പ്രോക്സിമ സെഞ്ചൂറി എന്നു കേട്ടിട്ടുണ്ടോ?
സൂര്യൻ കഴിഞ്ഞാൽ നമ്മൾക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് ഇത്. ഈ നക്ഷത്രത്തിന്റെ ഗ്രഹസംവിധാനത്തിൽ നിന്നു സവിശേഷമായ ഒരു റേഡിയോ തരംഗം കഴിഞ്ഞദിവസം ചില ഓസ്ട്രേലിയൻ ഗവേഷകർക്കു ലഭിച്ചു. പതിവുപോലെ അന്യഗ്രഹജീവികളെക്കുറിച്ചുള്ള ചർച്ച ആഗോളതലത്തിൽ ഉയർത്തിവിട്ടിരിക്കുകയാണ് ഈ സിഗ്നൽ.
ബിഎൽസി വൺ എന്നാണ് ഈ സിഗ്നലിന് ശാസ്ത്രസമൂഹം നൽകിയിരിക്കുന്ന പേര്.
ഓസ്ട്രേലിയയിൽ, അന്യഗ്രഹജീവികളെ കണ്ടെത്തുന്നതിനും അവയുടെ പഠനത്തിനുമായി രൂപീകരിച്ചിട്ടുള്ള ബ്രേക്ക്ത്രൂ ലിസൻ എന്ന സ്ഥാപനത്തിലെ ഗവേഷകർക്കാണു സിഗ്നൽ ലഭിച്ചത്. പ്രോക്സിമ സെഞ്ചൂറിയെ ഇവർ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സിഗ്നലെത്തിയത്.
ഭൂമിയിൽ നിന്നു 4.2 പ്രകാശവർഷം അകലെയാണ് പ്രോക്സിമ. അതായത് പ്രോക്സിമയിൽ നിന്ന് പ്രകാശമോ മറ്റ് വൈദ്യുത–കാന്തിക തരംഗങ്ങളോ പുറപ്പെട്ടാൽ ഇവിടെത്താൻ 4.2 വർഷമെടുക്കുമെന്നു സാരം.
നമ്മുടെ സൂര്യനെ പോലെ തന്നെ ഈ നക്ഷത്രത്തിനെ ചുറ്റിയും ഗ്രഹങ്ങളുണ്ട്. ഇതിൽ നമുക്ക് അറിയാവുന്നത് രണ്ട് ഗ്രഹങ്ങളെയാണ്. അതിലൊരു ഗ്രഹമാണ് പ്രോക്സിമ സെഞ്ചൂറി ബി. ഭൂമിയെക്കാൾ അൽപം വലുപ്പം കൂടുതലുള്ള ഈ ഗ്രഹം, നക്ഷത്രത്തിനു ചുറ്റും ജീവനു സാധ്യതയുള്ള മേഖലയിലാണു സ്ഥിതി ചെയ്യുന്നതെന്നു പണ്ടേ അറിവുള്ള കാര്യമാണ്. അതു കൊണ്ടു തന്നെ പുതിയ സിഗ്നൽ വന്നപ്പോൾ തന്നെ ഇത് ആ ഗ്രഹത്തിൽ നിന്നാകാം എന്നാണു പല ഗവേഷകരും അനുമാനിച്ചത്.
വന്ന സിഗ്നലിനും ഒരു പ്രത്യേകതയുണ്ട്. 982.002 മെഗാഹെർട്സ് ഫ്രീക്വൻസിയിലുള്ള ഈ സിഗ്നൽ അത്യപൂർവമാണ്. പ്രകൃതിദത്തമായി ഒരു സംഭവവികാസങ്ങളും ഈ ഫ്രീക്വൻസിയിൽ പ്രപഞ്ചത്തിൽ സിഗ്നൽ പുറപ്പെടുവിക്കില്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു. ബഹിരാകാശത്തേക്കു നമ്മൾ വിക്ഷേപിച്ചിട്ടുള്ള ഉപഗ്രഹങ്ങൾക്കും ഈ രീതിയിൽ സിഗ്നൽ പുറപ്പെടുവിക്കാനുള്ള കഴിവില്ല.
സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സമൂഹങ്ങളിൽ നിന്നാണ് ഇത്തരം സിഗ്നലുകൾ വരികയെന്നു പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷകൻ ജേസൺ റൈറ്റിനെപ്പോലുള്ളവർ പ്രസ്താവിക്കുകയും. എന്താണിതിന്റെ അർഥം? പ്രോക്സിമ സെഞ്ചൂറിയെ വലം വയ്ക്കുന്ന ഗ്രഹത്തിൽ നമ്മെപ്പോലുള്ള ജീവികളുണ്ടെന്നോ?
എന്നാൽ മറ്റു ചില ശാസ്ത്രജ്ഞർക്ക് എതിരഭിപ്രായമുണ്ട്. പ്രോക്സിമ സെഞ്ചൂറിയിൽ നിന്നു ചൂടൻ വാതങ്ങളും വികിരണങ്ങളുമൊക്കെ എപ്പോഴും ചെന്നു വീഴുന്നതിനാൽ ഗ്രഹത്തിൽ ജീവനുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അവർ പറയുന്നത്.
ഏതായാലും സിഗ്നലിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ ശാസ്ത്ജ്ഞർ തീരുമാനിച്ചിട്ടുണ്ട്. ഇനി ഇത്തരം സിഗ്നലുകൾ ഉണ്ടാകുന്ന പക്ഷം കൂടുതൽ റിസീവറുകളുപയോഗിച്ച് പരിശോധിക്കാനാണ് ഉദ്ദേശം. പ്രോക്സിമ സെഞ്ചൂറിയെ സ്ഥിരം നിരീക്ഷണത്തിൽ നിർത്താനും സാധിക്കുമെങ്കിൽ ഭാവിയിൽ അങ്ങോട്ടേക്ക് ഒരു നിരീക്ഷണപേടകം വിടാനുമൊക്കെ ശാസ്ത്രജ്ഞർ പദ്ധതിയിടുന്നുണ്ട്.
1977ൽ ഇതുപോലെ ലോകത്തെ ഞെട്ടിച്ച ഒരു റേഡിയോ സിഗ്നൽ ലഭിച്ചിട്ടുണ്ട്. ‘വൗ(WOW)’ എന്നാണു ശാസ്ത്രജ്ഞർ ഇതിനു കൊടുത്തിരിക്കുന്ന പേര്. യുഎസിലെ ഒഹായോ സർവകലാശാലയിലെ റേഡിയോ ടെലിസ്കോപ്പിലാണു സിഗ്നൽ എത്തിയത്.സജിറ്റേറിയസ് നക്ഷത്രസമൂഹത്തിൽ നിന്നു വന്ന സിഗ്നലിനു ദുരൂഹമായ രൂപമായിരുന്നു. 72 സെക്കൻഡുകളായിരുന്നു ഇതിന്റെ ദൈർഘ്യം.
സജിറ്റേറിയസ് നക്ഷത്രസമൂഹത്തിനടുത്തുകൂടി കടന്നുപോയ ഒരു വാൽനക്ഷത്രത്തിന്റേതായിരുന്നു ശബ്ദമെന്ന് പിന്നീട് ചില ശാസ്ത്രജ്‍ഞർ വിശദീകരണം നൽകിയെങ്കിലും തെളിവുകൾ കുറവായിരുന്നു. ജ്യോതിശാസ്ത്രത്തിലെ നിഗൂഢതകളിലൊന്നായി ‘വൗ’ ഇന്നും അവശേഷിക്കുന്നു.
ഇത്തരം ദുരൂഹസിഗ്നലുകൾ സയൻസ് ഫിക്ഷൻ നോവലുകളുടെയും സിനിമകളുടെയുമൊക്കെ ഇഷ്ടവിഷയങ്ങളാണ്.
1985ൽ പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാൾ സാഗൻ രചിച്ച ‘കോൺടാക്ട്’ എന്ന നോവലിന്റെ ഇതിവൃത്തം ഇതാണ്. നോവലിലെ നായികയായ എലനോർ ആരോവേയ്ക്ക് 26 പ്രകാശവർഷങ്ങൾ അകലെയുള്ള വീഗ നക്ഷത്രസമൂഹത്തിൽ നിന്ന് ഒരു സന്ദേശം ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നോവലിന്റെ കഥ. കോയി മിൽഗയ തുടങ്ങിയ ഇന്ത്യൻ സിനിമകളിലും ഇത്തരം സംഭവങ്ങൾ പ്രമേയമായി എത്തിയിട്ടുണ്ട്.
No comments:
Post a Comment