Friday, 31 May 2024

ലിബിയൻ ഗ്ലാസ്..

72000 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണത്തിൽ, ഈജിപ്തിനും ലിബിയയ്ക്കും മധ്യേ വ്യാപിച്ചു കിടക്കുന്ന മരുഭൂമിയിലെ ചിലയിടങ്ങളിലായി കാണപ്പെടുന്ന, 1932-ൽ മാത്രം ആദ്യമായി ഒരു ശാസ്ത്ര പ്രസിദ്ധീകരണത്തിൽ പരാമർശിക്കപ്പെട്ട ദുരൂഹമായ മഞ്ഞ ഗ്ലാസ്സ് തരികളാണ് ലിബിയൻ ഡെസേർട്ട് ഗ്ലാസ് എന്ന പേരിൽ അറിയപ്പെടുന്നത്.


ഈജിപ്തിലെ പ്രശസ്തനായ യുവചക്രവർത്തി ആയിരുന്ന തൂത്തൻ ഖാമുൻ്റെ കല്ലറയിൽ നിന്നും കണ്ടെടുത്ത ഒരു പെൻഡൻ്റിലും കണ്ടെത്തിയ ഈ വസ്തുവിൻ്റെ ഭംഗിയും, അപൂർവ്വതയും ധാതു ശേഖകർക്കിടയിൽ ഈ ഗ്ലാസ്സ് തരികളുടെ ഡിമാൻഡ് വർദ്ധിപ്പിച്ചു. ഈ ഗ്ലാസ്സ് തരികൾക്ക് 2.9 കോടി വർഷത്തെ പഴക്കം ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ 1996-ൽ നിർണ്ണയിച്ചത്.

യൂറോപ്പിലെ റയിസ് പടുകുഴിയിൽ നിന്നും കണ്ടെത്തിയ മോൾഡവൈറ്റ്, ഐവറി കോസ്റ്റിൽ നിന്നും കണ്ടെത്തിയ ടെക്‌റ്റൈറ്റ്‌സ് തുടങ്ങിയ പ്രകൃതിദത്തമായ ഗ്ലാസ്സ് തരികളിൽ ഒന്നിലും ലിബിയയിലെ മഞ്ഞ ഗ്ലാസ്സിനോളം സിലിക്ക അടങ്ങിയിട്ടില്ല എന്നതും ഇതിൻ്റെ ദുരൂഹത വർദ്ധിക്കുന്നതിന് കാരണമായി.

ആകാശത്തു നിന്നുള്ള മിന്നൽപ്പിണരുകൾ മണ്ണിലും, മണലിലും പതിക്കുമ്പോൾ ഫൾഗറൈറ്റുകൾ എന്ന തരം ഗ്ലാസ്സുകൾ ഉണ്ടാകാറുള്ളതിനാൽ ഈ ഗ്ലാസ്സിൻ്റെ ഉത്ഭവത്തെ സംബന്ധിച്ചും പതിറ്റാണ്ടുകളായി ഗവേഷകർക്കിടയിൽ പലവിധ ചർച്ചകളും നിലവിലുണ്ട്. ചന്ദ്രനിലെ അഗ്നിപർവ്വത സ്ഫോടനങ്ങളിൽ നിന്നും രൂപം കൊണ്ടതാണെന്നും, മിന്നൽപ്പിണരുകളുടെ പ്രവർത്തനം മൂലം രൂപം കൊണ്ടതാണെന്നും വാദങ്ങൾ പലതും ഉയർന്നിരുന്നു.

എന്നാൽ ഇപ്പോളിതാ, ജർമ്മനി, ഈജിപ്ത്, മൊറോക്കോ എന്നിവടങ്ങളിലെ ഗവേഷണ കേന്ദ്രങ്ങൾ സംയുക്തമായി, അത്യാധുനിക മൈക്രോസ്‌കോപി ടെക്‌നോളജിയുടെ സഹായത്തോടെ നടത്തിയ ഒരു പഠനത്തിൽ, ഒരു ഉൽക്ക ഭൂമിയിൽ വന്നു പതിച്ചതിൻ്റെ പരിണത ഫലമായിട്ടാണ് ഈ ഗ്ലാസ്സ് സൃഷ്ടിക്കപ്പെട്ടത് എന്ന് തെളിഞ്ഞിരിക്കുന്നു. ഈ ഗ്ലാസ്സിൻ്റെ ഉത്ഭവത്തെ സംബന്ധിച്ച കൂടുതൽ വ്യക്തമായ ഒരു കാരണം ഈ പഠനം കൊണ്ട് വന്നു..

Thursday, 30 May 2024

കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കാൻ യുകെ..

സ്‌മാര്‍ട്ട് ഫോണുകള്‍ ജീവിതത്തിന്‍റെ വലിയ ഭാഗമായി കഴിഞ്ഞിട്ട് കുറച്ച് വര്‍ഷങ്ങളായി. സ്‌മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന് കരുതപ്പെടുന്ന ഈ ലോകത്തില്‍ എന്നാല്‍ കുട്ടികളെ ഇത്തരം ഫോണുകളുടെ ഉപയോഗം സാരമായി ബാധിക്കുന്നുണ്ട് എന്ന് നിരീക്ഷണങ്ങളേറെ. ഇത് ശരിവെക്കുന്ന തെളിവുകളാണ് യുകെയിലെ എംപിമാരുടെ സംഘത്തിന്‍റെ റിപ്പോര്‍ട്ടിലുള്ളത്. 

ഇതോടെ 16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് യുകെ. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഇതിനായി നിയമം നിര്‍മിക്കപ്പെട്ടേക്കും. 

പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട് എന്നാണ് യുകെ എഡ്യുക്കേഷന്‍ സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്ന് ബിബിസിയുടെ വാര്‍ത്തയില്‍ പറയുന്നു. സ്‌കൂളുകളില്‍ ഫോണ്‍ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇംഗ്ലണ്ടില്‍ ഈ വര്‍ഷാദ്യം നടപ്പിലാക്കിയ സര്‍ക്കാര്‍ നിര്‍ദേശം വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടില്‍ ഇത്തരം നടപടികള്‍ കൂടുതല്‍ കടുപ്പിക്കാനാണ് സാധ്യത. 'സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കുട്ടികളിലും യുവാക്കളിലും ഗുണത്തേക്കാള്‍ ദോഷമുണ്ടാക്കുന്നു. 

18 വയസില്‍ താഴെയുള്ളവരില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗമുണ്ടാക്കിയ പ്രത്യാഘാതത്തെ കുറിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് ഉള്ളത്' എന്നുമാണ് കമ്മിറ്റി തലവന്‍ റോബന്‍ വാക്കറുടെ വാക്കുകള്‍. സ്ക്രീന്‍ടൈം അടുത്തിടെ ഏറെ വര്‍ധിച്ചെന്നും നാലില്‍ ഒരു കുട്ടികളില്‍ മൊബൈല്‍ ഉപയോഗം ആസക്തിയുണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. 

പോണോഗ്രാഫി കാണുന്നതിലേക്ക് നയിക്കുന്നത്.. ക്രിമിനല്‍ സംഘങ്ങള്‍ കുട്ടികളെ റിക്രൂട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കുന്നത് തുടങ്ങിയവ വലിയ അപകടമാണ് സൃഷ്‌ടിക്കുന്നത്. രക്ഷിതാക്കളും സ്‌കൂളുകളും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഈ വെല്ലുവിളികള്‍ മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതലായി ഇടപെടേണ്ടതുണ്ട്. 16 വയസില്‍ താഴെയുള്ളവര്‍ക്ക് സ്‌മാര്‍ട്ട് ഫോണുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് പോലെയുള്ള കടുത്ത നടപടികള്‍ വേണ്ടിവന്നേക്കാം'. 

 16 വയസില്‍ താഴെയുള്ളവര്‍ക്ക് മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നത് വിലക്കുക.

 സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആരംഭിക്കാനുള്ള പ്രായപരിധി കൂട്ടുക.

 മൊബൈല്‍ മാതാപിതാക്കള്‍ നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കുക തുടങ്ങിയ നടപടികളും ഇതിനൊപ്പമുണ്ടായേക്കും.


Tuesday, 28 May 2024

നഗ്ന കോഴി..

ഇസ്രായേലിയിലെ ടെൽ അവീവിനടുത്തുള്ള റെഹോവോട്ട് അഗ്രോണമി ഇൻസ്റ്റിറ്റ്യൂട്ടിലെ ജനിതക ഫാക്കൽറ്റിയിൽ ലോകത്തിലെ ആദ്യത്തെ തൂവലുകൾ ഇല്ലാത്ത ഒരു ചിക്കൻ ഇസ്രായേലി ജനിതകശാസ്ത്രജ്ഞനായ അവിഗ്ഡോർ കഹാനർ സൃഷ്ടിച്ചു. 

തൂവലുകൾ ഇല്ലാത്ത കഴുത്ത് ഉള്ള ഒരു ഇനം ബ്രോയിലറിനെ ക്രോസ് ബ്രീഡിംഗ് ചെയ്താണ് നഗ്നമായ തൊലിയുള്ള കോഴിയെ സൃഷ്ടിച്ചത്. ഈ നഗ്ന കോഴിയുടെ വികാസത്തിന് പിന്നിലെ ആശയം ചൂടുള്ള രാജ്യങ്ങളിൽ തൂവലുകൾ ഉള്ള കോഴികളെ ക്കാൾ കൂടുതൽ സൗ കര്യപ്രദവും ഊ ർജ്ജ കാര്യക്ഷമവുമായ ഒരു ചിക്കൻ വിപ്ലവം സൃഷ്ടിക്കുമെന്നതാണ്. മാത്രമല്ല തണുപ്പിക്കൽ സംവിധാനങ്ങൾ വളരെ താങ്ങാനാകാത്തവിധം ചെലവേറിയതുമാണ്. തൂവൽ പറിച്ചെടുക്കേണ്ട ആവശ്യമില്ലാത്തതിനാൽ പ്രോസസ്സിംഗ് പ്ലാന്റുകളിൽ അധിക പണം ലാഭിക്കാം.

പക്ഷെ ഈ മാറ്റങ്ങൾ മൃഗങ്ങൾക്ക് ഗുണം ചെയ്യില്ലെന്നും വാസ്തവത്തിൽ അവരുടെ ജീവിതം കൂടുതൽ വഷളാക്കുമെന്നും മൃഗസ്നേഹികൾ പറയുന്നു. സന്തുലിതാവസ്ഥയ്ക്കായി ചിറകടിക്കാൻ കഴിയാത്തതിനാൽ പൂങ്കൊഴികൾക്ക്‌ ഇണചേരാൻ കഴിയില്ല എന്നത് പിടക്കൊഴികളെ ബാധിക്കുമെന്നും തൂവലുകൾ ഇല്ലാത്തതിനാൽ, രണ്ട് ലിംഗത്തിലെയും കോഴികൾക്ക് ചർമ്മരോഗങ്ങൾ, കൊതുക് ആക്രമണങ്ങൾ, താപനില വ്യതിയാനങ്ങൾ, സൂര്യതാപം എന്നിവയ്ക്ക് ഇരയാകുമെന്നും പറയുന്നു.

എന്നാൽ പ്രൊ. അവിഗ്‌ഡോർ കഹാനർ ഇതിനെ പ്രതിരോധി ക്കുന്നു. ഇത് ജനിതകമാറ്റം വരുത്തിയ ചിക്കൻ അല്ല യെന്നും 50 വർഷമായി അറിയപ്പെടുന്ന പ്രകൃതിദത്ത ഇനമാണെന്നും തൂവലുകൾ ഇല്ലാത്ത ഒരു സാധാരണ ബ്രോയിലർ കോഴികളിലേക്ക് മാറ്റുകയാണെന്നും പറയുന്നു. പുതിയ ഇനം വേഗത്തിൽ വളരുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു,

മൃഗ സ്നേഹികളുടെ എതിർപ്പ് കൊണ്ടാകണം2002 ൽ പുറത്തിറങ്ങിയ മിസ്റ്റർ കഹാനറിന്റെ സൃഷ്ടി ഒരിക്കലും വാണിജ്യപരമായി പ്രജനനം നടത്തിയിട്ടില്ല.

Sunday, 26 May 2024

മദ്യം ഉപേക്ഷിക്കുന്നതിന്റെ ഗുണങ്ങൾ..

മദ്യം ഉപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന പോസിറ്റീവായ മാറ്റങ്ങൾ..

ഹൃദയാരോഗ്യം മെച്ചപ്പെടും

പലരും ദിവസവും പരിമിതമായ അളവിൽ മദ്യംകഴിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്. എന്നാൽ, മദ്യം ശീലമാവുകയും അതിനൊപ്പം അളവു കൂടുകയുമൊക്കെ ചെയ്യുന്നത് രക്തസമ്മർദത്തിന്റെ തോതിനെ ബാധിക്കും. ഇത് ഹൃദയാരോഗ്യത്തേയും തകരാറിലാക്കും. കൂടാതെ ട്രിഗ്ലൈസിറൈഡ്സ് എന്ന കൊഴുപ്പ് ശരീരത്തിൽ അടിയാൻ കാരണമാവുകയും ഇതും ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.

കരളിന്റെ ആരോഗ്യം

ശരീരത്തിലെ മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറംതള്ളി വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ. എന്നാൽ, മദ്യപാനം അതിരുവിടുന്നത് കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ഭാരം കുറയാൻ

വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവരും മദ്യപാനം ഉപേക്ഷിക്കുന്നത് ഗുണംചെയ്യും. ഒരു ഗ്ലാസ് ബിയറിൽ 150 കലോറിയും വൈനിൽ 120 കലോറിയുമാണുള്ളത്. ഇനി കലോറി തീരെ കുറഞ്ഞവയാണെങ്കിൽപ്പോലും മദ്യം വിശപ്പിനെ അധികരിക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കാനിടയാക്കുകയും വണ്ണംവെക്കാൻ കാരണമാവുകയും ചെയ്യും. അതിനാൽ മദ്യപാനം നിർത്തുകവഴി ശരീരഭാരവും കുറയ്ക്കാനാവും.

ബന്ധങ്ങൾ സുഖകരമാക്കും

മാനസികാവസ്ഥയെ സ്വാധീനിക്കുന്നതിലും മദ്യത്തിന് വലിയ പങ്കാണുള്ളത്. സോഷ്യൽ ഡ്രിങ്കിങ് എന്ന അവസ്ഥയിൽനിന്ന് പലരും ബോധം നഷ്ടമാകും വരെ മദ്യപിക്കുന്നത് ദോഷമേ ചെയ്യൂ. മദ്യോപയോഗം കുറയ്ക്കുന്നതും നിർത്തുന്നതും ബന്ധങ്ങളിലും ജോലിയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. കൂടാതെ വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും സഹായകമാകും.

കാൻസർ സാധ്യത കുറയ്ക്കും

മദ്യപാനം പലതരത്തിലുള്ള കാൻസറുകൾക്ക് കാരണമാകുമെന്ന് അടുത്തിടെ ഒരു പഠനത്തിൽ വ്യക്തമായിരുന്നു. വൈൻ ഉൾപ്പെടെ ആൽക്കഹോൾ അംശമുള്ള പാനീയങ്ങളെല്ലാം കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിലുണ്ടായിരുന്നത്. സ്തനാർബുദം, വായിലെ അർബുദം, കുടലിലെ അർബുദം തുടങ്ങി ഏഴോളം തരത്തിലുള്ള കാൻസറുകൾക്ക് പിന്നിൽ മദ്യത്തിന്റെ ഉപഭോഗവുമായി ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ഉറക്കം മെച്ചപ്പെടും

മദ്യപാനം തുടക്കത്തിൽ മയക്കത്തിന് സമാനമായ അനുഭവം നൽകുമെങ്കിലും സുഖകരമായ ഉറക്കത്തിന് തടസ്സമാകാം. മൂത്രമൊഴിക്കുന്നതിനുൾപ്പെടെ ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് ഉറക്കം അസ്വസ്ഥമാക്കും. രാത്രി വളരെ വൈകുംവരെ മദ്യപിക്കുന്ന ശീലം പാടേ ഉപേക്ഷിക്കുന്നതാണ് ഗുണകരം.

പ്രതിരോധശേഷി

മദ്യം ശരീരത്തിന്റെ അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷിയെ ദുർബലമാക്കാം. മദ്യത്തിന്റെ അളവു കൂടുന്നതിനൊപ്പം പ്രതിരോധശേഷി ദുർബലമാവും. ഇതുതടയാൻ മദ്യം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം.

രക്തസമ്മർദത്തേയും മസ്തിഷ്കത്തേയും ബാധിക്കാം

വലിയ അളവിൽ മദ്യം കഴിക്കുന്നത് രക്തസമ്മർദത്തിന്റെ തോത് വർധിപ്പിക്കും. കൂടാതെ മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തേയും ബാധിക്കും. കാര്യങ്ങൾ ഓർത്തെടുക്കാനുള്ള ശേഷി കുറയുകയും മോട്ടോർ സ്കില്ലുകളെ ബാധിക്കുകയും ചെയ്യും. മദ്യം കുറയ്ക്കുന്നതിനനുസരിച്ച് ഈ ശേഷികൾ മെച്ചപ്പെടുകയും ചെയ്യും.

മദ്യത്തിന് അടിമകളായിട്ടുള്ളവർ പെട്ടെന്ന് അതുപേക്ഷിക്കുന്നത് വിത്ഡ്രോവൽ സിൻഡ്രോമിലേക്ക് നയിക്കാം. ഹൃദയമിടിപ്പ് ഉയരുക, ഛർദി, കൈകൾ വിറയൽ, അമിത ഉത്കണ്ഠ തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിദഗ്ധസഹായം തേടണം.

Thursday, 23 May 2024

മയോണൈസ് ഒരു സൈലൻറ് കില്ലർ..

വിദേശരാജ്യങ്ങളിൽ ലഭ്യമായിരുന്നതും  ഇപ്പോൾ കേരളത്തിലും ലദ്യമാകുന്ന വെളുത്ത നിറത്തിൽ പായസം പോലെ കാണപ്പെടുന്നത് ആണ് മയോണൈസ് (Mayonnaise).


പല ഫ്ലേവറുകളിൽ ഉണ്ട്. 

വെളുത്തുള്ളി ചേർത്ത ഗാർലിക് മയോന്നൈസ് ആണ് ധാരാളമായി കേരളത്തിൽ കണ്ടുവരുന്നത്..

ഒരു കുട്ടിപ്പിഞ്ഞാണത്തിൽ ഗ്രിൽഡ് ചിക്കന്റെയും ,ഫ്രഞ്ച് ഫ്രൈസിന്റെയും കൂടെ നമ്മുടടുത്തേക്ക് വരും. ചൂടുകോഴി ചെറിയ കഷണങ്ങളായി കൈ കൊണ്ട് ചീന്തിയെടുത്ത്, ഗാർലിക് മയോയിൽ മുക്കി നമ്മൾ കഴിക്കും. ചിലയിടങ്ങളിലെ കോഴികൾ ലേശം എരിവ് കൂട്ടിയവയായിരിക്കും. അങ്ങനെ വരുമ്പോൾ, അതൊന്ന് ബാലൻസ് ചെയ്യാൻ നമ്മൾ മയോണൈസ് കൂടുതൽ ഉപയോഗിക്കും.


പണ്ടൊക്കെ ഫ്രഞ്ച് ഫ്രൈസ് കെച്ചപ്പിൽ മുക്കി കഴിച്ചിരുന്നവർ ഇന്ന് കെച്ചപ്പിനെ  ഉപേക്ഷിച്ച് മയോണൈസിൽ മുക്കിയാണ് ഉരുളക്കിഴങ്ങ് കഴിക്കുന്നത്. 

കോഴിയുടെ മറ്റൊരു രൂപമായ ഷവർമയിൽ ചേർക്കപ്പെടുന്ന മയോണൈസിനനുസരിച്ച് നമ്മുടെ ചുണ്ടിൽ പുഞ്ചിരി വിരിയുന്നു. കുഴി മന്തിയിലെ ചോറ് പുളിശ്ശേരിയെന്ന പോലെ മയോണൈസ് ഒഴിച്ച് കുഴച്ച് കഴിച്ച് പുഞ്ചിരി അട്ടഹാസമാക്കാനും നമുക്ക് മടിയില്ല


മയോണൈസ്  കൺസ്ട്രക്‌ഷൻ എങ്ങിനെയെന്നറിഞ്ഞിരുന്നാൽ നമ്മളവനെ പുളിശ്ശേരിക്കു പകരം ഉപയോഗിക്കുമോ എന്ന് സംശയമാണ്. 

മയോണൈസ് നിർമ്മിക്കുന്നത്

പച്ചമുട്ടയിൽ സസ്യ എണ്ണ ചേർത്ത് നന്നായി യോജിപ്പിച്ച്, ആവശ്യത്തിന് ഉപ്പും, പൊടിക്ക് പഞ്ചസാരയും, നാരങ്ങാ നീരും ചേർത്താണിവനെ തയ്യാറാക്കുന്നത്. എല്ലാം പച്ചയ്ക്ക്. 

ശരീരത്തെ ഭംഗിയായി ദ്രോഹിക്കാൻ കഴിവുള്ള സാച്ചുറേറ്റഡ് ഫാറ്റുകൾ, സോഡിയം, കൊളസ്‌ട്രോൾ ഒക്കെ നന്നായി  അടങ്ങിയിരിക്കുന്നു. 

ഇവനെ കഴിക്കുന്ന നമ്മളിൽ പക്ഷേ അവയൊന്നും അടങ്ങിയിരുന്നു എന്ന് വരില്ല, എല്ലാവനും കൂടി വളരെ ആക്ടീവായി ഹൃദയത്തെ പിടിച്ച് ഞെരിച്ചു കളയും.

ഉദാഹരണമായി 

മന്തി മയോണൈസിൻ്റെ കണക്ക് നോക്കിയാൽ ഒരാൾ കഴിക്കുന്ന മന്തി റൈസിൽ ഇരുന്നൂറ്റമ്പതോളം കിലോ കാലറി ഊർജമാണ് ഉണ്ടാവുക. 

അത്രയും ഊർജം വെറും ഇരുപത്തഞ്ച്-മുപ്പത് ഗ്രാം മയോണൈസിൽ ഉണ്ട്. കൂടെ മറ്റാളെക്കൊല്ലികളും.

ശരീരം സംരക്ഷിക്കാൻ കസർത്തും മറ്റും ചെയ്യുന്ന ജിംനേഷ്യത്തിൽ പോകുന്ന ചിലർ സാധാരണയായി കഴിക്കാൻ താത്പര്യപ്പെടുന്ന ഭക്ഷണമാണ് ഗ്രിൽഡ് ചിക്കൻ. 

ശരീര സംരക്ഷണാർഥം, അവരതിന്റെ കൂടെ വരുന്ന ഫ്രഞ്ച് ഫ്രൈസിനെ അവഗണിച്ചു കളയും . പക്ഷേ മയോണൈസ് പാവമല്ലേ അവനിരുന്നോട്ടെ എന്നുവയ്ക്കും.

കസ്റ്റമർക്ക് സന്തോഷമായിക്കോട്ടെ എന്ന് കരുതി ചുരുങ്ങിയത് ഒരു പത്തുമുപ്പതു ഗ്രാം മയോണൈസ് റസ്റ്ററന്റുകാർ ചിക്കന്റെ കൂടെ ഇനാമായി നല്കുന്നുമുണ്ട്.

 മസാലയിടാത്ത ഗ്രിൽഡ് ചിക്കന്റെ പോഷക ഗുണങ്ങളെ സ്മരിച്ച് ജിമ്മൻ അവനെ മയോണൈസിൽ മുക്കി തട്ടും..

 അതോടെ പൂർത്തിയായി..

 മണിക്കൂറുകൾ കഷ്ടപ്പെട്ട് വ്യായാമം ചെയ്ത് കത്തിച്ചു കളഞ്ഞ ഊർജം മുഴുവൻ ഞൊടിയിടയിൽ വളരെ അനാരോഗ്യ പൂർവം ശരീരത്തിൽ തിരിച്ചെത്തും..


ഷവർമയുണ്ടാക്കുന്ന ജീവനക്കാർ പറയും കസ്റ്റമേഴ്‌സിന്റെ മയോണൈസ് പ്രേമത്തെ കുറിച്ച്. 

മുഴുവൻ ചിക്കൻ കഷണങ്ങളും മയോണൈസിൽ കുളിപ്പിച്ച് ഷവർമയിൽ നിറച്ചാൽ അവർ കൂടുതൽ സന്തോഷത്തോടെ കഴിക്കുന്നത് കാണാനാകുമത്രേ. 

ഇതൊന്നും പോരാഞ്ഞ് മയോണൈസിൽ കുതിർന്ന ഷവർമ, മുക്കി കഴിക്കാൻ ലേശം മയോണൈസ് പൊതിഞ്ഞു കൊടുക്കുന്നവരും ഉണ്ട്. 

റസ്റ്ററന്റുകളിൽ മന്തി വിളമ്പുന്നവർ നേരിടുന്ന അടിയന്തര സാഹചര്യം, രണ്ടാമതും, മൂന്നാമതും മയോണൈസ് ചോദിച്ചു വാങ്ങുന്ന ഉശിരൻ കസ്റ്റമർമാരെ നേരിടലാണ്.

വില കൂടിയ ഒന്നായതു കൊണ്ട് രണ്ടും, മൂന്നും തവണ മയോണൈസ് നൽകിയാൽ ‘ഹോട്ടൽ മുതലാളി’ കെട്ടും കെട്ടി രാജ്യം വിടേണ്ടി വരും. 

ആരോഗ്യത്തിനും , സർവോപരി പോക്കറ്റിനും ഹാനികരമായ ഇവനെ തളയ്ക്കാനെന്താണ് വഴി?

രുചി കൂടുതലാണ്, കഴിക്കാൻ ഹരമാണ് എന്നതിലൊന്നും തർക്കമില്ല. രുചി കൂടുതലുള്ള സംഗതികൾ മിക്കതും ശരീരത്തിനു നല്ലതല്ലെന്ന് നമുക്കറിയാം.

 അതുകൊണ്ടുതന്നെ മട്ടൻ, ചെമ്മീൻ, ചോക്കലേറ്റ് തുടങ്ങിയവയെല്ലാം നാം മിതമായി ഉപയോഗിക്കാൻ ശീലിച്ചു.
ശീലിച്ചില്ലെങ്കിലും, ശീലിക്കാൻ ശ്രമിക്കുക എങ്കിലും ചെയ്യുന്നു. 

പക്ഷേ..

മയോണൈസിനെ നമ്മളങ്ങനെ ഉപദ്രവകാരിയായി കാണുന്നത് കുറവാണ്. ചിക്കന്റെയോ , മന്തിയുടെയോ ഒക്കെ കൂടെ കിട്ടുന്ന ഒരു സാധനം. അവനെ ഒരു ഭക്ഷണ പദാർഥമായല്ല, മറിച്ച് എന്തെങ്കിലും ഭക്ഷണം മുക്കിക്കഴിക്കാനുള്ളതായിട്ടാണ് നമ്മൾ ശീലിച്ചത്. 

പ്രധാന ഭക്ഷണത്തേക്കാൾ ശരീരദ്രോഹം, ചെറിയ അളവിൽത്തന്നെ അവൻ ചെയ്യുമെന്നറിയാതെ പ്രായ, ലിംഗ ഭേദമന്യേ നമ്മളവനെ അകത്താക്കുന്നു. സംഗതിയെന്താണെന്ന് മനസ്സിലാക്കി, ചെറിയ അളവിൽ വല്ലപ്പോഴും ഉപയോഗിക്കാനുള്ളതാണ് മയോണൈസെന്ന് വിളമ്പുന്നവനും, കഴിക്കുന്നവനും പലപ്പോഴും അറിയുന്നില്ല.
അത് തിരിച്ചറിഞ്ഞില്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും..