കോവിഡ് എന്ന മഹാമാരി ലോകത്തെ ശ്വാസംമുട്ടിക്കുമ്പോൾ മുതിർന്നവർ മാത്രമല്ല നവജാത ശിശുക്കൾ വരെ രോഗബാധിതരാവുന്നുണ്ട്. ശാരീകാസ്വസ്ഥതകൾ കുട്ടികൾക്ക് നമ്മളെ പറഞ്ഞുമനസ്സിലാക്കാൻ കഴിയണമെന്നില്ല. പനി, പേശി വേദന, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, രുചിയും മണവും നഷ്ടമാവൽ എന്നിവയെല്ലാമാണ് കോവിഡിന്റെ പൊതുവായ ലക്ഷണങ്ങൾ. പക്ഷേ കുട്ടികളിൽ ഈ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല.
കോവിഡ് പോസിറ്റീവായ കുട്ടികളിൽ ഉദര സംബന്ധമായ പ്രശ്നങ്ങൾ കണ്ടേക്കാം. മനംപിരട്ടൽ, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കൂടുതലായി കാണുന്നുവെന്ന് ന്യൂയോർക്കിലെ ശിശുരോഗ വിദഗ്ധ ഡോ. മാർഗരറ്റ് ആൽഡ്രിച്ച് പറയുന്നു. എന്നാൽ കോവിഡ് ലക്ഷണങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടക്കുന്നതിനാൽ ഇവ മാത്രമായിരിക്കും കുട്ടികളിലെ ലക്ഷണങ്ങളെന്ന് പറയാനാവില്ലെന്നും ഡോക്ടർ വ്യക്തമാക്കി. അതേസമയം പരിധിയിൽ കവിഞ്ഞ ക്ഷീണം, ശ്വസിക്കാൻ ബുദ്ധിമുട്ട്, ചുണ്ടിൽ നീല നിറം, ഛർദി, വയറിളക്കം, മൂന്ന് ദിവസത്തിൽ കൂടുതൽ പനി എന്നിവ കുട്ടികൾക്കുണ്ടായാൽ എന്തായാലും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്ന് ഡോക്ടർമാർ പറയുന്നു.
ആരോഗ്യമുള്ള കുട്ടികൾക്കും സാധാരണ ഗതിയിൽ 10 തവണ വരെയൊക്കെ ജലദോഷം വരാം. പനി, ജലദോഷം, ഉദര സംബന്ധമായ അസുഖങ്ങൾ എന്നിവയൊക്കെ കുട്ടികൾക്ക് അല്ലാതെ തന്നെ വരുന്നതിനാൽ കോവിഡ് ലക്ഷണങ്ങൾ തിരിച്ചറിയൽ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ കുട്ടികൾക്ക് ശ്വസന സംബന്ധമായ അസുഖങ്ങൾ വന്നാൽ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യപ്രവർത്തകരെ ഇക്കാര്യം അറിയിച്ച് വേണ്ട മാർഗനിർദേശം തേടണം.
അസുഖം വരുന്നത് തങ്ങളുടെ കുറ്റമല്ലെന്ന ബോധ്യം കുട്ടികളിലുണ്ടാക്കാൻ ശ്രമിക്കണം. രോഗം വന്നത് അശ്രദ്ധ കൊണ്ടാണെന്ന് അവരെ കുറ്റപ്പെടുത്തിയാൽ അവർ ചിലപ്പോൾ ശാരീകാസ്വസ്ഥതകൾ മുതിർന്നവരിൽ നിന്ന് മറച്ചുവെച്ചേക്കും. ആർക്കും രോഗം വരാമെന്നും അതൊന്നും ആരുടെയും തെറ്റല്ലെന്നും അവരെ ബോധ്യപ്പെടുത്തണം. അങ്ങനെയാകുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ പോലും അവർ മാതാപിതാക്കളോട് പറയും. ലക്ഷണങ്ങൾ കൃത്യമായി ഡോക്ടറോട് പറഞ്ഞാൽ അത് കൂടുതൽ ഫലപ്രദമാകും..
No comments:
Post a Comment