ഭൂമിയിൽ നമുക്ക് അറിയാത്തതെന്തും അല്ലെങ്കിൽ മനുഷ്യബുദ്ധിക്കു അതീതമായതെന്തും നിഗൂഢം എന്ന വാക്കിനാൽ വിശേഷിപ്പിക്കപ്പെടുന്നു. എന്നാൽ ഇതിനർത്ഥം ഇതെല്ലാം കെട്ടുകഥകളാണെന്നല്ല. ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെടാത്ത അല്ലെങ്കിൽ സൗകര്യപൂർവ്വം മായിച്ചു കളഞ്ഞ ചില സംഭവങ്ങൾ ഈ നിഗൂഢതകൾക്ക് പിന്നിലുണ്ടാവാം. അങ്ങനെ ഒരുപാട് ദുരൂഹതകൾ നിറഞ്ഞ ചില നിഗൂഢസ്ഥലങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
1959 ൽ റഷ്യയിലെ യുറാൽ പർവ്വതനിര കയറാനായി ഒമ്പത് അംഗങ്ങളുള്ള ഒരു പര്യവേഷകസംഘം പുറപ്പെട്ടു. അവിടെയുള്ള ഉയരം കൂടിയ പർവതമായ ഒട്ടോർട്ടൺ ആയിരുന്നു അവരുടെ ലക്ഷ്യം. വിലക്കപ്പെട്ട സ്ഥലവും അഞ്ജാത ശക്തികളുടെ വാസസ്ഥലവുമാണ് ഈ പ്രദേശമെന്നാണ് അവിടങ്ങളിലെ ഐതിഹ്യങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഏതാണ്ട് ലക്ഷ്യസ്ഥാനമായ ഒട്ടോർട്ടൺ കൊടുമുടിയുടെ അടുത്ത് എത്തിയപ്പോഴേക്കും കാലാവസ്ഥ തീർത്തും പ്രതികൂലമായിമാറി. ഇതുവരെ വന്ന സ്ഥിതിക്ക് കൊടുമുടി കീഴടക്കാതെ മടങ്ങേണ്ടെന്ന് നിശ്ചയിച്ച് കാലാവസ്ഥ തെളിയുന്നത് വരെ അവർ ആ സ്ഥലത്ത് തന്നെ ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചു.
പുറംലോകത്തിന് പത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ സംഘത്തെക്കുറിച്ച് വിവരവും ലഭിക്കാഞ്ഞതിനാൽ മിലിട്ടറി ഒരു സുരക്ഷാ സേന രംഗത്തെത്തി. അവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ അവർ ആ ക്യാമ്പ് കണ്ടെത്തി. ടെന്റുകൾ അകത്തുനിന്നും കീറിമുറിച്ച നിലയിലായിരുന്നു. മഞ്ഞിൽ പതിഞ്ഞ അടയാളങ്ങൾ സൂചിപ്പിച്ചത് അവർ 'നഗ്നപാദരായി' താഴ്വാരങ്ങളിലെ കാടുകൾ ലക്ഷ്യമാക്കി ഓടിയെന്നാണ്. അവ പിന്തുടർന്ന അന്വേഷകർ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഒമ്പത് പേരുടേയും ശവശരീരങ്ങൾ അവിടെനിന്നും ലഭിച്ചു. വളരെ വിചിത്രമായ അവസ്ഥയിലായിരുന്നു അവ. അതിശക്തമായ റേഡിയേഷൻ എറ്റ ശരീരം, നാക്ക് മാത്രം നഷ്ടപ്പെട്ടത്, തൊലിയുടെ നിറം മാറിയത് എന്നിങ്ങനെ വളരെ ദുരൂഹമായ നിലകളിലാണവ കാണപ്പെട്ടത്. എന്താണ് അവരെ അതിശൈത്യത്തിൽ ടെന്റുകൾക്കുള്ളിൽ നിന്നും കീറി പുറത്തേക്ക് നഗ്നപാദരായി ഓടാൻ പ്രേരിപ്പിച്ചത്..??, മാത്രമല്ല സുരക്ഷാ സേന തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുമ്പോൾ ഓറഞ്ച് നിറത്തിലുള്ള അഞ്ജാതമായൊരു പ്രകാശം ആകാശത്ത് വ്യാപിച്ചിരുന്നതായും അവർ റിപ്പോർട്ട് ചെയ്തിരുന്നു.
( തുടരും..)
No comments:
Post a Comment