ഇന്ന് നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ചില ബന്ധങ്ങളുടെ പച്ചയായ ആവിഷ്കരണമാണ് " ഉയിരെ " എന്ന സിനിമ നമുക്കു മുമ്പിൽ അവതരിപ്പിക്കുന്ന ടോക്സിക് ബന്ധങ്ങൾ . പങ്കാളിയെ എപ്പോഴും തന്നെക്കാളും ചെറുതായി കാണുകയും എല്ലാ തരത്തിലും നിയന്ത്രിക്കുകയും പീഡിപ്പിക്കുകയും ചെയ്യും ഇക്കുട്ടർ.അതിനായി പരിഹാസവും വഴക്കും ഇകഴ്ത്തലും ദേഹോപദ്രവവും എന്നു വേണ്ട, എല്ലാ വൈകാരിക ചൂഷണങ്ങളും ഭീഷണികളും ഇത്തരക്കാർ ഉപയോഗിക്കും.
ആത്മ നിന്ദയും അപകർഷതാ ബോധവും ഉള്ളവർ മറ്റുള്ളവരിൽ നിന്നും എപ്പോഴും നിരാകരണവും ഉപേക്ഷയും പ്രതീക്ഷിക്കുന്നവരായിരിക്കും .പങ്കാളി എന്നെ ഉപേക്ഷിച്ച് പോകുമോ എന്ന ഭയം മൂലം അവരെ വൈകാരികമായി കെട്ടിയിടുകയും വരിഞ്ഞു മുറുക്കുകയും ചെയ്യും. സംശയരോഗമുള്ളവരിലും നാർസിസ്സിസം ഉള്ളവരിലും ഈ പ്രശ്നം ഉണ്ടാകാറുണ്ട്.
പാരനോയ്‌ഡുകളിൽ പങ്കാളിയെ കുറിച്ചുള്ള സംശയവും അസൂയയും ഉണരുമ്പോൾ, നാർസിസ്സിസ്റ്റുകൾ സ്വന്തം വികാരങ്ങളെ മാത്രം പരിഗണിക്കുന്നവരാണ്.തങ്ങൾ പങ്കാളികളോട് എന്തു ചെയ്യുന്നു ,പെരുമാറുന്നു എന്നത് ഇക്കൂട്ടർക്ക് പ്രധാനമേ അല്ല .മറിച്ച് പങ്കാളികൾക്ക് തങ്ങളോടുള്ള സമീപനത്തെ കുറിച്ച് മാത്രമേ ഇവർ ചിന്തിക്കൂ. ഒരിക്കലും തങ്ങളുടെ പ്രവർത്തികളുടെ ഉത്തരവാദിത്തം ഇവർ ഏറ്റെടുക്കില്ല മറിച്ച് എല്ലാം പങ്കാളിയിൽ ആരോപിക്കും.
പ്രണയിതാക്കളിലും ദമ്പതികളും മാത്രമല്ല മതപിതാക്കന്മാരും മക്കളും തമ്മിലും സുഹൃത്തുക്കൾ തമ്മിലും ഇത്തരം ടോക്സിക് ബന്ധങ്ങളുണ്ടാവാം.
ബന്ധം തകരാതിരിക്കാൻ വേണ്ടി ഇരകൾ മിക്കപ്പോഴും, ഏത് തരത്തിലുള്ള ഒത്തുതീർപ്പിനും വിധേയത്വത്തിനും തയ്യാറാകും. ഇത് അവരുടെ ജീവിതത്തെ പാടെ തകർക്കുകയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിഞ്ഞാലും. നല്ല ബുദ്ധിശക്തി യും കഴിവുമുള്ള,ജീവിതത്തെ കുറിച്ച് ഉയർന്ന സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ള വ്യക്തികളും ഇത്തരം ബന്ധങ്ങൾക്ക് ഇരകളാകും എന്നതാണ് 'ഉയരെ'യിലെ പല്ലവി പഠിപ്പിക്കുന്നത്.
ആരോഗ്യകരമല്ലാത്ത ബന്ധങ്ങളെ തുടക്കത്തിൽ തന്നെ തിരിച്ചറിയാനും അവയിൽ നിന്ന് സ്വയം വിമോചിതരാകാനും കഴിയണം.പക്ഷെ ദുരന്തങ്ങളിൽ നിന്നു മാത്രം പാഠം പടിക്കുന്നവരാണ്, പ്രബുദ്ധരെങ്കിലും നമ്മിലേറെ പേരും. വൈകാരികമോ, മാനസികമോ ശാരീരികമോ ആയ പങ്ക് വയ്ക്കലുകൾ മനുഷ്യ ബന്ധങ്ങളുടെയും ജീവിത സംതൃപ്തിയുടെയും അടിസ്ഥാനമായതിനാലാവാം അങ്ങനെ സംഭവിക്കുന്നത്..
No comments:
Post a Comment