Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 23 May 2024

മയോണൈസ് ഒരു സൈലൻറ് കില്ലർ..

വിദേശരാജ്യങ്ങളിൽ ലഭ്യമായിരുന്നതും  ഇപ്പോൾ കേരളത്തിലും ലദ്യമാകുന്ന വെളുത്ത നിറത്തിൽ പായസം പോലെ കാണപ്പെടുന്നത് ആണ് മയോണൈസ് (Mayonnaise).


പല ഫ്ലേവറുകളിൽ ഉണ്ട്. 

വെളുത്തുള്ളി ചേർത്ത ഗാർലിക് മയോന്നൈസ് ആണ് ധാരാളമായി കേരളത്തിൽ കണ്ടുവരുന്നത്..

ഒരു കുട്ടിപ്പിഞ്ഞാണത്തിൽ ഗ്രിൽഡ് ചിക്കന്റെയും ,ഫ്രഞ്ച് ഫ്രൈസിന്റെയും കൂടെ നമ്മുടടുത്തേക്ക് വരും. ചൂടുകോഴി ചെറിയ കഷണങ്ങളായി കൈ കൊണ്ട് ചീന്തിയെടുത്ത്, ഗാർലിക് മയോയിൽ മുക്കി നമ്മൾ കഴിക്കും. ചിലയിടങ്ങളിലെ കോഴികൾ ലേശം എരിവ് കൂട്ടിയവയായിരിക്കും. അങ്ങനെ വരുമ്പോൾ, അതൊന്ന് ബാലൻസ് ചെയ്യാൻ നമ്മൾ മയോണൈസ് കൂടുതൽ ഉപയോഗിക്കും.


പണ്ടൊക്കെ ഫ്രഞ്ച് ഫ്രൈസ് കെച്ചപ്പിൽ മുക്കി കഴിച്ചിരുന്നവർ ഇന്ന് കെച്ചപ്പിനെ  ഉപേക്ഷിച്ച് മയോണൈസിൽ മുക്കിയാണ് ഉരുളക്കിഴങ്ങ് കഴിക്കുന്നത്. 

കോഴിയുടെ മറ്റൊരു രൂപമായ ഷവർമയിൽ ചേർക്കപ്പെടുന്ന മയോണൈസിനനുസരിച്ച് നമ്മുടെ ചുണ്ടിൽ പുഞ്ചിരി വിരിയുന്നു. കുഴി മന്തിയിലെ ചോറ് പുളിശ്ശേരിയെന്ന പോലെ മയോണൈസ് ഒഴിച്ച് കുഴച്ച് കഴിച്ച് പുഞ്ചിരി അട്ടഹാസമാക്കാനും നമുക്ക് മടിയില്ല


മയോണൈസ്  കൺസ്ട്രക്‌ഷൻ എങ്ങിനെയെന്നറിഞ്ഞിരുന്നാൽ നമ്മളവനെ പുളിശ്ശേരിക്കു പകരം ഉപയോഗിക്കുമോ എന്ന് സംശയമാണ്. 

മയോണൈസ് നിർമ്മിക്കുന്നത്

പച്ചമുട്ടയിൽ സസ്യ എണ്ണ ചേർത്ത് നന്നായി യോജിപ്പിച്ച്, ആവശ്യത്തിന് ഉപ്പും, പൊടിക്ക് പഞ്ചസാരയും, നാരങ്ങാ നീരും ചേർത്താണിവനെ തയ്യാറാക്കുന്നത്. എല്ലാം പച്ചയ്ക്ക്. 

ശരീരത്തെ ഭംഗിയായി ദ്രോഹിക്കാൻ കഴിവുള്ള സാച്ചുറേറ്റഡ് ഫാറ്റുകൾ, സോഡിയം, കൊളസ്‌ട്രോൾ ഒക്കെ നന്നായി  അടങ്ങിയിരിക്കുന്നു. 

ഇവനെ കഴിക്കുന്ന നമ്മളിൽ പക്ഷേ അവയൊന്നും അടങ്ങിയിരുന്നു എന്ന് വരില്ല, എല്ലാവനും കൂടി വളരെ ആക്ടീവായി ഹൃദയത്തെ പിടിച്ച് ഞെരിച്ചു കളയും.

ഉദാഹരണമായി 

മന്തി മയോണൈസിൻ്റെ കണക്ക് നോക്കിയാൽ ഒരാൾ കഴിക്കുന്ന മന്തി റൈസിൽ ഇരുന്നൂറ്റമ്പതോളം കിലോ കാലറി ഊർജമാണ് ഉണ്ടാവുക. 

അത്രയും ഊർജം വെറും ഇരുപത്തഞ്ച്-മുപ്പത് ഗ്രാം മയോണൈസിൽ ഉണ്ട്. കൂടെ മറ്റാളെക്കൊല്ലികളും.

ശരീരം സംരക്ഷിക്കാൻ കസർത്തും മറ്റും ചെയ്യുന്ന ജിംനേഷ്യത്തിൽ പോകുന്ന ചിലർ സാധാരണയായി കഴിക്കാൻ താത്പര്യപ്പെടുന്ന ഭക്ഷണമാണ് ഗ്രിൽഡ് ചിക്കൻ. 

ശരീര സംരക്ഷണാർഥം, അവരതിന്റെ കൂടെ വരുന്ന ഫ്രഞ്ച് ഫ്രൈസിനെ അവഗണിച്ചു കളയും . പക്ഷേ മയോണൈസ് പാവമല്ലേ അവനിരുന്നോട്ടെ എന്നുവയ്ക്കും.

കസ്റ്റമർക്ക് സന്തോഷമായിക്കോട്ടെ എന്ന് കരുതി ചുരുങ്ങിയത് ഒരു പത്തുമുപ്പതു ഗ്രാം മയോണൈസ് റസ്റ്ററന്റുകാർ ചിക്കന്റെ കൂടെ ഇനാമായി നല്കുന്നുമുണ്ട്.

 മസാലയിടാത്ത ഗ്രിൽഡ് ചിക്കന്റെ പോഷക ഗുണങ്ങളെ സ്മരിച്ച് ജിമ്മൻ അവനെ മയോണൈസിൽ മുക്കി തട്ടും..

 അതോടെ പൂർത്തിയായി..

 മണിക്കൂറുകൾ കഷ്ടപ്പെട്ട് വ്യായാമം ചെയ്ത് കത്തിച്ചു കളഞ്ഞ ഊർജം മുഴുവൻ ഞൊടിയിടയിൽ വളരെ അനാരോഗ്യ പൂർവം ശരീരത്തിൽ തിരിച്ചെത്തും..


ഷവർമയുണ്ടാക്കുന്ന ജീവനക്കാർ പറയും കസ്റ്റമേഴ്‌സിന്റെ മയോണൈസ് പ്രേമത്തെ കുറിച്ച്. 

മുഴുവൻ ചിക്കൻ കഷണങ്ങളും മയോണൈസിൽ കുളിപ്പിച്ച് ഷവർമയിൽ നിറച്ചാൽ അവർ കൂടുതൽ സന്തോഷത്തോടെ കഴിക്കുന്നത് കാണാനാകുമത്രേ. 

ഇതൊന്നും പോരാഞ്ഞ് മയോണൈസിൽ കുതിർന്ന ഷവർമ, മുക്കി കഴിക്കാൻ ലേശം മയോണൈസ് പൊതിഞ്ഞു കൊടുക്കുന്നവരും ഉണ്ട്. 

റസ്റ്ററന്റുകളിൽ മന്തി വിളമ്പുന്നവർ നേരിടുന്ന അടിയന്തര സാഹചര്യം, രണ്ടാമതും, മൂന്നാമതും മയോണൈസ് ചോദിച്ചു വാങ്ങുന്ന ഉശിരൻ കസ്റ്റമർമാരെ നേരിടലാണ്.

വില കൂടിയ ഒന്നായതു കൊണ്ട് രണ്ടും, മൂന്നും തവണ മയോണൈസ് നൽകിയാൽ ‘ഹോട്ടൽ മുതലാളി’ കെട്ടും കെട്ടി രാജ്യം വിടേണ്ടി വരും. 

ആരോഗ്യത്തിനും , സർവോപരി പോക്കറ്റിനും ഹാനികരമായ ഇവനെ തളയ്ക്കാനെന്താണ് വഴി?

രുചി കൂടുതലാണ്, കഴിക്കാൻ ഹരമാണ് എന്നതിലൊന്നും തർക്കമില്ല. രുചി കൂടുതലുള്ള സംഗതികൾ മിക്കതും ശരീരത്തിനു നല്ലതല്ലെന്ന് നമുക്കറിയാം.

 അതുകൊണ്ടുതന്നെ മട്ടൻ, ചെമ്മീൻ, ചോക്കലേറ്റ് തുടങ്ങിയവയെല്ലാം നാം മിതമായി ഉപയോഗിക്കാൻ ശീലിച്ചു.
ശീലിച്ചില്ലെങ്കിലും, ശീലിക്കാൻ ശ്രമിക്കുക എങ്കിലും ചെയ്യുന്നു. 

പക്ഷേ..

മയോണൈസിനെ നമ്മളങ്ങനെ ഉപദ്രവകാരിയായി കാണുന്നത് കുറവാണ്. ചിക്കന്റെയോ , മന്തിയുടെയോ ഒക്കെ കൂടെ കിട്ടുന്ന ഒരു സാധനം. അവനെ ഒരു ഭക്ഷണ പദാർഥമായല്ല, മറിച്ച് എന്തെങ്കിലും ഭക്ഷണം മുക്കിക്കഴിക്കാനുള്ളതായിട്ടാണ് നമ്മൾ ശീലിച്ചത്. 

പ്രധാന ഭക്ഷണത്തേക്കാൾ ശരീരദ്രോഹം, ചെറിയ അളവിൽത്തന്നെ അവൻ ചെയ്യുമെന്നറിയാതെ പ്രായ, ലിംഗ ഭേദമന്യേ നമ്മളവനെ അകത്താക്കുന്നു. സംഗതിയെന്താണെന്ന് മനസ്സിലാക്കി, ചെറിയ അളവിൽ വല്ലപ്പോഴും ഉപയോഗിക്കാനുള്ളതാണ് മയോണൈസെന്ന് വിളമ്പുന്നവനും, കഴിക്കുന്നവനും പലപ്പോഴും അറിയുന്നില്ല.
അത് തിരിച്ചറിഞ്ഞില്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും..

3 comments:

  1. could you please add a post , what is the health benefit of completely avoiding alcohol.

    ReplyDelete
  2. Excellent post. മദ്യപാനം ഉപേക്ഷിക്കുന്നത് കൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് ഒന്ന് പറയാമോ. മദ്യപാനികൾ കണ്ടു പഠിക്കട്ടെ

    ReplyDelete
  3. Taree Malayali26 May 2024 at 14:59

    മദ്യപാനം ഉപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്

    ReplyDelete