ന്യൂസീലൻഡ് തീരത്ത് പുതിയ പ്രേതസ്രാവിനെ (ghost shark) കണ്ടെത്തിയത് അടുത്തിടെയാണ്.
ഓസ്‌ട്രേലിയയുടെയും ന്യൂസീലൻഡിന്റെയും സമുദ്രാന്തര്‍ഭാഗങ്ങളില്‍ മാത്രമാണ് പുതിയ പ്രേതസ്രാവ് കാണപ്പെടുക. ന്യൂസീലൻഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് റിസര്‍ച്ച് (എന്‍.ഐ.ഡബ്ല്യു.എ.- NIWA) ഗവേഷകയായ ഡോ. ബ്രിട്ട് ഫിനൂച്ചിയാണ് ഓസ്ട്രലേഷ്യന്‍ നാരോ-നോസ്ഡ് സ്പൂക്കിഫിഷ് (Australasian Narrow-nosed Spookfish) എന്ന ഈ പുതിയ സ്രാവിനെക്കുറിച്ചുള്ള പഠനത്തിന് പിന്നില്‍. പ്രേതസ്രാവിന് ഹറിയോട്ട എവിയ (Harriotta avia) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മനുഷ്യരാശി കണ്ടെത്തിയ അനേകം സ്രാവുകളില്‍ ഒന്ന് മാത്രമാണിത്.
കടലിനെ മനസിലാക്കുന്തോറും പുതിയ സ്രാവിനങ്ങളെയും മനുഷ്യര്‍ കണ്ടെത്തി.
1989 ഒരു മുട്ടയെ ചൊല്ലി ഉയർന്ന സംശയങ്ങളാണ് പുതിയ സ്രാവിനങ്ങളുടെ കണ്ടെത്തലിലേക്ക് നയിച്ചത്. സ്രാവുകളുടെ മുട്ട ഉള്‍പ്പെടുന്ന ഒരു പുറന്തോട് (കേസ്) രൂപത്തിലുളള വസ്തുവാണ് അന്ന് കണ്ടെത്തിയത്. ഈ തോടിൽ, പക്ഷേ, മുട്ടയില്ലായിരുന്നു. അതിന്റെ മുകള്‍ ഭാഗത്ത് ചെറിയ വരകളുമുണ്ടായിരുന്നു. (a row of prominent ridges along the top). ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്തിന് നൂറ് കണക്കിന് കിലോമീറ്ററുകള്‍ മാറി ഈസ്റ്റ് ടിമോര്‍ കടലിലെ റോളി ഷോള്‍സിലാണ് ഈ മുട്ടകള്‍ കണ്ടെത്തിയത്. മുട്ടകള്‍ ഉത്തരങ്ങള്‍ക്ക് പകരം ധാരാളം ചോദ്യങ്ങളാണ് ഗവേഷകര്‍ക്ക് നല്‍കിയത്.
ആരാണ് മുട്ടയിട്ടത്?
അവ എവിടെ താമസിക്കുന്നു?
മുട്ടയിടുന്ന കേസുകള്‍ക്ക് എന്തുകൊണ്ട് ഇങ്ങനെയുളള ആകൃതി തുടങ്ങി ആയിരക്കണക്കിന് ചോദ്യങ്ങളാണ് ഉയര്‍ന്നത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് പുതിയ ഇനം സ്രാവുകളെ ഗവേഷകര്‍ കണ്ടെത്തിയത്. പക്ഷേ ഇതിനായി 30 വര്‍ഷം സമയമെടുത്തു.
21-ാം നൂറ്റാണ്ടിലും പുതിയ സ്രാവിനങ്ങളെ ഗവേഷകര്‍ കണ്ടെത്തികൊണ്ടിരിക്കുകയാണ്.
സമുദ്രത്തിലെ നല്ല അസ്സല്‍ വേട്ടക്കാരെ ഇനിയുമേറെ കണ്ടെത്താന്‍ ഉണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 1980-കളുടെ മധ്യത്തില്‍ 360 സ്രാവിനങ്ങളെയാണ് തിരിച്ചറിഞ്ഞത്. 20 സെന്റിമീറ്റര്‍ നീളമുള്ള ഡ്വാര്‍ഫ് ലാന്റേണ്‍ ഷാര്‍ക്കില്‍ തുടങ്ങി വെയില്‍ ഷാര്‍ക്ക് അഥവാ തിമിംഗില സ്രാവ് വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. സമുദ്രത്തിലെ ഏറ്റവും വലിയ മീന്‍ കൂടിയാണ് തിമിംഗില സ്രാവുകള്‍.
വര്‍ഷങ്ങള്‍ വീണ്ടും കടന്നുപോകവേ സ്രാവിനങ്ങളുടെ എണ്ണം വീണ്ടും കൂടി. 40 വര്‍ഷത്തിനിടെ ഈ വിഷയത്തില്‍ 40 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഓരോ ദിവസം കഴിയുന്തോറും എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല. തിരിച്ചറിയപ്പെട്ട 500 ഓളം സ്രാവിനങ്ങളാണ് നിലവിലുള്ളത്. സെപ്റ്റംബര്‍ 2024-ന് ന്യൂസീലൻഡില്‍ തിരിച്ചറിയപ്പെട്ട പ്രേത സ്രാവ് അഥവാ ഗോസ്റ്റ് ഷാര്‍ക്ക് ഇതിന്റെ തുടര്‍ച്ചയാണ്.
കടലില്‍ നിന്ന് കണ്ടെടുത്ത മുട്ടയുള്‍പ്പെടുന്ന കേസിന്റെ ആകൃതി വളരെ വ്യത്യസ്തമായിരുന്നു. പക്ഷേ, നിര്‍ണായകമായ കണ്ടെത്തലിന് ആ മുട്ടകള്‍ കാരണമായി. മുട്ടയുടെ കേസിന്റെ മുകള്‍ഭാഗത്തുള്ള വരകള്‍ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. 2011-ല്‍ ഗവേഷകനായ ബ്രെറ്റ് ഹ്യൂമന്‍ പെര്‍ത്തിലെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ മ്യൂസിയത്തില്‍ ഈ മുട്ടയുടെ കേസ് കാണുകയുണ്ടായി. മറ്റൊരു സ്രാവിനത്തിന്റേതിന് സമാനമായിരുന്നു ഈ കേസെന്ന് അദ്ദേഹം വിലയിരുത്തി. അതേസമയം ഓസ്‌ട്രേലിയയുടെ തീരപ്രദേശത്ത് ഈ സ്രാവിനത്തെ കണ്ടെത്തിയിട്ടുമില്ല. ക്യാറ്റ്ഷാര്‍ക്ക് കുടുംബത്തില്‍പ്പെടുന്ന സ്രാവിന്റേതാകും ഈ മുട്ടയെന്ന നിഗമനത്തിലേക്ക് ബ്രെറ്റ് എത്തി. എന്നാല്‍ യഥാര്‍ഥ ഇനത്തെ തിരിച്ചറിയാന്‍ ബ്രെറ്റിനായില്ല.
കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (സിഎസ്‌ഐആര്‍ഒ) ഓസ്‌ട്രേലിയന്‍ നാഷണല്‍ ഫിഷ് കളക്ഷനിലെ സീനിയര്‍ ക്യുറേറ്ററായ വില്‍ വൈറ്റാണ് അടുത്ത ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. 1980-ല്‍ കണ്ടെത്തിയ ഈ വ്യത്യസ്ത രൂപത്തിലുളള മുട്ടയുടെ കേസ് വീണ്ടും പഠനവിധേയമാക്കി. 410 മീറ്ററിനും (1,345 അടി) 504 മീറ്ററിനും (1,640 അടി) ഇടയിലായാണ് മുട്ട കണ്ടെത്തിയത്. ഈ ആഴത്തില്‍ വാസമുറപ്പിച്ചിരിക്കുന്ന സ്രാവുകളെ കേന്ദ്രീകരിച്ചാണ് വീണ്ടും പഠനം നടത്തിയത്.
സിഎസ്‌ഐആര്‍ഒയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗത്ത് ചൈന ക്യാറ്റ്ഷാര്‍ക്ക് ആണിതെന്ന സംശയങ്ങളുയര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗവേഷകര്‍ ഈ സൗത്ത് ചൈന ക്യാറ്റ്ഷാര്‍ക്കിനെ കീറിയപ്പോൾ ഇതേ തരത്തിലുളള ഒരു മുട്ടയുടെ കേസ് കണ്ടെത്തിയിരുന്നു. 30 വര്‍ഷത്തെ അതുവരെയുള്ള സംശയങ്ങള്‍ ഇല്ലാതെയായി. പുതിയ തന്നെ ഇനമാണ് ഇതെന്ന് തിരിച്ചറിഞ്ഞു. ഡീമണ്‍ ക്യാറ്റ്ഷാര്‍ക്കിന്റെ പുതിയ ഇനത്തെ പറ്റിയുള്ള പഠനം ജേണല്‍ ഓഫ് ഫിഷ് ബയോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൂര്യപ്രകാശം കടക്കാതെ മുട്ടകള്‍ സൂക്ഷിക്കുന്നതിനായി പവിഴപ്പുറ്റുകളിലാണ് ഇവ മുട്ടയിടുക. 700 മീറ്റര്‍ (2,297 അടി) ആഴത്തിലാണ് ഇവയെ കാണാന്‍ കഴിയുക. Apristurus ovicorrugatsu എന്നാണിവയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ക്യാറ്റ്ഷാര്‍ക്കുകളെ പറ്റിയുള്ള പഠനങ്ങള്‍ കൂടുതല്‍ പ്രയാസമേറിയതാണെന്ന് വൈറ്റ് പറയുന്നു. സ്‌പെസിമെനുകള്‍ മാത്രം ഉപയോഗിച്ച് ഒരു സ്രാവിനത്തെ തിരിച്ചറിയാന്‍ പാടാണ്. പടം ഉണ്ടെങ്കില്‍ ഇത് എളുപ്പമാകും. ഡീമണ്‍ ക്യാറ്റ്ഷാര്‍ക്കിന്റെ വിഷയത്തില്‍ തങ്ങളുടെ പക്കല്‍ പടമുണ്ടായിരുന്നുവെന്നും ഗവേഷകര്‍ വിശദീകരിച്ചു.
ഡീമണ്‍ ക്യാറ്റ്ഷാര്‍ക്കിന്റെ കണ്ടെത്തലില്‍ മാത്രമല്ല, അടുത്ത കാലത്ത് കണ്ടെത്തിയ ഹോണ്‍ ഷാര്‍ക്കിന്റെ കണ്ടെത്തലിലും വൈറ്റ് പങ്കാളിയായിരുന്നു.
ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്ത് സര്‍വേയ്ക്കിടെ കഴിഞ്ഞ വര്‍ഷമാണ് ഇതിനെ കണ്ടെത്തുന്നത്. ആഴം കുറഞ്ഞ ജലാശയങ്ങളിലാകും സാധാരണയായ ഹോണ്‍ ഷാര്‍ക്കുകളെ കാണാന്‍ കഴിയുക. പക്ഷേ, പുതിയ ഇനത്തെ 150 മീറ്റര്‍ (500 അടി) വരെ ആഴത്തില്‍ കാണാന്‍ കഴിയും.
ക്യാറ്റ്ഷാര്‍ക്കുകളുടെ അനേകമെണ്ണത്തെ പുതുതായി കണ്ടെത്താന്‍ വിവിധ ഗവേഷക സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിലൊന്ന് മാത്രമാണ് ഡീമണ്‍ ക്യാറ്റ്ഷാര്‍ക്ക്. വരകളില്ലാത്ത മുട്ടയുടെ കേസുകള്‍ ക്വീന്‍സ്‌ലന്‍ഡില്‍ കണ്ടെത്തിയിട്ടുണ്ട്. അത് കണ്ടെത്താനുള്ള പരിശ്രമങ്ങളിലാണ് നിലവില്‍ ഗവേഷക സംഘം.
ഓസ്‌ട്രേലിയയുടെ ജലാശയങ്ങള്‍ മാത്രമല്ല പുതിയ സ്രാവിനങ്ങളെ സംഭാവന ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജര്‍മന്‍ സ്രാവ് ഗവേഷകനായ സൈമണ്‍ വെയിഗ്മന്‍ പുതിയ രണ്ടിനം സോ ഷാര്‍ക്കുകളെ കണ്ടെത്തിയിട്ടുണ്ട്.
റുത്ത് ലീനി (ആന്‍ഡേഴ്‌സണ്‍ കബോട്ട് സെന്റര്‍ ഫോര്‍ ഓഷ്യന്‍ ലൈഫ്) എന്ന സഹപ്രവര്‍ത്തകയുടെ കൂടി സഹായത്തോടെയാണ് സോ ഷാര്‍ക്കുകളെ വെയിഗ്മന്‍ കണ്ടെത്തിയത്. സോഫിഷ് ആണെന്ന് മത്സ്യബന്ധനത്തൊഴിലാളികള്‍ കരുതിയവയാണ് പീന്നീട് സോ ഷാര്‍ക്കുകളാണെന്ന തിരിച്ചറിഞ്ഞത്. വെയിഗ്മന്‍ ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയവും ഇതിനായി സന്ദര്‍ശിച്ചു. തന്റെ കണ്ടെത്തല്‍ ശരിയാണോയെന്ന ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.
സോ ഷാര്‍ക്കുകളുടെ ഏറിയ പങ്കും ആഴക്കടലിലാണ് വാസമുറപ്പിച്ചിരിക്കുന്നത്. 300 മീറ്റര്‍ (1,000 അടി) ആഴത്തിലൊക്കെ ഇവയെ കാണാം. എന്നാല്‍ ഇവ ആഴം കുറഞ്ഞ പ്രദേശങ്ങളില്‍ രാത്രിയെത്തിയേക്കാമെന്നാണ് ഗവേഷകരുടെ വാദം. ലോകത്തില്‍ തന്നെ ജീവജാലങ്ങള്‍ നടത്തുന്ന ഏറ്റവും വലിയ സഞ്ചാരമാകാം ഇതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. വെര്‍ട്ടിക്കില്‍ മൂവ്‌മെന്റ് നടത്തുന്ന മറ്റനേകം സ്രാവുകളുമുണ്ട്.
മത്സ്യബന്ധനം ഇക്കൂട്ടര്‍ നേരിടുന്ന വെല്ലുവിളിയായി ഗവേഷകര്‍ വാദിക്കുന്നു. ഇതിനായി ബ്ലൂ സ്‌കേറ്റ് എന്ന ഒരു റേയുടെ ഉദാഹരണമാണ് വെയിഗ്മന്‍ പറയുന്നത്. നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ കാണപ്പെടുന്ന ഇവയുടെ എണ്ണം അമിത മത്സ്യബന്ധനം മൂലം കുറഞ്ഞു.
പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ പേരില്‍ രണ്ടിനങ്ങളുണ്ടെന്ന ഗവേഷകര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ പുതിയ ഇനങ്ങളെ വിശദീകരിക്കേണ്ടത് അതിപ്രധാനമാണെന്നും വെയിഗ്മന്‍ പറയുന്നു. കടലാഴങ്ങളില്‍ ഇനിയും തിരിച്ചറിയപ്പെടാത്ത സ്രാവിനങ്ങളുണ്ട്. 2021-ല്‍ ഇരുട്ടത് ശരീരം തിളങ്ങുന്ന ആഴക്കടലില്‍ കാണുന്ന സ്രാവിനങ്ങളെ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരെണ്ണത്തിന് 1.8 മീറ്റര്‍ (5.95 അടി) വരെ വലിപ്പം വെയ്ക്കാന്‍ സാധിക്കും.
മനുഷ്യനും മനസ്സിലാക്കാൻ ആവുന്നതിന്റെ അപ്പുറമാണ് സമുദ്രം
ReplyDelete