Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 23 January 2021

മാരുതി 800 ന്റ ചരിത്രത്തിലേക്ക്..

മാരുതി 800 ന്റ ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിക്കാം.
വിവാദപൂർണ്ണമായ ജനനം മാരുതി കാർ കമ്പനിയുടെ ചരിത്രം തന്നെ പറഞ്ഞു തുടങ്ങാം. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പുത്രനായ സഞ്ജയ് ഗാന്ധിയായിരുന്നു മാരുതിയ്ക്ക് തുടക്കമിട്ടത്. ഇന്ത്യയിൽ നിർമ്മിച്ച ഒരു കാർ എന്നതായിരുന്നു സഞ്ജയ് ഗാന്ധിയുടെ സ്വപ്നം. എന്നാൽ അതെങ്ങനെ യാഥാർഥ്യമാക്കാം എന്നതിനെപ്പറ്റി അദ്ദേഹത്തിനു വ്യക്തമായ അറിവുണ്ടായിരുന്നില്ല. അതിരുകടന്ന ആത്മവിശ്വാസവും അധികാരത്തിന്റെ പിൻബലവും മാത്രമായിരുന്നു കൈമുതൽ . നിർലോഭം സഹായിക്കാൻ അമ്മയുടെ നേതൃത്വത്തിലുള്ള സർക്കാരുണ്ടായിരുന്നതിനാൽ സാമ്പത്തികം പ്രശ്നമായിരുന്നില്ല.ബ്രിട്ടനിലെ റോൾസ് റോയ്സ് കമ്പനിയിൽ സാധാരണ മെക്കാനിക്കിനുള്ള സര്ട്ടിഫിക്കറ്റ് കോഴ്സ് മാത്രമായിരുന്നു സഞ്ജയ് ഗാന്ധിക്കു കാർ നിർമ്മാണത്തിനുള്ള യോഗ്യത. അതു ശരിയാംവണ്ണം പൂര്ത്തിയാക്കിയിരുന്നില്ല. ഇതൊക്കെയാണെങ്കിലും 4,000 രൂപ പ്രതിമാസ ശമ്പളം ആ 'യുവ പ്രതിഭാശാലി' നേടിയെടുത്തു. ( ഇന്ത്യൻ പ്രധാനമന്ത്രിക്കു പോലും അക്കാലത്ത് 3,000 രൂപയായിരുന്നു ശമ്പളമെന്നറിയുക.) എന്ജിനീയറിങ് ബിരുദം പോലുമില്ലാത്ത സഞ്ജയ് ഗാന്ധി മാനേജിങ് ഡയറക്ടറായി ആരംഭിച്ച മാരുതി മോട്ടോഴ്സ് ലിമിറ്റഡ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി മാറാൻ കാലതാമസമുണ്ടായില്ല.ഹരിയാനയിലെ ഗുർഗാവിൽ വ്യോമസേനയുടെ വക 157 ഏക്കര് അടക്കം 300 ഏക്കര് ഭൂമിയിലാണ് 1971 ജൂണിൽ മാരുതി ആരംഭിച്ചത്. വൻ വിവാദങ്ങളും എതിർപ്പുകളും വകവയ്ക്കാതെയായിരുന്നു ഇതിനായുള്ള ഭുമി ഏറ്റെടുത്തത്.സ്വദേശി കാറിന് വിദേശ എൻജിൻ ഇറക്കുമതി കൂടാതെ ഇന്ത്യൻ നിർമിത ഘടകങ്ങൾ ഉപയോഗിച്ചുള്ള കാര് എന്ന ലക്ഷ്യവുമായി പിറന്ന മാരുതിയുടെ കാറിന് ആദ്യം ടു സ്ട്രോക്ക് എൻജിനാണ് ഉദ്ദേശിച്ചിരുന്നത്. പിന്നീട് ആ തീരുമാനം മാറ്റി ഫോർ സ്ട്രോക്ക് എൻജിനാക്കി. പക്ഷേ ഒരു എൻജിൻ പോലും വിജയകരമായി മാരുതി നിർമ്മിച്ചില്ലെന്നതാണ് അമ്പരിപ്പിക്കുന്ന വസ്തുത. അഹമ്മദാബാദിലെ വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്ററി ( വിആർഡിഇ ) ലേക്ക് ടെസ്റ്റിനായി അയച്ച കാറിലുണ്ടായിരുന്നത് ജര്മ്മനിയില് നിന്ന് ഇറക്കുമതി ചെയ്ത എൻജിനായിരുന്നു.

1974 ഫെബ്രുവരി 10 നാണ് പരീക്ഷണ 
ഓട്ടത്തിനുള്ള മാരുതി അഹമ്മദാബാദിലെത്തിയത്.പരീക്ഷണ ഓട്ടത്തിന്റെ രണ്ടാം ഘട്ടത്തിലെത്താൻ പോലും അതിനു കഴിഞ്ഞില്ല. നാലു മാസത്തിനുള്ളിൽ തന്നെ, ഓടാൻ ശേഷിയില്ലാതെ ടെസ്റ്റ് ട്രാക്കിൽ മാരുതി തളർന്നു വീണു. റോഡിലോടാൻ പറ്റിയതാണെന്ന സാക്ഷ്യപത്രം നേടുന്നതിൽ പരാജയപ്പെടുകയായിരുന്നു.

കാറില്ലാതെ ഡീലർഷിപ്പ്കാർ നിർമ്മിക്കുന്നതിന് മുമ്പുതന്നെ കമ്പനി ഡീലർമാരെ ക്ഷണിച്ചിരുന്നു. നിക്ഷേപമായി ലക്ഷങ്ങൾ വാങ്ങി 1972 ൽ ഡീലർഷിപ്പ് നൽകിത്തുടങ്ങി. പിറ്റേ വർഷം ഏപ്രിലില്‍  വണ്ടി പുറത്തിറക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും നാളെ നാളെ നീളെ നീളെ എന്ന മട്ടിൽ വർഷങ്ങളോളം നീങ്ങി. ഇതിനിടെ ഗതികേടിലായത് ഡീലർഷിപ്പിനു പണം മുടക്കി കാത്തിരുന്നവരാണ്. എൺപത് ഡീലർമാരിൽ നിന്നായി രണ്ടര കോടി രൂപ കമ്പനി പിരിച്ചെടുത്തിരുന്നു. പണമടച്ച് അഞ്ചു വർഷത്തിനു ശേഷവും കാർ കിട്ടിയില്ല, പണവും.ഡീലർഷിപ്പിനുള്ള നിക്ഷേപം എത്രയെന്ന് നിജപ്പെടുത്തിയിട്ടില്ലെങ്കിലുംശരാശരി മൂന്നുലക്ഷം വീതം വാങ്ങിയിരുന്നു.
( വിപണിയിൽ മേധാവിത്വമുള്ള അംബാസിഡർ കാർ നിര്മ്മാതാക്കൾ പോലും ഡീലർഷിപ്പിനായി 5,000 രൂപ മാത്രം നിക്ഷേപം വാങ്ങിയിരുന്ന കാലത്താണിത്.) ഭയം കൊണ്ട് ഇതൊന്നും ആരും ചോദ്യം ചെയ്തുമില്ല.

 തുക തിരികെ ചോദിച്ചവരിൽ പലരും എത്തിയത് ജയിലറകളിലായിരുന്നു. നിക്ഷേപം സ്വീകരിച്ച് കരാറിൽ ഏർപ്പെട്ട ശേഷം കൂടുതല് തുകയുമായി മറ്റാരെങ്കിലും സമീപിച്ചാൽ നിഷ്കരുണം മുൻ കരാർ റദ്ദാക്കാൻ സഞ്ജയ് ഗാന്ധി മടിച്ചിരുന്നുമില്ല.കാറിൽ തുടങ്ങി വിമാനം വരെ കാർ നിർമ്മാണത്തിനായി തുടങ്ങിയ കമ്പനി പിൽക്കാലത്ത് റോഡ് റോളർ,ട്രക്ക്, ക്രെയിൻ മുതൽ വിമാന നിർമ്മാണത്തിൽ വരെ കൈവച്ചു. കുറച്ചു കാലം ബസ് ബോഡി നിർമ്മാണവും നടത്തി. പക്ഷേ ഒന്നും ഗതി പിടിച്ചില്ല. ഇതിനിടെ സഞ്ജയിയും കൂട്ടാളികളും പാഴാക്കി കളഞ്ഞത് സര്ക്കാരിന്റെ കോടിക്കണക്കിന് രൂപയാണ്.പുത്രനെ സഹായിക്കാൻ ഇന്ദിരാഗാന്ധി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് പരക്കെ ആക്ഷേപമുണ്ടായി.കാറിനൊപ്പം സർക്കാരും കടപുഴകി വീഴുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. ശക്തമായ അഴിമതി ആരോപണങ്ങളുണ്ടായെങ്കിലും എല്ലാ കേസുകളിലും പിൽക്കാലത്ത് സഞ്ജയിയും ഇന്ദിരയും കുറ്റവിമുക്തരാക്കപ്പെട്ടു.

Saturday, 16 January 2021

നൈറ്റ് ഷിഫ്റ്റ് ജോലിയും ആരോഗ്യ പ്രശ്‌നവും..

തൊഴിലിടങ്ങള്‍ ഇന്ന് ഏറെ മാറിപ്പോയി. രാവിലെ പത്ത് മണിക്ക് ഓഫീസിലെത്തി വൈകുന്നേരം തിരിച്ചെത്തുന്ന തൊഴിലിട സമയക്രമീകരണമല്ല പലയിടങ്ങളിലും ഇന്നുള്ളത്. മാധ്യമപ്രവര്‍ത്തനം, ഐ.ടി, നേഴ്‌സിങ് തുടങ്ങിയ മേഖലയിലെല്ലാം ഷിഫ്റ്റ് സംവിധാനം സാധാരണമായി മാറി. പുരുഷന്‍മാരൊടൊപ്പം സ്ത്രീകള്‍ക്കും നൈറ്റ് ഷിഫ്റ്റ് എന്നത് നിര്‍ബന്ധിത കാര്യമായി മാറി. ഇത് കുടുംബ-ലൈംഗിക ജീവിതത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്.

നൈറ്റ് ഷിഫ്റ്റ് ജോലി വളരെ സാധാരണമായ ഇന്നത്തെ കാലത്ത് താളം തെറ്റിയ ഉറക്കം ഒരു വലിയ പ്രശ്‌നമായി മൊത്തം ജീവിതത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഉറക്കത്തിന്റെ പാറ്റേണ്‍ മാറുന്നത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുത്തുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ചില പ്രകൃതക്കാര്‍ അതിവേഗം മാറ്റത്തോട് പൊരുത്തപ്പെടും. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം വിഷാദ രോഗം, ഉത്കണ്ഠ, മറ്റ് മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ പ്രകടമാകാന്‍ സാധ്യതയുണ്ട്. 
 

രാത്രി ജോലിക്കാര്‍ പതിന്മടങ്ങ് വര്‍ധിച്ചതുപേലെ തന്നെ അവരുടെ ആരോഗ്യ പ്രശ്നങ്ങളും ഏറെ വര്‍ധിച്ചിട്ടുണ്ട്. രാത്രി ജോലി ചെയ്യുന്നവരെല്ലാം ഏറിയും കുറഞ്ഞും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഉറക്ക നഷ്ടത്തിന് പുറമേ ജോലി സ്ഥലത്തെ സമ്മര്‍ദങ്ങളും മെയ്യനങ്ങാതെയുള്ള ജീവിത ശൈലിയും കൂടിയാവുന്നതോടെ രാത്രി ജോലിക്കാര്‍ ഹൃദയ രോഗങ്ങള്‍ക്കും ദഹന പ്രശ്നങ്ങള്‍ക്കും പൊണ്ണത്തടിക്കും മാനസിക അസ്വസ്ഥതകള്‍ക്കും എളുപ്പം കീഴടങ്ങുന്നു.  

ഷിഫ്റ്റ് ലാഗ് വ്യാവസായിക മേഖലയിലെ 20 ശതമാനം ജീവനക്കാരും ഷിഫ്റ്റായി ജോലിചെയ്യുന്നവരാണ്. സ്വകാര്യ മേഖലയിലാണ് ഷിഫ്റ്റ് സമ്പ്രദായം കൂടുതല്‍. ഷിഫ്റ്റുകള്‍ പ്രധാനമായും രണ്ട് തരമാണ്. സ്ഥിരം ഷിഫ്റ്റും മാറി മാറി വരുന്നതും. ഇതില്‍ രാത്രിയും പകലുമായി മാറി മാറി വരുന്ന ഷിഫ്റ്റാണ് സ്ഥിരം രാത്രി ഷിഫ്റ്റിനേക്കാള്‍ അപകടകാരി. ശരീരം വിശ്രമമാവശ്യപ്പെടുമ്പോള്‍ ജോലി ചെയ്യുന്നവരാണ് രാത്രി ജീവനക്കാര്‍. അത് ശരീരത്തിന്റെ ജൈവ ഘടികാരത്തെ തകരാറിലാക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഷിഫ്റ്റ് മാറ്റം ഉറക്കത്തില്‍ വരുത്തുന്ന പ്രത്യാഘാതങ്ങളെ പൊതുവെ ഷിഫ്റ്റ് ലാഗ് എന്നു വിളിക്കുന്നു.   

 ഉറക്കത്തിലെ ക്രമക്കേടുകള്‍, ക്ഷീണം, ഹൃദയ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഗാസ്ട്രോ ഇന്റസ്‌റ്റൈനല്‍ അപ്സെറ്റ്, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരില്‍ കൂടുതലായി കാണപ്പെടുന്നതായി അമേരിക്കയിലെ സര്‍ക്കാഡിയന്‍ ലേണിംഗ് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 

ശാരീരിക പ്രശ്നങ്ങളും രോഗങ്ങളും.

ഉറക്കമില്ലായ്മ: 

ശരീരത്തിന്റെ സ്വാഭാവികമായ ഉറക്ക വ്യവസ്ഥ രാത്രി ജോലിമൂലം തടസ്സപ്പെടുമ്പോള്‍ ഉറക്കമില്ലായ്മ അനുഭവപ്പെടും. എന്തൊക്കെ ചെയ്താലും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണിത്. ഉറങ്ങിയാലും അധിക നേരം ഉറങ്ങാന്‍ കഴിയില്ല. ഉറക്കം ഇടയ്ക്കിടെ തടസ്സപ്പെടുകയും ഉണര്‍ന്നാല്‍ പിന്നെ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യും. താല്‍ക്കാലികമായ ഉറക്കമില്ലായ്മ, കടുത്ത ഉറക്കമില്ലായ്മ, ദീര്‍ഘകാല ഉറക്കമില്ലായ്മ എന്നിങ്ങനെ മൂന്നു തരമുണ്ട് ഇത്. 

ക്ഷീണം: 

ശരീരത്തിന്റെയും മനസ്സിന്റെയും പ്രവര്‍ത്തനക്ഷമത കുറയുന്ന അവസ്ഥയാണിത്. പേശികള്‍ക്ക് ബലക്ഷയം അനുഭവപ്പെടും. പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധ, വേഗത, ഏകാഗ്രത എന്നിവ കുറയുകയും അപകടങ്ങളും തെറ്റുകളും കൂടുകയും ചെയ്യുന്നു. 

ഉയര്‍ന്ന രക്ത സമ്മര്‍ദം: 

സാധാരണ രക്തസമ്മര്‍ദം രാവിലെ കുറഞ്ഞിരിക്കുകയും ഉച്ചയ്ക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും രാത്രി ഉറങ്ങുമ്പോള്‍ കുറയുകയുമാണ് ചെയ്യുക. രാത്രി ജോലിയും ഉറക്ക നഷ്ടവും ഈ സ്വാഭാവിക താളം തെറ്റാനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും കാരണമാകും. ദീര്‍ഘകാല ഉറക്ക നഷ്ടം രക്തസമ്മര്‍ദം സ്ഥിരമായി ഉയര്‍ന്ന് നില്‍ക്കാന്‍ ഇടയാക്കും. 

അമിത വണ്ണം: 

ഗല്‍ക്കോസ് ഉപാപചയ പ്രവര്‍ത്തനങ്ങളെയും വിശപ്പിനെയും നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തെ ഉറക്ക നഷ്ടം ബാധിക്കുന്നതാണ് അമിത വണ്ണത്തിന് കാരണമാകുന്നത്. അമിത വണ്ണം ഉറക്ക തടസ്സത്തിനും ഇടയാക്കും. ജോലിക്കിടെ കഴിക്കുന്ന എണ്ണ കൂടുതലടങ്ങിയ ലഘുഭക്ഷണങ്ങളും വ്യായാമമില്ലായ്മയുമൊക്കെ അമിത വണ്ണത്തിലേക്കുള്ള വഴി എളുപ്പമാക്കും. കൊളസ്ട്രോള്‍ പ്രശ്നങ്ങളും ഹൃദയരോഗങ്ങളും മെറ്റബോളിക് സിന്‍ഡ്രോമും രാത്രി ജീവനക്കാരില്‍ കൂടുതലാണ്. 

ആര്‍ത്തവ ക്രമക്കേട്: 

രാത്രി ജീവനക്കാരായ സ്ത്രീകളില്‍ ക്രമം തെറ്റിയുള്ള ആര്‍ത്തവം വ്യാപകമാണ്. ജൈവ ഘടികാരത്തിലെയും ന്യൂറോ എന്‍ഡോക്രൈന്‍ മെക്കാനിസത്തിലെയും താളപ്പിഴകളാണ് കാരണം.

പ്രമേഹം: 

ഉറക്ക നഷ്ടം ഗല്‍ക്കോസ് ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കുള്ള ശരീരത്തിന്റെ കഴിവിനെ പ്രതികൂലമായി ബാധിക്കുന്നു. ഉറക്കം കുറഞ്ഞവരില്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കൂടുതലായിരിക്കും. ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കും.
രോഗപ്രതിരോധ ശക്തി ക്ഷയിക്കല്‍
രോഗ പ്രതിരോധ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് മെലട്ടോണിന്‍ എന്ന ഹോര്‍മോണ്‍. ഇതിന്റെ കാന്‍സര്‍ പ്രതിരോധ ശേഷിയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുകയും രാത്രി നല്ല വെളിച്ചത്തിന് കീഴില്‍ ചെലവഴിക്കേണ്ടി വരുകയും ചെയ്യുന്നത് മെലാട്ടോണിന്‍ ഉല്‍പാദനം കുറയ്ക്കും. ഇത് പ്രതിരോധ ശക്തി ക്ഷയിക്കാന്‍ കാരണമാകും.
അകാല നര, മുടികൊഴിയല്‍, ദഹന പ്രശ്നങ്ങള്‍, വിശപ്പില്ലായ്മ എന്നിവ രാത്രി ജീവനക്കാരില്‍ കൂടുതലാണ്. രാത്രി ജീവനക്കാരില്‍ ഹൃദ്രോഗ, കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഉറക്ക നഷ്ടവും ജൈവ ഘടികാരത്തിന്റെ താളം തെറ്റലും നിരന്തര മാനസിക സമ്മര്‍ദ്ദവുമാണിതിന് കാരണമായി പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷക വിഭാഗം ഗ്രേവ് യാഡ് ഷിഫ്റ്റിനെ കാര്‍സിനോജനുകളുടെ കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്..

ബുദ്ധിപരമായ പ്രശ്നങ്ങള്‍ ഓരോ വ്യക്തിക്കും ആവശ്യമായ ഉറക്കത്തിന്റെ അളവ് വ്യത്യസ്തമാണ്. പൊതുവെ പറയുകയാണെങ്കില്‍ കുട്ടികള്‍ക്ക് 10 മണിക്കൂറും കൗമാരക്കാര്‍ക്ക് ഒമ്പത് മണിക്കൂറും പ്രായപൂര്‍ത്തിയായവര്‍ക്ക് ഏഴുമുതല്‍ എട്ടുവരെ മണിക്കൂറും ഉറക്കം ആവശ്യമാണ്. ഉറക്കത്തിലെ കുറവ് പ്രകടനത്തെയും ബുദ്ധിപരമായ കഴിവുകളെയും ബാധിക്കും. ശ്രദ്ധക്കുറവ്, ജാഗ്രതയില്ലായ്മ, മറവി, തീരുമാനമെടുക്കാന്‍ കഴിയാതാവുക, പ്രതികരണശേഷി കുറയുക, പ്രചോദനമില്ലായ്മ, തെറ്റുകള്‍ അധികരിക്കുക, അസ്വസ്ഥത, ഊര്‍ജമില്ലായ്മ തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങള്‍.

ചില പരിഹാര മാർഗങ്ങൾ

രണ്ടിലധികം ഷിഫ്റ്റില്‍ തുടര്‍ച്ചയായി ജോലി ചെയ്യാതിരിക്കുക

പാതിരാത്രിക്ക് ശേഷം കനത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക

രാത്രി ഷിഫ്റ്റില്‍ ജോലി ആരംഭിക്കുന്നതിന് മുമ്പ് അല്‍പ്പം ഉറങ്ങുക

കുടുംബാംഗങ്ങളെ രാത്രി ജോലിയെക്കുറിച്ചും പകല്‍ ഉറക്കത്തെക്കുറിച്ചും ബോധ്യപ്പെടുത്തുക.പങ്കാളിയുമായി ഇക്കാര്യം സംസാരിച്ച് തീരുമാനത്തിലെത്തുക.

ഉറക്കത്തിനും ഉണരുന്നതിനും ടൈംടേബിള്‍ ഉണ്ടാക്കുക

ഉറങ്ങുമ്പോള്‍ മനസ്സ് ശാന്തമാക്കി നന്നായി ഉറങ്ങുക

ജോലി കഴിഞ്ഞുള്ള യാത്രയിലെ സുരക്ഷിതത്വം സ്ത്രീകള്‍ ഉറപ്പാക്കുക. ഓഫീസില്‍ നിന്നും ഇറങ്ങുന്ന സമയം വീട്ടുകാരെ അറിയിക്കുക. 

Tuesday, 5 January 2021

47 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നാസ ചന്ദ്രനിൽ ആളെ ഇറക്കാൻ ശ്രമിക്കാത്തത്..

ചന്ദ്രനിൽ മനുഷ്യരെ ഇറക്കി എന്ന് അവകാശപ്പെടുന്ന നാസ ഈ നീണ്ട 47 വർഷങ്ങൾ കഴിഞ്ഞിട്ടും, അതിനിടയ്ക്ക് ഒരിക്കൽപോലും വീണ്ടും പോകാതിരുന്നത് എന്തുകൊണ്ട് 


ആദ്യമേ പറയട്ടെ. നീൽ ആംസ്ട്രോങ് മാത്രമല്ല ചദ്രനിൽ പോയിട്ടുള്ളത്.
നീൽ ആംസ്‌ട്രോങിനോടൊപ്പം ബസ്‌ ആൽഡ്രിനും, മൈക്കിൾ കോളിന്സും ചന്ദ്രനിൽ പോയി. കോളിൻസ് അപ്പോളോ കമാൻഡ് മോഡ്യൂളിൽ ഇരുന്നു. ആൽഡ്രിനും, ആംസ്‌ട്രോങും ചന്ദ്രനിൽ ഇറങ്ങി.കൂടാതെ  പിനീട് ഏതാനും മാസങ്ങൾ ഇടവിട്ടു ചന്ദ്രനിൽ 5 അപ്പോളോ ദൗത്യങ്ങളിലായി 10 പേർകൂടെ പോയി ചന്ദ്രനിൽ ഇറങ്ങി. ഒരു ദൗത്യം പാതി വഴിക്കു പരാജയപെട്ടു ചന്ദ്രനിൽ ഇറങ്ങാതെ തിരിച്ചു വന്നു. 
ചുരുക്കി പറഞ്ഞാൽ 6 ചാന്ദ്ര യാത്രകളിലായി 12 പേർ ചന്ദ്രനിൽ ഇറങ്ങി.ചന്ദ്രനെക്കാൾ 100 മടങ്ങിലധികം ദൂരെയുള്ള ചൊവ്വയിൽ പേടകം ഇറക്കിയ നാസയ്ക്ക് ചന്ദ്രനിൽ പേടകം അയക്കുന്ന ടെക്‌നോളജി വളരെ എളുപ്പം ആണ്. പ്രത്യേകിച്ച് മനുഷ്യർ പേടകത്തിൽ ഉണ്ടെങ്കിൽ :). കാരണം.. മനുഷ്യർക്ക് നേരിട്ട് കാര്യങ്ങൾ കണ്ട് മനസിലാക്കി പേടകത്തെ നിയന്ത്രിക്കാം എന്നത് ഓട്ടോമാറ്റിക്കായി പേടകം ഇറക്കുന്നതിനേക്കാൾ വളരെ എളുപ്പം ആണ്.

പിന്നെ എന്തുകൊണ്ട് ആ ടെക്‌നോളജി ഉപയോഗിച്ചു ഇപ്പോൾ വിടുവാൻ സാധിക്കാത്തതു ?

പ്രധാന പ്രശനം സാമ്പത്തികം ആണ്.

ഇപ്പോൾ നാസയുടെ കൈവശമുള്ള ഏതു റോക്കറ്റിനേക്കാളും പല മടങ്ങു ചെലവേറിയതാണ് അപ്പോളോ ദൗത്യത്തിൽ ഉപയോഗിച്ച ഭീമൻ Saturn V റോക്കറ്റുകൾ ! 2019 വർഷത്തിലെ നാസയുടെ മൊത്തം ബഡ്ജറ്റിന്റെ 5 ഇരട്ടിക്കു തുല്യമായ തുക ആണ് അപ്പോളോ ചന്ദ്ര പദ്ധതിക്കായി നാസ അന്ന് ചിലവിട്ടത് !

1960-കളിൽ അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തിൽ റഷ്യയുടെ മുന്നിൽ ആളാകുവാൻതന്നെ ആണ് അമേരിക്ക ഇങ്ങനെ ഒരു ചന്ദ്രയാത്രയ്ക്ക് രൂപം നൽകിയതും. അന്ന് യുദ്ധത്തിനായുള്ള ഭീമമായ ബഡ്ജറ്റാണ് ചന്ദ്ര ദൗത്യത്തിനായി അമേരിക്ക ചിലവഴിച്ചതു.  ശീതയുദ്ധം ഉണ്ടായിരുന്നില്ല എങ്കിൽ ഒരുപക്ഷെ ഇപ്പോഴും മനുഷ്യർ ചന്ദ്രനിൽ കാലു കുത്തില്ലായിരുന്നു 

( അമേരിക്ക ചന്ദ്രയാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ അതിനൊപ്പം അല്ലെങ്കിൽ അതിനേക്കാൾ തയ്യാറെടുപ്പുകൾ റഷ്യയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ അവരുടെ ചാന്ദ്ര ദൗത്യങ്ങളായ  ' ലൂണാ പദ്ധതികൾ ' റോക്കറ്റിന്റെ ഡിസൈൻ പരിമിതി മൂലം വിജയിച്ചില്ല. )
.
പിന്നെ എന്തുകൊണ്ട് ആ ടെക്‌നോളജി ഉപയോഗിച്ചു നാസയ്ക്കു ഇപ്പോൾ മനുഷ്യരെ ചന്ദ്രനിൽ വിടുവാൻ സാധിക്കാത്തതു എന്ന് ചോദിച്ചാൽ.. റോക്കറ്റ് ടെക്‌നോളജി ഒഴികെ മറ്റെല്ലാ ടെക്‌നോളജിയും ഇപ്പോൾ വളരെ പുരോഗമിച്ചിരിക്കുന്നു.

നമ്മുടെ സ്മാർട്ടഫോണിൻറെ പ്രോസസിംഗ് സ്പീഡ് അപ്പോളോ ചാന്ദ്ര ദൗത്യത്തിൽ ഉപയോഗിച്ചിരുന്ന പ്രോസസിംഗ് സ്പീഡിനെക്കാൾ ലക്ഷം മടങ്ങു കൂടുതലാണ് എന്ന് പൊതുവെ പറയാം. അതുകൊണ്ട് അപ്പോളോ പ്രോഗ്രാമിലെ കൺട്രോൾ പാനൽ നമുക്കു ഒട്ടുംതന്നെ ഉപയോഗിക്കുവാൻ കഴിയില്ല.

മനുഷ്യരെ അയക്കുന്നതിന്റെ നാലിലൊന്നു ചിലവിൽ പേടകങ്ങൾ ചന്ദ്രനിൽ ഇറക്കി കാര്യങ്ങൾ പലതും ചെയ്യാം. പേടകങ്ങൾ അയക്കുമ്പോൾ അത് വൺവേ ട്രിപ്പ് ആയിരിക്കും. എന്നാൽ മനുഷ്യരെ ചന്ദ്രനിൽ അയച്ചാൽ അവരെ ചന്ദ്രനായിൽനിന്നു തിരികെ കൊണ്ടുവന്നു ഭൂമിയിൽ ഇറക്കുന്നതുവരെ റിസ്ക്ക് ആണു്.

കമ്പ്യൂട്ടർ ടെക്‌നോളജി വളരെയധികം പുരോഗമിച്ചപ്പോൾ മനുഷ്യർ ഇല്ലാതെതന്നെ വളരെ കുറഞ്ഞ ചിലവിൽ നമുക്ക് ഇവിടെ ഇരുന്നുകൊണ്ട് റിസ്ക്ക് ഇല്ലാതെ കാര്യങ്ങൾ സാധിക്കുവാൻ പറ്റുമെങ്കിൽ എന്തിനു മനുഷ്യരെ അയക്കണം 

കൂടുതൽ മെച്ചപ്പട്ട മെറ്റീരിയലുകൾ ഇപ്പോൾ ഉണ്ട്. 
അതിനാൽ പേടകത്തിൽ അകത്തും, പുറത്തുമായി ഉപയോഗിക്കുന്ന സകല വസ്തുക്കളും പുതിയ മെറ്റീരിയലുകൾ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി ഡിസൈൻ ചെയ്തു ഉണ്ടാക്കണം. അതിനാൽത്തന്നെ അതുപയോഗിച്ചുള്ള പരീക്ഷണ ദൗത്യങ്ങൾ ആദ്യം മുതലേ ചെയ്തു ഘട്ടം ഘട്ടമായി വിജയം ഉറപ്പു വരുത്തണം.

ഇത്ര ചെലവ് മുടക്കി വീണ്ടും ചന്ദ്രനിൽ മനുഷ്യരെ ഇറക്കിയതുകൊണ്ട് പ്രത്യേക നേട്ടം ഒന്നും ഇപ്പോൾ നാസയ്ക്ക് ഇല്ല.
ചുരുക്കിപ്പറഞ്ഞാൽ.. 
വളരെ അധികം സാമ്പത്തികം അനുവദിച്ചാൽ.. പുതിയ ടെക്‌നോളജിയും, പുതിയ മെറ്റീരിയലുകളും ഉപയോഗിച്ച് പുതുതായി ഡിസൈൻ ചെയ്തു നിർമിച്ച ചന്ദ്ര പേടകങ്ങൾ പടിപടിയായി ടെസ്റ്റ് ചെയ്തു മാത്രമേ ഇനി ചന്ദ്രനിൽ മനുഷ്യരെ അയക്കുവാൻ സാധിക്കൂ.

എന്നാൽ... 
വീണ്ടും ഇപ്പോൾ രാജ്യങ്ങൾ ചന്ദ്രനിൽ പോകാൻ എന്തുകൊണ്ട് ശ്രമിക്കുന്നു എന്ന് ചോദിച്ചാൽ......
ഇപ്പോൾ മനുഷ്യർ ചൊവ്വയിലേക്കും, അന്യ ഗ്രഹങ്ങളിലേക്കും കുടിയേറി പാർക്കുന്നതിന്റെ അടിസ്ഥാന ലക്ഷ്യത്തിന്റെ ഭാഗമായി നമുക്ക് ഭൂമിയുടെ അടുത്തുകിടക്കുന്ന ചന്ദ്രൻ ഒരു പരീക്ഷണ ഇടം ആണ്.

കൂടാതെ ചന്ദ്രനിൽ ആളെ വിട്ടു തിരികെ കൊണ്ടുവരുന്നത് ഭാവിയിലെ ടൂറിസത്തിന്റെ ഭാഗവും ആവുകയാണ്. ഇങ്ങനെയുള്ള ബിസിനസ്സ് മുന്നിൽ കണ്ടാണു പല  ഏജൻസികളും ഇപ്പോൾ ചന്ദ്രയാത്ര ലക്ഷ്യമിടുന്നത്.

Sunday, 3 January 2021

വൈറ്റമിൻ ഡീ - യെ കുറിച്ച് കുറച്ചു കാര്യങ്ങൾ..

വൈറ്റമിൻ ഡി-യെക്കുറിച്ചു കേൾക്കാത്തവരുണ്ടാകില്ല. ഇന്ന് വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് വൈറ്റമിൻ ഡിയുടെ കുറവ്! കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും ഇതൊരു പ്രശ്നം തന്നെയാണ്.*

ഇത് ശരീരത്തിന് ആവശ്യമുള്ളതാണോ?

*സംശയമുണ്ടോ? അത്യാവശ്യം തന്നെ!* 

നമ്മൾ പലരും കാത്സ്യത്തെപ്പറ്റി കേട്ടിട്ടുണ്ട് അല്ലേ? എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് അത് അത്യാവശ്യമാണ്. എന്നാൽ, ഈ കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നതാണ് വൈറ്റമിൻ ഡി. അതായത് നമ്മൾ എത്ര കാത്സ്യം ഉള്ള ഭക്ഷണങ്ങൾ കഴിച്ചിട്ടും കാര്യമില്ല, വൈറ്റമിൻ ഡി ഇല്ലെങ്കിൽ അതൊന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല. അത് തന്നെയാണ് പ്രാധാന്യവും.

എവിടെ നിന്നാണ് വൈറ്റമിൻ ഡി കിട്ടുന്നത്?


മറ്റു വൈറ്റമിനുകൾ പോലെ ഭക്ഷണം മാത്രമല്ല വൈറ്റമിൻ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തിൽ നിന്നും കിട്ടും. സൂര്യരശ്മികൾ നമ്മുടെ ത്വക്കിന്റെ അടിയിലെ കൊഴുപ്പുപാളികളിൽ വീഴുന്നതിന്റെ ഫലമായി നടക്കുന്ന പല രാസപ്രവർത്തനങ്ങളുടെയും ഫലമായാണ് ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന രണ്ടു അവയവങ്ങളാണ് കരളും വൃക്കകളും.

എന്തുകൊണ്ട് വിറ്റാമിൻ ഡി കുറയുന്നു?

അതിനുള്ള കാരണം വളരെ ലളിതമാണ്. *ഇന്ന് ആരാണ് വെയിൽ കൊള്ളുന്നത്?* അധികം ചെറുപ്പക്കാരും എ.സി. മുറികളിൽ ആണ് ജോലിചെയ്യുന്നത്. കുട്ടികളാകട്ടെ, പുറത്തു പോയി വെയിലത്തു കളിക്കാറുമില്ല. എല്ലാവരും മൊബൈൽ ഫോണിൽ ഗെയിം കളികളും മറ്റുമായി വീട്ടിൽത്തന്നെ ഒതുങ്ങുന്നു. നമ്മുടെ പ്രധാന വരുമാനമാർഗം കൃഷിയായതിനാൽ പണ്ടെല്ലാവരും വെയിലത്തു പണിയെടുക്കുന്നവരായിരുന്നു. കുട്ടികളോ? സ്കൂൾ വിട്ടു വന്നാൽ തൊടിയിലും പറമ്പിലുമായി കളിയോട് കളി! അതുകൊണ്ട് തന്നെ അവർക്കെല്ലാം വേണ്ടത്ര വൈറ്റമിൻ ഡി യും ഉണ്ടായിരുന്നു. ഇന്നത്തെ ജീവിതശൈലി തന്നെയാണ് വൈറ്റമിൻ ഡി കുറവിന് പ്രധാനകാരണം.


ജനിച്ച ഉടൻ കുഞ്ഞിന് വൈറ്റമിൻ ഡി കൊടുത്തു തുടങ്ങണോ?

അതെ, ജനിച്ചതു മുതൽ ഒരു വയസ്സ് വരെ കുഞ്ഞിന് വൈറ്റമിൻ ഡി തുള്ളിമരുന്നുകൾ കൊടുക്കേണ്ടതാണ്. പൊതുവേ അമ്മമാരിൽ വൈറ്റമിൻ ഡി കുറവാണെന്നാണ് ലോകത്തുടനീളം നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയത്.

ഇന്ത്യയിലെ അമ്മമാരിലാണ് കൂടുതൽ പ്രശ്നം. അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളിലേക്കു കൈമാറപ്പെടുന്ന വൈറ്റമിൻ ഡി യുടെ അളവും വളരെ കുറവായിരിക്കും. *സ്വന്തം ശരീരത്തിൽത്തന്നെ കുറവായ ഒരു വസ്തു അമ്മമാർ എങ്ങനെയാണ് മക്കളിലേക്ക് പകരുക അല്ലേ?* അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളും ജന്മനാ രക്തത്തിൽ വൈറ്റമിൻ ഡി യുടെ അളവ് കുറഞ്ഞാണ് പിറക്കുന്നത്.

ഇതിന്റെ ഫലമോ? അവരുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാത്സ്യത്തിന്റെ അളവ് കുറയും. അങ്ങനെ പല പ്രശ്നങ്ങളും അവർക്കുണ്ടാകുകയും ചെയ്യും.

ഇതെല്ലാം പ്രതിരോധിക്കാനാണ് ജനിച്ചതു മുതൽ ഒരു വയസ്സ് വരെ വൈറ്റമിൻ ഡി തുള്ളിമരുന്ന് അവർക്ക് നൽകണമെന്ന് പറയുന്നത്.

വൈറ്റമിൻ ഡി കിട്ടുന്ന ഭക്ഷണപദാർഥങ്ങൾ

•  മുട്ടയുടെ മഞ്ഞക്കരു
•  മത്സ്യങ്ങൾ
•  മീന്മുട്ട
•  മീനെണ്ണ
•  പാൽ
•  പാലുത്പന്നങ്ങൾ, വെണ്ണക്കട്ടി മുതലായവ
•  ഓറഞ്ച്
•  ധാന്യങ്ങൾ
•  സോയാബീൻ
•  കൂൺ (mushroom)

സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടോ?

സൂര്യപ്രകാശമേൽക്കാത്തവരിൽ വൈറ്റമിൻ ഡി കുറവായിരിക്കും. അതു കൊണ്ട് മുകളിൽ പറഞ്ഞ ഭക്ഷണസാധനങ്ങൾ നല്ലവണ്ണം കഴിക്കാൻ ശ്രമിക്കുക. ആർത്തവം നിന്ന മധ്യവയസ്സു കഴിഞ്ഞവർക്ക് ഹോർമോൺ വ്യതിയാനങ്ങളുടെ ഭാഗമായി എല്ലുകൾ സ്വാഭാവികമായി തന്നെ ക്ഷീണിക്കും. അപ്പോൾ വൈറ്റമിൻ ഡി കൂടി കുറഞ്ഞാൽ കൂനിന്മേൽ കുരു വന്ന പോലാകും. കാത്സ്യം ഒട്ടും തന്നെ ശരീരത്തിൽ ഉണ്ടാകില്ല. *ഫലമോ എല്ലുകൾ ഒടിയാൻ വരെ കാരണമാകാം.*

അപ്പോൾ ഈ രണ്ടുവിഭാഗവും ഭക്ഷണശീലങ്ങളിലും ജീവിതചര്യകളിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. *ദിവസവും ഒരു 15 മിനിറ്റ് എങ്കിലും വെയിൽ കൊള്ളുക.*

കാത്സ്യവും വൈറ്റമിൻ ഡി യും ധാരാളമായി ഉള്ള ആഹാരസാധനങ്ങൾ കഴിക്കുക. *40 വയസ്സ് കഴിഞ്ഞാൽ കാത്സ്യം ഗുളികകൾ ആവശ്യമെങ്കിൽ കഴിക്കേണ്ടതാണ്.*


കാത്സ്യം കുറയുമ്പോഴുള്ള പ്രശ്നങ്ങൾ?

നവജാതശിശുക്കളിൽ കാത്സ്യം കുറയുന്നതിന്റെ ഫലമായി അപസ്മാരമോ, അല്ലെങ്കിൽ കൈയുംകാലും വിറയലോ ഉണ്ടാവുന്നു.

കുട്ടികളിൽ റിക്കറ്റ്സ് എന്ന രോഗമുണ്ടാക്കുന്നു. പേശീവലിവ്, പേശിവേദന, ഉയരക്കുറവ്, തൂക്കക്കുറവ്, കാലുകൾക്ക് വളവ്, നടക്കാനുള്ള ബുദ്ധിമുട്ട്, കുഞ്ഞിന്റെ ബുദ്ധി വികാസത്തിലുള്ള കാലതാമസം, തലയിലെ നിറുകയിലെ പതപ്പ് അടയാൻ വൈകുക (ഒന്നരവയസ്സിനു മേലെ), വയർ വീർത്തിരിക്കുക, പൊക്കിൾ പുറമേക്ക് തള്ളിവരുക, വാരിയെല്ലുകൾ പുറമേക്ക് ചെറിയ ഉണ്ടകളായി തള്ളി ഇരിക്കൽ (മാലയിലെ മുത്തുകൾ പോലെ), നെഞ്ചിൻകൂട് കൂർത്തിരിക്കൽ (ഒരു പക്ഷിയെപ്പോലെ) അപസ്മാരമുണ്ടാവുക.

മുതിർന്നവരിൽ ക്ഷീണം, പേശീവലിവ്, പേശിവേദന, കൊച്ചിപ്പിടുത്തം, നടുവേദന, എല്ലുവേദന എന്നിവയാണ് ഉണ്ടാവുക.

എങ്ങനെ ചികിത്സിക്കാം?

ചികിത്സ പല വിധമാണ്. അത് വൈറ്റമിൻ ഡി എത്രത്തോളം കുറഞ്ഞിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

വല്ലാതെ കുറഞ്ഞ അവസ്ഥകളിൽ പെട്ടെന്ന് കൂട്ടുവാനായി ഇഞ്ചക്ഷൻ ചെയ്യേണ്ടിവരും. അതിനുശേഷം മരുന്നും കഴിക്കേണ്ടിവരും. പക്ഷേ മരുന്നുകൊണ്ട് മാത്രം കാര്യമില്ലെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും ശരിയായ ചികിത്സയുടെ ഭാഗങ്ങളാണ്.

Saturday, 2 January 2021

പ്രോക്സിമ സെഞ്ചൂറി സിഗ്നൽ..

പ്രോക്സിമ സെഞ്ചൂറി എന്നു കേട്ടിട്ടുണ്ടോ?
 ഉണ്ടാകും. 
സൂര്യൻ കഴിഞ്ഞാൽ നമ്മൾക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് ഇത്. ഈ നക്ഷത്രത്തിന്റെ ഗ്രഹസംവിധാനത്തിൽ നിന്നു സവിശേഷമായ ഒരു റേഡിയോ തരംഗം കഴിഞ്ഞദിവസം ചില ഓസ്ട്രേലിയൻ ഗവേഷകർക്കു ലഭിച്ചു. പതിവുപോലെ അന്യഗ്രഹജീവികളെക്കുറിച്ചുള്ള ചർച്ച ആഗോളതലത്തിൽ ഉയർത്തിവിട്ടിരിക്കുകയാണ് ഈ സിഗ്നൽ.

ബിഎൽസി വൺ എന്നാണ് ഈ സിഗ്നലിന് ശാസ്ത്രസമൂഹം നൽകിയിരിക്കുന്ന പേര്.
ഓസ്ട്രേലിയയിൽ, അന്യഗ്രഹജീവികളെ കണ്ടെത്തുന്നതിനും അവയുടെ പഠനത്തിനുമായി രൂപീകരിച്ചിട്ടുള്ള ബ്രേക്ക്ത്രൂ ലിസൻ എന്ന സ്ഥാപനത്തിലെ ഗവേഷകർക്കാണു സിഗ്നൽ ലഭിച്ചത്. പ്രോക്സിമ സെഞ്ചൂറിയെ ഇവർ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സിഗ്നലെത്തിയത്.

ഭൂമിയിൽ നിന്നു 4.2 പ്രകാശവർഷം അകലെയാണ് പ്രോക്സിമ. അതായത് പ്രോക്സിമയിൽ നിന്ന് പ്രകാശമോ മറ്റ് വൈദ്യുത–കാന്തിക തരംഗങ്ങളോ പുറപ്പെട്ടാൽ ഇവിടെത്താൻ 4.2 വർഷമെടുക്കുമെന്നു സാരം.
നമ്മുടെ സൂര്യനെ പോലെ തന്നെ ഈ നക്ഷത്രത്തിനെ ചുറ്റിയും ഗ്രഹങ്ങളുണ്ട്. ഇതിൽ നമുക്ക് അറിയാവുന്നത് രണ്ട് ഗ്രഹങ്ങളെയാണ്. അതിലൊരു ഗ്രഹമാണ് പ്രോക്സിമ സെഞ്ചൂറി ബി. ഭൂമിയെക്കാൾ അൽപം വലുപ്പം കൂടുതലുള്ള ഈ ഗ്രഹം, നക്ഷത്രത്തിനു ചുറ്റും ജീവനു സാധ്യതയുള്ള മേഖലയിലാണു സ്ഥിതി ചെയ്യുന്നതെന്നു പണ്ടേ അറിവുള്ള കാര്യമാണ്. അതു കൊണ്ടു തന്നെ പുതിയ സിഗ്നൽ വന്നപ്പോൾ തന്നെ ഇത് ആ ഗ്രഹത്തിൽ നിന്നാകാം എന്നാണു പല ഗവേഷകരും അനുമാനിച്ചത്.

വന്ന സിഗ്നലിനും ഒരു പ്രത്യേകതയുണ്ട്. 982.002 മെഗാഹെർട്സ് ഫ്രീക്വൻസിയിലുള്ള ഈ സിഗ്നൽ അത്യപൂർവമാണ്. പ്രകൃതിദത്തമായി ഒരു സംഭവവികാസങ്ങളും ഈ ഫ്രീക്വൻസിയിൽ പ്രപഞ്ചത്തിൽ സിഗ്നൽ പുറപ്പെടുവിക്കില്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു. ബഹിരാകാശത്തേക്കു നമ്മൾ വിക്ഷേപിച്ചിട്ടുള്ള ഉപഗ്രഹങ്ങൾക്കും ഈ രീതിയിൽ സിഗ്നൽ പുറപ്പെടുവിക്കാനുള്ള കഴിവില്ല. 

സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സമൂഹങ്ങളിൽ നിന്നാണ് ഇത്തരം സിഗ്നലുകൾ വരികയെന്നു പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷകൻ ജേസൺ റൈറ്റിനെപ്പോലുള്ളവർ പ്രസ്താവിക്കുകയും. എന്താണിതിന്റെ അർഥം? പ്രോക്സിമ സെഞ്ചൂറിയെ വലം വയ്ക്കുന്ന ഗ്രഹത്തിൽ നമ്മെപ്പോലുള്ള ജീവികളുണ്ടെന്നോ?
എന്നാൽ മറ്റു ചില ശാസ്ത്രജ്ഞർക്ക് എതിരഭിപ്രായമുണ്ട്. പ്രോക്സിമ സെഞ്ചൂറിയിൽ നിന്നു ചൂടൻ വാതങ്ങളും വികിരണങ്ങളുമൊക്കെ എപ്പോഴും ചെന്നു വീഴുന്നതിനാൽ ഗ്രഹത്തിൽ ജീവനുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അവർ പറയുന്നത്.
ഏതായാലും സിഗ്നലിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ ശാസ്ത്ജ്ഞർ തീരുമാനിച്ചിട്ടുണ്ട്. ഇനി ഇത്തരം സിഗ്നലുകൾ ഉണ്ടാകുന്ന പക്ഷം കൂടുതൽ റിസീവറുകളുപയോഗിച്ച് പരിശോധിക്കാനാണ് ഉദ്ദേശം. പ്രോക്സിമ സെഞ്ചൂറിയെ സ്ഥിരം നിരീക്ഷണത്തിൽ നിർത്താനും സാധിക്കുമെങ്കിൽ ഭാവിയിൽ അങ്ങോട്ടേക്ക് ഒരു നിരീക്ഷണപേടകം വിടാനുമൊക്കെ ശാസ്ത്രജ്ഞർ പദ്ധതിയിടുന്നുണ്ട്.


1977ൽ ഇതുപോലെ ലോകത്തെ ഞെട്ടിച്ച ഒരു റേഡിയോ സിഗ്നൽ ലഭിച്ചിട്ടുണ്ട്. ‘വൗ(WOW)’ എന്നാണു ശാസ്ത്രജ്ഞർ ഇതിനു കൊടുത്തിരിക്കുന്ന പേര്. യുഎസിലെ ഒഹായോ സർവകലാശാലയിലെ റേഡിയോ ടെലിസ്കോപ്പിലാണു സിഗ്നൽ എത്തിയത്.സജിറ്റേറിയസ് നക്ഷത്രസമൂഹത്തിൽ നിന്നു വന്ന സിഗ്നലിനു ദുരൂഹമായ രൂപമായിരുന്നു. 72 സെക്കൻഡുകളായിരുന്നു ഇതിന്റെ ദൈർഘ്യം.
സജിറ്റേറിയസ് നക്ഷത്രസമൂഹത്തിനടുത്തുകൂടി കടന്നുപോയ ഒരു വാൽനക്ഷത്രത്തിന്റേതായിരുന്നു ശബ്ദമെന്ന് പിന്നീട് ചില ശാസ്ത്രജ്‍ഞർ വിശദീകരണം നൽകിയെങ്കിലും തെളിവുകൾ കുറവായിരുന്നു. ജ്യോതിശാസ്ത്രത്തിലെ നിഗൂഢതകളിലൊന്നായി ‘വൗ’ ഇന്നും അവശേഷിക്കുന്നു.
ഇത്തരം ദുരൂഹസിഗ്നലുകൾ സയൻസ് ഫിക്ഷൻ നോവലുകളുടെയും സിനിമകളുടെയുമൊക്കെ ഇഷ്ടവിഷയങ്ങളാണ്.

1985ൽ പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാൾ സാഗൻ രചിച്ച ‘കോൺടാക്ട്’ എന്ന നോവലിന്റെ ഇതിവൃത്തം ഇതാണ്. നോവലിലെ നായികയായ എലനോർ ആരോവേയ്ക്ക് 26 പ്രകാശവർഷങ്ങൾ അകലെയുള്ള വീഗ നക്ഷത്രസമൂഹത്തിൽ നിന്ന് ഒരു സന്ദേശം ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നോവലിന്റെ കഥ. കോയി മിൽഗയ തുടങ്ങിയ ഇന്ത്യൻ സിനിമകളിലും ഇത്തരം സംഭവങ്ങൾ പ്രമേയമായി എത്തിയിട്ടുണ്ട്.