തൊഴിലിടങ്ങള്‍ ഇന്ന് ഏറെ മാറിപ്പോയി. രാവിലെ പത്ത് മണിക്ക് ഓഫീസിലെത്തി വൈകുന്നേരം തിരിച്ചെത്തുന്ന തൊഴിലിട സമയക്രമീകരണമല്ല പലയിടങ്ങളിലും ഇന്നുള്ളത്. മാധ്യമപ്രവര്‍ത്തനം, ഐ.ടി, നേഴ്‌സിങ് തുടങ്ങിയ മേഖലയിലെല്ലാം ഷിഫ്റ്റ് സംവിധാനം സാധാരണമായി മാറി. പുരുഷന്‍മാരൊടൊപ്പം സ്ത്രീകള്‍ക്കും നൈറ്റ് ഷിഫ്റ്റ് എന്നത് നിര്‍ബന്ധിത കാര്യമായി മാറി. ഇത് കുടുംബ-ലൈംഗിക ജീവിതത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്.
നൈറ്റ് ഷിഫ്റ്റ് ജോലി വളരെ സാധാരണമായ ഇന്നത്തെ കാലത്ത് താളം തെറ്റിയ ഉറക്കം ഒരു വലിയ പ്രശ്‌നമായി മൊത്തം ജീവിതത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഉറക്കത്തിന്റെ പാറ്റേണ്‍ മാറുന്നത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുത്തുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ചില പ്രകൃതക്കാര്‍ അതിവേഗം മാറ്റത്തോട് പൊരുത്തപ്പെടും. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം വിഷാദ രോഗം, ഉത്കണ്ഠ, മറ്റ് മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ പ്രകടമാകാന്‍ സാധ്യതയുണ്ട്.
രാത്രി ജോലിക്കാര്‍ പതിന്മടങ്ങ് വര്‍ധിച്ചതുപേലെ തന്നെ അവരുടെ ആരോഗ്യ പ്രശ്നങ്ങളും ഏറെ വര്‍ധിച്ചിട്ടുണ്ട്. രാത്രി ജോലി ചെയ്യുന്നവരെല്ലാം ഏറിയും കുറഞ്ഞും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഉറക്ക നഷ്ടത്തിന് പുറമേ ജോലി സ്ഥലത്തെ സമ്മര്‍ദങ്ങളും മെയ്യനങ്ങാതെയുള്ള ജീവിത ശൈലിയും കൂടിയാവുന്നതോടെ രാത്രി ജോലിക്കാര്‍ ഹൃദയ രോഗങ്ങള്‍ക്കും ദഹന പ്രശ്നങ്ങള്‍ക്കും പൊണ്ണത്തടിക്കും മാനസിക അസ്വസ്ഥതകള്‍ക്കും എളുപ്പം കീഴടങ്ങുന്നു.
ഷിഫ്റ്റ് ലാഗ് വ്യാവസായിക മേഖലയിലെ 20 ശതമാനം ജീവനക്കാരും ഷിഫ്റ്റായി ജോലിചെയ്യുന്നവരാണ്. സ്വകാര്യ മേഖലയിലാണ് ഷിഫ്റ്റ് സമ്പ്രദായം കൂടുതല്‍. ഷിഫ്റ്റുകള്‍ പ്രധാനമായും രണ്ട് തരമാണ്. സ്ഥിരം ഷിഫ്റ്റും മാറി മാറി വരുന്നതും. ഇതില്‍ രാത്രിയും പകലുമായി മാറി മാറി വരുന്ന ഷിഫ്റ്റാണ് സ്ഥിരം രാത്രി ഷിഫ്റ്റിനേക്കാള്‍ അപകടകാരി. ശരീരം വിശ്രമമാവശ്യപ്പെടുമ്പോള്‍ ജോലി ചെയ്യുന്നവരാണ് രാത്രി ജീവനക്കാര്‍. അത് ശരീരത്തിന്റെ ജൈവ ഘടികാരത്തെ തകരാറിലാക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഷിഫ്റ്റ് മാറ്റം ഉറക്കത്തില്‍ വരുത്തുന്ന പ്രത്യാഘാതങ്ങളെ പൊതുവെ ഷിഫ്റ്റ് ലാഗ് എന്നു വിളിക്കുന്നു.
ഉറക്കത്തിലെ ക്രമക്കേടുകള്‍, ക്ഷീണം, ഹൃദയ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഗാസ്ട്രോ ഇന്റസ്‌റ്റൈനല്‍ അപ്സെറ്റ്, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരില്‍ കൂടുതലായി കാണപ്പെടുന്നതായി അമേരിക്കയിലെ സര്‍ക്കാഡിയന്‍ ലേണിംഗ് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ശാരീരിക പ്രശ്നങ്ങളും രോഗങ്ങളും.
ഉറക്കമില്ലായ്മ:
ശരീരത്തിന്റെ സ്വാഭാവികമായ ഉറക്ക വ്യവസ്ഥ രാത്രി ജോലിമൂലം തടസ്സപ്പെടുമ്പോള്‍ ഉറക്കമില്ലായ്മ അനുഭവപ്പെടും. എന്തൊക്കെ ചെയ്താലും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണിത്. ഉറങ്ങിയാലും അധിക നേരം ഉറങ്ങാന്‍ കഴിയില്ല. ഉറക്കം ഇടയ്ക്കിടെ തടസ്സപ്പെടുകയും ഉണര്‍ന്നാല്‍ പിന്നെ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യും. താല്‍ക്കാലികമായ ഉറക്കമില്ലായ്മ, കടുത്ത ഉറക്കമില്ലായ്മ, ദീര്‍ഘകാല ഉറക്കമില്ലായ്മ എന്നിങ്ങനെ മൂന്നു തരമുണ്ട് ഇത്.
ക്ഷീണം:
ശരീരത്തിന്റെയും മനസ്സിന്റെയും പ്രവര്‍ത്തനക്ഷമത കുറയുന്ന അവസ്ഥയാണിത്. പേശികള്‍ക്ക് ബലക്ഷയം അനുഭവപ്പെടും. പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധ, വേഗത, ഏകാഗ്രത എന്നിവ കുറയുകയും അപകടങ്ങളും തെറ്റുകളും കൂടുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്ത സമ്മര്‍ദം:
സാധാരണ രക്തസമ്മര്‍ദം രാവിലെ കുറഞ്ഞിരിക്കുകയും ഉച്ചയ്ക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും രാത്രി ഉറങ്ങുമ്പോള്‍ കുറയുകയുമാണ് ചെയ്യുക. രാത്രി ജോലിയും ഉറക്ക നഷ്ടവും ഈ സ്വാഭാവിക താളം തെറ്റാനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും കാരണമാകും. ദീര്‍ഘകാല ഉറക്ക നഷ്ടം രക്തസമ്മര്‍ദം സ്ഥിരമായി ഉയര്‍ന്ന് നില്‍ക്കാന്‍ ഇടയാക്കും.
അമിത വണ്ണം:
ഗല്‍ക്കോസ് ഉപാപചയ പ്രവര്‍ത്തനങ്ങളെയും വിശപ്പിനെയും നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തെ ഉറക്ക നഷ്ടം ബാധിക്കുന്നതാണ് അമിത വണ്ണത്തിന് കാരണമാകുന്നത്. അമിത വണ്ണം ഉറക്ക തടസ്സത്തിനും ഇടയാക്കും. ജോലിക്കിടെ കഴിക്കുന്ന എണ്ണ കൂടുതലടങ്ങിയ ലഘുഭക്ഷണങ്ങളും വ്യായാമമില്ലായ്മയുമൊക്കെ അമിത വണ്ണത്തിലേക്കുള്ള വഴി എളുപ്പമാക്കും. കൊളസ്ട്രോള്‍ പ്രശ്നങ്ങളും ഹൃദയരോഗങ്ങളും മെറ്റബോളിക് സിന്‍ഡ്രോമും രാത്രി ജീവനക്കാരില്‍ കൂടുതലാണ്.
ആര്‍ത്തവ ക്രമക്കേട്:
രാത്രി ജീവനക്കാരായ സ്ത്രീകളില്‍ ക്രമം തെറ്റിയുള്ള ആര്‍ത്തവം വ്യാപകമാണ്. ജൈവ ഘടികാരത്തിലെയും ന്യൂറോ എന്‍ഡോക്രൈന്‍ മെക്കാനിസത്തിലെയും താളപ്പിഴകളാണ് കാരണം.
പ്രമേഹം:
ഉറക്ക നഷ്ടം ഗല്‍ക്കോസ് ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കുള്ള ശരീരത്തിന്റെ കഴിവിനെ പ്രതികൂലമായി ബാധിക്കുന്നു. ഉറക്കം കുറഞ്ഞവരില്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കൂടുതലായിരിക്കും. ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കും.
രോഗപ്രതിരോധ ശക്തി ക്ഷയിക്കല്‍
രോഗ പ്രതിരോധ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് മെലട്ടോണിന്‍ എന്ന ഹോര്‍മോണ്‍. ഇതിന്റെ കാന്‍സര്‍ പ്രതിരോധ ശേഷിയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുകയും രാത്രി നല്ല വെളിച്ചത്തിന് കീഴില്‍ ചെലവഴിക്കേണ്ടി വരുകയും ചെയ്യുന്നത് മെലാട്ടോണിന്‍ ഉല്‍പാദനം കുറയ്ക്കും. ഇത് പ്രതിരോധ ശക്തി ക്ഷയിക്കാന്‍ കാരണമാകും.
അകാല നര, മുടികൊഴിയല്‍, ദഹന പ്രശ്നങ്ങള്‍, വിശപ്പില്ലായ്മ എന്നിവ രാത്രി ജീവനക്കാരില്‍ കൂടുതലാണ്. രാത്രി ജീവനക്കാരില്‍ ഹൃദ്രോഗ, കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഉറക്ക നഷ്ടവും ജൈവ ഘടികാരത്തിന്റെ താളം തെറ്റലും നിരന്തര മാനസിക സമ്മര്‍ദ്ദവുമാണിതിന് കാരണമായി പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷക വിഭാഗം ഗ്രേവ് യാഡ് ഷിഫ്റ്റിനെ കാര്‍സിനോജനുകളുടെ കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്..
ബുദ്ധിപരമായ പ്രശ്നങ്ങള്‍ ഓരോ വ്യക്തിക്കും ആവശ്യമായ ഉറക്കത്തിന്റെ അളവ് വ്യത്യസ്തമാണ്. പൊതുവെ പറയുകയാണെങ്കില്‍ കുട്ടികള്‍ക്ക് 10 മണിക്കൂറും കൗമാരക്കാര്‍ക്ക് ഒമ്പത് മണിക്കൂറും പ്രായപൂര്‍ത്തിയായവര്‍ക്ക് ഏഴുമുതല്‍ എട്ടുവരെ മണിക്കൂറും ഉറക്കം ആവശ്യമാണ്. ഉറക്കത്തിലെ കുറവ് പ്രകടനത്തെയും ബുദ്ധിപരമായ കഴിവുകളെയും ബാധിക്കും. ശ്രദ്ധക്കുറവ്, ജാഗ്രതയില്ലായ്മ, മറവി, തീരുമാനമെടുക്കാന്‍ കഴിയാതാവുക, പ്രതികരണശേഷി കുറയുക, പ്രചോദനമില്ലായ്മ, തെറ്റുകള്‍ അധികരിക്കുക, അസ്വസ്ഥത, ഊര്‍ജമില്ലായ്മ തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങള്‍.
ചില പരിഹാര മാർഗങ്ങൾ
രണ്ടിലധികം ഷിഫ്റ്റില്‍ തുടര്‍ച്ചയായി ജോലി ചെയ്യാതിരിക്കുക
പാതിരാത്രിക്ക് ശേഷം കനത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക
രാത്രി ഷിഫ്റ്റില്‍ ജോലി ആരംഭിക്കുന്നതിന് മുമ്പ് അല്‍പ്പം ഉറങ്ങുക
കുടുംബാംഗങ്ങളെ രാത്രി ജോലിയെക്കുറിച്ചും പകല്‍ ഉറക്കത്തെക്കുറിച്ചും ബോധ്യപ്പെടുത്തുക.പങ്കാളിയുമായി ഇക്കാര്യം സംസാരിച്ച് തീരുമാനത്തിലെത്തുക.
ഉറക്കത്തിനും ഉണരുന്നതിനും ടൈംടേബിള്‍ ഉണ്ടാക്കുക
ഉറങ്ങുമ്പോള്‍ മനസ്സ് ശാന്തമാക്കി നന്നായി ഉറങ്ങുക
ജോലി കഴിഞ്ഞുള്ള യാത്രയിലെ സുരക്ഷിതത്വം സ്ത്രീകള്‍ ഉറപ്പാക്കുക. ഓഫീസില്‍ നിന്നും ഇറങ്ങുന്ന സമയം വീട്ടുകാരെ അറിയിക്കുക.
No comments:
Post a Comment