Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 30 July 2020

എന്താണ് കള്ളപ്പണം..?

കള്ളപ്പണം എന്ന് കേള്‍ക്കുമ്പോള്‍ എല്ലാ മലയാളികളുടെയും മനസ്സില്‍ വരുന്നത് 'കളിക്കളം' എന്ന സിനിമയില്‍ ഇന്നസെന്റ് വേഷമിട്ട മന്ത്രി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ വേഷമിട്ട ബ്ലേഡ്കമ്പനിക്കാരന്റെ നിലവറയ്ക്കുള്ളില്‍ ഒളിപ്പിക്കുന്ന വന്‍ നോട്ടുകെട്ടുകളെയാണ്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ആ പണംകൊണ്ട് 'ക്രിസ്തുദേവനെപ്പോലെ, കൃഷ്ണഭഗവാനെപ്പോലെ, മുഹമ്മദ് നബിയെപ്പോലെ' പാവങ്ങളുടെ കല്യാണം നടത്തിക്കൊടുക്കുന്നു.  കള്ളപ്പണത്തിന്റെ നിര്‍വ്വചനം ഇങ്ങനെയാണ്: 'ഒരു രാജ്യത്തെ വ്യവസ്ഥാപിതമായ നികുതി സമ്പ്രദായങ്ങളെയോ നിയമസംഹിതകളെയോ ഒളിച്ച് സമ്പാദിക്കുന്ന സ്വത്ത്'. അതായത്, നിയമത്തെ വെട്ടിച്ചോ നിയമവിരുദ്ധമായോ, നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാനോ ആയി സമ്പാദിക്കുന്ന പണമാണ് കള്ളപ്പണം. കള്ളപ്പണം നമ്മുടെ നാട്ടില്‍ പ്രധാനമായും ആറ് വിധത്തിലാണ് ഒളിക്കുന്നത്. 

ഒന്ന്) കറന്‍സി നോട്ട്: ശരിയായ മാര്‍ഗത്തിലൂടെയല്ലാതെ സമ്പാദിക്കുന്ന പണം പലപ്പോഴും പണമായിത്തന്നെ സൂക്ഷിക്കപ്പെടുന്നു. കൈക്കൂലിയായി വാങ്ങുന്ന പണം, മറ്റ് രാജ്യങ്ങളില്‍ നിന്ന് കുഴല്‍വഴി വരുന്ന പണം, ആദായനികുതി വെട്ടിച്ച് സമ്പാദിച്ച വരുമാനം, വില്‍പ്പന നികുതിയും കയറ്റുമതി/ഇറക്കുമതി ചുങ്കവും വെട്ടിച്ച് കണക്കില്‍ കൊള്ളിക്കാതെ കിട്ടുന്ന വിറ്റുവരവ്, വിധ്വംസക-വിഘടന പ്രവൃത്തികള്‍ക്കായി സമാഹരിക്കുന്ന തുക, സ്ത്രീധനം കിട്ടിയ തുക, വസ്തുവില്‍പ്പനയില്‍ ആധാരത്തില്‍ കാണിച്ചതിലധികമുള്ള തുക ഇവയെല്ലാം പണമായി സൂക്ഷിക്കപ്പെടുന്നു.  

രണ്ട്) സ്ഥാവരവസ്തുക്കള്‍: കറന്‍സിയില്‍ നിന്ന് കള്ളപ്പണം രൂപം മാറുന്നത് മുഖ്യമായും ഭൂസ്വത്തുക്കളിലേക്കാണ്. മേല്‍വിവരിച്ച പോലെ പണം സമ്പാദിക്കുന്നവര്‍ പിന്നീട് അത് സ്ഥിരമായും സുരക്ഷിതമായും സൂക്ഷിക്കുവാനായി സ്ഥാവരവസ്തുക്കള്‍ ആക്കി മാറ്റുമ്പോള്‍, സ്രോതസ്സ് വെളിപ്പെടുത്താവുന്ന തുകമാത്രമേ ആധാരത്തില്‍ കാണിക്കൂ. കൂടുതല്‍ കാണിച്ചാല്‍ ആ തുകയുടെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമല്ലോ. ഇത്തരം ഇടപാടില്‍ കള്ളപ്പണം ഇരട്ടിക്കുന്നു. ഭൂമി അഥവാ കെട്ടിടം വാങ്ങിച്ചയാള്‍ അനധികൃത മുതല്‍ അഥവാ കള്ളപ്പണം, പണത്തിന് പകരം വസ്തുവായി, കൈവശം വരുന്നത് തുടരുന്നു. മറുവശത്ത് വസ്തു വിറ്റയാള്‍, മുഴുവന്‍ തുകയും ആധാരത്തില്‍ കാണിക്കാത്തതുമൂലം, അധികം വരുന്ന തുക കള്ളപ്പണമായി സൂക്ഷിക്കേണ്ടി വരുന്നു. സ്ഥലം, വീട്, ഫ്‌ളാറ്റ് തുടങ്ങിയ സ്ഥാവരസ്വത്തുക്കള്‍ വാങ്ങുമ്പോള്‍, പലരും യഥാര്‍ത്ഥില്‍ നല്‍കുന്ന വിലയുടെ ചെറിയ ഭാഗം മാത്രമേ പ്രമാണത്തില്‍ കാണിക്കുകയുള്ളൂ. ആധാരച്ചെലവ് കുകുറയ്ക്കാനായിട്ടാണ് ഇത് ചെയ്യുന്നത്; നാട്ടുനടപ്പ് എന്ന ന്യായത്തില്‍. പക്ഷേ, ഇവിടെ സര്‍ക്കാരിന് നിയമപ്രകാരം ലഭിക്കേണ്ട മുദ്രവിലയും രജിസ്റ്റ്രേഷന്‍ കൂലിയും ലഭിക്കുന്നില്ല. ഇവിടെയും, വസ്തു വാങ്ങുന്നയാളിന്റെ കയ്യില്‍ വരുന്ന, ആധാരത്തിന് പുറത്തുള്ള തുകയ്ക്കുള്ള വസ്തുമൂല്യം, നല്ല പണത്തില്‍ നിന്ന് കള്ളപ്പണമായി മാറുന്നു. ആധാരത്തിലെ തുകയ്ക്കു മുകളിലുള്ള തുകയോളം ആ സ്വത്ത് അനധികൃത ആസ്തിയായാണ് കണക്കാക്കപ്പെടുന്നത്. സര്‍ക്കാരിന് അവ കണ്ടുകെട്ടാം. പല ഉന്നതരും പലപ്പോഴും നഗരത്തിലെ ഫ്‌ളാറ്റുകളായും, ഗ്രാമത്തിലെ തോട്ടങ്ങളായും 'ഉപകാരസ്മരണ' കൈപ്പറ്റുന്നു. അത്തരം സ്വത്തുക്കള്‍ പൂര്‍ണമായും കള്ളപ്പണമാണ്; തുടക്കം മുതല്‍ തന്നെ. 

മൂന്ന്) സ്വര്‍ണം: കള്ളപ്പണത്തെ രൂപംമാറ്റാനുള്ള മറ്റൊരു മാദ്ധ്യമമാണ് സ്വര്‍ണം. രേഖകളില്ലാതെ വാങ്ങുവാനും സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള എളുപ്പമാണ് മഞ്ഞലോഹത്തെ കള്ളപ്പണക്കാരുടെ ഇഷ്ടവസ്തു ആക്കിയത്. ലോക്കറില്‍ വയ്ക്കാം; ദേഹത്ത് അണിയാം. കൊണ്ടുനടക്കാന്‍ എളുപ്പം. മൂല്യമാണെങ്കില്‍ അനുദിനം വര്‍ദ്ധിക്കുന്നു. അദ്ധ്വാനിച്ച് നേടിയ പണവുമായി സ്വര്‍ണക്കടയില്‍ പോയി സ്വര്‍ണം വാങ്ങുന്ന നാം പക്ഷേ, ബില്ല് വേണ്ട എന്ന് വയ്ക്കുന്നു; വില്‍പ്പനനികുതി ഒഴിവാക്കാന്‍ അഥവാ, വെട്ടിക്കാന്‍. അതോടെ നല്ല പണം കൊടുത്ത് വാങ്ങിയ സ്വര്‍ണം കള്ളപ്പണത്തിന് സമമാകുന്നു. ചില കടക്കാര്‍ 'എസ്റ്റിമേറ്റ്' എന്നെഴുതിയ, അച്ചടിച്ച കടലാസ് തരുന്നു; നാം അത് ബില്ല് എന്ന് വിചാരിച്ച് സൂക്ഷിച്ചുവയ്ക്കുന്നു. ആ കടലാസുകൊണ്ട് ഒരു കാര്യവുമില്ല. കാരണം, ബില്ലെഴുതിയാലേ നികുതി സര്‍ക്കാരില്‍ എത്തുന്നുള്ളൂ; 'എസ്റ്റിമേറ്റ്' ബില്ലല്ല. അതുപോലെ, വിദേശത്തുനിന്ന് കസ്റ്റംസ്തീരുവ നല്‍കാതെ കൊണ്ടുവരുന്ന സ്വര്‍ണവും കറന്‍സിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് കൂടുവിട്ട് കൂടുമാറിയ കള്ളപ്പണത്തിന് തുല്യമാണ്; രണ്ടും നിയമവിരുദ്ധമായി നേടിയത്. രണ്ടിനും വാങ്ങിച്ചതിന് രേഖകളുണ്ടാകില്ല. 

നാല്) ബിനാമി സ്വത്ത്: നികുതിബാദ്ധ്യതയുള്ളയാള്‍, നികുതി ഒഴിവാക്കുവാനോ, സ്വത്ത് സമ്പാദിച്ചത് നിയമത്തിന്റെ മുന്നില്‍ വരാതിരിക്കുവാനോ ആയി, നികുതിബാദ്ധ്യതയില്ലാത്ത ഒരാളുടെ പേരില്‍ പണമോ സ്വത്തോ സൂക്ഷിക്കുന്നതാണ് ബിനാമി ഇടപാട്. ഇത് നിയമം മൂലം നിരോധിച്ചതാണ്. സാധാരണഗതിയില്‍, ഭൂസ്വത്ത്, ബാങ്ക് നിക്ഷേപം തുടങ്ങിയവയാണ് ഈ രീതിയില്‍ ഒളിച്ച് വയ്ക്കുന്നത്. ഈയിടെയായി മുന്തിയ ഇനം വാഹനങ്ങളും (മുനപ് പറഞ്ഞ 'ഉപകാര സ്മരണ'യായി കിട്ടിയതുമാകാം) ഇങ്ങനെ നിയമത്തിന്റെ കണ്ണില്‍നിന്ന് മറച്ചുപിടിക്കുന്നു. ബിനാമി സ്വത്തുക്കള്‍ പൂര്‍ണമായും കള്ളപ്പണം എന്ന ഗണത്തില്‍ പെടുന്നു. 

അഞ്ച്) 'ബ്ലേഡ് ബാങ്ക്': റിസര്‍വ് ബാങ്കിന്റെ കെവൈസി (നിങ്ങളുടെ ഇടപാടുകാരനെ മനസ്സിലാക്കുക) നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്ത പണമിടപാട് സ്ഥപനങ്ങളില്‍ അപ്രഖ്യാപിത നിക്ഷേപം ചെയ്യുന്നത് കള്ളപ്പണം സൂക്ഷിക്കല്‍ ആണ്. ഇവ പലപ്പോഴും സാങ്കല്‍പ്പികപേരുകളില്‍ പോലുമായിരിക്കും. 

ആറ്) വിദേശരാജ്യങ്ങളിലെ നിക്ഷേപം: ഇത് വന്‍കിടക്കാര്‍ ചെയ്യുന്നതാണ്. ചില രാജ്യങ്ങളില്‍ ബാങ്ക് ഇടപാടുകാരുടെ വിവരങ്ങള്‍ സര്‍ക്കാരിനോ മറ്റ് അധികൃതര്‍ക്കോ നല്‍കേണ്ടതില്ല. അതുപോലെ ചില രാജ്യങ്ങളില്‍ വരുമാന/സ്വത്ത് നികുതികളില്ല. ഇന്ത്യയിലെ കള്ളപ്പണം ഇത്തരം രാജ്യങ്ങളിലെത്തിച്ച് ഒന്നുകില്‍ അവിടെ സൂക്ഷിക്കുന്നു; അല്ലെങ്കില്‍ 'വിദേശ നിക്ഷേപം' എന്ന പേരില്‍ നികുതിരഹിതമായി വെളുപ്പിച്ച് തിരിച്ചുകൊണ്ടുവരുന്നു. ഇത്തരം രാജ്യങ്ങളാണ് സ്വിറ്റ്‌സര്‍ലാന്‍ഡും മൗറീഷ്യസും അതുപോലെ ജെര്‍സി, കേയ്‌മെന്‍, കൂക് തുടങ്ങിയ ദ്വീപ് രാജ്യങ്ങളും (ചിലവ മാത്രം. ഇവ പൊതുവില്‍ 'നികുതിമുക്തതുരുത്തുകള്‍' tax havens എന്നറിയപ്പെടുന്നു). ഇന്ത്യയില്‍ സ്ഥിരതാമസമുള്ള ഇന്ത്യക്കാരന് വിദേശരാജ്യത്ത് ഉള്ള നിക്ഷേപം കള്ളപ്പണമാണ്. കാരണം ആ തുകയ്ക്ക് ഇന്ത്യയില്‍ നികുതി നല്‍കുന്നില്ല. ഇനി നമ്മള്‍ നമ്മുടെയും നമ്മുടെ ചുറ്റുപാടുകളുടെയും പണവ്യവഹാരങ്ങളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുക.

No comments:

Post a Comment