Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 27 January 2017

മല്ലു വൈഫ്‍സ് മാനിഫെസ്റ്റോ

മോശം ഭര്‍ത്താക്കന്മാരോടൊപ്പം ജീവിക്കുന്ന നല്ല ഭാര്യമാരുടെ പറുദീസയാണ് കേരളം. സല്‍ഗുണസമ്പന്നരായ സ്ത്രീകള്‍ മദ്യപാനികളും പുകവലിയന്‍മാരും മനോരോഗികളും സര്‍വോപരി ഉഴപ്പന്‍മാരുമായ പുരുഷന്മാരോടൊപ്പം ജീവിക്കുന്ന കേരളത്തിലെ സാമൂഹികസാചഹര്യത്തില്‍ എങ്ങിനെ ഒരു ഭാര്യ വിജയകരമായി ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു എന്നത് പഠനവിധേയമാക്കേണ്ട സംഗതിയാണ്. ഒരു സാമൂഹികദ്രോഹി എന്ന നിലയില്‍ ശരാശരി മല്ലു ഭാര്യയുടെ പ്രത്യയശാസ്ത്രം അവരുടെ തത്വശാസ്ത്രത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത് അവതരിപ്പിക്കാനാണ് എന്റെ പരിശ്രമം. ഭാര്യ-ഭര്‍തൃ ബന്ധത്തിലെ മലയാളി ഭാര്യാ മാതൃകകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇത് അക്ഷരം പ്രതി പാലിക്കുന്ന ഭാര്യമാര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. 

1. പുരുഷകേന്ദ്രീകൃതമായ കുടുംബസംവിധാനമാണ് നാട്ടില്‍ നിലവിലുള്ളത് എന്നതിനാല്‍ അതിനനുസൃതമായ ഒരു തത്വശാസ്ത്രമാണ് ഭാര്യമാര്‍ രൂപീകരിക്കേണ്ടത്. അത് ഏതാണ്ട് ഇങ്ങനെയായിരിക്കണം- എല്ലാ ഭര്‍ത്താക്കന്മാരും ചീത്തയാണ്. അവര്‍ അധികാരം കാണിക്കുന്നവരും പീഡിപ്പിക്കുന്നവരും ദുശ്ശീലങ്ങള്‍ ഉള്ളവരും ആണ്. ഭാര്യമാര്‍ എല്ലാം സഹിക്കുന്നവരും നിശബ്ദം കണ്ണീരൊഴുക്കുന്നവരും ഭര്‍ത്താവിന്റെ അലമ്പുകള്ക്കെതിരെ നീന്തി സ്വന്തം കുടുംബത്തെ പിടിച്ചു നിര്‍ത്തുന്നവരുമാണ്. മലയാളത്തിന്റെ മാനസപുത്രിമാരാണ് അവര്‍.

2. സ്വന്തം ഭര്‍ത്താവിനോട് ഒരിക്കലും പോസിറ്റീവായ ഒരു മനോഭാവം വച്ചു പുലര്‍ത്തരുത്. ഉദാഹരണത്തിന് ഭര്‍്ത്താവ് മിടുക്കനാണ്, ഒരു സംഭവമാണ് എന്ന ലൈനിലൊന്നും കോന്തനോട് സംസാരിക്കുകയോ അത്തരത്തിലുള്ള സൂചനകള്‍ നല്‍കുകയോ ചെയ്യരുത്. മറിച്ച് ഭാര്യയോട് നീതി പുലര്‍ത്താത്ത, ഭാര്യയുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ശ്രമിക്കാത്ത, തീരെ കാരുണ്യം കാണിക്കാത്ത കുടുംബസ്നേഹമില്ലാത്ത ക്രൂരനായ സ്വാര്‍ഥനാണ് ഭര്‍ത്താവ് എന്ന് അയാളെ അനുദിനം ബോധിപ്പിച്ചുകൊണ്ടിരിക്കണം. എന്നാല്‍, ക്ലബ് പോലുള്ള പൊതുവേദികളില്‍ ഇന്ത്യയിലേക്കും വച്ച് ഏറ്റവും ബുദ്ധിശാലിയും വിവേകശാലിയും സ്നേഹനിധിയുമാണ് തന്നോടൊപ്പമുള്ള അദ്ഭുതപ്രതിഭയായ കുടവയറന്‍ എന്ന് മറ്റ് ഭാര്യമാരോട് ഉദാഹരണങ്ങളിലൂടെ പറയാന്‍ മറക്കരുത്. 

3. ഭര്‍ത്താവ് രാവിലെ മുതല്‍ രാത്രി വരെ അധ്വാനിക്കുന്നവനാണെങ്കിലും അടുക്കളജോലികളില്‍ തന്നെ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്നതു നോക്കിയായിരിക്കണം അയാള്‍ പണിയെടുക്കുന്നവനാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത്. അടുക്കളയില്‍ ഒരു ജോലിയിലും സഹായിക്കാത്ത ഭര്‍ത്താവാണെങ്കില്‍ അയാള്‍ എന്തൊക്കെ ജോലികള്‍ ചെയ്യുന്നവനാണെങ്കിലും എത്ര അധ്വാനിക്കുന്നവനാണെങ്കിലും മടിയനും അലസനും ആണെന്നേ വിധിയെഴുതാവൂ. ഒരു നല്ല ഭര്‍ത്താവ് അടുക്കളയില്‍ ഭാര്യയോടൊപ്പം പണികള്‍ ചെയ്യുന്നവനാണ്. 

4. ഭര്‍ത്താക്കന്മാര്‍ എപ്പോഴും ചീത്തയാണ് എങ്കിലും ഭാര്യയുടെ മൃദുലവികാരങ്ങളെ മാനിക്കാത്തവര്‍ അങ്ങേയറ്റം ചീത്തയാണ്. വൈകിട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെയുള്ള സമയത്ത് ന്യൂസ് ചാനലുകള്‍ വയ്‍ക്കുന്ന ഭര്‍ത്താക്കന്മാര്‍ സ്വന്തം ഭാര്യയോടുള്ള കടമ നിറവേറ്റുന്നില്ല എന്നതിനു പുറമേ അവളുടെ സ്ത്രീത്വത്തെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ഭാര്യയോടൊപ്പം മെഗാസീരിയലുകള്‍ കാണുകയും ഒപ്പം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാരാണ് ഏറ്റവും റൊമാന്റിക്. അങ്ങനെയുള്ള ഭര്‍ത്താക്കന്മാരോടൊപ്പമുള്ള ജീവിതം സ്വര്‍ഗതുല്യമല്ല, സ്വര്‍ഗം തന്നെയാണ്. 

5. കിടപ്പറയില്‍ ധാരാളം സംസാരിക്കുകയും പറയുന്നതെല്ലാം കേള്‍ക്കുകയും ചെയ്യുന്ന ഭര്‍ത്താവ് നല്ല മാതൃകയാണ് (പരിപാടിക്ക് ജസ്റ്റ് മുമ്പ് ആണ് ഭര്‍ത്താവിന്റെ അമ്മയെപ്പറ്റിയുള്ള കുറ്റങ്ങള്‍ പറയാന്‍ പറ്റിയ സമയം എന്നത് പരീക്ഷിച്ചു തെളിയിക്കപ്പെട്ടതാണ്).ഓരോ രാത്രിയും കിടപ്പറയില്‍ സഹകരിക്കണമെങ്കില്‍ എന്തൊക്കെ കാര്യങ്ങളാണ് ഭര്‍ത്താവ് ചെയ്യേണ്ടതെന്ന് നേരത്തെ തീരുമാനിക്കുകയും ഉച്ചയോടെ തന്നെ നിബന്ധനകള്‍ മുന്നോട്ടു വയ്‍ക്കുകയും വൈകിട്ട് കോന്തല്‍ കട്ടിലിലിരിക്കുമ്പോള്‍ തന്നെ അതൊക്കെ പാലിച്ചിട്ടുണ്ടോ എന്നുറപ്പു വരുത്തുകയും വേണം. പാലിച്ചിട്ടില്ല എങ്കില്‍ കട്ടില്‍ അപ്പോള്‍ തന്നെ മാറ്റിയിടുകയും തിരിഞ്ഞു കിടന്നുറങ്ങുകയും വേണം. നല്ല ഭര്‍ത്താവാണെങ്കില്‍ പിറ്റേന്നു തന്നെ അനുസരണയോടെ എല്ലാം അനുസരിച്ച് വന്നു കാലുപിടിക്കും. 

6. കിടപ്പറയില്‍ നടക്കുന്ന പരിപാടികളില്‍ ഉത്തമഭാര്യമാര്‍ക്ക് എന്തെങ്കിലും താല്‍പര്യമോ പങ്കാളിത്തമോ സമ്മതമോ പോലും ഇല്ല എന്നത് വിസ്മരിച്ചുകൂട. ഭര്‍ത്താവിന്റെ ദുശ്ശീലങ്ങള്‍ക്കു വേണ്ടി ഒരു പാവപ്പെട്ട സ്ത്രീ നടത്തുന്ന ത്യാഗമായേ അതിനെ കാണാവൂ. അത് അങ്ങനെയാണെന്ന് ഭര്‍ത്താവിനെ ബോധിപ്പിക്കുകയും വേണം.ഓരോ ദിവസവും എല്ലാം കഴിയുമ്പോള്‍ ഒരിക്കല്‍ക്കൂടി താനുപയോഗിക്കപ്പെട്ടു എന്ന നിസ്സഹായത പ്രകടമാക്കിക്കൊണ്ടു വേണം എണീറ്റു പോകാന്‍. 

7. ഫുള്‍ടൈം തണ്ണിയായ ഭര്‍ത്താവും ഒരു തുള്ളിപോലും അടിക്കാത്ത ഭര്‍ത്താവും ഒരേപോലെ ഭാര്യമാര്‍ക്ക് നാണക്കേടാണ്. ഓണം, വിഷു, ക്രിസ്‍മസ്, ഈസ്റ്റര്‍ തുടങ്ങിയ സുവര്‍ണാവസരങ്ങളില്‍ ഭാര്യയുടെ അനുവാദത്തോടെ മാത്രം മൂന്നു പെഗ് വീതം കഴിക്കുകയും വിശാലമനസ്‍കയായ ഭാര്യയുടെ അകൈതവമായ കാരുണ്യത്തില്‍ സന്തോഷത്താല്‍ വിജൃംഭിതനാവുകയും ചെയ്യുന്ന ഭര്‍ത്താവാണ് നല്ല ബെസ്റ്റ് മാതൃക. ഇതിനിടയില്‍ വല്ലപ്പോഴും കഴിച്ചുപോയാല്‍ വീട്ടിലെത്തി ഭാര്യയുടെ കാല്‍ക്കല്‍ വീണ് മാപ്പുപറയുന്ന തരത്തില്‍ കോന്തനെ ട്യൂണ്‍ ചെയ്തു വയ്‍ക്കണം. 

8. ഭര്‍ത്താവിനു ഓഫിസിലോ പുറത്തോ മറ്റ് സ്ത്രീകളുമായി സൗഹൃദമുണ്ടെങ്കില്‍ താനത് സംശയത്തോടെയാണ് നിരീക്ഷിക്കുന്നതെന്ന് ആദ്യം തന്നെ ഭര്‍ത്താവിനെ ബോധിപ്പിക്കണം. ഭര്‍ത്താവിനുള്ളില്‍ ഒരു ഞരമ്പുരോഗി ഉണ്ടെന്ന വിവരം തനിക്കറിയാമെന്നും അതുകൊണ്ട് സ്ത്രീസൗഹൃദങ്ങളുടെ മേല്‍ തന്റെ കര്‍ശനനിരീക്ഷണം ഉണ്ടായിരിക്കുമെന്നും പറയാന്‍ മടി കാണിക്കരുത്. അതേ സമയം ഭാര്യയുടെ പുരുഷസുഹൃത്തുക്കളെപ്പറ്റി അന്വേഷിക്കുകയോ ഏതെങ്കിലും പുരുഷസുഹൃത്തിനെപ്പറ്റി എടുത്തു ചോദിക്കുകയോ ചെയ്യുന്ന ഭര്‍ത്താവിനെ സംശയരോഗി എന്നു മുദ്രകുത്താനും ആവശ്യമെങ്കില്‍ അയാളെ കൗണ്‍സിലിങ്ങിനു വിധേയനക്കാനും ശ്രമിക്കണം. 

9.ഭാര്യയ്‍ക്ക് സാരി,ആഭരണങ്ങള്‍ എന്നിവ വാങ്ങുന്നതിനു വേണ്ടി ലോണ്‍ എടുക്കുന്ന ഭര്‍ത്താവിനെ മാതൃകയായി എവിടെയും അവതരിപ്പിക്കാം. ഇടക്കിടെ ഭാര്യയെ നിര്‍ബന്ധിച്ച് വലിയ ഷോപ്പിങ് മാളുകളില്‍ കൊണ്ടുപോകുന്നതും അതുമിതും വാങ്ങിക്കൊടുക്കുന്നതും നല്ല ഭര്‍ത്താവിന്റെ ലക്ഷണമാണ്. 

10.ഭാര്യയുടേം ഭാര്യയുടെ കുടുംബക്കാരുടെയും പിറന്നാളും അതുപോലുള്ള ദിനങ്ങളും കൃത്യമായി ഓര്‍ത്തു വയ്‍ക്കുകയും ഭാര്യ വിളിക്കുന്നതിനു മുമ്പ് തന്നെ അവരെയൊക്കെ വിളിച്ച് ആശംസിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഭര്‍ത്താവാണ് നല്ല ഭര്‍ത്താവ്. ഇതൊക്കെ മറന്നുപോവുകയും മന്നുപോയതിനു ന്യായങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന തരം ഭര്‍ത്താക്കന്മാര്‍ എന്നും ഭാര്യമാര്‍ക്കൊരു ബാധ്യതയാണ്. അത്തരം ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ജീവിക്കണോ എന്നതുപോലും സീരിയസ്സായി ആലോചിക്കേണ്ട വിഷയമാണ്.

No comments:

Post a Comment