Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 22 May 2020

പാമ്പ് അറിയാത്ത രഹസ്യങ്ങള്‍..?

വേനൽക്കാലം. പാമ്പുകള്‍ തണുപ്പുതേടി പുറത്തിറങ്ങുന്ന കാലമാണിത്. പാമ്പെന്നു കേട്ടാല്‍ തന്നെ ഭയക്കുന്നവരാണ് പലരും. സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ പാമ്പിനെ ഭീകരജീവിയായി ചിത്രീകരിക്കാന്‍ കാരണമായി എന്നു വേണം കരുതാന്‍. ഇതിനാല്‍ തന്നെ പാമ്പുകളെ കണ്ടാലുടന്‍ ഉപദ്രവിക്കാനുള്ള മനഃസ്ഥിതിയാണ് പലര്‍ക്കുമുള്ളത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അനുയോജ്യമായ കാലാവസ്ഥയും മൂലം കേരളം പാമ്പുകളുടെ പാര്‍പ്പിട കേന്ദ്രമാണ്. ആവാസവ്യവസ്ഥകള്‍ തകര്‍ത്ത് നാം കെട്ടിപ്പൊക്കുന്ന സമുച്ഛയങ്ങളില്‍ ഇന്ന് പാമ്പുകള്‍ നിത്യസന്ദര്‍ശകരായി. കെട്ടുകഥകളില്‍ കേള്‍ക്കുന്നതു പോലെ പാമ്പ് ഭീകരനല്ല. പാവത്താന്മാരായ ഇവ സ്വയരക്ഷയ്ക്കിടയിലാണ് മറ്റുള്ളവരെ ഉപദ്രവിക്കുന്നത്. പാമ്പുകളും അവയെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും കൂടുതല്‍ വായിക്കാം.

പാമ്പിന്റെ പൂര്‍വികര്‍...

കടല്‍ ജീവികളായ മിസോസോറുകളാണ് പാമ്പുകളുടെ പൂര്‍വികര്‍ എന്നു വിശ്വസിക്കുന്നു. ഇവ ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്നതായി പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. കാലുള്ള ജീവികളില്‍നിന്നു പരിണാമം സംഭവിച്ചുണ്ടായവയാണ് പാമ്പുകളെന്നാണ് ഗവേഷകരുടെ വാദം. പാമ്പുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന അവശിഷ്ട പാദങ്ങള്‍ ഈ വാദത്തെ അംഗീകരിക്കുന്നു. കുഴല്‍ രൂപത്തിലുള്ളതാണ് പാമ്പിന്റെ ആന്തരിക ഘടന. ഇലാസ്തികതയുള്ള ലിഗ്മെന്റുകള്‍ ചേര്‍ന്ന പാമ്പുകളുടെ താടിയെല്ലുകളുടെ പിന്‍ഭാഗം എത്ര വലിയ ഇരയേയും ഭക്ഷിക്കാന്‍ പാമ്പിനെ സഹായിക്കുന്നു. ഇടതും വലതുമായി രണ്ടു ശ്വാസകോശങ്ങളാണ് പാമ്പിനുള്ളത്. ഇടത് ശ്വാസകോശം ചെറുതാണെങ്കില്‍ വലത് ശ്വാസകോശം ശരീരത്തിന്റെ മൂന്നിലൊന്ന് നീളമുണ്ടാകും. ഇരയെ വിഴുങ്ങുമ്പോള്‍ ശ്വാസതടസം നേരിടാതിരിക്കാന്‍ നാവിന്റെ അടിഭാഗത്തായി കാണപ്പെടുന്ന ശ്വാസകോശത്തിന്റെ മുകളറ്റം (ഗ്ലോട്ടിസ്) സഹായിക്കും.

ശല്‍കങ്ങള്‍...

കെരാറ്റിന്‍ എന്ന പ്രോട്ടീനാല്‍ സമ്പന്നമായ ശല്‍കങ്ങള്‍ (സ്‌കെയില്‍) കൊണ്ടാണ് പാമ്പിന്റെ ശരീര നിര്‍മാണം. ഡോര്‍സല്‍, വെന്‍ട്രല്‍ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. തലയിലുള്ള വലിയ ശല്‍കങ്ങളെ ഹെഡ് ഷീല്‍ഡ് എന്നാണു വിളിക്കുന്നത്. മൃദുലമായ ഈ ശല്‍കങ്ങള്‍ മാലിന്യങ്ങളില്‍ നിന്നു മുക്തമാകാനും ചലനത്തിലെ ഘര്‍ഷണം കുറയ്ക്കാനും പാമ്പിനെ സഹായിക്കുന്നു.

ജനനത്തോടെ ലഭ്യമാകുന്ന ശല്‍കങ്ങളുടെ വലിപ്പം വര്‍ധിക്കുമെന്നല്ലാതെ അവയുടെ എണ്ണത്തില്‍ മാറ്റമുണ്ടാകുന്നില്ല. ശല്‍കങ്ങളുടെ എണ്ണം കണക്കാക്കിയാല്‍ പാമ്പുകളുടെ വിഭാഗം തിരിച്ചറിയാന്‍ സാധിക്കും. മൂര്‍ഖന്‍ പോലെയുള്ള പാമ്പുകളില്‍ മിനുസമേറിയ ശല്‍കങ്ങളാണ് കാണപ്പെടുന്നതെങ്കില്‍ അണലി പോലെയുള്ള പാമ്പുകളില്‍ പരുക്കന്‍ ശല്‍കങ്ങളാണ് (കീലിഡ് സ്‌കെയില്‍) കാണപ്പെടുന്നത്.

ചലനങ്ങള്‍...

ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിലും (സര്‍പ്പിള്‍ ആകൃതി) നേര്‍രേഖയിലുമാണ് കൂടുതല്‍ പാമ്പുകളും സഞ്ചരിക്കുന്നത്. വശങ്ങളിലേക്ക് ചലിക്കുന്നവയും വില്ലുന്നിയെ പോലെ തലഭാഗം ഒരിടത്ത് ഉറപ്പിച്ച് ശേഷം മറ്റു ഭാഗം അവിടേക്ക് നീക്കുന്ന കണ്‍സേര്‍ട്ടിന മോഷനില്‍ സഞ്ചരിക്കുന്ന പാമ്പുകളും ഉണ്ട്.

കണ്ണ്...

പാമ്പിനു കണ്ണുകളുണ്ടെങ്കിലും കണ്‍പോളകളില്ല. പകരം ബ്രില്‍ എന്ന സുതാര്യമായ ഒരാവരണമുണ്ട്. കണ്ണുകളില്‍ പൊടിപടലങ്ങള്‍ കയറാതിരിക്കാന്‍ ഇവ സഹായിക്കുന്നു.

ചെവിയും മൂക്കും...

പാമ്പുകള്‍ക്ക് ബാഹ്യകര്‍ണം ഇല്ല. ഇതിനാല്‍ തന്നെ വായുവിലൂടെയുള്ള ശബ്ദവീചികളെ പിടിച്ചെടുക്കാനാകില്ല. പകരം പ്രതലങ്ങളിലൂടെ സഞ്ചരിക്കുന്ന ശബ്ദതരംഗങ്ങള്‍ ആന്തരിക കര്‍ണത്തിനടുത്തുള്ള കൊലുമെല്ല ഓരിസ് എന്ന ഭാഗവും കീഴ്ത്താടി എല്ലുകളും ചേര്‍ന്ന് പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. മേല്‍താടിയെല്ലില്‍ മൂക്കു പോലെ രണ്ട് സുഷിരങ്ങള്‍ പാമ്പിനുണ്ടെങ്കിലും നാക്ക് ഉപയോഗിച്ചാണ് പാമ്പ് മണം പിടിക്കുന്നത്.

ഇരതേടല്‍...

അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പുകള്‍ താപസംവേദനം ഉപയോഗിച്ച് ഇര പിടിക്കാറുണ്ട്. എത്ര ഇരുട്ടാണെങ്കില്‍ പോലും ഇരയുടെ ശരീരത്തിന്റെ താപനിലയ്ക്കനുസൃതമായി ഒരു ഫോട്ടോ ഇവ തലച്ചോറില്‍ തയാറാക്കുകയും പിന്നീട് പിടികൂടുകയും ചെയ്യും. താപ സംവേദന സുഷിരമാണ് ഈ കാര്യത്തില്‍ പാമ്പിനു സഹായകമാകുന്നത്.

ഭക്ഷണം...

പാമ്പുകള്‍ മാസഭുക്കുകളാണ്. തവള, പല്ലി, പക്ഷി തുടങ്ങിയവയാണ് പല പാമ്പുകളുടേയും ആഹാരം. എന്നാല്‍ രാജവെമ്പാലയെ പോലുള്ള പാമ്പുകള്‍ മറ്റു പാമ്പുകളെ ആഹാരമാക്കാറുണ്ട്.

പാമ്പിന്‍ വിഷം...

എല്ലാ പാമ്പുകള്‍ക്കും വിഷമുണ്ട്. വിഷവീര്യം കൂടിയവയെ മാത്രമാണ് നാം വിഷമുള്ള പാമ്പ് എന്നു വിളിക്കുന്നത്. പാമ്പിന്‍ വിഷം പല രോഗങ്ങള്‍ക്കുമുള്ള ഔഷധങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. വിഷഗ്രന്ഥികളില്‍നിന്നു പല്ലുകള്‍ വഴിയാണ് പാമ്പിന്‍ വിഷം പുറത്തു വരുന്നത്. പാമ്പിന്‍ വിഷം വളരെ നേര്‍പ്പിച്ച് കുതിര പോലുള്ള ഇതര ജീവികളില്‍ കുത്തിവച്ചാണ് വിഷത്തിനുള്ള മറുമരുന്ന് തയാറാക്കുന്നത്. ഒരു തരത്തില്‍ വിഷത്തിന് മരുന്ന് വിഷംതന്നെ എന്നു പറയാം.
പല്ലുകളിലേക്ക് വിഷം എത്തുന്ന രീതിക്കനുസരിച്ച് വിഷപ്പല്ല് ഇല്ലാത്തവ, മുന്നില്‍ വിഷ

പ്പല്ല് ഉള്ളവ, പിന്നില്‍ വിഷപ്പല്ല് ഉള്ളവ, മടക്കിവയ്ക്കാവുന്ന വിഷപ്പല്ലുകള്‍ ഉള്ളവ എന്നിങ്ങനെ പാമ്പുകളെ തരം തിരിച്ചിട്ടുണ്ട്. പാമ്പിന്റെ വിഷപ്പല്ലുകള്‍ പിഴുത് വായ തുന്നിക്കെട്ടിയാണ് പല പാമ്പാട്ടികളും പാമ്പിനെ കൊണ്ടുനടക്കുന്നത്. ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ ഇത്തരം പാമ്പുകള്‍ വേഗത്തില്‍ ചത്തു പോകും.

വിഷപ്പാമ്പുകള്‍...

രാജവെമ്പാലയാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ഏറ്റവും വിഷമേറിയ പാമ്പ്. ഈജിപ്ഷ്യന്‍ കോബ്ര ,രാജവെമ്പാലയേക്കാള്‍ വിഷമേറിയ പാമ്പാണ്. മധ്യേഷ്യയില്‍ കാണപ്പെടുന്ന ഇവയുടെ കടിയേറ്റാല്‍ കാല്‍മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാം.

പാമ്പു കടിയേറ്റാല്‍...

കടിവായ കീറാനോ പൊള്ളിക്കാനോ പാടില്ല. എന്നാല്‍ കടിവായയിലെ രക്തം ഞെക്കികളയാം. കടിയേറ്റയാളിന് ധൈര്യം നല്‍കാനും ഏറ്റവും വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനും കൂടെയുള്ളവര്‍ തയാറാകണം. രോഗിയുടെ ശരീരം ഇളകാതെയും പരമാവധി നടത്താതെയും ആശുപത്രിയില്‍ എത്തിക്കുന്നതാണ് ഉചിതം. 
കടിയേറ്റ ഭാഗത്തിനു മുകളില്‍ തുണിയോ ചരടോ കെട്ടാറുണ്ട് (ടൂര്‍ണിക്കെ). ഈ കെട്ട് മുറുകാതിരിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ വന്നാല്‍ ഗുണത്തേക്കാളധികം ദോഷവും വന്നേക്കാം. ഒരു മണിക്കൂറിനുള്ളില്‍ ഇത്തരം കെട്ടുകള്‍ അഴിക്കാനും ശ്രദ്ധിക്കണം. നാല്‍പത് മിനുട്ടിലേറെ രക്തപ്രവാഹം ഇല്ലാതെ വന്നാല്‍ ആ ഭാഗം നിര്‍ജീവമാകുകയും (ഗാങ് ഗ്രീന്‍) അവയവം മുറിച്ചു മാറ്റുകയും ചെയ്യേണ്ടി വന്നേക്കാം. കടിയേറ്റയാള്‍ക്ക് ശുദ്ധജലം നല്‍കാം. മധുര പാനീയം, ആല്‍ക്കഹോള്‍ എന്നിവ നല്‍കരുത്.

പാമ്പും അന്ധവിശ്വാസങ്ങളും...

പാമ്പുമായി ബന്ധപ്പെട്ട അനേകം അന്ധവിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവയില്‍ ചിലതു വായിക്കാം.

മുട്ട കുടിക്കുന്ന പാമ്പ്...

പാമ്പുകള്‍ മുട്ടകള്‍ കൊത്തിക്കുടിക്കുമെന്ന വിശ്വാസവും ശരിയല്ല. പകരം മുട്ടകള്‍ അവ വിഴുങ്ങുകയാണ് ചെയ്യുന്നത്. ചവച്ചരയ്ക്കാനോ കൊത്തിക്കുടിക്കാനോ വലിച്ചു കുടിക്കാനോ പാമ്പിന്റെ വായഭാഗം അനുയോജ്യമല്ല. പഴവര്‍ഗങ്ങളില്‍ കൊത്തി പാമ്പുകള്‍ വിഷ പരീക്ഷണം നടത്താറുണ്ട് എന്ന വിശ്വാസമൊക്കെ മണ്ടത്തരമാണ്.

അപാരമായ ഓര്‍മ...

തന്നെ ഉപദ്രവിച്ചവരെ പാമ്പുകള്‍ ഓര്‍ത്തുവയ്ക്കും എന്ന കാര്യം ശരിയല്ല. പാമ്പിന്റെ മസ്തിഷ്‌കം വളരെ കുറച്ചു മാത്രമേ വികസിച്ചിട്ടുള്ളൂ എന്നതിനാല്‍ തന്നെ ഓര്‍മശക്തിയില്‍ പിന്നാക്കക്കാരാണ് പാമ്പുകള്‍. പാമ്പ് ഇന്നുവരെ ആരേയും ഓര്‍ത്തുവച്ച് കടിച്ചിട്ടില്ല. എന്നാല്‍ ഉപദ്രവങ്ങളില്‍ നിന്നു രക്ഷപ്പെടുന്നതിനിടയില്‍ ദ്രോഹിക്കാത്ത പലര്‍ക്കും കടിയേല്‍ക്കാന്‍ സാധ്യതയുണ്ട്.

കുടിച്ചു തീര്‍ത്ത പാല്‍ക്കുടങ്ങള്‍...

പാമ്പുകള്‍ പാല്‍ കുടിച്ച കഥകള്‍ പലര്‍ക്കും പറയാനുണ്ട്. വിശന്നു വലഞ്ഞ പാമ്പുകള്‍ ചിലപ്പോള്‍ അല്‍പ്പം പാല്‍ കുടിച്ചെന്നു വരാം. എന്നാല്‍ പാമ്പിന്റെ പ്രകൃത്യാലുള്ള ഭക്ഷണമല്ല പാല്‍. നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ച പാമ്പുകള്‍ക്ക് പലതരത്തിലുള്ള അസുഖം ബാധിക്കാന്‍ സാധ്യത കൂടുതലാണത്രേ.

വിഷം കൂടാതിരിക്കാന്‍...

കടിവായ വലുതാക്കിയാലോ പൊള്ളിച്ചാലോ വിഷബാധ കുറയുമെന്ന വിശ്വാസത്തിലും കഴമ്പില്ല. മറിച്ച് വിഷവ്യാപനം കൂടാനാണ് സാധ്യത.

വെള്ളത്തില്‍വച്ചു കടിച്ചാല്‍...

വെള്ളത്തില്‍വച്ച് പാമ്പു കടിച്ചാല്‍ വിഷമേല്‍ക്കില്ല എന്ന വിശ്വാസം ശരിയല്ല. വിഷം എവിടെ വച്ചും ശരീരത്തില്‍ ഏല്‍ക്കും. വിഷപ്പാമ്പുകള്‍ എവിടെയും ഉപദ്രവകാരികള്‍ തന്നെ.

ഒരാളെ തൊട്ടാല്‍ എട്ട് പേര്‍...

ചില പാമ്പുകളെ ഉപദ്രവിച്ചാല്‍ പകരം എട്ടു പാമ്പുകള്‍ വന്നു പകരം വീട്ടും എന്ന വിശ്വാസം ശരിയല്ല. പാമ്പിനെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുമ്പോള്‍ പാമ്പിന്റെ ശരീരത്തിലെ ഗന്ധ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഗന്ധം തിരിച്ചറിഞ്ഞ് മറ്റു പാമ്പുകള്‍ അവിടെയെത്തുന്നതാണിത്. അല്ലാതെ പകരം വീട്ടാന്‍ വരുന്നവരല്ല.

തലഭാഗം പറന്നു വന്നു കടിക്കുമോ...

മൂര്‍ഖന്റെ തലഭാഗം പറന്നു വന്നു കടിക്കും എന്ന വിശ്വാസത്തിലും സത്യമില്ല. പാമ്പുകളുടെ ശരീര ഭാഗങ്ങള്‍ പറന്നു ചെന്ന് ആരേയും കടിച്ച ചരിത്രമില്ല. എന്നാല്‍ വേര്‍പെട്ട തലഭാഗത്തിലും നിങ്ങളെ അപായപ്പെടുത്താവുന്ന വിഷം അടങ്ങിയിട്ടുണ്ടാകും എന്ന കാര്യം മറക്കാതിരിക്കണം.

തിരികെ കടിച്ചാല്‍ വിഷം കയറില്ലേ...

ഇങ്ങനെയൊരു വിശ്വാസം പലരുംവച്ച് പുലര്‍ത്താറുണ്ട്. ചില പൗരാണിക ഗ്രന്ഥങ്ങളില്‍ പാമ്പിനെ തിരിച്ച് കടിക്കാന്‍ കിട്ടിയില്ലെങ്കില്‍ കല്ലോ, കമ്പോ പാമ്പായി സങ്കല്‍പ്പിച്ച് കടിക്കാനും ആഹ്വാനം ചെയ്തു കാണുന്നുണ്ട്. എന്നാല്‍ പാമ്പു കടിച്ചാല്‍ ഏതിനമാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞാല്‍ ഗുണപ്രദമാകുമെന്നതല്ലാതെ പാമ്പിനെ തിരികെ കടിക്കാനൊന്നും ശ്രമിച്ചേക്കരുത്. വിഷമിറങ്ങാന്‍ പാമ്പിനെ തിരികെ കടിച്ച വിരുതന്മാര്‍ക്ക് ഒന്നിനു പകരം പല തവണ പാമ്പിന്‍ കടി കിട്ടിയ അനുഭവങ്ങള്‍ ധാരാളമുണ്ട്.

കടിയേറ്റയാള്‍ ഉറങ്ങരുത്...

ഇത്തരമൊരു വിശ്വാസവും സമൂഹത്തിലുണ്ട്. എന്നാല്‍ ഇത് ശരിയല്ല. വെള്ളിക്കെട്ടന്‍ പോലെയുള്ള പാമ്പുകളുടെ കടിയേറ്റയാള്‍ ഉറങ്ങുന്നത് ചികിത്സയില്‍ വളരെയേറെ ഗുണം ചെയ്യാറുണ്ട്.

വിഷമേറ്റയാള്‍ക്ക് എരിവ് മനസിലാകില്ല...

പാമ്പ് കടിച്ചാല്‍ വിഷത്തിന്റെ തോത് മനസിലാക്കാന്‍ നാട്ടിന്‍ പുറങ്ങളില്‍ ചെയ്തിരുന്ന സൂത്രമായിരുന്നു കടിയേറ്റയാള്‍ക്ക് കുരുമുളക് പോലെയുള്ള ഭക്ഷ്യവസ്തുക്കള്‍ നല്‍കുക എന്നത്. എത്ര തോതില്‍ വിഷമേറ്റാലും രോഗിക്ക് എരിവ് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ വിഷവ്യാപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ദര്‍ശന, സ്പര്‍ശന, രുചികള്‍ തിരിച്ചറിയാന്‍ സാധിക്കാറില്ല.

ഇണചേരല്‍...

വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട പാമ്പുകള്‍ തമ്മില്‍ ഇണചേരില്ല എന്നാണ് ഗവേഷകരുടെ വാദം. മൂര്‍ഖനും ചേരയും തമ്മില്‍ ഇണ ചേര്‍ന്ന് പുതിയൊരു ഇനം പാമ്പും ഉണ്ടാകില്ല. എന്നാല്‍ കാഴ്ച ബംഗ്ലാവുകളില്‍ അപൂര്‍വമായി വ്യത്യസ്ത ഇനങ്ങള്‍ ഇണ ചേര്‍ന്നേക്കാം.

കടിയേറ്റയാളെ വിയര്‍പ്പിച്ചാല്‍ വിഷം പുറത്തു പോകും...

ഇത്തരമൊരു അന്ധവിശ്വാസം പല പ്രദേശത്തുമുണ്ട്. പ്രോട്ടീന്‍ രൂപത്തിലാണ് പാമ്പിന്‍ വിഷം. വിയര്‍പ്പിക്കുന്നതിലൂടെ രക്തത്തില്‍നിന്നു പാമ്പിന്‍ വിഷം ഇറങ്ങിവരികില്ല എന്നു മാത്രമല്ല, വിയര്‍പ്പിക്കുന്നതിലൂടെ ശരീരം ചൂടായി രക്തയോട്ടം വര്‍ധിച്ച് വിഷവ്യാപന സാധ്യത വര്‍ധിക്കുകയാണ് ചെയ്യുന്നത്.

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാനാകുമോ...

നമ്മുടെ സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ച അന്ധവിശ്വാസങ്ങളിലൊന്നാണിത്. ചില വിഷവൈദ്യമ്മന്മാര്‍ അറ്റകൈപ്രയോഗമായി ഇങ്ങനെ ചെയ്യാറുണ്ടെന്നു പഴമക്കാര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായി ഒരു പാമ്പിനും നല്‍കിയ വിഷം തിരിച്ചെടുക്കാനുള്ള കഴിവില്ല. അങ്ങനെ ഡയാലിസിസ് നടത്തി ഒരാളുടെ രക്തം പോലും ഒരു പാമ്പും ശുദ്ധീകരിച്ചിട്ടില്ല.

പച്ചിലപ്പാമ്പ് കണ്ണ് കൊത്തിപ്പൊട്ടിക്കുമോ...

പലരുടേയും വിശ്വാസം പച്ചിലപ്പാമ്പ് കണ്ണ് കൊത്തിപ്പൊട്ടിക്കുമെന്നാണ്. ഇതു ശരിയല്ല. മരം കയറുന്ന പാമ്പുകളില്‍ (കൊളുബ്രിഡ് ഫാമിലി) പലതിനും വിഷമില്ലെന്നതാണ് സത്യം. തമിഴില്‍ കണ്‍ കൊത്തിപ്പാമ്പ് എന്നറിയപ്പെടുന്ന പച്ചിലപ്പാമ്പ് ഉപദ്രവിച്ചയാളുടെ മരണം നടക്കും വരെ മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുമെന്ന വിശ്വാസവും ശരിയല്ല.

മ്യൂസിക് ഫാന്‍...

പാമ്പ് നന്നായി സംഗീതം ആസ്വദിക്കും എന്ന കാര്യം പച്ചക്കള്ളമാണ്. ബാഹ്യകര്‍ണമില്ലാത്ത ഇവയ്ക്ക് അതിനുള്ള കഴിവില്ല. പാമ്പാട്ടികളുടെ മകുടിയുടെ ചലനം കണ്ട് ഭയന്ന് പ്രതികരിക്കുന്ന പാമ്പുകളെ കണ്ടിട്ടാവണം ഇത്തരം പ്രചാരണങ്ങളുണ്ടായതെന്ന് കരുതാം.

വാല്‍ കൊണ്ട് കുത്തുമോ...

പാമ്പ് വാലു കൊണ്ട് കുത്തി വിഷമേല്‍പ്പിക്കും എന്ന വിശ്വാസം പലര്‍ക്കുമുണ്ട്. വാലില്‍ വിഷമുള്ള ഒരു പാമ്പിനേയും ഇന്നു വരെ കണ്ടെത്തിയിട്ടില്ല.

നാഗമാണിക്യം ഉണ്ടോ...

പാവം പാമ്പുകളെ മനുഷ്യര്‍ കൊന്നൊടുക്കുന്നതില്‍ മുഖ്യ കാരണങ്ങളില്‍ ഒന്നാണിത്. യാദൃശ്ചികമായി മാണിക്യം സൂക്ഷിച്ചയിടത്ത് പാമ്പ് കയറിയെന്ന് വരാം. പക്ഷെ, ഒരു പാമ്പും മാണിക്യം നിര്‍മിക്കുകയോ സൂക്ഷിക്കുകയോ ചെയ്യാറില്ല.

No comments:

Post a Comment