ഒരു ഇന്‍ലന്‍ഡിന്റെ വില എത്രയാണെന്ന് ആര്‍ക്കൊക്കെ അറിയാം...? എത്ര പൈസ കൊടുത്താല്‍ ഒരു പോസ്‌റ്റ് കാര്‍ഡ് കിട്ടും...?
ഭൂരിപക്ഷം ഉത്തരവും `അറിയില്ല' എന്നായിരിക്കും.
ഏതായാലും ശരിയായ ഉത്തരം പറയാം, അവസാനം. അതിനു മുമ്പ് നമ്മുക്കൊന്ന് ചിന്തിക്കേണ്ടേ... ഇന്‍ലന്‍ഡിന്റെയും പോസ്‌റ്റ് കാര്‍ഡിന്റേയും വില എന്തുകൊണ്ട് നമ്മള്‍ മറന്നുപോയെന്ന്... വേണം. കാരണം നമ്മള്‍ മറന്നുപോയത്‌്, അല്ലെങ്കില്‍ അറിയാതെ പോകുന്നത് നമ്മളിലെ നമ്മളെ തന്നെയാണ്...
സാഹിത്യമാകുന്ന പൂവാടിയിലെ മലരുകളാണ് എഴുത്തുകള്‍ എന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.എന്തെല്ലാം വികാരങ്ങളായിരുന്നു ആ കടല്‍നീല വര്‍ണ്ണമുള്ള കടലാസില്‍ നമ്മള്‍ എഴുതിയിരുന്നത്. പേനയും പെന്‍സിലും യഥാര്‍ത്ഥത്തില്‍ എഴുതാനുള്ള വെറും മാധ്യമങ്ങള്‍ മാത്രമായിരുന്നു. ശരിക്കും നമ്മള്‍ ഹൃദയത്തില്‍ നിന്ന് അക്ഷരങ്ങള്‍ നിറയ്‌ക്കുകയായിരുന്നു ചെയ്‌തിരുന്നത്. എഴുതുന്നവനും വായിക്കുന്നവനും ഒരേ പോലെയായിരുന്നു വികാരങ്ങള്‍ പങ്കിട്ടത്. അമ്മ മകന് എഴുതി... ഭര്‍ത്താവ് ഭാര്യക്കെഴുതി... കാമുകന്‍ കാമുകിക്കെഴുതി... സഹോദരന്‍ സഹോദരിക്കെഴുതി... കൂട്ടുകാരന്‍ കൂട്ടുകാരനെഴുതി.... അകലങ്ങള്‍ അക്ഷരങ്ങള്‍ കൊണ്ടു അടുപ്പിച്ചു... ഓരോ വരികള്‍ക്കിടിയിലെ വിടവും നെടുവീര്‍പ്പുകള്‍ക്കൊണ്ട് നികത്തി. കണ്ണുനീരിന്റെ നനവും സന്തോഷത്തിന്റെ നിലാവും ആ കടലാസുപുറങ്ങളില്‍ പടര്‍ത്തി. കാത്തിരിപ്പിന്റെ വേദനകൂടി എഴുത്തുകള്‍ തന്നിരുന്നു... പോസ്‌റ്റ്‌മാന്റെ വരവും കാത്ത് വീട്ട് വരാന്തയിലും വഴിവക്കിലും കാത്തു നിന്നിരുന്നവര്‍ എത്രയായിരുന്നു... അന്ന് പോസ്‌റ്റ്‌മാന്‍ ശരിക്കും ദൈവദൂതനെ പോലെയായിരുന്നു. പ്രതീക്ഷകളുടെയും നിരാശകളുടേയും കൈമാറ്റക്കാരനായ ദൈവദൂതന്‍.
ഉളളിലെ സര്‍ഗാത്മകതയെ പുറത്ത് കൊണ്ടുവരാനും എഴുത്ത് എഴുതുന്നതിലൂടെ കഴിഞ്ഞിരുന്നു. ഓരോ കത്തുകളും ഓരോ കാവ്യങ്ങള്‍ പോലെയാണെന്ന് പറയാറുണ്ട്. നിസ്സംഗതയോടെയും നിസ്സാരതയോടെയും ആരും കത്തുകളെഴുതിയിരുന്നില്ല.കാരണം ഓരോ കത്തും അതെഴുതുന്നവന്റെ വികാരത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. ലോകത്ത് ഇന്ന് ആശയവിനിമയത്തിന് ഏതത്യാധുനീക സംവിധാനങ്ങള്‍ വന്നാലും ഒരെഴുത്തിലൂടെ സാധ്യമാകുന്ന ആശയവിനിമയം അത്ര തീവ്രതയോടെ മറ്റൊന്നിലൂടെയും കൈമാറാന്‍ കഴിയില്ലെന്നത് നൂറ് തരമാണ്.
മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റുകളും നമ്മുടെ ജീവിതത്തെ മൂടപ്പെട്ടതോടെ കത്തുകള്‍ മറവിയുടെ തപാല്‍പ്പെട്ടിയില്‍ പൂട്ടപെട്ടുപോയി. അതോടൊപ്പം നമ്മള്‍ അടച്ചുപൂട്ടിയത് ഒരു പൈതൃകത്തെക്കൂടിയായിരുന്നു. കൈവട്ടുകളയുന്ന ഇത്തരം പൈതൃകങ്ങളാണ് നമ്മുടെ അസ്‌ത്വിത്വം എന്ന കാര്യം ആരും തിരിച്ചറിയുന്നില്ല.
സമയമില്ലെന്ന് അറിയാം എന്നാലും പറയുകയാണ് രണ്ടര രൂപകൊടുത്ത് ഒരു ഇന്‍ലന്‍ഡ് വാങ്ങി, അല്ലെങ്കില്‍ വെറും അമ്പത് പൈസ കൊടുത്ത് ഒരു പോസ്‌റ്റ് കാര്‍ഡ് വാങ്ങി നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു രണ്ടുവരികുറിച്ച് അയച്ചുകൂടെ..., പോയ കാലത്തേക്ക് ഒരു തിരിച്ച് പോക്ക് നമുക്ക് ഒന്നും നഷ്ടപ്പെടുത്തുന്നില്ല... നേടിത്തരുകയല്ലാതെ...
No comments:
Post a Comment