Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 31 December 2019

asianet news

നോമോഫോബിയ..

മൊബൈൽ ഫോണിന് അടിമപ്പെട്ട വ്യക്തികളിൽ കണ്ടുവരുന്ന മാനസിക വിഭ്രാന്തിയാണ് നോമോഫോബിയ. നോ മൊബൈൽ ഫോൺ ഫോബിയ എന്നാണ് ഇതിന്റെ മുഴുവൻ പേര്. യു.കെ യിലെ റിസർച് ഓർഗനൈസേഷനായ യുഗയിലെ ഗവേഷകരാണ് ഈ അവസ്ഥയെ നോമോഫോബിയ എന്ന് ആദ്യമായി വിളിച്ചത്.ഈ അവസ്ഥയിൽ ഉള്ളവർക്ക് ഏറെ നേരം തന്റെ മൊബൈൽ ഫോണിനെ വിട്ടിരിക്കുവാൻ കഴിയില്ല. ഫോൺ ചാർജ് തീരുമ്പോഴും, നെറ്റ് വർക്ക് കിട്ടാതിരിക്കുമ്പോഴും എല്ലാം ഈ വ്യക്തി സമചിത്തത വിട്ട് പെരുമാറുവാൻ സാദ്ധ്യതയുണ്ട്.

  2008ലാണ് നോമോഫോബിയ ആദ്യമായി തിരിച്ചറിയുന്നത്. 1000 ഉപയോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ, മൂന്നിൽ രണ്ട് ഭാഗം ഉപയോക്താക്കളും തങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുന്നതിനെ കുറിച്ചോർത്ത് അകാരണമായി ഭയപ്പെടുന്നവരായിരുന്നു.
നോമോഫോബിയ ഉള്ളവരിൽ 41% പേരും രണ്ട് മൊബൈൽ ഫോൺ ഉള്ളവരാണെന്ന് ഈ സർവേയിൽ തെളിഞ്ഞു. മാത്രമല്ല, പുരുഷൻമാരെക്കാൾ കൂടുതലായി സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്.നോമോഫോബിയ കൂടുതലായി കാണപ്പെടുന്നത് 18 നും 24 നും ഇടയിൽ പ്രായം ഉള്ളവർക്കാണ്. 25 നും 34 നും ഇടയിൽ പ്രായമുള്ളവർ രണ്ടാമതും,55 ഉം അതിന് മുകളിലും ഉള്ളവർ മൂന്നാമതും ആണ് ഈ പട്ടികയിൽ ഉള്ളത്.

ലക്ഷണങ്ങൾ

ഫോണിനെ പിരിഞ്ഞിരിക്കുവാൻ വയ്യാത്തത് തന്നെയാണ് പ്രധാന ലക്ഷണം.ഫോൺ സ്വിച്ച് ഓഫ് ചെയ്യുവാൻ ഇവർക്ക് കഴിയില്ല. ഇടക്കിടെ കാൾലിസ്റ്റും, മെസേജുകളും എല്ലാം പരിശോധിച്ചുകൊണ്ടേയിരിക്കും. ഫോൺ നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ മാനസീക പിരിമുറുക്കം അനുഭവിക്കും. ഇങ്ങനെയൊരു അവസ്ഥയിൽ രണ്ടാമത് ഒരു ഫോൺ വാങ്ങി ഉപയോഗിക്കുവാൻ ശ്രമിക്കും. എന്തൊരു ജോലി ചെയ്താലും, വെറുതേയിരുന്നാലും, ഉറങ്ങുവാൻ പോകുമ്പോഴുമെല്ലാം ഫോൺ കൈയ്യിൽ കരുതും.തന്റെ ഫോൺ മറ്റാരെങ്കിലും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് കണ്ടാൽ അതിനെതിരെ രൂക്ഷമായി പ്രതികരിക്കും.

പ്രശ്‌നങ്ങൾ

രണ്ട് ഫോണുകൾ തീർക്കുന്ന മാനസീക പിരിമുറുക്കം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. രൂക്ഷമായ പ്രതികരണങ്ങൾ സംഘർഷഭരിതമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കും.ഏത് സമയവും ഫോണിനെ പറ്റി മാത്രം ചിന്തിക്കുന്നതിനാൽ മറ്റ് കാര്യങ്ങളിലൊന്നും ശ്രദ്ധയുണ്ടാവില്ല. ഇത് സ്വകാര്യ ജീവിതത്തിലും, സാമൂഹിക ഇടപെടലുകളിലും നിരവധി പ്രശ്നങ്ങൾ സ്രഷ്ടിക്കും.

പരിഹാരങ്ങൾ

ഈ അവസ്ഥയെ സ്വയം തിരിച്ചറിയുക എന്നത് തന്നെയാണ് പ്രധാനം. ഫോണിൽ നിന്നും അകന്ന് നിൽക്കുവാൻ സ്വയം ശ്രമിക്കണം. പ്രയോജനപ്രദമായ മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, ഫോൺ ഇല്ലാതെയും ജീവിക്കുവാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുക. ഫോണിന്റെ ഉപയോഗത്തിന് കൃത്യമായ സമയപരിധി നിശ്ചയിക്കുകയും, ക്രമേണ അതിൽ കുറവ് വരുത്തുകയും ചെയ്യുക, നല്ല സൗഹൃദങ്ങളിലേക്ക് മനസ് വ്യാപരിപ്പിക്കുക, ഇഷ്ടപ്പെട്ട വിനോദ ഉപാധികൾക്കായി സമയം നീക്കി വയ്ക്കുക എന്നിവയെല്ലാം ഏറെ ഫലപ്രദമായിരിക്കും. ഇവയൊന്നും ഫലപ്രദമാകാതെ വരികയാണെങ്കിൽ ഒരു മനോരോഗ വിദഗ്ദ്ധനെ സമീപിക്കുവാനും മടിക്കേണ്ടതില്ല..

Sunday, 29 December 2019

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന 5 ഭക്ഷണങ്ങൾ..

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന് ...

രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന പദാർഥങ്ങള്‍ മത്തങ്ങാക്കുരുവിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് ടു പ്രമേഹത്തിന്‍റെ സാധ്യത ഇല്ലാതാക്കുന്ന ധാരാളം ഫൈബറുകളാല്‍ സമ്പുഷ്ടമാണ് മത്തങ്ങാക്കുരു.

രണ്ട് ...

കറുവപ്പട്ടയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പ്രത്യേക ശേഷിയുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ചായയിലോ കാപ്പിയിലോ 
തൈരിലോ ചേര്‍ത്ത് ഇത് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

  മൂന്ന് ...

ഫെെബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹം തടയാൻ മാത്രമല്ല ഹൃദ്രോ​ഗങ്ങൾ അകറ്റാനും അമിതവണ്ണം 
കുറയ്ക്കാനും ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

 നാല് ...

പ്രമേഹമുള്ളവർ ധാന്യങ്ങള്‍, ഓട്ട്‌സ്, ബാര്‍ലി തുടങ്ങിയവ കഴിക്കുന്നതില്‍ കുഴപ്പമില്ല. ദഹനേന്ദ്രിയത്തില്‍ നിന്നും കാര്‍ബോഹൈട്രേറ്റുകളെ വലിച്ചെടുക്കുന്ന പ്രക്രിയ സാവധാനത്തിലാക്കുന്ന നാരുകളുടെ സാന്നിധ്യമാണ് ഇത്തരം ഭക്ഷണങ്ങളെ ആശാസ്യമാക്കുന്നത്. അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് ഇന്‍സുലിന്‍ ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു.

അഞ്ച്...

ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്ത് വയ്ക്കുക. രാവിലെ ആ വെള്ളം കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ക്രമീകരിക്കുന്നതിന് സഹായിക്കും.


Friday, 27 December 2019

കാര്‍ യാത്രയില്‍ വില്ലനായി ഛര്‍ദ്ദി?..

കാര്‍ യാത്രകളില്‍ കഴിവതും ഇറുകിയ വസ്‌ത്രങ്ങള്‍ ധരിക്കരുത്‌. അയഞ്ഞ വസ്‌ത്രങ്ങളായിരിക്കും യാത്രയ്‌ക്ക്‌ സൗകര്യപ്രദം.

പലതരം മോഷന്‍ സിക്‌നസുകളില്‍ ഒന്നാണ്‌ കാര്‍ സിക്ക് നെസ്. ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ്‌ മോഷന്‍ സിക്‌നസ്സ്‌ ഉണ്ടാകുന്നത്‌.

പ്രത്യേകിച്ച്‌ കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതായണ് ഇതിനു പ്രധാന കാരണം.

കാറിലിരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ ചെവി തലച്ചോറിന്‌ സൂചന നല്‍കുക കാര്‍ ചലിക്കുന്നു എന്നാവും.

അതേസമയം കണ്ണുകള്‍ തലച്ചോറിനെ അറിയിക്കുന്നത്‌ എല്ലാം നിശ്ചലാവസ്ഥയിലാണെന്നുമാവും.

അതിനാല്‍ തലച്ചോറില്‍ എത്തുന്ന സൂചനകള്‍ പരസ്‌പരവിരുദ്ധമാവുകയും ഏതോ ഒന്ന്‌ ഇതില്‍ വിഭ്രാന്തിയാണന്ന തീരുമാനത്തില്‍ തലച്ചോറ് എത്തുകയും ചെയ്യും.

തുടര്‍ന്ന്‌ വിഷം അകത്തെത്തിയതിനാലാണ്‌ ഇതുണ്ടായതെന്ന ചിന്തയുടെ ഫലമായി തലച്ചോറിന്‍റെ പ്രതികരണമാണ് ഈ ഛര്‍ദ്ദിയും മനംപുരട്ടലുമൊക്കെ.

അവ ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍.

1. പുറം കാഴ്‌ചകള്‍ നോക്കിയിരിക്കുക

കാറിന്‍റെ മുന്‍ ജാലകത്തിലൂടെ കാഴ്‌ചകള്‍ കടന്നു പോകുന്നത്‌ നോക്കിക്കൊണ്ടിരിക്കുക. സന്തുലന സംവിധാനത്തിനുണ്ടാകുന്ന അസ്വസ്ഥകളുടെ കാരണം പരിഹരിക്കാന്‍ ചലിക്കുന്നുണ്ടെന്ന ഈ തോന്നല്‍ സഹായിക്കും.

2. വണ്ടി ഓടിക്കുന്നതായി കരുതുക

പറ്റുമെങ്കില്‍ കാര്‍ ഡ്രൈവ്‌ ചെയ്യുന്നതായി കരുതുക. റോഡില്‍ തന്നെ ശ്രദ്ധിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക്‌ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവില്ല.

3. എതിര്‍ ദിശയിലേക്ക്‌ ഇരിക്കരുത്‌

യാത്ര ചെയ്‌തുകൊണ്ടിരിക്കുന്നതിന്റെ എതിര്‍ ദിശയിലേക്ക്‌ ഈ പ്രശ്‍നമുള്ളവര്‍ ഒരിക്കലും ഇരിക്കരുത്‌. ദൂരത്തുള്ള ചലിക്കാത്ത വസ്‌തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വായിക്കുക, കാര്‍ഡ്‌ കളിക്കുക തുടങ്ങി ഒരേ ബിന്ദുവില്‍ നോക്കുന്ന കാര്യങ്ങളെല്ലാം ഒഴിവാക്കുക. ചുറ്റും നോക്കരുത്‌. ഒരു വശത്തു നിന്നും മറ്റൊരു വശം വരെയും കൂടുതല്‍ നോക്കരുത്‌.

4. സണ്‍ ഗ്ലാസുകളും ഉറക്കവും

ഇരുണ്ട സണ്‍ഗ്ലാസ്സുകള്‍ വയ്‌ക്കുക. അതുപോലെ പറ്റുമെങ്കില്‍ ഉറങ്ങുക. അപ്പോള്‍ കാഴ്ചകള്‍ മിന്നിമറയുന്നത്‌ കണ്ണുകള്‍ അറിയില്ല.

5. ഭക്ഷണത്തിന്‍റെ മണം

ഭക്ഷണങ്ങളുടെ രൂക്ഷമായ മണം ഒഴിവാക്കുന്നത്‌ മനംമറിച്ചില്‍ തടയാന്‍ സഹായിക്കും. യാത്ര ചെയ്യുമ്പോഴും അതിന്‌ മുമ്പും കഴിക്കുന്ന ആഹാരം ശ്രദ്ധിക്കുക.

മദ്യവും ആഹാരവും നിങ്ങള്‍ക്ക്‌ പിടിക്കാത്ത പാനീയങ്ങളും അമിതമായി കഴിക്കരുത്‌. കട്ടിയ കൂടിയതും എരിവുള്ളതും കൊഴുപ്പ്‌ നിറഞ്ഞതുമായ ആഹാരങ്ങള്‍ ചിലര്‍ക്ക്‌ യാത്രയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുപോലെ സോഡയ്‌ക്ക്‌ പകരം ധാരാളം വെള്ളം കുടിക്കുക.

6. ജനല്‍ ഗ്‍ളാസ് തുറന്നിടുക

ശുദ്ധവായു ലഭിക്കുന്നത്‌ പലര്‍ക്കും ആശ്വാസം നല്‍കും. അതിനാല്‍ സാധിക്കുമെങ്കില്‍ ജനല്‍ തുറന്ന്‌ താഴേക്ക്‌ കുനിഞ്ഞ്‌ നന്നായി ശ്വസിക്കുക.

അതുപോലെ ഈ പ്രശ്‌നമുള്ള മറ്റുള്ളവരില്‍ നിന്നും അകന്നിരിക്കുക. ഇതിനെ കുറിച്ച്‌ പറയുന്നത്‌ കേള്‍ക്കുന്നതും ഈ അസ്വസ്ഥതകള്‍ കാണുന്നതും ചിലപ്പോള്‍ നിങ്ങളിലും ഇതേ പ്രശ്‌നമുണ്ടാക്കും.

7. വസ്ത്രങ്ങള്‍

ഈ പ്രശ്നമുള്ളവര്‍ കാര്‍ യാത്രകളില്‍ കഴിവതും ഇറുകിയ വസ്‌ത്രങ്ങള്‍ ധരിക്കരുത്‌. അയഞ്ഞ വസ്‌ത്രങ്ങളായിരിക്കും യാത്രയ്‌ക്ക്‌ സൗകര്യപ്രദം.

8. പാട്ടുകള്‍, ഇടവേളകള്‍

ഇയര്‍ഫോണിലൂടെ പാട്ട്‌ കേള്‍ക്കുക, എംപി3 പ്ലേയര്‍ ഉപയോഗിക്കുക. നിങ്ങളുടെ ഇഷ്ടപാട്ട്‌ അകം ചെവിയുടെ തലച്ചോറുമായുള്ള ആശയവിനിമയത്തെ സ്വാധീനിക്കും. അതുപോലെ യാത്രക്കിടയില്‍ ചെറിയ ഇടവേളകള്‍ എടുക്കുക.

പുറത്തേക്കിറങ്ങി കൈയും കാലും നിവര്‍ത്തുക. ബെഞ്ചിലോ മരച്ചുവട്ടിലോ ഇരുന്ന്‌ വായിലൂടെ ആഴത്തില്‍ ശ്വാസം എടുക്കുക. ആയാസം കുറയ്‌ക്കാന്‍ ഇതൊക്കെ സഹായിക്കും.

9. നാരങ്ങയും ഇഞ്ചിയും പിന്നെ പുതിനയും

സാധാരണ ഛര്‍ദ്ദിയ്‌ക്കും മനംപിരട്ടലിനും ഉപയോഗിക്കുന്ന പല മരുന്നുകളും വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക്‌ ഫലപ്രദമായി എന്നു വരില്ല.

എന്നാല്‍ ഒരു കഷ്‌ണം നാരങ്ങ വലിച്ച്‌ കുടിച്ചു കൊണ്ടിരിക്കുന്നത് വളരെയധികം ആശ്വാസം നല്‍കും. അതുപോലെ ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ ഇഞ്ചി വളരെ നല്ലതാണ്‌.

പരമാവധി ഉപ്പ്‌ രസമുള്ള എന്തെങ്കിലും കഴിക്കുക. കൂടാതെ പുതിന ഇലയും മനംപിരട്ടല്‍ ശമിപ്പിക്കാന്‍ നല്ലതാണ്‌.

മറ്റ്‌ മരുന്നകള്‍ക്കുള്ള പാര്‍ശ്വഫലങ്ങള്‍ ഇവയ്‌ക്കുണ്ടാകില്ല. രണ്ട്‌ ഇലകള്‍ ആദ്യം കഴിക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ കഴിക്കാം.

10. കുട്ടികളെയും ശ്രദ്ധിക്കുക

വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ കുട്ടികള്‍ക്ക്‌ ഉണ്ടാകുന്ന ഇത്തരം പ്രശ്‌നം ഒഴിവാക്കുന്നതിനു പുറത്തേക്ക്‌ കാണാവുന്ന തരത്തിലുള്ള ഉയര്‍ന്ന സീറ്റ്‌ നല്‍കുക.

പുറത്തേക്ക്‌ നോക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന കളികളില്‍ ഏര്‍പ്പെടുക. കാറിലിരുന്ന്‌ സിനിമകള്‍ കാണാന്‍ കുട്ടികളെ അനുവദിക്കരുത്‌..

Thursday, 26 December 2019

മലയാളിക്കുട്ടികള്‍ക്ക് പൊണ്ണത്തടി, പ്രമേഹം; ഡോക്ടര്‍മാര്‍ സ്കൂളുകളിലേക്ക്..

കേരളത്തിലെ കുട്ടികളില്‍ പൊണ്ണത്തടി കൂടുന്നുവെന്ന പഠനത്തിന്റെ പശ്ചാത്തലത്തില്‍ ബോധവത്കരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്കൂളുകളിലേക്ക്. ഐ.എം.എ.യുടെ 'ഫുഡ് സേഫ്റ്റി ഇനീഷ്യേറ്റീവ് കമ്മിറ്റി'യാണ് നേതൃത്വം നല്‍കുക.

ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുമായി ചേര്‍ന്ന് 14,000 സ്കൂളുകളിലെങ്കിലും നല്ല ഭക്ഷണത്തെക്കുറിച്ച്‌ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യമെന്ന് ഐ.എം.എ. പ്രസിഡന്റ് ഡോ. എം.ഇ. സുഗതന്‍ പറഞ്ഞു. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് ആദ്യം ബോധവത്കണം.

ലോകാരോഗ്യ സംഘടനയുടെ 'ഹെല്‍ത്തി ഫുഡ് പ്ലേറ്റ്' എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കാന്‍ രണ്ടുവര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

അതിന്റെ ഭാഗമായി, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പോഷകങ്ങളുടെ അളവിനെക്കുറിച്ചും നല്ലഭക്ഷണത്തെക്കുറിച്ചും ബോധവത്കരണവും നടക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ പദ്ധതി.

ദേശീയ പോഷകാരോഗ്യ സര്‍വേയില്‍, കേരളത്തില്‍ അഞ്ചിനും ഒമ്ബതിനും ഇടയില്‍ പ്രായമുള്ള 19 ശതമാനം കുട്ടികള്‍ക്കും 10-നും 19-നും ഇടയില്‍ പ്രായമുള്ള 32 ശതമാനം കുട്ടികള്‍ക്കും പ്രമേഹസാധ്യതയുണ്ട്. ദേശീയതലത്തില്‍ പത്തിലൊരു കുട്ടിക്ക് പ്രമേഹസാധ്യതയുള്ളപ്പോള്‍ കേരളത്തില്‍ ഇത് പത്തില്‍ മൂന്നാണ്. കൊച്ചി നഗരത്തില്‍ ഐ.എം.എ. നടത്തിയ ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ.)പഠനത്തില്‍ അഞ്ചുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന 57 ശതമാനം കുട്ടികളും പൊണ്ണത്തടിയുള്ളവരാണെന്ന് കണ്ടെത്തി. തിരുവനന്തപുരത്ത് തുടങ്ങിവെച്ച പദ്ധതി വൈകാതെ എല്ലാ ജില്ലകളിലും നടപ്പാക്കും.

ആരോഗ്യവിദ്യാഭ്യാസമില്ല

വിദ്യാഭ്യാസമുള്ളവര്‍ക്കുപോലും ആരോഗ്യവിദ്യാഭ്യാസമില്ലാത്തതിനാലാണ് കുട്ടികള്‍ക്ക് സ്കൂളിലേക്ക് ജങ്ക് ഭക്ഷണങ്ങള്‍ കൊടുത്തയക്കുന്നത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതിന്റെ അപകടത്തെക്കുറിച്ച്‌ ക്ലാസ് നല്‍കും. ഐ.എം.എ.യുടെ 108 ബ്രാഞ്ചുകളും അതിനു കീഴിലുള്ള സ്കൂളുകളില്‍ മാസത്തില്‍ ഒരുതവണയെങ്കിലും ചെന്ന് ബോധവത്കരണം നടത്താനാണ് ഉദ്ദേശിക്കുന്നത്..


മരങ്ങളാകുന്ന ഇലകൾ...!


LEAF CULTURE കോയമ്പത്തൂർ രാജരത്നം കണ്ടു പിടിചിട്ടുള്ള ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഹരിത വിപ്ലവം..!
ഇലകളെ പറിച്ചു നട്ടു വെച്ചാൽ അതിൽ വേര് ഉണ്ടായി ചെടികളായും,
മരങ്ങളായും വളർന്നു വലുതാകും എന്ന് തന്റെ കണ്ടുപിടിത്തങ്ങൾ വഴി നിരൂപിച്ചിരിക്കുന്നു കോയമ്പത്തൂർ സ്വദേശി രാജരത്നം.
പ്രകൃതി തന്റെ ഉള്ളിന്നുള്ളിൽ കണക്കില്ലാ അത്ഭുതങ്ങളെ മറച്ചു വെച്ചിരിക്കുന്നു. നാം ഒരു ചെടിയെ നട്ടു വളർക്കാൻ ആഗ്രഹിച്ചാൽ വിത്ത് കൊണ്ട് തൈകൾ ഉണ്ടാക്കും. വളക്കൂറുള്ള മണ്ണ് , ജലം, സൂര്യപ്രകാശം ഇവയൊക്കെ ഉണ്ടെങ്കിൽ ചെടി തന്നെ വളരും എന്നതാണ് ഇതുവരെ നാം അറിഞ്ഞു വെച്ചിട്ടുള്ളത്,
വിത്തുകൾ ഇല്ലാതെ ചെടികൾ ഉണ്ടാക്കാൻ പററുമോ ..? ഒരു ഇലയെ നട്ടു വെച്ചാൽ അത് ചെടിയായി വളരും എന്ന് പറഞ്ഞാൽ നമ്മെ എല്ലാവരും കളിയാക്കും.

പക്ഷെ സത്യമാണ് ..! ഇലകളെ പറിച്ചു നട്ടാൽ അത് വേര് വിട്ടു ചെടിയായി വളരും എന്ന് തന്റെ കണ്ടുപിടിത്തം മൂലം നിരൂപിക്കുകയും അത് വഴി ഹരിത ലോകത്തിൽ ഒരു പുതിയ ആദ്ധ്യായത്തെ തുടങ്ങി വെച്ചിട്ടുമുണ്ട് , കോയമ്പത്തൂർ മേട്ടുപ്പാളയം ഏദൻ നഴ്സറി ഗാർഡൻസ് ഉടമസ്ഥൻ എസ്‌. രാജാരത്നം .
കോയമ്പത്തൂർ തമിഴ്നാട് കാർഷിക സർവകലാശാലയിൽ " പന്നൈ തൊഴിൽ നുട്പം " എന്ന വിഷയത്തിൽ ബിരുദം കഴിഞ്ഞു ഇപ്പൊ ബിരുദാനന്തര ബിരുദം പഠിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് രാജരത്നം.

ഇതുവരെ എല്ലാവരും വിത്ത് പാകി ചെടി വളർക്കും.. ടിസ്യു കൾച്ചർ എന്ന് പല വഴികളും ഉണ്ട്. പക്ഷെ ഇപ്പൊ ഈ കണ്ടു പിടിത്തം ഇതിലെ ഏതിലും ചേരാത്ത ഇലകൾ പരത്തി വെച്ചിട്ടുള്ള ടൈപ്പ് ആണ്. " ഇലൈ പറപ്പുതൽ " എന്ന് തമിഴിൽ പറയുന്ന മെത്തേഡ് ആണ്.
ഇതിനെ കുറിച്ച് രാജരത്നം പറയുമ്പോ " മുഴുവനും കുറഞ്ഞ ചെലവിൽ സസ്യങ്ങളേ ഉത്പാദിപ്പിക്കണം എന്ന് ആഗ്രഹിച്ചു .

അങ്ങനെയാണ് വിത്തുകൾക്കു പകരം ചെടികളുടെയും, മരങ്ങളുടെയും
ഇലകളെ കൊണ്ട് തൈകൾ വളർത്തി എടുക്കാൻ സാധിക്കുമോ എന്ന് ഗവേഷണം നടത്തിയത്. മുഴുവനും പ്രകൃതി രീതിയിൽ ഇലകളെ പറിച്ചു അവകളെ തേങ്ങാ വെള്ളം - കരിക്കിൻ വെള്ളത്തിൽ കുതിർത്തത് , പിന്നെ എകദേശം 30 ഡിഗ്രി ചൂടിലും , പിന്നെ 70 ശതമാനം ഈര്പ്പാവസ്ഥയും ഉള്ള സാഹചര്യത്തിൽ പരിപാലിച്ചാൽ 4 മുതൽ 5 ആഴ്ചകളിൽ ഇലകളിൽ നിന്നും വേരുകൾ രൂപപ്പെടാൻ തുടങ്ങും.
ഇതാണ് പുതിയ കണ്ടു പിടിത്തം. പൊതുവെ ഇങ്ങനെ വേരുകൾ ഉണ്ടാകാൻ ചില ഹാർമോണുകളെയും പ്രയോഗിക്കാറുണ്ട്. പക്ഷെ ഞങ്ങൾ മുഴുവനും പ്രകൃതി രീതിയിലാണ് , തെങ്ങിൻ കരിക്കു വെള്ളത്തെയാണ് ഉപയോഗിക്കുന്നത്.
പൊതുവെ പത്ത് ലക്ഷം മരത്തൈകൾ വേണമെങ്കിൽ, പത്ത് ലക്ഷം വിത്തുകൾ വേണം. ഈ രീതി ഒഴിവാക്കാൻ ആ മരങ്ങളിൽ ഉള്ള ആയിരക്കണക്കിന് ഇലകളെ ഉപയോഗപ്പെടുത്താം. ഇത് വഴി ഇങ്ങനെ പുതിയ തൈകൾ ഉണ്ടാക്കുന്ന ചിലവിൽ 30 ശതമാനം കുറയ്ക്കാൻ കഴിയുന്നു.
അതെ സമയം കൂടുതൽ വിളവും കിട്ടുന്നു. തന്റെ ഈ പുതിയ കണ്ടു പിടിത്തത്തിനു പേറ്റന്റ് റൈറ്റിന് വേണ്ടി രാജരത്നം അപേക്ഷിച്ചിരിക്കുന്നു.

രാജരത്തിനത്തെ പ്രോത്സാഹിപ്പിക്കാൻ തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ ഉള്ള ഡയറക്ടറേറ്റ് ആഫ് അഗ്രി ബിസിനസ് ഡെവലപ്മെന്റ് മററും കേന്ദ്ര സർക്കാരിന്റെ ചെറിയ വ്യവസായങ്ങൾക്കായ മന്ത്രാലയം 6 . 25 ലക്ഷം രൂപ രാജരത്നത്തിനു സഹായമായി നൽകിയിരിക്കുന്നു.
ഇങ്ങനെ ഇലകൾ വഴിയുള്ള തൈകൾ ഉത്പാദിപ്പിക്കുന്നത് വഴി മലിനീകരണമില്ലാത്ത ജനിതക ശുദ്ധമായ തൈകൾ ലഭ്യമാണ്. വിളവും കൂടുതലാണ്. ഇങ്ങനെ പേരയ്ക്ക , നാവിലം എന്നീ മരങ്ങളെ ഉത്പാദിപ്പിച്ചിരിക്കുന്നു.
മേട്ടുപ്പാളയം മുനിസിപ്പാലിറ്റി Biodiversity committee- രാജരത്തിനത്തെ മെമ്പറാക്കുകയും ആ പ്രദേശങ്ങളിലെ കൂടുതൽ അളവിൽ മരങ്ങളെ നട്ടു പിടിപ്പിക്കാനും, അപൂർവം ഇനം ഔഷധ സസ്യങ്ങളെ കാത്ത് സൂക്ഷിക്കാനും ഉള്ള ചുമതല കൊടുത്തിരിക്കുന്നു. ആന്ധ്രപ്രദേശം, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് ജനിതക ശുദ്ധമായ തൈകൾ കൊടുക്കുന്നു.
തമിഴ്‌നാട്ടിൽ മാത്രം എകദേശം 90 ഗ്രാമങ്ങളിൽ നിന്നും 5000 നും കൂടുതലായ കർഷകർ പ്രയോജനപെട്ടിട്ടുണ്ട്. സ്കൂൾ , കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെ പലർക്കും ഇതുമായി ബന്ധപ്പെട്ടു പരിശീലനം കൊടുക്കുന്നു.

ഇന്ധ്യയിൽ തന്നെ ആദ്യത്തെ ഓർഗാനിക് നഴ്സറി എന്ന അംഗീകാരവും രാജരത്നത്തിന്റെ ഏദൻ നഴ്സറിക്കു കിട്ടിയിരിക്കുന്നു.
രാജരത്നത്തിന്റെ ഈ കണ്ടുപിടിത്തം വഴി " ഇലകൾ വഴി തൈകൾ " എന്ന വഴിയിൽ, എല്ലാ മരങ്ങളെയും, അപൂർവം ഇനം ഔഷധ സസ്യങ്ങളെയും പുനരുദ്ധാനം ചെയ്യുകയാണെങ്കിൽ പ്രകൃതിയെ നാശത്തിൽ നിന്നും രക്ഷപ്പെടുത്താം.
വംശനാശഭീഷണി നേരിടുന്ന പല മരങ്ങളുടെയും വിത്തുകൾ കിട്ടിയില്ല എന്ന പ്രശ്നമില്ലാതെ ആ മരങ്ങളുടെ ഇലകൾ വഴി തൈകൾ ഉണ്ടാക്കാം. ഈ വഴിയിലൂടെ മരം വളർക്കുന്നതു വലിയ ഒരു വിപ്ലവമായി മാറും.
അതെ ഒരു വിത്തിൽ നിന്നും ഒരു മരം.. ആ മരത്തിലുള്ള ലക്ഷക്കണക്കിന് ഇലകൾ വഴി ലക്ഷക്കണക്കിന് മരങ്ങളെ വളർത്താൻ കഴിയും... ഈ കണ്ടുപിടിത്തം ലോകത്തിന്റെ പച്ചപ്പ്‌ - ഹരിതത്തിലേക്കുള്ള പാത എളുപ്പമാക്കും എന്നതിൽ സംശയമില്ല..

Tuesday, 24 December 2019

സ്വകാര്യ നിമിഷങ്ങൾ ക്യാമറ കണ്ണുകളിൽ പകർത്താൻ അനുവധിക്കുന്ന പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടത്..


പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂൾ ഗേൾ, കോളേജ്, മല്ലൂ എന്നൊക്കെ സെർച്ച് ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന ഭൂരിഭാഗം വീഡിയോകളും ഏതെങ്കിലുമൊരു ഒരു പെൺകുട്ടി ഏറ്റവും വിശ്വസ്തനായ ഒരാളുടെ കൂടെ ഏറ്റവും ഇന്റിമേറ്റായി നിന്ന ഏറ്റവും സ്വകാര്യ നിമിഷങ്ങളുടേതാണെന്ന് നിങ്ങൾക്ക് കാണാം.

അവയെല്ലാം മനപ്പൂർവ്വമോ അല്ലാതെയോ ആ ഏറ്റവും വിശ്വസ്തന്റെ ഫോണിൽ നിന്നുമാണ് അവിടെയെത്തിയത്.  ഒറിജിനലായിട്ട് ഷൂട്ട് ചെയ്ത പോൺ വീഡിയോകളേക്കാൾ ഡിമാന്റ് ഇത്തരം വീഡിയോകൾക്കാണ്.  കാരണമവിടെയൊരു ഒളിഞ്ഞുനോട്ടത്തിന്റെ സുഖം മനുഷ്യന് ലഭിക്കും. തികച്ചും മനുഷ്യ സഹജമായത്.

പ്രിയങ്ക റെഡിക്ക് നീതി കിട്ടാൻ വേണ്ടിയുണ്ടായ ഹാഷ് ടാഗുകളുടെ എണ്ണത്തേക്കാൾ ആ ബലാത്സംഗ വീഡിയോ കിട്ടുമോ എന്നറിയാനായി നടന്ന സെർച്ചുകൾക്കുള്ളതായി വാർത്ത കണ്ടപ്പോളോർത്തതിതാണ്. ഇന്നലെ വരെ 80 ലക്ഷത്തിന് മുകളിലാണത്രേ സെർച്ച്. ആസിഫയുടെ വാർത്ത വന്ന സമയത്ത് പോൺ സെർച്ചിൽ അതായിരുന്നു ഹൈലൈറ്റ്. ഓരോ പുതിയത് വരുമ്പോഴും ട്രെൻഡ് ഇങ്ങനെ മാറിക്കൊണ്ടിരിക്കും.
അതിലത്ഭുതപ്പെടാനൊന്നുമില്ല.

 മനുഷ്യന് സദാചാരമെന്നത് അവസരങ്ങളുടെ ക്ഷാമം മാത്രമാണെന്നാർക്കാണറിയാത്തത്. സ്വന്തം മനസാക്ഷിയോട് ചോദിച്ചാൽ ഏതൊരു സദാചാരവാദിക്കും ആ ഉത്തരം കിട്ടും. പ്രിയങ്ക, ആസിഫ സംഭവങ്ങൾ പോലുള്ള പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്ന 'ക്രൈമു'കളെ വേഗവും ശക്തവും മാതൃകാപരവുമായ നിയമങ്ങൾ കൊണ്ട് നേരിട്ടാലേ അവ ആവർത്തിക്കാതിരിക്കൂ. അതേതൊരു മനുഷ്യനെയും പോലെ എന്റെയും ആഗ്രഹമാണ്. അതിനു വേണ്ടിയും നമുക്ക് ശ്രമിക്കാം.

പക്ഷെ പ്രിയങ്കയുടെയും ആസിഫയുടെയുമൊക്കെ പേരിലുള്ള പോൺ സെർച്ചിന്റെ കാര്യമെടുത്താൽ ആദ്യം പറഞ്ഞ ഒളിഞ്ഞുനോട്ടത്തിന്റെ സുഖത്തിനപ്പുറം മനുഷ്യനെ വച്ച് വിശദീകരിക്കാൻ പറ്റാത്ത വലിയൊരു ക്രൂരത കൂടി, വെറുപ്പിന്റെ മനോഭാവം കൂടി അവയ്ക്ക് പിന്നിലുണ്ടെന്ന് കാണാം. അങ്ങനെയുള്ളവരും നമ്മുടെയിടയിൽ തന്നെ സൗഹൃദലിസ്റ്റിലോ, ഒരു കല്യാണവീട്ടിലോ, ഒരേ ബസിലോ ഒക്കെ ഉണ്ടെന്നുള്ളിടത്താണ് നമ്മൾ ഭയക്കേണ്ടത്. ആ ഭയത്തെ പറ്റിയും ധാരാളം പേർ ഇതിനകം എഴുതിയിട്ടുണ്ട്. ആ ഭയം എനിക്കുമുണ്ട്.

ഇവിടെയിപ്പൊ പോൺ സെർച്ചുകൾ ചർച്ചാ വിഷയമായതു കൊണ്ട് പെൺകുട്ടികളോടായി മറ്റൊരു കാര്യം പറയാൻ കൂടിയാണീ കുറിപ്പ്. 

നിങ്ങൾ പ്രണയിക്കൂ. ആത്മാർത്ഥമായി തന്നെ. പ്രണയമില്ലാതെന്ത് ജീവിതമാണ്.

 അങ്ങനെ പ്രണയിക്കുമ്പോൾ,

1. പ്രണയത്തിൽ എന്ത് എപ്പോൾ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് കഴിയണം. മായാമയൂരം സിനിമയിൽ, രേവതി മോഹൻലാലിനോട് പറയുന്ന ഒരു ഡയലോഗുണ്ട്, 'നമ്മൾ രണ്ടുപേരും മനസുകൊണ്ടാഗ്രഹിക്കുന്ന നിമിഷം വരെ കാത്തൂടേ നരൻ..?' എന്ന്. നരൻ പിൻമാറും. അവിടെ സ്നേഹത്തിനപ്പുറം പരസ്പര ബഹുമാനത്തിന്റെ വലിയൊരു കെമിസ്ട്രിയാണ് വർക്ക് ചെയ്തത്. നിങ്ങളും പ്രണയത്തിൽ ആ കെമിസ്ട്രി ഉണ്ടാക്കാൻ നോക്കണം. ഇഷ്ടമില്ലെങ്കിൽ തുറന്ന് പറയണം, പറ്റില്ലാന്ന്.

2. ഇനി കല്യാണത്തിന് മുമ്പ് നിങ്ങൾക്കിഷ്ടമില്ലാതെ, പക്ഷെ അവന്റെ നിർബന്ധം കാരണം, ഇന്റിമസി തെളിയിക്കാൻ വേണ്ടി മാത്രമായിട്ട് സെക്സിന് സമ്മതിക്കരുത്. അതൊക്കെ സൈക്കളോജിക്കൽ മൂവുകളാണ്. അവൻ 100% തേയ്ക്കും. ഉറപ്പ്. തിരിച്ച് നിങ്ങളോടാ ഇന്റിമസി ഇല്ലാത്തത് കൊണ്ടാണീ നിർബന്ധിക്കൽ. പതുക്കെ സ്കൂട്ടായിക്കോ..

3. ഇനി പരസ്പരം ഇഷ്ടത്തോടെയാണെങ്കിലും പക്ഷെ, ഒരു കാരണവശാലും ഇതൊന്നും മൊബൈലിൽ ഷൂട്ട് ചെയ്യാൻ സമ്മതിക്കരുത്. കണ്ടിട്ട് ഞാനിപ്പൊ ഡിലീറ്റ് ചെയ്തോളാം, ഞാൻ മാത്രേ കാണൂ തുടങ്ങി എന്തൊക്കെ പഞ്ചാര വർത്താനം പറഞ്ഞാലും അപ്പൊ തന്നെ ചെപ്പാക്കുറ്റി നോക്കി പൊട്ടിച്ചേക്കണം. ഇനിയതിന് ധൈര്യമില്ലാ, ആക്രമിച്ചു കീഴടക്കുമെന്ന പേടിയുണ്ടേൽ, എന്തേലും കള്ളം പറഞ്ഞവിടുന്ന് രക്ഷപ്പെട്ടോണം. ബാത്റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞാലും മതി. കാരണം, അവൻ ഫ്രോഡാണ്. നിങ്ങളോടുള്ളത് ആത്മാർത്ഥ സ്നേഹമാണെങ്കിൽ അവനീ ഷൂട്ടിംഗിനെ പറ്റി ചിന്തിക്കുക കൂടിയില്ല.

ഇതു വായിക്കുമ്പോ, എന്തുകൊണ്ട് പെൺകുട്ടികൾ സൂക്ഷിക്കണമെന്ന് പറയുന്നു, അവന്മാരെയല്ലേ ആദ്യം ഉപദേശിച്ച് നന്നാക്കേണ്ടതെന്ന് ചിന്തിക്കുന്നവരും കാണും. അതിനുള്ള ഉത്തരം കിട്ടാനാണ് ഒരിക്കലെങ്കിലും  പോൺ സൈറ്റുകൾ നോക്കണമെന്ന് ആദ്യം പറഞ്ഞത്. അവിടെയെല്ലാം പെണ്ണിന്റെ പേരും ശരീരവും തന്നെയാണ് വിറ്റഴിക്കപ്പെടുന്നത്. വിൽക്കുന്നതും വാങ്ങുന്നതും ഭൂരിഭാഗവും ആണുങ്ങളും. ആണിന്റെ മുഖം പതിഞ്ഞിട്ടുണ്ടെങ്കിലും ആരുമതോർക്കാൻ പോണില്ലാ. ലോകം മൊത്തമെടുത്താലും അങ്ങനാണ്.

ഏറ്റവുമധികം സ്നേഹിക്കുകയും വിശ്വസിക്കുകയും  ചെയ്യുന്നൊരാളിൽ നിന്നും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. വിശ്വാസവും സ്നേഹവുമൊക്കെ വേണം, അതിരുകവിയരുതെന്ന് മാത്രം. നിങ്ങളെ പോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവർ തന്നെയാണ് ആ വീഡിയോകളിൽ ഉള്ളവരെല്ലാം. ചിലപ്പോൾ റേപ്പിനേക്കാൾ ക്രൂരമായത് ഇതാണെന്നും തോന്നിയിട്ടുണ്ട്..

Monday, 23 December 2019

ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹാര്‍ട്ട് ബ്ലോക്ക്; എല്ലാം ഒന്നാണോ? എന്താണ് വ്യത്യാസം..


സാധാരണക്കാർ രണ്ടും ഒന്നായാണ് പലപ്പോഴും മനസ്സിലാക്കാറ്. അർഥം മാത്രം പരിശോധിക്കുകയാണെങ്കിൽ ഇത് തെറ്റാണെന്ന് പറയാനും കഴിയില്ല. ഹൃദയത്തിന് രക്തം കൊടുക്കുന്ന രക്തധമനികളിൽ തടസ്സം നേരിടുന്നതാണ് ഹൃദയാഘാതം. ഈ തടസ്സം എന്ന വാക്കിനെ ആംഗലേയവൽക്കരിച്ചാണ് 'ഹാർട്ടിൽ ബ്ലോക്കുണ്ട്' എന്ന പ്രയോഗം സാധാരണമായത്. ചിലർ അറിയാതെ ഹൃദയസ്തംഭനം എന്നും വിളിച്ച് കേൾക്കാറുണ്ട്. എന്നാൽ വൈദ്യശാസ്ത്രത്തിൽ ഇവ മൂന്നും മൂന്നാണ്. വിശദീകരിക്കാം.

❤ ഹൃദയാഘാതം (ഹാർട്ട് അറ്റാക്ക്)

ഹൃദയത്തിന്റെ പേശികൾക്ക് (മയോ കാർഡിയം) രക്തം കുറയുന്ന രോഗങ്ങളെ പൊതുവേ കൊറോണറി ആർട്ടറി ഡിസീസ് (CAD) എന്ന് വിളിക്കുന്നു.

ഹൃദയം ബാങ്ക് ജീവനക്കാരെ പോലെയാണെന്ന് പറയാറുണ്ട്. ശരീരത്തിന് ആവശ്യമുള്ള രക്തം മുഴുവൻ പമ്പ് ചെയ്യുമെങ്കിലും ഹൃദയത്തിന് രക്തം വളരെ കൃത്യമായ അളവിൽ നേരിയ രക്തക്കുഴലുകളിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. (ബാങ്ക് ജീവനക്കാരന്റെ ശമ്പളം പോലെ) ഈ രക്തക്കുഴലുകളുടെ പേരാണ് കൊറോണറി ആർട്ടറികൾ. പ്രായം കൂടുംതോറും ഈ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞു വരികയും അടയാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. അനിയന്ത്രിതമായ പ്രമേഹം, രക്തസമ്മർദ്ദം, പുകവലി, കൊളസ്ട്രോൾ തുടങ്ങിയവ ഈ രക്തക്കുഴലുകളുടെ വ്യാസം കുറക്കാനും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനും കാരണമാകുന്നു.

രക്തയോട്ടം കുറഞ്ഞ ഉടൻ ഒരാൾക്ക് ഹൃദയാഘാതം ഉണ്ടാകണമെന്നില്ല. ആദ്യ കുറേ നാളുകളിൽ ആ വ്യക്തി ഒരു ബുദ്ധിമുട്ടുമില്ലാതെ ജീവിക്കാം. തടസ്സം വർധിച്ച് രക്തക്കുഴലിന്റ വ്യാസം ഒരു നിശ്ചിത ശതമാനത്തിൽ താഴുമ്പോൾ ആ വ്യകതി അതിന്റെ ലക്ഷണങ്ങൾ അറിഞ്ഞ് തുടങ്ങുന്നു. വേഗത്തിൽ നടക്കുമ്പോൾ, കയറ്റം കയറുമ്പോൾ, ഭാരമുള്ള ജോലി ചെയ്യുമ്പോളൊക്കെ നെഞ്ചിന്റെ മധ്യഭാഗത്തായി വേദന അല്ലെങ്കിൽ ഒരു ഭാരം അമർത്തുന്ന പോലത്തെ അവസ്ഥ (ആൻജൈന) ആയിരിക്കും പ്രധാന ലക്ഷണം. ഇത് കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന പോലെ തോന്നാം, വിയർക്കാം. വിശ്രമിക്കുമ്പോൾ നെഞ്ചിലെ ഭാരം അപ്രത്യക്ഷമാകുന്നുമുണ്ടെങ്കിൽ അത് ഹൃദയ സംബന്ധമാവാനുള്ള സാധ്യത കൂടുതലാണ്.

ശരീരം ഇളകി ജോലി ചെയ്യുമ്പോൾ ഹൃദയം കൂടുതൽ ജോലി ചെയ്യേണ്ടി വരികയും ഹൃദയത്തിന്റെ പേശികൾക്ക് കൂടുതൽ ഓക്സിജൻ വേണ്ടി വരികയും ചെയ്യുന്നു. എന്നാൽ നേരത്തേ തന്നെ തടസ്സമുള്ള രക്തക്കുഴലുകൾക്ക് വർധിച്ച അളവിൽ ഓക്സിജൻ എത്തിക്കാൻ കഴിയുന്നില്ല. ഓക്സിജൻ കിട്ടാതെയുള്ള ഹൃദയത്തിന്റെ വിങ്ങലാണ് ആൻജൈന. ചിലർക്ക് നെഞ്ചിലെ ഭാരത്തിന് പകരം കിതപ്പ്, നെഞ്ചിടിപ്പ് എന്നിവയും അനുഭവപ്പെടാറുണ്ട്. ഈ തടസ്സം ക്രമേണ വർധിച്ച് ഹൃദയത്തിന്റെ പേശികൾക്ക് ഒട്ടും ഓക്സിജൻ കിട്ടാതെ കോശങ്ങൾ നശിച്ചു തുടങ്ങുന്ന അവസ്ഥയാണ് ഹൃദയാഘാതം.

ഹൃദയാഘാതത്തിൽ ഇവിടെ നേരത്തേ വിവരിച്ച തരത്തിലുള്ള ലക്ഷണം (നെഞ്ചുവേദന അല്ലെങ്കിൽ ഭാരം)കൂടുതൽ സമയം (സാധാരണ മുപ്പത് മിനുട്ടിൽ കൂടുതൽ) നീണ്ടു നിൽക്കുന്നു. എന്നാൽ ഒരു ലക്ഷണവും മുൻപ് കാണിക്കാത്ത ആളുകൾക്ക് പെട്ടെന്നും ഹൃദയാഘാതം ഉണ്ടാകാം. അവരുടെ രക്തക്കുഴലുകൾ കാലക്രമേണ വ്യാസം കുറഞ്ഞ് പോകുന്നതിന് പകരം പെട്ടെന്ന് അടഞ്ഞുപോകുന്നതാണ് കാരണം. പ്രമേഹരോഗികളിലാവട്ടെ ഒരു ലക്ഷണവും ഇല്ലാതെ ഹൃദയാഘാതം സംഭവിക്കാം (സൈലന്റ് അറ്റാക്ക്). ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എന്ത് അനുഭവപ്പെട്ടാലും എത്രയും നേരത്തേ ചികിത്സ തേടുന്നതാണ് നല്ലത്.
ഭൂരിഭാഗം രോഗികളിലും ഇസിജി എടുക്കുമ്പോൾ വ്യത്യാസം കണ്ടെത്താൻ കഴിയും. എന്നാൽ ഹൃദയത്തിൽ രക്തം കുറയുന്ന എല്ലാ അവസ്ഥകളും ഇ.സി.ജി യിലൂടെ മാത്രം കണ്ടെത്താൻ കഴിയണമെന്നുമില്ല. ഹൃദയാഘാതം സംഭവിച്ച് ഏതാണ്ട് നാലു മണിക്കൂർ കഴിയുമ്പോൾ രക്തത്തിലെ ട്രോപ്പോണിൻ എന്ന രാസവസ്തുവിന്റെ അളവ് വർധിക്കുന്നു. ഈ ടെസ്റ്റും ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി ഉപയോഗിക്കാറുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം ട്രോപ്പോണിൻ പൂർണ്ണമായ ഹൃദയാഘാതം നടന്നു കഴിഞ്ഞാൽ മാത്രമാണ് രക്തത്തിൽ വർധിക്കുന്നത്. അതിനാൽ ചെറിയ ശതമാനം രക്തക്കുറവ് വരുന്ന അവസ്ഥകൾ ഈ ടെസ്റ്റിലൂടെ കണ്ടെത്താൻ കഴിയില്ല.
എക്കോ കാർഡിയോഗ്രാം എന്ന ഹൃദയത്തിന്റെ സ്കാനിംഗ് ഉപയോഗിച്ച് ഹൃദയത്തിന്റെ ആഘാതം സംഭവിച്ച് കഴിഞ്ഞ ഭാഗം തിരിച്ചറിയാൻ കഴിയും. എന്നാൽ ഹൃദയത്തിലേക്കുള്ള രക്തോട്ടവും അതിന്റെ തടസ്സവും ഏറ്റവും കൃത്യമായി തിരിച്ചറിയുന്ന പരിശോധന ആൻജിയോഗ്രാം ആണ്. ഇവിടെ ഒരു ഡൈ രക്തക്കുഴലുകളിലൂടെ കടത്തിവിട്ട് അത് ഒഴുകുന്ന രീതിയും അതിൽ നേരിടുന്ന തടസ്സങ്ങളും കണ്ടാണ് തീരുമാനം എടുക്കുന്നത്. ഈ തടസ്സങ്ങളെ സൂചിപ്പിക്കാനാണ് പലപ്പോഴും 'ബ്ലോക്ക്' എന്ന വാക്കുപയോഗിക്കുന്നത്. ഇത്തരം ബ്ലോക്ക് നീക്കലുമായി ബന്ധപ്പെട്ട നിരവധി അബദ്ധ പ്രചരണങ്ങൾ നിത്യേന സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. രോഗനിർണയത്തിൽ കൃത്യമായ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുള്ള ഘട്ടങ്ങളിൽ രോഗിയെ ട്രെഡ്മില്ലിൽ നടത്തി ഹൃദയത്തിന്റെ ജോലി ഭാരം വർധിപ്പിച്ച് അതോടൊപ്പം ഇ സി ജി രേഖപ്പെടുത്തുന്ന പരിശോധനാ രീതിയാണ് TMT (ട്രെഡ്മിൽ ടെസ്റ്റ്). അല്ലാതെ എടുക്കുന്ന ഇ സി ജി യിൽ മാറ്റങ്ങളൊന്നും കാണാത്ത സാഹചര്യത്തിലാണ് ഈ ടെസ്റ്റ് ചെയ്യുന്നത്.
ഹൃദയാഘാതത്തിന്റെ ചികിത്സയിൽ സമയം വളരെ നിർണ്ണായകമാണ്. നഷ്ടപ്പെടുന്ന ഓരോ നിമിഷവും ഹൃദയത്തിന്റെ കോശങ്ങൾ നശിച്ചു കൊണ്ടിരിക്കുന്നു. എത്ര നേരത്തേ രക്തോട്ടം പുനർവിന്യസിക്കുന്നോ അത്രയും കേടുപാടുകൾ ഹൃദയത്തിന് സംഭവിക്കുന്നത് കുറക്കാൻ കഴിയും.

❤ ഹാർട്ട് ബ്ലോക്ക്

ഹൃദയത്തിന്റ സങ്കോചവികാസങ്ങൾ വളരെ കൃത്യമായ താളത്തോടെയാണ് സംഭവിക്കുന്നത്. ഓരോ മിനുട്ടിലും 60 മുതൽ 100 വരെ തവണ ഹൃദയം സങ്കോചിക്കുകയും അത്രയും തവണ രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നു. ഓരോ പമ്പിങ്ങും ഓരോ മിടിപ്പായി ( പൾസ്) രക്തക്കുഴലുകളിൽ അനുഭവപ്പെടുന്നു. ഈ സങ്കോചവികാസങ്ങൾക്കു പിറകിൽ ഒരു വൈദ്യുത മണ്ഡലം പ്രവർത്തിക്കുന്നുണ്ട്. ഈ വൈദ്യുത തരംഗം കൃത്യമായ താളത്തിൽ ഉത്ഭവിക്കുന്ന ഭാഗത്തെ SA നോഡ് എന്നാണ് വിളിക്കുന്നത്. ഹൃദയത്തിന്റെ മുകളിലത്തെ അറയായ എട്രിയത്തിലാണ് ഇതിന്റെ സ്ഥാനം. ഇവിടെ നിന്നും ഓരോ തരംഗവും ഏട്രിയക്കും വെൻട്രിക്കിളിനും ഇടക്കുള്ള A V നോഡിൽ എത്തുകയും അവിടുന്ന് വെൻട്രിക്കിളുകളിലേക്കും സഞ്ചരിക്കുകയും ചെയ്യുന്നു. ഈ വഴിയിൽ എവിടെയെങ്കിലും തടസ്സം നേരിടുന്നതിനെയാണ് ഹാർട്ട് ബ്ലോക്ക് എന്ന് മെഡിക്കൽ സയൻസിൽ വിളിക്കുന്നത്. AVനോഡിലാണ് സാധാരണ തടസ്സം കാണപ്പെടാറ് (AV ബ്ലോക്ക്). ഇത് ഹൃദയത്തിന്റെ മിടിപ്പിന്റെ എണ്ണം കുറക്കുന്നു. മിടിപ്പിന്റെ എണ്ണം ക്രമാതീതമായി കുറഞ്ഞാൽ സ്വാഭാവികമായും ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കുറയുന്നു. തലച്ചോറിലേക്ക് ഒഴുകുന്ന രക്തത്തിന്റെ അളവ് കുറഞ്ഞാൽ തലകറക്കം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.ഭൂരിഭാഗം ഹാർട്ട് ബ്ലോക്കുകളും ഇ.സി.ജി യിൽ മനസ്സിലാക്കാൻ കഴിയും. മരുന്ന് കൊണ്ട് ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള അവസരങ്ങളിൽ പേസ് മേക്കർ ഘടിപ്പിക്കാറുണ്ട്.

❤ ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്)

ഹൃദയത്തിന്റെ സങ്കോച വികാസങ്ങൾ പൂർണമായി നിന്നു പോകുന്ന അവസ്ഥ. എന്നു വെച്ചാൽ ഹൃദയം ഒട്ടും രക്തം പമ്പ് ചെയ്യാതിരിക്കുന്നു. രോഗി ബോധരഹിതനാകുന്നു. മിടിപ്പുകളെല്ലാം (പൾസ്) അപ്രത്യക്ഷമാകുന്നു. ശ്വാസം നിലക്കുന്നു. വളരെ അപകടകരമായ അവസ്ഥയാണിത്. കാരണം ശരീരത്തിലെ മറ്റു അവയവങ്ങൾക്കൊന്നും രക്തം ലഭിക്കുന്നില്ല. ഏതാനും നിമിഷങ്ങൾ ഈ അവസ്ഥയിൽ തുടർന്നാൽ മരണം സംഭവിക്കുന്നു. അതു തടയാൻ ആണ് ഹൃദയസ്തംഭനം സംഭവിച്ചാൽ ജീവൻ രക്ഷാ നടപടികൾ (CPR) ആരംഭിക്കണമെന്ന് പറയുന്നത്. നെഞ്ചിൽ ശക്തമായി അമർത്തുകയും കൃത്രിമമായി ശ്വാസോച്ഛാസം നൽകുകയും ചെയ്താൽ രോഗിയെ ഒരു പക്ഷേ രക്ഷിക്കാൻ കഴിഞ്ഞേക്കും.

ചുരുക്കത്തിൽ ഹൃദയത്തിന്റെ പേശികൾക്ക് രക്തം കൊടുക്കുന്ന രക്തക്കുഴലുകൾ അടയുമ്പോൾ വരുന്നത് ഹൃദയാഘാതം അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക്. ഹൃദയത്തിന്റെ മിടിപ്പ് നിയന്ത്രിക്കുന്ന വയറിങ്ങിന് പ്രശ്നം വന്നാൽ ഹാർട്ട് ബ്ലോക്ക്. ഹൃദയം ഒട്ടും പ്രവർത്തിക്കാതെ വന്നാൽ ഹൃദയസ്തംഭനം അല്ലെങ്കിൽ കാർഡിയാക് അറസ്റ്റ്

നാഡി മിടിപ്പ് നോക്കി മരണം പ്രവചിക്കുന്ന   മഹാവൈദ്യന്മാർ നമ്മുടെ ക്ലാസിക്കുകളിലുണ്ട്. കാലാകാലമായി നമ്മുടെ ബോധത്തിൽ ഇതുറച്ചിട്ടുണ്ട്. ക്ഷമയോടെ രോഗി പറയുന്നത് കേട്ട് സ്നേഹത്തോടെ നാഡി പിടിച്ച് മിടിപ്പിന്റെ സ്പന്ദനം അനുഭവിക്കുന്ന ഡോക്ടർ സ്പർശനത്തിലൂടെ തന്നെ സൗഖ്യം പകരുന്നു എന്ന സങ്കൽപ്പമുണ്ട്. അതിൽ കഥയില്ല എന്നാർക്കും പറയാൻ കഴിയില്ല. നാഡിമിടിപ്പിലെ താള വ്യതിയാനങ്ങളിലൂടെ ചില വിലപ്പെട്ട പ്രാഥമിക സൂചനകൾ ഹൃദയത്തെയും രക്തപ്രവാഹത്തേയും കുറിച്ച് ലഭിക്കാമെന്നല്ലാതെ നാഡിമിടിപ്പിൽ വിരല് വെച്ച് കണ്ണടച്ച് ഏകാഗ്രമായി ഇരുന്നാൽ കൃത്യമായി രോഗനിർണയം നടത്താം എന്ന് അവകാശവാദം ഉന്നയിക്കുന്നത് മിതമായ ഭാഷയിൽ തെറ്റാണ്.

Sunday, 15 December 2019

വോയേജർ 2


സൂര്യന്റെ കാന്തികവലയം പിന്നിട്ടു സഞ്ചരിക്കുന്ന (ഇന്‍റര്‍സ്റ്റെല്ലാര്‍ സ്പേസ്) രണ്ടാമത്തെ മനുഷ്യനിര്‍മിത വസ്തുവാണ് വോയേജര്‍ 2. വോയേജര്‍ 1 ആണ് സമാനമായ നേട്ടം കൈവരിച്ച ഒന്നാമത്തെ വസ്തു. ഭൂമിയില്‍ നിന്ന് പന്ത്രണ്ട് ബില്യണ്‍ മൈല്‍ അകലെ ഹെലിയോപോസ് എന്ന് വിളിക്കുന്ന സൂര്യന്റെ സ്വാധീന വലയത്തിന്റെ അവസാനവും അവ്യക്തവുമായ ഒരു അതിര്‍ത്തിയുണ്ട്. ഇപ്പോള്‍ അതും കടന്ന് മുന്നേറിയിരിക്കുകയാണ് വോയേജര്‍ 2. വിക്ഷേപിച്ച്‌ 42 വര്‍ഷത്തിനു ശേഷം ആദ്യമായി ഒരു മങ്ങിയ സന്ദേശം അയച്ചിരിക്കുകയാണ് ഈ പേടകം.

1977 ഓഗസ്റ്റ് 20-നാണ് വോയേജര്‍ 2 വിക്ഷേപിച്ചത്. ഇതിന്റെ ഇരട്ട പേടകമായ വോയേജര്‍ 1 തൊട്ടടുത്ത മാസം 1977 സെപ്റ്റംബര്‍ അഞ്ചിനും വിക്ഷേപിച്ചു.
വ്യത്യസ്ത ദിശകളിലാണ് ഇവയുടെ സഞ്ചാരം. ശനി, യുറാനസ്, ജൂപിറ്റര്‍ എന്നീ ഗ്രഹങ്ങളെയും സൗരയൂഥത്തേയും മറികടന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തുവായിരുന്നു വോയേജര്‍ 2. ഇപ്പോള്‍ നമ്മുടെ സൗരയൂഥത്തിന്റെ വക്കിലെ ഏറ്റവും വിശദമായ രൂപം അയച്ചുകൊണ്ട് മറ്റൊരു ചരിത്രംകൂടെ രചിച്ചിരിക്കുകയാണ് വോയേജര്‍ 2. പേടകം ഇത്രമാത്രം അതിജീവിക്കുമെന്നോ വിവരങ്ങള്‍ നല്‍കുമെന്നോ നാസക്കുപോലും യാതൊരു ഉറപ്പുമില്ലായിരുന്നു.

ഒരു ബഹിരാകാശ പേടകത്തെ സൗരയൂഥത്തിന് പുറത്ത് നക്ഷത്രാന്തര ലോകത്തേക്ക് അയയ്ക്കാന്‍ കഴിയുമെന്നോ, ഇന്‍റര്‍സ്റ്റെല്ലാര്‍ സ്പേസിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നത്ര കാലം അതിന് അതിജീവിക്കാന്‍ കഴിയുമെന്നോ യാതൊരു ഉറപ്പും ഇല്ലായിരുന്നുവെന്ന് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. എഡ് സ്റ്റോണ്‍ പറഞ്ഞു. 1977-ല്‍ ദൌത്യം ആരംഭിക്കുന്നതിനു മുന്‍പ് മുതല്‍ തുടങ്ങി ഇപ്പോഴും അതിന്‍റെ ഭാഗമാണ് പ്രൊഫ. എഡ് സ്റ്റോണ്‍.

സൂര്യനെ പൊതിഞ്ഞു കിടക്കുന്ന വിസ്തൃതമായ പ്രദേശത്തെയാണ് ഹീലിയോസ്ഫിയര്‍ എന്നു പറയുന്നത്. ഒരു കുമിളയുടെ ആകൃതിയില്‍ സ്ഥിതിചെയ്യുന്ന ഇതിന്റെ അതിര്‍ത്തി നക്ഷത്രാന്തരീയ മാദ്ധ്യമവുമായി സന്ധിക്കുന്ന ഇടമാണ്. ഇത് പ്ലൂട്ടോയുടെ ഭ്രമണപഥത്തിനും അപ്പുറത്താണ് കിടക്കുന്നത്. ഇത്രയും ദൂരം വരെയാണ് സൗരവാതത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നത്. അതും കടന്നാണ് വോയേജര്‍ ബഹിരാകാശപേടകം യാത്ര തുടരുന്നത്.

പ്ളൂട്ടോണിയം 238 റേഡിയോ ഐസോടോപ്പ് തെര്‍മല്‍ ജനറേറ്ററുകളാണ് വോയജര്‍ പേടകങ്ങള്‍ക്ക് ഊര്‍ജം പകരുന്നത്. തുടക്കത്തില്‍ 315 വാട്ട് ആയിരുന്നു ശേഷി. റേഡിയോ ആക്ടീവ് അപചയം മൂലം ഓരോ വര്‍ഷവും നാല് വാട്ട് വീതം ശേഷി കുറയും. വോജയര്‍ രണ്ടില്‍ അഞ്ചും വോജയര്‍ ഒന്നില്‍ നാലും ഉപകരണങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഊര്‍ജലഭ്യത 2020-ഓടെ പരിമിതമാകുമ്ബോള്‍, ഉപകരണങ്ങളില്‍ പലതും നിര്‍ത്തേണ്ടി വരും. 2025-ഓടെ പ്ലൂട്ടോണിയത്തിന് പൂര്‍ണമായും അപചയം സംഭവിക്കും. നിര്‍ജീവമായ ലോഹപേടകങ്ങള്‍ മാത്രമായി അവ നക്ഷത്രാന്തരലോകത്തിലൂടെ പ്രയാണം തുടരും. സൂര്യന്റെ മാതൃഗാലക്‌സിയായ ആകാശഗംഗയിലൂടെ അനന്തമായി യാത്ര തുടരുക എന്നതാണ് വൊയേജര്‍ പേടകങ്ങളുടെ വിധി.

Saturday, 14 December 2019

കേരളത്തിൽ വീണ്ടും ഒരു പൂച്ചയെ പോസ്റ്റുമാർട്ടം ചെയ്യുന്നു. ആദ്യത്തെ കേസ് ഏതായിരുന്നു...?


തിരുവനന്തപുരത്ത് ഒരു പൂച്ചയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഒരുങ്ങുകയാണ് കേരളാ പോലീസ്. പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന കേസിലാണ് അതിവിചിത്രമെന്ന് തോന്നാവുന്ന ഈ പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ ക്യാമ്പെയിന്‍ കോര്‍ഡിനേറ്റര്‍ പാര്‍വതി മോഹന്റെയും പീപ്പിള്‍സ് ഫോര്‍ ആനിമല്‍സിന്റെ സെക്രട്ടറി ലത ഇന്ദിരയുടെയും പരാതിയിലാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. ഈ പ്രദേശത്തുള്ള ക്ലബ്ബില്‍ ചീട്ടുകളിക്കാനും മദ്യപിക്കാനുമെത്തുന്നവരില്‍ ചിലര്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നെന്നാണ് പോലീസിന് ലഭിച്ച പരാതി. പൂച്ചയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മാത്രമേ ലഭിക്കൂവെന്നാണ് വഞ്ചിയൂര്‍ പോലീസ് വ്യക്തമാക്കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കേസിലെ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കൂ.


പൂച്ചയെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് വിചിത്രമെന്ന് തോന്നുമെങ്കിലും കേരളാ പോലീസ് ഇതാദ്യമായല്ല ഒരു പൂച്ചയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കുന്നത്. കേരളത്തില്‍ നടക്കുന്ന രണ്ടാം പൂച്ച പോസ്റ്റുമോര്‍ട്ടമാണ് ഇത്. ഇത്തവണ പൂച്ചയുടെ തന്നെ മരണ കാരണം കണ്ടെത്താനാണ് പോസ്റ്റുമോര്‍ട്ടമെങ്കില്‍ ആദ്യത്തേത് ഒരു സ്ത്രീയുടെ കൊലപാതകം തെളിയിക്കാനാണ് പൂച്ചയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. അതും അധികമൊന്നും കാലം പിന്നിലല്ലാതെ. 2008ല്‍ ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍ പത്തിയൂര്‍പ്പാടത്തെ കുളത്തില്‍ ഒരു യുവതിയുടെ മൃതദേഹം പൊങ്ങി. ഈ കൊലപാതകത്തിലെ പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത് ഒരു പൂച്ചയുടെ മൃതദേഹമാണ്. ചത്ത പൂച്ച തെളിയിച്ച കേസ് എന്നാണ് ആ കേസിനെക്കുറിച്ച് താന്‍ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് മുമ്പ് പറഞ്ഞിട്ടുണ്ട്.

കുളത്തില്‍ കെട്ടിത്താഴ്ത്തിയ മൃതദേഹം അഴുകി പൊങ്ങിവന്നപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് പാദങ്ങള്‍ കുളത്തിന് മുകളില്‍ പൊങ്ങിനില്‍ക്കുന്നതറിഞ്ഞാണ് അന്ന് കരീലക്കുളങ്ങരയിലെ പ്രഭാതം ഉണര്‍ന്നത്. നാട്ടുകാര്‍ക്കെല്ലാം തീര്‍ത്തും അപരിചിതയായ ഒരു സ്ത്രീയായിരുന്നു അത്. മൃതദേഹത്തിന്റെ വയറ് കുത്തിക്കീറി കുടല്‍മാലയെല്ലാം പുറത്തുചാടിയ അവസ്ഥയിലായിരുന്നു. മൃതദേഹം കുളത്തില്‍ താഴ്ന്ന് പോകുന്നതിനായി ഒരു വേലിക്കല്ല് ശരീരത്തില്‍ ചേര്‍ത്ത് വച്ച് കെട്ടിയിരുന്നു. സ്ത്രീ ഉടുത്തിരുന്ന സാരി കൊണ്ട് തന്നെ രണ്ട് പാദങ്ങളും കെട്ടിയ നിലയിലായിരുന്നു. ഈ പാദങ്ങളാണ് കുളത്തിന് മുകളിലേക്ക് പൊങ്ങിവന്നത്. പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് തെളിഞ്ഞെങ്കിലും ഇവര്‍ നാട്ടുകാര്‍ക്കെല്ലാം അപരിചിതയാണെന്നതും സമീപപ്രദേശങ്ങളിലൊന്നും ഈ പ്രായത്തിലുള്ള സ്ത്രീയെ കാണാതെ പോയതായി പരാതി ലഭിച്ചിട്ടില്ലെന്നതും പോലീസിന്റെ അന്വേഷണത്തില്‍ തുടക്കത്തില്‍ തന്നെ തടസ്സമായി.

മൃതദേഹം കിടന്ന കുളത്തിന് ചുറ്റിലും നിരവധി വീടുകളും എപ്പോഴും ആള്‍പ്പെരുമാറ്റമുള്ള പ്രദേശവുമായിരുന്നു. ആരാണ് മരിച്ചതെന്ന് പോലും വ്യക്തതയില്ലാത്ത കേസ്. അന്ന് കായംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഹരികൃഷ്ണന് ആയിരുന്നു അന്വേഷണ ചുമതല. മൃതദേഹ പരിശോധനയില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറയ്ക്കാന്‍ ശ്രമിച്ചതാണെന്ന് വ്യക്തമായി. കുളത്തിന് സമീപത്ത് സംശയകരമായ രീതിയില്‍ യാതൊന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. കുളത്തിനടുത്തേക്ക് വരുന്ന സ്ഥലത്ത് ഒരു സര്‍പ്പക്കാവുണ്ട്. കാവിന് സമീപത്ത് എന്തോ ചത്തുചീഞ്ഞ മണം അനുഭവപ്പെട്ടതിനാല്‍ പോലീസ് അവിടെയും പരിശോധിച്ചു. ഒരു പൂച്ച ചത്തുകിടന്നതായിരുന്നു അത്. പ്രാഥമികമായി സ്ത്രീയുടെ മരണവുമായി ബന്ധിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല. എന്നാല്‍ സ്ത്രീയുടെ മൃതദേഹത്തിന്റെ അതേ പഴക്കം തന്നെ പൂച്ചയുടെ മൃതദേഹത്തിനുമുണ്ടായിരുന്നതാണ് തനിക്ക് അത് കണക്കിലെടുക്കണമെന്ന് തോന്നിയതെന്ന് ഹരികൃഷ്ണന്‍ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെയും പൂച്ചയുടെയും പോസ്റ്റുമോര്‍ട്ടം നടത്താമെന്നായിരുന്നു ഹരികൃഷ്ണന്റെ തീരുമാനം. ഇത് ആളുകളില്‍ ഒരു കൗതുകമുണ്ടാക്കുകയും ചെയ്തു.

ഒരു ചത്ത പൂച്ചയ്ക്ക് കേരളാ പോലീസ് ആദ്യമായായിരിക്കും മഹസര്‍ എഴുതിയതെന്ന് ജേക്കബ് പുന്നൂസ് മാതൃഭൂമി ചാനലിലെ എക്‌സ് ഫയല്‍ എന്ന ക്രൈം പ്രോഗ്രാമില്‍ പറയുന്നു. അതേസമയം പൂച്ചയുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഫോറന്‍സിക് സര്‍ജന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഒരു വെറ്റിനറി സര്‍ജന്‍ ആണ് ഈ പോസ്റ്റുമോര്‍ട്ടം നടത്തിയത്. പൂച്ചയുടെയും സ്ത്രീയുടെയും ആമാശയത്തില്‍ ഫ്യൂരിഡാന്‍ എന്ന വിഷം കലര്‍ന്ന ഒരേ ഭക്ഷണമായിരുന്നു ഉണ്ടായിരുന്നു. ഇരു മരണങ്ങളുടെയും ഏകദേശ സമയവും ഒന്നുതന്നെയായിരുന്നു. അതോടെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം സ്ത്രീയെ കുളത്തില്‍ കെട്ടിത്താഴ്ത്തിയതാണെന്ന് വ്യക്തമായി.

സ്ത്രീ ആരാണെന്നും ആരാണ് അവരെ കൊലപ്പെടുത്തിയതെന്നും അവര്‍ കഴിച്ച അതേ ഭക്ഷണം പൂച്ചയുടെ വയറ്റിലും എങ്ങനെയെത്തി എന്നത് സംബന്ധിച്ചുമുള്ള ചോദ്യങ്ങളാണ് പിന്നീട് പോലീസിന് മുന്നില്‍ ഉയര്‍ന്നത്. സ്ത്രീയാരാണെന്ന അന്വേഷണം ഫലം കാണാതായതോടെ അന്വേഷണ സംഘം പൂച്ചയുടെ പിന്നാലെ പോകാന്‍ തീരുമാനിച്ചു. പരിചയമുള്ള ആളുകള്‍ക്കൊപ്പം മാത്രമേ പൂച്ച സഞ്ചരിക്കുകയുള്ളൂ എന്ന് കുട്ടിക്കാലത്തേ മനസിലാക്കിയ തിയറിയാണ് ഇവിടെ ഹരികൃഷ്ണന്‍ ഉപയോഗിച്ചത്. പൂച്ചയുടെ ഉടമയാകും കൊലയാളിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ചത്ത പൂച്ചയുടെ ചിത്രങ്ങള്‍ എടുത്തിരുന്നു. ചത്ത പൂച്ചയുടെ ഫോട്ടോയുടെ ഫോട്ടോയും കൊണ്ട് നടക്കലായി പിന്നീട് പോലീസുകാരുടെ ജോലി. ഇതും നാട്ടുകാരില്‍ ചിരിയുണര്‍ത്തി. ചത്ത് ചീഞ്ഞ പൂച്ചയുടെ ഫോട്ടോ നോക്കിയാല്‍ ഏതാണ്ട് എല്ലാ പൂച്ചയും ഒരുപോലിരിക്കുമല്ലോ? എന്നാല്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍ തങ്ങളുടെ വീട്ടിലെ പൂച്ചയെ കാണാനില്ലെന്നും നിറവും പാടും എല്ലാം കണ്ടാല്‍ ഏതാണ്ട് ഇതുപോലിരിക്കുമെന്നും ഉത്തരം ലഭിച്ചു. പൂച്ച ചത്തുപോയ കാര്യമൊന്നും വീട്ടുകാര്‍ അറിഞ്ഞിട്ടില്ല. എന്നാല്‍ ഈ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം നടന്നുവെന്ന് സംശയിക്കുന്നതിന്റെ ഏതാണ്ട് അടുത്ത ദിവസങ്ങളില്‍ തന്നെയാണ് പൂച്ചയെ കാണാതായതെന്ന് വീട്ടുകാര്‍ക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചു. അതോടെ പൂച്ച ഈ വീട്ടിലേത് തന്നെയാണെന്ന് പോലീസിന് ഉറപ്പായി.

പൂച്ച താമസിച്ചിരുന്ന വീടിന് പരിസരങ്ങളിലുമെല്ലാം പോലീസ് പ്രത്യേക നിരീക്ഷണം നടത്തിയെങ്കിലും സംശയിക്കേണ്ടതായി യാതൊന്നും കണ്ടെത്താനായില്ല. വീട്ടുകാര്‍ക്കാര്‍ക്കും ഈ കൊലപാതകവുമായി ബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ പോലീസിന് വ്യക്തമായി. അതോടെ ചുറ്റിലുമുള്ള എല്ലാ വീടുകളിലേക്കും പോലീസ് നിരീക്ഷണം നീണ്ടു. ആ വീടുകളിലെയെല്ലാം അംഗങ്ങളുടെ പെരുമാറ്റങ്ങളെല്ലാം സാധാരണമായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ജലാലുദ്ദീന്‍ എന്നയാള്‍ പലനാടുകളില്‍ സഞ്ചരിച്ച് പാത്രങ്ങള്‍ കച്ചവടം നടത്തുയാള്‍ ആയിരുന്നു. പോലീസിന് ഇയാളെ നേരിട്ട് കാണാന്‍ സാധിച്ചില്ല. കച്ചവടവുമായി ബന്ധപ്പെട്ട് അയാള്‍ യാത്രയിലായിരുന്നു. ഇയാളുടെ ഫോണ്‍ നമ്പരിലേക്ക് ഹരികൃഷ്ണന്‍ ഓരോ തവണ വിളിക്കുമ്പോഴും ഓരോ സ്ഥലങ്ങളില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞ് ഹാജരാകാന്‍ കൂട്ടാക്കാതിരുന്നു.

അതോടെ ഹരികൃഷ്ണന് കൂടുതല്‍ സംശയങ്ങളുണ്ടായി. അയാളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ നില്‍ക്കുന്ന യഥാര്‍ത്ഥ സ്ഥലം മാറ്റിയാണ് ഇയാള്‍ പറഞ്ഞിരുന്നതെന്ന് തനിക്ക് മനസിലായതായി ഹരികൃഷ്ണന്‍ പറയുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തന്നെ പോലീസ് തീരുമാനിച്ചു. അപ്പോഴേക്കും നാട്ടുകാരുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമുയര്‍ന്നു. കാരണം കൊല്ലപ്പെട്ടതാരാണെന്ന് പോലും പോലീസിന് അതുവരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് തന്നെയുള്ള പരിശോധനയില്‍ അയാള്‍ വീട്ടിലെത്തിയത് തിരിച്ചറിഞ്ഞ പോലീസ് അവിടെ നിന്ന് തന്നെ അയാളെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

പാത്രക്കച്ചവടത്തിനായി കരുവാറ്റ എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഇയാള്‍ കൊലചെയ്ത സ്ത്രീയെ പരിചയപ്പെട്ടത്. കരീലക്കുളങ്ങരയില്‍ നിന്നും ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ അകലെയാണ് കരുവാറ്റ. അവരുമായി ആദ്യം സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമായ ഇയാള്‍ അവരുടെ ആഭരണങ്ങളും മറ്റും ഇയാള്‍ വാങ്ങി പണയം വയ്ക്കുകയും ആ പണം തന്റെ ധൂര്‍ത്തിനായി ചെലവഴിക്കുകയും ചെയ്തിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സ്ത്രീ ഈ ആഭരണങ്ങള്‍ തിരികെ ചോദിച്ചു. അതോടെ സ്ത്രീയെ കൊലപ്പെടുത്താന്‍ തന്നെ ഇയാള്‍ തീരുമാനിച്ചു. ആഭരണങ്ങള്‍ നല്‍കാമെന്ന വാക്ക് ആവര്‍ത്തിച്ച് തിരുവനന്തപുരത്ത് കറങ്ങി നടന്ന ശേഷം കായംകുളത്ത് വന്ന ഇവര്‍ മൃതദേഹം കണ്ടെത്തിയ പാടത്തെത്തി. പിന്നീട് ഇയാള്‍ ഒറ്റയ്ക്ക് വീട്ടിലെത്തി അവിടെ സൂക്ഷിച്ചിരുന്ന ഫ്യൂരിഡാന്‍ സ്ത്രീക്ക് കഴിക്കാനായി വാങ്ങിവച്ചിരുന്ന ഭക്ഷണത്തില്‍ കലര്‍ത്തുകയായിരുന്നു. പാടത്തിരുന്ന് തന്നെ അത് കഴിച്ച സ്ത്രീ അത് തീരും മുമ്പ് തന്നെ ശര്‍ദ്ദിച്ച് മരിച്ച് വീഴുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ മൃതദേഹത്തിന്റെ വയറ് ഒരു കത്തി ഉപയോഗിച്ച് കീറുകയും പാദങ്ങള്‍ രണ്ടും കൂട്ടിക്കെട്ടുകയും ചെയ്ത ശേഷം ദേഹത്ത് വേലിക്കല്ല് കെട്ടി കുളത്തിലെറിയുകയായിരുന്നു.

എന്നാല്‍ വീട്ടില്‍ നിന്നും ഭക്ഷണ പൊതിയുമായി പോകുന്ന ജലാലുദ്ദീന് പിന്നാലെ പൂച്ചയും കൂടിയത് ഇയാള്‍ അറിഞ്ഞില്ല. സ്ത്രീ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും അവരുടെ ശര്‍ദ്ദിലും കഴിച്ച പൂച്ചയുടെ ശരീരത്തിലും ഫ്യൂരിഡാന്‍ കലര്‍ന്നു. കുറ്റം പ്രതി സ്വയം ഏറ്റുപറഞ്ഞതോടെ അന്വേഷണ സംഘം പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചു. നാല് വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവില്‍ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജലാലുദ്ദീന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. പൂച്ചയുടെ വഴിയിലൂടെ സഞ്ചരിച്ച് പോലീസ് തന്നിലേക്കെത്തുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്ന് ജലാലുദ്ദീന് പൊലീസിനോട് പറഞ്ഞു..

Friday, 6 December 2019

സ്മാർട്ട്ഫോൺ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും മുൻകരുതലുകളും..


തൊണ്ണൂറ്റൊമ്പതു ശതമാനം പേര്‍ക്കും മൊബൈല്‍ഫോണുള്ളൊരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നല്ലൊരു പങ്കിന്‍റെയും പക്കലുള്ളത് സ്മാര്‍ട്ട്‌ഫോണുകളാണു താനും. ഏതാനും ക്ലിക്കുകളാല്‍ ഏതൊരു വിഷയത്തെപ്പറ്റിയും വിവരം സംഭരിക്കാനും ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുന്ന തക്കത്തില്‍ മറ്റൊരു വന്‍കരയിലേക്കു വിഡിയോകോള്‍ നടത്താനുമൊക്കെ സ്മാര്‍ട്ട്ഫോണുകള്‍ നമ്മെ പ്രാപ്തരാക്കുന്നുണ്ട്. ഒപ്പം പക്ഷേ അവ ശാരീരികവും മാനസികവും സാമൂഹികവുമായ പല കുഴപ്പങ്ങള്‍ക്കും ഹേതുവാകുന്നുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയെ പരിചയപ്പെടാം.

ഉറക്കക്കുറവ്

മാറിമാറി ഉണര്‍വും ഉറക്കവും ഉത്പാദിപ്പിക്കാന്‍ ശരീരത്തിനാവുന്നത്, രാവിലെകളില്‍ ആകാശത്തിന്‍റെ നീലനിറം പകലിന്‍റെയും സന്ധ്യകളില്‍ ചുവപ്പുവെളിച്ചം രാത്രിയുടെയും തുടക്കത്തെപ്പറ്റി തലച്ചോറിന് അറിവുകൊടുക്കുന്നതിനാലാണ്. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം പുറംലോകത്തുനിന്നുള്ള ഇത്തരം സൂചനകളില്‍ അധിഷ്ഠിതമാണ്. രാത്രിയില്‍, സ്മാര്‍ട്ട്ഫോണുകളും സമാന സ്ക്രീനുകളും ബഹിര്‍ഗമിപ്പിക്കുന്ന നീലവെളിച്ചം പുറത്തു പകലാണെന്നു തലച്ചോര്‍ തെറ്റിദ്ധരിക്കാനും, തന്മൂലം മെലാറ്റോണിന്‍റെ ഉത്പാദനം കുറയാനും, അതുവഴി ഉറക്കമില്ലായ്മക്കും വഴിയൊരുക്കുന്നുണ്ട്.

ഉറങ്ങാന്‍ കിടക്കുന്നതിനു തൊട്ടുമുന്നേ വൈകാരികമായി ഉത്തേജിപ്പിക്കുന്ന പോസ്റ്റുകളോ മറ്റോ കാണുന്നതും ഉറക്കത്തെ അവതാളത്തിലാക്കാം. ഉറക്കത്തിനിടെ കോളുകള്‍ അറ്റന്‍ഡു ചെയ്യുക, ഇടയ്ക്കുണര്‍ന്നു മെസേജുകള്‍ക്കു മറുപടി കൊടുക്കുക തുടങ്ങിയ ശീലങ്ങളും പ്രശ്നമാണ്.

നിരന്തരം ഉറക്കമിളക്കുന്നത് ഐ.ക്യു. പതിനഞ്ചോളം പോയിന്‍റു താഴാനും, തര്‍ക്കങ്ങള്‍ പരിഹരിക്കാനും മറ്റും നമ്മെ പ്രാപ്തരാക്കുന്ന ‘ഇമോഷനല്‍ ഇന്‍റലിജന്‍സ്’ ദുര്‍ബലമാകാനും, ഹൃദ്രോഗത്തിനുമൊക്കെ ഇടയൊരുക്കാം.

വാഹനാപകടങ്ങൾ

“മണിക്കൂറില്‍ 119 മൈല്‍ സ്പീഡില്‍ ഓടുകയായിരുന്ന ട്രെയിന്‍ ഒരു വളവു തിരിയുന്നേരം എഞ്ചിന്‍ ഡ്രൈവര്‍ ഫോണ്‍സംഭാഷണത്തില്‍ മുഴുകിപ്പോയതിനാല്‍ പാളംതെറ്റി 79 പേര്‍ കൊല്ലപ്പെട്ടു.” - സ്പെയിനില്‍ നിന്നുള്ള വാര്‍ത്ത.

വണ്ടിയോടിക്കുന്നതിനിടയില്‍ ഫോണില്‍ സംസാരിക്കുന്നതും മെസേജുകള്‍ വായിക്കുന്നതും മറുപടി ടൈപ്പ് ചെയ്യുന്നതു പോലും പതിവുകാഴ്ചകളായിരിക്കുന്നു. ഇതെല്ലാം ശ്രദ്ധ റോഡില്‍നിന്നു വ്യതിചലിക്കാനും വഴിയിലെ തടസ്സങ്ങളോടുള്ള പ്രതികരണം വൈകിപ്പോവാനും അങ്ങനെ അപകടങ്ങള്‍ക്കും നിമിത്തമാകുന്നുണ്ട്. “ഫോണ്‍ ‘ഹാന്‍ഡ്സ് ഫ്രീ’ ആയാണ് ഉപയോഗിക്കുന്നതെങ്കില്‍ പേടിക്കേണ്ടതില്ല”, “ഫോണെടുക്കുന്നേരം സ്പീഡു കുറയ്ക്കുകയാണെങ്കില്‍ സുരക്ഷിതമായി” എന്നൊക്കെയുള്ള അബദ്ധധാരണകളുള്ളവരാണു കൂടുതലും ഇത്തരം പെരുമാറ്റങ്ങള്‍ക്കു തുനിയാറ്. ഫോണില്‍ സംസാരിക്കുമ്പോള്‍, ചെറുപ്പക്കാരായ ഡ്രൈവര്‍മാരുടെ “റിയാക്‌ഷന്‍ ടൈം” (റോഡിലെ തടസ്സങ്ങളോടു തക്കരീതിയില്‍ പ്രതികരിക്കാന്‍ എടുക്കുന്ന സമയം) എഴുപതുകാരുടേതിനു സമമായിപ്പോകുന്നുണ്ട്, ഫോണില്‍ സംസാരിച്ചോ ടൈപ്പ് ചെയ്തോ കൊണ്ടുള്ള ഡ്രൈവിങ് അപകടസാധ്യത യഥാക്രമം രണ്ടും ഇരുപത്തിമൂന്നും ഇരട്ടിയാക്കുന്നുണ്ട് എന്നൊക്കെയാണു ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പരിക്കു കൽ

“ഫോണിലൊരു വിഡിയോയുംനോക്കി റോഡു മുറിച്ചുകടക്കുകയായിരുന്ന യുവാവ് ട്രക്കിടിച്ചു മരിച്ചു. തളംകെട്ടിക്കിടന്ന ചോരയ്ക്കു നടുവില്‍, ആ ഫോണില്‍ അയാള്‍ അവസാനമായിക്കണ്ട ആ വിഡിയോ തുടര്‍ന്നുകൊണ്ടിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.” - ചൈനയില്‍നിന്നുള്ള വാര്‍ത്ത

ഒരേ സമയത്ത് രണ്ടു വ്യത്യസ്ത കാര്യങ്ങളില്‍ ശ്രദ്ധയര്‍പ്പിക്കാന്‍ തലച്ചോറിനാകില്ല. അതിനാല്‍ത്തന്നെ, നിരത്തിലും മറ്റും നടക്കുമ്പോള്‍ ശ്രദ്ധ മൊത്തം ഫോണില്‍ നിക്ഷേപിക്കുന്നത് കണങ്കാല്‍ ഉളുക്കാനും കൈക്കുഴ തെറ്റാനും എല്ലുകള്‍ ഒടിയാനും തലയ്ക്കു പരിക്കേല്‍ക്കാനും മരണങ്ങള്‍ക്കു പോലും ഹേതുവാകുന്നുണ്ട്. ഫോണില്‍ ശ്രദ്ധിച്ചുകൊണ്ട് റോഡിലൂടെ നടക്കുന്നതു ചില രാജ്യങ്ങളെങ്കിലും നിരോധിച്ചുതുടങ്ങിയിട്ടുമുണ്ട്.

‌കണ്ണിലെ വിഷമങ്ങൾ

മുഖത്തിന്‍റെ ഒരു വശം തലയിണയില്‍ അമര്‍ത്തിക്കിടന്നോ മറ്റോ, രാത്രിയില്‍ ഒറ്റക്കണ്ണു കൊണ്ട് ഏറെനേരം ഫോണ്‍ നോക്കുന്നവര്‍ക്ക്, അതേത്തുടര്‍ന്ന്, ഫോണ്‍ നോക്കാനുപയോഗിച്ചിരുന്ന കണ്ണില്‍ കുറച്ചു സമയത്തേക്ക് കാഴ്ചക്കുറവ് അനുഭവപ്പെടാം. ‘ട്രാന്‍സിയന്‍റ് സ്മാര്‍ട്ട്ഫോണ്‍ ബ്ലൈന്‍ഡ്നസ്’ എന്നാണിതിനു പേര്.

ഫോണിന്‍റെയോ മറ്റോ സ്ക്രീന്‍ ദീര്‍ഘനേരം നോക്കിയിരുന്നാല്‍ കൗമാരക്കാരില്‍ എണ്‍പതു ശതമാനത്തിനും മുതിര്‍ന്നവരില്‍ നാല്‍പതു ശതമാനത്തിനും കണ്ണില്‍ അസ്വസ്ഥതയും വരള്‍ച്ചയും തളര്‍ച്ചയും മറ്റും തോന്നാം. ഇത് ‘ഡിജിറ്റല്‍ ഐ സ്ട്രെയിന്‍’ എന്നാണറിയപ്പെടുന്നത്.

അണുബാധകൽ

പതിനേഴായിരത്തിലേറെ ബാക്ടീരിയകളെ വീതമാണ് ഒരു പഠനം ഓരോ സ്മാര്‍ട്ട്ഫോണിന്‍റെയും ഉപരിതലത്തില്‍ കണ്ടെത്തിയത്. അരിസോണ സര്‍വകലാശാലയിലെ ഗവേഷണം വ്യക്തമാക്കിയത്, സ്മാര്‍ട്ട്ഫോണുകളിലെ ബാക്ടീരിയകളുടെ എണ്ണം ടോയ്‌ലറ്റ്‌ സീറ്റുകളിലേതിന്‍റെ പത്തിരട്ടിയാണെന്നാണ്. ഭൂരിപക്ഷവും നിരുപദ്രവകാരികളായവയാണെങ്കിലും രോഗനിദാനമാകാറുള്ള എന്ററോകോക്കസ് ഫീക്കാലിസ് മുതലായവയുടെ സാന്നിധ്യവും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, കുട്ടികള്‍ക്കു ബ്രോങ്കൈറ്റിസ് പോലുള്ള അണുബാധകള്‍ വരുത്താന്‍ ഫോണുകള്‍ ധാരാളമാണ്. തൊണ്ടവേദനയുള്ളവര്‍ ചുമക്കുമ്പോള്‍ ഫോണില്‍ പതിക്കുന്ന വൈറസുകള്‍ ആ ഫോണെടുക്കുന്ന മറ്റുള്ളവരുടെ ദേഹത്തേക്കു കടക്കാനുള്ള സാധ്യതയുമുണ്ട്.

മറ്റു ശാരീരികപ്രശ്നങ്ങൾ

ഫോണും നോക്കി ഒരിടത്തുതന്നെ കുറേയിരിക്കുന്നതു കഴുത്തിലും തോളിലും വേദനയ്ക്കും കൈകളിലെ വൈഷമ്യങ്ങള്‍ക്കും കാരണമാകാം. കൈ തുടര്‍ച്ചയായി ഫോണില്‍ ചലിപ്പിക്കുന്നത് ‘ഐഫോണ്‍ തമ്പ്’ എന്ന പ്രശ്നമുളവാക്കാം. വിരലുകളില്‍, പ്രത്യേകിച്ചു തള്ളവിരലില്‍, കടുത്ത വേദന, നീര്, ചുവപ്പ്, ചൂട്, ചലിപ്പിക്കാനുള്ള വൈഷമ്യം എന്നിവയാണ് ഇതിന്‍റെ മുഖ്യലക്ഷണങ്ങള്‍.

മൊബൈല്‍ഫോണുകളുടെ ഇലക്ട്രോമാഗ്നറ്റിക് കിരണങ്ങള്‍ പുരുഷബീജങ്ങളുടെ ചലനശേഷി കുറയ്ക്കുന്നുണ്ട്. ഫോണിന്‍റെ അമിതോപയോഗമുള്ളവര്‍ക്ക് വ്യായാമത്തിന്‍റെ അഭാവം മൂലം പൊണ്ണത്തടിയും ഹൃദ്രോഗവുമൊക്കെ പിടിപെടുകയുമാവാം.

ഏകാന്തതയുടെ അപാരതീരങ്ങലിൽ

ചുറ്റുമുള്ളവരില്‍നിന്നൊക്കെ സ്ഥിരം ഒഴിഞ്ഞുമാറി, ഉള്ള സമയം മുഴുവന്‍ ഫോണിനോടൊത്തു ചെലവിടുന്ന ശീലക്കാരില്‍ ഇരുന്നൂറിലധികം ജീനുകളുടെ പ്രവര്‍ത്തനരീതി വ്യതിയാനപ്പെടുകയും ശരീരമാസകലം നേരിയൊരു നീര്‍വീക്കം (inflammation) സംജാതമാവുകയും ചെയ്യാം. ഇത്, രോഗപ്രതിരോധശേഷി ദുര്‍ബലമാവാനും പ്രമേഹത്തിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഡിമന്‍ഷ്യയ്ക്കും കാന്‍സറിനുമൊക്കെ ഇടനിലയാകാം.

ബൗദ്ധിക പ്രത്യാഘാതങ്ങല്‌

അലസമായിരിക്കാന്‍ നമുക്കവസരം കിട്ടുമ്പോള്‍ തലച്ചോറില്‍ “നിഷ്ക്രിയനേര നാഡീശൃംഖല” (default mode network) എന്ന, നിരവധി മസ്തിഷ്കഭാഗങ്ങളുടെയൊരു കൂട്ടായ്മ സക്രിയമാവും. അന്നേരങ്ങളില്‍, ആയിടെ നടന്ന സംഭവങ്ങളെ സ്മൃതിപഥത്തില്‍ക്കൊണ്ടുവന്ന്, വൈകാരികപ്രാധാന്യമുള്ളവയെ കൂട്ടിയിണക്കി, സമീപകാല അനുഭവങ്ങളുടെ അര്‍ത്ഥം ഉള്‍ക്കൊണ്ടെടുക്കാന്‍ നമുക്കാവും. കുളിക്കുമ്പോഴും ബസ്സിലിരിക്കുമ്പോഴും മറ്റും സുപ്രധാനവും അപ്രതീക്ഷിതവുമായ പല ആശയങ്ങളും മനസ്സിലേക്കു വരുന്നത് ഇതിന്‍റെ ഭാഗമായാണ്. സര്‍ഗാത്മകതയ്ക്കും നൈസര്‍ഗികതയ്ക്കും ഈയൊരു പ്രക്രിയ അത്യന്താപേക്ഷിതവുമാണ്. തക്കം കിട്ടുമ്പോഴൊക്കെ ഫോണ്‍ കയ്യിലെടുക്കുന്നത് ഇതിനൊക്കെയുള്ള അവസരങ്ങളെ ഇല്ലാതാക്കുന്നുണ്ട്.

തന്‍റെ തന്നെയും മറ്റുള്ളവരുടെയും വികാരങ്ങളെ യഥോചിതം തിരിച്ചറിയാനുള്ള കഴിവ് “ഇമോഷനല്‍ ഇന്‍റലിജന്‍സ്” എന്നറിയപ്പെടുന്നു. ഏതുനേരവും ഫോണുമായിരിക്കുന്ന കുട്ടികള്‍ ഇതിന്‍റെ കാര്യത്തില്‍ പിന്നാക്കമാകുന്നുണ്ട്. ഫോണുകള്‍ സ്വന്തം വികാരങ്ങളെയും ചിന്തകളെയും നിരീക്ഷിക്കാനുള്ള വേളകളെ അപഹരിക്കുകയും അക്ഷമ ജനിപ്പിക്കുകയും ചെയ്യുന്നതിനാലാണിത്.

ഏതൊരു പ്രശ്നമുണ്ടായാലും പരിഹാരത്തിന് ഫോണിനെയും നെറ്റിനെയും കൂട്ടുപിടിക്കുന്ന പ്രകൃതക്കാര്‍ക്ക് കാര്യകാരണബന്ധങ്ങള്‍ മനസ്സിലാക്കാനും പ്രശ്നങ്ങളെ വിശകലനം ചെയ്യാനുമൊക്കെയുള്ള പാടവങ്ങള്‍ ദുര്‍ബലമായിത്തീരാം.

ഏകാഗ്രതക്കുറവ്

ഏതു കോലാഹലത്തിനിടയ്ക്കും ആരെങ്കിലും നമ്മുടെ പേരുച്ചരിച്ചാല്‍, അങ്ങോട്ടു ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലെങ്കില്‍പ്പോലും, അതു നാം കേള്‍ക്കില്ലേ? നമ്മുടെ പേരിനു നമ്മുടെ തലച്ചോര്‍ ഏറെ പ്രാമുഖ്യം കല്‍പിക്കുന്നുണ്ടെന്നതിനാലാണിത്. അത്രയുംതന്നെ പ്രാധാന്യം നമ്മുടെ ഫോണിനും നല്‍കപ്പെടുന്നുണ്ടെന്നാണു പഠനങ്ങള്‍ പറയുന്നത്. ഇക്കാരണത്താല്‍ത്തന്നെ, പ്രാധാന്യമുള്ള വല്ലതും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഫോണുകള്‍ നമ്മുടെ ശ്രദ്ധയെ പല രീതിയില്‍ താറുമാറാക്കാം:

∙ ഇടയ്ക്ക് നോട്ടിഫിക്കേഷന്‍ വല്ലതും വന്നാല്‍, ഫോണ്‍ എടുത്തില്ലെങ്കില്‍പ്പോലും, അതെന്തിന്റേതാകുമെന്ന ആകാംക്ഷയിലും “ഇപ്പോഴതു ശ്രദ്ധിക്കേണ്ട” എന്നു സ്വയം ബോധ്യപ്പെടുത്തുന്നതിനുമൊക്കെ മാനസികോര്‍ജ്ജം പാഴാകാം.

∙ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം മടുപ്പുളവാക്കുന്നതാണെങ്കില്‍ ഇടയ്ക്കു “ചെറിയൊരു” ബ്രേക്കിനു വേണ്ടി നാം ഫോണ്‍ കയ്യിലെടുക്കുകയും അത് ഉദ്ദേശിച്ചതിലുമധികം നേരം നീണ്ടുപോവുകയും ചെയ്യാം.

∙ ഫോണില്‍ സമയം ചെലവിട്ട ശേഷം ആദ്യം ചെയ്തുകൊണ്ടിരുന്ന കാര്യത്തിലേക്കു മടങ്ങിച്ചെന്നാലും ശ്രദ്ധ അതില്‍ പൂര്‍ണമായിപ്പതിയാന്‍ സമയമെടുക്കാം.

ഫോമോ

ഏതു നേരത്ത് എഫ്ബിയില്‍ പോസ്റ്റിട്ടാലും ഉടനടി വന്ന് ലൈക്കോ കമന്റോ ചെയ്തിട്ടുപോവുന്ന ഒന്നോ രണ്ടോ ഫ്രണ്ട്സെങ്കിലും മിക്കവര്‍ക്കുമുണ്ടാവും. ഇങ്ങനെ എഫ്ബിയില്‍ത്തന്നെ അഹോരാത്രം കുത്തിയിരിക്കുന്നവര്‍ക്ക് “FOMO (Fear of Missing Out)” എന്ന പ്രശ്നമാവാം. താന്‍ ഓണ്‍ലൈനല്ലാതിരുന്നാല്‍ അന്നേരത്ത് മറ്റുള്ളവരവിടെ അടിച്ചുപൊളിക്കുന്നുണ്ടാവും, അതിപ്രധാനമായ പലതും അവിടെ നടന്നേക്കും, അതിലൊക്കെ താന്‍ ഭാഗഭാക്കല്ലാതെ പോയേക്കും എന്നെല്ലാമുള്ള നിതാന്തഭീതികളാണ് ഫോമോയുടെ മുഖമുദ്ര. ക്ലാസിലിരിക്കുമ്പോഴോ വണ്ടിയോടിക്കുമ്പോഴോ ഒക്കെപ്പോഴും ഫോമോ ബാധിതരുടെ ശ്രദ്ധ ഫോണിലേക്കാവാം.

നിത്യജീവിതത്തില്‍നിന്നു വലിയ സംതൃപ്തി കിട്ടാത്തവര്‍ക്കും മോഹങ്ങള്‍ പലതും നടക്കാതെ പോയവര്‍ക്കും ഫോമോയ്ക്കു സാധ്യത കൂടുതലുണ്ട്. ഫോമോ മൂലം അവരുടെ അസംതൃപ്തിയും അസന്തുഷ്ടിയും പക്ഷേ പിന്നെയും വഷളാവുകയാണു പതിവ്.

നോമോഫോബിയ

“എന്‍റെ ഫോണ്‍ എന്‍റെ ലോകമായിത്തീര്‍ന്നിരിക്കുന്നു, എന്‍റെയൊരു അവയവം പോലെയായിരിക്കുന്നു.” – ഒരു നോമോഫോബിയ ബാധിതന്‍

നോമോഫോബിയ, “നോ മൊബൈല്‍ ഫോബിയ” എന്നതിന്‍റെ ചുരുക്കരൂപമാണ്. സ്വന്തം ഫോണിനെ സ്വല്‍പനേരത്തേക്കെങ്കിലും പിരിഞ്ഞിരിക്കേണ്ടി വരുമ്പോഴോ അതേപ്പറ്റി ചിന്തിക്കുമ്പോള്‍പ്പോലുമോ വല്ലാത്ത ഉത്ക്കണ്ഠയും ഉള്‍ക്കിടിലവും തോന്നുന്ന സ്ഥിതിവിശേഷത്തിന്‍റെ പേരാണിത്. ഇതേറെ സാധാരണവുമാണ് — ബാംഗ്ലൂരിലെയും നാഗ്’പൂരിലെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലെ പഠനങ്ങളില്‍ക്കണ്ടത്, രണ്ടിടത്തും നാല്പതു ശതമാനത്തോളം പേരെ നോമോഫോബിയ പിടികൂടിയിട്ടുണ്ടെന്നായിരുന്നു. ഫോണിലൂടെയല്ലാതുള്ള ആശയവിനിമയത്തിന് പ്രാപ്തതക്കുറവുള്ളവരെ ഇതു കൂടുതലായി ബാധിക്കാം.

റിംഗ്സൈറ്റി

കീശയില്‍ ഫോണിന്‍റെ വൈബ്രേഷന്‍ അനുഭവപ്പെട്ട് അതെടുത്തു നോക്കുമ്പോള്‍ കോളോ നോട്ടിഫിക്കേഷനോ ഒന്നും വന്നിട്ടേയില്ലെന്നു കണ്ട അനുഭവമുണ്ടോ? അല്ലെങ്കില്‍, മേശപ്പുറത്തു ഫോണടിക്കുന്നതായിത്തോന്നി അതെടുക്കാനൊരുങ്ങുമ്പോള്‍ ഫോണ്‍ മുറിയിലേ ഇല്ലെന്നു തിരിച്ചറിയേണ്ടി വന്നിട്ടുണ്ടോ? ഇങ്ങിനെ, ഇല്ലാത്ത റിംഗോ വൈബ്രേഷനോ ഉണ്ടെന്നു തോന്നുന്നതിനെയാണ് “റിംഗ്സൈറ്റി” എന്നു വിളിക്കുന്നത്. “ഫാന്‍റം വൈബ്രേഷന്‍” എന്നൊരു പേരും ഇതിനുണ്ട്. മൂന്നില്‍ രണ്ടോളം ആളുകള്‍ക്ക് ഇത്തരമനുഭവങ്ങള്‍ ഉണ്ടാവാം. ഇവയ്ക്കു സാധ്യത കൂടുതലുള്ളത് പതിവായി വൈബ്രേഷന്‍ മോഡ് ഉപയോഗിക്കുന്നവര്‍, ഏറെനേരം ഫോണുംകൊണ്ടു നടക്കാറുള്ളവര്‍, ഫോണ്‍ അമിതമായി ഉപയോഗിക്കാറുള്ളവര്‍, കടുത്ത മാനസികസമ്മര്‍ദമുള്ളവര്‍, ടെന്‍ഷനോ നിരാശക്കോ ഒക്കെയൊരു സാന്ത്വനത്തിനായി ഫോണിനെ ആശ്രയിക്കാറുള്ളവര്‍, മെസേജുകളെയും മറ്റും ഏറെ വൈകാരികപ്രാധാന്യത്തോടെ സമീപിക്കാറുള്ളവര്‍ തുടങ്ങിയവര്‍ക്കാണ്.

വിഷാദം

മറ്റുള്ളവരുമായുള്ള താരതമ്യത്തില്‍ തന്‍റെ സ്ഥാനം എവിടെയാണ് എന്നറിയാനുള്ള ത്വര മനുഷ്യസഹജമാണ്. അനേകരുമായി സ്വയം താരതമ്യപ്പെടുത്തി വിഷാദപ്പെട്ടുകൊണ്ടിരിക്കാന്‍ സോഷ്യല്‍ മീഡിയ ഒരുക്കിയിരിക്കുന്നത് ചരിത്രത്തില്‍ സമാനതകളില്ലാത്ത അവസരവുമാണ്. സ്വന്തമായി അധികം പോസ്റ്റുകളോ കമന്‍റുകളോ ഒന്നും ഇടാതെ ചുമ്മാ മറ്റുളളവരുടേതു നോക്കിയിരിക്കുക മാത്രം ചെയ്യുന്ന ശീലം വിഷാദജനകമാവാറുണ്ട്. നോട്ടിഫിക്കേഷനുകള്‍ക്കു വേണ്ടി സദാ ജാഗരൂകതയോടെ കാത്തിരിക്കുന്നതും, ഒരു “പെര്‍ഫക്റ്റ് ഇമേജ്” പ്രദര്‍ശിപ്പിക്കാനുള്ള അവിരതശ്രമങ്ങളും കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കുകയും അതുവഴി മാനസികസമ്മര്‍ദത്തിനും വിഷാദത്തിനും അമിതോത്ക്കണ്ഠയ്ക്കും വഴിയൊരുക്കുകയും ചെയ്യാം.

അഡിക്ഷൻ 

ചിലര്‍ക്കു ഫോണ്‍ മദ്യപാനമോ പുകവലിയോ പോലെ ഒരു അഡിക്‌ഷനായിത്തീരാം. 2,750 ബംഗളൂരു നിവാസികളില്‍ നടത്തപ്പെട്ട ഒരു പഠനം വെളിപ്പെടുത്തിയത്, അക്കൂട്ടത്തില്‍ നാലു ശതമാനത്തോളം പേര്‍ക്ക് മൊബൈല്‍ഫോണ്‍ അഡിക്‌ഷന്‍ ഉണ്ടെന്നും ആ അഡിക്‌ഷന്‍ ബാധിതരില്‍ ഏഴു ശതമാനത്തിനു തന്മൂലം ശാരീരികപ്രശ്നങ്ങള്‍ വന്നുഭവിച്ചിട്ടുണ്ടെന്നുമാണ്.

പ്രത്യേകിച്ചൊരു കാരണവുമില്ലെങ്കിലും ഇടയ്ക്കിടെ ഫോണ്‍ പരിശോധിക്കുക, പാതിരായ്ക്കെഴുന്നേറ്റും ഫോണ്‍ നോക്കുക, നോമോഫോബിയയുടെ ലക്ഷണങ്ങള്‍, ആളുകളോട് ഇടപഴകുന്നതിലും ഭേദം ഫോണില്‍ സമയം ചെലവിടുന്നതാണെന്ന ചിന്താഗതി, അനിയന്ത്രിതമായ ഫോണുപയോഗത്താല്‍ പഠനമോ ജോലിയോ ഒക്കെ താറുമാറാവുക എന്നിവ അഡിക്‌ഷന്‍റെ സൂചനകളാവാം. റസ്റ്ററന്‍റില്‍ ഒരു ടേബിളിനിരുപുറവും താന്താങ്ങളുടെ ഫോണുകളില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന കമിതാക്കളും തീയേറ്ററില്‍ സിനിമ പുരോഗമിക്കുന്നതിനിടയിലും ഇടയ്ക്കിടെ ഫോണില്‍ ചികയുന്നവരുമൊക്കെ അഡിക്‌ഷന്‍ പിടിപെട്ടവരാകാം.

ഫോണുപയോഗം അഡിക്‌ഷനിലേക്കു വഴുതുന്നത് നാലു രീതികളിലാവാം. അമിതമായ ഉത്ക്കണ്ഠയോ സഭാകമ്പമോ ഏകാന്തതയോ ആത്മവിശ്വാസക്കുറവോ ഉള്ളവര്‍ സാന്ത്വനത്തിനും പ്രശംസയ്ക്കുമൊക്കെ ഓണ്‍ലൈന്‍ ബന്ധങ്ങളെ അതിരുകവിഞ്ഞ് ആശ്രയിച്ചു തുടങ്ങുകയും അഡിക്‌ഷനിലേക്കു കൂപ്പുകുത്തുകയും ചെയ്യാം. മുന്‍പിന്‍നോക്കാതെ തീരുമാനങ്ങളെടുക്കുന്ന, അക്ഷമയും ആത്മനിയന്ത്രണമില്ലായ്കയും മുഖമുദ്രയായ ചിലര്‍, അതിന്‍റെയൊക്കെ ഭാഗമായി, വണ്ടിയോടിക്കുക പോലുള്ള അപായസാധ്യതയുള്ള സാഹചര്യങ്ങളിലും ഫോണുപയോഗിക്കുകയും ഏറെപ്പേര്‍ക്ക് ലൈംഗികസന്ദേശങ്ങള്‍ അയക്കുകയോ അവഹേളനപരമായ കമന്‍റുകള്‍ കൊടുക്കുകയോ ഒക്കെച്ചെയ്യാം. ഇനിയും ചിലര്‍ക്ക്, വ്യക്തിത്വസവിശേഷതകള്‍ മൂലം, പുതിയ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും ഏറെപ്പേരോട് ആശയവിനിമയം നടത്താനും എപ്പോഴുമൊരു കമ്പം നിലനില്‍ക്കുകയും അതിനവര്‍ ഫോണിനെ ഉപകരണമാക്കുകയും ചെയ്യാം. ഗെയിമിംഗിനോ ഓണ്‍ലൈന്‍ ചൂതാട്ടത്തിനോ അഡിക്‌ഷനായിക്കഴിഞ്ഞവര്‍ പ്രസ്തുതയാവശ്യങ്ങള്‍ക്ക് ഫോണുപയോഗിക്കുകയുമാവാം.

ചിന്താഗതികളിലെ ഏതേതു വൈകല്യങ്ങളാണ് അഡിക്‌ഷന് അടിവേരാകുന്നത് എന്നു തിരിച്ചറി യെ തിരുത്തിയെടുക്കാന്‍ സഹായിക്കുന്ന ‘കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി’ എന്ന മനശ്ശാസ്ത്രചികിത്സയും, എടുത്തുചാട്ടം കുറയ്ക്കാന്‍ സഹായിക്കുന്ന ചില മരുന്നുകളുമൊക്കെ അഡിക്‌ഷന്‍ചികിത്സയില്‍ ഫലപ്രദമാണ്.

*പ്രത്യേകം ചികിത്സാകേന്ദ്രങ്ങള്‍*

ഇന്‍റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയുമൊക്കെയായി ബന്ധപ്പെട്ട അഡിക്‌ഷന്‍ പോലുള്ള മാനസികപ്രശ്നങ്ങളുടെ ചികിത്സയ്ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രം നാലു വര്‍ഷത്തോളം മുമ്പ് ബംഗളൂരുവിലെ നിംഹാന്‍സില്‍ പ്രവര്‍ത്തനം തുടങ്ങുകയുണ്ടായി. SHUT (Services for Healthy Use of Technology) Clinic എന്നാണതിന്‍റെ പേര്. കുട്ടികള്‍ക്കുവേണ്ടി Centre for Children in Internet and Technology Distress എന്നൊരു കേന്ദ്രം ഡല്‍ഹിയിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ബന്ധങ്ങളിലെ പ്രശ്നങ്ങൾ

“അല്‍പം കാലം മുമ്പു വരേയ്ക്കും സീരിയലുകളിലെ കണ്ണീര്‍നായികമാരെക്കാണുമ്പോള്‍ എനിക്കു നല്ല ചിരി വരുമായിരുന്നു. ഇന്നിപ്പോള്‍ എന്‍റെയവസ്ഥ അവരുടേതിലും കഷ്ടമായിരിക്കുന്നു.” — ഫേസ്ബുക്ക് കാമുകനെ അംഗീകരിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതോടെ വിഷാദം ബാധിച്ച ഒരു പെണ്‍കുട്ടി പറഞ്ഞത്.

‘ആള്‍ക്കൂട്ടം’ എന്ന ആനന്ദിന്‍റെ നോവലില്‍, വയസ്സു നാല്പതു കഴിഞ്ഞിട്ടും വിവാഹം കഴിക്കാനാവാതെ പോയ ഒരു കഥാപാത്രം ഓരോ അവധിദിവസവും കുളിച്ചൊരുങ്ങി സിനിമയ്ക്കു പോകുന്നുണ്ട്, തന്നോടു താല്‍പര്യമുള്ളൊരു യുവതിയെ അന്നെങ്കിലും കണ്ടുമുട്ടാനായേക്കുമെന്ന പ്രത്യാശയുമായി! ഇതേവിധത്തില്‍, പ്രേമിക്കാനോ ഭോഗിക്കാനോ ആരെയെങ്കിലും കിട്ടിയേക്കുമെന്ന മോഹവുമായാണ് ഇന്നു പലരും നിത്യവും സോഷ്യല്‍ മീഡിയയിലേക്കിറങ്ങുന്നതും.

കൗണ്‍സലിങ് സെന്‍ററുകളിലും കുടുംബകോടതികളിലുമെത്തുന്ന ദാമ്പത്യകലഹങ്ങളില്‍ നല്ലൊരു ശതമാനത്തിലും സോഷ്യല്‍ മീഡിയ ഇന്നൊരു വില്ലന്‍സ്ഥാനത്തുണ്ട്. ഡൈവോഴ്സ് കേസുകളില്‍, ഒരു പങ്കാളിയുടെ വിശ്വാസവഞ്ചനയ്ക്കു തെളിവായി സോഷ്യല്‍മീഡിയയിലെ കമന്‍റുകളും മെസേജുകളുമൊക്കെ ഹാജരാക്കപ്പെടുന്നുമുണ്ട്. പഴയ പ്രേമഭാജനങ്ങളെ വീണ്ടും കണ്ടുമുട്ടാനും അണഞ്ഞുകിടക്കുകയായിരുന്ന പ്രണയക്കനലുകളെ ഒന്നുകൂടി ഊതിക്കത്തിക്കാനുമുള്ള അവസരങ്ങള്‍ എഫ്ബിയും വാട്ട്സാപ്പിലെ അലുംനി ഗ്രൂപ്പുകളുമൊക്കെ എമ്പാടുമൊരുക്കുന്നുണ്ട്. പങ്കാളിയുടെ അക്കൗണ്ടുകളില്‍ ആരൊക്കെ, എത്തരത്തിലൊക്കെയാണ് ഇടപഴകുന്നതെന്നു പലരും നിത്യേന പരിശോധിക്കുന്നതും, പ്രസ്തുത പരിശോധനകളും അവയുടെ കണ്ടെത്തലുകളുമൊക്കെ വഴക്കുകള്‍ക്കു കളമൊരുക്കുന്നതും സാധാരണമായിരിക്കുന്നു. പങ്കാളിയോടൊത്തു ചെലവിടുന്നതിലും ഏറെയധികം സമയം പലരും ഫോണിനനുവദിക്കുന്നതും പ്രശ്നനിമിത്തമാകുന്നുണ്ട്. ദാമ്പത്യത്തിലെ നേരിയ അസ്വാരസ്യങ്ങള്‍ പോലും പരസ്പരം പറഞ്ഞുതീര്‍ക്കാന്‍ തുനിയാതെ ആശ്വാസത്തിനായി ഉടനടി സോഷ്യല്‍മീഡിയയിലേക്കിറങ്ങുന്ന പ്രവണതയും ദോഷകരമാവുന്നുണ്ട്.

*മിഥ്യയാവുന്ന സ്വകാര്യത*

“മനുഷ്യന്‍റെ സ്വകാര്യതയെ ഒറ്റിക്കൊടുക്കുന്ന ഒരു ബൂര്‍ഷ്വാ സ്നേഹിതനാണ് മൊബൈല്‍.”

എടുക്കാവുന്ന ചില മുന്‍കരുതലു കൾ

1. രാത്രി വൈകി ഫോണുപയോഗിക്കാതിരിക്കുക. രാത്രിയില്‍ സ്ക്രീനില്‍ നിന്നുള്ള നീലവെളിച്ചത്തെ തടുക്കാന്‍ Twilight, f.lux തുടങ്ങിയ ആപ്പുകള്‍ ഉപയോഗപ്പെടുത്താം.

2. വണ്ടിയോടിക്കുമ്പോഴോ നടന്നുപോകുമ്പോഴോ ഫോണ്‍ നോക്കാതിരിക്കുക.

3. ഫോണ്‍ ബാത്ത്റൂമിലേക്കു കൊണ്ടുപോവാതിരിക്കുന്നതും, മൈക്രോഫൈബര്‍ തുണി കൊണ്ടും അനുയോജ്യമായ ക്ലീനറുകളോ വൈപ്പുകളോ ഉപയോഗിച്ചും ഇടയ്ക്കിടെ തുടക്കുന്നതും അതിലെ അണുക്കളുടെ എണ്ണം നിയന്ത്രിക്കാന്‍ സഹായിക്കും.

4. പരമാവധിയെണ്ണം നോട്ടിഫിക്കേഷനുകളും “സൈലന്‍റ്” ആക്കുക.

5. പ്രാധാന്യമുള്ള കാര്യങ്ങള്‍ വല്ലതും ചെയ്തുതുടങ്ങുമ്പോള്‍ നെറ്റോ ഫോണ്‍ തന്നെയോ ഓഫാക്കിയിടുന്നതു പരിഗണിക്കുക.

6. എന്തിനുമേതിനും ഫോണുകളെ ആശ്രയിക്കാതെ മറ്റുപാധികളും പ്രയോജനപ്പെടുത്തുക — കുറിപ്പെഴുതുന്നത് ആപ്പില്‍ത്തന്നെ വേണോ അതോ ഒരു കടലാസുതുണ്ടിലാവാമോ, അലാറം വയ്ക്കാന്‍ വീട്ടിലെ പഴയ ടൈംപീസ്‌ മതിയാകുമോ എന്നൊക്കെ പരിഗണിക്കുക.

7. രാവിലെ ഉണര്‍ന്നയുടന്‍ ഫോണ്‍ നോക്കാതിരിക്കുക. പകല്‍നേരത്തും ഫോണ്‍ പരിശോധിക്കുന്നത് കൂടുതല്‍ ഇടവേളകളിട്ടാവാന്‍ മനസ്സിരുത്തുക.

8. സശ്രദ്ധം തിരഞ്ഞെടുക്കുന്ന സന്തോഷനിമിഷങ്ങള്‍ മാത്രമാണു മിക്കവാറും പേര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുക, അബദ്ധങ്ങളെയോ പരാജയങ്ങളെയോ കുറിച്ച് മിക്കവരും അവിടെ ഒന്നും മിണ്ടില്ല എന്നതൊക്കെ മറക്കാതിരിക്കുക.

9. പങ്കാളി എങ്ങനെയൊക്കെയാണ് സോഷ്യല്‍ മീഡിയ കൈകാര്യംചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നതു ചോദിച്ചറിയുക. സ്വന്തം താല്‍പര്യങ്ങളും വെളിപ്പെടുത്തുക. പങ്കാളിയുടെ ഏതെങ്കിലും ഓണ്‍ലൈന്‍ നടപടിയെപ്പറ്റി സന്ദേഹങ്ങള്‍ ഉണരുന്നെങ്കില്‍ കാര്യം മനസ്സിലിട്ടു പെരുപ്പിക്കാതെ തുറന്നു ചര്‍ച്ചചെയ്യുക.

10. സോഷ്യല്‍ മീഡിയാ സൈറ്റുകളിലെ പ്രൈവസി സെറ്റിങ്ങുകള്‍ അവഗണിക്കാതിരിക

Wednesday, 4 December 2019

മലയാളത്തിലെ ആദ്യ സിനിമയ്ക്ക് 91 വർഷം..



1928ൽ ജെ.സി ഡാനിയേൽ എഴുതി നിർമിച്ച് സംവിധാനം ചെയ്ത വിഗതകുമാരനിൽ തുടങ്ങുന്നതാണ് മലയാള സിനിമയുടെ ചരിത്രം.
1928 നവംബർ 7-നായിരുന്നു തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയ്യേറ്ററിൽ വിഗതകുമാരന്റെ ആദ്യ പ്രദർശനം. അഭിഭാഷകൻ മുള്ളൂർ ഗോവിന്ദപിള്ളയാണ് ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തത്.

മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യസിനിമയെന്നു മാത്രമല്ല, ജാതിചിന്തയും സാമൂഹിക ഉച്ചനീചത്വങ്ങളും കാരണം വേട്ടായപ്പെട്ട മലയാളത്തിലെ ആദ്യനായികയുടെ അവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഒന്നുകൂടിയാണിത്.

സവർണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചു എന്നാക്ഷേപിച്ച് തിയറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി എന്ന് ചരിത്രം പറയുന്നു. വിഗതകുമാരന്റെ പേരിൽ റോസി നാടു കടത്തപ്പെടുകയും ചെയ്തു.

91 വർഷങ്ങൾ പിന്നിടുമ്പോൾ വിഗതകുമാരന്റെ സംവിധായകൻ ജെ.സി ഡാനിയേലോ മറ്റു അണിയറ പ്രവർത്തകരോ അഭിനേതാക്കളോ ആരും തന്നെ ജീവിച്ചിരിപ്പില്ല. സിനിമയുടെ ആദ്യ പ്രിന്റ് പോലും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു. ചരിത്രത്തിന്റെ ഭാഗമായ ഈ ചലച്ചിത്രത്തിന്റെ ശേഷിപ്പുകൾ ഒരു പിടി ചാരമായി മാറിയ കഥ പറയുകയാണ് ജെ.സി ഡാനിയേലിന്റെ ഇളയ മകൻ ഹാരിസ് ഡാനിയേൽ. ഏഴാമത്തെ വയസിൽ സഹോദരനോടുള്ള വഴക്കിനെത്തുടർന്നാണ് ഹാരിസ് വിഗതകുമാരന്റെ ഫിലിം റോളുകൾ തീയിടുന്നത്.
ജ്യേഷ്ഠനോടുള്ള വൈരാഗ്യം മൂത്ത് ഏഴ് വയസ്സുകാരൻ ആദ്യ മലയാളചിത്രത്തിന് പഴയ കടലാസുകെട്ടിനെന്നോണം തീയിട്ടപ്പോൾ, അന്ന് മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലും പത്നി ജാനറ്റ് റേച്ചലും മൗനം പാലിച്ചു. കുടുംബത്തിന് ശാപം വരുത്തിവെച്ചത് എന്ന ചിന്തയിലാവാം, ഒരു മൂലയ്ക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ഫിലിം റോളുകളെ അഗ്നി വിഴുങ്ങിയപ്പോൾ ഇരുവരും മൂകസാക്ഷികളായി നിന്നത്.
10 വയസ്സിന് മൂത്ത ജ്യേഷ്ഠൻ സുന്ദരത്തിൽ നിന്ന് കിട്ടുന്ന അടി, ഇടി തൊഴികൾക്ക് കുഞ്ഞനുജൻ കണ്ടുവെച്ച പ്രതികാരമായിരുന്നു, ജ്യേഷ്ഠൻ നായകനായുള്ള സിനിമയങ്ങ് കത്തിച്ചുകളയുകയെന്നത്. മൂലയിൽ നീക്കിയിട്ട ഫിലിംറോൾ പെട്ടി കാണിച്ച്, ഇത് തങ്ങൾ കളിക്കാനെടുക്കട്ടേയെന്ന ചോദ്യത്തിന് അച്ഛനും അമ്മയും തലയാട്ടി. തുടർന്ന്, ഏട്ടൻ കോളേജിൽ പോയ തക്കംനോക്കി കൂട്ടുകാരൊന്നിച്ച് തീവെച്ചു.

82-കാരനായ ഹാരിസ് ഡാനിയേലിന് അച്ഛനെക്കുറിച്ചുള്ള ഓർമകൾ ഇന്നും ഒളിമങ്ങാതെയുണ്ട്. നന്നായി പഠിക്കുന്ന, അനുസരണയുള്ള തന്നോട് അച്ഛന് പ്രത്യേകമായൊരു വാത്സല്യമുണ്ടായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആദ്യമായും അവസാനമായും അവതരിപ്പിക്കപ്പെട്ട തമിഴ് നാടകത്തിൽ താൻ സ്ത്രീ വേഷം ചെയ്തപ്പോൾ, തന്റെ വിലക്ക് വകവെയ്ക്കാതെ, മതിൽചാടിക്കടന്ന്, ഹാളിന്റെ ഓല പൊളിച്ച് നാടകം മുഴുവൻ കണ്ടു. സിനിമാക്കാരനാകുന്നതിന് മുമ്പ് അച്ഛൻ പാളയത്ത് മരക്കച്ചവടം ചെയ്തിരുന്നു. പിന്നീട് അരിക്കച്ചവടവും ചെയ്തു. ഒരൊറ്റ സിനിമയേ ജെ.സി. ഡാനിയേൽ നിർമിച്ചിട്ടുള്ളൂവെങ്കിലും രണ്ടു തവണ സിനിമയെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. രണ്ടും കുടുംബത്തിന് സമ്മാനിച്ചത് സാമ്പത്തികമായുള്ള തീരാ നഷ്ടങ്ങളാണ്.

വിഗത കുമാരൻ എടുക്കുന്നതിന് ജെ.സി. ഡാനിയേൽ അച്ഛന്റെ സമ്പാദ്യമായ നെയ്യാറ്റിൻകരയിലെ 108 ഏക്കർ ഭൂമി 30,000 രൂപയ്ക്ക് വിറ്റു. അതും പോരാഞ്ഞിട്ട് സഹോദരിയുടെ മുഴുവൻ ആഭരണങ്ങളും വിറ്റു, പകരം അവരെ ബിസിനസ് പങ്കാളിയാക്കി. ദളിത് സ്ത്രീയായിരുന്ന റോസിയെ നായികയാക്കിയതിനെത്തുടർന്നുള്ള പ്രശ്നങ്ങളും ഇതര ഭാഷകളിൽ ശബ്ദസിനിമകൾ വന്നു തുടങ്ങിയതുമെല്ലാം വിഗതകുമാരനെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചു. സ്വപ്നം തകർന്നവനെപ്പോലെ, ജെ.സി. ഡാനിയേലെന്ന മനുഷ്യൻ എന്നന്നേക്കുമായി വിഷാദത്തിലേക്ക് വീണു. ബന്ധുക്കൾക്കിടയിൽ ഒറ്റപ്പെട്ടു. കുടുംബസ്വത്ത് വിറ്റു തുലച്ചവൻ എന്ന ചീത്തപ്പേര് ജീവിതകാലം മുഴുവൻ പിന്തുടർന്നു.

വീണ്ടുമൊരു സിനിമ? പ്രേരണയായത് ചിന്നപ്പ
അഗസ്തീശ്വരത്തെ കൊട്ടാരസദൃശമായ വീട്ടിലായിരുന്നു ഡാനിയേലും കുടുംബവും താമസിച്ചിരുന്നത്. ലണ്ടനിൽ ഉന്നതവിദ്യാഭ്യാസം നേടി വന്ന അച്ഛൻ ഡോ.എൻ. ജോസഫ് ഡാനിയേൽ തിരുവനന്തപുരത്ത് ചീഫ് മെഡിക്കൽ ഓഫീസറായിരുന്നു. സിനിമാ മോഹം വെടിഞ്ഞ്, പാപ്പരായിരിക്കുന്ന സമയത്ത് മെഡിക്കൽ മേഖല തന്നെയാണ് ഡാനിയേലിനും ജിവിതമാർഗമായത്. അദ്ദേഹം ദന്തചികിത്സ പഠിക്കുകയും മികച്ചൊരു ഡോക്ടറായി പേരെടുക്കുകയും ചെയ്തു.

അതിനിടെ ചികിത്സയ്ക്കായി വന്ന അന്നത്തെ സൂപ്പർ താരം പി.യു. ചിന്നപ്പയുടെ പ്രേരണയിൽ ജെ.സി. ഡാനിയേൽ വീണ്ടുമൊരു സിനിമയെടുക്കാൻ മുതിർന്നത് കുടുംബത്തിന് വീണ്ടും അടിയായി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ ചികിത്സാ ഉപകരണങ്ങൾ വിറ്റു. കൈവശമുണ്ടായിരുന്ന സമ്പാദ്യങ്ങളുമെല്ലാം സ്വരുക്കൂട്ടി. പുതുക്കോട്ടയിലെ ക്ലിനിക്ക് അടച്ചുപൂട്ടി. കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയും ഡാനിയേൽ സിനിമയെടുക്കാൻ ചെന്നൈയിലേക്ക്
പുറപ്പെടുകയും  ചെയ്തു. ചിന്നപ്പയെ കാണാനാകാതെ ഹോട്ടലിൽ കഴിച്ചുകൂട്ടിയ ഡാനിയേലിന്റെ കാശു മുഴുവൻ തീർന്നത് മിച്ചം.
തമിഴ്നാട്ടിൽ എൽ.ഐ.സി. ഓഫീസറായിരുന്ന ഹാരിസ് മുടങ്ങാതെ കാശ് അയച്ചുകൊടുത്തു. 'താൻ അമ്മയുടെ പേരിൽ മാത്രമേ പണം അയച്ചിരുന്നുള്ളൂ, അച്ഛൻ ധാരാളിയായിരുന്നു, കാശെല്ലാം പെട്ടെന്ന് ചെലവാക്കിത്തീർക്കും -ഹാരിസ് ഓർക്കുന്നു.
ആവശ്യമില്ലാതെ ജോലി മാറുന്നതും താൻ എട്ട് സ്കൂളുകളിലായി പഠിക്കേണ്ടി വന്നതുമൊക്കെ അച്ഛന്റെ ഈ സ്വഭാവത്തിന്റെ പ്രതിഫലനങ്ങളായിരുന്നു.ഇളയ മരുമകളായ തനിക്ക് അമ്മാവന്റെ അടുത്ത് പ്രത്യേക സ്വാതന്ത്ര്യം തന്നെയുണ്ടായിരുന്നതായി സുശീലയും ഓർക്കുന്നു. അവസാനകാലമായപ്പോൾ, എപ്പോഴും ബൈബിളുമായിട്ടായിരുന്നു ഇരിപ്പ്. 'ബൈബിളിൽ നല്ലൊരു കഥയുണ്ട്, അത് നമുക്ക് സിനിമയാക്കണം' -അദ്ദേഹം പറയുമായിരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തന്നെ ഹാരിസ് വഴക്കുപറയും-അച്ഛൻ ഇനിയും സിനിമ എടുക്കുന്നതിനെ പിന്തുണയ്ക്കരുത്.

ചേച്ചിയുടെ വിവാഹദിനത്തിലാണ് ആദ്യമായി ജെ.സി.യെ കാണുന്നതെന്ന് സുശീലയുടെ അനുജത്തി ജയന്തി ജെ. ഓർക്കുന്നു. ചേച്ചിക്കൊപ്പം വരന്റെ വീട്ടിലെത്തിയ തന്റെ കൈയിലൊന്ന് സ്നേഹത്തോടെ തൊട്ടു, ഇളം ചിരിയോടെ അകത്തേക്ക് പോയി. അന്നും സ്ഥായിയായ ഭാവം വിഷാദമായിരുന്നു. ഈയൊരു വിഷാദ ഭാവത്തിലല്ലാതെ താൻ അദ്ദേഹത്തെ കണ്ടിട്ടില്ല. ജയന്തി പിന്നീട് ജെ.സി. ഡാനിയേൽ, ഫാദർ ഓഫ് മലയാള സിനിമ എന്ന പേരിൽ പുസ്തകമെഴുതി. ഈ പുസ്തകത്തിന് ജയന്തി തന്നെ മലയാള പരിഭാഷയും നൽകി. ഇതിനായി ധാരാളം അന്വേഷണങ്ങൾ നടത്തി, ചിത്രങ്ങൾ ശേഖരിച്ചു. ജെ.സി. ഡാനിയേലിനെ കുറിച്ച് മുമ്പേ വന്ന കൃതികളിൽ പലതിലും തെറ്റായ വിവരങ്ങൾ കടന്നുകൂടിയതായി ജയന്തി ചൂണ്ടിക്കാട്ടുന്നു.

സിനിമാ നിർമാണം പഠിച്ചു വന്ന്, കേരളത്തിൽ ആദ്യമായി ഒരു ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച്, മലയാളത്തിൽ ആദ്യമായൊരു സിനിമ നിർമിച്ച ജെ.സി. ഡാനിയേൽ എന്നതിനേക്കാൾ, സിനിമ പിടിച്ച് കുടുംബത്തെയൊന്നാകെ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചയാൾ എന്ന നിലയിലായിരുന്നു ബന്ധു മിത്രാദികളും പരിചയക്കാരുമൊക്കെ ജെ.സി. ഡാനിയേലിനെ കണ്ടിരുന്നത്. ചേലക്കാട് കൃഷ്ണൻ എന്ന മാധ്യമ പ്രവർത്തകനിലൂടെ ജെ.ഡി. ഡാനിയേൽ തിരിച്ചറിയപ്പെടുകയും മലയാളം അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്തതോടെ ചിത്രം മാറി. മലയാളസിനിമയുടെ പിതാവിനെ അവർ ആദരത്തോടെ സ്മരിക്കുന്നു. അച്ഛന്റെ മകനായതിൽ അൽപമല്ലാത്ത അഭിമാനത്തോടെ മകൻ ഓർമകൾ അയവിറക്കുന്നു.

ഉസ്മാന്റെയും സൈദാമിയയുടെയും പിന്മുറക്കാരുണ്ടോ?
പിരിയാൻ നേരം ഹാരിസ് ഡാനിയേൽ ഒരു ആഗ്രഹം പ്രകടിപ്പിച്ചു, 'തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അച്ഛന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന സൈദാമിയയുടെയും ഉസ്മാന്റെയും മക്കളോ പേരമക്കളോ ഉണ്ടെങ്കിൽ അവരെ ഒന്നു പോയി കാണണം, അച്ഛൻമാർ തമ്മിലുണ്ടായിരുന്ന ബന്ധം പുതുക്കണം'. സുധ എന്ന് വിളിക്കുന്ന അഡ്ലിൻ ഡാനിയേൽ ആണ് ഹാരിസ്-സുശീല ദമ്പതിമാരുടെ മകൾ. ഡെന്റിസ്റ്റായ ഡോ.രാജ്കുമാർ ഡാനിയേൽ മരുമകൻ. പേരമക്കൾ പ്രശാന്തും പ്രദീപും.

ജെ.സി. ഡാനിയേലിന്റെ അഞ്ചു മക്കളിൽ രണ്ടു പേർ മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ. ഹാരിസും ചേച്ചി ലളിതയും. ലളിത തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം താമസിക്കുന്നു. അര നൂറ്റാണ്ടോളമായി തമിഴ്നാട്ടിൽ സേലത്താണ് ഹാരിസും കുടുംബവും.

Sunday, 1 December 2019

ആരോഗ്യസംരക്ഷണത്തിന് വെള്ളത്തിനുള്ള പ്രാധാന്യം..


ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പറയുന്നത്. ഇവെള്ളം ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ അത്യാവശ്യവുമാണ്.ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമായ ഒന്നാണ് വെള്ളം. ശരീരത്തിന്റെ 80 ശതമാനവും വെള്ളമാണെന്നു വേണമെങ്കില്‍ പറയാം. ഭക്ഷണം കഴിച്ചതു കൊണ്ടായില്ല, കഴിച്ച ഭക്ഷണം വേണ്ട രീതിയില്‍ ശരീരം ഉപയോഗപ്പെടുത്തണമെങ്കില്‍ വെള്ളം കുടി അത്യാവശ്യമാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന പ്രക്രിയയിലൂടെ രോഗങ്ങള്‍ വരാതിരിക്കാനും വെള്ളം സഹായിക്കും. അപചയപ്രക്രിയ ശരിരായി നടത്തുന്നതു വഴി തടി കൂടാതിരിക്കാനും വെള്ളം സഹായിക്കും.

കുടലിന്റെ പ്രവര്‍ത്തനം

ശോധന സുഖകരമാകുമെന്നതാണ് ഒരു വലിയ ഗുണം. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിന് സഹായിക്കും. ശോധന ശരിയായാല്‍ വയറിനു സുഖവും ലഭിയ്ക്കും. കുടലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെള്ളം കുടിയ്‌ക്കേണ്ടത് ഏറെ അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യത്തിനും പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്കും ഇതു നല്ല പരിഹാരമാണ്. മലബന്ധം കാരണമുണ്ടാകുന്ന പല രോഗങ്ങളില്‍ നിന്നും സംരക്ഷണം വെള്ളം നല്‍കും.

ശരീരത്തിലെ രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം ശരിയായി നടക്കാനും ഓക്‌സിജന്‍ കോശങ്ങളില്‍ എത്തിയ്ക്കാനുമെല്ലാം വെള്ളം ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ് വെള്ളം. ഇത്തരം കാര്യങ്ങള്‍ക്കായി വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ചെയ്യേണ്ട അടിസ്ഥാന കാര്യമാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. വെള്ളം ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കും. അമിതമായ കൊഴുപ്പും ഈ രീതിയില്‍ പുറന്തള്ളപ്പെടും. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കും. ഇതിനു പുറമേ വിശപ്പു കുറയ്ക്കാനുള്ള ഒരു ഉപായം കൂടിയാണ് വെള്ളം. വെള്ളം കുടിച്ചാല്‍, പ്രത്യേകിച്ചും ഭക്ഷണത്തിനു മുന്‍പ്, അമിത ഭക്ഷണം ഒഴിവാക്കാം.ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് 1 ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ ന്ല്ലതാണ്.

ഗ്യാസ്, അസിഡിറ്റി

വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് വെള്ളം കുടി. വെള്ളം കുറയുന്നത് കുടലിന്റെയും വയറിന്റെയും ആരോഗ്യത്തെയും പ്രവര്‍ത്തനങ്ങളേയും ബാധിയ്ക്കും. ഇത് ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.

ശരീരത്തിലെ ഡീഹൈഡ്രഷന്‍

ശരീരത്തിലെ ഡീഹൈഡ്രഷന്‍ പലപ്പോഴും തലവേദനയ്ക്കു കാരണമാകാറുണ്ട്. വെള്ളം കുടി കുറയുമ്പോള്‍ തലവേദനിയ്ക്കുന്നതിന്റെ ഒരു കാരണവും ഇതു തന്നെയാണ്. ധാരാളം വെള്ളം കുടിയ്ക്കുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കുന്നു.

സ്‌ട്രെസ്, ടെന്‍ഷന്‍, ഉത്കണ്ഠ

സ്‌ട്രെസ്, ടെന്‍ഷന്‍, ഉത്കണ്ഠ എന്നിവയുള്ള സന്ദര്‍ഭങ്ങളില്‍ വെള്ളം കുടിച്ചു നോക്കൂ, അല്‍പം ആശ്വാസം അനുഭവപ്പെടും. ഇത് നാഡികളെ ശാന്തമാക്കുന്നതാണ് കാരണം.

ശരീരത്തിലെ ഡീഹൈഡ്രഷന്‍ പലപ്പോഴും തലവേദനയ്ക്കു കാരണമാകാറുണ്ട്. വെള്ളം കുടി കുറയുമ്പോള്‍ തലവേദനിയ്ക്കുന്നതിന്റെ ഒരു കാരണവും ഇതു തന്നെയാണ്. ധാരാളം വെള്ളം കുടിയ്ക്കുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കുന്നു.

കിഡ്‌നിയുടെ ആരോഗ്യത്തിന്

വെള്ളം കുടിയ്ക്കുന്നത് കിഡ്‌നിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. വെള്ളം കിഡ്‌നി സ്റ്റോണിനു കാരണമാകുന്ന മിനിറലുകളുടെ കട്ടി കുറയ്ക്കുന്നു, മാലിന്യങ്ങള്‍ മൂത്രത്തിലൂടെ നീക്കം ചെയ്യുകയും ചെയ്യുന്നു. കിഡ്‌നിയ ക്ലീന്‍ ചെയ്യാനും വെള്ളം അത്യാവശ്യമാണ്.

തലവേദന

തലവേദന മാറാന്‍ മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ അത്യാവശ്യമാണ് വെള്ളം. മോശം മൂഡിനും ഏകാഗ്രത കളയാനുമെല്ലാം വെള്ളത്തിന്റെ അഭാവം കാരണമാകും. ഓര്‍മശക്തി കുറയ്ക്കാനും തളര്‍ച്ചയ്ക്കുമെല്ലാം വെള്ളം കുറയുന്നതു കാരണമാകും.

വെള്ളം

രാവിലെ എഴുന്നേറ്റയുടനെ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതു ശീലമാക്കുക. ചായ, കാപ്പി ഇതിനു ശേഷം മതി. ഇത് തടി കുറയ്ക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. പുറത്തു പോകുമ്പോള്‍ വെള്ളം നിറച്ച കുപ്പി കയ്യിലെടുക്കാന്‍ മറക്കരുത്. ഇടയ്ക്കിടെ ഇതില്‍ നിന്നും കുടിയ്ക്കുന്നതും ശീലമാക്കുക. വ്യായാമം ചെയ്യുന്ന ശീലമുള്ളവര്‍ വെള്ളത്തിന്റെ കുപ്പി അടുത്തു തന്നെ സൂക്ഷിയ്ക്കുക. നടക്കാന്‍ പോകുന്നവരെങ്കില്‍ ഒരു കുപ്പി വെള്ളം കരുതുക. ജിമ്മില്‍ പോകുന്നവെങ്കിലും ഇതു ചെയ്യാം.

വെള്ളം കുടി

നീന്തലാണ് വ്യായാമമെങ്കിലും വെള്ളം കുടി മുടക്കേണ്ടതില്ല. ഓഫിസില്‍ ജോലി ചെയ്യുന്നവര്‍ വെള്ളം നിറച്ച കുപ്പി ടേബിളില്‍ സൂക്ഷിയ്ക്കുന്നതു നന്നായിരിക്കും. ഇത് ഇടയ്ക്കിടെ വെള്ളം കുടിയ്ക്കാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകും. വെളളം മാത്രം കുടിയ്ക്കുവാന്‍ മടുപ്പു തോന്നുന്നുവെങ്കില്‍ ചെറുനാരങ്ങാവെള്ളമായോ ജ്യൂസായോ കുടിയ്ക്കാം. മധുരം ഒഴിവാക്കുന്നതാണ് നല്ലത്..

വെള്ളത്തിനു പകരം വയ്ക്കാവുന്ന, ആരോഗ്യവശങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് കരിക്കിന്‍ വെള്ളം. സാധിയ്ക്കുമെങ്കില്‍ ദിവസവും കരിക്കിന്‍ വെള്ളം കുടിയ്ക്കാന്‍ ശ്രമിയ്ക്കുക. ഡയറ്റെടുക്കുന്നവരും തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുമെല്ലാം ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്. ഇത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും.