Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 22 June 2019

ബന്ധങ്ങൾ..

ഭാര്യ കൂടെയില്ലാത്ത ആ രാത്രി സജി  ആകെ അസ്വസ്ഥനായിരുന്നു. വീട് ശൂന്യത നിറഞ്ഞ ഒരു ഗുഹ പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു. കല്യാണം കഴിഞ്ഞ ശേഷം സോഫിയയെ വിട്ടു നില്‍ക്കുന്നത് ആദ്യമായാണ്. അയാള്‍ കുറെ നേരം ടി വി കണ്ടു. കുറെ സമയം ആരെയോ കാത്തിട്ടെന്ന പോലെ വരാന്തയില്‍ പോയി നിന്നു. 

കഴിഞ്ഞ ഒന്നര വര്‍ഷമായി അയാളുടെ സ്ഥിരം കേള്‍വിക്കാരിയായിരുന്നു സോഫിയ . കല്യാണത്തിന് മുന്‍പ് അച്ഛന്‍റെ ഏകാധിപത്യ ഭരണത്തിലായതിനാല്‍ സംസാരിക്കാനുള്ള സ്വാതന്ത്ര്യം സജിക്ക് ഇല്ലായിരുന്നു . കല്യാണം ആത്യന്തികമായ സ്വാതന്ത്ര്യമാണ് അയാള്‍ക്ക് സമ്മാനിച്ചത്. എന്തും തുറന്നു പറയാനുള്ള വേദി കിട്ടുകയായിരുന്നു. 

ഓഫീസ് വിട്ടു വരുമ്പോള്‍ ഇത്ര വലിയ ഏകാന്തതയാവും സ്വീകരിക്കുകയെന്ന് അയാള്‍ തിരിച്ചറിഞ്ഞില്ല. എങ്കില്‍ ഈ ഇരുട്ടിലേക്ക് കയറിവരാതെ അയാള്‍ എവിടെയെങ്കിലും അലഞ്ഞു നടന്നേനെ. സോഫിയയുടെ നശിച്ച തള്ളയ്‌ക്ക് സീരിയസാണെന്ന് ഫോണ്‍ വന്നതു കൊണ്ടാണ് അവളെ പോകാന്‍ അനുവദിച്ചത്. ഒരു ദിവസത്തേക്ക് പോയി നില്‍ക്കട്ടെ...നീളം കൂടിയ മണിക്കൂറുകളുള്ള ഒരു മുഴുവന്‍ ദിവസം. 

അവരുടേതു മാത്രമായിരുന്ന ആ ലോകത്ത് ഇപ്പോള്‍ പെട്ടെന്ന് ഒറ്റപ്പെട്ടു സജി. വാ തോരാതെ സംസാരിക്കാന്‍ അയാള്‍ക്ക് ഓഫീസ് വിശേഷങ്ങളുണ്ടായിരുന്നു. ഉച്ചയ്‌ക്ക് നടന്ന ആണ്‍ പരദൂഷണ ചര്‍ച്ചയുടെ വിശദാംശങ്ങൾ.....

 അമ്മയോടൊപ്പം ഒരു ദിവസമെങ്കിലും പോയി നില്‍ക്കണമെന്ന് അവള്‍ എന്നും അയാളോട് ആവശ്യപ്പെട്ടിരുന്നു. തള്ള ചാവട്ടെ, അപ്പോള്‍ പോകാം എന്നായിരുന്നു മറുപടി. സോഫിയയുടെ തള്ളയുടെ കാര്യത്തില്‍ അങ്ങേയറ്റം പൊസസീവാണെന്ന് സജിക്ക്  ചിലപ്പോള്‍ തോന്നും. അവരെ നോക്കാന്‍ പോയിട്ട് അവള്‍ തിരിച്ചു വന്നില്ലെങ്കിലോ? ആ സംശയം ഉണ്ടായിരുന്നതുകൊണ്ടാ‍ണ് ഇത്ര കാലവും അവളെ പറഞ്ഞയക്കാഞ്ഞത്. 

സജി  പുറത്തിറങ്ങി. നഗരത്തിരക്കിലൂടെ നടന്നു. അവളുടെ കൂടെയല്ലാതെ സായന്തനങ്ങളില്‍ അയാള്‍ പുറത്തിറങ്ങാറേയില്ലായിരുന്നു. സോഫിയയുടെ കൈ പിടിച്ചല്ലാതെ....അയാള്‍ അസ്വസ്ഥനായി. തെരുവിലെ ആള്‍ക്കൂട്ടങ്ങള്‍ അയാള്‍ക്ക് നഷ്‌ടപ്പെട്ടു. ഒരാള്‍ പോലുമില്ലാതെ വാഹനങ്ങള്‍ മാത്രം നിറഞ്ഞ നഗരം..ചൂടുള്ള പുക.. 

സജി എത്തിപ്പെട്ടത് മദ്യശാലയിലാണ്. ഒരുമണിക്കൂര്‍ നേരം കൊണ്ട് അയാളുടെ ലോകങ്ങള്‍ മാറിമറിഞ്ഞു. വല്ലാത്ത ആനന്ദം. കഴിഞ്ഞ ഒന്നരവര്‍ഷം ഒരു തുള്ളി പോലും കഴിച്ചിരുന്നില്ല. വേച്ചു പുറത്തേക്കിറങ്ങുമ്പോള്‍ മൊബൈല്‍ ചിലച്ചു. 
“എവിടെയാ??” സോഫിയയുടെ ശബ്ദം...
“മാളിലാണ് ..” മറുപടി പറഞ്ഞു. ഒപ്പം, ഒരു നിഗൂഡമായ ചിരിയോടെ മദ്യക്കുപ്പികളുടെ ആരാധനാലയത്തിലേക്ക് തിരിഞ്ഞു നോക്കി.
“എന്താ ഈ സമയം?” അവള്‍.
“വേറെങ്ങും പോകാനില്ല...” സജി.
അവള്‍ നിശബ്ദയായി.
കുറച്ചു കഴിഞ്ഞു പറഞ്ഞു - “എനിക്കു വെഷമം വരുന്നു..”. സജി നോക്കുമ്പോള്‍ മാറിടവും കാലുകളും വേണ്ടതിലധികം പുറത്തുകാണിച്ചൊരു സുന്ദരി കടന്നു പോയി. അയാള്‍ ഫോണ്‍ കട്ട് ചെയ്‌തു. അവളുടെ പിന്നാലെ നടന്നു.. 

ഇന്‍റര്‍നെറ്റ് കഫേയില്‍ ആള്‍ത്തിരക്കില്ലായിരുന്നു. എ സി പരമാവധി കൂട്ടിയിട്ടിരുന്നു. എന്നിട്ടും നഗ്നചിത്രങ്ങളുടെ വൈകാ‍രികതയില്‍ സജി വിയര്‍ത്തു. സോഫിയയുടെ ശരീരത്തിന് പരിമിതികളേയുള്ളൂ... ഇവിടെ സുന്ദരികള്‍..സുന്ദരികള്‍... 
ഗേറ്റില്‍ തട്ടി, വീണില്ലെന്നേയുള്ളൂ... വീടിനു മുകള്‍ നിലയിലേക്ക് പടവുകള്‍ കയറുമ്പോള്‍ കിതച്ചു. 
“സോഫിയ പോയിട്ട് വന്നില്ലേ?”...ചോദ്യം കേട്ട് നോക്കി.
സാനിയ  ആണ്. താഴത്തെ നിലയില്‍ താമസിക്കുന്ന ജെയിംസ്ന്‍റെ ഭാര്യ. അയാള്‍ ഒന്നും പറയാതെ മുകളിലേക്ക് കയറി. സാനിയ പിന്നാലെ വന്നു. 
“ഇന്ന് ഒറ്റയ്ക്കെങ്ങനെ ഒറങ്ങും...പതിവില്ലാത്തതാണല്ലോ..”

“എന്നാ ഞാന്‍ അങ്ങോട്ട് വരാം...” - സജിക്ക് ദേഷ്യം വന്നു.
“ഓ.. പ്രയോജനമില്ലന്നേ.. ജെയിംസ് ചേട്ടൻനൊണ്ട് അവിടെ..” അവള്‍ വിടര്‍ന്നു ചിരിച്ചു.
അയാള്‍ മുഖം തിരിച്ചു.
“തലേം കുത്തി വന്നു കെടപ്പൊണ്ട്. ഇതിപ്പൊ സജിയും തൊടങ്ങിയോ?”
ഒന്നും മിണ്ടാതെ അകത്തേക്കു നടക്കാനൊരുങ്ങുമ്പോള്‍ സാനിയ  കയ്യില്‍ പിടിച്ചു. അവളുടെ ചൂട്..
“നാളെ ജെയിംസ് ചേട്ടൻ പോവും...ഒരാഴ്ച..ടൂറിന്” - സജി നോക്കി.
സാനിയ... സോഫിയയല്ല... സോഫിയയുടെ വിഷാദഭാവമല്ല... സോഫിയയുടെ മുഷിഞ്ഞ നോട്ടമല്ല... സോഫിയയുടെ മടുപ്പുളവാക്കുന്ന മണമല്ല. അവള്‍ പോയി. 
മൊബൈല്‍ ബെല്ലടിച്ചു.
“എന്തു ചെയ്യുന്നു?” സോഫിയയുടെ ചോദ്യം...
“ഒന്നുമില്ല...അമ്മയ്‌ക്കെങ്ങനൊണ്ട്?” അവള്‍ അമ്പരന്നിട്ടുണ്ടെന്നു വ്യക്തം. തള്ള എന്നല്ലാതെ അവളുടെ അമ്മയെ പരാമര്‍ശിച്ചിട്ടേയില്ല അയാള്‍.
“കുറവില്ല”
“ഡോക്ടര്‍ എന്തു പറഞ്ഞു?”
“സൂക്ഷിക്കണമെന്ന്....” അവള്‍ക്കു സങ്കടം നിറഞ്ഞു.
“സാരമില്ല.... നിനക്കു രണ്ടു മൂന്നു ദിവസം കൂടി നില്‍ക്കണോ അവിടെ?” - സജി.
അവള്‍ ഒന്നും മിണ്ടിയില്ല..
“ശരി..നീ അടുത്താഴ്ച വന്നാ മതി” - സജിയുടെ സ്വരം വിറച്ചു. 
സോഫിയയ്‌ക്ക് തുള്ളിച്ചാടണമെന്നു തോന്നി.

No comments:

Post a Comment