ഗാർഹിക ലിറ്റർജി വളരെ അധികം വികാസം പ്രാപിച്ച ഒരു പ്രാചീന ക്രൈസ്തവ സഭാ സമൂഹമാണ് ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികൾ. പോർച്ചുഗീസുകാരുടെ ആഗമനത്തിന് മുൻപ് ഇവിടെ കുടുബ കേന്ദ്രീകൃതമായ ഒരു ആചരണ സംസ്കാരമായിരിന്നു നിലവിലിക്കുന്നത്.
അതിന്റെ ചില അവശേഷിപ്പുകൾ ഇന്നും ഈ ക്രൈസ്തവരുടെ കുടുബങ്ങളിൽ നിന്ന് വിട്ട് മാറിയിട്ടില്ല. പള്ളികൾ അടുത്തില്ലായിരുന്നതുകൊണ്ട് ആണ്ടിൽ ചുരുങ്ങിയ തവണയേ പള്ളികളിൽ ആരാധനയിൽ പങ്കെടുത്തിരുന്നുള്ളൂ. മാമ്മോദീസാ, വിവാഹം , വലിയ തിരുനാളുകൾ എന്നിവയ്ക്കും ചില ഞായറാഴ്ചകളിലുമായി ചുരുങ്ങിയിരുന്നു അവരുടെ പള്ളിയുമായിയുള്ള ബന്ധം. യാത്രാ സൗകര്യങ്ങൾ കുറവായിരുന്നതിനാൽ പള്ളിക്കടുത്തുള്ള കുടുബങ്ങൾ മാത്രമാണ് എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ ആരാധനയിൽ പങ്കെടുത്തിരുന്നത്.
ഇങ്ങനെ എപ്പോഴും പള്ളിയിൽ പോകാൻ സാധിക്കാതിരുന്നപ്പോൾ അവർ ചില ആചരണങ്ങളും ഓർമ്മ പുതുക്കലും ഭവനങ്ങളിൽ നടത്തിയിരുന്നു. ഈ കൊറോണ നാളുകളിൽ നമ്മുടെ ഭവനങ്ങളെ പള്ളികളാക്കി നമ്മുടെ രക്ഷകന്റെ കഷ്ടാനുഭത്തിന്റെ ഓർമ്മ നമുക്ക് നമ്മുടെ ഭവനങ്ങളിൽ എങ്ങനെ ആചരിക്കാം എന്ന് നമുക്ക് നോക്കാം
1. നാല്പതാം വെള്ളിയാഴ്ച
എല്ലാ ക്രൈസ്തവ വിഭാഗങ്ങളിലും നോമ്പ് നാല്പത് ദിവസമാണ്. അങ്ങനെയുള്ള നാല്പത് നോമ്പിന്റെ, നോമ്പ് വീടലാണ് നാൽപതാം വെള്ളി. കർത്താവിന്റെ മരുഭൂമിയിലെ നാല്പത് ദിവസത്തെ നോമ്പ് അവസാനിച്ചതിനെ അനുസ്മരിച്ചുകൊണ്ട് ഭവനങ്ങളിൽ കൊഴുക്കട്ട ഉണ്ടാക്കാറുണ്ട്. നാല്പതാം വെള്ളിയാഴ്ച നമ്മുടെ കർത്താവ് ലാസറിനെ ഉയർപ്പിച്ച സംഭവമാണ് ഓർക്കുന്നത്. ഈ സംഭവമാണ് ഇന്നത്തെ വേദഭാഗം. ലാസറിന്റെ ഉയർപ്പിന് ശേഷം അവന്റെ സഹോദരി നമ്മുടെ കർത്താവിന് ഉണ്ടാക്കി നൽകിയ വിശിഷ്ട വിഭവമായി കണക്കാക്കിയാണ് ഭവനങ്ങളിൽ കൊഴുക്കട്ട തയ്യാറാക്കുന്നത്. കൊഴുക്കട്ട പൊട്ടിക്കുബോൾ ദൃശ്യമാകുന്ന ഉള്ളിൽ നിറച്ച ശർക്കരയും തേങ്ങായും കല്ലറയിൽ നിന്ന് പ്രകാശിച്ച പുതു ജീവന്റെ ഉദയത്തെയാണ് പ്രതിനിധീകരിക്കുന്നത്. നാല്പതാം വെള്ളിയാഴ്ച കൊഴുക്കട്ടയുണ്ടാക്കി വീട്ടുകാരുമായൊത്ത് അന്നത്തെ ദിവസത്തെ കുറിച്ചും ഓർത്തും പ്രാർത്ഥന നിർവ്വഹിച്ചും കുട്ടികളോട് ഇവയുടെ അർത്ഥതലങ്ങളെ കുറിച്ച് പറഞ്ഞും പഠിപ്പിച്ചും നാല്പതാം വെള്ളി ആചരിക്കാം. നാല്പത് നോബ് അവസാനിച്ചു എങ്കിലും അതിനു ശേഷം വരുന്ന വലിയ ആഴ്ചയുടെ പ്രധാന്യത്തെ കണക്കിലാക്കി ഉയിർപ്പ് തിരുനാൾ വരെയാണ് വലിയ നോബ്
2. ഓശാന
ഓശാന എന്നാൽ കുരുത്തോല എന്നാണ് സാധാരണക്കാരന്റെ മനസിലേക്ക് കടന്നു വരുന്നത്. നമ്മുടെ കർത്താവിന്റെ ആഘോഷപൂർവ്വമായ ജെറുസലേം ദേവാലയ പ്രവേശനത്തെ ഓർത്തുകൊണ്ടാണ് ഓശാന തിരുനാൾ ആഘോഷിക്കുന്നത്. തലേ ദിവസം നമുക്ക് നമ്മുടെ ഭവനങ്ങൾ വ്യത്തിയാക്കി പുതിയ തുണികൾ വിരിച്ച് കുരുത്തോലകളും പൂമാലയും ഭവനങ്ങളിൽ തൂക്കി ഈ ഓശാനയെ വരവേൽക്കാം. ഓശാനയുടെ റംശാ നമസ്കാരവും രാത്രി നമസ്കാരവും ഒന്നിച്ച് വീടുകകളിൽ ചൊല്ലി രാവിലെ കുളിച്ച് പ്രഭാത നമസ്കാരം നിർവ്വഹിക്കാം. നമസ്കാരം നിർവ്വഹിക്കുബോൾ വിളക്ക് കൊളുത്തണം എന്ന കാര്യം മറക്കാതിരിക്കാം.
3.ഓശാന മുതൽ വലിയ ബുധനാഴ്ച വരെ
ക്യത്യമായ നമസ്കാരങ്ങൾ നിർവ്വഹിക്കാം. പെസഹാ അപ്പവും പാലും തിളപ്പിക്കുവാനുള്ള പാത്രങ്ങൾ തയ്യാറാക്കി വയ്ക്കാം. കഴിവതും പുതിയ പാത്രങ്ങളിൽ ഉണ്ടാക്കുവാൻ ശ്രദ്ധിക്കാം. അല്ലങ്കിൽ പഴയ പാത്രങ്ങൾ തേച്ച് മിനുക്കി തയ്യാറാക്കി വയ്ക്കാം
4. പെസഹാ വ്യാഴം.
ഉച്ച കഴിഞ്ഞ് അപ്പവും പാലും ഉണ്ടാക്കുന്നതാണ് നമ്മുടെ പാരമ്പര്യം. പാരമ്പര്യപ്രകാരം വീട്ടിലെ പുരുഷന്മാരാണ് അപ്പവും പാലും നിർമ്മിക്കുന്നത്. ഈ സമയത്ത് പ്രാർത്ഥനയിൽ ആയിരുന്നുകൊണ്ട് അപ്പവും പാലും നിർമ്മിക്കുവാൻ ശ്രദ്ധിക്കുമല്ലോ.
ഗാർഹിക സഭയുടെ കുർബാന ആചരണമാണ് പെസഹാ അപ്പത്തിന്റെയും പാലിന്റെയും വാഴ്തൽ. യഹൂദ ആചരണത്തിന്റെ തുടർച്ചയായി നമ്മുടെ സമുദായം നൂറാണ്ടുകളായി കൈമാറി വന്നിരുന്ന ആചരണമാണ് കുടുബങ്ങളിലെ ഈ പെസഹാ ആചരണം. വ്യാഴാഴ്ച വൈകുന്നേരം കുളി കഴിഞ്ഞ് സന്ധ്യയുടെ നമസ്കാരം കഴിഞ്ഞിട്ട് അപ്പം മുറിക്കുന്നതാണ് ഉചിതം. അന്നേദിവസം മുറിക്കപ്പെടുന്ന അപ്പവും പകർത്തപ്പെടുന്ന പാലും നമ്മുടെ രക്ഷകന്റെ ശരീര രക്തങ്ങളുടെ പതിപ്പാണ്. കുടുബ നാഥൻ അപ്പം മുറിക്കുബോൾ മദ്ബഹായിൽ നിർവ്വഹിക്കപ്പെടുന്നത് തന്നെയാണ് ഞാനും വീട്ടിൽ ചെയ്യുന്നത് എന്ന് ഓർക്കുക.
അപ്പം മുറിച്ചച്ചതിനുശേഷം വീടുകളിൽ നിശബ്തമായി ഒരു മണിക്കൂർ ജാഗരണം നിർവഹിക്കണം. കാരണം നമ്മുടെ കർത്താവ് ഗദ്സമേനിയിൽ വിയർത്ത് പ്രാർത്ഥന നടത്തിയതിന്റെയും കാരാഗൃഹത്തിൽ അടക്കപ്പെട്ടത്തിന്റെയും ഓർമ്മയാണ്. അവനോടുകൂടി ഒരു മണിക്കൂർ നേരം എങ്കിലും നമുക്ക് ഉണർന്നിരിക്കാം. ഇന്നത്തെ രാത്രി നമസ്കാരം കുറച്ച് നീണ്ടതാണ്. സാധിക്കുന്നവർ അത് വീടുകളിൽ അനുഷ്ഠിക്കാൻ ശ്രദ്ധിക്കുക.
4. പീഡാനുഭവ വെള്ളി.
ഉപവാസ ദിനമാണ്. രാവിലെതന്നെ വീടുകളിൽ അലങ്കരിച്ച മേശമേൽ നമ്മുടെ കർത്താവിന്റെ സ്ലീവാ നാട്ടി രണ്ട് വശവും തിരികത്തിച്ച് നമസ്കാരങ്ങൾ നിർവഹിക്കണം. സാധിക്കുന്നവർ വീടുകളിൽ ചൊറുക്കായും വിനാഗിരിയും കൂട്ടി കയ്പുനീർ ഉണ്ടാക്കണം. വൈകുന്നേരം മൂന്നുമണി സമയത്ത് നമസ്കാരം നിർവ്വഹിച്ച് സ്ലീവാ മുത്തി കയ്പ്നിർ രുചിക്കണം. ഈ ദിവസവും രാത്രി ജാഗരണത്തിൽ കഴിയണം. കാരണം നമ്മുടെ കർത്താവ് ഖബറിൽ കഴിയുന്ന ദിനമാണ്.
5. വലിയ ശനിയും ഉയിർപ്പ് ഞായറും
ഉയിർപ്പ് ഞായറിന്റെ അകന്ന ഒരുക്കം. സാധിക്കുന്നേടത്തോളം നിശബ്‌ദതയിൽ ദൈവ വചനം പാരായണം ചെയ്യുക. വൈകുന്നേരം വീടിന് ചുറ്റും തിരികൾ കത്തിച്ച് നമുക്ക് ഉയിർപ്പ് പ്രഘോഷിക്കാം. കാരണം ഉയിർപ്പ് വെളിച്ചത്തിന്റെ ആഘോഷമാണല്ലോ.
ഇങ്ങനെ ആചരിച്ച് നമ്മുടെ കർത്താവിന്റെ പെസഹാ രഹസ്യത്തെ ധ്യാനിക്കാം..
No comments:
Post a Comment