Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 18 July 2020

ഒരു പോപ്പ്‌ ഗായകന്റെ ഊർജ്ജതന്ത്രം

1970 കളിൽ അമേരിക്കയിൽ തരംഗങ്ങളുയർത്തിയ പോപ്പ്‌ ഗായകനും സംഗീതജ്ഞനുമായിരുന്നു ബ്രൂസ്‌ സ്പ്രിംഗ്‌സ്റ്റീൻ (Bruce Springsteen). അദ്ദേഹം സ്വയം എഴുതി സംഗീതം നൽകിയ ഗാനങ്ങൾ അക്കാലത്ത്‌ അമേരിക്കൻ ജനതക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലായി വർഷത്തിൽ മുന്നൂറ്റിയറുപ്പത്തഞ്ച്‌ ദിവസവും നടക്കുന്ന ബ്രൂസിന്റെ ലൈവ്‌ ഷോകൾ ആസ്വദിക്കുവാൻ ജനങ്ങൾ ആർത്തിരമ്പിയെത്തുമായിരുന്നു. വൻ തുകകൾക്കായിരുന്നു ഈ ഷോകളുടെ ടിക്കറ്റുകൾ വിറ്റുപോയിരുന്നത്‌.

ബ്രൂസിന്റെ ലൈവ്‌ ഷോകൾക്ക്‌ ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ബ്രൂസും സംഗവും ഒരു നഗരത്തിലെത്തിച്ചേർന്നാൽ പിന്നെ ദിവസങ്ങളോളം തുടർച്ചയായി ഷോ ഉണ്ടാകും. ഒരു ദിവസം തന്നെ രണ്ടോ മൂന്നോ ഷോ ഉണ്ടാകും. ഗിറ്റാർ വായിച്ചു കൊണ്ട്‌ നൃത്തച്ചുവടുകളുമായി വേദി മുഴുവനും ഓടി നടന്ന് വ്യത്യസ്ഥ സ്വരസ്ഥായയിലുള്ള ആലാപനമാണ്‌ ബ്രൂസിന്റെ പ്രത്യേകത. പക്ഷെ ഈ രീതിയിൽ തുടർച്ചയായി എത്ര ഷോകൾ ചെയ്താലും ബ്രൂസിന്‌ ഒട്ടും ക്ഷീണം തട്ടാറില്ലായിരുന്നു. രാവിലത്തെ ഷോ ചെയ്ത അതേ ഊർജ്ജത്തൊടെ തന്നെ അദ്ദേഹം          വൈകിട്ടത്തെ ഷോയും ചെയ്യുമായിരുന്നു. ഒന്നാം ദിവസത്തെ അതേ എനർജ്ജി ലെവൽ പത്താം ദിവസവും അദ്ദേഹം നിലനിർത്തുമായിരുന്നു.

ഒരിക്കൽ തുടർച്ചയായുള്ള സ്റ്റേജ്‌ ഷോകളുടെ അഞ്ചാം ദിവസവും ആവേശം ഒട്ടും കുറയാതെയുള്ള ബ്രൂസിന്റെ പ്രകടനം കണ്ട്‌ വിസ്‌മയഭരിതനായ ഒരു പത്രലേഖകൻ ഗ്രീൻ റൂമിൽ വെച്ചുള്ള ഒരു സൗഹൃദ സംഭാഷണത്തിനിടയിൽ ബ്രൂസിനോട്‌ ചോദിച്ചു.

“എങ്ങനെയാണ്‌ ഈ ഷോയുടെ അഞ്ചാം ദിവസവും താങ്കൾക്ക്‌ അതേ എനർജ്ജി ലെവൽ നിലനിർത്താൻ സാധിക്കുന്നത്‌? എവിടെ നിന്നാണ്‌ താങ്കൾക്ക്‌ ഇത്രയും ഊർജ്ജം ലഭിക്കുന്നത്‌?”

ഉടനെ ബ്രൂസ്‌ അയാളോട്‌ തന്നെ പിന്തുടരാൻ ആവശ്യപ്പെട്ടുകൊണ്ട്‌ സ്റ്റേജിന്റെ ഒരു സൈഡിലേക്ക്‌ നടന്നു. പിന്നെ കർട്ടന്റെ ഒരു ഭാഗം അൽപമൊന്ന് നീക്കി അവിടെ തന്റെ ഷോ തുടങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിറഞ്ഞു കവിഞ്ഞ സദസ്സിനെ അയാൾക്ക്‌ കാണിച്ചു കൊടുത്തു കൊണ്ട്‌ ബ്രൂസ്‌ പറഞ്ഞു.

“ഇതാ. നിങ്ങൾ ഈ തിങ്ങിവിങ്ങി നിൽക്കുന്ന സദസ്സ്‌ കണ്ടില്ലേ? അതിലിരിക്കുന്ന പലരും എന്റെ ഷോ കാണാൻ വേണ്ടി നൂറ്‌ കണക്കിന്‌ കിലോമീറ്ററുകൾ താണ്ടിയെത്തിച്ചേർന്നവരാണ്‌. അതിൽ പലരും വളരെ സാധാരണക്കാരായ സംഗീതപ്രേമികളാണ്‌. എങ്കിലും എന്റെ ഷോ നേരിൽ കാണാനായി കാശു മുടക്കി മാസങ്ങൾക്ക്‌ മുമ്പേ ടിക്കറ്റെടുത്ത്‌ കാത്തിരിക്കുന്നവരാണ്‌. ഇവരാണ്‌ എന്റെ ഊർജ്ജം. ബ്രൂസ്‌ സ്പ്രിംഗ്സ്റ്റീന്റെ ഏറ്റവും മികച്ച കലാപ്രകടനം നേരിൽ കാണാൻ എത്തിച്ചേർന്നിട്ടുള്ള ഇവർക്ക്‌ അത്‌ നൽകുക എന്നത്‌ എന്റെ കർത്തവ്യമാണ്‌. ഇവരുള്ളിടത്തോളം എന്റെ എനർജ്ജി ലെവലിൽ ഒരു കുറവും വരില്ല.”

നമ്മുടെയിടയിൽ ബിസിനസ്സുകാരുണ്ട്‌, ഉദ്യോഗസ്ഥരുണ്ട്‌, അധ്യാപകരുണ്ട്‌, പോലീസുകാരുണ്ട്‌ അങ്ങനെ പലരുമുണ്ട്‌. നമ്മളെല്ലാവരും രാവിലെ ജോലി ആരംഭിക്കുമ്പോൾ വളരെ നല്ല ഊർജ്ജത്തിലും നല്ല മൂഡിലുമായിരിക്കും. എന്നാൽ ആ നല്ല മാനസികാവസ്ഥയും ഊർജ്ജസ്വലതയും എത്ര നേരം നിലനിൽക്കും. രാവിലെ കട തുറന്നപ്പോൾ ആദ്യമെത്തിയ ഉപഭോക്താവിനോടും വൈകീട്ട്‌ കട പൂട്ടാൻ തുടങ്ങുമ്പോൾ ഓടിക്കയറി വന്നയാളോടും ഒരേ മനോഭാവത്തോടെ പുഞ്ചിരിച്ചു കൊണ്ട്‌ പെരുമാറാൻ കഴിയുന്ന എത്രയും കച്ചവടക്കാർ നമുക്കിടയിലുണ്ട്‌. രാവിലെ കൗണ്ടറിൽ വന്നിരുന്നപ്പോൾ ആദ്യം മുന്നിൽ വന്നു നിന്ന കസ്റ്റമറോടും ഉച്ചക്ക്‌ ഊണ്‌ കഴിച്ച മയക്കത്തിലിരിക്കുമ്പോൾ മുന്നിലവതരിച്ച കസ്റ്റമറിനോടും ഒരേ ഊർജ്ജസ്വലതയോടെ ഇടപെടാൻ കഴിയുന്ന എത്ര ബാങ്ക്‌ ഉദ്യോഗസ്ഥർ നമുക്കിടയിലുണ്ട്‌. രാവിലെ ഡ്യൂട്ടിക്ക്‌ കയറിയപ്പോൾ മുന്നിലെത്തിയ പരാതിക്കാരനോടും രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ മടങ്ങാൻ തുടങ്ങുമ്പോൾ ഓടിക്കിതച്ചെത്തിയ വ്യക്തിയോടും അതേ ക്ഷമയോടെയും സൗമനസ്യത്തോടെയും സംസാരിക്കാൻ കഴിയുന്ന എത്ര പോലീസുകാർ നമുക്കിടയിലുണ്ട്‌. രാവിലെ ഫസ്റ്റ്‌  പീരിയഡ്‌ ക്ലാസെടുത്ത അതേ ആർജ്ജവത്തോടെ അവസാന പീരിയഡിൽ ക്ലാസെടുക്കാൻ കഴിയുന്ന എത്ര അധ്യാപകർ നമുക്കിടയിലുണ്ട്‌.
വളരെ വളരെ കുറവായിരിക്കും.

നിമിഷങ്ങൾ കൊഴിഞ്ഞു വീഴുന്നതിനനുസരിച്ച്‌ ശരീരത്തിൽ നിന്ന് ഊർജ്ജം പടിയിറങ്ങിപ്പോകുന്നവർക്കുള്ള ഒരുത്തമ ഗുണപാഠമാണ്‌ ബ്രൂസ്‌ സ്പ്രിംഗ്സ്റ്റീനിന്റെ വാക്കുകൾ. അതിരാവിലെ വെളുക്കെ ചിരിച്ചുകൊണ്ട്‌ സംസാരിക്കാൻ ആർക്കും സാധിക്കും. എന്നാൽ ആദ്യാവസാനം ഒരേ ഉന്മേഷത്തോടെ പ്രവർത്തിക്കാനും ഒടുക്കം വരെ അതേ ഊർജ്ജസ്വലത നിലനിർത്താനും കഴിയുന്നവരാണ്‌ ഏറ്റവും കരുത്തർ.

നമ്മുടെ ജോലി സമയം അവസാനിക്കാറാകുമ്പോൾ നമുക്ക്‌ മുന്നിലേക്ക്‌ ഓടിക്കിതച്ചെത്തുന്ന ഒരു ഗുണഭോക്താവിനെ ശല്യമായല്ല, മറിച്ച്‌ ഒരു അനുഗ്രഹമായി കാണാൻ ശ്രമിക്കുക. കാരണം നമുക്കയാൾ അന്നു കണ്ട നൂറ്‌ പേരിൽ ഒരാൾ മാത്രമാണ്‌. പക്ഷെ അയാളെ സംബന്ധിച്ചിടത്തോളം സർവ്വപ്രതീക്ഷകളുടെയും ഒരേയൊരു ബിന്ദുവാണ്‌ നാം. അത്‌ മറക്കരുത്‌…

No comments:

Post a Comment