Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 31 December 2019

നോമോഫോബിയ..

മൊബൈൽ ഫോണിന് അടിമപ്പെട്ട വ്യക്തികളിൽ കണ്ടുവരുന്ന മാനസിക വിഭ്രാന്തിയാണ് നോമോഫോബിയ. നോ മൊബൈൽ ഫോൺ ഫോബിയ എന്നാണ് ഇതിന്റെ മുഴുവൻ പേര്. യു.കെ യിലെ റിസർച് ഓർഗനൈസേഷനായ യുഗയിലെ ഗവേഷകരാണ് ഈ അവസ്ഥയെ നോമോഫോബിയ എന്ന് ആദ്യമായി വിളിച്ചത്.ഈ അവസ്ഥയിൽ ഉള്ളവർക്ക് ഏറെ നേരം തന്റെ മൊബൈൽ ഫോണിനെ വിട്ടിരിക്കുവാൻ കഴിയില്ല. ഫോൺ ചാർജ് തീരുമ്പോഴും, നെറ്റ് വർക്ക് കിട്ടാതിരിക്കുമ്പോഴും എല്ലാം ഈ വ്യക്തി സമചിത്തത വിട്ട് പെരുമാറുവാൻ സാദ്ധ്യതയുണ്ട്.

  2008ലാണ് നോമോഫോബിയ ആദ്യമായി തിരിച്ചറിയുന്നത്. 1000 ഉപയോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ, മൂന്നിൽ രണ്ട് ഭാഗം ഉപയോക്താക്കളും തങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുന്നതിനെ കുറിച്ചോർത്ത് അകാരണമായി ഭയപ്പെടുന്നവരായിരുന്നു.
നോമോഫോബിയ ഉള്ളവരിൽ 41% പേരും രണ്ട് മൊബൈൽ ഫോൺ ഉള്ളവരാണെന്ന് ഈ സർവേയിൽ തെളിഞ്ഞു. മാത്രമല്ല, പുരുഷൻമാരെക്കാൾ കൂടുതലായി സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്.നോമോഫോബിയ കൂടുതലായി കാണപ്പെടുന്നത് 18 നും 24 നും ഇടയിൽ പ്രായം ഉള്ളവർക്കാണ്. 25 നും 34 നും ഇടയിൽ പ്രായമുള്ളവർ രണ്ടാമതും,55 ഉം അതിന് മുകളിലും ഉള്ളവർ മൂന്നാമതും ആണ് ഈ പട്ടികയിൽ ഉള്ളത്.

ലക്ഷണങ്ങൾ

ഫോണിനെ പിരിഞ്ഞിരിക്കുവാൻ വയ്യാത്തത് തന്നെയാണ് പ്രധാന ലക്ഷണം.ഫോൺ സ്വിച്ച് ഓഫ് ചെയ്യുവാൻ ഇവർക്ക് കഴിയില്ല. ഇടക്കിടെ കാൾലിസ്റ്റും, മെസേജുകളും എല്ലാം പരിശോധിച്ചുകൊണ്ടേയിരിക്കും. ഫോൺ നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ മാനസീക പിരിമുറുക്കം അനുഭവിക്കും. ഇങ്ങനെയൊരു അവസ്ഥയിൽ രണ്ടാമത് ഒരു ഫോൺ വാങ്ങി ഉപയോഗിക്കുവാൻ ശ്രമിക്കും. എന്തൊരു ജോലി ചെയ്താലും, വെറുതേയിരുന്നാലും, ഉറങ്ങുവാൻ പോകുമ്പോഴുമെല്ലാം ഫോൺ കൈയ്യിൽ കരുതും.തന്റെ ഫോൺ മറ്റാരെങ്കിലും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് കണ്ടാൽ അതിനെതിരെ രൂക്ഷമായി പ്രതികരിക്കും.

പ്രശ്‌നങ്ങൾ

രണ്ട് ഫോണുകൾ തീർക്കുന്ന മാനസീക പിരിമുറുക്കം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. രൂക്ഷമായ പ്രതികരണങ്ങൾ സംഘർഷഭരിതമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കും.ഏത് സമയവും ഫോണിനെ പറ്റി മാത്രം ചിന്തിക്കുന്നതിനാൽ മറ്റ് കാര്യങ്ങളിലൊന്നും ശ്രദ്ധയുണ്ടാവില്ല. ഇത് സ്വകാര്യ ജീവിതത്തിലും, സാമൂഹിക ഇടപെടലുകളിലും നിരവധി പ്രശ്നങ്ങൾ സ്രഷ്ടിക്കും.

പരിഹാരങ്ങൾ

ഈ അവസ്ഥയെ സ്വയം തിരിച്ചറിയുക എന്നത് തന്നെയാണ് പ്രധാനം. ഫോണിൽ നിന്നും അകന്ന് നിൽക്കുവാൻ സ്വയം ശ്രമിക്കണം. പ്രയോജനപ്രദമായ മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, ഫോൺ ഇല്ലാതെയും ജീവിക്കുവാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുക. ഫോണിന്റെ ഉപയോഗത്തിന് കൃത്യമായ സമയപരിധി നിശ്ചയിക്കുകയും, ക്രമേണ അതിൽ കുറവ് വരുത്തുകയും ചെയ്യുക, നല്ല സൗഹൃദങ്ങളിലേക്ക് മനസ് വ്യാപരിപ്പിക്കുക, ഇഷ്ടപ്പെട്ട വിനോദ ഉപാധികൾക്കായി സമയം നീക്കി വയ്ക്കുക എന്നിവയെല്ലാം ഏറെ ഫലപ്രദമായിരിക്കും. ഇവയൊന്നും ഫലപ്രദമാകാതെ വരികയാണെങ്കിൽ ഒരു മനോരോഗ വിദഗ്ദ്ധനെ സമീപിക്കുവാനും മടിക്കേണ്ടതില്ല..

No comments:

Post a Comment