സൂര്യന്റെ കാന്തികവലയം പിന്നിട്ടു സഞ്ചരിക്കുന്ന (ഇന്‍റര്‍സ്റ്റെല്ലാര്‍ സ്പേസ്) രണ്ടാമത്തെ മനുഷ്യനിര്‍മിത വസ്തുവാണ് വോയേജര്‍ 2. വോയേജര്‍ 1 ആണ് സമാനമായ നേട്ടം കൈവരിച്ച ഒന്നാമത്തെ വസ്തു. ഭൂമിയില്‍ നിന്ന് പന്ത്രണ്ട് ബില്യണ്‍ മൈല്‍ അകലെ ഹെലിയോപോസ് എന്ന് വിളിക്കുന്ന സൂര്യന്റെ സ്വാധീന വലയത്തിന്റെ അവസാനവും അവ്യക്തവുമായ ഒരു അതിര്‍ത്തിയുണ്ട്. ഇപ്പോള്‍ അതും കടന്ന് മുന്നേറിയിരിക്കുകയാണ് വോയേജര്‍ 2. വിക്ഷേപിച്ച് 42 വര്‍ഷത്തിനു ശേഷം ആദ്യമായി ഒരു മങ്ങിയ സന്ദേശം അയച്ചിരിക്കുകയാണ് ഈ പേടകം.
1977 ഓഗസ്റ്റ് 20-നാണ് വോയേജര്‍ 2 വിക്ഷേപിച്ചത്. ഇതിന്റെ ഇരട്ട പേടകമായ വോയേജര്‍ 1 തൊട്ടടുത്ത മാസം 1977 സെപ്റ്റംബര്‍ അഞ്ചിനും വിക്ഷേപിച്ചു.
വ്യത്യസ്ത ദിശകളിലാണ് ഇവയുടെ സഞ്ചാരം. ശനി, യുറാനസ്, ജൂപിറ്റര്‍ എന്നീ ഗ്രഹങ്ങളെയും സൗരയൂഥത്തേയും മറികടന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തുവായിരുന്നു വോയേജര്‍ 2. ഇപ്പോള്‍ നമ്മുടെ സൗരയൂഥത്തിന്റെ വക്കിലെ ഏറ്റവും വിശദമായ രൂപം അയച്ചുകൊണ്ട് മറ്റൊരു ചരിത്രംകൂടെ രചിച്ചിരിക്കുകയാണ് വോയേജര്‍ 2. പേടകം ഇത്രമാത്രം അതിജീവിക്കുമെന്നോ വിവരങ്ങള്‍ നല്‍കുമെന്നോ നാസക്കുപോലും യാതൊരു ഉറപ്പുമില്ലായിരുന്നു.
ഒരു ബഹിരാകാശ പേടകത്തെ സൗരയൂഥത്തിന് പുറത്ത് നക്ഷത്രാന്തര ലോകത്തേക്ക് അയയ്ക്കാന്‍ കഴിയുമെന്നോ, ഇന്‍റര്‍സ്റ്റെല്ലാര്‍ സ്പേസിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നത്ര കാലം അതിന് അതിജീവിക്കാന്‍ കഴിയുമെന്നോ യാതൊരു ഉറപ്പും ഇല്ലായിരുന്നുവെന്ന് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. എഡ് സ്റ്റോണ്‍ പറഞ്ഞു. 1977-ല്‍ ദൌത്യം ആരംഭിക്കുന്നതിനു മുന്‍പ് മുതല്‍ തുടങ്ങി ഇപ്പോഴും അതിന്‍റെ ഭാഗമാണ് പ്രൊഫ. എഡ് സ്റ്റോണ്‍.
സൂര്യനെ പൊതിഞ്ഞു കിടക്കുന്ന വിസ്തൃതമായ പ്രദേശത്തെയാണ് ഹീലിയോസ്ഫിയര്‍ എന്നു പറയുന്നത്. ഒരു കുമിളയുടെ ആകൃതിയില്‍ സ്ഥിതിചെയ്യുന്ന ഇതിന്റെ അതിര്‍ത്തി നക്ഷത്രാന്തരീയ മാദ്ധ്യമവുമായി സന്ധിക്കുന്ന ഇടമാണ്. ഇത് പ്ലൂട്ടോയുടെ ഭ്രമണപഥത്തിനും അപ്പുറത്താണ് കിടക്കുന്നത്. ഇത്രയും ദൂരം വരെയാണ് സൗരവാതത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നത്. അതും കടന്നാണ് വോയേജര്‍ ബഹിരാകാശപേടകം യാത്ര തുടരുന്നത്.
പ്ളൂട്ടോണിയം 238 റേഡിയോ ഐസോടോപ്പ് തെര്‍മല്‍ ജനറേറ്ററുകളാണ് വോയജര്‍ പേടകങ്ങള്‍ക്ക് ഊര്‍ജം പകരുന്നത്. തുടക്കത്തില്‍ 315 വാട്ട് ആയിരുന്നു ശേഷി. റേഡിയോ ആക്ടീവ് അപചയം മൂലം ഓരോ വര്‍ഷവും നാല് വാട്ട് വീതം ശേഷി കുറയും. വോജയര്‍ രണ്ടില്‍ അഞ്ചും വോജയര്‍ ഒന്നില്‍ നാലും ഉപകരണങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഊര്‍ജലഭ്യത 2020-ഓടെ പരിമിതമാകുമ്ബോള്‍, ഉപകരണങ്ങളില്‍ പലതും നിര്‍ത്തേണ്ടി വരും. 2025-ഓടെ പ്ലൂട്ടോണിയത്തിന് പൂര്‍ണമായും അപചയം സംഭവിക്കും. നിര്‍ജീവമായ ലോഹപേടകങ്ങള്‍ മാത്രമായി അവ നക്ഷത്രാന്തരലോകത്തിലൂടെ പ്രയാണം തുടരും. സൂര്യന്റെ മാതൃഗാലക്‌സിയായ ആകാശഗംഗയിലൂടെ അനന്തമായി യാത്ര തുടരുക എന്നതാണ് വൊയേജര്‍ പേടകങ്ങളുടെ വിധി.
No comments:
Post a Comment