Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 30 July 2020

എന്താണ് കള്ളപ്പണം..?

കള്ളപ്പണം എന്ന് കേള്‍ക്കുമ്പോള്‍ എല്ലാ മലയാളികളുടെയും മനസ്സില്‍ വരുന്നത് 'കളിക്കളം' എന്ന സിനിമയില്‍ ഇന്നസെന്റ് വേഷമിട്ട മന്ത്രി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ വേഷമിട്ട ബ്ലേഡ്കമ്പനിക്കാരന്റെ നിലവറയ്ക്കുള്ളില്‍ ഒളിപ്പിക്കുന്ന വന്‍ നോട്ടുകെട്ടുകളെയാണ്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ആ പണംകൊണ്ട് 'ക്രിസ്തുദേവനെപ്പോലെ, കൃഷ്ണഭഗവാനെപ്പോലെ, മുഹമ്മദ് നബിയെപ്പോലെ' പാവങ്ങളുടെ കല്യാണം നടത്തിക്കൊടുക്കുന്നു.  കള്ളപ്പണത്തിന്റെ നിര്‍വ്വചനം ഇങ്ങനെയാണ്: 'ഒരു രാജ്യത്തെ വ്യവസ്ഥാപിതമായ നികുതി സമ്പ്രദായങ്ങളെയോ നിയമസംഹിതകളെയോ ഒളിച്ച് സമ്പാദിക്കുന്ന സ്വത്ത്'. അതായത്, നിയമത്തെ വെട്ടിച്ചോ നിയമവിരുദ്ധമായോ, നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാനോ ആയി സമ്പാദിക്കുന്ന പണമാണ് കള്ളപ്പണം. കള്ളപ്പണം നമ്മുടെ നാട്ടില്‍ പ്രധാനമായും ആറ് വിധത്തിലാണ് ഒളിക്കുന്നത്. 

ഒന്ന്) കറന്‍സി നോട്ട്: ശരിയായ മാര്‍ഗത്തിലൂടെയല്ലാതെ സമ്പാദിക്കുന്ന പണം പലപ്പോഴും പണമായിത്തന്നെ സൂക്ഷിക്കപ്പെടുന്നു. കൈക്കൂലിയായി വാങ്ങുന്ന പണം, മറ്റ് രാജ്യങ്ങളില്‍ നിന്ന് കുഴല്‍വഴി വരുന്ന പണം, ആദായനികുതി വെട്ടിച്ച് സമ്പാദിച്ച വരുമാനം, വില്‍പ്പന നികുതിയും കയറ്റുമതി/ഇറക്കുമതി ചുങ്കവും വെട്ടിച്ച് കണക്കില്‍ കൊള്ളിക്കാതെ കിട്ടുന്ന വിറ്റുവരവ്, വിധ്വംസക-വിഘടന പ്രവൃത്തികള്‍ക്കായി സമാഹരിക്കുന്ന തുക, സ്ത്രീധനം കിട്ടിയ തുക, വസ്തുവില്‍പ്പനയില്‍ ആധാരത്തില്‍ കാണിച്ചതിലധികമുള്ള തുക ഇവയെല്ലാം പണമായി സൂക്ഷിക്കപ്പെടുന്നു.  

രണ്ട്) സ്ഥാവരവസ്തുക്കള്‍: കറന്‍സിയില്‍ നിന്ന് കള്ളപ്പണം രൂപം മാറുന്നത് മുഖ്യമായും ഭൂസ്വത്തുക്കളിലേക്കാണ്. മേല്‍വിവരിച്ച പോലെ പണം സമ്പാദിക്കുന്നവര്‍ പിന്നീട് അത് സ്ഥിരമായും സുരക്ഷിതമായും സൂക്ഷിക്കുവാനായി സ്ഥാവരവസ്തുക്കള്‍ ആക്കി മാറ്റുമ്പോള്‍, സ്രോതസ്സ് വെളിപ്പെടുത്താവുന്ന തുകമാത്രമേ ആധാരത്തില്‍ കാണിക്കൂ. കൂടുതല്‍ കാണിച്ചാല്‍ ആ തുകയുടെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമല്ലോ. ഇത്തരം ഇടപാടില്‍ കള്ളപ്പണം ഇരട്ടിക്കുന്നു. ഭൂമി അഥവാ കെട്ടിടം വാങ്ങിച്ചയാള്‍ അനധികൃത മുതല്‍ അഥവാ കള്ളപ്പണം, പണത്തിന് പകരം വസ്തുവായി, കൈവശം വരുന്നത് തുടരുന്നു. മറുവശത്ത് വസ്തു വിറ്റയാള്‍, മുഴുവന്‍ തുകയും ആധാരത്തില്‍ കാണിക്കാത്തതുമൂലം, അധികം വരുന്ന തുക കള്ളപ്പണമായി സൂക്ഷിക്കേണ്ടി വരുന്നു. സ്ഥലം, വീട്, ഫ്‌ളാറ്റ് തുടങ്ങിയ സ്ഥാവരസ്വത്തുക്കള്‍ വാങ്ങുമ്പോള്‍, പലരും യഥാര്‍ത്ഥില്‍ നല്‍കുന്ന വിലയുടെ ചെറിയ ഭാഗം മാത്രമേ പ്രമാണത്തില്‍ കാണിക്കുകയുള്ളൂ. ആധാരച്ചെലവ് കുകുറയ്ക്കാനായിട്ടാണ് ഇത് ചെയ്യുന്നത്; നാട്ടുനടപ്പ് എന്ന ന്യായത്തില്‍. പക്ഷേ, ഇവിടെ സര്‍ക്കാരിന് നിയമപ്രകാരം ലഭിക്കേണ്ട മുദ്രവിലയും രജിസ്റ്റ്രേഷന്‍ കൂലിയും ലഭിക്കുന്നില്ല. ഇവിടെയും, വസ്തു വാങ്ങുന്നയാളിന്റെ കയ്യില്‍ വരുന്ന, ആധാരത്തിന് പുറത്തുള്ള തുകയ്ക്കുള്ള വസ്തുമൂല്യം, നല്ല പണത്തില്‍ നിന്ന് കള്ളപ്പണമായി മാറുന്നു. ആധാരത്തിലെ തുകയ്ക്കു മുകളിലുള്ള തുകയോളം ആ സ്വത്ത് അനധികൃത ആസ്തിയായാണ് കണക്കാക്കപ്പെടുന്നത്. സര്‍ക്കാരിന് അവ കണ്ടുകെട്ടാം. പല ഉന്നതരും പലപ്പോഴും നഗരത്തിലെ ഫ്‌ളാറ്റുകളായും, ഗ്രാമത്തിലെ തോട്ടങ്ങളായും 'ഉപകാരസ്മരണ' കൈപ്പറ്റുന്നു. അത്തരം സ്വത്തുക്കള്‍ പൂര്‍ണമായും കള്ളപ്പണമാണ്; തുടക്കം മുതല്‍ തന്നെ. 

മൂന്ന്) സ്വര്‍ണം: കള്ളപ്പണത്തെ രൂപംമാറ്റാനുള്ള മറ്റൊരു മാദ്ധ്യമമാണ് സ്വര്‍ണം. രേഖകളില്ലാതെ വാങ്ങുവാനും സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള എളുപ്പമാണ് മഞ്ഞലോഹത്തെ കള്ളപ്പണക്കാരുടെ ഇഷ്ടവസ്തു ആക്കിയത്. ലോക്കറില്‍ വയ്ക്കാം; ദേഹത്ത് അണിയാം. കൊണ്ടുനടക്കാന്‍ എളുപ്പം. മൂല്യമാണെങ്കില്‍ അനുദിനം വര്‍ദ്ധിക്കുന്നു. അദ്ധ്വാനിച്ച് നേടിയ പണവുമായി സ്വര്‍ണക്കടയില്‍ പോയി സ്വര്‍ണം വാങ്ങുന്ന നാം പക്ഷേ, ബില്ല് വേണ്ട എന്ന് വയ്ക്കുന്നു; വില്‍പ്പനനികുതി ഒഴിവാക്കാന്‍ അഥവാ, വെട്ടിക്കാന്‍. അതോടെ നല്ല പണം കൊടുത്ത് വാങ്ങിയ സ്വര്‍ണം കള്ളപ്പണത്തിന് സമമാകുന്നു. ചില കടക്കാര്‍ 'എസ്റ്റിമേറ്റ്' എന്നെഴുതിയ, അച്ചടിച്ച കടലാസ് തരുന്നു; നാം അത് ബില്ല് എന്ന് വിചാരിച്ച് സൂക്ഷിച്ചുവയ്ക്കുന്നു. ആ കടലാസുകൊണ്ട് ഒരു കാര്യവുമില്ല. കാരണം, ബില്ലെഴുതിയാലേ നികുതി സര്‍ക്കാരില്‍ എത്തുന്നുള്ളൂ; 'എസ്റ്റിമേറ്റ്' ബില്ലല്ല. അതുപോലെ, വിദേശത്തുനിന്ന് കസ്റ്റംസ്തീരുവ നല്‍കാതെ കൊണ്ടുവരുന്ന സ്വര്‍ണവും കറന്‍സിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് കൂടുവിട്ട് കൂടുമാറിയ കള്ളപ്പണത്തിന് തുല്യമാണ്; രണ്ടും നിയമവിരുദ്ധമായി നേടിയത്. രണ്ടിനും വാങ്ങിച്ചതിന് രേഖകളുണ്ടാകില്ല. 

നാല്) ബിനാമി സ്വത്ത്: നികുതിബാദ്ധ്യതയുള്ളയാള്‍, നികുതി ഒഴിവാക്കുവാനോ, സ്വത്ത് സമ്പാദിച്ചത് നിയമത്തിന്റെ മുന്നില്‍ വരാതിരിക്കുവാനോ ആയി, നികുതിബാദ്ധ്യതയില്ലാത്ത ഒരാളുടെ പേരില്‍ പണമോ സ്വത്തോ സൂക്ഷിക്കുന്നതാണ് ബിനാമി ഇടപാട്. ഇത് നിയമം മൂലം നിരോധിച്ചതാണ്. സാധാരണഗതിയില്‍, ഭൂസ്വത്ത്, ബാങ്ക് നിക്ഷേപം തുടങ്ങിയവയാണ് ഈ രീതിയില്‍ ഒളിച്ച് വയ്ക്കുന്നത്. ഈയിടെയായി മുന്തിയ ഇനം വാഹനങ്ങളും (മുനപ് പറഞ്ഞ 'ഉപകാര സ്മരണ'യായി കിട്ടിയതുമാകാം) ഇങ്ങനെ നിയമത്തിന്റെ കണ്ണില്‍നിന്ന് മറച്ചുപിടിക്കുന്നു. ബിനാമി സ്വത്തുക്കള്‍ പൂര്‍ണമായും കള്ളപ്പണം എന്ന ഗണത്തില്‍ പെടുന്നു. 

അഞ്ച്) 'ബ്ലേഡ് ബാങ്ക്': റിസര്‍വ് ബാങ്കിന്റെ കെവൈസി (നിങ്ങളുടെ ഇടപാടുകാരനെ മനസ്സിലാക്കുക) നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്ത പണമിടപാട് സ്ഥപനങ്ങളില്‍ അപ്രഖ്യാപിത നിക്ഷേപം ചെയ്യുന്നത് കള്ളപ്പണം സൂക്ഷിക്കല്‍ ആണ്. ഇവ പലപ്പോഴും സാങ്കല്‍പ്പികപേരുകളില്‍ പോലുമായിരിക്കും. 

ആറ്) വിദേശരാജ്യങ്ങളിലെ നിക്ഷേപം: ഇത് വന്‍കിടക്കാര്‍ ചെയ്യുന്നതാണ്. ചില രാജ്യങ്ങളില്‍ ബാങ്ക് ഇടപാടുകാരുടെ വിവരങ്ങള്‍ സര്‍ക്കാരിനോ മറ്റ് അധികൃതര്‍ക്കോ നല്‍കേണ്ടതില്ല. അതുപോലെ ചില രാജ്യങ്ങളില്‍ വരുമാന/സ്വത്ത് നികുതികളില്ല. ഇന്ത്യയിലെ കള്ളപ്പണം ഇത്തരം രാജ്യങ്ങളിലെത്തിച്ച് ഒന്നുകില്‍ അവിടെ സൂക്ഷിക്കുന്നു; അല്ലെങ്കില്‍ 'വിദേശ നിക്ഷേപം' എന്ന പേരില്‍ നികുതിരഹിതമായി വെളുപ്പിച്ച് തിരിച്ചുകൊണ്ടുവരുന്നു. ഇത്തരം രാജ്യങ്ങളാണ് സ്വിറ്റ്‌സര്‍ലാന്‍ഡും മൗറീഷ്യസും അതുപോലെ ജെര്‍സി, കേയ്‌മെന്‍, കൂക് തുടങ്ങിയ ദ്വീപ് രാജ്യങ്ങളും (ചിലവ മാത്രം. ഇവ പൊതുവില്‍ 'നികുതിമുക്തതുരുത്തുകള്‍' tax havens എന്നറിയപ്പെടുന്നു). ഇന്ത്യയില്‍ സ്ഥിരതാമസമുള്ള ഇന്ത്യക്കാരന് വിദേശരാജ്യത്ത് ഉള്ള നിക്ഷേപം കള്ളപ്പണമാണ്. കാരണം ആ തുകയ്ക്ക് ഇന്ത്യയില്‍ നികുതി നല്‍കുന്നില്ല. ഇനി നമ്മള്‍ നമ്മുടെയും നമ്മുടെ ചുറ്റുപാടുകളുടെയും പണവ്യവഹാരങ്ങളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുക.

Wednesday, 29 July 2020

ജോലിയിലെ ടെന്‍ഷന്‍ മാറ്റാന്‍ എന്തുചെയ്യണം..?

മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന കാരണങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളാണ്. സമയപരിധി കൃത്യമായി പാലിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ തീരുംവരെ ജോലി ചെയ്യേണ്ടവര്‍ക്കിടയില്‍ അതുണ്ടാക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. പലപ്പോഴും ഉത്കണ്ഠ, വിഷാദം, ആത്മഹത്യ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് അവരെ തള്ളി വിടാറുണ്ട്. എന്നാല്‍ പല മാനസിക സമ്മര്‍ദ്ദങ്ങളേയും പ്രതിരോധിക്കാന്‍ ചിലകാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നമുക്ക് സാധിക്കും.

SHITO-RYU-KARATE യെ കുറിച്ച് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക..

ടെന്‍ഷന്‍ മാറാന്‍ എന്ത് ചെയ്യണം?

1. നമ്മുടെ സന്തോഷവും സമാധാനവും മറ്റുള്ളവരുടെ ഉത്തരവാദിത്വമോ ജോലിയോ അല്ല, നമ്മുടേത് മാത്രമാണ് എന്ന് തിരിച്ചറിയണം. സാഹചര്യങ്ങളോ ആളുകളോ അല്ല, നമ്മുടെ ചിന്താരീതികളും പ്രവൃത്തികളുമാണ് മാറേണ്ടത്. 

2. ജോലിയുടെ ലക്ഷ്യങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുള്ളവരായിരിക്കുക, അറിയാത്ത കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി പ്രവര്‍ത്തിക്കുക. ഇതുവഴി ആധിയും പിഴവുകളും ഒഴിവാക്കാം

3. കൃത്യസമയത്ത് അല്ലെങ്കില്‍ ഒരല്‍പം നേരത്തെ ജോലിക്ക് എത്തുക. വെപ്രാളവും ടെന്‍ഷനും ഒഴിവാക്കാന്‍ അത് ഏറെ ഉപകാരപ്പെടും.

4.‍ ചെയ്തുതീര്ക്കേണ്ട കാര്യങ്ങള്‍ ഊഴത്തിനനുസരിച്ച് വര്‍ഗീകരിക്കുക. അത് കുറിച്ചുവെയ്ക്കാം. അങ്ങനെയെങ്കില്‍ താല്‍ക്കാലികമായ മറവികള്‍ ഉണ്ടാവാതിരിക്കാം. 

5. ശ്രദ്ധയോടെ ജോലി ചെയ്യുക. ഇടയിലുള്ള സംസാരം, ഫോണ്‍ ഉപയോഗം, വിനോദത്തിനായുള്ള മറ്റ് കാര്യങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കുക.

6. നോ പറയാന്‍ പടിക്കുക. സാധിക്കുമെങ്കില്‍ പ്രശ്‌നങ്ങള്‍ യഥാസമയം പരിഹരിക്കുക. 

7. മറ്റുള്ളവരുടെ സ്ഥാനത്ത് നിന്നും ചിന്തിക്കാനും തീരുമാനമെടുക്കാനും ശ്രമിക്കുക.

8.‍ സഹപ്രവര്ത്തകരുമായി സൗഹൃദത്തിലും സഹവര്‍ത്തിത്വത്തിലും പ്രവര്‍ത്തിക്കുക.

9. നമ്മുടെ പരിധിയില്‍ നില്‍ക്കാത്ത പ്രശ്‌നങ്ങള്‍ മേലധികാരിയിലേക്ക് എത്തിക്കുക. അതുവഴി നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. 

10. നമ്മെ ചിന്താകുലരാക്കുന്ന ആധിപിടിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി ആ ജോലികള്‍ ആദ്യം തീര്‍ക്കാന്‍ ശ്രമിക്കുക.

11.‍ ചെയ്യാന് പറ്റുമെന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. 

12. സമയം ക്രമീകരിക്കുക. പ്രാധാന്യവും ആവശ്യവും അനുസരിച്ച് മാത്രം സമയം ചെലവഴിക്കുക.

13. ഭക്ഷണവും വെള്ളവും ഒഴിവാക്കി ജോലി ചെയ്യരുത്. സുഖമില്ലെങ്കില്‍ വിശ്രമിക്കുക.

14. ഒരു കാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അതില്‍ ആധി പിടിക്കാതെ വിഷയം വിട്ടുകളഞ്ഞ് മുന്നോട്ട് പോവുക.‍

15. ഊഹങ്ങള് നിര്‍ത്തി വ്യക്തത നേടുക.

16. ഓഫീസ് കാര്യങ്ങള്‍ കഴിവതും ഓഫീസില്‍ അവസാനിപ്പിക്കുക.

Tuesday, 28 July 2020

ഇന്ത്യയുടെ ദേശീയ ഫലം‌ മാങ്ങ.. നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ..

മാവ് എന്ന വൃക്ഷം നൽകുന്ന ഫലം ആണ്‌ 'മാങ്ങ. പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ്‌ മാമ്പഴംസാധാരണയായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ്‌ ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ കൃഷി ചെയ്യുന്നത്. 

ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ.  ഇന്ത്യയെ കൂടാതെ പാകിസ്താന്റെയും ദേശീയ ഫലമാണ്‌  മാങ്ങ. മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്‌. കേരളത്തിൽ മാവ് കൃഷി വ്യാപകമല്ലെങ്കിലും, തമിഴ്നാട്ടിലും കർണ്ണാടകത്തിലും ബീഹാറിലും വളരെയധികം കൃഷി ചെയ്യപ്പെടുന്നുണ്ട്. പഴുക്കാത്ത മാങ്ങ ചേർത്ത് കൂട്ടാനുകളും അച്ചാറുകളും പാകം ചെയ്യുന്നു. പഴുത്ത മാങ്ങ ചേർത്തുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിയും മലയാളികൾക്ക് പ്രിയങ്കരമാണ്‌. മാമ്പഴം വളരെ സ്വാദുള്ള ഭക്ഷണമാണ്‌. 18 നൂറ്റാണ്ടിനു മുൻപ് കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ പലരും മാമ്പഴത്തെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്.  മാമ്പഴവും മാങ്ങയുടെ അച്ചാറുകളും ധാരാളം, കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.



ചരിത്രം

പൗരാണികകാലത്ത് തന്നെ അറിയപ്പെട്ടിരുന്നൊരു പഴമാണ് മാങ്ങ. പുരാതന സംസ്കൃതഗ്രന്ഥങ്ങളിലും നാടോടിപ്പാട്ടുകളിലും മറ്റും മാമ്പഴത്തെപറ്റി പരാമർശമുണ്ട്. എന്നാൽ ഋഗ്വേദത്തിൽ മാങ്ങയെപ്പറ്റി പരാമർശമില്ല, അത് ആര്യന്മാർ കൃഷിചെയ്തിരുന്നില്ല എന്നതിനാലോ അവ കൃഷി ചെയ്തിരുന്ന ഉഷ്ണമേഖലാ പ്രദേശത്തേക്കുറിച്ച് അറിയാത്തതിനാലോ ആയിരിക്കാം. എന്നാൽ ബുദ്ധമതഗ്രന്ഥമായ അമരകോശത്തിൽ മാങ്ങയെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്. രാമായണത്തിലും മഹാഭാരതത്തിലും കാടുപോലെ വളർന്ന മാന്തോപ്പുകളെ വിവരിക്കുന്നുണ്ട്. കാളിദാസ കൃതികളിലും മാവിനെപ്പറ്റിയുള്ള വിവരണം കാണാം. ക്രിസ്തുവിന്‌ വളരെ മുമ്പ് എഴുതപ്പെട്ടത് എന്ന് കരുതുന്ന ആയുർ‌വേദ ഗ്രന്ഥമായ ചരകസംഹിതയിലും സുശ്രുതസംഹിതയിലും മാവിന്റെ ഔഷധഗുണത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ക്രി.മു. 150 വർഷങ്ങളിൽ നിർമ്മിച്ചവയെന്ന് കരുതപ്പെടുന്ന സാഞ്ചിയിലെ സ്തൂപങ്ങളിൽ മാവിന്റേയും മാമ്പഴത്തിന്റേയും വിവിധഭാഗങ്ങൾ കൊത്തുപണി ചെയ്തു വച്ചിട്ടുണ്ട്. അജന്തയിലും എല്ലോറയിലും മാവിൻറെ ചിത്രങ്ങൾ കാണാം. 

ഇന്ത്യ സന്ദർശിച്ചിട്ടുള്ള പല വിദേശസഞ്ചാരികളുടേയും യാത്രാഗ്രന്ഥങ്ങളിൽ മാവിനെ പറ്റിയുള്ള വിവരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്രി.മു. 327 ൽ ഇന്ത്യയിൽ വന്ന അലക്സാൻഡർ ചക്രവർത്തി സൈന്ധ് നദീതടത്തിൽ ഒരു മാന്തോപ്പ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. 

മെഗസ്തനീസിന്റെ ഇൻഡിക്കയിലും പരാമർശം ഉണ്ട്. ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ്ങായിരിക്കണം ഒരു പക്ഷേ മാമ്പഴം വിദേശ ശ്രദ്ധയാകർഷിക്കാൻ കാരണം എന്ന് വിശ്വസിക്കപ്പെടുന്നു. ബുദ്ധന്‌ വിശ്രമിക്കാൻ ആമ്രധാരിക വലിയൊരു മാന്തോപ്പ് സമ്മാനിച്ചതായി ഫാഹിയാന്റേയും സുങ് യുന്റേയും സഞ്ചാരക്കുറിപ്പുകളിൽ വായിക്കാം. ക്രി.വ. 902 നും 968 നും ഇടയിൽ ജീവിച്ചിരുന്ന എബെൻ ഹാങ്കെലായിരുന്നു മാവിനേയും മാങ്ങയേയും പറ്റിയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ആദ്യത്തെ പാശ്ചാത്യ സഞ്ചാരി. 

ഫ്രയർ ജോർദാനുസ് 1300ൽ രചിച്ച മിറാബിലിസ് ഡിസ്ക്രിപ്റ്റാ ( അതിശയകരമായ വിവരങ്ങൾ) എന്ന ഗ്രന്ഥത്തിലും മാവിനെ പറ്റി വിവരിച്ചിരിക്കുന്നു. ഇബ്നു ബത്തൂത്തയും മാവിനെ വിട്ടു കളഞ്ഞിട്ടില്ല. വർത്തേമയും ബാർബോസയമ് തുടങ്ങി ഒട്ടനവധി സഞ്ചാരികൾ കേരളത്തിലെ വിദേശീയാധിപത്യകാലത്ത് മാങ്ങയെപറ്റി വിവരിച്ചിട്ടുണ്ട്. അക്കാലത്തൊന്നും യൂറോപ്യൻ രാജ്യങ്ങളിൽ മാങ്ങയെ പറ്റി അറിവില്ലായിരുന്നു എന്ന് അവരുടെ പരാമർശങ്ങളിൽ നിന്ന് മനസ്സിലാക്കാം.

മുഗൾ ഭരണകാലം മാങ്ങായുടെ സുവർണ്ണകാലമായിരുന്നു. ഏറ്റവും നല്ല ഇനങ്ങൾ തിരഞ്ഞെടുത്ത് നട്ടു വളർത്തുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു അക്ബർ. അദ്ദേഹം ഗുണസ്വഭാവങ്ങൾ അടിസ്ഥാനപ്പെടുത്തി മാങ്ങയെ ഇനം തിരിക്കാൻ ശ്രമം നടത്തി. അക്ബർ ചക്രവർത്തിക്ക് സ്വന്തമായി ദർഭംഗക്കടുത്ത് ലാൽബാഗ് എന്ന് പേരിൽ ഒരു ലക്ഷത്തോളം മാവുകൾ ഉള്ള ഒരു തോപ്പ് ഉണ്ടായിരുന്നതായി 300 കൊല്ലങ്ങൾക്ക് ശേഷം അത് ചാൾസ് മാരീസ് എന്ന ഇംഗ്ലീഷുകാരൻ സന്ദർശിച്ച് അവയെപറ്റി വിവരിച്ചതായും രേഖകൾ ഉണ്ട്.  എന്നാൽ മുഗൾ വംശസ്ഥാപകനായ ബാബർ മാങ്ങയെ അത്രയൊന്നും മതിച്ചിരുന്നില്ല. പലരും അതിനെ പുകഴ്തുന്നത് അർഹിക്കുന്നതിലേറെയാണെന്നാണ് ബാബർ നാമയിൽ അദ്ദേഹം എഴുതിയത്..

Sunday, 26 July 2020

കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ.. എങ്ങനെ തിരിച്ചറിയാം?

കോവിഡ് എന്ന മഹാമാരി ലോകത്തെ ശ്വാസംമുട്ടിക്കുമ്പോൾ മുതിർന്നവർ മാത്രമല്ല നവജാത ശിശുക്കൾ വരെ രോ​ഗബാധിതരാവുന്നുണ്ട്. ശാരീകാസ്വസ്ഥതകൾ കുട്ടികൾക്ക് നമ്മളെ പറഞ്ഞുമനസ്സിലാക്കാൻ കഴിയണമെന്നില്ല. പനി, പേശി വേദന, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, രുചിയും മണവും നഷ്ടമാവൽ എന്നിവയെല്ലാമാണ് കോവിഡിന്റെ പൊതുവായ ലക്ഷണങ്ങൾ. പക്ഷേ കുട്ടികളിൽ ഈ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല.

കോവിഡ് പോസിറ്റീവായ കുട്ടികളിൽ ഉദര സംബന്ധമായ പ്രശ്നങ്ങൾ കണ്ടേക്കാം. മനംപിരട്ടൽ, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കൂടുതലായി കാണുന്നുവെന്ന് ന്യൂയോർക്കിലെ ശിശുരോ​ഗ വിദ​ഗ്ധ ഡോ. മാർ​ഗരറ്റ് ആൽഡ്രിച്ച് പറയുന്നു. എന്നാൽ കോവിഡ് ലക്ഷണങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടക്കുന്നതിനാൽ ഇവ മാത്രമായിരിക്കും കുട്ടികളിലെ ലക്ഷണങ്ങളെന്ന് പറയാനാവില്ലെന്നും ഡോക്ടർ വ്യക്തമാക്കി. അതേസമയം പരിധിയിൽ കവിഞ്ഞ ക്ഷീണം, ശ്വസിക്കാൻ ബുദ്ധിമുട്ട്, ചുണ്ടിൽ നീല നിറം, ഛർദി, വയറിളക്കം, മൂന്ന് ദിവസത്തിൽ കൂടുതൽ പനി എന്നിവ കുട്ടികൾക്കുണ്ടായാൽ എന്തായാലും ആരോ​ഗ്യപ്രവർത്തകരെ അറിയിക്കണമെന്ന് ഡോക്ടർമാർ പറയുന്നു.

ആരോ​ഗ്യമുള്ള കുട്ടികൾക്കും സാധാരണ ​ഗതിയിൽ 10 തവണ വരെയൊക്കെ ജലദോഷം വരാം. പനി, ജലദോഷം, ഉദര സംബന്ധമായ അസുഖങ്ങൾ എന്നിവയൊക്കെ കുട്ടികൾക്ക് അല്ലാതെ തന്നെ വരുന്നതിനാൽ കോവിഡ് ലക്ഷണങ്ങൾ തിരിച്ചറിയൽ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ കുട്ടികൾക്ക് ശ്വസന സംബന്ധമായ അസുഖങ്ങൾ വന്നാൽ പ്രത്യേകം ശ്രദ്ധിക്കണം. ആരോ​ഗ്യപ്രവർത്തകരെ ഇക്കാര്യം അറിയിച്ച് വേണ്ട മാർ​ഗനിർദേശം തേടണം.

അസുഖം വരുന്നത് തങ്ങളുടെ കുറ്റമല്ലെന്ന ബോധ്യം കുട്ടികളിലുണ്ടാക്കാൻ ശ്രമിക്കണം. രോ​ഗം വന്നത് അശ്രദ്ധ കൊണ്ടാണെന്ന് അവരെ കുറ്റപ്പെടുത്തിയാൽ അവർ ചിലപ്പോൾ ശാരീകാസ്വസ്ഥതകൾ മുതിർന്നവരിൽ നിന്ന് മറച്ചുവെച്ചേക്കും. ആർക്കും രോ​ഗം വരാമെന്നും അതൊന്നും ആരുടെയും തെറ്റല്ലെന്നും അവരെ ബോധ്യപ്പെടുത്തണം. അങ്ങനെയാകുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ പോലും അവർ മാതാപിതാക്കളോട് പറയും. ലക്ഷണങ്ങൾ കൃത്യമായി ഡോക്ടറോട് പറഞ്ഞാൽ അത് കൂടുതൽ ഫലപ്രദമാകും..

Saturday, 25 July 2020

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ...

മധുര മനോഹര മനോജ്ഞ ചൈന' എന്നത് ഒഎൻവി കുറുപ്പ് ആദ്യകാലത്തെഴുതിയ ഒരു കവിതയിലെ വരികളാണ്. എന്നാൽ, 1962 -ൽ അപ്രകോപിതമായി ചൈന  ഇന്ത്യയെ ആക്രമിച്ചപ്പോൾ, അപ്രതീക്ഷിതമായി അതിർത്തിയിൽ ചൈന പ്രവർത്തിച്ച ചതിയോട് പ്രതികരിച്ചവരിൽ ഒരാൾ സുപ്രസിദ്ധ കവി വയലാർ രാമവര്മയായിരുന്നു. ഒരു സമ്മേളനത്തിൽ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു ''നമ്മള്‍ പാടിനടന്നിരുന്ന 'മധുരമനോഹര മനോജ്ഞ ചൈനയില്ലേ... ആ ചൈന നശിച്ചിരിക്കുന്നു. അവിടെ ചതിയന്മാരാണിപ്പോള്‍. അവര്‍ നമ്മളെ ഇനിയും ഉപദ്രവിക്കും. ഇനി ആ കവിതയെ 'ഹോ... കുടില കുതന്ത്ര ഭയങ്കര ചൈനേ' എന്നു ഞാന്‍ തിരുത്തുന്നു. സമയമുണ്ടെങ്കില്‍ ബാക്കി വരികളും തിരുത്തും'' അവർ നമ്മളെ ഇനിയും ഉപദ്രവിക്കും എന്ന വയലാറിന്റെ വരികൾക്ക് വല്ലാത്ത പ്രവചനസ്വഭാവമുണ്ടായിരുന്നു എന്ന് ഇപ്പോൾ ചിലർക്കെങ്കിലും തോന്നിയേക്കാം. 

കേരളത്തിലെ രണ്ടു നഗരങ്ങളിൽ  സബ് ജുഡീഷ്യൽ അധികാരങ്ങളോടെ ഐജി റാങ്കിൽ കമ്മീഷണറെ നിയമിക്കുന്നതിനെപ്പറ്റി നടന്ന നിയമസഭാ ചർച്ചകളിലും ചൈന പരാമർശ വിധേയമായിരുന്നു. അന്നും ചൈനയിലെ ജനാധിപത്യലംഘനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന എന്ന നമ്മുടെ അയാൾ രാജ്യത്തെപ്പറ്റി ഇന്നും നാട്ടിൽ പലർക്കുമുള്ളത് പലവിധത്തിലുള്ള തെറ്റിദ്ധാരണകളാണ്. എന്താണ് അവിടത്തെ അവസ്ഥ? മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ ചൈന എന്ന രാജ്യം, മറ്റുള്ള പരമാധികാര രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ നിൽക്കുന്നത് എവിടെയാണ്..?  

മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ ഇന്ത്യയടക്കമുള്ള പല ജനാധിപത്യ രാജ്യങ്ങളും പിന്തുടരുന്നത് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ( UNHRC) വർഷാവർഷം പുനഃപരിശോധിച്ച് പ്രസിദ്ധപ്പെടുത്തുന്ന മൗലികാവകാശരേഖയെയാണ്. അതിൽ പറയുന്ന പലത്തിന്റെയും നഗ്നമായ ലംഘനങ്ങളാണ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന വളരെ സംഘടിതവും ഗവണ്മെന്റ് അംഗീകൃതവുമായ നയങ്ങളിലൂടെ നടത്തിപ്പോരുന്നത്. സർക്കാരിനെ വിമർശിക്കുന്ന നിരവധി അഭിഭാഷകർ ചൈനയിലെ ജയിലുകളിൽ കഴിയുന്നുണ്ട്. ആംനെസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് പോലുള്ള സംഘടനകൾ അവരുടേതായ മാര്ഗങ്ങളിലൂടെ ചൈനയിൽ നടക്കുന്ന ഇത്തരത്തിലുള്ള മനുഷ്യാവകാശലംഘനങ്ങളുടെ കൃത്യമായ തെളിവുകളുംപല ഏജൻസികൾക്കും നൽകിപ്പോന്നിട്ടുണ്ട്. എന്നാൽ, ഈ സംഘടനകളുടെ മനുഷ്യാവകാശ നിർവചനങ്ങളും, ചൈനയുടെ മനുഷ്യാവകാശ നിർവചനങ്ങളും തമ്മിൽ കാര്യമായ അന്തരമുണ്ട് എന്നതാണ് യാഥാർഥ്യം. 

ചൈനയിൽ നാല് അടിസ്ഥാന തത്വങ്ങളുണ്ട്. അവ പൗരാവകാശങ്ങൾക്ക് ഒരു പടി മേലെ നിലകൊള്ളുന്നു.. ഒന്ന്, സോഷ്യലിസ്റ്റ് പാതയെ നിലനിർത്തുന്നത്. രണ്ട്, പീപ്പിൾസ് ഡെമോക്രാറ്റിക് ഡിക്ടേറ്റർഷിപ്പിനെ നിലനിർത്തുന്നത്. മൂന്ന്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തെ നിലനിർത്തുന്നത്‌. നാല്, മാവോ സെ തൂങ്ങിന്റെ ചിന്താപദ്ധതിയെയും മാർക്സിസ്റ്റ് ലെനിനിസ്റ്റ് ചിന്താ സരണികളെയും നിലനിർത്തുന്നത്.  ഈ നാലു വകുപ്പിൽ പെടുന്ന ഒരു കാര്യങ്ങളെയും പൗരന്മാർക്ക് ചോദ്യം ചെയ്യാൻ അവകാശമില്ല. അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ, ഈ തത്വങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന പേരിൽ സർക്കാർ പറയുന്നവരെ ജയിലടക്കും. വിചാരണ ചെയ്യും. വേണമെങ്കിൽ കഴുവിലേറ്റും. 

1970 -കളിലും 80-കളിലും നടന്ന നിയമപരിഷ്കാരങ്ങൾക്ക് ശേഷമാണ് ചൈന ഭരിച്ചുപോരുന്ന കമ്യൂണിസ്റ്റ് പാർട്ടി, നിയമത്തിന്റെയും കോടതിയുടെയും വഴിയേ നടക്കാൻ തയാറായിത്തുടങ്ങുന്നത്. എന്നാൽ ഈ നിയമ വ്യവസ്ഥ പോലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വിധേയമാണ് എന്നതാണ് വാസ്തവം. ന്യായാസനങ്ങളിൽ ഇരിക്കുന്ന ജഡ്ജിമാർ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയരാണ് എന്നർത്ഥം. 2000-ൽ ചൈനയിൽ ജയിലിൽ കഴിഞ്ഞിരുന്നത് നാൽപതു ലക്ഷത്തോളം പേരാണ്.

ചൈനയിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥ 

അഭിപ്രായ സ്വാതന്ത്ര്യം : 1982-ലെ ഭരണഘടന ചൈനക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുകൊടുക്കുന്നുണ്ട്, എങ്കിലും, രാജ്യത്തിനെതിരെയുള്ള അട്ടിമറി ചെറുക്കാൻ, രാജ്യത്തിൻറെ രഹസ്യങ്ങൾ സംരക്ഷിക്കാൻ എന്നിങ്ങനെ രണ്ടു വകുപ്പ് പറഞ്ഞ് ആരെയും പിടിച്ച് ജയിലിലിടാൻ ചൈനീസ് ഗവൺമെന്റിന് ആവും. ഒരാൾക്കും അതിനെതിരെ ശബ്ദിക്കാനാവില്ല. 

2008-ൽ ചൈനീസ് സർക്കാർ രസകരമായ ഒരു സൗകര്യം ഏർപ്പെടുത്തിക്കൊടുത്തു തങ്ങളുടെ പൗരന്മാർക്ക്. നിങ്ങൾക്ക് വേണമെങ്കിൽ നേരത്തെ  അപേക്ഷിച്ച് അനുമതി നേടിയ ശേഷം പ്രതികരിക്കാം. പ്രതിഷേധിക്കാം. അതിനായി 'പ്രൊട്ടസ്റ്റ് പാർക്ക് 'എന്ന പേരിൽ നമ്മുടെ പുത്തരിക്കണ്ടം പോലെ ഒരു സ്ഥലവും അവർ ഏർപ്പാടാക്കി. അത് വിശ്വസിച്ച് പലരും പ്രതിഷേധാനുമതിക്കായി അപേക്ഷകൾ സമർപ്പിച്ചു. ആ അപേക്ഷകൾ ഒരെണ്ണമില്ലാതെ സർക്കാർ തള്ളി. എന്നുമാത്രമല്ല, അപേക്ഷകൾ സമർപ്പിച്ചവരിൽ മിക്കവരെയും അറസ്റ്റുചെയ്ത് തുറുങ്കിലടക്കുകയും ചെയ്തു.

പത്രസ്വാതന്ത്ര്യം 

ഫ്രീഡം ഹൗസ്‌ എന്ന മനുഷ്യാവകാശ സംഘടന ചൈനയെ പത്രസ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ 'നോട്ട് ഫ്രീ' എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.  ചൈനയിലെ ജേര്ണലിസ്റ്റായ ഹീ കിങ്‌ലിയാൻ പറയുന്നത് ചൈനയിലെ മാധ്യമങ്ങളെല്ലാം തന്നെ പ്രവർത്തിക്കുന്നത് ചെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രൊപ്പഗാണ്ടാ വിഭാഗത്തിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസൃതമായിട്ടാണ്. 'ഫ്രീ ടിബറ്റ്' പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഐടിവി റിപ്പോർട്ടർ ജോൺ റേ അടക്കമുള്ള പല പത്രപ്രവർത്തകരും അറസ്റുചെയ്യപ്പെട്ടിട്ടുണ്ട്. 2012-ൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷണർ അടക്കമുള്ളവർ അഭ്യർത്ഥിച്ചിട്ടും ചൈന തങ്ങളുടെ പത്രനയത്തിൽ നിന്നും ഒരിഞ്ചു പിന്നോട്ട് പോവാൻ തയ്യാറായിട്ടില്ല. 

ഇന്റർ നെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യം 

ചൈനയിൽ അറുപതിലധികം ഇന്റർനെറ്റ് നിയന്ത്രണസംബന്ധമായ നിയമങ്ങളുണ്ട്. ചൈനയിലെ സൈബർ സെൽ മറ്റേതൊരു രാജ്യത്തെതിനേക്കാളും ആധുനികമായ സംവിധാങ്ങൾ കൊണ്ട് സജ്ജമാണ്. ലോകത്തിലേക്കും വെച്ച് ഏറ്റവുമധികം ജേർണലിസ്റ്റുകളും സൈബർ വിമർശകരും തടവിൽ കഴിയുന്ന രാജ്യമാണ് ചൈന എന്നാണ്  ആംനെസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തത്. 'നെറ്റിസൺസിന്റെ  ഏറ്റവും വലിയ ജയിൽ' എന്നാണ് 'റിപ്പോർട്ടേഴ്‌സ് സാൻസ് ഫോണ്ടിയേഴ്‌സ്' എന്ന പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടന ചൈനയെ വിളിച്ചത്.  ചൈനയുടെ സൈബർ നയങ്ങളുടെ കർക്കശ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു 2013-യിൽ, ടിയാനൻ മെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ ഇരുപത്തിനാലാം വാർഷികത്തിൽ ഇന്റർനെറ്റിൽ 'ടിയാനൻമെൻ സ്‌ക്വയർ' എന്ന് സെർച്ച് ചെയ്യുന്നത് ചൈന നിരോധിച്ചത്.

രാജ്യത്ത് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം 

1940-ളുടെ അവസാനം ചൈനയിൽ  കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. 1958-ൽ ചെയർമാൻ മാവോ രാജ്യത്ത് റെസിഡൻസി പെർമിറ്റ് സിസ്റ്റം കൊണ്ടുവന്നു. രാജ്യത്തെ തൊഴിലാളികളെ അർബൻ, റൂറൽ എന്നിങ്ങനെ രണ്ടായി തിരിച്ചു. അതുപ്രകാരം, ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ വന്നു കൂലിവേല എടുക്കണമെങ്കിലും സർക്കാർ ചാനലുകളിലൂടെ അപേക്ഷ സമർപ്പിച്ച് അതിനുള്ള അനുവാദത്തിനുവേണ്ടി  കാത്തിരിക്കണം. 

സംഘടനാ സ്വാതന്ത്ര്യം 

ചൈനയിൽ സംഘടനയുടെ കാര്യത്തിൽ ഓൾ ചൈന ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് എന്ന സംഘടനയുടെ ഏകാധിപത്യമാണ്. ഈ ഒരു സംഘടന മാത്രമാണ് ഫലത്തിൽ ചൈനയിൽ പ്രവർത്തിക്കുന്നത്. അതും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ. 

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം 

1966–1976 കാലത്ത് ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്നു എന്ന് പറയപ്പെടുന്നു. അക്കാലത്ത് മതത്തിന്റെ പേരിലുള്ള എല്ലാ പ്രവർത്തനങ്ങളും നിരുത്സാഹപ്പെടുത്തുന്ന നയമാണ് ചെയർമാൻ മാവോ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ 'നാലു പഴമകളുടെ നാശം' എന്ന കാമ്പയിൻ വളരെ പ്രസിദ്ധമായിരുന്നു. ' പഴയ ആചാരങ്ങൾ, സംസ്കാരം, ശീലം, ആശയങ്ങൾ' ഇതൊക്കെയും നശിപ്പിക്കപ്പെടേണ്ടതാണ് എന്നായിരുന്നു മാവോയുടെ പക്ഷം.  1982 -ലെ ഭരണഘടന ചൈനീസ് പൗരന്മാർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും, ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം അനുവദിക്കുന്നുണ്ട്. അതേ സമയം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ നിർബന്ധമായും  നാസ്തികരായിരിക്കണം എന്നും നിഷ്കർഷയുണ്ട്. ക്രിസ്ത്യാനിറ്റി, ഇസ്‌ലാം, തിബറ്റൻ ബുദ്ധമതം ഈ മൂന്നു വിശ്വാസങ്ങളും ചൈനയിൽ നിരന്തരം ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് വിധേയമായിക്കൊണ്ട് നിലനിൽക്കുന്ന വിശ്വാസങ്ങളാണ്.  മതവിശ്വാസം വെച്ചുപുലർത്തുന്നവരിൽ ഭരണകൂടം വളരെ സ്വാഭാവികമായി ദേശഭക്തിയുടെ കുറവ് ആരോപിക്കുന്നു. പിന്നീട് ആ ദേശഭക്തിയുടെ കുറവ് നികത്താൻ വേണ്ടി അവരെ 'തെറ്റുതിരുത്തൽ' അല്ലെങ്കിൽ 'അവബോധ' ക്യാമ്പുകളിലും അതിനുള്ള സ്‌കൂളുകളിലും നിർബന്ധിച്ച് പറഞ്ഞയക്കുന്നു. ജയിൽ എന്ന പേര് വിളിക്കുന്നില്ല എന്ന് മാത്രം. അവർക്ക് വേണ്ടത്ര ദേശഭക്തി ആയി എന്ന് സർക്കാർ പ്രതിനിധികൾക്ക് തോന്നും വരെ അവരെ ഈ കറക്ഷണൽ സ്ഥാപനങ്ങളിൽ നിർബന്ധിച്ചു പാർപ്പിക്കാൻ സർക്കാരിന് അധികാരമുണ്ട്.

ഉയിഗർ മുസ്‌ലിങ്ങൾക്ക് നേരെ ചൈനീസ് സർക്കാർ വളരെ കർക്കശമായ നയമാണ് സ്വീകരിച്ചു പോരുന്നത്. സർക്കാർ അംഗീകൃതപള്ളികളിൽ മാത്രമാണ് അവർക്ക് പ്രാർത്ഥനയ്ക്ക് അനുവാദമുള്ളത്. പതിനെട്ടുവയസ്സിനു താഴെ പ്രായമുള്ള മുസ്ലീങ്ങൾക്ക് പ്രാർത്ഥനയ്ക്ക് അനുമതിയില്ല. സ്‌കൂളുകളിൽ പ്രാർത്ഥിക്കാൻ അനുവാദമില്ല. മതപഠനത്തിനും കാര്യമായ നിയന്ത്രണങ്ങളുണ്ട്. സർക്കാർ ചാരന്മാർ സ്ഥിരമായി പള്ളികൾക്കുള്ളിൽ സ്ഥാനമുറപ്പിച്ചിരിക്കും. സ്ത്രീകൾക്ക് തട്ടമിടുന്നതിനും, പുരുഷന്മാർക്ക് താടി വളർത്തുന്നതിനും നിരോധനമുണ്ട്. അറബി ഭാഷയിലുള്ള പേരുകൾ ഇടാൻ അനുവാദം ചൈനയിലെ മുസ്ലീങ്ങൾക്ക് സർക്കാർ അനുവദിച്ചു കൊടുത്തിട്ടില്ല.

2001 സെപ്തംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം സിൻജ്യങ്ങിൽ നടന്ന അക്രമങ്ങളെ ഭീകരപ്രവർത്തനം എന്ന് പറഞ്ഞ് അടിച്ചമർത്തുകയാണ് ചൈനീസ് സർക്കാർ. 2012-ൽ സീ ജിൻ പിങ്ങ്  കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയ ശേഷം ഏകദേശം പത്തുലക്ഷത്തിലധികം മുസ്ലീങ്ങളെ കമ്യൂണിസ്റ്റു പാർട്ടി നേരിട്ട് നടത്തുന്ന റീ- എജുക്കേഷൻ ക്യാമ്പുകളിൽ,   അവരുടെ വിശ്വാസങ്ങൾ വേണ്ടെന്നുവെക്കാനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തത്വങ്ങൾ സ്വീകരിക്കാനുമുള്ള പരിശീലനത്തിനായി നിർബന്ധിച്ച് 

ർപ്പിച്ചിരിക്കുകയാണ് സർക്കാർ. ഈ കമ്പുകളിൽ അവർ നിരന്തരം പീഡനങ്ങൾക്ക് ഇരയാകുകയാണ്.  എന്നാൽ ഇത്തരത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർ 'ഭാവിയിൽ കുറ്റം ചെയ്യാൻ സാധ്യതയുള്ളവർ' ആണെന്നും, അതൊഴിവാക്കാനാണ് ഇത്തരത്തിൽ അവരെ പിടിച്ചു നിർത്തി 'റീ-എഡ്യൂക്കേറ്റ്' അല്ലെങ്കിൽ 'തോട്ട് കറക്റ്റ്' ചെയുന്നത് എന്നാണ് പാർട്ടിയുടെ വാദം. അങ്ങനെ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല എന്നും. 

സൈക്യാട്രിയുടെ ദുരുപയോഗം 

ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചിന്താധാരകളെ പിന്തുടരാൻ മടികാണിക്കുന്നവരെയും അതിനെ എതിർക്കുന്നവരെയും മനോരോഗികൾ എന്ന് മുദ്രകുത്തി ചിത്തരോഗാശുപത്രികളിൽ അടയ്ക്കുന്ന പരിപാടി മാവോ സെ തൂങ്ങിന്റെ കാലത്തു തന്നെ ഉണ്ടായിരുന്നു. നിരവധി അക്കാദമീഷ്യന്മാരും, വളരെ സമർത്ഥരായ വിദ്യാർത്ഥികളും, മതവിശ്വാസികളും മറ്റും അവരുടെ കംപിറ്റലിസ്റ്റ് മനോഭാവത്തിനും ബൂർഷ്വാ ലോകവീക്ഷണത്തിന്റെ പേരിലും മനോരോഗാശുപത്രിയലിൽ അടക്കപ്പെട്ടു.  അവിടെ അവർ അനുഭവിച്ച പീഡനങ്ങൾ അവരിൽ  ഷിസോഫ്രീനിയ മുതൽ പാരനോയിഡ് സൈക്കോസിസ് വരെ ഉണ്ടാക്കി. അറുപതുകളിലും എഴുപതുകളിലും ഇത്തരത്തിലുള്ള നിരവധി കേസുകൾ ഉണ്ടായിരുന്നു. ഇതിനെതിരെ ആദ്യമായി പ്രതികരിച്ച വീ ജിങ് ഷെങ് എന്ന ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനെ അവർ അക്കാലത്ത് ഇതേ പീഡനങ്ങൾക്ക് വിധേയനാക്കി. എഴുപതുകളുടെ അവസാനത്തിൽ ഉണ്ടായ സാംസ്കാരിക വിപ്ലവമാണ് പിന്നീട് ഈ ഒരു അവസ്ഥയ്ക്ക് അറുതി വരുത്തിയത്. പിന്നീട് 1992-ൽ ടിയാനൻ മെൻ സ്‌ക്വയറിൽ ജനാധിപത്യത്തിനായി പ്രതിഷേധ പ്രകടനം നയിച്ച വാങ് വാൻസിങ്ങ് എന്ന തേതാവിനെ അറസ്റ്റു ചെയ്ത സംഭവത്തോടനുബന്ധിച്ചും ഇതാവർത്തിക്കപ്പെട്ടു. വാങ്ങിന് മാനസികമായ അസ്വാസ്ഥ്യമുണ്ട് എന്നുള്ള രേഖയിൽ ഒപ്പിട്ടാൽ ഉടനടി വിട്ടയക്കാൻ എന്ന് വിശ്വസിപ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയെ അതിനു പ്രേരിപ്പിച്ച സർക്കാർ വാങ്ങിനെ അന്ന് ബീജിങ്ങിലെ മാനസിക രോഗാശുപത്രിയിൽ അടച്ചതാണ്. അവിടെ നിന്നും ഇന്നുവരെ പുറത്തിറങ്ങാൻ അദ്ദേഹത്തിനായിട്ടില്ല. 

ചൈനയിലെ രാഷ്ട്രീയ തടവുകാർ 

രാഷ്ട്രീയ എതിരാളികളെ ജയിലിൽ അടയ്ക്കുന്ന കാര്യത്തിൽ ചൈനീസ് സർക്കാരിനുള്ള താത്പര്യം  വിശ്വപ്രസിദ്ധമാണ്. അവരുടെ ക്രിമിനൽ ചട്ടത്തിലെ, 2012-ൽ അമെൻഡുചെയ്ത  എഴുപത്തിമൂന്നാം ആർട്ടിക്കിൾ പ്രകാരം, ഭരണകൂടത്തിന് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നു തോന്നുന്നവരെയും, ഭീകരവാദികളെയും  അനിശ്ചിതകാലത്തേക്ക് തടങ്കലിലാക്കാം. ഇങ്ങനെ തടങ്കലിലാക്കുന്നവരെക്കൊണ്ട് സർക്കാർ കടുത്ത ജോലികൾ പലതും ചെയ്യിക്കും. അവർക്ക് കൃത്യമായ ഭക്ഷണം നൽകില്ല. ഒടുവിൽ രോഗങ്ങളും പോഷകാഹാരക്കുറവും കാരണം അവർ ഏതെങ്കിലും സാംക്രമിക രോഗങ്ങൾക്ക് അടിപ്പെട്ട് മരണത്തിനു കീഴടങ്ങും.  2008-മുതൽ ചൈനീസ് സർക്കാർ 831  ടിബറ്റൻ ബുദ്ധസന്യാസികളെ രാഷ്ട്രീയ തടവുകാരാക്കിയിട്ടുണ്ട്. ഇതിൽ പന്ത്രണ്ടു പേര് ജീവപര്യന്തത്തിനും ഒമ്പതുപേർ വധശിക്ഷയ്ക്കും വിധിക്കപ്പെട്ടു.  2009-ൽ, ജനാധിപത്യപരമായ മാറ്റങ്ങൾക്കായും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി സംസാരിച്ചതിന്റെ പേരിൽ, നോബൽ സമ്മാന ജേതാവായ ലിയു സിയാബോ അറസ്റ്റിലായിരുന്നു. ഒടുവിൽ അദ്ദേഹം ജയിലിൽ കിടന്നാണ്  തന്റെ അറുപത്തൊന്നാമത്തെ വയസ്സിൽ ലിവർ കാൻസർ ബാധിച്ച്  മരണപ്പെട്ടത്.  അതുപോലെ പ്രസിദ്ധരായ മറ്റു രാഷ്ട്രീയ തടവുകാരാണ് പത്രപ്രവർത്തകനായ ടാൻ  സൗറൻ, ഷി താവോ, മനുഷ്യാവകാശ പ്രവർത്തകനായ സു സിയോങ്ങ് എന്നിവർ. ഗവണ്മെന്റിന്റെ അഴിമതിയെപ്പറ്റി സംസാരിച്ചതിനാണ് ടാൻ  സൗറനെ 2010-ൽ അറസ്റ്റു ചജെയ്‌തതും അഞ്ചു വർഷത്തേക്ക് തടവിലാക്കിയതും.  ഷി താവോ അറസ്റുചെയ്യപ്പെട്ടത്, ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ പതിനഞ്ചാം വാർഷികം എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്നതുസംബന്ധിച്ച് പത്രപ്രവർത്തകർക്ക്  പാർട്ടി കേന്ദ്രങ്ങൾ നൽകിയ നിർദേശങ്ങൾ പരസ്യമാക്കിയ കുറ്റത്തിനാണ്. 

'നാമൊന്ന് നമുക്കൊന്ന്' നയം 

ചൈനയിൽ ഒരു കുട്ടി മാത്രമായിരുന്നു ഏറെക്കാലം നിയമപരമായി  അനുവദനീയമായിരുന്നത്. ഇത് 1979-ൽ ചെയർമാൻ മാവോ സെ തുങിന്റെ കാലത്ത് ജനസംഖ്യ നിയന്ത്രിക്കാൻ വേണ്ടി കൊണ്ടുവന്ന നിയമമായിരുന്നു. വന്നു കുറേക്കാലം കഴിഞ്ഞപ്പോഴേക്കും അത് അത്ര കർശനമായി പാലിക്കപ്പെടുന്നില്ല എങ്കിൽ കൂടിയും നിയമമായി അത് നിലനിന്നിരുന്നു. 2016  മുതൽ രണ്ടു കുഞ്ഞുങ്ങൾ ആയി അത് ഉയർത്തപ്പെട്ടു. 

സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നത് 

ആംനസ്റ്റി ഇന്റർനാഷനലിന്റെ തൊണ്ണൂറുകളിലെ പഠനം വ്യക്തമാക്കിയത് ചൈനയിൽ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നവരുടെ സംഖ്യ, റെസ്റ്റ് ഓഫ് ദി വേൾഡ്, അതായത് ബാക്കി ലോകത്തുള്ള രാജ്യങ്ങളുടേത് മൊത്തം എടുത്താൽ ഉള്ളതിനേക്കാൾ കൂടുതലായിരുന്നുഎന്നാണ്. ചൈനയിൽ ഇന്നും 46  കുറ്റങ്ങൾക്ക് വധശിക്ഷയാണുള്ളത്. അതിൽ സാമ്പത്തിക കുറ്റങ്ങളും, നികുതിവെട്ടിപ്പും, അഴിമതിയും ഒക്കെ വരും. പട്ടാപ്പകൽ പോലീസ് നേരിട്ടാണ് ശിക്ഷ നടപ്പിലാക്കുക. ഒന്നുകിൽ വിഷം കുത്തിവെക്കും, അല്ലെങ്കിൽ വെടിവെച്ച്‌ കൊല്ലും.

ലൈംഗികത സംബന്ധിച്ച അവകാശങ്ങൾ 

 ചൈനയിലെ മാനസിക രോഗങ്ങളുടെ കൂട്ടത്തിൽ നിന്നും സ്വവർഗരതി നീക്കം ചെയ്യപ്പെട്ടത് 2001-ലാണ്. ചൈനയിലെ ക്രിമിനൽ കുറ്റങ്ങൾ പ്രകാരം ബലാത്സംഗത്തിന്റെ പേരിൽ പരാതിപ്പെടാൻ സ്ത്രീകൾക്ക് മാത്രമേ അവകാശമുള്ളൂ. പുരുഷന്മാർക്ക് ആ പേരും പറഞ്ഞ് പരാതിയുമായി ചെല്ലാൻ അവകാശമില്ല. എന്നാൽ, 2015-ൽ നടത്തിയ ഒരു ചെറിയ നിയമ പരിഷ്കരണം അവരെ 'ഇൻഡീസൻസി' എന്ന ഒരു വകുപ്പിന് പരാതിപ്പെടാൻ അനുവദിക്കുന്നുണ്ട്. ബലാത്സംഗത്തിനല്ല,  'ഇൻഡീസൻസി'ക്കു മാത്രം. 

ചുരുക്കത്തിൽ, ചൈനയിൽ ഏകപാർട്ടീ ജനാധിപത്യമാണ് നിലവിലുള്ളത്. എല്ലാ കാര്യങ്ങളിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് നേരിട്ടുള്ള നിയന്ത്രണമുണ്ട്. അവരുടെ അനുവാദമില്ലാതെ അവിടെ ഒന്നും നടക്കുകയില്ല. രാഷ്ട്രീയ പ്രവർത്തന, മതവിശ്വാസ സ്വാതന്ത്ര്യങ്ങൾ തുലോം തുച്ഛമാണവിടെ.  രാഷ്ട്രീയ പ്രവർത്തണമെന്നത് ഒരു ഞാണിന്മേൽ കളിയാണ്. ഭരണകൂടത്തിന്റെ അപ്രീതിക്ക് പത്രമാവുന്നവർ ഏതു നിമിഷവും തുറുങ്കിലടക്കപ്പെടാം.  നിങ്ങൾ ഭാവിയിൽ ഒരു കുറ്റം ചെയ്യാൻ സാധ്യതയുണ്ട് എന്ന് സർക്കാരിന് തോന്നിയാൽ മാത്രം മതി, അതിന്റെ പേരിൽ നിങ്ങളുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ നിന്നും നിങ്ങളെ പറിച്ചെടുത്ത് 'റീ- എജുക്കേഷൻ സെന്ററു'കളിൽ അടയ്ക്കാൻ. 

 'പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന' എന്നാണ് പേരെങ്കിലും, ഭരണത്തിൽ ജനങ്ങളുടെ റോൾ നാമമാത്രമാണവിടെ. ജനങ്ങൾ സർക്കാരിനെ വിമര്ശിക്കുന്നതിനെക്കുറിച്ച് ഒന്നാഞ്ഞു ചിന്തിച്ചാൽ മാത്രം മതി അവിടത്തെ 'ജനാധിപത്യ'ഗവൺമെന്റിന് അവരെപ്പിടിച്ച് ആജീവനന്തകാലത്തേക്ക് ഇരുളടഞ്ഞ തടവറകളിൽ പൂട്ടിയിടാൻ. സ്വന്തം പൗരന്മാരെ അവരവരുടെ സ്വൈരജീവിതങ്ങളിൽ നിന്ന് എന്നെന്നേക്കുമായി 'നിഷ്കാസനം' ചെയ്യാൻ... ( തുടരും.. )



Saturday, 18 July 2020

ഒരു പോപ്പ്‌ ഗായകന്റെ ഊർജ്ജതന്ത്രം

1970 കളിൽ അമേരിക്കയിൽ തരംഗങ്ങളുയർത്തിയ പോപ്പ്‌ ഗായകനും സംഗീതജ്ഞനുമായിരുന്നു ബ്രൂസ്‌ സ്പ്രിംഗ്‌സ്റ്റീൻ (Bruce Springsteen). അദ്ദേഹം സ്വയം എഴുതി സംഗീതം നൽകിയ ഗാനങ്ങൾ അക്കാലത്ത്‌ അമേരിക്കൻ ജനതക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലായി വർഷത്തിൽ മുന്നൂറ്റിയറുപ്പത്തഞ്ച്‌ ദിവസവും നടക്കുന്ന ബ്രൂസിന്റെ ലൈവ്‌ ഷോകൾ ആസ്വദിക്കുവാൻ ജനങ്ങൾ ആർത്തിരമ്പിയെത്തുമായിരുന്നു. വൻ തുകകൾക്കായിരുന്നു ഈ ഷോകളുടെ ടിക്കറ്റുകൾ വിറ്റുപോയിരുന്നത്‌.

ബ്രൂസിന്റെ ലൈവ്‌ ഷോകൾക്ക്‌ ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ബ്രൂസും സംഗവും ഒരു നഗരത്തിലെത്തിച്ചേർന്നാൽ പിന്നെ ദിവസങ്ങളോളം തുടർച്ചയായി ഷോ ഉണ്ടാകും. ഒരു ദിവസം തന്നെ രണ്ടോ മൂന്നോ ഷോ ഉണ്ടാകും. ഗിറ്റാർ വായിച്ചു കൊണ്ട്‌ നൃത്തച്ചുവടുകളുമായി വേദി മുഴുവനും ഓടി നടന്ന് വ്യത്യസ്ഥ സ്വരസ്ഥായയിലുള്ള ആലാപനമാണ്‌ ബ്രൂസിന്റെ പ്രത്യേകത. പക്ഷെ ഈ രീതിയിൽ തുടർച്ചയായി എത്ര ഷോകൾ ചെയ്താലും ബ്രൂസിന്‌ ഒട്ടും ക്ഷീണം തട്ടാറില്ലായിരുന്നു. രാവിലത്തെ ഷോ ചെയ്ത അതേ ഊർജ്ജത്തൊടെ തന്നെ അദ്ദേഹം          വൈകിട്ടത്തെ ഷോയും ചെയ്യുമായിരുന്നു. ഒന്നാം ദിവസത്തെ അതേ എനർജ്ജി ലെവൽ പത്താം ദിവസവും അദ്ദേഹം നിലനിർത്തുമായിരുന്നു.

ഒരിക്കൽ തുടർച്ചയായുള്ള സ്റ്റേജ്‌ ഷോകളുടെ അഞ്ചാം ദിവസവും ആവേശം ഒട്ടും കുറയാതെയുള്ള ബ്രൂസിന്റെ പ്രകടനം കണ്ട്‌ വിസ്‌മയഭരിതനായ ഒരു പത്രലേഖകൻ ഗ്രീൻ റൂമിൽ വെച്ചുള്ള ഒരു സൗഹൃദ സംഭാഷണത്തിനിടയിൽ ബ്രൂസിനോട്‌ ചോദിച്ചു.

“എങ്ങനെയാണ്‌ ഈ ഷോയുടെ അഞ്ചാം ദിവസവും താങ്കൾക്ക്‌ അതേ എനർജ്ജി ലെവൽ നിലനിർത്താൻ സാധിക്കുന്നത്‌? എവിടെ നിന്നാണ്‌ താങ്കൾക്ക്‌ ഇത്രയും ഊർജ്ജം ലഭിക്കുന്നത്‌?”

ഉടനെ ബ്രൂസ്‌ അയാളോട്‌ തന്നെ പിന്തുടരാൻ ആവശ്യപ്പെട്ടുകൊണ്ട്‌ സ്റ്റേജിന്റെ ഒരു സൈഡിലേക്ക്‌ നടന്നു. പിന്നെ കർട്ടന്റെ ഒരു ഭാഗം അൽപമൊന്ന് നീക്കി അവിടെ തന്റെ ഷോ തുടങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിറഞ്ഞു കവിഞ്ഞ സദസ്സിനെ അയാൾക്ക്‌ കാണിച്ചു കൊടുത്തു കൊണ്ട്‌ ബ്രൂസ്‌ പറഞ്ഞു.

“ഇതാ. നിങ്ങൾ ഈ തിങ്ങിവിങ്ങി നിൽക്കുന്ന സദസ്സ്‌ കണ്ടില്ലേ? അതിലിരിക്കുന്ന പലരും എന്റെ ഷോ കാണാൻ വേണ്ടി നൂറ്‌ കണക്കിന്‌ കിലോമീറ്ററുകൾ താണ്ടിയെത്തിച്ചേർന്നവരാണ്‌. അതിൽ പലരും വളരെ സാധാരണക്കാരായ സംഗീതപ്രേമികളാണ്‌. എങ്കിലും എന്റെ ഷോ നേരിൽ കാണാനായി കാശു മുടക്കി മാസങ്ങൾക്ക്‌ മുമ്പേ ടിക്കറ്റെടുത്ത്‌ കാത്തിരിക്കുന്നവരാണ്‌. ഇവരാണ്‌ എന്റെ ഊർജ്ജം. ബ്രൂസ്‌ സ്പ്രിംഗ്സ്റ്റീന്റെ ഏറ്റവും മികച്ച കലാപ്രകടനം നേരിൽ കാണാൻ എത്തിച്ചേർന്നിട്ടുള്ള ഇവർക്ക്‌ അത്‌ നൽകുക എന്നത്‌ എന്റെ കർത്തവ്യമാണ്‌. ഇവരുള്ളിടത്തോളം എന്റെ എനർജ്ജി ലെവലിൽ ഒരു കുറവും വരില്ല.”

നമ്മുടെയിടയിൽ ബിസിനസ്സുകാരുണ്ട്‌, ഉദ്യോഗസ്ഥരുണ്ട്‌, അധ്യാപകരുണ്ട്‌, പോലീസുകാരുണ്ട്‌ അങ്ങനെ പലരുമുണ്ട്‌. നമ്മളെല്ലാവരും രാവിലെ ജോലി ആരംഭിക്കുമ്പോൾ വളരെ നല്ല ഊർജ്ജത്തിലും നല്ല മൂഡിലുമായിരിക്കും. എന്നാൽ ആ നല്ല മാനസികാവസ്ഥയും ഊർജ്ജസ്വലതയും എത്ര നേരം നിലനിൽക്കും. രാവിലെ കട തുറന്നപ്പോൾ ആദ്യമെത്തിയ ഉപഭോക്താവിനോടും വൈകീട്ട്‌ കട പൂട്ടാൻ തുടങ്ങുമ്പോൾ ഓടിക്കയറി വന്നയാളോടും ഒരേ മനോഭാവത്തോടെ പുഞ്ചിരിച്ചു കൊണ്ട്‌ പെരുമാറാൻ കഴിയുന്ന എത്രയും കച്ചവടക്കാർ നമുക്കിടയിലുണ്ട്‌. രാവിലെ കൗണ്ടറിൽ വന്നിരുന്നപ്പോൾ ആദ്യം മുന്നിൽ വന്നു നിന്ന കസ്റ്റമറോടും ഉച്ചക്ക്‌ ഊണ്‌ കഴിച്ച മയക്കത്തിലിരിക്കുമ്പോൾ മുന്നിലവതരിച്ച കസ്റ്റമറിനോടും ഒരേ ഊർജ്ജസ്വലതയോടെ ഇടപെടാൻ കഴിയുന്ന എത്ര ബാങ്ക്‌ ഉദ്യോഗസ്ഥർ നമുക്കിടയിലുണ്ട്‌. രാവിലെ ഡ്യൂട്ടിക്ക്‌ കയറിയപ്പോൾ മുന്നിലെത്തിയ പരാതിക്കാരനോടും രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ മടങ്ങാൻ തുടങ്ങുമ്പോൾ ഓടിക്കിതച്ചെത്തിയ വ്യക്തിയോടും അതേ ക്ഷമയോടെയും സൗമനസ്യത്തോടെയും സംസാരിക്കാൻ കഴിയുന്ന എത്ര പോലീസുകാർ നമുക്കിടയിലുണ്ട്‌. രാവിലെ ഫസ്റ്റ്‌  പീരിയഡ്‌ ക്ലാസെടുത്ത അതേ ആർജ്ജവത്തോടെ അവസാന പീരിയഡിൽ ക്ലാസെടുക്കാൻ കഴിയുന്ന എത്ര അധ്യാപകർ നമുക്കിടയിലുണ്ട്‌.
വളരെ വളരെ കുറവായിരിക്കും.

നിമിഷങ്ങൾ കൊഴിഞ്ഞു വീഴുന്നതിനനുസരിച്ച്‌ ശരീരത്തിൽ നിന്ന് ഊർജ്ജം പടിയിറങ്ങിപ്പോകുന്നവർക്കുള്ള ഒരുത്തമ ഗുണപാഠമാണ്‌ ബ്രൂസ്‌ സ്പ്രിംഗ്സ്റ്റീനിന്റെ വാക്കുകൾ. അതിരാവിലെ വെളുക്കെ ചിരിച്ചുകൊണ്ട്‌ സംസാരിക്കാൻ ആർക്കും സാധിക്കും. എന്നാൽ ആദ്യാവസാനം ഒരേ ഉന്മേഷത്തോടെ പ്രവർത്തിക്കാനും ഒടുക്കം വരെ അതേ ഊർജ്ജസ്വലത നിലനിർത്താനും കഴിയുന്നവരാണ്‌ ഏറ്റവും കരുത്തർ.

നമ്മുടെ ജോലി സമയം അവസാനിക്കാറാകുമ്പോൾ നമുക്ക്‌ മുന്നിലേക്ക്‌ ഓടിക്കിതച്ചെത്തുന്ന ഒരു ഗുണഭോക്താവിനെ ശല്യമായല്ല, മറിച്ച്‌ ഒരു അനുഗ്രഹമായി കാണാൻ ശ്രമിക്കുക. കാരണം നമുക്കയാൾ അന്നു കണ്ട നൂറ്‌ പേരിൽ ഒരാൾ മാത്രമാണ്‌. പക്ഷെ അയാളെ സംബന്ധിച്ചിടത്തോളം സർവ്വപ്രതീക്ഷകളുടെയും ഒരേയൊരു ബിന്ദുവാണ്‌ നാം. അത്‌ മറക്കരുത്‌…

Saturday, 11 July 2020

സഞ്ചാരികളെ കാത്തിരിക്കുന്നത് ഭീകരാനുഭവങ്ങള്‍; അറിയാം ചില യാത്രായിടങ്ങൾ..

യാത്ര ചെയ്യുമ്പോള്‍ ശാന്തമായ ഏതെങ്കിലും ഇടങ്ങളില്‍ ചെന്ന് ടെന്‍റടിച്ച് കൂടുക എന്നത് സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കാര്യമാണ്. ഇങ്ങനെ ക്യാമ്പ് ചെയ്യാന്‍ വേണ്ടി മാത്രം ആഴ്ചാവസാനങ്ങളില്‍ പെട്ടിയും സാധനങ്ങളുമെടുത്ത് പോകുന്ന നിരവധി പേരുണ്ട്. നീണ്ട യാത്രകള്‍ക്കിടെ വിശ്രമത്തിനായി വഴിയോരത്ത് ടെന്‍റടിച്ച് താമസിക്കുന്നവരും കുറവല്ല. 

അല്‍പ്പം ബുദ്ധിമുട്ടും വെല്ലുവിളികളുമൊക്കെ നിറഞ്ഞ ക്യാമ്പിങ് അനുഭവങ്ങള്‍ തേടി നടക്കുന്ന സാഹസിക സഞ്ചാരികള്‍ ധാരാളമുണ്ട്. രാത്രി പുലരുമോ എന്നുവരെ അറിയാത്ത സന്ദിഗ്ധത ചൂഴ്ന്നു നില്‍ക്കുന്ന ഇത്തരം അപകടകരമായ സ്ഥലങ്ങള്‍ യാത്ര ചെയ്ത് പരിചയമുള്ളവരെപ്പോലും കുഴപ്പത്തിലാക്കും. കൂടെ ഒരു ഗൈഡോ ആവശ്യമായ മുന്‍കരുതല്‍ നടപടികളോ ഇല്ലാതെ രാത്രി തങ്ങിയാല്‍ അപകടം ഉറപ്പുള്ള അത്തരം ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

1. ലേക്ക് മീഡ് നാഷണല്‍ റീക്രിയേഷന്‍ ഏരിയ, അരിസോണ

സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു ഇടമാണ് അരിസോണ-നെവാഡ അതിര്‍ത്തിയിലുള്ള ലേക് മീഡ്. ജല കായികവിനോദങ്ങള്‍ക്ക് പേരു കേട്ടതാണ് ഈ സ്ഥലം. മരുഭൂമിയിലെ കാലാവസ്ഥയാണ് ഇവിടെ. വിനോദ സഞ്ചാരികള്‍ക്ക് ചെയ്യാനാവുന്ന കാര്യങ്ങള്‍ക്ക് കൃത്യമായ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുണ്ട്. ഇത് പാലിക്കാത്തവര്‍ക്ക് അപകടം ഉറപ്പാണ്. നിരവധി ജീവനുകള്‍ ഇവിടെ നഷ്ടമായിട്ടുണ്ട്. ജലനിരപ്പിന്‍റെ പ്രവചനാതീതമായ ഉയര്‍ച്ച താഴ്ചകളും സുരക്ഷിതമല്ലാത്ത ബോട്ടിങ്ങുമെല്ലാം അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.

പെട്ടെന്ന് എത്തിച്ചേരാന്‍ പറ്റാത്ത വിദൂരമായ ഒരു സ്ഥലത്താണ് ലേക്ക് ഹീഡ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ എന്തെങ്കിലും അപകടം പറ്റിക്കഴിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആളുകള്‍ എത്താന്‍ ഒരുപാടു സമയമെടുക്കും.

2. മോണ്ടെ പിയാന, ഇറ്റാലിയന്‍ ആല്‍പ്സ് 

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം എട്ടായിരം അടി ഉയരത്തില്‍, ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന രണ്ടു പര്‍വ്വതത്തലപ്പുകള്‍ക്കിടയില്‍ കയര്‍ വലിച്ചു കെട്ടി അതില്‍ ഹാമോക് കെട്ടി കിടന്നുറങ്ങുന്നത് ഒന്നാലോചിച്ചു നോക്കൂ! ഒന്നു തിരിഞ്ഞു കിടന്നാല്‍ ഭും...! അതും ദിവസങ്ങളോളം. ഒന്നും രണ്ടുമല്ല ഒരൊറ്റ കയറിനു മേല്‍, ഒരേസമയം ഇങ്ങനെ കിടന്ന് ഊഞ്ഞാലാടുന്നത് നിരവധി പേരാണ്.

ആല്‍പ്സ് പര്‍വ്വതനിരകളുടെ ഭാഗമായ മോണ്ടെ പിയാനയില്‍ ആണ് ഈ കാഴ്ച കാണാനാവുക. എല്ലാ വര്‍ഷവും നടക്കുന്ന ഇന്‍റര്‍നാഷണല്‍ ഹൈലൈന്‍ മീറ്റിംഗ് ഫെസ്റ്റിവല്‍ ആണ് ഇങ്ങനെ ആകാശത്തിനും ഭൂമിക്കുമിടയില്‍ ഊഞ്ഞാല കെട്ടിയാടാനുള്ള അവസരമുള്ളത്. അങ്ങേയറ്റം ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ എന്തു സംഭവിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

3. മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പ്, നേപ്പാള്‍ 

സഞ്ചാരികളുടെ ആകാശം മുട്ടുന്ന സ്വപ്നങ്ങളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഒരു പേരാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റിന്റേത്‌. അപാരമായ മനശ്ശക്തിയും ശാരീരികാരോഗ്യവും ഉള്ളവര്‍ക്ക് മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന യാത്രയാണിത്‌. 

നേപ്പാളില്‍ കൊടുമുടിയ്ക്ക് പതിനായിരം അടി താഴെയുള്ള എവറസ്റ്റ് ബേസ്ക്യാമ്പില്‍ എത്തിച്ചേരുക എന്നത് പോലും വെല്ലുവിളി നിറഞ്ഞതാണ്. പരിശീലനം ലഭിക്കാത്തവര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരും. അന്തരീക്ഷത്തിലെ കുറഞ്ഞ ഓക്സിജന്റെ അളവ് കാരണം ആരോഗ്യാവസ്ഥ മോശമാകാന്‍ ഏറെ സാധ്യതയുണ്ട്.

4. ഹക്ക്ള്‍ബെറി മൗണ്ടന്‍, ഗ്ലേസിയര്‍ നാഷണല്‍ പാര്‍ക്ക്‌ 

ലോകത്ത് ഏറ്റവുമധികം കരടികള്‍ കാണപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കാനഡ- യു എസ് ബോര്‍ഡറില്‍ ഉള്ള ഗ്ലേസിയര്‍ നാഷണല്‍ പാര്‍ക്ക്‌. 700 മുതല്‍ 1,700 പൗണ്ട് വരെ ഭാരമുള്ള ഈ ഭീമന്‍ കരടികള്‍ അപകടകാരികളാണ്.

കരടി വന്നാല്‍ പണ്ട് മല്ലനും മാതേവനും കഥയില്‍ ചെയ്ത പോലെ ചത്തതു പോലെ കിടക്കുകയോ കരടി സ്പ്രേ അടിക്കുകയോ ചെയ്യുകയാണ് മാര്‍ഗം!

ക്യാമ്പ് സൈറ്റില്‍ പാചകം ഒഴിവാക്കുകയും ഭക്ഷണം പുറത്ത് ഉപേക്ഷിക്കുകയും തുറന്നിടുകയും ചെയ്യാതിരിക്കുകയും ചെയ്യുന്നത് കരടികളെ താമസ സ്ഥലത്തേക്ക് ആകര്‍ഷിക്കുന്നത് ഒഴിവാക്കും. ഓരോ ക്യാമ്പ് സൈറ്റിന്‍റെയും ഒരു മൈല്‍ ദൂരത്തിനുള്ളില്‍ ഒരു കരടിയെങ്കിലും കാണും എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത.