അറബികള്‍ക്ക് അവരുടെ ഒരു സംസ്കാരമുണ്ട്. ആ സംസ്കാരമാണ് അവര്‍ നൂറ്റാണ്ടുകളായി സംരക്ഷിച്ചു കൊണ്ട് പോകുന്നത്. അവര്‍ക്കിടയില്‍ ഒരു മതമായി ഇസ്ലാം വന്നു ചേര്‍ന്നതിനെ അവര്‍ സ്വീകരിച്ചപ്പോഴും ഇസ്ലാമിന് മുന്നേയുള്ള വസ്ത്ര ധാരണ രീതിയൊന്നും അവര്‍ മാറ്റിയിട്ടുണ്ടായിരുന്നില്ല. നീളന്‍ കുപ്പായവും/ അബായയും/ പര്‍ദ്ദയും/ബുര്‍ഖയും തന്നെയായിരുന്നു ഇസ്ലാമിന് മുന്നേയുള്ള അറബികളുടെ വസ്ത്ര ധാരണ രീതി. മണല്‍ കാറ്റ് അടിക്കുമ്പോള്‍ അവര്‍ തലയിലുള്ള തട്ടം കൊണ്ട് മുഖം മറച്ചു കെട്ടുമായിരുന്നു. സ്ത്രീകളും അങ്ങിനെ തന്നെ.
കൊടുങ്ങല്ലൂരില്‍ വന്ന മാലിക് ബിനു ദീനാറും സംഘവും ഇസ്ലാമിനെ കേരളത്തില്‍ പരിചയപ്പെടുത്തുമ്പോള്‍ കൂടെ ഈ പര്‍ദ്ദയും നിഖാബും ബുര്‍ഖയും ഒന്നും പുതിയതായി ഇസ്ലാമിലേക്ക് വന്നവരോട് ധരിക്കാന്‍ പറഞ്ഞിരുന്നില്ല. ഇസ്ലാം ജനിച്ചത് അറബി നാട്ടില്‍ ആയതു കൊണ്ട് പര്‍ദ്ദയും ബുര്‍ഖയും ഇസ്ലാമിന്റെ വസ്ത്രമാണെന്ന് ഏഷ്യന്‍ മുസ്ലിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഇസ്ലാം വിഭാവനം ചെയ്തത് ദേഹം മുഴുവനും മറയുന്ന വസ്ത്രം മാത്രമായിരുന്നു.
കാലക്രമേണ കടല്‍ കടന്ന പ്രവാസി തന്‍റെ സാംസ്കാരിക തലം മറന്നു വേഷ വിധാനങ്ങളില്‍ അറബിക്ക് പഠിക്കാന്‍ തുടങ്ങി. മുസ്ലിങ്ങള്‍ എന്നാല്‍ അറബികളെന്ന രീതിയിലേക്ക് ആ ചിന്ത മാറാന്‍ തുടങ്ങിയപ്പോള്‍ അറബി പെണ്ണുങ്ങള്‍ ധരിക്കുന്ന പര്‍ദ്ദയുമായി അവന്‍ തിരികെ വന്നു കെട്ടിയോള്‍ക്ക് കൊടുത്തു...അപ്പോഴേക്കും ഉത്തരേന്ത്യന്‍ വസ്ത്രമായ ചുരിദാര്‍ വ്യാപകമായിട്ടുണ്ടായിരുന്നു. കെട്ടിയോള്‍ ആ പര്‍ദ്ദയെടുത്ത് ചുരിദാറിനു മുകളില്‍ ധരിച്ചു. പെട്ടെന്ന് ഒരു വഴിക്ക് പോകണം എന്ന് തോന്നിയാല്‍ എളുപ്പത്തില്‍ എടുത്തു ധരിക്കാന്‍ കഴിയുന്ന ഒരു സാധാരണ വസ്ത്രം പോലെ പര്‍ദ്ദ മാറുകയായിരുന്നു ആ വീട്ടില്‍..
അത് അയല്‍പക്കത്തെ പെണ്ണുങ്ങള്‍ കണ്ടു. അവരും കെട്ടിയോന് കത്തെഴുതി. “ഇങ്ങള് വരുമ്പോ ഒരു പര്ധ കൊണ്ടുവരണം..ന്‍റെ മുമ്പില്‍ ക്കൂടെ അവളാ പര്‍ദ്ദയിട്ട് കാണട്ടെ എന്ന് വെച്ച് നടക്കാണ് ഇക്കാ..” അങ്ങനെ ഇക്ക അവള്‍ക്കും ഒരു പര്ദ്ദ കൊണ്ട് വന്നു. കൂടെ ഒരു മുഖം മൂടിയും.. അവള്‍ ചോദിച്ചു :
എന്തായിത്...
ഇയ്യതൊന്നിട്ടാ ന്‍റെ മുത്തെ..അന്നെ അറബി പെണ്ണുങ്ങളെ കാണുന്ന പോലെ ഒന്ന് കാണട്ടെ...
ഇക്ക തന്‍റെ ആഗ്രഹം തുറന്നങ്ങട് പറഞ്ഞു.
അങ്ങനെ അവള്‍ ആ മുഖം മൂടി എടുത്തിട്ടു..
അവള്‍ ചോദിച്ചു : എന്താ ഇക്കാ ഇതിന്റെ പേര്..
ഇതിന്റെ പേരാണ് അക്കാമ..
അക്കാമായൊ അത് ഇങ്ങടെ പത്താക്കയല്ലേ കുരിപ്പേ...
അക്കാമയല്ല സോറി നിക്കാബ്.....
അള്ളാ ഇതിട്ടാ ന്നെ ആരും കാണൂല്ലല്ലേ..
ഇല്ലാ നിന്നെ ആരും കാണൂല്ല നിനക്ക് എല്ലാരേം കാണാം...
അങ്ങനെ അവള്‍ നിഖാബിട്ട് ആദ്യം പുറത്തിറങ്ങി. ചിലര്‍ പേടിച്ചോടി. ചിലര്‍ ഇതെന്തു പണ്ടാരം എന്ന് കരുതി തുറിച്ചു നോക്കി. നമ്മടെ നാട്ടില്‍ അറബിച്ചി വന്നെ എന്ന് വിളിച്ചു പറഞ്ഞു ജനം ഒപ്പം കൂടി. അവള്‍ നിക്കാബ് പൊക്കി നാക്ക് വെളിയിലിട്ടു.. "അള്ളാ നാക്കിനു എല്ലില്ലാത്ത സുലൈമാന്റെ കെട്ടിയോള്.." ജനം അവളുടെ വായിലിരിക്കുന്നത് മുഴുവനും കേട്ടു ചിതറിയോടി..
അവളുടെ അയല്‍പക്കത്തുള്ള പെണ്ണുങ്ങള്‍ അവളുടെ നിഖാബ് കണ്ടു. അവരും അവരുടെ ഇക്കാക്ക് കത്തെഴുതി...ഇങ്ങള്‍ക്കറിയോ സുലൈമാന്റെ കെട്ടിയോള് കണ്ണ് മാത്രം പുറത്ത് കാട്ടിയിട്ടുള്ള പര്ധ ഇട്ടു നടക്കുന്നു ഇക്കാ.. എനിക്കും ഒന്ന് കൊണ്ട് തരണം.
ശേഷം അണ്ടിപ്പരിപ്പിനും മുന്തിരിക്കും യാര്‍ഡ്‌ലി പൌഡറിനുമൊപ്പം നിഖാബും പാര്‍സലായി വന്നു.
ചുരിദാറിട്ട പെണ്ണുങ്ങളെ കെട്ടിയോന്മാര്‍ വിസയെടുത്ത് കൊണ്ട് പോയി. തിരികെ ലീവിന് വന്ന അവര്‍ നിഖാബിട്ട് വിമാനമിറങ്ങി. കാത്ത് നിന്ന കുടുംബക്കാര്‍ ആളറിയാതെ വട്ടം കറങ്ങി....അങ്ങനെ നിഖാബ് ഒരു ഫാഷനായി പല മുസ്‌ലിം വീട്ടിലെയും പെണ്ണുങ്ങളെ അറബിച്ചികളാക്കി മാറ്റി..
അതോടെ കാന്‍സല്‍ അടിച്ചു വന്ന ഇക്ക നാട്ടില്‍ പര്‍ദ്ദ കച്ചവടം തുടങ്ങി. കേരളത്തിലെ പര്‍ദ്ദയില്‍ മുന്നിലും പിന്നിലും പൂ വിരിഞ്ഞ ഇഫെക്റ്റ് കായ വിരിഞ്ഞ ഇഫെക്റ്റ് എല്ലാം ചിത്ര പണികള്‍ ആയി വന്നു.
അറബിയില്‍ നിന്ന് ദേഹം കുളിര് കോരുന്ന തെറി കേട്ടത് കൊണ്ടോ മൂക്ക് മാഫി, ഹിമാര്‍ , വിളികള്‍ കേട്ടു തല പെരുത്തത് കൊണ്ടോ എന്നറിയില്ല ഇക്ക മാത്രം എന്തോ നീളന്‍ കുപ്പായത്തിലേക്ക് മാറിയില്ല..
എന്തായാലും മുഖം മൂടിയ ആവരണം സ്കൂളുകളില്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ എം ഇ എസിന്‍റെ ഫസല്‍ ഗഫൂറിനിരിക്കട്ടെ ഈ വര്‍ഷത്തെ ആദ്യത്തെ റമളാന്‍ കരീം..
വിശ്വാസം വേഷം കെട്ടലല്ല..അത്യാവശ്യം മാന്യമായി വസ്ത്ര ധാരണമെല്ലാം മലയാളി ശീലമാക്കിയിട്ടുണ്ട്..ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്യ്രം ഉണ്ടെന്നു വെച്ച് തെയ്യം വേഷം കെട്ടി ആരും സ്കൂളില്‍ വരാറില്ല. പെണ്‍കുട്ടികളെ കണ്ണ് മാത്രം കാട്ടി പുറത്തിറക്കിയാലെ ഈമാന്‍ ശരിയാവുകയുള്ളൂ എന്ന മിഥ്യാ ബോധത്തില്‍ നിന്ന് കേരളത്തിലെ മുസ്‌ലിം സമൂഹം കര കയറുമെന്ന് പ്രതീക്ഷിക്കുന്നു...
No comments:
Post a Comment