Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 29 November 2024

ആന താമര..

ആമസോണ്‍ നദീതടങ്ങളില്‍ സാധാരണ കണ്ടുവരുന്നതാണ് ആനത്താമര .

 പച്ച നിറത്തില്‍ വലിയ വട്ടത്തിലുള്ള ഇതിന്റെ ഇലയുടെ അടിഭാഗം മുഴുവന്‍ മുള്ളുകളാണ്.

സാധാരണ താമരപ്പൂക്കള്‍ വിരിഞ്ഞാല്‍ കൂടുതല്‍ ദിവസം നിലനില്‍ക്കുമെങ്കില്‍ ആനത്താമരയുടെ പൂക്കള്‍ ഒരു ദിവസം മാത്രമാണ് വിരിഞ്ഞാല്‍ നില്‍ക്കുക.

 രാവിലെ വിരിയുമ്പോള്‍ വെള്ള നിറത്തിലുള്ള പൂക്കളുടെ ഇതളുകള്‍ വൈകുന്നേരത്തോെട പിങ്ക് നിറത്തിലേക്കു മാറും. ഇലകളാണെങ്കില്‍ ആദ്യം കടുംചുവപ്പില്‍ തുടങ്ങി വളര്‍ച്ചയെത്തുമ്പോള്‍ പച്ച നിറമായി മാറും.

 തിരുവനന്തപുരത്തെ ജവാഹര്‍ലാല്‍ നെഹ്‌റു ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിലും , ബംഗളൂരുവിലും , നിലമ്പൂരിലെ തേക്ക് മ്യൂസിയം മാത്രമാണ് ഇത്തരത്തിലുള്ള ആനത്താമരയുള്ളത്.

 5 കിലോഗ്രാം വരെ ഭാരം താങ്ങാൻ കഴിയുന്ന ഇതിൻ്റെ ഭീമൻ ഇലകൾക്ക് ആനയുടെ പാദത്തിന്റെ ആകൃതിയിൽ വലുപ്പമേറിയ ഇലകളുള്ളതിനാലാണ് ആനത്താമര എന്നു പേരു വന്നത് .എല്ലാ കാലാവസ്ഥയിലും പൂവിടുന്ന ആനത്താമര ഇന്ത്യയിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്.

Tuesday, 26 November 2024

എന്താണ് നിലമാങ്ങ..?

വളരെ അപൂർവമായി മാത്രം കാണുന്ന അമൂല്യമായ ഔഷധക്കൂണാണ് നിലമാങ്ങ .

 പുറ്റുമാങ്ങ എന്നും അറിയപ്പെടുന്നുണ്ട്.
ഞെട്ടുള്ള മാങ്ങയെപ്പോലിരിക്കുന്നതു കൊണ്ടാണ് ഇതിന് നിലമാങ്ങയെന്ന പേരുവന്നത്. ചിതൽക്കിഴങ്ങ് എന്നുകൂടി പേരുള്ള നിലമാങ്ങ യുടെ ശാസ്ത്രനാമം സ്ക്ളറോട്ടിയം സ്റ്റിപിറ്റാറ്റം (sclerotium stipitatum) എന്നാണ്. പഴയ കെട്ടിടാവശിഷ്ടങ്ങളിലും ,ചിതൽ പുറ്റുകളിലും , കരപ്രദേശങ്ങളിലും , വരമ്പുകളിലും വളരുന്ന നിലമാങ്ങ പാൽച്ചിതലിന്റെ ഇഷ്ടഭക്ഷണമാണ്. കടും കറുപ്പിലോ, മങ്ങിയ കറുപ്പോ നിറമുള്ള പുറ്റു മാങ്ങയ്ക്ക് ഒരു താന്നിയ്ക്കയോളം വലുപ്പം കണ്ടേക്കാം. പൊതുവേ, കാഠിന്യം കുറവാണ്.

ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോ ഗങ്ങൾ, ഛർദ്ദി, ശരീരവേദന എന്നിവയ്ക്കെല്ലാ മുള്ള ഔഷധമാണ് നിലമാങ്ങ.കോളറ പടർന്നു പിടിച്ച കാലത്ത് ഇത് മരുന്നായി നൽകിയിരുന്നു. ചെവി വേദനയ്ക്കും ഏറെ ആശ്വാസകരമാണ്. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗ ത്താൽ മണ്ണു നശിച്ചതാണ് നിലമാങ്ങകൾ നാമാവശേഷമാകാൻ കാരണം.മൺതറകളുള്ള വീടുകൾ മാറി കോൺക്രീറ്റ് കെട്ടിടങ്ങൾ ആയതോടെ ഇവ ഇല്ലാതായി.അവശേഷിക്കുന്ന പഴയ വീടുകളുടെ തറകൾ മണ്ണുമാന്തി യന്ത്രങ്ങൾ വെച്ച് പൊളിക്കുമ്പോൾ ആരും ശ്രദ്ധിക്കാതെ ഇവ നശിക്കുകയും ചെയ്യുന്നു.

 പുതിയ തലമുറ ഇത് കണ്ടിട്ട് പോലുമില്ല.മിഥുനം, കർക്കിടകം മാസമാകുമ്പോഴേക്കും മണ്ണിന്റെ അടിയിൽനിന്നും കറുത്ത പൊടികളോടുകൂടി
യതും ഏകദേശം 5 സെ.മി. മുതൽ 15 സെ.മീ വരെ വലിപ്പുമുള്ളതുമായ നാരുകൾ (മൈസീലിയം) ഭൂമിയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇവ നിലമാങ്ങയിൽനിന്ന് വരുന്നതാണ്.

Thursday, 21 November 2024

കൗറ ബ്രേക് ഔട്ട്..

 രണ്ടാം ലോകമഹായുദ്ധ സമയത്തെ ഏറ്റവും വലിയ ജയിൽച്ചാട്ടമായിരുന്നു കൗറ ബ്രേക് ഔട്ട്. 


 ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഉള്ള ചെറുപട്ടണമായിരുന്നു കൗറ. മൂവായിരത്തോളം പേർ മാത്രമായിരുന്നു കൗറയിൽ 1940ൽ താമസം.

 രണ്ടാം ലോകയുദ്ധം നടന്ന കാലഘട്ടത്തിൽ കൗറയിൽ ഒരു വലിയ തടങ്കൽപ്പാളയം പ്രവർത്തിച്ചിരുന്നു. ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യുദ്ധത്തടവുകാരായിരുന്നു കൗറയിൽ. 30 ഹെക്ടറോളം വിസ്തൃതിയുള്ള തടങ്കൽപ്പാളയമായിരുന്നു കൗറ.

യുദ്ധത്തിൽ കീഴടങ്ങുക എന്നാൽ ഏറ്റവും വലിയ നാണക്കേടായി ജപ്പാൻ സേന കരുതിപ്പോന്നു. യുദ്ധത്തടവുകാരായി ശത്രുരാജ്യത്ത് കഴിയുന്നതിന്റെ നാണക്കേട് അവരെ അലട്ടി. ശക്തമായ കാവൽ സംവിധാനങ്ങളുണ്ടായിരുന്ന ക്യാംപായിരുന്നു കൗറയിലേത്. ക്യാംപിനു ചുറ്റും മുള്ളുവേലികളാൽ നിർമിച്ച വേലികളും 6 ഗാർഡ് ടവറുകളും എപ്പോഴും റോന്തു ചുറ്റുന്ന പാറാവുകാരും അവിടെയുണ്ടായിരുന്നു.എങ്കിലും രക്ഷപ്പെടാൻ കുറേ ജാപ്പനീസ് സൈനികർ തീരുമാനിച്ചു.

1944 ഓഗസ്റ്റ് 5 പുലർച്ചെയാണ് ഇതിനായി അവർ തിര‍ഞ്ഞെടുത്ത സമയം. ക്യാംപിനുള്ളിൽ തങ്ങളുടെ താമസസ്ഥലത്തിനു തീയിട്ടശേഷം മൂർച്ചപ്പെടുത്തിയ ഇരുമ്പും ബേസ്ബോൾ ബാറ്റുകളുമെല്ലാമായി ജപ്പാൻകാർ മുള്ളുവേലികൾ തകർത്തു മുന്നോട്ടുനീങ്ങി. ഓസ്ട്രേലിയൻ സൈന്യം രംഗത്തെത്തിയെങ്കിലും അവർ എണ്ണത്തിൽ കുറവായിരുന്നു. ഇടയ്ക്ക് വെടിവയ്പിൽ ഇലക്ട്രിക് ലൈനിന് തകരാർ പറ്റി വൈദ്യുതിയും നഷ്ടമായി.

1104 ജാപ്പനീസ് സൈനികർ ഇങ്ങനെ രക്ഷപ്പെട്ടെന്നാണു കണക്ക്. എന്നാൽ ആ രക്ഷപ്പെടൽ താൽക്കാലികം മാത്രമായിരുന്നു. 231 സൈനികർ മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വെടിവയ്പില്‍ മരിച്ചവും ആത്മഹത്യ ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. ബാക്കിയുള്ളവരെ ഓസ്ട്രേലിയ പിടികൂടി.

ഈ സംഭവം ആസ്പദമാക്കി ഓസ്ട്രേലിയയിൽ 1984 മുതൽ 91 വരെ ഒരു ടിവി മിനി സീരീസും പുറത്തിറങ്ങിയിരുന്നു..

ഇത് വാങ്ങിക്കാൻ ലഭിക്കുന്നതാണ്..

ഇപ്പോൾ കൗറ രാജ്യാന്തര സൗഹൃദത്തിന്റെ പ്രതീകമാണ്. 

ജപ്പാനും ഓസ്ട‌്രേലിയയുമായുള്ള ഊഷ്മള ബന്ധത്തിന്റെ അടയാളമാണ് ഇപ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ജാപ്പനീസ് പൂന്തോട്ടം.