Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 15 September 2021

കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം..?

കുട്ടികളുടെ വളർച്ചയും വികാസവും കൂടുതൽ വേഗത്തിൽ നടക്കുന്നത് ജനനം മുതൽ ഒരുവയസുവരെയാണ്. ഈ കാലയളവിൽ നൽകുന്ന സമീകൃതാഹാരമാണ് നല്ല ആരോഗ്യം വാർത്തെടുക്കുന്നതിന്റെ അടിസ്ഥാനം.

 ആരോഗ്യമുള്ള ഒരു കുഞ്ഞ് അഞ്ചു മാസം ആകുമ്പോൾ ജനനസമയത്തുള്ള തൂക്കത്തിന്റെ രണ്ടിരട്ടിയും ഒരു വയസാകുമ്പോൾ അതിന്റെ മൂന്നിരട്ടിയും ആകും. ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാവൂ. 

ഒരു വയസിനുശേഷം മാത്രമേ പശുവിൻപാൽ നൽകി തുടങ്ങാൻ പാടുള്ളൂ.

 കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുമ്പോൾ 2-3 മണിക്കൂർ ഇടവേളയുണ്ടാവണം. കുഞ്ഞുങ്ങൾ വളരുന്നതിനനുസരിച്ച് ആഹാരം നൽകുന്നതിനുള്ള ഇടവേള കൂട്ടുക. നിർബന്ധിച്ച് ആഹാരം നൽകുന്നതിനേക്കാൾ കുഞ്ഞുങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് ആഹാരം നൽകുന്നതാണ് ഉചിതം. വീട്ടിൽ തയ്യാറാക്കുന്ന ആഹാരങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകുന്നതാണ് ഏറെ നല്ലത്. പുതിയ ആഹാരസാധനങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ ഒരു ആഴ്ച ഇടവിട്ട് ഓരോന്നായി നൽകുക.


ശൈശവകാലഘട്ടത്തിലെ ആഹാരരീതികൾ

ജനനം മുതൽ ആറുമാസം വരെ മുലപ്പാൽ മാത്രം നൽകുക.

ആറു മാസം മുതൽ 9 മാസം വരെ

ആറാം മാസം മുതൽ കൂവരക്, പനം കൽക്കണ്ടോ കരിപ്പട്ടിയോ ചേർത്ത് കുറുക്കി നൽകിത്തുടങ്ങാം.

 പശുവിൻപാലിന് പകരം തേങ്ങാപ്പാൽ ചേർത്ത് കുറുക്കുന്നതാണ് നല്ലത്.തൂക്കം കുറവുള്ള കുഞ്ഞുങ്ങളാണെങ്കിൽ കുറുക്ക് തയ്യാറാക്കുമ്പോൾ അതിലേക്ക് ഒരു തുള്ളി നെയ് ചേർത്ത് കൊടുക്കാം.

 ഏത്തയ്ക്കാപ്പൊടിയും ഇതുപോലെ തയ്യാറാക്കി കുഞ്ഞുങ്ങൾക്ക് നൽകാം. ആദ്യം നൽകുമ്പോൾ 1 2 സ്പൂൺ നൽകുക. ക്രമേണ അളവ് കൂട്ടി അര കപ്പ് വീതം ദിവസം ഒന്നുരണ്ട് തവണ നൽകാം. മുലപ്പാലും ഇടവിട്ട് നൽകണം.

 പഴവർഗ്ഗങ്ങളുടെ ജ്യൂസും അല്പം കൊടുത്ത് തുടങ്ങാം. ഈ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാലിൽ നിന്നുമാത്രം ആവശ്യമുള്ള അയൺ കിട്ടുകയില്ല.

 വേവിച്ചുടച്ച ചോറ്, വേവിച്ചുടച്ച പച്ചക്കറികൾ, പച്ചക്കറികളുടെ സൂപ്പ്, പഴവർഗ്ഗങ്ങൾ, ജ്യൂസ്, പയർ, പരിപ്പ്, മുട്ടയുടെ മഞ്ഞ, ക്രമേണ മുട്ടയുടെ വെള്ളഭാഗം എന്നിവയെല്ലാം ചെറിയ അളവിൽ നൽകിത്തുടങ്ങാം. ദിവസവും 4 5 പ്രാവശ്യം ആഹാരം നൽകിയാൽ മതിയാകും. ഇതോടൊപ്പം മുലപ്പാലും ഇടവിട്ട് നൽകണം.

9 മുതൽ 12 മാസംവരെ

9 മാസത്തിനുശേഷം വീട്ടിൽ തയ്യാറാക്കിയ പലതരത്തിലുള്ള ആഹാരസാധനങ്ങൾ 4 മുതൽ 6 പ്രാവശ്യം വരെ നൽകാം. ക്രമേണ അളവ് കൂട്ടാം.

ഒരു വയസ്സാകുമ്പോൾ

 ഒരുവയസാകുമ്പോൾ വീട്ടിൽ തയ്യാറാക്കുന്ന എല്ലാ ആഹാരവും കുഞ്ഞ് കഴിക്കണം. ചോറിന്റെ കൂടെ മീൻ കൊടുത്ത് തുടങ്ങാം. ഒരു വയസ് കഴിയുമ്പോൾ ചിക്കൻ കൊടുത്തുതുടങ്ങാം. വിവിധ രുചികളിൽ വ്യത്യസ്തമായ രീതികളിൽ കുഞ്ഞുങ്ങൾക്ക് ആഹാരം തയ്യാറാക്കി നൽകുക. എല്ലാ ദിവസവും ഒരേരുചി കുഞ്ഞുങ്ങൾ ഇഷ്ടപ്പെടുകയില്ല. ഒരുവയസിനുശേഷം പശുവിൻ പാൽ വെള്ളം ചേർക്കാതെ ചെറിയ അളവിൽ നൽകിത്തുടങ്ങാം. ക്രമേണ അളവ് കൂട്ടാം.

കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ആഹാര പ്രശ്‌നങ്ങൾ

ഒരു നവജാതശിശുവിന് വളരെക്കുറച്ച് ആഹാരം മാത്രമേ സംഭരിച്ച് വയ്ക്കാൻ കഴിയുകയുള്ളൂ. ജനിക്കുമ്പോൾ 30 മി.ലി. ആണ് വയറിന്റെ സംഭരണശേഷി. ഒരു വയസാകുമ്പോൾ ഒരു കപ്പ് ആഹാരം (250 മി.ലി.) ആണ് സംഭരിക്കാൻ കഴിയുന്നത്. ഈ പ്രായത്തിൽ ഇത്രയും അളവ് മതിയാകും. അതേസമയം കുറച്ച് അളവിൽ കുഞ്ഞുങ്ങൾ തികട്ടി കളയാറുണ്ട്. അത് സാധാരണ കാണുന്ന പ്രശ്‌നമാണ്. എന്നാൽ കുഞ്ഞ് തുടർച്ചയായി ഛർദ്ദിക്കുകയാണെങ്കിൽ ഡോക്ടറെ കാണണം.

 ആവശ്യത്തിൽ കൂടുതൽ ആഹാരം നൽകിയാലും ആവശ്യത്തിനുള്ള ആഹാരം കിട്ടാതിരുന്നാലും കുഞ്ഞുങ്ങൾ അസ്വസ്ഥത കാണിക്കാറുണ്ട്. ആഹാരം / മുലപ്പാൽ നൽകുമ്പോൾ രണ്ടര മൂന്ന് മണിക്കൂർ എങ്കിലും ഇടവിട്ട് നൽകുക.

അമിതമായി ആഹാരം നൽകിയാലും അത് കുഞ്ഞുങ്ങൾക്ക് വയറിന് പ്രശ്‌നങ്ങൾ ഉണ്ടാക്കും. കുഞ്ഞ് ഉറങ്ങുന്ന സമയത്തോ കരയുന്ന സമയത്തോ പാൽ കൊടുക്കുന്നത് അപകടകരമാണ്.മലംപിടുത്തം, വയറിളക്കം, അലർജി എന്നിവയാണ് ശൈശവഘട്ടത്തിൽ കാണുന്ന ആഹാര പ്രശ്‌നങ്ങൾ.

പാൽപ്പൊടി കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് മലം പിടിത്തം ഉണ്ടാകാനുള്ള സാദ്ധ്യത മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളേക്കാൾ കൂടുതലാണ്. വളരെ കട്ടിക്ക് പൊടിപാൽ കൊടുക്കുക, അമിതമായി പാൽപ്പൊടി കൊടുക്കുക എന്നിവയാണ് മലം പിടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ. പഴച്ചാറുകൾ മലത്തിന്റെ കാഠിന്യം കുറയ്ക്കാൻ സാധിക്കും.

 ആദ്യത്തെആറുമാസത്തിനുള്ളിൽ ഉണ്ടാകുന്ന മലം പിടിത്തം കുറയ്ക്കാൻ അമ്മമാരുടെ ആഹാരരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതായത് ആഹാരത്തിൽ നാര് അടങ്ങിയ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തുക. അമ്മയുടെ പാലിൽകൂടെ കുഞ്ഞുങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. അഞ്ചര ആറുമാസത്തിനുശേഷം കുഞ്ഞുങ്ങൾക്കും ജ്യൂസുകൾ കുറച്ചുവീതം കൊടുത്തുതുടങ്ങാം. 

ഓറഞ്ച് ജ്യൂസും മലം പിടിത്തം കുറയ്ക്കാൻ സഹായിക്കും.
ബാക്ടീരിയ, വൈറൽ അണുബാധകൾ, ദഹനക്കുറവ്, തെറ്റായ രീതിയിലുള്ള ആഹാര രീതികൾ, അലർജി എന്നിവയാണ് കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന വയറിള ക്കത്തിന്റെ പ്രധാന കാരണങ്ങൾ.

1 comment:

  1. ഈ ബ്ലോഗ് എനിക്ക് ഇഷ്ടപ്പെട്ടു. പുതിയ അറിവുകൾ പകർന്നുനൽകുന്ന ഒരു ബ്ലോഗ്.

    ReplyDelete