Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 30 June 2019

യോഗ: സത്യവും മിഥ്യയും..

പണ്ടൊരാൾ ശ്രീനാരായണ ഗുരു അടുത്തെത്തി യോഗയുടെ മാഹാത്മ്യം വര്‍ണ്ണിച്ചതിനെ കുറിച്ച് ഗുരു തന്നെ എഴുതിയത് ഇങ്ങനെയാണ്- ‘യോഗയുടെ മഹത്വത്തെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്താനുള്ള എല്ലാശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞത്, യോഗ ശീലിച്ചതുകൊണ്ട് നല്ല മലശോധന കിട്ടുന്നുണ്ട് എന്നായിരുന്നു. അതിനാണെങ്കില്‍ ഇത്രയും കഷ്ടപ്പെടണോ, അല്‍പ്പം ആവണക്കെണ്ണ കുടിച്ചാല്‍പോരെ, എന്ന എന്റെ ചോദ്യത്തിന് അദ്ദഹത്തിന്ന് മറുപടിയുണ്ടായിരുന്നില്ല.’

അതായത്, യോഗയുടെ ഫലസിദ്ധിയെക്കുറിച്ചുള്ള തര്‍ക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇനി യോഗയെക്കുറിച്ച് സാക്ഷാല്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞതു കേള്‍ക്കുക. (ഓഷോ ഇടക്കിടെ ഉദ്ധരിക്കാറുള്ള ഒരു വാക്യമാണിത്) ബംഗാളിലെ ഒരു ഹഠയോഗി ഒരിക്കല്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ അടുത്ത്ചെന്ന് പത്തുവര്‍ഷം നീണ്ടുനിന്ന സാധനക്കൊടുവില്‍ ഗംഗാനദിക്കു കുറുകെ നടക്കുവാനുള്ള യോഗവിദ്യ താന്‍ പഠിച്ചുവെന്ന് അവകാശപ്പെട്ടു. ഇക്കാലത്ത് വെറും ഒരു അണക്ക് ഗംഗാനദി കടക്കാന്‍ തോണിയുണ്ടായിരിക്കേ, ഇത്രയും ചെറിയ ഒരുകാര്യത്തിന് പത്തുവര്‍ഷം പാഴാക്കിയ ഹഠയോഗിയുടെ ജീവിതംതന്നെ പാഴായിപ്പോയെന്നായിരുന്നു പരമഹംസരുടെ മറുപടി!

എത്ര പ്രായോഗികവും സത്യസന്ധവുമായിരുന്ന നാരായണഗുരുവും, പരമഹംസരും നല്‍കിയ മറുപടികള്‍ എന്നോര്‍ക്കുക. ഇപ്പോഴത്തെ യോഗാ കോപ്രായങ്ങളുടെയും, അതിജീവനകലകളുടെയും, വ്യായാമക്കസര്‍ത്തിന്റെയും കാലത്ത് ഇവര്‍ ജീവിച്ചിരിക്കാതിരുന്നത് നന്നായി. ഇന്ന് യോഗയെന്നത് ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും കോടികള്‍ മാര്‍ക്കറ്റുള്ള വിദ്യയായി വളര്‍ന്നിരിക്കുന്നു. നാടൊട്ടുക്കും ഇത് യോഗ പരിശീലനത്തിന്റെ കാലമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിനുശേഷം യോഗ ഇന്ത്യയുടെ നിത്യജീവതത്തിന്റെ ഭാഗവുമായി. യോഗാദിനവും ആചരണവുമായി ആകെ ബഹളം. ഒരു വ്യായാമ മുറ എന്നതില്‍നിന്ന് മാറി പ്രമേഹവും, ഷുഗറും തൊട്ട് കാന്‍സറും എയ്ഡ്സും വരെ മാറ്റാന്‍ കഴിയുന്ന ഒരു ചികില്‍സാരീതി കൂടിയായി ഇത് മാറുന്നു!

സത്യത്തില്‍ യോഗ ആര്‍ക്കുവേണ്ടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പതഞ്ജലീ സൂത്രപക്രാരം അത് സന്യാസിമാര്‍ക്ക് മോക്ഷത്തിനുവേണ്ടിയുള്ളതാണ്;
ലൗകികര്‍ക്ക് ഉള്ളതല്ല. മാത്രമല്ല, നാം ഇന്ന് കാണുന്ന 120ലധികം വരുന്ന വിവധ ആസനങ്ങളും ക്രിയകളും ഒന്നും പതഞ്ജലി നിര്‍ദേശിച്ചതല്ല.
‘പച്ചാളം ഭാസി’ സ്റ്റൈല്‍പോലെ ആധുനിക യോഗാചാര്യന്‍മ്മാര്‍ ഉണ്ടാക്കിയെടുത്തതാണ്.

യോഗയുടെ ചരിത്രം
ബി.സി രണ്ടാം നൂറ്റാണ്ടിലെ പതഞ്ജലിയെയാണ് യോഗയുടെ ആചാര്യനായി അംഗീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ യോഗസൂത്രം ഇന്നും പ്രാമാണിക ഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
പതഞ്ജലിയുടെ ഭാഷയില്‍ സന്യാസിമാര്‍ക്ക് ആത്മീയോന്നമനവും മോക്ഷപ്രാപ്തിയും കൈവരിക്കാനുള്ള ചിട്ടകളാണ് യോഗ. അദ്ദേഹത്തിന്റെ ഭാഷയില്‍ ‘ചിത്തവൃത്തി നിരോധം’.

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധരണം, ധ്യാനം, സമാധി എന്നിങ്ങനെ പടിപടിയായി അനുഷ്ഠിക്കേണ്ട അഷ്ടാംഗയോഗത്തെക്കുറിച്ച് നാല് അധ്യായങ്ങളിലായി 195സൂക്തങ്ങളിലായി പതഞ്ജലി പ്രതിപ്രാദിക്കുന്നു. (വിസ്താരഭയം മൂലം ഇതിന്റെ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ല). സനാസികമാരുടെ എല്ലാ കര്‍മ്മങ്ങളും തീര്‍ത്ത് പ്രകൃതിയില്‍ ലയിപ്പിക്കലാണ് പതഞ്ജലിയുടെ ധാരണയില്‍ യോഗയുടെ ലക്ഷ്യം. അതിലെവിടെയും ലൗകികജീവിതവും വ്യായാമക്കച്ചവടവും കടന്നുവരുന്നില്ല എന്ന് ഓര്‍ക്കണം. ഇതിന് ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം എ.ഡി.800 കാലഘട്ടത്തിലാണ് ഹഠയോഗം എന്ന പുതിയ രീതി ഉരുത്തിരിഞ്ഞത്. യോഗ അധ്യാത്മികതയില്‍നിന്ന് ഭൗതികതയിലേക്ക് മാറുന്നതിന്റെ തുടക്കം ഇവിടെയാണ്.

ചരിത്രം നോക്കിയാല്‍ ഇന്ത്യയിലെ സാധാരണക്കാരെ പോയിട്ട്, രാജാക്കന്‍മാരെപോലും പൗരാണികകാലത്ത് യോഗ ‘ബാധിച്ചി’ട്ടുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളോളം അത് സന്യാസ മഠങ്ങളില്‍ കെട്ടിത്തിരിഞ്ഞു. യോഗക്ക് ഈ രീതിയിലുള്ള പ്രാധാന്യവും വാണിജ്യ വ്യാപാര സാധ്യതകളും വന്നിട്ട് കഷ്ടിച്ച് ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ. 1888ല്‍ കര്‍ണാടകയില്‍ ജനിച്ച ടി.കൃഷ്ണമാചാരിയാണ് യോഗയെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്.
മൈസൂര്‍ രാജാവായ കൃഷ്ണദേവ വോഡയാര്‍ കാശിയില്‍വെച്ച്, കൃഷ്ണമാചാരിയെ പരിചയപ്പെടുകയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. യോഗക്ക് ഒരു ഔദ്യോഗിക സ്വരം വരുന്നത് അന്നുതൊട്ടു മാത്രമാണ്. ഇന്നുകാണുന്ന രീതിയിലേക്ക് യോഗയെ വ്യാഖ്യാനിച്ചത് അദ്ദഹേമാണ്. കൃഷ്ണമാചാര്യയുടെ മരണശേഷം സഹോദരന്‍ ബി.കെ.എസ് അയ്യാര്‍, മകന്‍ ടി.വി.കെ ദേശികാചാര്‍, കെ.പട്ടാഭി എന്നിവരാണ് യോഗയെ വിദേശത്ത് എത്തിച്ചത്. സാധാരണക്കാര്‍ക്ക് ചെയ്തു നോക്കാന്‍ ഉതകുന്ന യോഗാസന മുറകളും, ധ്യാനവുമൊക്കെ വികസിച്ചത് ഇക്കാലത്താണ്. ഇതില്‍ ബി.എസ് അയ്യാര്‍ പ്രശസ്ത വയലിനിസ്റ്റ് യഹൂദി മെനൂഹിനെ പരിചയപ്പെട്ടത് യോഗയുടെ കാര്യത്തിലും വഴിത്തിരിവായി. തന്റെ പരിപാടി നടക്കുന്ന വിദേശരാജ്യങ്ങളില്‍ മെനൂഹില്‍ അയ്യാറുടെ യോഗാഭ്യാസംകൂടി വെച്ചതോടെയാണ് ഇത് വിദേശത്ത് പ്രചരിക്കുന്നത്. അല്ലാതെ, ഇന്ന് പ്രചരിപ്പിക്കപ്പെടുന്നതുപോലെ, യോഗ പഠിക്കാനായി വിദേശികള്‍ കൂട്ടമായി ഹിമാലയ സാനുക്കളിലേക്ക് വന്നതല്ല. രണ്ടാംലോക മഹായുദ്ധം സൃഷ്ടിച്ച ശാരീരികവും, മാനസികവും സാമ്പത്തികവുമായ തകര്‍ച്ചയും അയ്യാര്‍ക്കും ഇന്ത്യന്‍ യോഗക്കും തുണയായി!

പിന്നീടിങ്ങോട്ട് യോഗ ഗുരുക്കളുടെ അയ്യരുകളിയാണ്. സ്വാമി സച്ചിദാനന്ദതൊട്ട് നമ്മുടെ ബാബാ രാംദേവും, ശ്രീ ശ്രീ രവിശങ്കറും അടക്കമുള്ള നീണ്ട നിര, എങ്ങനെ ശ്വസിക്കണമെന്നും എങ്ങനെ ആനന്ദിക്കണമെന്നും വന്‍തുക ഫീസ് വാങ്ങി കോഴ്സുകളായി നമ്മെ പഠിപ്പിക്കുന്നു. പതഞ്ജലിയുടെ യോഗയുമായി ഇവക്കൊന്നും യാതൊരു ബന്ധവുമില്ല.

യോഗ ശാസ്ത്രീയമോ?
സയന്‍സ് എന്ന ഇംഗ്ളീഷ് വാക്കിന് പൊതുവെ ശാസ്ത്രം എന്ന് തര്‍ജ്ജമ ചെയ്യാറുള്ളതിനാല്‍ നമ്മുടെ നാട്ടില്‍ എന്തും ശാസ്ത്രമാണല്ലോ? പക്ഷിശാസ്ത്രവും, ഗൗളിശാസ്ത്രവും, ഹസ്തരേഖാ ശാസ്ത്രവും പോലുള്ള ഒരു ശാസ്ത്രം തന്നെയാണ് സത്യത്തില്‍ യോഗാശാസ്ത്രവും! അതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.
യോഗാ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്ന കൃത്രിമമായ പഠന റിപ്പോര്‍ട്ടുകള്‍ അല്ലാതെ ഒരു ശാസ്ത്രീയ പഠനത്തിലും യോഗയെ ഒരു ചികില്‍സാ പദ്ധതിയായി കണ്ടിട്ടില്ല. ഒരു അംഗീകൃത ശാസ്ത്രമാസികയിലും ഇതു സംബന്ധിച്ച് പഠനവും വന്നിട്ടില്ല.

പരീക്ഷണം, നിരീക്ഷണം, നിഗമനം എന്ന ശാസ്ത്രത്തിന്റെ അടിസ്ഥാന രീതിയില്‍നിന്ന് യോഗാചാര്യന്‍മ്മാര്‍ എന്നും ഒഴിഞ്ഞുമാറുകയാണ് പതിവ്. വ്യക്തിപരമായ അനുഭവങ്ങളെയും നിരീക്ഷണങ്ങളെയും ഒരു ശാസ്ത്ര സത്യമായി കണക്കാക്കാന്‍ കഴിയില്ല. അതായത് യോഗ പരിശീലിച്ചതുകൊണ്ട് എന്‍െറ പ്രമേഹം കുറഞ്ഞുവെന്ന് ഒരാള്‍ അവകാശപ്പെട്ടാല്‍ അത് ശാസ്ത്രീയമാവില്ല. അതിനാണ് ആധുനിക വൈദ്യശാസ്ത്ര ആര്‍.സി.ടി പരീക്ഷണങ്ങള്‍ വെക്കുന്നത്.

നൂറു പ്രമേഹ രോഗികളെ അമ്പതു വീതമുള്ള രണ്ടു ഗ്രൂപ്പാക്കി ഒരു ഗ്രൂപ്പിന് മരുന്നും, മറ്റേ ഗ്രൂപ്പിന് യോഗയും നല്‍കുക. യോഗ ശീലിച്ച ഗ്രൂപ്പിന് മൊത്തമായി പ്രമേഹത്തില്‍നിന്ന് മോചനമോ, മാറ്റമോ ഉണ്ടാവുകയാണെങ്കില്‍ മാത്രമേ, യോഗ ഒരു ചികില്‍സാ പദ്ധതിയാണോ എന്നതിന്റെ അന്വേഷണങ്ങള്‍ തുടരാനാവൂ. ഇത്തരത്തില്‍ ഒരു പഠനം ലോകത്തില്‍ എവിടെയെങ്കിലും നടന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് മൂടിവെക്കേണ്ട കാര്യമെന്താണ്. സൂര്യനമസ്ക്കാരംകൊണ്ട് പ്രമേഹവും, രക്തസമ്മര്‍ദ്ദവുമൊക്കെ മാറുമെങ്കില്‍ നൊബേല്‍ സമ്മാനം കിട്ടേണ്ട കണ്ടത്തെലല്ലേ അത്? ആന്‍റിബയോട്ടിക്കുകളും, വാക്സിനുകളും കണ്ടത്തിയെത്‌ പോലുള്ള ഒരു വൈദ്യശാസ്ത്ര വിപ്ളവമാകില്ലേ അത്. പക്ഷേ യോഗയില്‍ എല്ലാം നിഗൂഢമാണ്. നിങ്ങള്‍ക്ക് ഫലിക്കുന്ന ഒരു ചികില്‍സാരീതി എനിക്ക് ഫലിക്കില്ലത്രേ. ഇതിനെയാണ് അശാസ്ത്രീയം എന്ന് വിളിക്കുന്നത്. ചാത്തന്‍സേവ കൊണ്ട് അസുഖം മാറിയെന്ന് അവകാശപ്പെടുന്ന പലരുമുണ്ട്. എന്നുവെച്ച് ചാത്തന്‍ സേവക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിട്ടുകൊടുക്കാറില്ല! നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതും അതുതന്നെയാണ്.

പിന്നെ, ഇതില്‍ മറ്റൊരുകാര്യം കൂടിയുണ്ട്. ‘പസ്ളീബോ ഇഫക്റ്റ്’ എന്ന് ആധുനിക ശാസ്ത്രം പറയുന്ന താനേ മാറല്‍ പക്രിയ. വൈറസ് രോഗങ്ങളില്‍ പലതും ഒരു ഘട്ടം കഴിഞ്ഞാല്‍ സ്വയം മാറും. മിക്കരോഗങ്ങളുടെയും ലക്ഷണങ്ങള്‍ ഏറ്റക്കുറച്ചിലുകള്‍ കാണിക്കുകയും ചെയ്യും.ചിലര്‍ക്ക് മാനസിക സമ്മര്‍ദങ്ങള്‍കൊണ്ടായിരിക്കും രോഗ ഭീതിയുണ്ടാവുക. യോഗയിലൂടെ ശ്വാസംവലിച്ചുവിടുമ്പോള്‍ രോഗം മാറിയെന്ന ആശ്വാസംമതി അവര്‍ക്ക് സൗഖ്യം തോന്നാന്‍. ഹോമിയോപതിയും, നാച്ചുറോപ്പതിയും അടക്കമുള്ള സകല കപടചികില്‍സകരും യുക്തിഭദ്രമായി ഉപയോഗിക്കുന്ന വിദ്യയാണിത്! ഗവേഷകനും ശാസ്ത്രലേഖകനുമായ ഡോ. മനോജ് കോമത്ത് ചൂണ്ടിക്കാട്ടുന്നപോലെ ‘യോഗക്കുപകരം ചീട്ടുകളി നടത്തി ഒരാള്‍ക്ക് ‘രോഗം’ മാറിയാല്‍ ചീട്ടുകളിയെ സമാന്തര ചികില്‍സാരീതിയായി നമ്മുടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകളയും!
അതിനേക്കാള്‍ അപടകരം നിലവിലുള്ള മരുന്നുകള്‍ നിര്‍ത്തിച്ച് യോഗാചാര്യന്‍മ്മാര്‍ ആളുകളെ ഇതിലേക്കുകൊണ്ടുവന്ന് കൊല്ലാക്കൊലചെയ്യുന്നതാണ്. ഒറ്റയടിക്ക് ഇന്‍സുലിന്‍ നിര്‍ത്തുന്നതുപോലുള്ള പാതകങ്ങള്‍ ഇപ്പോള്‍ കാണാം. വരട്ടുചൊറിയോ,വളംകടിയോ ഒക്കെ യോഗ മൂലം ചികില്‍സിച്ചാലും വലിയ കുഴപ്പമില്ല. പക്ഷേ ഹെപ്പറ്റെറ്റിസ് പോലുള്ള രോഗങ്ങളില്‍ പെട്ടവര്‍ കുണ്ഡലിനി ഉണരുന്നതും കാത്ത് അഭ്യാസവുമായി കഴിഞ്ഞാലോ? ഇത് അതിശയോക്തിയല്ല. പാമ്പു കടിച്ചവന്‍പോലും പ്രാണായാമം ചെയ്യുന്ന ഭീതിദമായ ശാസ്ത്ര വിരുദ്ധതയിലേക്കാണ്, വിദ്യാസമ്പന്നരായ മലയാളി സമൂഹംപോലും കൂപ്പുകുത്തുന്നത്.

യോഗ ഒരു വ്യായാമ മുറയാണോ?

എല്ലാ ശ്രമങ്ങളും പരാജയപെട്ടയാള്‍ ശ്രീനാരായണ ഗുരുവിനോട് പറഞ്ഞ മലശോധനപോലെ, യോഗ ചികില്‍സാരീതിയല്ളെന്ന് സമ്മതിക്കുന്നവര്‍പോലും അതൊരു വ്യായാമ മുറയല്ളേയെന്ന് ചോദിക്കാറുണ്ട്. ഓറിഗണ്‍ സര്‍വകലാശാലയിലെ വ്യായാമ വിഭാഗം ഇതിനായി വിശദമായ പഠനം നടത്തി. യോഗയെ ആഫ്രിക്കന്‍ നൃത്തവുമായി താരതമ്യം ചെയ്ത് നടത്തിയ പഠനത്തില്‍ യോഗക്ക് പ്രത്യേകമായൊരു മെച്ചം കണ്ടത്തൊനായില്ല. (നമ്മുടെ നടപ്പുരീതി അനുസരിച്ചാണെങ്കില്‍ ആഫ്രിക്കന്‍ നൃത്തത്തിനായി ഒരു ഡിപ്പാര്‍ട്ട്മെന്‍റ് തുടങ്ങിക്കളയും). അമേരിക്കന്‍ കൗണ്‍സല്‍ ഓഫ് എക്സൈര്‍സൈസ് യോഗ പരിശീലിക്കുന്നവരുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് പഠിച്ചപ്പോഴും ഫലം നെഗറ്റീവായിരുന്നു. യോഗകൊണ്ട് ഹൃദയാരോഗ്യത്തിന് എന്തങ്കെിലും മെച്ചമുണ്ടാകുമെന്ന് കണ്ടത്തൊനായില്ല. ശരീരഭാരം കുറക്കുന്നതിലും സാധാരണ വ്യായാമത്തേക്കാള്‍ യോഗ മെച്ചമല്ലെന്ന് ഇതേ ടീം പിന്നീട് നടത്തിയ പഠനത്തില്‍ തെളിഞ്ഞു. 50 മിനിട്ട് ഹഠയോഗ ചെയ്യന്നവര്‍ തുല്യസമയം ജോഗിങ്ങ് ചെയ്യന്നവരേക്കാള്‍ കുറഞ്ഞ കലോറിയെ ചെലവാക്കുന്നുള്ളൂ എന്നായിരുന്നു പഠന റിപ്പോര്‍ട്ടുകള്‍.

ഇനി യോഗാചാര്യന്‍മ്മാര്‍ ആനക്കാര്യമായി കൊണ്ടുനടക്കുന്നത്, സമ്മര്‍ദ്ദം, സന്ധിവാതം തുടങ്ങിയവ കുറക്കുന്നതിന് യോഗാസനങ്ങള്‍ക്ക് കഴിയുമെന്ന ചില പഠന റിപ്പോര്‍ട്ടുകളാണ്. ഇവിടെയാണ് വാക്കുകള്‍കൊണ്ടുള്ള കളി. കുറക്കാനോ കഴിയൂ, മാറ്റാന്‍ കഴിയില്ല. അതോടൊപ്പം മറ്റൊന്നുകൂടി ശ്രദ്ധിക്കണം. ഇതേ ഗുണഫലം സാധാരണ വ്യായമ മുറകള്‍കൊണ്ടും നേടിയെടുക്കാം. അപ്പോള്‍ പിന്നെ പരഹംസര്‍ ചോദിച്ചപോലെ, ഞെളിഞ്ഞും പിരിഞ്ഞും ഊപ്പാടിളകി ജീവിതം പാഴാക്കേണ്ടതുണ്ടോ?
ആധുനിക ശാസ്ത്ര പഠനങ്ങളുടെ നിഗമനം ഇങ്ങനെയാണ്. യോഗയെ ഒരു സമഗ്ര വ്യായാമ പദ്ധതിയായി കാണാനാവില്ല. പുലര്‍കാലത്തെ ജോഗിങ്ങിനന്റെ ഗുണംപോലും അത് തരുന്നില്ല. രാവിലെ സൂര്യ നമസ്ക്കാരമല്ല, അല്‍പ്പം നടത്തമോ, ഓട്ടമോ ആണ് നമുക്ക് വേണ്ടത്. പക്ഷേ ഇവിടെയും നേരത്തെ പറഞ്ഞ ‘പ്ളസീബോ ഇഫക്റ്റ്’ കിടന്ന് കളിക്കുന്നുണ്ട്. കാര്യമായ വ്യായമമൊന്നുമില്ലാതെ ഫാസ്റ്റ്ഫുഡ്ഡും കഴിച്ച് ജീവിക്കുന്നവര്‍ക്ക് അതിരാവിലെ എണീറ്റ് യോഗാവ്യായാമം ചെയ്താല്‍ ക്രമേണ സൗഖ്യം തോന്നും. പക്ഷേ, ഇതുതന്നെയാണ് സാധാരണ വ്യായാമം ചെയ്താലും കിട്ടുക. പിന്നെ യോഗയെ മാത്രം എന്തിനാണ് മഹത്വവല്‍ക്കരിക്കുന്നത്?

യോഗാ കസര്‍ത്തുകൊണ്ട് ദോഷങ്ങളും

സാര്‍സും പന്നിപ്പനിയുമൊക്കെ പടരുന്ന ഒരുകാലത്ത് കൂട്ടമായി സുദര്‍ശനക്രിയയും പ്രാണായാമവുമൊക്കെ ചെയ്താല്‍ എങ്ങനെയിരക്കും എന്നത് സാങ്കല്‍പ്പിക ചോദ്യമായി നമുക്ക് ചിരിച്ചു തള്ളാം. പക്ഷേ ഉഛാസം ശക്തിപ്പെടുത്തിയും നിശ്വാസം കുറച്ചും നടത്തുന്ന ക്രിയകള്‍ മസ്തിഷ്ക്കത്തെ ബാധിക്കും. തലച്ചോറില്‍ കാര്‍ബണ്‍ഡയോക്സൈഡ് അടിഞ്ഞുകൂടി അത് സെറിബല്ലത്തെ ബാധിച്ചാണ് സുദര്‍ശനക്രിയകളിലൊക്കെ ആളുകള്‍ക്ക് മായികാനുഭൂതി തോന്നുത്. ഇതൊക്കെ വെറും പത്താംക്ളാസ് സയന്‍സ് മാത്രമാണ്.

യോഗയിലെ ഒട്ടേറെ ആസനങ്ങള്‍ ശരീരത്തിന് ദോഷകരമാണ്. ‘യോഗ ഫോര്‍ ട്രാന്‍സ്ഫോര്‍മേഷന്‍’ എന്ന ഗ്രന്ഥം എഴുതിയ ഗാരി ക്രാഫ്ട്സോ ചൂണ്ടിക്കാട്ടിയതും പിന്നീട് ശാസ്ത്രം സ്ഥിരീകരിച്ചതുമായ സത്യങ്ങളാണിവ. ഇന്ന് പരിശീലിപ്പിക്കുന്ന പൊസിഷനുകില്‍ പലതും നട്ടെല്ലിനും ഡിസ്ക്കിനും തകരാറ് ഉണ്ടാക്കുന്നവയാണ്. മുട്ടുമടക്കി പിറകോട്ടിരിക്കുന്ന ആസനങ്ങളില്‍ ‘മെനിസ്ക്കസ് കാര്‍ട്ടിലേജ്’ ക്ഷതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ശീര്‍ഷാസനവും കഴുത്തിന് സ്ട്രെയിന്‍ നല്‍കുന്നു എന്ന് മാത്രമല്ല, തലച്ചോറിലേക്കുള്ള രക്തസമ്മര്‍ദം വര്‍ധിക്കും എന്ന കാരണത്താല്‍ അപകടകാരി കൂടിയാണ്. ഇനിയും സംശയം തീരാത്തവര്‍ അമേരിക്കയിലെ കണ്‍സ്യൂമര്‍ പ്രൊഡകട് സേഫ്ടി കമീഷന്‍ പുറത്തുവിട്ട കണക്കുകള്‍ നോക്കുക. അമേരിക്കയില്‍ മാത്രം 2004ല്‍ 2008 വവെയുള്ള കാലയളവില്‍ പതിനയ്യായിരത്തോളം കേസുകളാണ് യോഗ ക്ഷതങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായത്. അവിടെ നിയമം ശക്തമായതിനാല്‍ 11 മില്യന്‍ ഡോളറാണ് നഷ്ടപരിഹാരം നല്‍കേണ്ടിവന്നത്. (നമ്മുടെ നാട്ടിലാണെങ്കില്‍ മഹത്തായ യോഗയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് ചിലപ്പോള്‍ അകത്താക്കിയേനെ) യോഗ മൂലമുള്ള ഒടിവും ചതവും ക്ഷതങ്ങളുമായി കഷ്ടപ്പെടാന്‍ യോഗമുള്ളവര്‍ നമ്മുടെ നാട്ടിലും നിരവധിയുണ്ടെങ്കിലും പുറത്തുപറയാന്‍ പോലും ആര്‍ക്കും ധൈര്യമില്ല. ഇന്നത്തെ
രാഷ്ട്രീയ കലാവസ്ഥയില്‍ പ്രത്യേകിച്ചും!

വിവരങ്ങള്‍ക്ക് കടപ്പാട്:

Yoga: the myth and reality - ഡോ. സോമശേഖര്‍
ദിവ്യാത്ഭുദങ്ങള്‍ ശാസ്ത്ര ദൃഷ്ടിയില്‍ - ബി.പ്രേമാനന്ദ്
ചികില്‍സയുടെ പ്രകൃതി പാഠങ്ങള്‍ -ഡോ. മനോജ് കോമത്ത്
ശാസ്ത്രവും കപട ശാസ്ത്രവും -ശാസ്ത്ര സാഹിത്യ പരിഷത്ത്..

Tuesday, 25 June 2019

പൂമ്പാറ്റ.. ഒരു ചിന്താവിഷയം

ജീവശാസ്ത്ര അദ്ധ്യാപകന്‍ പൂമ്പാറ്റയുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങള്‍ പഠിപ്പിക്കാനായി ഒരു കൊക്കൂണുമായി ക്ലാസ്സിലെത്തി .. ഏതാനും മണിക്കൂറിനുള്ളില്‍ പൂമ്പാറ്റ വിരിഞ്ഞു പുറത്തു വരുമെന്നും അതിനായി കാത്തിരിക്കണമെന്നും കുട്ടികളോട് പറഞ്ഞു.. കൊക്കൂണില്‍ നിന്ന് പുറത്തുവരാനുള്ള പൂമ്പാറ്റയുടെ പരിശ്രമം കണ്ട് അതിനെ സഹായിക്കാന്‍ ഒരുങ്ങരുതെന്ന് പ്രത്യേകം താക്കീത് ചെയ്തു മാഷ്‌ പുറത്തേക്കു പോയി.
കുട്ടികള്‍ ആകാംക്ഷയോടെ കാത്തിരുന്നു.. കൊക്കൂണ്‍ മെല്ലെ അനങ്ങി തുടങ്ങി. പൂമ്പാറ്റ വളരെ കഷ്ടപ്പെട്ട് കൊക്കൂണില്‍ നിന്ന് പുറത്തേക്കു വരാനുള്ള ശ്രമം തുടങ്ങി. കുട്ടികളിലലൊരുവന് കുഞ്ഞു പൂമ്പാറ്റയോട് അലിവ് തോന്നി. അവന്‍ കൊക്കൂണ്‍ മെല്ലെ തുറന്നു കൊടുത്തു.. പൂമ്പാറ്റ വേഗം പുറത്തേക്കെത്തി..|

ഒറ്റക്ക് നടക്കാനോരുങ്ങിയ പൂമ്പാറ്റ പക്ഷെ ചത്തുവീണു. സങ്കടത്തോടെ നില്‍ക്കുന്ന കുട്ടികളെയാണ് തിരികെയെത്തിയ മാഷ്‌ കണ്ടത്.
കാര്യം മനസ്സിലായ അദ്ദേഹം കുട്ടികളോട് പറഞ്ഞു.. നോക്കൂ കൊക്കൂണില്‍ നിന്ന് പുറത്തു കടക്കാനുള്ള പരിശ്രമമാണ് പൂമ്പാറ്റക്ക് ഭാവിയില്‍ പറക്കാനായി ചിറകുകള്‍ക്ക് ശക്തിനല്‍കുന്നത്
കൊക്കൂണ്‍ തുറക്കാന്‍ നമ്മള്‍ സഹായിച്ചാല്‍ പിന്നെയത് ജീവിച്ചാലും പറക്കാന്‍ കഴിയില്ല.
വെളിയില്‍ വരാന്‍ സഹിക്കുന്ന പ്രയാസം പിന്നീടുള്ള ജീവിതത്തെയാണ് സഹായിക്കുന്നത്.

അതുപോലെ നമ്മുടെ പ്രതിസന്ധികളും സമ്മർദ്ദങ്ങളും ജിവിത വിജയത്തിലേയ്ക്കുള്ള നമ്മുടെ ചിറകുകൾക്ക് ബലവും കരുത്തും സൃഷ്ടിക്കുന്നു..

Saturday, 22 June 2019

ബന്ധങ്ങൾ..

ഭാര്യ കൂടെയില്ലാത്ത ആ രാത്രി സജി  ആകെ അസ്വസ്ഥനായിരുന്നു. വീട് ശൂന്യത നിറഞ്ഞ ഒരു ഗുഹ പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു. കല്യാണം കഴിഞ്ഞ ശേഷം സോഫിയയെ വിട്ടു നില്‍ക്കുന്നത് ആദ്യമായാണ്. അയാള്‍ കുറെ നേരം ടി വി കണ്ടു. കുറെ സമയം ആരെയോ കാത്തിട്ടെന്ന പോലെ വരാന്തയില്‍ പോയി നിന്നു. 

കഴിഞ്ഞ ഒന്നര വര്‍ഷമായി അയാളുടെ സ്ഥിരം കേള്‍വിക്കാരിയായിരുന്നു സോഫിയ . കല്യാണത്തിന് മുന്‍പ് അച്ഛന്‍റെ ഏകാധിപത്യ ഭരണത്തിലായതിനാല്‍ സംസാരിക്കാനുള്ള സ്വാതന്ത്ര്യം സജിക്ക് ഇല്ലായിരുന്നു . കല്യാണം ആത്യന്തികമായ സ്വാതന്ത്ര്യമാണ് അയാള്‍ക്ക് സമ്മാനിച്ചത്. എന്തും തുറന്നു പറയാനുള്ള വേദി കിട്ടുകയായിരുന്നു. 

ഓഫീസ് വിട്ടു വരുമ്പോള്‍ ഇത്ര വലിയ ഏകാന്തതയാവും സ്വീകരിക്കുകയെന്ന് അയാള്‍ തിരിച്ചറിഞ്ഞില്ല. എങ്കില്‍ ഈ ഇരുട്ടിലേക്ക് കയറിവരാതെ അയാള്‍ എവിടെയെങ്കിലും അലഞ്ഞു നടന്നേനെ. സോഫിയയുടെ നശിച്ച തള്ളയ്‌ക്ക് സീരിയസാണെന്ന് ഫോണ്‍ വന്നതു കൊണ്ടാണ് അവളെ പോകാന്‍ അനുവദിച്ചത്. ഒരു ദിവസത്തേക്ക് പോയി നില്‍ക്കട്ടെ...നീളം കൂടിയ മണിക്കൂറുകളുള്ള ഒരു മുഴുവന്‍ ദിവസം. 

അവരുടേതു മാത്രമായിരുന്ന ആ ലോകത്ത് ഇപ്പോള്‍ പെട്ടെന്ന് ഒറ്റപ്പെട്ടു സജി. വാ തോരാതെ സംസാരിക്കാന്‍ അയാള്‍ക്ക് ഓഫീസ് വിശേഷങ്ങളുണ്ടായിരുന്നു. ഉച്ചയ്‌ക്ക് നടന്ന ആണ്‍ പരദൂഷണ ചര്‍ച്ചയുടെ വിശദാംശങ്ങൾ.....

 അമ്മയോടൊപ്പം ഒരു ദിവസമെങ്കിലും പോയി നില്‍ക്കണമെന്ന് അവള്‍ എന്നും അയാളോട് ആവശ്യപ്പെട്ടിരുന്നു. തള്ള ചാവട്ടെ, അപ്പോള്‍ പോകാം എന്നായിരുന്നു മറുപടി. സോഫിയയുടെ തള്ളയുടെ കാര്യത്തില്‍ അങ്ങേയറ്റം പൊസസീവാണെന്ന് സജിക്ക്  ചിലപ്പോള്‍ തോന്നും. അവരെ നോക്കാന്‍ പോയിട്ട് അവള്‍ തിരിച്ചു വന്നില്ലെങ്കിലോ? ആ സംശയം ഉണ്ടായിരുന്നതുകൊണ്ടാ‍ണ് ഇത്ര കാലവും അവളെ പറഞ്ഞയക്കാഞ്ഞത്. 

സജി  പുറത്തിറങ്ങി. നഗരത്തിരക്കിലൂടെ നടന്നു. അവളുടെ കൂടെയല്ലാതെ സായന്തനങ്ങളില്‍ അയാള്‍ പുറത്തിറങ്ങാറേയില്ലായിരുന്നു. സോഫിയയുടെ കൈ പിടിച്ചല്ലാതെ....അയാള്‍ അസ്വസ്ഥനായി. തെരുവിലെ ആള്‍ക്കൂട്ടങ്ങള്‍ അയാള്‍ക്ക് നഷ്‌ടപ്പെട്ടു. ഒരാള്‍ പോലുമില്ലാതെ വാഹനങ്ങള്‍ മാത്രം നിറഞ്ഞ നഗരം..ചൂടുള്ള പുക.. 

സജി എത്തിപ്പെട്ടത് മദ്യശാലയിലാണ്. ഒരുമണിക്കൂര്‍ നേരം കൊണ്ട് അയാളുടെ ലോകങ്ങള്‍ മാറിമറിഞ്ഞു. വല്ലാത്ത ആനന്ദം. കഴിഞ്ഞ ഒന്നരവര്‍ഷം ഒരു തുള്ളി പോലും കഴിച്ചിരുന്നില്ല. വേച്ചു പുറത്തേക്കിറങ്ങുമ്പോള്‍ മൊബൈല്‍ ചിലച്ചു. 
“എവിടെയാ??” സോഫിയയുടെ ശബ്ദം...
“മാളിലാണ് ..” മറുപടി പറഞ്ഞു. ഒപ്പം, ഒരു നിഗൂഡമായ ചിരിയോടെ മദ്യക്കുപ്പികളുടെ ആരാധനാലയത്തിലേക്ക് തിരിഞ്ഞു നോക്കി.
“എന്താ ഈ സമയം?” അവള്‍.
“വേറെങ്ങും പോകാനില്ല...” സജി.
അവള്‍ നിശബ്ദയായി.
കുറച്ചു കഴിഞ്ഞു പറഞ്ഞു - “എനിക്കു വെഷമം വരുന്നു..”. സജി നോക്കുമ്പോള്‍ മാറിടവും കാലുകളും വേണ്ടതിലധികം പുറത്തുകാണിച്ചൊരു സുന്ദരി കടന്നു പോയി. അയാള്‍ ഫോണ്‍ കട്ട് ചെയ്‌തു. അവളുടെ പിന്നാലെ നടന്നു.. 

ഇന്‍റര്‍നെറ്റ് കഫേയില്‍ ആള്‍ത്തിരക്കില്ലായിരുന്നു. എ സി പരമാവധി കൂട്ടിയിട്ടിരുന്നു. എന്നിട്ടും നഗ്നചിത്രങ്ങളുടെ വൈകാ‍രികതയില്‍ സജി വിയര്‍ത്തു. സോഫിയയുടെ ശരീരത്തിന് പരിമിതികളേയുള്ളൂ... ഇവിടെ സുന്ദരികള്‍..സുന്ദരികള്‍... 
ഗേറ്റില്‍ തട്ടി, വീണില്ലെന്നേയുള്ളൂ... വീടിനു മുകള്‍ നിലയിലേക്ക് പടവുകള്‍ കയറുമ്പോള്‍ കിതച്ചു. 
“സോഫിയ പോയിട്ട് വന്നില്ലേ?”...ചോദ്യം കേട്ട് നോക്കി.
സാനിയ  ആണ്. താഴത്തെ നിലയില്‍ താമസിക്കുന്ന ജെയിംസ്ന്‍റെ ഭാര്യ. അയാള്‍ ഒന്നും പറയാതെ മുകളിലേക്ക് കയറി. സാനിയ പിന്നാലെ വന്നു. 
“ഇന്ന് ഒറ്റയ്ക്കെങ്ങനെ ഒറങ്ങും...പതിവില്ലാത്തതാണല്ലോ..”

“എന്നാ ഞാന്‍ അങ്ങോട്ട് വരാം...” - സജിക്ക് ദേഷ്യം വന്നു.
“ഓ.. പ്രയോജനമില്ലന്നേ.. ജെയിംസ് ചേട്ടൻനൊണ്ട് അവിടെ..” അവള്‍ വിടര്‍ന്നു ചിരിച്ചു.
അയാള്‍ മുഖം തിരിച്ചു.
“തലേം കുത്തി വന്നു കെടപ്പൊണ്ട്. ഇതിപ്പൊ സജിയും തൊടങ്ങിയോ?”
ഒന്നും മിണ്ടാതെ അകത്തേക്കു നടക്കാനൊരുങ്ങുമ്പോള്‍ സാനിയ  കയ്യില്‍ പിടിച്ചു. അവളുടെ ചൂട്..
“നാളെ ജെയിംസ് ചേട്ടൻ പോവും...ഒരാഴ്ച..ടൂറിന്” - സജി നോക്കി.
സാനിയ... സോഫിയയല്ല... സോഫിയയുടെ വിഷാദഭാവമല്ല... സോഫിയയുടെ മുഷിഞ്ഞ നോട്ടമല്ല... സോഫിയയുടെ മടുപ്പുളവാക്കുന്ന മണമല്ല. അവള്‍ പോയി. 
മൊബൈല്‍ ബെല്ലടിച്ചു.
“എന്തു ചെയ്യുന്നു?” സോഫിയയുടെ ചോദ്യം...
“ഒന്നുമില്ല...അമ്മയ്‌ക്കെങ്ങനൊണ്ട്?” അവള്‍ അമ്പരന്നിട്ടുണ്ടെന്നു വ്യക്തം. തള്ള എന്നല്ലാതെ അവളുടെ അമ്മയെ പരാമര്‍ശിച്ചിട്ടേയില്ല അയാള്‍.
“കുറവില്ല”
“ഡോക്ടര്‍ എന്തു പറഞ്ഞു?”
“സൂക്ഷിക്കണമെന്ന്....” അവള്‍ക്കു സങ്കടം നിറഞ്ഞു.
“സാരമില്ല.... നിനക്കു രണ്ടു മൂന്നു ദിവസം കൂടി നില്‍ക്കണോ അവിടെ?” - സജി.
അവള്‍ ഒന്നും മിണ്ടിയില്ല..
“ശരി..നീ അടുത്താഴ്ച വന്നാ മതി” - സജിയുടെ സ്വരം വിറച്ചു. 
സോഫിയയ്‌ക്ക് തുള്ളിച്ചാടണമെന്നു തോന്നി.

Saturday, 15 June 2019

40 വയസ്സ് കഴിഞ്ഞവർക്കായി..

പണ്ടൊക്കെ 40 വയസ്സ് കഴിഞ്ഞാൽ ആളുകൾ വൃദ്ധരാകുമായിരുന്നു. സ്ത്രീകളാണെങ്കിൽ 35 വയസ്സിൽ തന്നെ പ്രായം ബാധിച്ചിട്ടുണ്ടാകും. വേഷവും ഭാവവും പ്രായക്കൂടുതലിനു സംഭാവന നൽകിയിരുന്നു.

അക്കാലത്തെ 40+ ആൾക്കാരുടെ ജീവിതം കൊടും പ്രാരാബ്ധങ്ങളിൽ നീറി നീറിയാണ് വലിഞ്ഞു നീങ്ങിയിരുന്നത്. നല്ല വീടില്ല, ധാരാളം മക്കൾ, പെൺമക്കളുടെ വിവാഹം, വരുമാനക്കുറവ് അങ്ങനെ അനവധി വിഷയങ്ങൾ. ചിരിച്ച മുഖത്തോടെ ഒരാളെ കാണാൻ പ്രയാസം. (സാധാരണക്കാരുടെ കാര്യമാണ് പറയുന്നത്.)

കാലം കുറച്ചു കൂടി ചെന്നപ്പോൾ ആൾക്കാർ കുറച്ചു കൂടി ചെറുപ്പമായി. 50 വയസ്സ് കഴിയേണ്ടിവന്നു വൃദ്ധരോ മധ്യവയസ്കരോ ആകാൻ. പലർക്കും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ സന്താഷിക്കാൻ ഉണ്ടായി. ഒന്നുമില്ലെങ്കിൽ ടിവിയിൽ സീരിയലുകൾ കണ്ടെങ്കിലും സന്തോഷിച്ചു.

ഇതാ പ്രായത്തിന്റെ അതിരളവുകൾ വീണ്ടും മാറിയിരിയ്ക്കുന്നു.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പുതിയ തീയറി പ്രകാരം 18 വയസ്സു മുതൽ 65 വയസ്സുവരെ യൗവനകാലമാണ്.

66 മുതൽ 79 വരെ മധ്യവയസ്സും 80 നു മുകളിൽ വാർധക്യവുമാണ്!

സത്യം പറയാമല്ലോ, ഇപ്പോഴാ ഒന്ന് സമാധാനമായത്. വയസ്സായിയെന്ന പേടിയിലായിരുന്നു ഇതുവരെ..

ഇനി പ്രശ്നമില്ല..

അപ്പൊ അടിച്ചുപൊളിക്കാം അല്ലേ..

Thursday, 13 June 2019

യാഥാർത്ഥ്യങ്ങൾ..

അയാൾ ഒരു അധ്യാപകനായിരുന്നു. അതും ഗേൾസ് മാത്രം പഠിക്കുന്ന, സ്ത്രീകൾ മാത്രം അധ്യാപകർ അയ ഒരു സ്കൂളിലെ ഏക അധ്യാപകൻ.

ഒരു ദിവസം ഞെട്ടലോടെ വിദ്യാർഥികളും അധ്യാപകരും അറിഞ്ഞു മാഷ് എന്നും മദ്യപിച്ചാണ് സ്കൂളിൽ വരുന്നതെന്ന്. ഇന്റർവെൽ സമയത്ത് അടുത്തുള്ള ബാറിൽ പോയി മാഷ് മദ്യപിക്കുമത്രെ.

വാർത്ത കാട്ടു തീ പോലെ പടർന്നു. ഇന്റർവെൽ സമയത്ത് എ.ടി.എം ഇൽ കാശ്‌ എടുക്കാൻ പോയ പ്രധാന അധ്യാപക അയാൾ ബാറിൽ നിന്നും കുടിച്ചു വരുന്നത് കണ്ടു. ഇതായിരുന്നു സംഭവങ്ങളുടെ തുടക്കം.....

മദ്യപിക്കുന്ന അധ്യാപകനെ പുറത്താക്കണം എന്ന നിലപാടിൽ ചില രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് മുൻപിൽ തടിച്ചു കൂടി. ആരൊക്കെയോ പോലീസിനെയും വിവരം അറിയിച്ചു.

താൻ മദ്യപിച്ചിട്ടില്ല എന്ന്‌ അയാൾ എല്ലാവരുടെയും കാല് പിടിച്ചു പറഞ്ഞു. അയാളിൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം വരുന്നുണ്ട് എന്ന്‌ ചിലർ വാദിച്ചു.

ഒടുവിൽ പോലീസ് വന്ന്‌ അയാളെ ജീപ്പിൽ കയറ്റി. ഇത്രയും കാലം പഠിപ്പിച്ച സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും മുന്നിലൂടെ തല കുനിച്ച് അയാൾ പോലീസ് ജീപ്പിൽ കയറി.

സ്ഥിരം ഉച്ചക്ക് അയാൾ ബാറിൽ വരാറുണ്ട് എന്ന്‌ ആ നാട്ടിലെ ആസ്ഥാന കുടിയന്മാർ സാക്ഷ്യപെടുത്തി.

ഒടുവിൽ പരിശോധന ഫലം വന്നു. അയാൾ മദ്യപിച്ചിട്ടില്ല. വീണ്ടും എല്ലാവരും ഞെട്ടി.

പിന്നെ എന്തിന് അയാൾ എല്ലാ ദിവസവും ബാറിൽ പോകുന്നു?

എല്ലാവരോടും അയി ആ അധ്യാപകൻ വളരെ എളിമയോടെ പറഞ്ഞൂ.
" ഞാൻ മൂത്രമൊഴിക്കാൻ പോകുന്നതാ ബാറിലോട്ട് "

സ്കൂളിൽ വേറെ പുരുഷൻമാർ ഒന്നും ഇല്ലാത്തത് കൊണ്ട് പുരുഷൻമാർക്ക് ബാത്ത് റൂം ഇല്ല. ടീച്ചർമാരുടെ ബാത്ത് റൂമിൽ കയറാൻ മടിയാണ്.........

ചില യാഥാർത്ഥ്യങ്ങൾ ഇങ്ങനെയാണ്. നമ്മൾ കണ്ണ് കൊണ്ട് കണ്ടതോ, കാത് കൊണ്ട് കേട്ടതോ ആയിരിക്കില്ല സത്യം.

ചിലപ്പോൾ ഒരാളെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞ് പ്രചരിപ്പിക്കുന്നതുമാവില്ല യഥാർത്ഥ്യം..