Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 26 December 2019

മലയാളിക്കുട്ടികള്‍ക്ക് പൊണ്ണത്തടി, പ്രമേഹം; ഡോക്ടര്‍മാര്‍ സ്കൂളുകളിലേക്ക്..

കേരളത്തിലെ കുട്ടികളില്‍ പൊണ്ണത്തടി കൂടുന്നുവെന്ന പഠനത്തിന്റെ പശ്ചാത്തലത്തില്‍ ബോധവത്കരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്കൂളുകളിലേക്ക്. ഐ.എം.എ.യുടെ 'ഫുഡ് സേഫ്റ്റി ഇനീഷ്യേറ്റീവ് കമ്മിറ്റി'യാണ് നേതൃത്വം നല്‍കുക.

ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുമായി ചേര്‍ന്ന് 14,000 സ്കൂളുകളിലെങ്കിലും നല്ല ഭക്ഷണത്തെക്കുറിച്ച്‌ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യമെന്ന് ഐ.എം.എ. പ്രസിഡന്റ് ഡോ. എം.ഇ. സുഗതന്‍ പറഞ്ഞു. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് ആദ്യം ബോധവത്കണം.

ലോകാരോഗ്യ സംഘടനയുടെ 'ഹെല്‍ത്തി ഫുഡ് പ്ലേറ്റ്' എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കാന്‍ രണ്ടുവര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

അതിന്റെ ഭാഗമായി, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പോഷകങ്ങളുടെ അളവിനെക്കുറിച്ചും നല്ലഭക്ഷണത്തെക്കുറിച്ചും ബോധവത്കരണവും നടക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ പദ്ധതി.

ദേശീയ പോഷകാരോഗ്യ സര്‍വേയില്‍, കേരളത്തില്‍ അഞ്ചിനും ഒമ്ബതിനും ഇടയില്‍ പ്രായമുള്ള 19 ശതമാനം കുട്ടികള്‍ക്കും 10-നും 19-നും ഇടയില്‍ പ്രായമുള്ള 32 ശതമാനം കുട്ടികള്‍ക്കും പ്രമേഹസാധ്യതയുണ്ട്. ദേശീയതലത്തില്‍ പത്തിലൊരു കുട്ടിക്ക് പ്രമേഹസാധ്യതയുള്ളപ്പോള്‍ കേരളത്തില്‍ ഇത് പത്തില്‍ മൂന്നാണ്. കൊച്ചി നഗരത്തില്‍ ഐ.എം.എ. നടത്തിയ ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ.)പഠനത്തില്‍ അഞ്ചുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന 57 ശതമാനം കുട്ടികളും പൊണ്ണത്തടിയുള്ളവരാണെന്ന് കണ്ടെത്തി. തിരുവനന്തപുരത്ത് തുടങ്ങിവെച്ച പദ്ധതി വൈകാതെ എല്ലാ ജില്ലകളിലും നടപ്പാക്കും.

ആരോഗ്യവിദ്യാഭ്യാസമില്ല

വിദ്യാഭ്യാസമുള്ളവര്‍ക്കുപോലും ആരോഗ്യവിദ്യാഭ്യാസമില്ലാത്തതിനാലാണ് കുട്ടികള്‍ക്ക് സ്കൂളിലേക്ക് ജങ്ക് ഭക്ഷണങ്ങള്‍ കൊടുത്തയക്കുന്നത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതിന്റെ അപകടത്തെക്കുറിച്ച്‌ ക്ലാസ് നല്‍കും. ഐ.എം.എ.യുടെ 108 ബ്രാഞ്ചുകളും അതിനു കീഴിലുള്ള സ്കൂളുകളില്‍ മാസത്തില്‍ ഒരുതവണയെങ്കിലും ചെന്ന് ബോധവത്കരണം നടത്താനാണ് ഉദ്ദേശിക്കുന്നത്..


No comments:

Post a Comment