Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 20 May 2024

ഏറ്റവും ഹാപ്പിയായ ജീവി..

ഓസ്‌ട്രേലിയയിലെ ക്വോക്ക എന്ന ജീവിയാണ് ഇങ്ങനെ അറിയപ്പെടുന്നത്..

ക്വോക്ക യഥാർഥത്തിൽ ഹാപ്പിയാണോ അല്ലയോ എന്ന് നമുക്കറിയില്ല..

പക്ഷേ..

ഇവയുടെ വായയുടെ പ്രത്യേകത കാരണം ഇവയ്ക്ക് എപ്പോഴും ചിരിച്ച മുഖമാണ്. ക്വോക്കകൾ ചെറിയ ജീവികളാണ്, ഒരു പൂച്ചയുടെ അത്രയൊക്കെ വലുപ്പം വരും. ഓസ്‌ട്രേലിയയിലെ സഞ്ചിമൃഗങ്ങൾ ഉൾപ്പെടുന്ന മാർസൂപ്പിയൽ ജീവി വിഭാഗത്തിലാണ് ഇവയും ഉൾപ്പെടുന്നത്.

ഓസ്‌ട്രേലിയയിലും സമീപമേഖലകളിലുമെത്തിയ സഞ്ചാരികൾ ക്വോക്കകളോടൊപ്പം എടുത്ത സെൽഫികൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓസ്‌ട്രേലിയയിലെ പെർത്ത് തീരത്തിനു സമീപമുള്ള റോട്ട്‌നെസ്റ്റ് ദ്വീപിലാണ് ക്വോക്കകൾ ജീവിക്കുന്നത്. പതിനായിരത്തോളം ക്വോക്കകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. 

റോട്ട്‌നെസ്റ്റ് ദ്വീപിന് പേരു കിട്ടിയതും ക്വോക്കയിൽ നിന്നാണ്. പതിനേഴാം നൂറ്റാണ്ടിൽ ഡച്ച് നാവികർ ഇവിടെ കാൽകുത്തിയപ്പോൾ അവർ ക്വോക്കകളെ കണ്ട് എലികളാണെന്നു തെറ്റിദ്ധരിച്ചു. എലികളുടെ കൂട് എന്ന് ഡച്ച് ഭാഷയിൽ അർഥം വരുന്ന റോട്ട്‌നെസ്റ്റ് എന്ന പേര് ദ്വീപിനു നൽകുകയായിരുന്നു നാവികർ.


ബാൾഡ് ഐലൻഡ് എന്ന മറ്റൊരു ദ്വീപിലും ക്വോക്കകൾ ജീവിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ചില കുറുക്കൻമാർ ക്വോക്കകൾക്ക് വലിയ ഭീഷണിയാണ്. ഈ ജീവികളെ കുറുക്കൻമാർ വേട്ടയാടാറുണ്ട്. പകൽ ഉറങ്ങി രാത്രി ഉണർന്നിറങ്ങുന്ന ജീവികളാണ് ക്വോക്കകൾ.

 മുയലുകളെപ്പോലെ ചാടിയാണ് സഞ്ചാരം. ജനിച്ച് കഴിഞ്ഞ് ആദ്യ അഞ്ചുമാസങ്ങളിൽ ക്വോക്കക്കുഞ്ഞുങ്ങൾ അമ്മയുടെ സഞ്ചിയിലാണ് ജീവിക്കുക. രണ്ട് ആമാശയങ്ങളുള്ള ക്വോക്കകൾ സസ്യാഹാരികളാണ്. ക്വോക്കകൾക്ക് മനുഷ്യരെ അത്ര പേടിയൊന്നുമില്ല. അതിനാൽ തന്നെ റോട്ട്‌നെസ്റ്റ് ദ്വീപിൽ എത്തുന്ന സഞ്ചാരികളുടെ സമീപം ഇവയെത്താറുണ്ട്. എന്നാൽ ആൾ ഫ്രണ്ട്‌ലിയൊക്കെയാണെങ്കിലും ക്വോക്കകൾ മനുഷ്യരെ കടിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ജന്തുവിദഗ്ധർ പറയുന്നു.

No comments:

Post a Comment