ഉംപുണ്‍' എന്നത് തായ്‌ലൻഡിൽ പ്രചുരപ്രചാരമുള്ള ഒരു വാക്കാണ്. അതിന്റെ ഏകദേശാർത്ഥം 'ഒളിഞ്ഞിരിക്കുന്ന അപാരമായ ശക്തി', 'അദമ്യമായ ആഗ്രഹം' എന്നൊക്കെയാണ്..
ബംഗാൾ ഉൾക്കടലിൽ ഉരുണ്ടുകൂടിയിരിക്കുന്ന ഉംപുണ്‍ എന്ന ചുഴലിക്കാറ്റിനെപ്പറ്റിയുള്ള ആദ്യ റിപ്പോർട്ടുകൾ ഇംഗ്ലീഷിൽ വന്നപ്പോൾ മുതൽ ഇതിന്റെ ഉച്ചാരണം എന്താണ് എന്നത് സംബന്ധിച്ച് ചെറിയൊരു ആശയക്കുഴപ്പം നിലവിലുണ്ടായിരുന്നു.
പലരും ആദ്യമൊക്കെ ഈ ചുഴലിക്കാറ്റിനെ വിളിച്ചത് 'ആംഫൺ' എന്നായിരുന്നു. എന്നാൽ ഈ പേരിട്ടിരിക്കുന്നത് തായ് ഭാഷയിൽ ആണെന്നും, അവിടെ അതിന്റെ ഉച്ചാരണം 'ഉംപുണ്‍' ('um-pun')എന്നാണെന്നും ഇന്ത്യൻ കാലാവസ്ഥാ വിഭാഗത്തിന്റെ വിശദീകരണം വന്നതോടെ വിളിപ്പേര് 'ഉംപുണ്‍' എന്നതിലേക്ക് ഉറപ്പിക്കപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തുകൊണ്ടും അനുയോജ്യമായ പേരാണ് എന്നമട്ടിൽ ട്രോളുകൾ വരെ നിർമിച്ചുകൊണ്ട് മലയാളികൾ ഈ ചുഴലിക്കാറ്റിന്റെ പേര് വൈറൽ ആക്കുകയും ചെയ്തതിനിടെയാണ് ആശങ്ക പരത്തിക്കൊണ്ട് ഇതൊരു ഉഗ്രവാതമാകാൻ പോവുകയാണ് എന്നുള്ള IMD 'യുടെ പുതിയ അറിയിപ്പുണ്ടാകുന്നത്.
ആരാണ്, എങ്ങനെയാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്?
ശാന്തമഹാസമുദ്രത്തിൽ ടൈഫൂൺ, അറ്റ്‌ലാന്റിക് മഹാസമുദ്രത്തിൽ ഹറിക്കെയ്ൻ, ഇന്ത്യൻ മഹാസമുദ്രത്തിൽ സൈക്ലോൺ - എന്നിങ്ങനെ പല പേരുകളിലാണ് ലോകത്തെമ്പാടും ചുഴലിക്കാറ്റുകൾ അറിയപ്പെട്ടിരുന്നത്. കൊടുങ്കാറ്റുകളുടെ വേഗം മണിക്കൂറിൽ 74 മൈൽ കടന്നാൽ അവയെ ടൈഫൂൺ/ഹറിക്കെയ്ൻ/സൈക്ലോൺ ഇവയിൽ ഒരു പേര് കൈവന്നിരുന്നു എങ്കിലും, അവയ്ക്ക് ഇന്ന് കാണുന്നത് പോലുള്ള പേരുകളിടുന്ന പരിപാടി തുടങ്ങിയിട്ട് അധികമായിട്ടില്ല. ഇത് തുടങ്ങുന്നത്, അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ രൂപം കൊണ്ടിരുന്ന ചുഴലിക്കാറ്റുകൾക്ക് പേരിട്ടുകൊണ്ടാണ്. അവിടെ മണിക്കൂറിൽ 39 മൈലിൽ കൂടുതൽ വേഗതയാർജിക്കുന്ന ചുഴലിക്കാറ്റുകൾക്ക് പേരിട്ടു വിളിച്ചു തുടങ്ങി.
അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ തീരങ്ങളിൽ താമസിക്കുന്നവർ, നൂറ്റാണ്ടുകളായി കൊടുങ്കാറ്റുകളെ അവ ആഞ്ഞടിക്കുന്ന ദിവസങ്ങളിൾക്ക് നേരെ കലണ്ടറിലുള്ള റോമൻ പുണ്യാളന്മാരുടെ പേരിട്ടു വിളിക്കുമായിരുന്നു. 1953 മുതൽ അമേരിക്കൻ ഗവൺമെന്റ് അത് തങ്ങളുടെ ഔദ്യോഗിക നയത്തിന്റെ ഭാഗമാക്കി. A -W വരുന്ന ആൽഫബെറ്റുകളിൽ തുടങ്ങുന്ന സ്ത്രീനാമങ്ങളാണ് ഇട്ടുപോന്നിരുന്നത്. ഒരു കൊല്ലം ഒന്നാമതായി വീശുന്ന കൊടുങ്കാറ്റിന് A യിൽ തുടങ്ങുന്ന പേരിടും, രണ്ടാമത്തേതിന് B യിൽ, അങ്ങനെയങ്ങനെ. അറുപതുകളിലും എഴുപതുകളിലും സ്ത്രീപക്ഷ സംഘടനകൾ നടത്തിയ സമരങ്ങളെത്തുടർന്നാണ് പേരുകളിൽ സ്ത്രീ നാമങ്ങൾക്കൊപ്പം പുരുഷനാമങ്ങളും വരാൻ തുടങ്ങിയത്.
അത് കൊടുങ്കാറ്റുകളുടെ കാര്യം. ട്രോപ്പിക്കൽ സൈക്ലോണുകൾക്ക് പേരിടുന്ന പരിപാടി തുടങ്ങിയിട്ട് അധികനാളായിട്ടില്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ ഈ പരിപാടി തുടങ്ങാൻ ആലോചിക്കുന്നത് 2000 -ൽ മാത്രമാണ്. 2004 -ലാണ് ഇതിന്റെ നടപടിക്രമത്തിന് അംഗീകാരം കിട്ടുന്നത്. ഈ നാമകരണം നിയന്ത്രിക്കുന്നത് 'WMO/ESCAP (World Meteorological Organisation/United Nations Economic and Social Commission for Asia and the Pacific)' എന്ന പേരിൽ എട്ടു രാജ്യങ്ങളും പങ്കുചേർന്നുള്ള ഒരു സമിതിയാണ്. ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവയാണ് ആ സമിതിയിലെ അംഗരാജ്യങ്ങൾ..
പേരിടീലിന്റെ സാമാന്യ നിയമങ്ങൾ എന്തൊക്കെ ?
താഴെപ്പറയുന്ന നിയമങ്ങൾ പാലിച്ചു കൊണ്ട് ഒരു പേര് സമിതിയുടെ പരിഗണനയ്ക്ക് വരും. സമിതി അംഗീകരിച്ചാൽ പേര് പ്രഖ്യാപിക്കാം.
പേര് രാഷ്ട്രീയത്തെയോ, രാഷ്ട്രീയ വിശ്വാസധാരകളെയോ, മത വിശ്വാസത്തെയോ, സംസ്കാരത്തെയോ, ഏതെങ്കിലും ഒരു പ്രത്യേക സ്വത്വത്തെയോ സൂചിപ്പിക്കുനതാവരുത്. ലോകത്തെവിടെയുമുള്ള ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകരുത് നാമം. ക്രൂരമോ, മര്യാദകെട്ടതോ ആകരുത് പേര്. ചെറുതും ഉച്ചരിക്കാൻ തഥാതമ്യേന എളുപ്പമുള്ളതും ആകണം. എട്ടക്ഷരങ്ങളാണ് പരമാവധി അനുവദിച്ചിട്ടുള്ളത്. പേരിനൊപ്പം ഉദ്ദേശിക്കുന്ന ഉച്ചാരണം വോയ്‌സ് ഫയൽ ആയി സമിതിക്ക് നൽകണം. പേരുകൾ ആവർത്തിക്കാൻ പാടുള്ളതല്ല. ഇന്ത്യ ഇക്കഴിഞ്ഞ കുറേക്കാലത്തിനിടെ നിർദേശിച്ച പേരുകൾ : ഗതി, തേജ്, മുരശ്, ആഗ്, വ്യോമ, ജോർ, ഝോര്‍, പ്രോബാഹോ, നീർ, പ്രഭഞ്ജൻ, ഗുർണി, അംബുദ്, ജലധി, വേഗ എന്നിവയാണ്.
ഉംപുണ്‍ എന്നത് തായ്‌ലൻഡിൽ പ്രചുരപ്രചാരമുള്ള ഒരു വാക്കാണ്. അതിന്റെ ഏകദേശാർത്ഥം 'ഒളിഞ്ഞിരിക്കുന്ന അപാരമായ ശക്തി', 'അദമ്യമായ ആഗ്രഹം' എന്നൊക്കെയാണ്.
എന്തിനാണ് ഇങ്ങനെ പേരിടുന്നത്?
സൈക്ലോണുകൾക്ക് പേരിടുന്നന്തിന് ഒരേയൊരു ഉദ്ദേശമേയുള്ളൂ. അവയെ കൃത്യമായി വേർതിരിച്ച് പരാമർശിക്കാനുള്ള എളുപ്പം. ഈ പേരുകൾ ആവർത്തിക്കുകയില്ല എന്നതിനാൽ, അത് എവിടെയെങ്കിലും പരാമർശിക്കപ്പെടുമ്പോൾ അതോടൊപ്പം ആ സൈക്ലോൺ വീശിയ കാലവും
അതിൻറെ ആഘാതവും എല്ലാം തന്നെ കൃത്യമായി റെഫർ ചെയ്യപ്പെടുന്നു. സാങ്കേതിക സംജ്ഞകളെക്കാൾ ഓർത്തിരിക്കാൻ ഈ നാമങ്ങൾ എളുപ്പമാകും എന്നൊരു ഗുണം കൂടിയുണ്ടിതിന്. സൈക്ലോണുകളെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ ജനങ്ങൾക്ക് നൽകുമ്പോൾ ഇത്തരം പേരുകൾ എളുപ്പത്തിൽ അവരുടെ മനസ്സുകളിൽ രജിസ്റ്റർ ചെയ്യപ്പെടും എന്നൊരു ഗുണം കൂടിയുണ്ട്..
No comments:
Post a Comment