ലോക്ക് ഡൗണിനെ തുടര്‍ന്ന് ലോകവും ഇന്ത്യയും ശുദ്ധവായു ശ്വസിക്കാന്‍ തുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകത്തെ പ്രധാന നഗരങ്ങളില്‍ എല്ലാം അന്തരീക്ഷമലിനീകരണം ഗണ്യമായി കുറയുകയും വായുവിന്റെ നിലവാരം വര്‍ധിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഡല്‍ഹി ഉള്‍പ്പെടെ 90 നഗരങ്ങളില്‍ വായു മലിനീകരണം കുറഞ്ഞു. വാഹനങ്ങള്‍ ഓടാത്തതും ഫാക്ടറികള്‍ പ്രവര്‍ത്തിക്കാത്തതുമാണ് വായുമലിനീകരണം കുറയാന്‍ ഇടയാക്കിയത്. ലോകത്ത് മുഴുക്കെ മിക്ക രാജ്യങ്ങളിലും ലോക്ക് ഡൗണാണ്. പാരിസ് ഉടമ്പടിയിലൂടെ ലോകരാജ്യങ്ങള്‍ കാര്‍ബണ്‍ ന്യൂട്രലിന് വേണ്ടി കോടികളുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടും ഫലപ്രദമായിരുന്നില്ല. ഇതിന്റെ പലമടങ്ങ് ഫലമാണ് കോറോണ വൈറസിനെ തുടര്‍ന്ന് ലോകം നിശ്ചലമായപ്പോള്‍ പ്രകൃതിക്ക് ലഭിച്ചത്.
ലോകത്ത്
ലോകത്ത് മിക്ക നഗരങ്ങളിലും എ.ക്യു.ഐ കുറഞ്ഞു. എന്നാല്‍ യു.എ.ഇയില്‍ പലയിടത്തും വായു നിലവാരം അപകടകരമായ അളവില്‍ തുടരുന്നുണ്ട്. മക്ക ഉള്‍പ്പെടെ സൗദിയിലെ തീര്‍ഥാടന കേന്ദ്രങ്ങളിലെ വായു നിലവാരം ഇപ്പോള്‍ കേരളത്തിലേതിന് തുല്യമായി. ചൈനയിലും യൂറോപ്പിലും യു.എസിലും മിക്കയിടത്തും വായു മലിനീകരണം കുറഞ്ഞു.
ഇന്ത്യയില്‍
കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരവും ഇന്ത്യയില്‍ വായു മലിനീകരണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പി.എം 2.5 എന്ന സൂക്ഷ്മ പൊടിപടലത്തിന്റെ അളവ് ഡല്‍ഹിയില്‍ 30 ശതമാനവും അഹമ്മദാബാദിലും പൂനെയിലും 15 ശതമാനവുമായി കുറഞ്ഞു.
ശ്വാസകോശ അസുഖമുണ്ടാക്കുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ അളവിലും വലിയതോതില്‍ കുറവുണ്ടായി. എയര്‍ക്വാളിറ്റി ഇന്റക്‌സ് വളരെ അപകടരമായിരുന്ന ഡല്‍ഹിയില്‍ ഏറ്റവും മികച്ചത് എന്ന നിലയിലേക്ക് എത്തി. സമീപകാലത്ത് ഒരിക്കലും ഇത്രയും ശുദ്ധമായ വായു ഇന്ത്യ ശ്വസിച്ചിട്ടില്ലെന്ന് പറയാം..
No comments:
Post a Comment