എന്താണ് ആർത്തവം ?
പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്‍റെ ലക്ഷണമാണ് ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുകയും ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുകയും വളർച്ച എത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന് ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിലേ ആരംഭിക്കുകയും ചെയ്യുന്നു. ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ അവസാനിക്കുന്നു. ഈ പ്രവർത്തിയുടെ ഫലമായി യോനീനാളത്തിലൂടെയുണ്ടാകുന്ന രക്ത സ്രാവമാണ് ആർത്തവം.
ആർത്തവം എങ്ങനെ ഉണ്ടാകുന്നു ?
തലച്ചോറു മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോർമോണുകളുടെ സഹായത്തോടെ നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഒന്ന് ചേർന്നതാണ് ആർത്തവം. അണ്ഡാശയത്തിൽ ഹൈപ്പോതലാമസിലെയും പിറ്റ്യുറ്ററിയിലെയും ഹോർമോണുകളുടെ പ്രവർത്തന ഫലമായി എല്ലാമാസവും ഒരു അണ്ഡം വളർച്ചയെത്തി പുറത്തുവരും ഇതാണു അണ്ഡവിസർജനം. ഇതിനൊപ്പം ഗർഭപാത്രത്തിൽ ധാരാളം മാറ്റവും സംഭവിക്കുന്നു ഈ അണ്ഡം ബീജവുമായി ചേർന്നില്ലെങ്കിൽ ഗർഭപാത്രത്തിലെ മറ്റങ്ങൾ പ്രയോജന രഹിതമാകുകയും അവിടെ രൂപപ്പെട്ട എൻഡോമെട്രിയം സ്തരം പൊട്ടി രക്തത്തോടൊപ്പം പുറത്ത് പോകുന്നു (എൻഡോമെട്രിയം സ്തരം -അണ്ഡവും ബീജവും സംയോജിച്ചു ഉണ്ടാകുന്ന ഭ്രൂണത്തിനു പറ്റിപിടിച്ചു വളരാൻ ഗർഭാശയം ഒരുക്കുന്ന ഒരു മെത്തയാണ് )
ആദ്യമായി വരുന്ന ആർത്തവം കൃത്യമായി പറയാൻ പറ്റുമോ..?
അറിയില്ല എന്നാണു ഉത്തരം ,11-12 വയസിലാണ് സാധാരണയായി ആർത്തവം വരാറ്, ശാരീരിക വളർച്ച, സ്തന വളർച്ച കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച എന്നീ മാറ്റങ്ങൾക്ക് പിന്നാലെയാണ് ആർത്തവം വരാര്‍.
ആർത്തവം എത്ര ദിവസം കൂടുമ്പോഴാണ് ഉണ്ടാവുന്നത്
സാധാരണയായി 25-30 ദിവസം കൂടുമ്പോഴാണ് ആർത്തവം ഉണ്ടാകുന്നത് 21-35 ദിവസത്തിലും ഉണ്ടാവാറുണ്ട്. ആർത്തവ ചക്രത്തിലെ ദൈർഘ്യത്തിൽ സ്ഥിരമായി മാറ്റമുണ്ടാകുകയാണെങ്കിൽ ആർത്തവ ക്രമക്കേടായി കരുതി ഡോക്ടറുടെ ഉപദേശം തേടണം.
ആർത്തവം തുടങ്ങിയ ദിവസം മുതൽ അടുത്ത ആർത്തവം തുടങ്ങുന്ന ദിവസം വരെയാണ് ഒരു ആർത്തവ ചക്രം. സാധാരണയായി 3-5 ദിവസം വരെ രക്ത സ്രാവം നീണ്ടുനിൽക്കാറുണ്ട് ചിലപ്പോൾ 7 ദിവസം വരെ നീളാം.
ചെറുപ്രായത്തിലെ ആർത്തവം
ഭക്ഷണരീതി ഒരു പരിധി വരെ സ്വാധീനിക്കാറുണ്ട് സ്ത്രീ ഹോർമോണായ ഇസ്ട്രജന്‍റെ അളവാണു ആർത്തവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം അണ്ഡാശയത്തിലെ ഫോളിക്കിളുകളിൽ നിന്നാണ് പ്രധാനമായും ഇസ്ട്രജൻ ഉത്പാദിപ്പിക്കുന്നത് അതോടൊപ്പം ശരീരത്തിലെ കൊഴുപ്പ് കോശങ്ങളും ചെറിയ അളവിൽ ഇസ്ട്രജൻ ഉത്പാദിപ്പിക്കുന്നുണ്ട് കോഴി ഇറച്ചി അതുപോലെ മറ്റു ജങ്ക് ഫുഡ് എന്നിവ ശരീരത്തിൽ കൊഴുപ്പിന്‍റെ അളവു കൂട്ടുന്നു അതിനൊപ്പം ഇസ്ട്രജൻ ഉത്പാദനവും കൂടുന്നു മാത്രമല്ല കോഴികളിൽ വേഗത്തിൽ വളർച്ചയെത്താൻ ഇസ്ട്രജൻ കുത്തിവെക്കുന്നു എന്ന് പറയപ്പെടുന്നു. മറ്റ് രോഗങ്ങൾ കൊണ്ടും ഉണ്ടാകാം, അഡ്രിനൽ ഗ്ലാൻഡിന്‍റെ പ്രശ്നങ്ങൾ, തലച്ചോറിലെ വ്യതിയാനങ്ങൾ, അണ്ഡാശയ മുഴകൾ, ചില രോഗങ്ങളുടെ ലക്ഷണവുമായിരിക്കാം ചെറുപ്രായത്തിലെ ആർത്തവം. അതുകൊണ്ട് ചെറുപ്രായത്തിലെ ആർത്തവം വരുന്നവർ ഒരു വിദഗ്ദ്ധ ഡോക്ടറെ കണ്ട് മറ്റ് കുഴപ്പങ്ങളൊന്നുമില്ല എന്ന് ഉറപ്പു വരുത്തുക.
വൈകി വരുന്ന ആർത്തവം / ആർത്തവം ഇല്ലായിമ
സാധാരണഗതിയിൽ 15 വയസിനുള്ളിൽ ആർത്തവം വരാറുണ്ട് , ശാരീരിക വളർച്ച, സ്തന വളർച്ച കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച എന്നിവ ശരിയായ രീതിയിൽ ഉണ്ടെങ്കിൽ 15 വയസിനുള്ളിൽ ആർത്തവം ആയില്ലെങ്കിലും അധികം ഭയക്കേണ്ടതില്ല കുറച്ചു കൂടി നോക്കാം.
15 വയസു കഴിഞ്ഞിട്ടും ഇത്തരം ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കിൽ ശ്രദ്ധിക്കണം ഗർഭപാത്രത്തിലെ മുഴകൾ തൈറോയ്ഡ് ഗ്രന്ഥി യുടെ പ്രവർത്തന തകരാറുകൾ എന്നിവ മൂലം ആർത്തവം വൈകാം, ഗർഭപാത്രവും മറ്റു പ്രത്യുല്പാദന അവയവങ്ങളും വേണ്ടവിധം വികാസം പ്രാപിച്ചില്ലെങ്കിലും ആർത്തവം വൈകാം, യോനീനാളം അടഞ്ഞിരിക്കുന്നത് മൂലം (കന്യാചർമ്മത്തിൽ ദ്വാരം ഇല്ലാത്തത് മൂലം ) ഉള്ളിലെ പ്രവർത്തനങ്ങൾ വേണ്ടവിധം നടന്നാലും ആർത്തവ രക്തം പുറത്ത് വരാതെ ഇരിക്കും ചെറിയൊരു ശസ്ത്ര ക്രിയയിലൂടെ ഇത് പരിഹരിക്കാം
ജന്മനാതന്നെ യോനി ഭാഗികമായോ പൂർണ്ണമയോ ഇല്ലാതിരിക്കുക ഗർഭപാത്രം അണ്ഡാശയം എന്നിവ ഇല്ലാതിരിക്കുക എന്നീ അവസ്ഥകൾ ആർത്തവം ഇല്ലായിമയ്ക്ക് കാരണമാകുന്നു. 15 വയസു കഴിഞ്ഞിട്ടും ആർത്തവം വരാത്തവർ ഡോക്ടറെ കാണേണ്ടത് ആത്യാവശ്യം ആണ്.
എത്ര അളവ് രക്തം പോകും
ആർത്തവ രക്തത്തിന്‍റെ അളവ് കൃത്യമായി പറയാൻ സാധിക്കില്ല 30-80 ml രക്തം ഒരോ ആർത്തവത്തിലും പുറത്ത് പോകുന്നു എന്നാണു കണക്കാക്കുന്നത് 1-2 ദിവസങ്ങളിൽ കൂടുതലും പിന്നെ ആദ്യ ദിവസങ്ങളെ അപേക്ഷിച്ചു കുറയുകയുമാണ് ചെയ്യാറ്, ആർത്തവ രക്തം കുടുതലാണോ കുറവാണോ എന്ന് സ്ത്രീകൾക്ക് സാധരണ തിരിച്ചറിയാൻ സാധിക്കാറുണ്ട്. 1 -5 ദിവസം വളരെ ഏറെ രക്തം പോകുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതു നല്ലതാണ്.
ആർത്തവം മൂലം വിളർച്ച ഉണ്ടാകുമോ?
സാധാരണ രക്ത പ്രവാഹമാണെങ്കിൽ ഉണ്ടാകില്ല, പുറത്ത് പോകുന്ന രക്തത്തിന്‍റെ അളവ് ശരീരം പരിഹരിക്കും.
ആര്‍ത്തവം തുടങ്ങുന്നതിന് മുമ്പ് ചിലരിൽകാണുന്ന മാനസിക ബുദ്ധിമുട്ട്?
ആര്‍ത്തവത്തിനു മുമ്പ് അനുഭവപ്പെടുന്ന മാനസിക ബുദ്ധിമുട്ടിനു കാരണം ആ സമയത്ത് സ്‌ത്രീ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്. സ്‌ത്രീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി അമിത ഉത്‌കണ്‌ഠ, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങൾ അനുഭവപ്പെടാം.
ആർത്തവസമയത്തെ സ്തന വേദന
ആർത്തവസമയത്തോ അതിനു മുൻപോ ചില സ്ത്രീകൾക്ക് സ്തന വേദന അനുഭവപെടാറുണ്ട് അത് ഹോർമോണ്‍ വ്യതിയാനങ്ങൾ മൂലമാണു ഭയപ്പെടെണ്ടതില്ല.
ആർത്തവ ദിവസങ്ങളിലെ വയറുവേദന പുറം വേദന
ചില സ്ത്രീകളിൽ ആർത്തവ കാലത്ത് വേദന അനുഭവപ്പെടാറുണ്ട് ഡിസ്മെനൂറിയ എന്നാണു ഈ വേദന അറിയപ്പെടുന്നത് ചിലർക്ക് കുറച്ചു സമയത്തേക്ക് മാത്രമാണ് വേദന കാണാറ് ചിലർക്ക് നീണ്ടു നിൽക്കും അമിതമായി വേദന ഉള്ളവർ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്..
ആർത്തവം മാറ്റിവെക്കാൻ മരുന്ന് കഴിക്കുന്നത്
ആർത്തവം ദിവസം നീട്ടതിരിക്കുകയൊ കുറക്കാതിരിക്കുയോ ആണു നല്ലത് പക്ഷെ അത്യപൂർവ്വവും അടിയന്തിരവുമായ അവസ്ഥകളിൽ അങ്ങനെ ചെയ്യേണ്ടിവരും, ആർത്തവം നേരത്തെ ആക്കാനായി 15 ദിവസം മുൻപേ ചികിത്സ തേടണം താമസിപ്പിക്കാനായി 5 ദിവസം മുൻപേ ചികിത്സ തേടണം , ഹോർമോണ്‍ സന്തുലനാവസ്ഥയി ൽ മാറ്റം വരുത്തി ആർത്തവ ചക്രത്തിന്‍റെ താളം തെറ്റിക്കുന്ന ബാഹ്യ ഇടപെടലാണ് ഇത്, ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ചെയ്യുക സാധരണ ഗതിയിൽ ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉണ്ടാകാറില്ല.
ആർത്തവകാലത്തെ ലൈംഗികത
ആർത്തവകാലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു വൈദ്യശാസ്ത്ര പരമായും ശരീരശാസ്ത്ര പരമായും ഒരു വിലക്കും ഇല്ല പങ്കാളികൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ ശുചിത്വം പാലിച്ചുകൊണ്ട് മാറ്റ് ഏതൊരു ദിവസത്തെ പോലെയും ആർത്തവ ദിവസത്തിലും ബന്ധപ്പെടാം, ആർത്തവകാലത്ത് ബന്ധപ്പെടുമ്പോൾ ഗർഭ നിരോധന ഉറ ഉപയോഗിക്കുന്നതു നല്ലതാണ്. ആർത്തവ വേദനയുള്ള ചില സ്ത്രികളിൽ രതിമൂർച്ച വേദന കുറയ്ക്കുന്നതായി പറയപ്പെടുന്നു .
ആർത്തവകാലത്തെ ലൈംഗികത ആസ്വാദ്യകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രതി പൂർവ്വ ലീലകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുക
സ്ത്രീയുടെ ഇടുപ്പിൽ പ്രത്യേകം തലോടുകയും പതുക്കെ അമർത്തുകയും ചെയ്യുക.
ഇടുപ്പിൽ ഏൽപ്പിക്കുന്ന ഒരോ മർദ്ദവും ആർത്തവ വേദന കുറക്കുകയും ലൈംഗികതയ്ക്കായി അവളെ ഒരുക്കുകയും ചെയ്യുന്നു.
യോനി ഭാഗത്തും അടിവയറിലും പതുക്കെ മനസറിഞ്ഞ് തലോടുന്നതും അവളെ ഉണര്‍ത്തും.
പ്രസവം കഴിഞ്ഞ്
ആർത്തവം തുടങ്ങുന്നത് എപ്പോൾ
കൃത്യമായി പറയാൻ സാധ്യമല്ല എങ്കിലും സാധാരണ ഗതിയിൽ 3 മാസത്തിനു ശേഷം കണ്ടുതുടങ്ങാം ചിലരിൽ ഒരു വർഷം വരെ നീളാം മുലയൂട്ടുമ്പോൾ ചില സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകാറില്ല, മുലയൂട്ടാത്ത സ്ത്രീകൾക്ക് ആദ്യ മാസം കഴിയുമ്പോൾ തന്നെ ആർത്തവം വരാൻ സാധ്യത കുടുതലാണ്.
ആർത്തവ കാലത്തെ ശുചിത്വം
യോനി ഭാഗത്തെ രോമങ്ങൾ കളയുകയോ നീളം കുറച്ചു വെട്ടി വെക്കുകയോ ചെയ്യണം.
ചുരുങ്ങിയതു 2 തവണയെങ്കിലും കുളിക്കാൻ ശ്രദ്ധിക്കുക വൃത്തിയായി ഇരിക്കുക.
ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക വായു സഞ്ചാരം കുടിയ വസ്ത്രങ്ങൾ ധരിക്കുക.
യോനി ഭാഗം നന്നായി കഴുകി ഒപ്പി ഈർപ്പം ഇല്ലാ എന്ന് ഉറപ്പ് വരുത്തിയിട്ട് വേണം പാഡ് ധരിക്കാൻ.
5 മണിക്കുറിൽ കൂടുതൽ ഒരു പാഡ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ആർത്തവ വിരാമം
50 വയസിനോട് അടുപ്പിച്ചാണ് ആർത്തവ വിരാമം സാധാരണയായി ഉണ്ടാകുന്നത് അണ്ഡാശയത്തിലെ അണ്ഡോൽപാദനവും ഹോർമോണ്‍ ഉത്പാദനവും നിലക്കുകയും അതിന്‍റെ ഫലമായി ആർത്തവം നിലക്കുകയും ചെയ്യുന്നതാണ് ആർത്തവ വിരാമം.
അമ്മമാരുടെ ശ്രദ്ധക്ക്
മകളോട് ഹൃദയം തുറന്നു പെരുമാറുക 9-10 വയസോടുകുടി ശാരീരിക മാറ്റങ്ങളെ കുറിച്ചും ആർത്തവത്തെ കുറിച്ചു ഒരു ധാരണ മകള്‍ക്ക് കൊടുക്കണം. ആർത്തവം ഒരു ശാരിരിക പ്രവർത്തനം മാത്രമാണെന്ന ബോധ്യം കുട്ടിയിൽ വരുത്തണം. പാഡ് അല്ലെങ്കിൽ തുണി ഇവ ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് വ്യക്തമായി മനസിലാക്കി കൊടുക്കയുംചെയ്യുക..
No comments:
Post a Comment