിമേൽ പലവട്ടം അങ്ങോട്ടുമിങ്ങോട്ടും തേയ്ക്കുന്ന പ്രക്രിയയാണ് കൊടിഞ്ഞി വിലക്ക്.

ചൊറിയണം രക്തം ശുദ്ധീകരിയ്ക്കുന്നു. സമൂലം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി. ചർമ്മ രോഗമായ എക്സ് മിയ്ക്ക്
ഉത്തമമാണ്.സമൂലം അരച്ചുപുരട്ടിയാൽ മതിയാകും.നര മാറ്റാനും നന്ന്. വെളിച്ചെണ്ണ കാച്ചിതേച്ചു കുളിയ്ക്കണം. മുടി കൊഴിച്ചിൽ മാറികിട്ടും. ദഹനരസം, പിത്തരസം എന്നിവയുടെ ഉല്പാദനം സുഗമമാക്കും. കൊഴുപ്പ് കരിച്ചു കളയുന്നു. തടി കുറയ്ക്കാൻ ഉതകും. ഇരുമ്പിൻ്റെ അംശം വളരെ കൂടുതൽ ഉള്ളത് കൊണ്ട് അനീമിയയ്ക്കു ഒരു നല്ല പ്രതിവിധിയാണ്. ധാതുക്കളുടെ ഒരു കലവറ തന്നെയാണ് ചൊറിയണം. വാതം ശമിപ്പിക്കും. മാസമുറ പ്രശ്നങ്ങൾ പരിഹരിക്കും. വേര്, തണ്ട്, പൂവ് എന്നിവയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ മതി.

ചൊറിയണം തോരൻ രുചികരമാണ്, ചീര കൊണ്ടുള്ള എല്ലാ പ്രയോഗങ്ങളും ഇരു കൊണ്ടുമാകാം.പരിപ്പിട്ട് കറി വയ്ക്കാം. മോരു കറി ഉണ്ടാക്കാം. മൊളോഷ്യമാകാം. തേങ്ങ പാൽ ഒഴിച്ചുള്ള കറി സ്വാദിഷ്ടമാണ്. കൈകളിൽ വെളിച്ചെണ്ണ നന്നായി പുരട്ടി വേണം ഇലകൾ പറിച്ചെടുക്കാൻ .അല്ലെങ്കിൽ ചൊറിച്ചിൽ അനുഭവപ്പെടും. പാചകത്തിനു മുമ്പായി കഴുകി വൃത്തിയാക്കിയ ഇലകൾ 10 മിനിട്ടു നേരം ചൂടുവെള്ളത്തിൽ മുക്കി വയ്ക്കണം. പിന്നെ ചൊറിയില്ല' കഴിയ്ക്കമ്പോൾ നാവോ തൊണ്ടയോ കൈയ്യോ ചൊറിയില്ല രുചിയോടെ സുഖമായി കഴിക്കാൻ പറ്റും. കർക്കിടകത്തിലെ പത്തില കറി, പത്തില തോരൻ, പത്തില കഞ്ഞി എന്നിവയിലെ ഒരില ചൊറിയണമാണ്. 

നാട്ടുവൈദ്യത്തിലും ആയ്യുർവേദത്തിലും ഔഷധമായി നന്നായി ഉപയോഗിച്ചു വരുന്നു. ശരിയ്ക്കും പറഞ്ഞാൽ ചൊറിയണം നമ്മുടെ കൂടപ്പിറപ്പാണ്. ആപത്തിൽ സഹായിക്കും.

Wednesday, 14 October 2020

ശതാവരി..(Asparagus racemoses wild)



അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി.   സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു.   അസ്പരാഗസ് റസിമോസസ് (Asparagus  Racemosus Wild) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തില്‍ പെട്ടതാണ്.   ഇംഗ്ലീഷില്‍അസ്പരാഗസ് (Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.   ശതാവരി, നാരായണി,സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം.    ഇലകള്‍ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്.  മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു.   വെളുത്ത പൂവുകള്‍ നിറയെ ഉണ്ടാകും.  സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി.   രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യവുമാണ് ശതാവരി.  നല്ലൊരു ദഹനൗഷധിയാണ് ശതാവരി. 


കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്, അപസ്മാരം, അര്‍ശ്ശസ്,ഉള്ളംകാലിലെ ചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്. 

കാത്സ്യം,  ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനുംഅള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു.    ‌

ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായുംഉപയോഗിക്കാം.             

മഞ്ഞപിത്തം,രക്തപിത്തം:  ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത്കഴിക്കുക.                

ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടിചേര്‍ത്ത് പുരട്ടുകയും  കഴിക്കുകയും  ചെയ്യുക.  

പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്.  ശരീരപുഷ്ടിക്കും മുലപ്പാല്‍വര്‍ദ്ധിക്കുന്നതിനും നല്ലതാണ്.   മുലപ്പാല്‍ ഉണ്ടാകാന്‍: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര്പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക.   

കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.

പുളിച്ചുതികട്ടല്‍, വയറു വേദന: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത്അത്രതന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.

വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചില്‍എന്നിവ ശമിക്കും.            

ശരീരത്തിന് കുളിര്‍മ്മ നല്കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു.

വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും.   വാതരോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്.   

സ്ത്രീകളില്‍ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.

15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും. 

ശതാവരി കിഴങ്ങ് അടങ്ങിയ പ്രധാന ഔഷധങ്ങള്‍ സാരസ്വതാരിഷ്ടം മഹാചന്ദനാദി തൈലം,പ്രഫംജനം കുഴമ്പ്, അശോകഘൃതം, വിദര്യാദി കഷായം.

വാരങ്ങള്‍‍ തയ്യാറാക്കി 2 അടി അകലത്തില്‍‍ കുഴികളെടുത്ത് ചാണകപ്പൊടി ചേര്‍ത്തിളക്കിപുതുമഴയോടെ തൈകള്‍ നടാം.  ഈ കൃഷിക്ക് 2 വര്‍ഷത്തെ കാലദൈര്‍ഘ്യമുണ്ട്.  ഒരു വര്‍ഷംകഴിയുമ്പോള്‍‍ കിഴങ്ങ് മാന്തി വില്‍ക്കാം.  വീണ്ടും കിഴങ്ങ് പൊട്ടി വളരും..

Thursday, 8 October 2020

ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ്..

ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് രാജാ റാംമോഹൻ റോയിയുടെ ജനിച്ചത് 1772 മേയ് 22 -നായിരുന്നു. സമൂഹത്തിലെ അനീതികൾക്കെതിരെ പൊരുതിയ അദ്ദേഹം ഇന്ത്യയ്ക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. കാലത്തിന് മുന്നേ സഞ്ചരിച്ച ആ ബഹുമുഖപ്രതിഭ സതി, ബാലവിവാഹം തുടങ്ങിയ സമ്പ്രദായങ്ങളെ എതിർത്തിരുന്നു. ഒരു ബ്രാഹ്മണനായി  ജനിച്ച അദ്ദേഹം ജാതിവ്യവസ്ഥിതിക്കെതിരെ പോരാടി എന്നത് സഹജീവികളോട് അദ്ദേഹത്തിനുണ്ടായിരുന്ന നിസ്സീമമായ കരുണയുടെ തെളിവാണ്. മനുഷ്യരെല്ലാം ഒന്നാണെന്നുള്ള മഹത്തായ ദർശനം അദ്ദേഹം തന്റെ ജീവിതത്തിലൂടെ ഉയർത്തി കാട്ടി. 1831 -ൽ മുഗൾ ചക്രവർത്തി അക്ബർ രണ്ടാമനാണ് അദ്ദേഹത്തിന് ബഹുമാനാർത്ഥം ‘രാജ’ എന്ന പദവി നൽകിയത്.


1772 മെയ് 22 -ന് ബംഗാളിലെ ഹൂഗ്ലിയിലെ ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് രാം മോഹൻ റോയ് ജനിച്ചത്. സംസ്കൃതം, പേർഷ്യൻ, അറബിക്, ഇംഗ്ലീഷ് എന്നിവ കൂടാതെ ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹത്തിന് അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെങ്കിലും, അദ്ദേഹം ധാരാളം യാത്ര ചെയ്‍തിരുന്ന, ഭാഷകളെ സ്നേഹിക്കുന്ന ഒരാളായിരുന്നു എന്നതിൽ സംശയമില്ല.  അദ്ദേഹം വേദവും, ബൈബിളും, ഖുർആനും ഒരുപോലെ വായിച്ചിരുന്നു. ഇത് അദ്ദേഹത്തിന് ജീവിതത്തെ കുറിച്ചും, ലോകത്തെ കുറിച്ചും വിശാലമായ ഒരു കാഴ്‍ച്ചപ്പാടുണ്ടാക്കാൻ സഹായിച്ചു. 

രാജാ റാം മോഹൻ റോയ് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ ഒരു പരിധിവരെ അനുകൂലിച്ചിരുന്നു. സാമൂഹ്യ പരിഷ്കരണവും, ആധുനിക വിദ്യാഭ്യാസ രീതിയും അദ്ദേഹത്തെ സ്വാധീനിച്ചു.  ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഒരു ജോലി കണ്ടെത്തിയ റോയ്, പിന്നീട് മുർഷിദാബാദിലെ അപ്പലേറ്റ് കോടതിയിലെ രജിസ്ട്രാറുടെ കൂടെ വർഷങ്ങളോളം സേവനമനുഷ്ഠിച്ചു.
ഉപനിഷത്തുകൾ വിവർത്തനം ചെയ്യുന്നതിനും ചർച്ച ചെയ്യുന്നതിനും രാം മോഹൻ റോയ് ആത്മസഭ എന്ന പേരിൽ ഒരു അസോസിയേഷൻ രൂപീകരിച്ചു. ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ചർച്ചകൾ 1828 -ൽ ദേബേന്ദ്രനാഥ ടാഗോറുമായി ബ്രഹ്മ സമാജം സ്ഥാപിക്കാൻ പ്രചോദനമായി. 

രാജാ റാം മോഹൻ റോയ് 1816 -ൽ ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‍കൂൾ ആരംഭിച്ചു. ഇന്ത്യൻ ഭാഷയിലെ ആദ്യത്തെ പത്രവും, ബംഗാളി ഭാഷാ വാരികയും അദ്ദേഹം ആരംഭിച്ചു. അദ്ദേഹം ഒരു ഹിന്ദുവായിരുന്നുവെങ്കിലും, തന്‍റെ മതത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും, അനാചാരങ്ങളെ കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. 

റോയിയും കുട്ടിക്കാലത്ത് തന്നെ വിവാഹിതനായി. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോൾ, അദ്ദേഹം വീണ്ടും വിവാഹിതനായി. കുട്ടിയായിരുന്ന അദ്ദേഹവും, ഭാര്യയും വിവാഹാബന്ധത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കാം. ഇതായിരിക്കാം അദ്ദേഹം ശൈശവ വിവാഹം എതിർക്കാനുള്ള കാരണവും. റോയിയുടെ ജ്യേഷ്ഠൻ ജഗ്മോഹന്റെ സംസ്‍കാരച്ചടങ്ങിൽ ജ്യേഷ്ഠന്റെ ഭാര്യയെ തീയിലേക്ക് തള്ളിയിട്ട സതിയെന്ന പ്രാകൃത ആചാരത്തിന് അദ്ദേഹം സാക്ഷിയായി. ഈ സംഭവം അദ്ദേഹത്തിന്റെ മനസ്സിനെ ആഴത്തിൽ സ്വാധീനിച്ചു. ഭർത്താവിന്റെ ശവസംസ്‍കാര വേളയിൽ സ്ത്രീകളെ സതി അനുഷ്‍ഠിക്കാന്‍ നിർബന്ധിക്കുന്നുണ്ടോ എന്നറിയാൻ റോയ് ശ്‍മശാനങ്ങൾ സന്ദർശിച്ചു. പല സ്ത്രീകളും സ്വന്തം ഇഷ്‍ടത്തോടെയല്ല സതിക്ക് ഒരുങ്ങുന്നത് എന്നറിഞ്ഞ അദ്ദേഹം അതിനെതിരെ പോരാടാൻ തീരുമാനിച്ചു. 

അദ്ദേഹത്തിന്റെ പോരാട്ടത്തിനൊടുവിൽ, ബംഗാൾ പ്രസിഡൻസി ഗവർണർ വില്യം ബെന്റിങ്ക് പ്രഭു 1829 ഡിസംബർ 4 -ന് സതി നിരോധിച്ചു. സതിക്കെതിരെ നടത്തിയ വിജയകരമായ പ്രചാരണത്തിനുശേഷം, രാജാ റാം മോഹൻ റോയ് ബാലവിവാഹം, പർദ്ദ സമ്പ്രദായം, സ്ത്രീധന സമ്പ്രദായം, ബഹുഭാര്യത്വം എന്നിവയ്‌ക്കെതിരെയും സമാനമായ പ്രചാരണ പരിപാടികൾ ആരംഭിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സ്ത്രീകൾ പോലും സംസാരിക്കാൻ മടിച്ചിരുന്ന ഒരു കാലഘട്ടത്തിൽ, അദ്ദേഹം അതിന് മുതിർന്നു എന്നത് അദ്ദേഹത്തിന്റെ പുരോഗമന ചിന്താഗതിയുടെ തെളിവാണ്. 

ഇന്ത്യൻ നവോത്ഥാന കാലഘട്ടത്തിൽ വിദേശ രാജ്യത്ത് സംസ്‌കരിച്ച ഒരേയൊരു സാംസ്‍കാരിക നേതാവായിരിക്കും അദ്ദേഹം. 1833 സെപ്റ്റംബർ 27 -ന് ഇംഗ്ലണ്ടിൽ മെനിഞ്ചൈറ്റിസ് ബാധിച്ച് അദ്ദേഹം മരിച്ചു. സ്റ്റാപ്ലെട്ടൺ ഗ്രോവിന്റെ മൈതാനത്താണ് അദ്ദേഹത്തെ ആദ്യം സംസ്‍കരിച്ചത്. ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം അദ്ദേഹത്തെ അടുത്തുള്ള അർനോസ് വേൽ സെമിത്തേരിയിൽ പുനർസംസ്‍കരിച്ചു. അവിടെ അദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും നിലനിൽക്കുന്നു. 
സാമൂഹ്യ പരിഷ്‍കാരങ്ങൾ, സതി, ബാലവിവാഹം എന്നിവ നിർത്തലാക്കാൻ പോരാടിയ റോയ്, 2004 -ലെ എക്കാലത്തെയും മികച്ച ബംഗാളിയായി ബിബിസി തെരഞ്ഞെടുത്തിരുന്നു. സത്യജിത് റേ, അമർത്യ സെൻ എന്നിവരെയെല്ലാം പിന്നിലാക്കിയാണ് അദ്ദേഹം ആ സ്ഥാനം നേടിയത്.

 നിരവധി ചരിത്രകാരന്മാർ അദ്ദേഹത്തെ ഇന്ത്യൻ നവോത്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളായിട്ടാണ് കാണുന്നത്. ഗോപാൽ കൃഷ്‍ണ ഗോഖലെ സ്നേഹത്തോടെ അദ്ദേഹത്തെ ‘ആധുനിക ഇന്ത്യയുടെ പിതാവ്’ എന്ന് വിളിക്കുകയുണ്ടായി. പിന്തിരിപ്പൻ പാരമ്പര്യങ്ങളോട് യോജിക്കാത്ത, അതിനെതിരെ ശബ്‌ദമുയർത്താൻ ധൈര്യപ്പെട്ട ഒരു നവോത്ഥന നായകനായിരുന്നു.

Wednesday, 7 October 2020

മഴ പലവിധത്തിൽ..

മഴയുണ്ടാവുന്നതിന് കാരണമാവുന്ന ഘടകങ്ങളനുസരിച്ച് പലതരം മഴകളുണ്ട്.cyclone എന്നറിയപ്പെടുന്ന ന്യൂനമർദ്ദ മേഖലയാണെങ്കിൽ അത്തരം മഴ ന്യൂനമർദ്ദമഴ(cyclonic rain) എന്നറിയപ്പെടുന്നു 

ന്യൂനമർദ്ദമഴ ഉണ്ടാവാൻ ചൂട് വായു ഉയർത്തപ്പെടുകയോ തണുത്ത വായു ഉയർത്തപ്പെടുകയോ ചെയ്യേണ്ടിവരും.ചൂടുള്ള വായു ഉയരുന്ന സ്ഥലത്തെ മഴ frontal rain എന്നും തണുത്ത വായു ഉയർത്തപ്പെടുന്ന മഴ non frontal rain എന്നും പറയുന്നു.

തണുത്ത വായു മേഖലയ്ക്ക് മേലെ ഇളം ചൂടുള്ള വായു പ്രവഹിക്കുന്നതു മൂലമുണ്ടാവുന്ന മഴ warm front rain എന്ന് പറയും.

തണുത്തതും സാന്ദ്രതയേറിയതുമായ പ്രദേശത്തുകൂടി ചൂടുള്ള ജലബാഷ്പം നിറഞ്ഞ വായു പ്രവഹിക്കുമ്പോൾ പെയ്യുന്ന മഴ സംവഹന മഴ(convective rain) എന്ന് പറയും.

ചില പ്രദേശങ്ങളെ മാത്രം കേന്ദ്രീകരിച്ചു പെയ്യുന്ന മഴയാണ് സംവഹന മഴ.പ്രദേശങ്ങളുടെ പ്രത്യേകതയനുസരിച്ച് നേർത്തതു മുതൽ കനത്ത മഴ ഏതുമാവാം.

സുതാര്യമായ മഞ്ഞുകണികകളുടെ മഴയാണ് Glaze.

 വെള്ളനിറത്തിലുള്ള ആതാര്യമായ മഞ്ഞു കണികകളോടു കൂടിയ മഴയാണ് Rime.

സങ്കീർണമായ മഞ്ഞു കണികളുടെ മഴയാണ് Snow.

ഐസ് ഗോളങ്ങൾ മഴയായി പെയ്യുന്നതാണ് Hail.

മഴത്തുള്ളി തണുത്തുറഞ്ഞ് അതേ രൂപത്തിൽ പെയ്യുന്ന മഴയാണ് Sleet

പർവതങ്ങൾ മഴമേഘങ്ങൾക്ക് തടസ്സം സൃഷ്ടിച്ച പെയ്യുന്ന മഴയാണ് പാർവതജന്യമഴ(orographic precipitation)


മഴത്തുള്ളിയുടെ വലുപ്പം വ്യാസമായി പ്രതിപാദിക്കുമ്പോൾ ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്ന് മുതൽ അര മില്ലിമീറ്റർ വരെ (0.1mm to 0.5mm). ഈ മഴയെ Drizzle എന്ന് പറയും.

Saturday, 3 October 2020

സമാന്തര പ്രപഞ്ചം (parallel universe) ഉണ്ടോ..?

എന്താണ് സംഭവിച്ചത്..?

ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഒരു പരീക്ഷണത്തെക്കുറിച്ച് ന്യൂ സയന്റിസ്റ്റിന്റെ റിപ്പോർട്ട് പുറത്തുവന്ന
ശേഷമാണ് ഇതെല്ലാം ആരംഭിച്ചത് . 37 കിലോമീറ്റർ ഉയരത്തിൽ അന്റാർട്ടിക്കയിൽ സഞ്ചരിച്ച ഭീമാകാരമായ ബലൂണിലേക്ക് ഘടിപ്പിച്ചിരിക്കുന്ന റേഡിയോ ആന്റിനകൾ അടങ്ങുന്ന ഒരു ദൂരദർശിനിയാണ് അന്റാർട്ടിക്ക് ഇംപൾസീവ് ട്രാൻസിയന്റ് ആന്റിന (അനിറ്റ). ഹവായ്-മനോവ സർവകലാശാലയിലെ പീറ്റർ ഗോർഹാമിന്റെ നേതൃത്വത്തിലുള്ള മൾട്ടി യൂണിവേഴ്‌സിറ്റി കൺസോർഷ്യമാണ് ഇത് നടത്തുന്നത്. അനിറ്റയെ വളരെ ഉയരത്തിൽ അയച്ചതിനാൽ ബഹിരാകാശത്തു നിന്ന് “ന്യൂട്രിനോകൾ” എന്ന് വിളിക്കപ്പെടുന്ന ഉയർന്ന ഊർജ്ജ കണങ്ങളെപ്പോലുള്ള ദ്രവ്യത്തെ കണ്ടെത്താൻ കഴിഞ്ഞു. ഈ ന്യൂട്രിനോകളെ ബഹിരാകാശത്ത് നിന്ന് വരുന്നതും അന്റാർട്ടിക്കയിലെ ഐസ് ഷീറ്റിൽ തട്ടുന്നതും ദൂരദർശിനിക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നു. എന്നാല്‍ അനിറ്റ ഈ കണങ്ങള്‍ ബഹിരാകാശത്ത് നിന്ന് വരുന്നതിനുപകരം  ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഉറവിടങ്ങളൊന്നുമില്ലാതെ ന്യൂട്രിനോകൾ വരുന്നതായി കണ്ടെത്തി. ഈ കണ്ടെത്തലുകൾ 2016 ലും പിന്നീട് 2018 ലും സംഭവിച്ചു, എന്നാൽ വിശ്വസനീയമായ വിശദീകരണമൊന്നുമില്ല.

അപാകതയെക്കുറിച്ച് വ്യക്തതയില്ല

"നാല് വർഷത്തിന് ശേഷം അനിറ്റ കണ്ട അപാക സംഭവങ്ങളെക്കുറിച്ച് തൃപ്തികരമായ ഒരു വിശദീകരണവും ലഭിച്ചിട്ടില്ല, അതിനാൽ ഇത് വളരെ നിരാശാജനകമാണ്, പ്രത്യേകിച്ച് അതില്‍ ഉൾപ്പെട്ടവരെ," ഓസ്‌ട്രേലിയയിലെ നാഷണൽ സയൻസ് ഏജൻസിയിലെ ഓണററി ഫെലോ റോൺ എക്കേഴ്‌സിനെ ഉദ്ധരിച്ച് സിനെറ്റ് പറഞ്ഞു. 

സമാന്തര പ്രപഞ്ചത്തിന്റെ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്ന സമീപകാല റിപ്പോർട്ടുകൾ കുറഞ്ഞത് രണ്ട് വർഷമെങ്കിലും പഴക്കമുള്ള അനിറ്റയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തോന്നുന്നു.

അന്റാർട്ടിക്കയിലെ മറ്റൊരു ന്യൂട്രിനോ നിരീക്ഷണാലയം വിസ്കോൺസിൻ-മാഡിസൺ സർവകലാശാല നടത്തുന്ന ഐസ്ക്യൂബ് അനിറ്റയുടെ കണ്ടെത്തലുകളെക്കുറിച്ച് അന്വേഷണം നടത്തി, ആസ്ട്രോഫിസിക്കൽ ജേണലിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു . 

“ഭൗതികശാസ്ത്രത്തിന്റെ സാധാരണ മോഡലിന് ഈ സംഭവങ്ങൾ വിശദീകരിക്കാൻ കഴിയാത്തതിനാൽ, അസാധാരണമായ സിഗ്നലുകൾക്കുള്ള മറ്റ് വിശദീകരണങ്ങൾ - ഒരുപക്ഷേ അസാധാരണമായ ഭൗതികശാസ്ത്രത്തിൽ(എക്സോട്ടിക് ഫിസിക്സ്) ഉൾപ്പെട്ടിരിക്കാം - പരിഗണിക്കേണ്ടതുണ്ട്” എന്ന് ഗവേഷകർ ജനുവരിയിൽ പറഞ്ഞു.

“എക്സോട്ടിക് ഫിസിക്സ്” സമാന്തര പ്രപഞ്ചത്തിന്‍റെ സിദ്ധാന്ത സംഭാഷണവുമായി യോജിക്കുന്നതാണ്. ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ നിലവിലെ ധാരണയ്ക്ക് പുറത്തുള്ള നിരവധി സിദ്ധാന്തങ്ങളിൽ ഒന്ന് മാത്രമാണിത്, അതുകൊണ്ട് ഇത് ഒരു കാരണമായി കണക്കാക്കപ്പെടുന്നു, ” WUSA9 റിപ്പോർട്ട് ചെയ്തു.

എന്താണ് സാധ്യതകൾ

വിചിത്രമായ കണ്ടെത്തലുകളെക്കുറിച്ചുള്ള പ്രധാന സിദ്ധാന്തങ്ങളുടെ ഊഹാപോഹങ്ങളില്‍, ജ്യോതിർ-ഭൗതിക വിശദീകരണം (തീവ്രമായ ന്യൂട്രിനോ ഉറവിടം പോലെ), ചിട്ടയായ പിശക് (ഡിറ്റക്ടറിൽ എന്തെങ്കിലും കണക്കാക്കാത്തത് പോലെ) അല്ലെങ്കിൽ സ്റ്റാൻഡേർഡ് മോഡലിന് പുറത്തുള്ള ഭൗതികശാസ്ത്രം എന്നിവ ഉൾപ്പെടുന്നുവെന്നും
ഐസ്ക്യൂബ് ഗവേഷകർ പറഞ്ഞു..

“അസാധാരണമായ ആനിറ്റ സംഭവങ്ങളുടെ വിശദീകരണത്തിന് നിലവിലുള്ള ഏക സ്റ്റാൻഡേർഡ് മോഡൽ ഉപയോഗിച്ചുള്ള വിശദീകരണം ഞങ്ങളുടെ വിശകലനത്തിനും അതീതമാണ്. അതുകൊണ്ട് ഇപ്പോൾ, ഈ സംഭവങ്ങൾ യഥാർത്ഥവും ഡിറ്റക്ടറിലെ വിചിത്രത കാരണം മാത്രമല്ല, അവ സ്റ്റാൻഡേർഡ് മോഡലിനപ്പുറമുള്ള ഭൗതികശാസ്ത്രത്തിലേക്ക് വിരൽ ചൂണ്ടുന്നു, ”ദി ആസ്ട്രോഫിസിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലെ പ്രധാന നേതാക്കളിലൊരാളായ അലക്സ് പിസുട്ടോ പറഞ്ഞു.

ഇതിനർത്ഥം രണ്ട് സാധ്യതകളാണുള്ളത്:  അതിലൊന്ന് ഒരു പിശക് ആകാം. പുതിയ എന്തെങ്കിലും കണ്ടെത്താൻ ഗവേഷകർ കഠിനമായി ശ്രമിക്കുമ്പോൾ പിശകുകൾ ശാസ്ത്രീയ പരീക്ഷണങ്ങളുടെ ഭാഗമാണ്.

ശാസ്ത്രജ്ഞർ യഥാർത്ഥത്തിൽ പറഞ്ഞതനുസരിച്ച്, വിശദീകരണം കണ്ടെത്താൻ ശ്രമിക്കുന്ന ജ്യോതിശ്ശാസ്ത്രജ്ഞർക്ക് ഇത് ആവേശകരമായ സമയമാണെന്ന് വ്യക്തമാണ്, കൂടാതെ അപാകതയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് കൂടുതൽ “എക്‌സ്‌പോഷറും സംവേദനക്ഷമതയും” ഉപയോഗിച്ച് ഭാവിയിലെ പരീക്ഷണങ്ങൾ ആവശ്യമാണ്.

 എന്നിരുന്നാലും, ഒരു സമാന്തര പ്രപഞ്ചത്തിനായി ആഗ്രഹിക്കുന്ന ആളുകൾ കാത്തിരിക്കേണ്ടിവരും, കാരണം തെളിവുകളുടെ അഭാവം കാരണം ശാസ്ത്രജ്ഞർ അതിനെ ഒരു കണ്ടെത്തൽ എന്ന് വിളിക്കാൻ തയ്യാറല്ല..