1928ൽ ജെ.സി ഡാനിയേൽ എഴുതി നിർമിച്ച് സംവിധാനം ചെയ്ത വിഗതകുമാരനിൽ തുടങ്ങുന്നതാണ് മലയാള സിനിമയുടെ ചരിത്രം.
1928 നവംബർ 7-നായിരുന്നു തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയ്യേറ്ററിൽ വിഗതകുമാരന്റെ ആദ്യ പ്രദർശനം. അഭിഭാഷകൻ മുള്ളൂർ ഗോവിന്ദപിള്ളയാണ് ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തത്.
മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യസിനിമയെന്നു മാത്രമല്ല, ജാതിചിന്തയും സാമൂഹിക ഉച്ചനീചത്വങ്ങളും കാരണം വേട്ടായപ്പെട്ട മലയാളത്തിലെ ആദ്യനായികയുടെ അവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഒന്നുകൂടിയാണിത്.
സവർണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചു എന്നാക്ഷേപിച്ച് തിയറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി എന്ന് ചരിത്രം പറയുന്നു. വിഗതകുമാരന്റെ പേരിൽ റോസി നാടു കടത്തപ്പെടുകയും ചെയ്തു.
91 വർഷങ്ങൾ പിന്നിടുമ്പോൾ വിഗതകുമാരന്റെ സംവിധായകൻ ജെ.സി ഡാനിയേലോ മറ്റു അണിയറ പ്രവർത്തകരോ അഭിനേതാക്കളോ ആരും തന്നെ ജീവിച്ചിരിപ്പില്ല. സിനിമയുടെ ആദ്യ പ്രിന്റ് പോലും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു. ചരിത്രത്തിന്റെ ഭാഗമായ ഈ ചലച്ചിത്രത്തിന്റെ ശേഷിപ്പുകൾ ഒരു പിടി ചാരമായി മാറിയ കഥ പറയുകയാണ് ജെ.സി ഡാനിയേലിന്റെ ഇളയ മകൻ ഹാരിസ് ഡാനിയേൽ. ഏഴാമത്തെ വയസിൽ സഹോദരനോടുള്ള വഴക്കിനെത്തുടർന്നാണ് ഹാരിസ് വിഗതകുമാരന്റെ ഫിലിം റോളുകൾ തീയിടുന്നത്.
ജ്യേഷ്ഠനോടുള്ള വൈരാഗ്യം മൂത്ത് ഏഴ് വയസ്സുകാരൻ ആദ്യ മലയാളചിത്രത്തിന് പഴയ കടലാസുകെട്ടിനെന്നോണം തീയിട്ടപ്പോൾ, അന്ന് മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലും പത്നി ജാനറ്റ് റേച്ചലും മൗനം പാലിച്ചു. കുടുംബത്തിന് ശാപം വരുത്തിവെച്ചത് എന്ന ചിന്തയിലാവാം, ഒരു മൂലയ്ക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ഫിലിം റോളുകളെ അഗ്നി വിഴുങ്ങിയപ്പോൾ ഇരുവരും മൂകസാക്ഷികളായി നിന്നത്.
10 വയസ്സിന് മൂത്ത ജ്യേഷ്ഠൻ സുന്ദരത്തിൽ നിന്ന് കിട്ടുന്ന അടി, ഇടി തൊഴികൾക്ക് കുഞ്ഞനുജൻ കണ്ടുവെച്ച പ്രതികാരമായിരുന്നു, ജ്യേഷ്ഠൻ നായകനായുള്ള സിനിമയങ്ങ് കത്തിച്ചുകളയുകയെന്നത്. മൂലയിൽ നീക്കിയിട്ട ഫിലിംറോൾ പെട്ടി കാണിച്ച്, ഇത് തങ്ങൾ കളിക്കാനെടുക്കട്ടേയെന്ന ചോദ്യത്തിന് അച്ഛനും അമ്മയും തലയാട്ടി. തുടർന്ന്, ഏട്ടൻ കോളേജിൽ പോയ തക്കംനോക്കി കൂട്ടുകാരൊന്നിച്ച് തീവെച്ചു.
82-കാരനായ ഹാരിസ് ഡാനിയേലിന് അച്ഛനെക്കുറിച്ചുള്ള ഓർമകൾ ഇന്നും ഒളിമങ്ങാതെയുണ്ട്. നന്നായി പഠിക്കുന്ന, അനുസരണയുള്ള തന്നോട് അച്ഛന് പ്രത്യേകമായൊരു വാത്സല്യമുണ്ടായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആദ്യമായും അവസാനമായും അവതരിപ്പിക്കപ്പെട്ട തമിഴ് നാടകത്തിൽ താൻ സ്ത്രീ വേഷം ചെയ്തപ്പോൾ, തന്റെ വിലക്ക് വകവെയ്ക്കാതെ, മതിൽചാടിക്കടന്ന്, ഹാളിന്റെ ഓല പൊളിച്ച് നാടകം മുഴുവൻ കണ്ടു. സിനിമാക്കാരനാകുന്നതിന് മുമ്പ് അച്ഛൻ പാളയത്ത് മരക്കച്ചവടം ചെയ്തിരുന്നു. പിന്നീട് അരിക്കച്ചവടവും ചെയ്തു. ഒരൊറ്റ സിനിമയേ ജെ.സി. ഡാനിയേൽ നിർമിച്ചിട്ടുള്ളൂവെങ്കിലും രണ്ടു തവണ സിനിമയെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. രണ്ടും കുടുംബത്തിന് സമ്മാനിച്ചത് സാമ്പത്തികമായുള്ള തീരാ നഷ്ടങ്ങളാണ്.
വിഗത കുമാരൻ എടുക്കുന്നതിന് ജെ.സി. ഡാനിയേൽ അച്ഛന്റെ സമ്പാദ്യമായ നെയ്യാറ്റിൻകരയിലെ 108 ഏക്കർ ഭൂമി 30,000 രൂപയ്ക്ക് വിറ്റു. അതും പോരാഞ്ഞിട്ട് സഹോദരിയുടെ മുഴുവൻ ആഭരണങ്ങളും വിറ്റു, പകരം അവരെ ബിസിനസ് പങ്കാളിയാക്കി. ദളിത് സ്ത്രീയായിരുന്ന റോസിയെ നായികയാക്കിയതിനെത്തുടർന്നുള്ള പ്രശ്നങ്ങളും ഇതര ഭാഷകളിൽ ശബ്ദസിനിമകൾ വന്നു തുടങ്ങിയതുമെല്ലാം വിഗതകുമാരനെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചു. സ്വപ്നം തകർന്നവനെപ്പോലെ, ജെ.സി. ഡാനിയേലെന്ന മനുഷ്യൻ എന്നന്നേക്കുമായി വിഷാദത്തിലേക്ക് വീണു. ബന്ധുക്കൾക്കിടയിൽ ഒറ്റപ്പെട്ടു. കുടുംബസ്വത്ത് വിറ്റു തുലച്ചവൻ എന്ന ചീത്തപ്പേര് ജീവിതകാലം മുഴുവൻ പിന്തുടർന്നു.
വീണ്ടുമൊരു സിനിമ? പ്രേരണയായത് ചിന്നപ്പ
അഗസ്തീശ്വരത്തെ കൊട്ടാരസദൃശമായ വീട്ടിലായിരുന്നു ഡാനിയേലും കുടുംബവും താമസിച്ചിരുന്നത്. ലണ്ടനിൽ ഉന്നതവിദ്യാഭ്യാസം നേടി വന്ന അച്ഛൻ ഡോ.എൻ. ജോസഫ് ഡാനിയേൽ തിരുവനന്തപുരത്ത് ചീഫ് മെഡിക്കൽ ഓഫീസറായിരുന്നു. സിനിമാ മോഹം വെടിഞ്ഞ്, പാപ്പരായിരിക്കുന്ന സമയത്ത് മെഡിക്കൽ മേഖല തന്നെയാണ് ഡാനിയേലിനും ജിവിതമാർഗമായത്. അദ്ദേഹം ദന്തചികിത്സ പഠിക്കുകയും മികച്ചൊരു ഡോക്ടറായി പേരെടുക്കുകയും ചെയ്തു.
അതിനിടെ ചികിത്സയ്ക്കായി വന്ന അന്നത്തെ സൂപ്പർ താരം പി.യു. ചിന്നപ്പയുടെ പ്രേരണയിൽ ജെ.സി. ഡാനിയേൽ വീണ്ടുമൊരു സിനിമയെടുക്കാൻ മുതിർന്നത് കുടുംബത്തിന് വീണ്ടും അടിയായി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ ചികിത്സാ ഉപകരണങ്ങൾ വിറ്റു. കൈവശമുണ്ടായിരുന്ന സമ്പാദ്യങ്ങളുമെല്ലാം സ്വരുക്കൂട്ടി. പുതുക്കോട്ടയിലെ ക്ലിനിക്ക് അടച്ചുപൂട്ടി. കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയും ഡാനിയേൽ സിനിമയെടുക്കാൻ ചെന്നൈയിലേക്ക്
പുറപ്പെടുകയും ചെയ്തു. ചിന്നപ്പയെ കാണാനാകാതെ ഹോട്ടലിൽ കഴിച്ചുകൂട്ടിയ ഡാനിയേലിന്റെ കാശു മുഴുവൻ തീർന്നത് മിച്ചം.
തമിഴ്നാട്ടിൽ എൽ.ഐ.സി. ഓഫീസറായിരുന്ന ഹാരിസ് മുടങ്ങാതെ കാശ് അയച്ചുകൊടുത്തു. 'താൻ അമ്മയുടെ പേരിൽ മാത്രമേ പണം അയച്ചിരുന്നുള്ളൂ, അച്ഛൻ ധാരാളിയായിരുന്നു, കാശെല്ലാം പെട്ടെന്ന് ചെലവാക്കിത്തീർക്കും -ഹാരിസ് ഓർക്കുന്നു.
ആവശ്യമില്ലാതെ ജോലി മാറുന്നതും താൻ എട്ട് സ്കൂളുകളിലായി പഠിക്കേണ്ടി വന്നതുമൊക്കെ അച്ഛന്റെ ഈ സ്വഭാവത്തിന്റെ പ്രതിഫലനങ്ങളായിരുന്നു.ഇളയ മരുമകളായ തനിക്ക് അമ്മാവന്റെ അടുത്ത് പ്രത്യേക സ്വാതന്ത്ര്യം തന്നെയുണ്ടായിരുന്നതായി സുശീലയും ഓർക്കുന്നു. അവസാനകാലമായപ്പോൾ, എപ്പോഴും ബൈബിളുമായിട്ടായിരുന്നു ഇരിപ്പ്. 'ബൈബിളിൽ നല്ലൊരു കഥയുണ്ട്, അത് നമുക്ക് സിനിമയാക്കണം' -അദ്ദേഹം പറയുമായിരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തന്നെ ഹാരിസ് വഴക്കുപറയും-അച്ഛൻ ഇനിയും സിനിമ എടുക്കുന്നതിനെ പിന്തുണയ്ക്കരുത്.
ചേച്ചിയുടെ വിവാഹദിനത്തിലാണ് ആദ്യമായി ജെ.സി.യെ കാണുന്നതെന്ന് സുശീലയുടെ അനുജത്തി ജയന്തി ജെ. ഓർക്കുന്നു. ചേച്ചിക്കൊപ്പം വരന്റെ വീട്ടിലെത്തിയ തന്റെ കൈയിലൊന്ന് സ്നേഹത്തോടെ തൊട്ടു, ഇളം ചിരിയോടെ അകത്തേക്ക് പോയി. അന്നും സ്ഥായിയായ ഭാവം വിഷാദമായിരുന്നു. ഈയൊരു വിഷാദ ഭാവത്തിലല്ലാതെ താൻ അദ്ദേഹത്തെ കണ്ടിട്ടില്ല. ജയന്തി പിന്നീട് ജെ.സി. ഡാനിയേൽ, ഫാദർ ഓഫ് മലയാള സിനിമ എന്ന പേരിൽ പുസ്തകമെഴുതി. ഈ പുസ്തകത്തിന് ജയന്തി തന്നെ മലയാള പരിഭാഷയും നൽകി. ഇതിനായി ധാരാളം അന്വേഷണങ്ങൾ നടത്തി, ചിത്രങ്ങൾ ശേഖരിച്ചു. ജെ.സി. ഡാനിയേലിനെ കുറിച്ച് മുമ്പേ വന്ന കൃതികളിൽ പലതിലും തെറ്റായ വിവരങ്ങൾ കടന്നുകൂടിയതായി ജയന്തി ചൂണ്ടിക്കാട്ടുന്നു.
സിനിമാ നിർമാണം പഠിച്ചു വന്ന്, കേരളത്തിൽ ആദ്യമായി ഒരു ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച്, മലയാളത്തിൽ ആദ്യമായൊരു സിനിമ നിർമിച്ച ജെ.സി. ഡാനിയേൽ എന്നതിനേക്കാൾ, സിനിമ പിടിച്ച് കുടുംബത്തെയൊന്നാകെ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചയാൾ എന്ന നിലയിലായിരുന്നു ബന്ധു മിത്രാദികളും പരിചയക്കാരുമൊക്കെ ജെ.സി. ഡാനിയേലിനെ കണ്ടിരുന്നത്. ചേലക്കാട് കൃഷ്ണൻ എന്ന മാധ്യമ പ്രവർത്തകനിലൂടെ ജെ.ഡി. ഡാനിയേൽ തിരിച്ചറിയപ്പെടുകയും മലയാളം അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്തതോടെ ചിത്രം മാറി. മലയാളസിനിമയുടെ പിതാവിനെ അവർ ആദരത്തോടെ സ്മരിക്കുന്നു. അച്ഛന്റെ മകനായതിൽ അൽപമല്ലാത്ത അഭിമാനത്തോടെ മകൻ ഓർമകൾ അയവിറക്കുന്നു.
ഉസ്മാന്റെയും സൈദാമിയയുടെയും പിന്മുറക്കാരുണ്ടോ?
പിരിയാൻ നേരം ഹാരിസ് ഡാനിയേൽ ഒരു ആഗ്രഹം പ്രകടിപ്പിച്ചു, 'തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അച്ഛന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന സൈദാമിയയുടെയും ഉസ്മാന്റെയും മക്കളോ പേരമക്കളോ ഉണ്ടെങ്കിൽ അവരെ ഒന്നു പോയി കാണണം, അച്ഛൻമാർ തമ്മിലുണ്ടായിരുന്ന ബന്ധം പുതുക്കണം'. സുധ എന്ന് വിളിക്കുന്ന അഡ്ലിൻ ഡാനിയേൽ ആണ് ഹാരിസ്-സുശീല ദമ്പതിമാരുടെ മകൾ. ഡെന്റിസ്റ്റായ ഡോ.രാജ്കുമാർ ഡാനിയേൽ മരുമകൻ. പേരമക്കൾ പ്രശാന്തും പ്രദീപും.
ജെ.സി. ഡാനിയേലിന്റെ അഞ്ചു മക്കളിൽ രണ്ടു പേർ മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ. ഹാരിസും ചേച്ചി ലളിതയും. ലളിത തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം താമസിക്കുന്നു. അര നൂറ്റാണ്ടോളമായി തമിഴ്നാട്ടിൽ സേലത്താണ് ഹാരിസും കുടുംബവും.
No comments:
Post a Comment