Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 17 November 2024

മലയാളത്തിന്റെ സ്വന്തം കോഡിങ്..

മനുഷ്യൻ സംസാരഭാഷ കണ്ടുപിടിച്ച അന്നുമുതൽ ഇന്നുവരെ പലതരത്തിലുള്ള കോട്ഭാഷകൾ നിലവിൽ നിന്നിരുന്നു.. ഗലീലിയോ മുതൽ ഹിറ്റ്ലർ വരെ വളരെ പേരുകേട്ട കോഡ് ഭാഷകൾ.. ഓരോ കോഡ്ഭാഷകളും അത്യന്തം ദുഷ്കരമാണ് വിവർത്തനം ചെയ്തെടുക്കാൻ.. 

എന്തിനേറെ പറയുന്നു ഹിറ്റ്ലർ രണ്ടാം ലോകമഹായുദ്ധത്തിൽ തൻറെ സൈനികരുമായി സംസാരിക്കുവാൻ ഉപയോഗിച്ചിരുന്ന കോഡ് ഭാഷ വിവർത്തനം ചെയ്തെടുക്കാൻ മൂന്നുവർഷം വേണ്ടിവന്നു..


അതൊക്കെ അവിടെ നിൽക്കട്ടെ നമ്മുടെ മാതൃഭാഷയായ മലയാളത്തിലും ഇങ്ങനെയൊരു കോഡ് ഭാഷ ഉപയോഗത്തിൽ ഉണ്ടായിരുന്നു എന്ന് കേട്ടാൽ എന്താവും നിങ്ങളുടെ ചിന്തകൾ.. നമ്മുടെ മലയാള ഭാഷയുടെ കോഡ് ഭാഷ അറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ.. അതാണ്  കടപയാദി..

കടപയാദി..

കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന അല്ലെങ്കിൽ ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ്‌ ആണ് "കടപയാദി"
അഥവാ " പരൽപ്പേര് " അഥവാ " അക്ഷരസംഖ്യ " എന്നത്..
സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയോഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായമാണിത്.

മലയാളത്തിലെ അൻപത്തിയൊന്ന് അക്ഷരങ്ങൾക്ക് പകരം പൂജ്യം മുതൽ ഒൻപതുവരെയുള്ള അക്കങ്ങൾ നൽകി എഴുതുന്ന ഒരു രീതിയാണ് ഇത്.
സംഖ്യകളെ എളുപ്പം ഓർത്തു വയ്ക്കത്തക്ക വിധം വാക്കുകൾ ആയും അല്ലെങ്കിൽ കവിതകൾ ആയും മാറ്റി എഴുതുന്ന  സമ്പ്രദായം.

പ്രധാനമായും ഗണിതശാസ്ത്രം , ജ്യോതിശാസ്ത്രം , തച്ചുശാസ്ത്രം , ആയുർവേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത്.

യുദ്ധ വേളകളിൽ മാർത്താണ്ഡവർമ്മ  പാലിയത്തച്ഛൻ എന്നിവർ രഹസ്യ സന്ദേശങ്ങൾ കൈമാറിയിരുന്നത് കടപയാദി എന്ന കോഡ് ഭാഷ ഉപയോഗിച്ച് ആയിരുന്നു..

കോഡിങ് ശൈലി..

താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത് .

ക 1
ഖ 2
ഗ 3
ഘ 4
ങ 5
ച 6
ഛ 7
ജ 8
ഝ 9
ഞ 0
ട 1
ഠ 2
ഡ 3
ഢ 4
ണ 5
ത 6
ഥ 7
ദ 8
ധ 9
ന 0
പ 1
ഫ 2
ബ 3
ഭ 4
മ 5
യ 1
ര 2
ല 3
വ 4
ശ 5
ഷ 6
സ 7
ഹ 8
ള 9
ഴറ 0

സ്വരാക്ഷരങ്ങൾക്ക് എല്ലാം പൂജ്യം ആണ് മൂല്യം.

കൂട്ടക്ഷരങ്ങളിൽ അവസാനത്തെ അക്ഷരത്തിനു മാത്രം വില .

ഉദാഹരണം : ക്ത എന്നതിൽ '' ത '' ക്ക് മാത്രം വില. ചിലക്ഷരങ്ങൾക്ക് വിലയൊന്നുമില്ല.

ഈ കൺവേർഷൻ നടത്തിയതിനു ശേഷം അർത്ഥവത്തായ വാക്കുകൾ ഉണ്ടാക്കി വലത്തു നിന്നും ഇടത്തേക്ക്‌ വായിക്കുക..

നമ്മൾ പണ്ടൊക്കെ കേട്ടിരിക്കും.. നീ വേണമെങ്കിൽ എൻറെ കൂടെ വന്നു കൊള്ളൂ.. കമാ എന്നൊരു അക്ഷരം മിണ്ടരുത് എന്ന്.. കമ എന്ന വാക്ക് ഈ കോഡിങ്ങിൽ നിന്നും വന്നതാണ്..

ഇത് പ്രകാരം '' കമ '' എന്നത്

ക1
മ5

തിരിച്ചു വായിച്ചാൽ 51.

മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കമ എന്നു പറഞ്ഞതിൽ നിന്നും അർത്ഥം ആക്കുന്നത്..

ഉദാഹരണം..

കമലം : 351 ( ക1 / മ 5 / ല 3 )
ഭാരതം : 624 ( ഭ 4 / ര 2 / ത 6 )
രഹസ്യം : 182 ( ര 2 / ഹ 8 / യ1)
രാജ്യരക്ഷ : 6212 ( ര 2 / യ 1 / ര 2 / ഷ 6 )

ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ തന്റെ ശ്ലോകത്തിലൂടെ പറഞ്ഞിരിക്കുന്നത് നോക്കുക..

"പലഹാരേ പാലു നല്ലൂ
പുലർന്നാലോ കലക്കിലാം
ഇല്ല പാലെന്നു ഗോപാലൻ
ആംഗ്ലമാസം ദിനം ക്രമാൽ "

ഇവിടെ പല 31 / ഹാരേ 28 / പാലു 31 / നല്ലൂ 30
പുലർ 31/ ന്നാലോ 30 / കല 31/ ക്കിലാം 31
ഇല്ല 30 / പാലെ 31 / ന്നുഗോ 30 / പാലൻ 31


കർണ്ണാടക സംഗീതത്തിലെ എഴുപത്തിരണ്ട് മേളകർത്താ രാഗങ്ങളുടെ പേരുകൾ കടപയാദിയിൽ ആണെന്ന് നമ്മുക്ക്‌ എത്ര പേർക്കറിയാം... ?

ഉദാഹരണങ്ങൾ.

കനകാംഗി : ക 1 ന 0 = ഒന്നാമത്തെ രാഗം .

ഖരഹരപ്രിയ : ഖ 2 ര 2 = ഇരുപത്തിരണ്ടാമത്തെ രാഗം .

ധീരശങ്കരാഭരണം : ധ 9 ര 2 = ഇരുപത്തിഒന്പതാമത്തെ രാഗം .

ഹരി കാംബോജി : ഹ 8 ര 2 = ഇരുപത്തിഎട്ടാമത്തെ രാഗം .

കലിവർഷം , കൊല്ലവർഷം , ക്രിസ്തുവർഷം എന്നിവയുടെ കൺവേർഷൻ നടത്തുന്നത് കാണുക .

" കൊല്ലത്തിൽ തരളാംഗത്തെ കൂട്ടിയാൽ കലിവത്സരം
കൊല്ലത്തിൽ ശരജം കൂട്ടി ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം ."

തരളാംഗം : 3926 .

ശരജം : 825 .

കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവർഷവും.. 825 കൂട്ടിയാൽ ക്രിസ്തു വർഷവും ലഭിക്കും.

വിദ്യാരംഭത്തിൽ കുറിക്കുന്ന '' ഹരിശ്രീ ഗണപതയെ നമ '' എന്ന ശ്ലോകം കടപയാദിയിലേക്ക് മാറ്റിയാൽ മലയാള ഭാഷയിലെ അക്ഷരങ്ങളുടെ എണ്ണം ലഭിക്കുമെന്ന് കാണാം .

 ( അമ്പത്തൊന്നക്ഷരാളീ. )

ഹരി 28 / ശ്രീ 2 / ഗ 3 / ണ 5 / പ1 / ത 6 / യ1 / ന 0 / മ 5 .
28 + 2 + 3 + 5 + 1 + 6 + 1+ 0 + 5 = 51.

മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്റെ കൃതിയായ '' നാരായണീയം '' അവസാനിപ്പിക്കുന്നത് '' ആയുരാരോഗ്യ സൗഖ്യം കൃഷ്ണാ '' എന്നു പറഞ്ഞു കൊണ്ടാണ് . 

ഇതിൽ '' ആയുരാരോഗ്യസൗഖ്യം '' എന്നത് കടപയാദി സംഖ്യ പ്രകാരം 1712210 ആണ്.

ഈ കലിദിനസംഖ്യക്ക് തുല്യമായ കൊല്ല വർഷദിനം 762 വൃശ്ച്ചികം 28 .
മേൽപ്പത്തൂർ " നാരായണീയം '' എഴുതി പൂർത്തിയാക്കിയ ദിവസം .

മഹാകവി ഉള്ളൂർ മരിച്ചപ്പോൾ കൃഷ്ണവാരിയർ എഴുതിയ ശ്ലോകത്തിന് പേര് നൽകിയത് '' ദിവ്യ തവ വിജയം '' എന്നാണ് .

( ദ 8 / യ1 / ത 6 / വ 4 / വ 4 / ജ 8 / യ 1 )

 1844619 എന്ന കലി ദിന സംഖ്യ ക്രിസ്തു വർഷമാക്കിയാൽ 1949 ജൂൺ 15 - ആണ് ലഭിക്കുക .. ഉള്ളൂരിന്റെ ചരമദിനം ..

ഗണിതശാസ്ത്രത്തിലെയും , ജ്യോതിശാസ്ത്രത്തിലെയും ചില കണക്കുകൾ നോക്കുക .

1 / അനന്തപുരി - 21600 = വൃത്തത്തിന്റെ അംഗുലർ ഡിഗ്രി 360 X 60 .

2 / അനൂനനൂന്നാനനനുന്നനിത്യം (1000000000000000 ) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി / ചണ്ഡാം ശുചന്ദ്രാധമകുംഭിപാല ( 31415926536 ) ആയിരിക്കും എന്ന് .

പൈ യുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു.

3 / ഭൂമിയുടെ അംഗുലർ വെലോസിറ്റി - '' ഗോപാജ്‌ഞയാ ദിനധാമ ''

ഗ 3 / പ1 / ഞ 0 / യ1 / ദ 8 / ന 0 / ധ 9 / മ 5 .

അതായത് 59 മിനിറ്റ് / 08 സെക്കന്റ് / 10 ഡെസി സെക്കന്റ് / 13 മൈക്രോ സെക്കന്റ് .

ഇത്രയും ശക്തമായ ഒരു കോഡിങ് രീതി നിലകൊണ്ട ഭാഷയാണ് നമ്മുടെ മാതൃഭാഷയായ മലയാളം.. എനിക്ക് ഇതൊരു പുതിയ അറിവായി തോന്നിയതുകൊണ്ട് എൻറെ വായനക്കാർക്ക് ഇത് ഷെയർ ചെയ്യുന്നു..

5 comments:

  1. മലയാളത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു എന്ന് അറിഞ്ഞതിൽ സന്തോഷവും വൈകിയതിൽ സങ്കടവും😭

    ReplyDelete
  2. I am surprised to hear that there was such a method in Malayalam. This is the first time hearing this. I can't praise you enough Taree Malayali. Much appreciated your efforts.

    ReplyDelete
  3. ഈ ലാംഗ്വേജിലെ ഒരു ആപ്പ് കൂടി ഉണ്ടാക്കുകയാണെങ്കിൽ 😆😆 കലക്കി തിമിർത്തു കിടുക്കി 🤣🤣

    ReplyDelete
    Replies
    1. ഇതുതന്നെ വായിച്ചിട്ട് മനസ്സിലാകുന്നില്ല. ഇനി നിങ്ങൾക്ക് ആപ്പ് കൂടി വേണം. 😆😆

      Delete