Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Friday, 27 January 2017

തങ്കച്ചന്റെ സുവിശേഷവും ജാന്‍സിയുടെ പ്രഘോഷണo

തങ്കച്ചന്‍ തങ്കപ്പെട്ട മനസിലെ ഭ്രാന്തന്‍ ചിന്തകള്‍ക്കു മേലെ ആത്മവിശ്വാസത്തിന്റെ പുത്തന്‍ പുതപ്പ് വലിച്ചിട്ട് രണ്ടാമതും ഉറങ്ങാന്‍ ശ്രമിച്ചു. ഉറക്കം അരുവിത്തുറ പെരുന്നാളിനു പോയിട്ട് വഴി തെറ്റിപ്പോയ കുഞ്ഞാടിനെപ്പോലെ പിന്നെയും നിയോജകമണ്ഡലത്തിനു വെളിയിലൂടെ അലഞ്ഞു നടന്നു. അറിയാതെയെങ്ങാനും ഉറക്കം വന്നാല്‍ -ഹായ് ഉറക്കം വന്നല്ലോ !- എന്നു തങ്കച്ചന്‍ ചിന്തിക്കുന്നതും ഉറക്കം രാജ്യം വിട്ടു പോകും.

അതിസുന്ദരിയായ ഭാര്യ ജാന്‍സിയായിരുന്നു തങ്കച്ചന്റെ ഉറക്കം കെടുത്തിയിരുന്നത്. എങ്കില്‍ പിന്നെ ഝാന്‍സി രാണിയെ വിളിച്ചുണര്‍ത്തി ഉറക്കരാഹിത്യം അങ്ങ് മുതലാക്കരുതായിരുന്നോ എന്നു ചോദിക്കരുത്. വിഷയം ‘അത’ല്ല.

കാലങ്ങളോളം ഉറക്കം കെടുത്തിയതിനു ശേഷമാണ് ആറ് മാസം മുമ്പ് തങ്കച്ചന്‍ ജാന്‍സിക്ക് താലീസ് കൊടുത്തത്.അതോടെ അവള്‍ നന്നാവുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല. പ്രണയം മരിച്ച് ദാമ്പത്യം എന്ന പേരില്‍ പുനര്‍ജനിച്ചെങ്കിലും ജാന്‍സി പഴയ ജാന്‍സി തന്നെയായിരുന്നു. തങ്കച്ചന് അതില്‍ ശകലം ആശങ്ക തോന്നാതിരുന്നില്ല. 

ഹണിമൂണ്‍ കുളു-മണാലിയില്‍ വേണമെന്നു പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ചെറുകിട കല്ലുകടി. ചുമ്മാ പാലാ-അടിവാരം എന്നൊക്കെ പറയുന്ന ലാഘവത്തോടെയാണ് അവള്‍ കുളു-മണാലി എന്നു പറഞ്ഞു കളഞ്ഞത്. കുളു-മണാലിയെ തങ്കച്ചന്‍ മൂന്നാര്‍-മറയൂര്‍ ആക്കി ഒരുവിധം പ്രശ്നം പരിഹരിച്ചു. അപ്പോള്‍ വരുന്നു അടുത്ത ഡിമാന്റ്.-വേറെ വീടെടുത്തു മാറണം.

ഇവിടെ നിനക്കെന്നാത്തിന്റെ ഏനക്കേടാണെന്നു ചോദിച്ചപ്പോള്‍ തെല്ലും ശങ്കിക്കാതെ അവള്‍ പെട്ടിയില്‍ നിന്നൊരു കടലാസ് എടുത്തു നീട്ടി. വിശുദ്ധ തങ്കച്ചന്റെ നാല്‍പത്തിയേഴാം പ്രേമലേഖനം,മൂന്നാം ഖണ്ഡിക,നാലു മുതല്‍ ഒന്‍പത് വരെയുള്ള വാക്യങ്ങള്‍.

അതായത്,വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസം തന്നെ വേറെ വീട് അന്വേഷിച്ചു കണ്ടു പിടിക്കുന്നതും അത് വിലകൊടുത്തു വാങ്ങുകയോ പറ്റിയില്ലെങ്കില്‍ വാടകയ്‍ക്ക് കൈവശപ്പെടുത്തുകയോ ചെയ്ത് ജാന്‍സിപ്പുണ്യവതിയെ അതിന്റെ മധ്യസ്ഥയായി അവരോധിക്കുന്നതാണ്. തുടര്‍കാലം പുണ്യവതിയുടെ അവയവങ്ങള്‍ (കൈ,കാല്‍ മുതലായവ)കഴുകിയ ജലം പാനം ചെയ്ത് അടിയന്‍ അവിടെ അര്‍മാദിക്കുന്നതുമാകുന്നു.

തങ്കച്ചന്റെ ശ്വാസം നിലച്ചു പോയി. ഇതൊക്കെ ഏതുകാലത്ത് എഴുതപ്പെട്ടതാണ്. മാനിപ്പുലേഷന്‍ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കണം. 

ജാന്‍സി തനത് മലയാളം ഉപയോഗിച്ചു (ഇത് ഇപ്പോള്‍ ഭരണങ്ങാനം മേഖലയില്‍ മാത്രമേ പ്രചാരത്തിലുള്ളൂ). തങ്കച്ചന്‍ വഴങ്ങി.രാത്രിയില്‍ ഉറങ്ങാതെയിരുന്ന് ഓരോന്ന് കുത്തിക്കുറിച്ചതൊക്കെ നേരം പുലരും മുമ്പേ കീറിക്കളയേണ്ടതായിരുന്നു എന്നു തങ്കച്ചനു തോന്നി. കാലാകാലങ്ങളായി ഇതൊക്കെ ഓരോ പെണ്ണുങ്ങള്‍ക്കയച്ചു കൊടുത്ത് പണ്ടാരമടങ്ങിയിട്ടുള്ളവര്‍ അനവധി നിരവധിയാണ്.

വീടെടുക്കുന്നോ ഇല്ലയോ ? 

തങ്കു വീടെടുത്തു. മൊതലുകളെല്ലാം വാരിക്കൊണ്ടു പോയി പ്രതിഷ്ഠിച്ചു. ജീവിതം തുടങ്ങിയതായി പ്രഖ്യാപിച്ചു. അടുത്ത ഡിമാന്റ് വയ്‍ക്കുന്നതിനു മുമ്പേ ഇവളെ ഒതുക്കണം. ഇല്ലെങ്കില്‍ ശിഷ്ട ദാമ്പത്യത്തിനു മുകലില്‍ മഹാമേരുവായി ഇവളുടെ ഇംഗിതങ്ങല്‍ പടര്‍ന്നു കയറും. 

തങ്കച്ചന്‍ പലരുമായും കണ്‍സള്‍ട്ട് ചെയ്തു. പലരും പല വഴികളും ഉപദേശിച്ചു. ഭാര്യയെ ഒതുക്കാന്‍ പത്ത് വഴികള്‍ എന്ന പോസ്റ്റ് ഒരു ബ്ലോഗില്‍ വായിച്ചതോടെ തങ്കച്ചന്‍ പോംവഴി കണ്ടെത്തി. എത്രയും വേഗം ഭാര്യയെ അമ്മയാക്കണം എന്നതാണ് സൂത്രവിദ്യ. 

വുമണ്‍ ഓണ്‍ ടോപ് എന്നുറക്കത്തില്‍ പോലും പറയുന്ന അതിവതീവ്രഫെമിനിസ്റ്റാണ് ജാന്‍സി. ചാന്‍സ് കുറവാണ്. എങ്കിലും തങ്കച്ചന്‍ പരിശ്രമിച്ചു. കാര്യങ്ങള്‍ മുറ പോലെ നടന്നെങ്കിലും ജാന്‍സി ഗര്‍ഭിണിയായില്ലെന്നു മാത്രമല്ല തങ്കച്ചന്‍ ഭീതിയോടെ കാത്തിരുന്ന അടുത്ത പ്രഖ്യാപനം അടുത്ത ദിവസത്തെ പരിശ്രമത്തിനിടയിലുണ്ടായി.- എനിക്കു ഡ്രൈവിങ് പഠിക്കണം !

ങ്ഹും! ഇനി പഠിക്കാനെന്തിരിക്കുന്നു..യു ആര്‍ ഡ്രൈവിങ് വൈല്‍ഡ് ഹണി !(നാഷനല്‍ പെര്‍മിറ്റ് ലോറിയോടു ചെയ്യേണ്ടതാണ് ടോപ് വുമണായ നീ ഈ പാവം മാരുതിയോടു ചെയ്യുന്നത്)

എന്തു പറഞ്ഞാലും ശരി എനിക്കു ഡ്രൈവിങ് പഠിക്കണം…എന്നിട്ടു നമുക്കൊരു കാറ് വാങ്ങണം !

കാറോ ?.. എടീ എനിക്കു പോലും ഡ്രൈവിങ്അറിയാന്‍ മേല… ഡ്രൈവിങ് പഠിക്കാന്‍ അച്ചായന്‍ തന്ന കാശിനാ പണ്ട് നിനക്ക് കാശുമാല വാങ്ങിച്ചു തന്നത്..

ജാന്‍സി തന്റെ ടോപ് ഊരിയെറിഞ്ഞു കൊണ്ട് പറഞ്ഞു-അല്ലെങ്കില്‍ തന്നെ നിങ്ങള്‍ ഡ്രൈവിങ് പഠിച്ചിട്ടെന്തിനാ ? ടാക്സി ഓടിക്കാനൊന്നും പോകുന്നില്ലല്ലോ ? ആദ്യം ഞാന്‍ പഠിക്കട്ടെ !

തങ്കച്ചനെ പിന്നൊന്നും പറയാനനുവദിക്കാതെ ജാന്‍സി കര്‍മനിരതയായി. അടുത്ത ദിവസം തന്നെ ജാന്‍സി ഡ്രൈവിങ് സ്കൂളില്‍ പോയി പേര് കൊടുത്തു. പെണ്ണ് കൈവിട്ടു പോവുകയാണ്. നാളെ ഇവള്‍ വിമാനം പറത്തണമെന്നു പറയും. ഇപ്പോഴെ ഒതുക്കിയില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല.

ഓരോ ദിവസവും ശക്തമായി തങ്കച്ചന്‍ ജാന്‍സിയെ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും തങ്കച്ചന്റെ ഓരോ ശ്രമങ്ങളും ജാന്‍സിയുടെ ലേറ്റ് നൈറ്റ് റിയാലിറ്റി ഷോയില്‍ തകര്‍ന്നു തരിപ്പണമാവുകയായിരുന്നു. 

ഒടുവില്‍ അവള്‍ക്ക് ലേണേഴ്സ് ലൈസന്‍സ് കൂടി കിട്ടിയതോടെ തങ്കച്ചന്റെ പ്രതീക്ഷകള്‍ തകര്‍ന്നു അസ്തമിച്ചു.ഇവളെ നേരിട്ടുള്ള പോരാട്ടത്തിലൂടെ ഒതുക്കാന്‍ കഴിയില്ല. കുടില തന്ത്രങ്ങല്‍ കൊണ്ടേ രക്ഷയുള്ളൂ.

പിറ്റേന്നു മുതല്‍ ജാന്‍സി ഡ്രൈവിങ് പഠിക്കാന്‍ പോകുന്ന വഴികളിലൂടെ അട്ടിമറി സ്വപ്നങ്ങളുമായി തങ്കച്ചനും ഒരു ഓട്ടോയില്‍ പിന്തുടര്‍ന്നു.ഓട്ടോ ഡ്രൈവിങ് സ്കൂള്‍ കാറിനെ ഓവര്‍ടേക്ക് ചെയ്യുന്ന സമയം അവളുടെ നഖങ്ങള്‍ പോലെ കൂര്‍ത്ത് നീണ്ട ആണികള്‍ കാറിന്റെ ലോലലോലമായ ടയറുകളില്‍ നിര്‍ദാക്ഷിണ്യം എറിഞ്ഞു പിടിപ്പിച്ചു.

ദീപാവലിക്കാലത്തെ ഓര്‍മിപ്പിച്ചു കൊണ്ട് ശൂ..ശൂ.ഠേ..ഠേ.. ശബ്ദങ്ങള്‍ മുഴക്കി ഡ്രൈവിങ് സര്‍വകലാശാല റോഡിന്റെ ഓരം ചേര്‍ന്ന് നിന്നു. അന്നത്തെ ക്ലാസ്സ് അവിടെ അവസാനിച്ചു. പിറ്റേന്നും അതു തന്നെ ആവര്‍ത്തിച്ചു.ടയറു കമ്പനികല്‍ തങ്കച്ചനെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ ആലോചിച്ചു.

ബ്രാ അംബാസിഡറെപ്പോലെ ലോലമായ ബ്ലൌസും സാരിയും ധരിച്ച് അടുത്ത ദിവസം പോകാനിറങ്ങുമ്പോള്‍ ജാന്‍സി പറഞ്ഞു-പെട്ടീന്ന് ആയിരം രൂപ എടുത്തിട്ടുണ്ടേ.. ഏതോ നാറി കാറിന് എന്നും അള്ള് വയ്‍ക്കുന്നു… ആശാന് ഭയങ്കര സങ്കടം.. ടയറിന്റെ കാശ് ‍ഞങ്ങള്‍ കൊടുത്തേക്കാമെന്നു പറഞ്ഞു.

ഇനീം ആ നാറി അള്ളു വച്ചാല്‍ ? -തങ്കച്ചന്‍ തന്റെ സാധ്യതകള്‍ ആരാഞ്ഞു.

ഇനീം കാശു കൊടുക്കും.. ജാന്‍സി പറഞ്ഞ വാക്ക് പാലിക്കുന്നവളാ !

ഝാന്‍സി റാണി പോയ വഴിയില്‍ നോക്കി തങ്കച്ചന്‍ ചിന്താമഗ്നനായിരുന്നു.അള്ള് ആന്‍ഡ് അസോസിയേറ്റ്സ് പൂട്ടി.ഇനി അടുത്ത കമ്പനി തുടങ്ങണം.തങ്കച്ചന്‍ ഫോണെടുത്തു.

ഹലോ.. മിസ് കുമാരി ഡ്രൈവിങ് സ്കൂളല്ലേ ?..നിങ്ങടെ സ്കൂളില്‍ പഠിക്കുന്ന ജാന്‍സിയെ ഞങ്ങള്‍ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നു…റോഡില്‍ വച്ച് കാര്‍ ആക്രമിച്ച് അവളെ കൊണ്ടുപോകാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്…ചിലപ്പോള്‍ നിങ്ങടെ ഡ്രൈവിങ് സ്കൂള്‍ ഓഫിസ് ബോംബ് വച്ച് തകര്‍ക്കും..

അയ്യോ.. അതെന്തിനാ ?

അവളെ ഡ്രൈവിങ് പഠിപ്പിക്കുന്നത് നിങ്ങളാണല്ലോ.. ഇന്ന് തന്നെ പറഞ്ഞുവിട്ടാല്‍ ബോംബ് വയ്‍ക്കുന്നതൊഴിവാക്കാം…

നിങ്ങളെന്തിനാ ജാന്‍സിയെ തട്ടിക്കൊണ്ട് പോകുന്നത് ?

പണത്തിന്..അവളുടെ കെട്ടിയോന്റെ കൈയില്‍ ധാരാളം പണമുണ്ട്.. അതാണ് ഞങ്ങള്‍ക്കു വേണ്ടത് ..

അയ്യോ ആരാ നിങ്ങള്‍ ?

തീവ്രവാദികള്‍… ടെററിസ്‍റ്റ്സ് സംഘടനയിലെ അംഗങ്ങളാണു ഞങ്ങള്‍ !

തങ്കച്ചന് ആത്മവിശ്വാസം തോന്നി. മിസ് കുമാരി പേടിച്ച് മുള്ളിക്കാണും.ഇതേല്‍ക്കുമെന്നതില്‍ സംശയമില്ല.പതിവിലും നേരത്തെ ജാന്‍സി വീട്ടിലെത്തിയപ്പോള്‍ തങ്കച്ചന്റെ വിശ്വാസം വര്‍ധിച്ചു.പെണ്ണിനെ പിരിച്ചു വിട്ട ലക്ഷണമുണ്ട്.കൊള്ളാം !

സാരി മാറ്റി ഇറുക്കമുള്ള ചുരിദാര്‍ മാത്രമിട്ട് അവളെത്തി തങ്കച്ചനെ രൂക്ഷമായൊന്നു നോക്കിയിട്ട് അകത്തേക്കു പോയി.അകത്തു നിന്ന് തട്ടും മുട്ടും കേട്ട് ചെന്ന് നോക്കുമ്പോള്‍ അലമാരയ്‍ക്കുള്ളില്‍ എന്തോ കാര്യമായി തിരയുകയാണ് ജാന്‍സി.

വാട്ട് ആര്‍ യു സേര്‍ച്ചിങ് ബേബെ ?

നിങ്ങള്‍ക്ക് സ്വിസ് ബാങ്കില്‍ അക്കൌണ്ടുണ്ടോ ?

ഇല്ല.. നമ്മുടെ കോ-ഓപ്പറേറ്റീവ് ബാങ്കിലാണെന്റെ എല്ലാം..

അല്ല ചോദിക്കുവാരുന്നു..അതിന്റെ പാസ് ബുക്ക് ഞാനെടുത്തു.. നാളെ രാവിലെ എന്റെ കൂടെ ബാങ്ക് വരെയൊന്നു വന്നേക്കണം !

ന്തോന്നിനാ ചക്കരേ ?

തീവ്രവാദികള്‍… നിന്നൊരു ഭീഷണിയുണ്ട്..നിങ്ങടെ കാശിനു വേണ്ടി എന്നെ തട്ടിക്കൊണ്ടു പോകുമെന്ന്… എന്നെ തട്ടിക്കൊണ്ട് പോയി അവരങ്ങനിപ്പം കാശുണ്ടാക്കേണ്ട..അതുകൊണ്ട് ?കാശെല്ലാം എന്റെ അക്കൌണ്ടിലേക്കു മാറ്റിയാല്‍ മതി…നിങ്ങളെ തട്ടിക്കൊണ്ട് പോയാലും ശരി അഞ്ച് പൈസ പോലും ഞാനവന്മാര്‍ക്ക് കൊടുക്കില്ല !!!

No comments:

Post a Comment